ഫരീദുദ്ധീൻ അത്തറിന്റെ
മരണം
വടക്കു കിഴക്കൻ ഇറാനിലെ ഖൊറാസാനിലെ നിഷാപൂർ എന്ന പട്ടണത്തിൽ ഫരീദുദ്ധീൻ അത്തർ (1145- 1221) എന്നൊരാൾ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ധനികനായ ഒരു കെമിസ്റ്റും അത്തർ വ്യാപാരിയുമായിരുന്നു. ഫരീദുദ്ധീൻ അത്തറും പിതാവിന്റെ പാത പിന്തുടർന്നു.
ഒരു ദിനം നിഷാപൂരിലെ തന്റെ അത്തർകടയിൽ സുഹൃത്തുക്കളുമൊത്ത് കളിതമാശ പറഞ്ഞ് സായാഹ്നം ചെലവഴിക്കെ, അവിടെ, പൊട്ടിയ ഭിക്ഷാപാത്രവുമായി വൃദ്ധനായ ഒരു ഫക്കീർ പ്രത്യക്ഷപ്പെട്ടു. ഭിക്ഷ നൽകിയിട്ടും സ്ഥലം വിടാതെ ഫക്കീർ അത്തറിനെ സാകൂതം നോക്കി അവിടെത്തന്നെ നിന്നു.
"എന്താ ഭിക്ഷ മതിയായില്ലേ?" എന്ന അത്തറിന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഫക്കീറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"സഹതാപം പിടിച്ചുപറ്റി കൂടുതൽ ഭിക്ഷ വാങ്ങാനാണോ?" എന്ന് അത്തറും സുഹൃത്തുക്കളും അദ്ദേഹത്തെ കളിയാക്കി.
ഫക്കീർ കണ്ണീർ പൊഴിച്ചുകൊണ്ട് പറഞ്ഞു, "അല്ല ഞാൻ താങ്കളുടെ മരണത്തെക്കുറിച്ചോർത്ത് കരയുകയാണ്. വിലപിടിച്ച ഈ അത്തർ കുപ്പികളിലെ സുഗന്ധദ്രവ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അങ്ങയുടെ ആത്മാവ്, മരണസമയത്ത് ശരീരത്തിൽനിന്ന് വേർപ്പെടാൻ എത്രമാത്രം വേദന സഹിക്കേണ്ടിവരും എന്നോർത്തുപോയി."
അത്തറിന് അരിശം വന്നു. "എങ്കിൽ താങ്കളുടെ മരണമോ?", അത്തർ തിരിച്ചടിച്ചു.
"എന്റെ മരണം അങ്ങേയ്ക്ക് കാണണോ?", ഫക്കീർ ചോദിച്ചു.
"അതെ കാണണം’’, അത്തർ പറഞ്ഞു.
ആ ഫക്കീർ തന്റെ പൊട്ടിയ ഭിക്ഷാപാത്രത്തിന്മേൽ തലവച്ച്, "യാ അള്ളാഹ്" എന്നുരുവിട്ട് നിഷ്പ്രയാസം മരണത്തെ വരിച്ചു. ഈ സംഭവം ഫരീദുദ്ധീൻ അത്തറിന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. തന്റെ സുഖസൗകര്യങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് അദ്ദേഹം സ്വയം ഒരു ഫക്കീറായി നാടു വിട്ടു. പേർഷ്യയിലും തുർക്കിയിലും അറേബ്യയിലും സഞ്ചരിച്ച അത്തർ മഹാനായ സൂഫിയും കവിയുമായിത്തീർന്നു. എട്ടാം നൂറ്റാണ്ടിലെ ബസ്ര കേന്ദ്രീകരിച്ചു പ്രവർത്തിച്ച സൂഫികളുടെ ജീവചരിത്രം രേഖപ്പെടുത്തുകയും (hagiography), ഇന്നും നിലനിൽക്കുന്ന സൂഫി ആദർശങ്ങൾ ഉൾകൊള്ളുന്ന അനേകം കാവ്യങ്ങൾ രചിക്കുകയും ചെയ്തു.

പേർഷ്യയിൽ മംഗോളിയൻ ആക്രമണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. തന്റെ ദൗത്യം പൂർത്തിയാക്കി ദീർഘകാലം ജീവിച്ച ആ സൂഫിവര്യന് ജീവിതത്തോട് പൂർണ്ണമായ വിരക്തി അനുഭവപ്പെട്ടു. അദ്ദേഹം മരണത്തെ കൊതിച്ചു. ഒരു മംഗോളിയൻ ഭടനുമായി തർക്കിച്ച് അയാളുടെ അടിമത്തം സ്വയംവരിച്ചു. തന്നെ വില്പനയ്ക്ക് വെച്ചാൽ വലിയ തുക കിട്ടുമെന്ന്, ആർത്തിപൂണ്ട ആ ഭടനോട് അത്തർ പറഞ്ഞു. ഭടൻ അത്തറിനെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ വെച്ചു. അത്തറിനെ നൽകിയാൽ ഒരു വലിയ തുക തരാമെന്ന് ഒരാൾ ഭടനോടു പറഞ്ഞു. അപ്പോൾ അത്തർ ഭടന്റെ കാതിൽ പറഞ്ഞു, "എനിക്ക് ഇതിൽ കൂടുതൽ വില കിട്ടും." ഭടൻ ഇതു കേട്ട് സന്തോഷവാനായി, അത്തറുമായി വീണ്ടും യാത്ര തിരിച്ചു. മറ്റൊരാൾക്ക് അത്തറിനെ വിൽക്കുവാനായി വെച്ചു. അയാൾ പക്ഷേ ഒരു ചെറിയ തുകയേ പറഞ്ഞുള്ളൂ. ഇയാൾക്ക് ഇതിലേറെ വില പറഞ്ഞിട്ടുണ്ടെന്ന് ഭടൻ പറഞ്ഞപ്പോൾ, "പല്ലു കൊഴിഞ്ഞ ഈ വൃദ്ധനാണോ താങ്കൾ വിലപേശുന്നത്? ഒരു വൈക്കോൽ കൂനയുടെ വിലപോലും ഇയാൾക്കില്ല’’ എന്നയാൾ പറഞ്ഞു. അത്തർ പൊട്ടിച്ചിരിച്ചുകൊണ്ട് ഭടനോട് പറഞ്ഞു, "അതെ, അതാണ് എന്റെ ശരിയായ വില." ഭടൻ കോപിഷ്ടനായി. അത്തറിനെ കഴുത്തറുത്തു കൊന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് അത്തർ മരിച്ചു.
പേർഷ്യയും തുർക്കിയും ആകെ തകർത്ത മംഗോളിയൻ ആക്രമണത്തിന്റെ കാലത്ത്, വീരമൃത്യു വരിച്ച ആ മഹാനായ സൂഫിയാണ്, മൗലാന റൂമിയുമായുള്ള കൂടിക്കാഴ്ചയിലൂടെ, റൂമിക്ക് "കവിതയുടെ രഹസ്യം" നൽകിയത്. നിരവധി കവികളെയും ദാർശനികരെയും അദ്ദേഹം സ്വാധീനിച്ചു. അത്തറിന്റെ ഏറ്റവും പ്രസിദ്ധമായ കാവ്യപുസ്തകം "പക്ഷികളുടെ സമ്മേളനം" ആണ്. 'യാഥാർഥ്യം' തേടി യാത്രയാകുന്ന ഒരു കൂട്ടം പക്ഷികൾ, അറിവിന്റെ ഏഴു താഴ്‌വരകളിലൂടെ സഞ്ചരിച്ച്, ഒടുവിൽ തങ്ങളുടെ ആത്മരഹസ്യത്തിൽ എത്തിച്ചേരുന്നതാണ് ഈ കാവ്യത്തിന്റെ പ്രമേയം. ഹഗിയോഗ്രഫികളും അത്തറിൻെറതായുണ്ട്.
ടൈഗ്രീസ് നദീതീരത്തെ എട്ടാം നൂറ്റാണ്ടിലെ സൂഫികളെക്കുറിച്ച് ഇന്നു നാം അറിയുന്നത് ഫരീദുദ്ധീൻ ശേഖരിച്ചു നൽകിയ ഈ രചനകളിലൂടെയാണ്. റാബിയത്തുൽ അദവിയ്യ, ഹസ്സൻ ബസ്രി, മാലിക് ഇബ്നു ദിനാർ, ഇബ്രാഹിം അദ്ഹം, മൻസൂർ ഹല്ലാജ് തുടങ്ങിയവരെക്കുറിച്ചെല്ലാമുള്ള കഥകളും ചൊല്ലുകളും വിവരങ്ങളും. റൂമി തൊട്ടുള്ള എല്ലാ സൂഫി മിസ്റ്റിക് കവിതയുടെയും പിതാമഹൻ. മംഗോളിയൻ അധിനിവേശകാലത്ത് വീരമൃത്യു വരിച്ച പേർഷ്യക്കാരനായ ആ മഹാന്റെ ഓർമ്മകളിൽ നിന്നുകൊണ്ട്, ഇറാനെതിരെ, അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധഭ്രാന്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കും നിരപരാധികളായ മനുഷ്യർക്കും വേണ്ടി നമുക്ക് കണ്ണീർ വാർക്കാം.
ഷിയ:
തഖിയയും
താബിയായും
"സുന്നികളിൽ നിന്നും, മറ്റു ഇസ്ലാമിക ഗ്രൂപ്പുകളിൽ നിന്നും, ഷിയ വ്യത്യസ്തമാകുന്നത് ഇപ്രകാരമാണ്. സമുദായത്തിലെ വിശ്വാസികൾക്ക്, ഇമാമുകളുടെ അവിരാമമായ ഒരു തുടർച്ചയുടെ കീഴിൽ, ദൈവികമായ രക്ഷയും നോട്ടവും മാർഗ്ഗദർശനവും ലഭിക്കുന്നു. ഈ വിശ്വാസത്തിലാണ് ഷിയായിസം നിലകൊള്ളുന്നത്. "പ്രമാണാധിഷ്ഠിതമായ ഇമാമൈറ്റ്" (textural imamate) എന്ന വിശ്വാസം. അള്ളാഹു നിയമിക്കുന്നവരാണ് ഇമാമുകൾ എന്ന വിശുദ്ധ ഖുർആനിലെ പാഠങ്ങളുടെ വ്യാഖ്യാനത്തെ പിന്തുടർന്നാണ് ഈ പ്രയോഗം.
ഇമാമുകൾ തങ്ങളുടെ പിന്തുടർച്ചക്കാരെയും നിയമിക്കുന്നു. അത് അവിരാമമായ ഒരു തുടർച്ചയാണ്. പന്ത്രണ്ടാം ഇമാം വരെ ഇതു തുടരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒളിഞ്ഞിരിക്കുന്ന, പ്രതീക്ഷിക്കുന്ന, സമയത്തിന്റെ ഉടമയും അവകാശിയുമായ പന്ത്രണ്ടാം ഇമാം. കാലാതീതനായ ഇമാം. മതത്തെ പൂർത്തീകരിക്കാൻ വിശ്വാസിക്ക് എപ്പോഴും ദൈവികമായ ഒരു മേൽനോട്ടം ആവശ്യമാണ്. കർക്കശമായ അർത്ഥത്തിൽ, ഇമാമേറ്റ് അവസാനിക്കാനോ പൊട്ടിപ്പോകാനോ കഴിയാത്തതും പാടില്ലാത്തതുമാണ്. അത് വിവിധ രൂപങ്ങളിൽ തുടരുകയും നിലനിൽക്കുകയും ചെയ്യുന്നു.
അധികാരത്തിൽ വന്നപ്പോൾ, ഇറാനിലെ സർക്കാറിന്റെ നിയന്ത്രണം ഖമനേയി ഏറ്റെടുക്കും എന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹം ഇസ്ലാമിക മാതൃകയിൽ ഇറാനെ പുനർ രൂപീകരണം നടത്തും എന്നും കരുതി. പകരം, അധികാരത്തിൽ വന്നപ്പോൾ, "വിപ്ലവത്തിന്റെ ഉപദേശകൻ" എന്ന പദവിയിൽ സ്വയം തന്നെ ശൈലീകരിച്ചു.
മതത്തിൽ ഇമാമേറ്റിന്റെ സ്ഥാനം ഏകദേശം ഖുർആന്റെയും സുന്നത്തിന്റെയും (പ്രവാചകൻ മുഹമ്മദിന്റെ ജീവിതചര്യകൾ) അത്രത്തോളം പ്രാധാന്യം അർഹിക്കുന്നു. രണ്ടു തലച്ചുമടുകളെക്കുറിച്ച് ഷിയാ സങ്കല്പം പറയുന്നു. ഖുർആനും സുന്നത്തുമാണ് ഭാരം കൂടിയ ആദ്യത്തെ ചുമട്. ചെറിയ ചുമടെന്നു പറയുന്നത്, അലിയെയും (പ്രവാചകന്റെ പിതൃവ്യപുത്രനും മകൾ ഫാത്തിമയുടെ ഭർത്താവും നാലാം ഖലീഫയും) കുടുംബത്തെയും അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരേയും ഉദ്ദേശിച്ചാണ്. ഇവ രണ്ടിലൂടെയുമാണ് മതാനുഷ്ഠാനം പൂർത്തീകരിക്കപ്പെടുന്നത് എന്നു ഷിയ വിശ്വസിക്കുന്നു. ഇമാമിന്റെ അഭാവത്തിൽ മതം പൂർത്തീകരിക്കപ്പെടുന്നില്ല. അതിനാൽ ദൈവിക നീതി ഒരിക്കലും സ്ഥാപിക്കപ്പെടുകയും ചെയ്യുന്നില്ല. ഒമ്പതാം നൂറ്റാണ്ട് ഇമാമിനെ "മറവിൽ വെയ്ക്കുകയാണുണ്ടായത്". ഇമാമിന്റെ വരവോടെ മാത്രമേ നീതി സ്ഥാപിക്കാനാകൂ. അദ്ദേഹത്തിന്റെ അഭാവത്തിൽ ഭീകരതയും അടിച്ചമർത്തലും നടമാടും. ലോകം സുൽത്താന്മാരുടേയും ഫറവന്മാരുടേയും ശൈലിയിൽ ഭരിക്കപ്പെടും. ദൈവിക നീതി പ്രയോഗിക്കുന്നതിനു പകരം അധികാരവും പീഡനവും അടിസ്ഥാനമായ ശൈലികൾ.

ഈ പ്രത്യയശാസ്ത്ര പ്രതിബദ്ധത, ഷിയാ ചരിത്രത്തിലാകെ രണ്ടു ബന്ധപ്പെട്ട സമീപനങ്ങൾക്കു ജന്മം നൽകി. സുൽത്താന്റെ ഭരണത്തെ എതിർക്കുന്ന (അയാൾ ഷിയായാണെങ്കിൽ പോലും), തുടർച്ചയായ പ്രവണതയാണ് ഒന്നാമത്തേത്. ഷിയാ ആശയത്തിന്റെ "പ്രക്ഷോഭപരതയെ" ഈ പ്രവണത ദൃഢീകരിച്ചു. രണ്ട് അറ്റങ്ങളിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ സ്വഭാവത്തെയാണ് രണ്ടാമത്തെ പ്രവണത പ്രതിനിധീകരിക്കുന്നത്. ആദ്യത്തേത് "തഖിയ" എന്നും രണ്ടാമത്തേത് "താബിയാ" എന്നും അറിയപ്പെട്ടു.
അതാതു കാലത്തെ രാഷ്ട്രീയ അധികാര സ്വരൂപത്തോട് നിസംഗത പുലർത്തുന്ന സമീപനമാണ് "തഖിയ" വിഭാഗത്തിന്റേത്. പ്രത്യേകിച്ച്, ഉലമാക്കൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്നില്ല. മതനിയമങ്ങളുടെ നടത്തിപ്പിൽ മാത്രം അവർ സ്വയം ഒതുങ്ങിനിന്നു. തീരുമാനമെടുക്കുന്ന പ്രത്യേക അവകാശം അധികാരത്തിലിരിക്കുന്നവർക്കു വിട്ടുനൽകി, സുൽത്താനോ അമീറിനോ ഷഹൻഷായ്ക്കോ. അതിനാൽ തന്നെ "തഖിയ" എന്ന പദം ദയ, മതത്തിന്റെ അനുശീലനത്തിനായി ഒരാൾ രാഷ്ട്രീയ അവകാശങ്ങൾ മറച്ചുവെയ്ക്കുക എന്നെല്ലാം അർത്ഥമാക്കുന്നു.
ഖമനേയിയുടെ പുസ്തകമായ "വിലായത്ത് ഫഖീഹ് / ദ ഇസ്ലാമിക് റിപ്പബ്ലിക്കിലെ" പ്രധാന പ്രമേയങ്ങളിൽ ഒന്ന് ഗവൺമെന്റിൽ ഉലമയുടെ അവകാശം പ്രത്യേകമായി ഉറപ്പിക്കുക എന്നതാണ്.
ഉലമയുടെ നേതൃത്വത്തിലുള്ള വിശ്വാസിസമൂഹം, ഗവൺമെന്റിനെ നേരിട്ട് നിയന്ത്രണത്തിലാക്കുന്ന, അധികാരം പിടിച്ചെടുക്കാൻ മുന്നേറ്റം നടത്തുക എന്നുള്ളതാണ് "താബിയായുടെ" നിലപാട്. ഈ ശ്രമം തീർച്ചയായും ദൈവികനിയമം സ്ഥാപിക്കാൻ തന്നെയാണെന്നു കരുതുന്നു. ഈ രണ്ടു ധാരകളിലും ഷിയ, അവരുടെ ഇമാമുകൾ രൂപപ്പെടുത്തിയ മാതൃകകളാൽ നയിക്കപ്പെടുന്നവരാണ്. അലിയ്ക്കു ശേഷമുള്ള രണ്ടാമത്തെ ഇമാം അലിയുടെ പുത്രൻ ഹസനാണ് "തഖിയ" വിഭാഗത്തിന്റെ മാതൃകാ പുരുഷൻ. ആഭ്യന്തര വൈരുദ്ധ്യങ്ങളിൽ പെട്ടുഴറിയ ഇസ്ലാമിനെ രക്ഷിക്കാൻ ഖലീഫ സ്ഥാനം അദ്ദേഹം ഉമയ്യദ് ഭരണത്തിനു വിട്ടുകൊടുത്തു.
മറിച്ച്, മൂന്നാമത്തെ ഇമാമായ അലിയുടെ രണ്ടാമത്തെ പുത്രൻ ഹുസൈൻ, "അലിയുടെ പുണ്യഗേഹത്തിന്റെ" അവകാശം തിരിച്ചുപിടിക്കാൻ ഉമയ്യദുമായി പ്രക്ഷോഭം നടത്തി. അദ്ദേഹമാണ് "താബിയായുടെ" മാതൃകാപുരുഷൻ. തെക്കൻ ഇറാഖിലെ കർബലയിൽ വച്ച് ഹുസൈനും അദ്ദേഹത്തിന്റെ കുടുംബത്തിൽ ഭൂരിഭാഗവും അടുത്ത കുടുംബാംഗങ്ങളും ക്രൂരമായി വധിക്കപ്പെട്ടു. തങ്ങളുടെ നിലപാടിലൂടെയും നടപടിയിലൂടെയും ഹസനും ഹുസൈനും "സ്ഥിരമായി നിൽക്കുന്ന ദൈവികമായ ഒരു മാതൃക" കാണിച്ചു എന്നു ഷിയാക്കൾ വിശ്വസിക്കുന്നു. ലോകത്തിലെ ഷിയാവിശ്വാസികളെല്ലാം ഈ മാതൃക തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി പിന്തുടരുന്നു. അതാതു കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് അവർ ഉചിതമായ ധാരകൾ സ്വീകരിക്കുന്നു.

പല രാജ്യങ്ങളിൽ ഈ രണ്ടുധാരകളിലായി ഷിയാക്കൾ രണ്ടായി കിടക്കുന്നു. ആദ്യത്തെ കൂട്ടർ രാഷ്ട്രീയാധികാര ശക്തികളെ ഉൾക്കൊണ്ട് അവരുടെ സ്വന്തം ഭാഗധേയങ്ങൾ പരിമിതപ്പെടുത്തുന്നു. "താബിയാ" വിഭാഗക്കാർ, ഉലമകളുടെ മേൽക്കോയ്മയിൽ രാഷ്ട്രീയാധികാരം കൈവശമാക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നു. ഇറാനിലെ ആയത്തുള്ള ഖമനേയി ഈ രണ്ടാം വിഭാഗത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആയത്തുള്ള മുൻതസിരി "തഖിയ" വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ലബനനിൽ ജാഫറി കോർട്സിന്റെ തലവൻ ഷെയ്ഖ് ഖബലാൻ "തഖിയയെ" പ്രതിനിധീകരിക്കുന്നു. ഹിസ്ബുള്ളയുടെ ആത്മീയ നേതാവ് ശൈഖ് ഫദലള്ള "താബിയായ്ക്കു" വേണ്ടി നിലകൊള്ളുന്നു. ബഹ്റൈനിലെ ഷിയാക്കളും ഇങ്ങനെ രണ്ടായാണുള്ളത്.
ഖമനേയിയുടെ പുസ്തകമായ "വിലായത്ത് ഫഖീഹ് / ദ ഇസ്ലാമിക് റിപ്പബ്ലിക്കിലെ" പ്രധാന പ്രമേയങ്ങളിൽ ഒന്ന് ഗവൺമെന്റിൽ ഉലമയുടെ അവകാശം പ്രത്യേകമായി ഉറപ്പിക്കുക എന്നതാണ്. ഇതിലേക്കായി പ്രവാചകന്റെയും ഇമാമുകളുടെയും പല "പാരമ്പര്യങ്ങളും" പുസ്തകത്തിൽ ചർച്ച ചെയ്യുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ജനാധിപത്യ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ, വിനാശകരമായിത്തീർന്ന ഇറാഖ്- ഇറാൻ യുദ്ധത്തോടെ, ഖൊമെയ്നിക്കും തന്റെ ഉലമ പിന്തുണക്കാർക്കും സമയം ലഭിച്ചില്ല
ഉദാഹരണമായി, ‘‘ഇമാമുകൾ (അവരുടെ മേൽ ദൈവത്തിന്റെ സമാധാനം ഉണ്ടാകട്ടെ) ഉലമാക്കൾക്ക് പ്രധാനപ്പെട്ട കർത്തവ്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശാസനകൾക്കനുസരിച്ച് ജീവിക്കുകയും അവ നിലനിർത്തുകയും ചെയ്യുവാൻ പ്രതീക്ഷിച്ചുകൊണ്ടാണിത്. ചെറുതോ വലുതോ ആയ ഏതു കാരണത്താലും, അവർ ‘തഖിയ’യിൽ പ്രവേശിക്കരുത്. മതത്തിന്റെ അനുബന്ധനിയമങ്ങൾ പ്രയോഗത്തിൽ വരുത്താൻ അപകടങ്ങൾ നേരിടുമ്പോൾ, തന്നെയും മറ്റുള്ളവരെയും സംരക്ഷിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ലാതെ, ‘തഖിയ’യിൽ കഴിയാൻ പാടില്ല. ഇസ്ലാം, എല്ലാ ഇസ്ലാമും അപകടത്തിലാകുമ്പോൾ, "തഖിയയിലോ" നിശബ്ദതയിലോ കഴിയുന്നത് ഒരു നിലയ്ക്കും അനുവദിനീയമല്ല’’.
ഇപ്രകാരം, ഉലമകളെയും വിശ്വാസികളെയും സംഘടിപ്പിച്ചുകൊണ്ടാണ്, 1979-ൽ ഇറാനിലെ ഷാ പഹ്‍ലവി ഗവൺമെന്റിനെ ഖമനേയിക്കും സംഘത്തിനും വെല്ലുവിളിക്കാൻ കഴിഞ്ഞത്. മൂന്നാം ലോക രാജ്യങ്ങളിലെ ഏറ്റവും ശക്തിമത്തായ സർക്കാറായിരുന്നു ഷാ ഭരണകൂടത്തിന്റേത്.
അധികാരത്തിൽ വന്നപ്പോൾ, ഇറാനിലെ സർക്കാറിന്റെ നിയന്ത്രണം ഖമനേയി ഏറ്റെടുക്കും എന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹം ഇസ്ലാമിക മാതൃകയിൽ ഇറാനെ പുനർ രൂപീകരണം നടത്തും എന്നും കരുതി. പകരം, അധികാരത്തിൽ വന്നപ്പോൾ, "വിപ്ലവത്തിന്റെ ഉപദേശകൻ" എന്ന പദവിയിൽ സ്വയം തന്നെ ശൈലീകരിച്ചു. ഗവൺമെന്റിന്റെ കാര്യങ്ങളുടെ പരിപാലനം, തന്റെ അടുത്ത സഹായികൾക്കും ബന്ധുക്കൾക്കും വിട്ടു നൽകി. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ജനാധിപത്യ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാൻ, വിനാശകരമായിത്തീർന്ന ഇറാഖ്- ഇറാൻ യുദ്ധത്തോടെ, ഖൊമെയ്നിക്കും തന്റെ ഉലമ പിന്തുണക്കാർക്കും സമയം ലഭിച്ചില്ല എന്നുവേണം കരുതാൻ.

"ഈ അവസരത്തിൽ ഊന്നിപ്പറയേണ്ട ഒരു കാര്യം, ഇവിടെ വിപ്ലവത്തിന്റെ ഘടകം, ഇസ്ലാമിന്റെ മതപരമായ അധ്യാപനത്തിൽ നിന്നുയർന്നു വന്നതാണ് എന്നതാണ്. അത് മതാധിഷ്ഠിതമാണ്. നമ്മുടെ കാലത്തെ വിപ്ലവപ്രത്യയശാസ്ത്രങ്ങളുമായി അതിനെ തട്ടിച്ചുനോക്കാൻ കഴിയില്ല. ഈ വ്യതിരിക്തത വ്യക്തമാക്കേണ്ടതുണ്ട്. കാരണം വിപ്ലവത്തെ സംബന്ധിച്ച ഈ രണ്ടു നിലപാടുകളും ചിലപ്പോൾ പരസ്പരം സംഗമിക്കുന്നു. ഏറ്റവും കുറച്ച്, ഇപ്പോൾ പ്രചാരത്തിലുള്ള രാഷ്ട്രീയ മുദ്രവാക്യങ്ങളായ ‘സാമൂഹ്യനീതി’, ‘സമത്വം’, ‘പീഡിതരുടെ അവകാശം’ തുടങ്ങിയവുമായി, ഇസ്ലാമിക വിപ്ലവത്തിന്റെ മതാധിഷ്ഠിത കാഴ്ചപ്പാടിന് ബന്ധമൊന്നുമില്ല.
എന്നാൽ ഈ രണ്ട് വിപ്ലവ നിലപാടുകളും സംഗമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. എന്നാൽ അവ ഒന്നിന് ഒന്ന് പകരം നിൽക്കുന്നതല്ല. സംഗമിക്കുന്നുവെങ്കിലും അവ പരസ്പരം മാറ്റത്തിന് വിധേയമാവുകയോ കൊള്ള കൊടുക്കുകയോ ചെയ്യുന്നില്ല. അവർ സംഖ്യത്തിലും കരാറിലും ഏർപ്പെട്ടാലും അത് തന്ത്രപരവും താൽക്കാലികവുമാണ്. ഖമനേയിയുടെ പ്രക്ഷോഭത്തിന്റെ വക്കത്ത്, ഇറാനിൽ അങ്ങനെ സംഗമം ഉണ്ടായിട്ടുണ്ട്.
1973- ലെ ബഹ്റൈൻ ജനറൽ പാർലമെന്ററി തെരഞ്ഞെടുപ്പിലും അങ്ങനെ സംഭവിച്ചു. അധികാരത്തിൽ വന്നതോടെ ഇരുകൂട്ടരും പിരിഞ്ഞു. രണ്ടു ക്യാമ്പുകളിലായി. കാരണം അവരുടെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങൾ ഇരു ദിശയിലുള്ളതാണ്. മതപരമായ കാഴ്ചപ്പാടിൽ, വിപ്ലവം, നിരന്തരവും അവിരാമവുമായ ദൈവിക നീതി സ്ഥാപിക്കുന്നതിനെ പ്രതീക്ഷിക്കുന്ന, ഒരു പ്രവൃത്തിയാണ്. എന്നാൽ സെക്യുലർ പ്രത്യയശാസ്ത്രത്തിന്റെ കാഴ്ചപ്പാട്, വിപ്ലവപരത ചരിത്രപരമായി നിർണയിക്കപ്പെടുന്ന ഒന്നാണ്. നീതിയും സമത്വവും മാനുഷിക അവകാശങ്ങളും സ്ഥാപിക്കാനായി, അധികാരം പിടിച്ചെടുക്കാനുള്ള ഒരു രീതിയാണ് അത്. ആദ്യത്തേതിൽ വിപ്ലവം ഘടനയ്ക്ക് എതിരാണ്. രണ്ടാമത്തേതിൽ വിപ്ലവം മറ്റൊരു ഘടനയുടെ രൂപീകരണത്തിന്റെ മുൻപാട്ടു പാടുകയാണ്."
യുദ്ധയന്ത്രം
പകരുന്ന
സമാധാനം
"ഇവിടെ ചോദ്യം യുദ്ധയന്ത്രത്തെ (war machine) കയ്യാളുക എന്നതാണ്. ഭരണകൂട ഉപകരണം (State apparatus) യുദ്ധയന്ത്രത്തെ കയ്യാളുകയും (appropriate), അതിനെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കീഴ്പ്പെടുത്തുകയും, യുദ്ധത്തിന്റെ നേരിട്ടുള്ള ഉദ്ദേശ്യമായി അതിനെ മാറ്റുകയുമാണ്. ത്രിതലത്തിലുള്ള ഒരു കാഴ്ചപ്പാടിൽ നിന്ന്, ഭരണകൂടം ഉയർന്നുവരുന്ന പ്രവണത, ഇതേ ചരിത്രപരമായ പ്രവണതയിൽ നിന്നാണ്. സ്വന്തമാക്കുന്നതിൽനിന്ന് ശരിയായ കയ്യാളലിന്റെ രൂപങ്ങളിലേക്ക് നീങ്ങുക, പരിമിതമായ യുദ്ധത്തിൽ നിന്ന് പരിപൂർണ്ണ നിലയിലുള്ള യുദ്ധത്തിലേക്ക് (total war) നീങ്ങുക, ഉദ്ദേശ്യവും ലക്ഷ്യവും (object and aim) തമ്മിലുള്ള ബന്ധത്തിൽ പരിവർത്തനം വരുത്തുക. ഭരണകൂട യുദ്ധത്തെ പരിപൂർണ്ണ യുദ്ധമായി മാറ്റുന്ന ഘടകങ്ങൾ, മുതലാളിത്തവുമായി അടുത്തു ബന്ധപ്പെട്ടതാണ്. മുതലാളിത്തത്തിന്, ഉപകരണങ്ങളിലും വ്യവസായത്തിലും യുദ്ധസമ്പദ്ഘടനയിലും സ്ഥിരമായ മൂലധന (constant capital) നിക്ഷേപം നടത്തേണ്ടതുണ്ട്. ജനസംഖ്യയുടെ ശാരീരികവും മാനസികവുമായ വശങ്ങളിൽ അസ്ഥിരമായ മൂലധനത്തിന്റെ (variable capital) നിക്ഷേപവും ആവശ്യമായുണ്ട്. (ഒരേസമയം യുദ്ധത്തിന്റെ സൃഷ്ടാവും അതിന്റെ ഇരയും എന്ന നിലയിൽ). പരിപൂർണ്ണ യുദ്ധം നിർമാർജനത്തിന്റെ ഒരു യുദ്ധം മാത്രമല്ല, മറിച്ച് നിർമാർജനം എന്നത് ഒരു "കേന്ദ്ര" പ്രമേയമായിത്തീരുമ്പോൾ ഉദയം ചെയ്യുന്നതാണ്. ശത്രുസൈന്യത്തെ മാത്രമല്ല, ശത്രുഭരണകൂടത്തെ മാത്രമല്ല, ജനതയെയും, അതിന്റെ സമ്പദ്ഘടനയെ മുഴുവനും നിർമാർജനം ചെയ്യുക എന്നതാണ് അതു ലക്ഷ്യം വെയ്ക്കുന്നത്.
പരിമിത യുദ്ധത്തിന്റെ മുൻ പരിതസ്ഥിതിയ്ക്കുള്ളിലാണ് ഈ ഇരട്ട നിക്ഷേപം നടത്താനാവൂ എന്ന വസ്തുത, പരിപൂർണ്ണ യുദ്ധം വികസിപ്പിക്കാനുള്ള മുതലാളിത്ത പ്രവണതയുടെ, അദമ്യമായ സ്വഭാവത്തെ, ശരിയായി ചിത്രീകരിക്കുന്നു. അതുകൊണ്ടുതന്നെ, പരിപൂർണ്ണ യുദ്ധം എന്നത് ഭരണകൂടത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളോട് കീഴടങ്ങി നിൽക്കുന്നതാണ്. ഭരണകൂട ഉപകരണം യുദ്ധയന്ത്രത്തെ കയ്യാളുന്നതിന്റെ ഉയർന്ന നിലയിലുള്ള പരിതസ്ഥിതികളെ (maximal conditions) അതു തിരിച്ചറിയുന്നു. എന്നാൽ കയ്യാളിയ യുദ്ധത്തിന്റെ ലക്ഷ്യമായി, പരിപൂർണ്ണ യുദ്ധം മാറുമ്പോൾ, സാധ്യമായ എല്ലാ പരിതോവസ്ഥകളുടെയും വേദിയുടെ ഈ തലത്തിൽ, ലക്ഷ്യവും ഉദ്ദേശ്യവും (object and aim) പുതിയ ഒരു ബന്ധത്തിൽ ഏർപ്പെടുന്നു. അത് വൈരുദ്ധ്യത്തിന്റെ ഒരു ബിന്ദുവിൽ എത്തിച്ചേരാൻ ഇടയുണ്ട്.

പരിപൂർണ്ണ യുദ്ധം എന്നത് ഭരണകൂടങ്ങളുടെ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾ നിർണ്ണയിക്കുന്നതാണ് എന്ന സിദ്ധാന്തത്തിൽ, ക്ലോസ് വിറ്റ്സ് ഊന്നുമ്പോൾ തന്നെ, മറുവശത്ത്, "നിരുപാധിക യുദ്ധം" എന്ന ആശയത്തെ അത് പ്രവർത്തനക്ഷമമാക്കുന്ന പ്രവണത കൂടി കാണിക്കുന്നുണ്ട് എന്നു കൂടി കൂട്ടിച്ചേർക്കുന്നുണ്ട്. ഫലത്തിൽ, ലക്ഷ്യം അനിവാര്യമായും രാഷ്ട്രീയമായി നിലകൊള്ളുന്നു, ഭരണകൂടത്താൽ നിർണീതമായിക്കൊണ്ട്. എന്നാൽ ഉദ്ദേശ്യം അപരിമേയമായിതീരുകയും ചെയ്തിരിക്കുന്നു. കയ്യാളൽ (appropriation) അതിന്റെ ദിശ മാറ്റുന്നു എന്നു നമുക്ക് പറയാം.
അല്ലെങ്കിൽ ഭരണകൂടങ്ങൾ ഒരു അപാരമായ യുദ്ധയന്ത്രത്തെ അഴിച്ചുവിടുകയും, പുനർരൂപീകരിക്കുകയും ചെയ്യുന്നു. അതിൽ ഭരണകൂടങ്ങൾ, എതിർക്കുകയോ അല്ലെങ്കിൽ അനുകൂലിക്കുകയോ ചെയ്യുന്ന ഭാഗങ്ങൾക്കപ്പുറം ഒന്നുമല്ല, എന്ന സ്ഥിതി വരുന്നു. ഈ ലോകവ്യാപക യുദ്ധയന്ത്രം, ഒരു നിലയിൽ ഭരണകൂടങ്ങൾ പുനർദാനം (reissue) ചെയ്യുന്നതാണ്.
ഭരണകൂടത്തെയും ലോക യുദ്ധയന്ത്രത്തെയും സാധ്യമാക്കിയ അതേ സാഹചര്യങ്ങൾ തന്നെ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്ഥിര മൂലധനം (വിഭവങ്ങളും ഉപകരണങ്ങളും), അസ്ഥിര മാനുഷിക മൂലധനം എന്നിവ, തിരിച്ചടികൾക്കുള്ള അപ്രതീക്ഷിത സാധ്യതകളെ തുടർച്ചയായി പുനഃസൃഷ്ടിക്കുന്നുണ്ട്.
ഇത് രണ്ട്, തുടർ രൂപങ്ങൾ പ്രകടിപ്പിക്കുന്നു. ആദ്യത്തേത് ഫാസിസത്തിന്റേതാണ്. അപ്പോൾ യുദ്ധം പരിധിയില്ലാത്ത ഒരു പ്രസ്ഥാനമായി മാറുന്നു. യുദ്ധമല്ലാതെ അതിനു മറ്റു ലക്ഷ്യങ്ങളൊന്നുമില്ല. എന്നാൽ ഫാഷിസം എന്നത് ഇവിടെ ഒരു പരുക്കൻ വര (rough sketch) മാത്രമാണ്. രണ്ടാമത്തെ രൂപം ഫാഷിസ്റ്റ് അനന്തരമാണ് (postfascist). യുദ്ധയന്ത്രം സമാധാനത്തെ അതിന്റെ നേരിട്ടുള്ള ലക്ഷ്യമായി എടുക്കുന്നു. ഭീകരതയുടെയോ അതിജീവനത്തിന്റെയോ സമാധാനം. യുദ്ധയന്ത്രം, അത് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ഒരു മൃദുല ഇടത്തെ, ഭൂമിയാകെ ചുറ്റിവളയാൻ ഉതകുംവിധം പരിഷ്കരിക്കുന്നു. പരിപൂർണ്ണ യുദ്ധം സ്വയം മറികടന്നു പോയിരിക്കുന്നു. ഇപ്പോഴത് കൂടുതൽ "ഭയപ്പെടുത്തുന്ന ഒരു സമാധാനത്തിന്റെ രൂപത്തിലേക്ക്" നീങ്ങിയിരിക്കുന്നു. യുദ്ധം ലക്ഷ്യങ്ങളുടെ കൈവശാവകാശം, ഒരു ലോകവ്യാപക ക്രമത്തെ, ഏറ്റെടുത്തിരിക്കുന്നു, ഭരണകൂടങ്ങൾ ഇപ്പോൾ യുദ്ധയന്ത്രത്തിന് യോജിക്കുന്ന വസ്തുക്കളും മാർഗങ്ങളുമല്ലാതെ അതിലധികമൊന്നുമല്ല.
ക്ലോസ് വിറ്റ്സിന്റെ സൂത്രവാക്യം ഇവിടെ ഫലപ്രദമായി തലതിരിച്ചിട്ട നിലയിലാകുന്നു. രാഷ്ട്രീയം, മറ്റ് നിലകളിൽ, യുദ്ധത്തിന്റെ തുടർച്ചയാണ് എന്നു പറയേണ്ട നില. അതിന് രണ്ടു ദിശയിലും സംസാരിക്കാം എന്ന നിലയിൽ, വാക്കുകളുടെ ക്രമത്തെ ഇപ്പോൾ തല തിരിച്ചിട്ടാൽ മാത്രം പോര. അന്ത്യത്തിൽ, യഥാർത്ഥ ചലനത്തെ പിന്തുടരേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കുന്നു. ഭരണകൂടങ്ങൾ യുദ്ധയന്ത്രത്തെ കയ്യാളുകയും, തുടർന്ന് യുദ്ധയന്ത്രത്തിന്റെ ലക്ഷ്യത്തിലേക്ക് ഭരണകൂടങ്ങൾ സ്വയം ക്രമീകരിക്കുകയും, ഒടുവിൽ ലക്ഷ്യത്തെ തന്നെ കയ്യാളിയ ഒരു യുദ്ധമായി അതിനെ പുനഃപ്രദാനം ചെയ്യുകയും ചെയ്തിരിക്കുന്ന സമാപ്തി. യുദ്ധം ഭരണകൂടങ്ങളെ കയ്യാളുന്നു. കൂടുതൽ വർദ്ധമാനമായ വിശാല രാഷ്ട്രീയധർമ്മങ്ങൾ യുദ്ധയന്ത്രം സ്വയം കൈ പിടിയിലാക്കുന്നു.

സംശയമില്ല, വർത്തമാന സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണ്. യുദ്ധയന്ത്രം ഒരു സയൻസ് ഫിക്ഷനിൽ എന്നപോലെ വളർന്നു വളർന്നു വരുന്നതിന് നാം സാക്ഷിയാവുന്നു. ഫാഷിസ്റ്റിക് മരണത്തേക്കാൾ ഭീകരമായ നിലയിൽ, "സമാധാനം അതിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച് അത് സ്വയം ചുമതലയേൽക്കുന്നു". അതിന്റെ ഭാഗങ്ങൾ എന്ന നിലയിൽത്തന്നെ, അങ്ങേയറ്റത്തെ ഭീകരമായ പ്രാദേശിക യുദ്ധങ്ങളെ, അത് നിലനിർത്തുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത് ഒരു പുതിയ തരം ശത്രുവിനെ നിർമ്മിക്കുന്നതിൽ ശ്രദ്ധ വെയ്ക്കുന്നത് നാം കാണുന്നു. ശത്രു മറ്റൊരു ഭരണകൂടമല്ല. മറ്റൊരു വാഴ്ചയല്ല. പ്രത്യേകം പരാമർശിക്കാത്ത ഒരു ശത്രുവിനെ (unspecified enemy) അതുണ്ടാക്കുന്നു.
ഗറില്ലകളെ നേരിടുന്ന ഘടകങ്ങൾ അത് നിരത്തുന്നതു നാം കണ്ടു. അതിലൂടെ ഒരിക്കൽ അതിന് വിസ്മയം പിടിച്ചുപറ്റാൻ കഴിഞ്ഞു. പക്ഷേ രണ്ടു തവണ ഇല്ല. എന്നിരുന്നാലും, ഭരണകൂടത്തെയും ലോക യുദ്ധയന്ത്രത്തെയും സാധ്യമാക്കിയ അതേ സാഹചര്യങ്ങൾ തന്നെ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്ഥിര മൂലധനം (വിഭവങ്ങളും ഉപകരണങ്ങളും), അസ്ഥിര മാനുഷിക മൂലധനം എന്നിവ, തിരിച്ചടികൾക്കുള്ള അപ്രതീക്ഷിത സാധ്യതകളെ തുടർച്ചയായി പുനഃസൃഷ്ടിക്കുന്നുണ്ട്. മുമ്പ് ദർശിച്ചിട്ടില്ലാത്ത, വിപ്ലവകരവും ജനകീയവും ന്യൂനപക്ഷപരവും മ്യൂടന്റുമായ (mutant) യന്ത്രങ്ങളെ നിർണയിക്കുന്ന മുന്നാക്കങ്ങളെ ഈ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്."

ഷെയ്ഖ് സാദിയുടെ
ഗുലിസ്ഥാൻ
"ഞാൻ (ഡേവിഡ് തോറോ), ഷിറാസിലെ (ഇപ്പോൾ ദക്ഷിണ മധ്യ ഇറാനിൽ) ശൈഖ് സാദിയുടെ (1210-1291) ‘ഗുലിസ്ഥാൻ’ (പനനീർതോട്ടം) വായിക്കുന്നു. അവർ ഒരു ജ്ഞാനിയോട് ചോദിച്ചു, ‘അമ്പരിപ്പിക്കുന്നതും ഉന്നതവുമായ നിലയിൽ പരമോന്നത ദൈവം സൃഷ്‌ടിച്ച പ്രസിദ്ധമായ മരങ്ങളെയൊന്നും, ദേവതാരുവിനെ ഒഴിച്ച് (cypress tree) മറ്റൊന്നിനെയും, ആസാദ് ആയി, സ്വാതന്ത്ര്യം നേടിയ വൃക്ഷമായി കണക്കാക്കുന്നില്ല, എന്നാൽ ദേവതാരു ഒരിക്കലും കായ്ക്കുന്നില്ല, പിന്നെ എന്തുകൊണ്ട് അത് സ്വാതന്ത്ര്യത്തിന്റെ അടയാളവൃക്ഷമായി? എന്താണ് ഇതിലുള്ള രഹസ്യം?’.
ജ്ഞാനി മറുപടി പറഞ്ഞു, ‘‘എല്ലാ മരങ്ങൾക്കും അതിന്റെ കായ്‌ഫലമുണ്ട്, അതിന്റെ നിശ്ചിത ഋതുവുണ്ട്, അതിന്റെ തുടർച്ചയിൽ അത് പച്ചപ്പിൽ നിലകൊള്ളുകയും, പൂക്കുകയും ചെയ്യുന്നു. ആ ഋതു തീരുമ്പോൾ അവ ഉണങ്ങിയും ഇലകൊഴിഞ്ഞ നിലയിലുമാകുന്നു. എന്നാൽ ഈ രണ്ടു സ്ഥിതിയ്ക്കും ദേവതാരു വിധേയമാകുന്നില്ല. അതെപ്പോഴും സമൃദ്ധിയിൽ നിലകൊള്ളുന്നു. ഇതാണ് സ്വാതന്ത്ര്യത്തിന്റെ സ്വഭാവം. ഇതാണ് മതപരമായ സ്വാതന്ത്ര്യം എന്നു പറയുന്നത്. നൈമിഷകമായ, കടന്നുപോകുന്ന, കാര്യങ്ങളിൽ ഹൃദയം പ്രതിഷ്ഠിക്കരുത്. ഖലീഫമാരുടെ കാലങ്ങൾ പോയ ശേഷവും ബാഗ്ദാദിലൂടെ ഡിജ്ലായും ടൈഗ്രീസും ഒഴുക്കു തുടരും. നിങ്ങളുടെ കൈകളിൽ ധാരാളമുണ്ടെങ്കിൽ, ഈന്തമരം പോലെ കലവറയില്ലാതെ നൽകുക, ഒന്നും നൽകാനില്ലെങ്കിൽ, ഒരു സ്വാതന്ത്ര്യമാകുക, ഒരു സ്വതന്ത്ര മനുഷ്യനാകുക, ദേവതാരു പോലെ’’. 3
▮
റഫറൻസ്:
1. Fuad I. Khuri, The Imam: martyr or ഹീറോ?, Imams and Emirs, Viva books private limited, first Indian edition, 2010.
2. Gilles Deleuze, Felix Guattari, 1227: Treatise on Nomadology- The war Machine, A Thousand Plateaus, Capitalism and Schizophrenia, Continuum, London, New York, South Asian edition, 2005.
3. Henry David Thoreau, Economy, Walden, USA, 2013.
