തിരിച്ചടി, യുദ്ധം?
അങ്കലാപ്പിലാണ്
ഇസ്രായേൽ, അമേരിക്ക

‘‘ഇറാനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ അതിൽ കൂട്ടുചേരാൻ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികൾ തയ്യാറാകുമോ? തങ്ങൾ അങ്ങനെയൊരു യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക പറഞ്ഞുകഴിഞ്ഞു. ആ നിലക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊരു വ്യാപകമായ പ്രാദേശിക യുദ്ധമായി മാറുമോ ഇല്ലയോ എന്ന് ഖണ്ഡിതമായി പറയാനാകില്ല’’- ഷാജഹാൻ മാടമ്പാട്ടുമായി കമൽറാം സജീവ് സംസാരിക്കുന്നു.

കമൽറാം സജീവ്: ഇറാൻ്റെ സൈനിക നേതൃത്വത്തെയും ശാസ്ത്ര സാങ്കേതിക വിദഗ്ധൻമാരെയും ടാർഗറ്റ് ചെയ്ത് വധിക്കുന്ന സിസ്റ്റമാറ്റിക് ആയ പദ്ധതി ഇസ്രായേലും സഖ്യകക്ഷിയായ അമേരിക്കയും അടുത്ത വർഷങ്ങളിൽ നടപ്പിലാക്കി കൊണ്ടേയിരിക്കുകയാണ്. എന്നാൽ ഡമാസ്കസിലെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതോടെ ഇറാൻ നേരിട്ട് തിരിച്ചടിച്ചിരിക്കുകയാണ്. ഇതുണ്ടാക്കുന്ന നയതന്ത്ര സങ്കീർണതകൾ എന്തൊക്കെയാണ്?

ഷാജഹാൻ മാടമ്പാട്ട്: ഇസ്രായേൽ ഇറാന്റെ ശാസ്ത്രജ്ഞന്മാരെയും സൈനിക നേതാക്കന്മാരെയും ഇറാനുള്ളിലും സിറിയ പോലുള്ള രാജ്യങ്ങളിലും ആക്രമിക്കുന്നത് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുവരുന്ന കാര്യമാണ്. ഇറാൻ ഇതുവരെയും നേരിട്ട് പ്രതികാരം ചെയ്തിട്ടില്ല. അതേസമയം ലബനാനിലും സിറിയയിലും ഇറാഖിലുമൊക്കെയുള്ള സഖ്യകക്ഷികൾ വഴി പ്രതികരിക്കുകയാണ് ഇതുവരെ ചെയ്തത്. അതുകൊണ്ടുതന്നെ കഴിഞ്ഞയാഴ്ച നടന്നത് അഭൂതപൂർവ്വമായ ഒരു കാര്യമാണ്. ഇറാൻ, അതിന്റെ ചരിത്രത്തിൽ ആദ്യമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുന്നു. ആക്രമണം വേണ്ടത്ര ഫലപ്രദമായില്ല എന്നു വേണമെങ്കിൽ പറയാം. പക്ഷെ ഇതിനപ്പുറം ഫലപ്രദമാകണമെന്ന് ഇറാനും ആഗ്രഹിച്ചിരുന്നില്ല എന്നും മറുവശമുണ്ട്. കാരണം ആക്രമിക്കുന്നതിന് 48 മണിക്കൂർ മുമ്പ് അമേരിക്കയെ അടക്കം, ‘ഞങ്ങൾ ആക്രമിക്കാൻ പോകുന്നു’ എന്ന വിവരം അറിയിച്ചതിനുശേഷമാണ് ഇറാൻ ഈ ആക്രമണം നടത്തുന്നത്. അല്ലെങ്കിൽ ഈ ആക്രമണത്തിന്റെ തോത്, അല്ലെങ്കിൽ ഈ ആക്രമണം മൂലമുള്ള പ്രത്യാഘാതങ്ങളുടെ തോത്, അതുമൂലമുണ്ടാകാൻ സാധ്യതയുള്ള പരിക്ക്, വ്രണങ്ങൾ എല്ലാം കുറെക്കൂടിയാകാനായിരുന്നു സാധ്യത.

ഇറാന്റെ ആളുകളെ ഇസ്രായേൽ ആക്രമിച്ച് കൊല്ലുന്നത് അന്തർദേശീയ നിയമങ്ങളുടെ ലംഘനമാണ്. അതിനെയാരും അപലപിച്ചിട്ടില്ല. മാത്രവുമല്ല, സിറിയയിൽ ഇറാൻ കോൺസുലേറ്റിനെ ആക്രമിക്കുക എന്നത് ഇറാനെ നേരിട്ട് ആക്രമിക്കുന്നതിന് തുല്യമാണ്. കാരണം അന്തർദേശീയ നിയമമനുസരിച്ച് ഒരു രാജ്യത്തിന്റെ എംബസി കോൺസുലേറ്റ് ആ രാജ്യത്തിന്റെ പരമാധികാര സ്ഥലമായിട്ടാണ് കണക്കാക്കുന്നത്. ആ നിലക്ക് ഇറാൻ പ്രതികരിക്കാതിരിക്കാൻ നിർവാഹമുണ്ടായിരുന്നില്ല. അതല്ലാതെ വലിയൊരു യുദ്ധത്തിലേക്ക് പോകുന്ന രീതിയിൽ പ്രതികരിക്കാതിരിക്കാൻ ഇറാൻ ഇക്കാലം വരെ ശ്രദ്ധിച്ചുപോന്നിരുന്നു, മറ്റുനിലക്ക് ഇസ്രായേലുമായുള്ള സംഘർഷം തുടരുമ്പോൾ തന്നെ. ഇതാണ് നിലവിലെ സാഹചര്യം.

ഇതൊരു വലിയ യുദ്ധത്തിലേക്ക് പരിണമിക്കാനുള്ള സാധ്യതയല്ലേ ഇപ്പോഴുള്ളത്?

ഇതൊരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് കൃത്യമായി പറയാവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. അടുത്ത ഏതാനും ദിവസങ്ങളിൽ അത് കുറച്ചുകൂടി വ്യക്തമാകും. ഇസ്രായേലിനെ സംബന്ധിച്ച് ഉടനെ ഇറാനെ നേരിട്ട് ആക്രമിക്കുക എന്ന തീരുമാനത്തിലേക്കെത്താൻ രാഷ്ട്രത്തിന്റെ ഉള്ളിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നിർബന്ധിക്കുന്നുണ്ട്. പക്ഷെ അമേരിക്കയടക്കമുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളെല്ലാം യുദ്ധത്തെ ആ നിലക്ക് കൊണ്ടുപോകരുതെന്നും ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കാൻ പാടില്ലെന്നും കൃത്യമായി പറയുന്നതിനാൽ ഇസ്രായേൽ നേതൃത്വം തന്നെ ഇപ്പോൾ അങ്കലാപ്പിലാണ്.

ഒരു ഭാഗത്ത്, പ്രതികരിച്ചില്ലെങ്കിൽ ഇസ്രായേൽ എന്നുപറയുന്ന രാജ്യം പശ്ചാത്യരാജ്യങ്ങളുടെ സഹായത്തോടുകൂടി ഉണ്ടാക്കിയെടുത്ത മിത്തുകളെല്ലാം തകർന്നുപോകുന്ന ഒരവസ്ഥയുണ്ട്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തോടെ, ആർക്കും നുഴഞ്ഞുകയറി ആക്രമിക്കാൻ സാധിക്കാത്ത അജയ്യ ശക്തിയാണ് ഇസ്രായേൽ, ആ രാജ്യത്തിനെതിരെ ആര് എന്ത് നീക്കം നടത്തിയാലും കണ്ടെത്താൻ കഴിയുന്ന ഇന്റലിജൻസ് ശക്തി അതിനുണ്ട് എന്ന തരത്തിൽ സൃഷ്ടിച്ചുവെച്ചിട്ടുള്ള മിത്തുകൾ തകർന്നുകഴിഞ്ഞു. ഹമാസിനെതിരെയെന്നു പറഞ്ഞ് ആറുമാസമായി അവർ ഗാസയിൽ കൂട്ടക്കൊല നടത്തുകയാണ്. ആക്രമണം തുടങ്ങാൻ കാരണമായി ഇസ്രായേൽ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഹമാസിന്റെ നേതൃത്വത്തെയോ അതിന്റെ സൈനികശക്തിയെയോ തകർക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇസ്രായേലിൽ നിന്ന് ഹമാസും ഇസ്ലാമിക് സ്‌റ്റേറ്റും പിടിച്ചുകൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കാനും കഴിഞ്ഞിട്ടില്ല. അവരുടെ യുദ്ധലക്ഷ്യങ്ങളിൽ ഒന്നുപോലും ഗാസയിൽ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. അതിനിടയിലാണ് ഇറാന്റെ ആക്രമണം.

എങ്ങനെ പ്രതികരിക്കണമെന്നതിനെ കുറിച്ച്, ഇസ്രായേൽ അതിന്റെ ചരിത്രത്തിൽ ഇതുവരെ നേരിട്ടിട്ടില്ലാത്ത അങ്കലാപ്പും അന്ധാളിപ്പും അമ്പരപ്പും നേരിടുന്നുണ്ടെന്നാണ് മൊത്തത്തിൽ മനസിലാക്കാൻ സാധിക്കുന്നത്. ഇറാനെ നേരിട്ട് ആക്രമിക്കുകയാണെങ്കിൽ പിന്നീടത് ഏതുതലം വരെ പോകാമെന്ന ചോദ്യമുണ്ട്. ഇറാനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ അതിൽ കൂട്ടുചേരാൻ അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികൾ തയ്യാറാകുമോ എന്നതാണ് മറ്റൊരു ചോദ്യം. തങ്ങൾ അങ്ങനെയൊരു യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക പറഞ്ഞുകഴിഞ്ഞു. ആ നിലക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊരു വ്യാപകമായ പ്രാദേശിക യുദ്ധമായി മാറുമോ ഇല്ലയോ എന്ന് ഖണ്ഡിതമായി പറയാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

യുവാൽ നോവ ഹരാരി
യുവാൽ നോവ ഹരാരി

ഇസ്രായേല്‍ പലസ്തീനുമേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കുതുല്യമായ ആക്രമണത്തെക്കുറിച്ചും അത് നീണ്ടുപോകാന്‍ സാധ്യതയുണ്ട് എന്നതിനെക്കുറിച്ചും നമ്മള്‍ നേരത്തെ സംസാരിച്ചിരുന്നു. അന്ന് നമ്മള്‍ സംസാരിച്ച നിലയിലേക്കാണ് കാര്യങ്ങള്‍ വന്നിട്ടുള്ളത്. ഇപ്പോഴത്തെ ക്രൈസിസ് വലിയൊരു യുദ്ധത്തിലേക്കുതന്നെയതാണ് നീങ്ങുന്നത് എന്നാണ് എനിക്കുതോന്നുന്നത്. നമ്മള്‍ ഒരു വലിയ യുദ്ധത്തിന്റെ പടിവാതില്‍ക്കലാണ് എന്നു പറയാന്‍ പറ്റില്ലേ? നമ്മള്‍ പണ്ട് ഇറാഖിനെപ്പറ്റി വിചാരിച്ചതുപോലെ ഇവരെയൊക്കെ നേരിടാന്‍ തക്ക ശക്തിയാണ് ഇറാന്‍ എന്നു കരുതാമോ?

യുവാൽ നോവ ഹരാരിയുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലുമൊക്കെ അടുത്തകാലത്ത് ഉന്നയിക്കുന്ന ശ്രദ്ധേയമായ വാദമുണ്ട്. അദ്ദേഹം പറയുന്നത്, രണ്ടുവർഷം മുമ്പുതന്നെ മൂന്നാം ലോക മഹായുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്നാണ്. റഷ്യ, യുക്രൈയിനെ ആക്രമിക്കുന്നത് വാസ്തവത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമായി കാണാൻ പറ്റുമെന്നും ഇപ്പോൾ ഗാസയിൽ നടക്കുന്ന നരനായാട്ട് ആ ലോകയുദ്ധത്തിന്റെ ഭാഗമായി പിൽക്കാലചരിത്രം വിലയിരുത്താനുള്ള സാധ്യതയുണ്ടെന്നുമുള്ള വാദമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ആ വാദത്തിന്റെ ശരി-തെറ്റുകൾ വസ്തുനിഷ്ഠമായി ഇപ്പോൾ പറയുക പ്രയാസമാണ്. പക്ഷേ ആ വാദത്തിന് ഒരു നിലയ്ക്ക് സാധുതയുണ്ട് എന്നും വേണമെങ്കിൽ പറയേണ്ടിവരും. കാരണം, രണ്ടാം ലോക മഹായുദ്ധം എന്നു തുടങ്ങി എന്നതിനെക്കുറിച്ച് നമ്മുക്ക് ചരിത്രപരമായി വ്യക്തതയുണ്ട്. പക്ഷേ ഒന്നാം ലോക മഹായുദ്ധം എന്നു തുടങ്ങിയെന്നതിൽ ഖണ്ഡിതമായ തീരുമാനത്തിൽ ചരിത്രകാരമാർ എത്തുന്നത്, ഒന്നാം ലോക മഹായുദ്ധം തീർന്ന ശേഷമാണ്. അതുവരെ, എപ്പോഴാണ് ഇതിന്റെ സ്റ്റാർട്ടിങ്ങ് പോയിന്റ് എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. അതിന് സമാനമായ സാഹചര്യത്തിലാണ് നമ്മൾ ഇപ്പോൾ ഉള്ളതെന്നാണ് യുവാൽ മുന്നോട്ട് വെക്കുന്ന വാദം.

എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതൊരു പ്രാദേശിക യുദ്ധമായി മാറും എന്ന് ഖണ്ഡിതമായി പറയാൻ കഴിയില്ല. കാരണം, അങ്ങനെയൊരു പ്രാദേശിക യുദ്ധത്തിലേക്ക് പോകുന്നതിൽനിന്ന് ഇസ്രായേലിനെയും സഖ്യകക്ഷികളെയും തടയുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഒന്ന്, ഇസ്രായേൽ തന്നെ സൈനികമായും രാഷ്ട്രീയമായും അങ്ങേയറ്റം ബലക്ഷയം സംഭവിച്ച അവസ്ഥയിലാണുള്ളതെന്ന് ഏറെക്കുറെ എല്ലാവരും യോജിക്കുന്ന കാര്യമാണ്. ഇസ്രായേലിനുള്ളിൽ എല്ലാ നിലയ്ക്കും ജന പിന്തുണ നഷ്ടപ്പെടുകയും മഹാഭൂരിഭാഗം ആളുകളും വെറുക്കുന്ന ഒരാളുമായി ബെഞ്ചമിൻ നെതന്യാഹു മാറിയിട്ടുണ്ട്. അയാളെ സംബന്ധിച്ച്, ഗാസയിൽ നടത്തുന്നതായാലും ഇറാനോടുള്ള പ്രതികരണങ്ങളായാലും മറ്റ് എന്തായാലും, സ്വന്തം അധികാരം നിലനിർത്താനും താനും പങ്കാളിയും ജയിലിൽ പോകുന്നത് തടയാനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്. ഇസ്രായേലിനുള്ളിൽ തന്നെ ജനപിന്തുണയില്ലാത്ത സാഹചര്യത്തിൽ ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് പോകുന്നത് നെതന്യാഹുവിനെ സംബന്ധിച്ച് ആത്മഹത്യപരമായ നീക്കമായി മാറാൻ സാധ്യതയുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും

അതുപോലെ, ജോ ബൈഡനെ സംബന്ധിച്ച്, നവംബറിൽ നിർണായക തിരഞ്ഞെടുപ്പ് നേരിടുന്ന സാഹചര്യമുണ്ട്. ഒരു പൂർണ യുദ്ധത്തിലേക്ക് ഇസ്രായേൽ പോവുകയും അതിനെ പരസ്യമായി പിന്തുണക്കുകയും ചെയ്യേണ്ടി വരുന്നത്, തിരഞ്ഞെടുപ്പിൽ ബൈഡനെ വളരെ മോശമായ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്. രണ്ടു രീതിയിലാണ് ബാധിക്കുക.
ഒന്ന്: അറബ്- മുസ്‍ലിം പൗരരുടെ എണ്ണം വളരെ കൂടുതലാണ്, അവരുടെ വോട്ട് കിട്ടില്ലെന്ന പ്രശ്‌നം. രണ്ട്: അമേരിക്കയിലെ ചെറുപ്പക്കാരെ സംബന്ധിച്ച് ഇസ്രായേലിനോട് ഇവിടുത്തെ മുമ്പുണ്ടായിരുന്ന തലമുറയ്ക്കുണ്ടായിരുന്നതുപോലുള്ള വൈകാരിക ആഭിമുഖ്യമില്ല. അമേരിക്കൻ സമ്പത്തും സൈനിക ശക്തിയുമെല്ലാം ഒരാവശ്യവുമില്ലാത്ത ഒരു യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണക്കുകയെന്ന ഒറ്റ ആവശ്യത്തിന് വിനിയോഗിക്കുന്നതിന് കടുത്ത എതിർപ്പുകൾ അമേരിക്കയിൽ വരാൻ സാധ്യതയുണ്ട്.

ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണെന്ന മുന്നറിയിപ്പ്, കുറച്ചുവർഷങ്ങളായി വന്നുകൊണ്ടിരിക്കുന്നുണ്ട്. 2008- ൽ സംഭവിച്ചതിനേക്കാൾ വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം പോകാനിടയുണ്ടെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ ഇങ്ങനെയൊരു യുദ്ധമുണ്ടാകുന്നത്, ലോകത്തിന്റെ എണ്ണ ഉൽപ്പാദന കേന്ദ്രമെന്ന പറയാനാകുന്ന മധ്യ പൗരസ്ത്യ മേഖലയിൽ അത്തരത്തിൽ ഇപ്പോൾ ഒരു യുദ്ധമുണ്ടാകുന്നത്, സ്വാഭാവികമായും എണ്ണ വില ക്രമാതീതമായി ഉയരാനും അതിഭീകരമായിട്ടുള്ള ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ തള്ളി വിടാനും ഇടയാക്കുമെന്ന ഭയം ലോകത്ത് ഉടനീളം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള പല ഘടകങ്ങൾ കൊണ്ടുതന്നെ അത്തരമൊരു യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ പറ്റുന്നത്, ഇറാനെ സംബന്ധിച്ചിടത്തോളവും ആ നിലയ്ക്ക് യുദ്ധത്തിലേക്ക് പോകാൻ താൽപ്പര്യമില്ലെന്നാണ്. ഇപ്പോഴത്തെ ഇറാനിയൻ സർക്കാരിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനസമ്മതിയും ജനപ്രിയതയും തിരിച്ചുപിടിക്കാനുള്ള നീക്കം, മധ്യ പൗരസ്ത്യ മേഖലയിൽ ഇറാൻ ഒരു സൈനിക ശക്തിയെന്ന നിലയ്ക്ക് ഇപ്പോഴും ധീരമായി ഇടപെടാനും ഇസ്രായേൽ അടക്കം അതിനെ എതിർക്കുന്ന ശക്തികളെ അഭിമുഖീകരിക്കാനും നേരിടാനുള്ള തന്റേടവും ശക്തിയും അതിനുണ്ട് എന്നുള്ള ഒരു സന്ദേശം കൊടുക്കുക, ഇത്തരം കാര്യങ്ങളാണ് ഇറാൻ ഈ നീക്കങ്ങളിലൂടെ നടത്തുന്നത്. പൂർണ്ണമായി ഒരു യുദ്ധത്തിലേക്ക് പോകാനുള്ള ഒരു അവസ്ഥ ഇറാനെ സംബന്ധിച്ചിടത്തോളം ഇപ്പോഴില്ല എന്ന് വേണമെങ്കിൽ പറയേണ്ടിവരും. ആ നിലയ്ക്ക് ഇത് എവിടേക്ക് പോകുമെന്നുള്ളതിന്റെ നിർണ്ണായക ഘടകങ്ങളായി ഇനി മാറാൻ സാധ്യതയുള്ളത് ചൈനയും റഷ്യയും ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുന്നുള്ളുവെന്നതാണ്. ഇതുവരെ രണ്ട് രാജ്യങ്ങളും എല്ലാവരും സംയമനം പുലർത്തണമെന്നാവശ്യപ്പെടുന്നതിനപ്പുറം വളരെ വ്യക്തമായ ഒരു നിലപാട് എടുക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല, ചൈനയുടെ പ്രതികരണം ഇതുവരെ വന്നതിൽ വളരെ ശ്രദ്ധേയമായി തോന്നിയത്, ഇറാന് ഈ വിഷയത്തിൽ പറയാനുള്ള കാര്യങ്ങൾ മുഴുവൻ കേൾക്കുകയും അതേസമയത്ത് അതിൽ രാഷ്ട്രീയമായി പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്ന ഒരു നിലപാടാണ് ഇതുവരെ ചൈനയെടുത്തിട്ടുള്ളത്. അടുത്തദിവസങ്ങളിൽ അതിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. റഷ്യയുടെ ഭാഗത്തുനിന്ന് ഖണ്ഡിതമായിട്ടുള്ള നിലപാട് വന്നിട്ടില്ല. രണ്ടോ മുന്നോ ദിവസത്തിനുള്ളിൽ ഈ അവസ്ഥ മാറാനും സാധ്യതയുണ്ട്. ഇതൊരു വലിയ യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത കുറവാണ് എന്നുതന്നെയാണ്.

യുക്രെയ്ന്‍, ഈ വര്‍ഷം റഷ്യക്ക് കീഴ്‌പ്പെടും എന്ന രീതിയിലുള്ള വിശകലനം വന്നുതുടങ്ങിയിട്ടുണ്ട്. മാത്രമല്ല, അമേരിക്ക വലിയ ക്രൈസിസിലുമാണ്. ഈ രണ്ട് യുദ്ധങ്ങളിലും എന്തു നിലപാട് എടുക്കണം എന്ന്, ഇലക്ഷന്‍ വര്‍ഷമായതുകൊണ്ടുതന്നെ, അമേരിക്കയിലും ക്രൈസിസുണ്ട്. ആഗോളതലത്തില്‍ ഒരു വലിയ ഡിപ്ലോമാറ്റിക് ക്രൈസിസ്, അതായത് യുദ്ധങ്ങള്‍ നടക്കുന്നു, അതോടൊപ്പം, ലോകയുദ്ധത്തിന്റെ തലത്തിലേക്ക് അത് മാറുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു, അമേരിക്കയാകട്ടെ ഒരു ഇന്‍ഫ്‌ളൂവന്‍ഷ്യല്‍ ശക്തിയല്ല എന്ന് വീണ്ടും വീണ്ടും സ്വയം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. യുദ്ധത്തിന്റെ ആശങ്കയില്‍ നില്‍ക്കുന്ന ഭാവി എങ്ങനെയായിരിക്കും?

ഐക്യരാഷ്ട്ര സഭ അടക്കം അന്തർദേശീയ നയതന്ത്രത്തിന്റെ ഫലപ്രാപ്തി, അതിന്റെ പ്രയോഗികക്ഷമത ഇതെല്ലാം ഒരുപക്ഷേ രണ്ടാം മഹായുദ്ധ കാലത്തിനുശേഷം ചരിത്രത്തിൽ ഏറ്റവും ക്ഷയിച്ചുകഴിഞ്ഞ ഒരവസ്ഥയാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായിട്ടുള്ളത്. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് രണ്ടരവർഷത്തോളമായി യുക്രൈയ്ൻ, റഷ്യ യുദ്ധം തുടർന്നുകൊണ്ടിരിക്കുന്നു എന്നത്. അതിൽ എന്തെങ്കിലും തരത്തിലുള്ള നയതന്ത്ര തീരുമാനത്തിലേക്ക് എത്താനോ സമാധാന ഉടമ്പടിയുണ്ടാക്കാനോ ഇതുവരെ ലോകശക്തികൾക്കൊന്നും കഴിഞ്ഞിട്ടില്ല. മാത്രമല്ല, റഷ്യയെ ഉപരോധങ്ങൾ വഴി തകർക്കാനും ക്ഷയിപ്പിക്കാനും ശ്രമം നടന്നെങ്കിലും റഷ്യ ഇപ്പോഴും വലിയ ശക്തിയായി തുടരുകയാണ്. അതേപോലെ, മധ്യ പൗരസ്ത്യമേഖലയിലെ സംഘർഷങ്ങളുടെ കാര്യത്തിലും ആ നിലയ്ക്കുള്ള അന്തർദേശീയ ഇടപെടലുകളോ, നയതന്ത്രമോ വഴി ഫലപ്രദമായ തീരുമാനങ്ങൾ കൊണ്ടുവരാനുള്ള അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. അതിന് ഇസ്രായേൽ- പലസതീൻ സംഘർഷമല്ലാതെ തന്നെ ഉദാഹരണങ്ങളുണ്ട്.

ഒരു വർഷമായി, സുഡാനിൽ നടക്കുന്ന കാര്യങ്ങൾ നോക്കുക. അവിടെ രണ്ട് വ്യത്യസ്ത സൈനിക ചേരികൾ പരസ്പരം ആക്രമിച്ചുകൊണ്ടിരിക്കുകയും ആ രാജ്യത്തിന്റെ തന്നെ പലഭാഗങ്ങൾ പിടിച്ചടക്കുകയും ആ രാജ്യത്തെ ജനങ്ങൾ മുഴുവൻ തന്നെ ഈ രണ്ട് സൈനികചേരികൾ തമ്മിലുള്ള സംഘർഷത്തിൽ കഷ്ടപ്പെടുകയും ചെയ്യുന്നു. അതേപോലെ ലിബിയയിൽ മുഹമ്മദ് ഗദ്ദാഫിയുടെ സ്ഥാനചലനത്തിനുശേഷം തുടർന്നുവരുന്ന സംഘർഷങ്ങൾ. ഈസ്റ്റേൺ ലിബിയയും വേസ്റ്റേൺ ലിബിയയും രണ്ട് രാജ്യങ്ങളായാണ് ഏകദേശം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിലൊരു നിലയ്ക്കുള്ള തീരുമാനങ്ങളെടുക്കാനും അന്തർദേശീയ നയതന്ത്രത്തിനോ ലോകശക്തികൾക്കോ കഴിഞ്ഞിട്ടില്ല. മധ്യ പൗരസ്ത്യ ദേശത്തെ പ്രധാന ശക്തികൾക്കും രാജ്യങ്ങൾക്കും ഇടപെട്ട് എന്തെങ്കിലും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതേ അവസ്ഥ മറ്റൊരു നിലയ്ക്ക് സിറിയയിലും കാണാം. ബഷാർ അൽ അസദ് ഭരണം നിലനിർത്തിയെന്നത് ശരിയാണെങ്കിലും സിറിയ ഇപ്പോഴും ആഭ്യന്തരകലാപങ്ങളുടെ യുദ്ധക്കളമായാണ് തുടരുന്നത്. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്ന് ഗാസയിൽ നടക്കുന്ന ആക്രമണങ്ങളിലും ഒരു തീരുമാനത്തിലെത്താൻ ആർക്കും സാധിച്ചിട്ടില്ല. ആ അർത്ഥത്തിൽ ലോകം കൂടുതൽ അരാജകമായിരിക്കുന്നു, തീരുമാനങ്ങളെടുക്കാനോ തീരുമാനങ്ങൾക്ക് നേതൃത്വം കൊടുക്കാനോ ഉള്ള ശക്തി ഇല്ലാതായി വരുന്നു. അമേരിക്കയുടെ ആധിപത്യവും സ്വാധീനവും ലോകരാഷ്ട്രീയത്തിൽ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. അമേരിക്കയുടെ മേധാവിത്വത്തെ കൂടുതൽ ഫലപ്രദമായി ചെറുക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന റഷ്യയും ചൈനയും അടക്കമുള്ള ശക്തികൾക്ക് അവരുദ്ദേശിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് വരുന്നു. മൊത്തത്തിൽ അന്തർദേശീയ നയതന്ത്രം പരാജയപ്പെടുന്നു, അതുകൊണ്ടുതന്നെ അടുത്തത് എന്താണ് സംഭവിക്കാൻ പോകുകയെന്നത് കൃത്യമായി വിലയിരുത്തി പറയാൻ പറ്റാത്തത്ര സങ്കീർണ സാഹചര്യമാണുള്ളത്. കൃത്യമായ പ്രവചനം സാധ്യമല്ല. നമ്മുടെ മുമ്പിലുള്ള യുക്തിഭദ്രമായ കുറെ വസ്തുതകളെ വെച്ചാണല്ലോ പ്രവചനം നടത്താനാകുക. അത്തരത്തിൽ, എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി പറയാൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോൾ ഇവിടെയുള്ളത്. അതിനേക്കാൾ വളരെ സങ്കീർണമാണ് കാര്യങ്ങൾ എന്നു തോന്നുന്നു. ഏതായാലും അടുത്ത ദിവസങ്ങൾക്കുള്ളിൽ ഈ കാര്യങ്ങളിൽ വ്യക്തത കൈവരാനാണ് സാധ്യത.

ഇപ്പോഴത്തെ ക്രൈസിസിൽ, അതായത് ഇറാൻ ഇസ്രായേലിനെ ആക്രമിച്ച​ശേഷം ഉടലെടുത്ത പ്രതിസന്ധിയിൽ, ഇന്ത്യയുടെ നിലപാടിനെ എങ്ങനെ വിശദീകരിക്കാൻ കഴിയും? പ്രത്യേകിച്ച് ഇറാനെതിരായ ഒരു നിലപാട് ഇന്ത്യ എടുത്തിട്ടില്ല. ഇസ്രായേലിനെ നിരാശപ്പെടുത്തിയ പ്രസ്താവനയാണ് ഇന്ത്യയിൽ നിന്നുണ്ടായത് എന്നാണ് ഇസ്രായേലിന്റെ വിദേശകാര്യമന്ത്രാലയത്തിൽനിന്നുണ്ടായ പ്രസ്താവന സൂചിപ്പിക്കുന്നത്. അതായത്, ഇസ്രായേലും പലസ്തിനുമായുള്ള ക്രൈസിസിൽ എടുത്ത നിലപാടു പോലെയുള്ള ഒന്നല്ല ഈ ക്രൈസിസിൽ ഇന്ത്യ എടുത്തിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് വിശദീകരിക്കാനാകുക?

നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷമുള്ള ഇന്ത്യയുടെ വിദേശനയം യാതൊരു വ്യക്തതയും സൂക്ഷ്മതയും ഇല്ലാത്തതാണ്. അത് ഇപ്പോഴത്തെ പലസ്തീൻ- ഇസ്രായേൽ പ്രശ്‌നത്തിൽ മാത്രമല്ല, മറ്റ് ലോക സംഘർഷങ്ങളിലും പ്രശ്‌നങ്ങളിമെല്ലാം ഇന്ത്യയുടെ നിലപാട്- അതിപ്പോൾ ഐക്യരാഷ്ട്ര സഭയിലെടുക്കുന്നതായാലും വിദേശകാര്യമന്ത്രാലയം പുറത്തിറക്കുന്ന പ്രസ്താവനകളാണെങ്കിലും- അങ്ങേയറ്റം വൈരുദ്ധ്യങ്ങളുള്ളതും യാതൊരു നിലക്കും ദിശാബോധം പ്രതിഫലിപ്പിക്കാത്തതുമായ ഒന്നാണ്. അത് ഇറാൻ ആക്രമണത്തിനുശേഷമുള്ള പ്രസ്താവനയിലും വ്യക്തമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

കാരണം, ഒരു ഭാഗത്ത് വൈകാരികമായും രാഷ്ട്രീയമായും ഇസ്രായേലിനോട് പൂർണമായ ഐക്യദാർഢ്യം നരേന്ദ്ര മോദിയും ഭരിക്കുന്ന പാർട്ടിയും പുലർത്തുന്നുണ്ടെന്നത് വസ്തുതയാണ്. അതേസമയത്ത്, വിദേശകാര്യ മന്ത്രാലയത്തിന് ബി ജെ പിയുടെ രാഷ്ട്രീയ നിലപാട് പൂർണമായും വിദേശനയമാക്കി മാറ്റി പ്രഖ്യാപിക്കാൻസാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുമുണ്ട്. ഉദാഹരണത്തിന്, ഇറാനുമായുള്ള ബന്ധം പൂർണമായും അവതാളത്തിലാക്കി ഇസ്രായേലിന്റെ കൂടെ നിൽക്കുക എന്നത് പല കാരണങ്ങൾകൊണ്ട് ഇന്ത്യക്ക് സാധിക്കില്ല. പ്രധാനമായും നമ്മൾ ഇന്ധനം വാങ്ങിക്കുന്നത് മുതൽ പല നിലക്കുമുള്ള സഹകരണങ്ങളുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പല പ്രശ്‌നങ്ങളിലും- അതായത് ഇറാൻ അതിർത്തിയിൽ ഇന്ത്യ നടത്തുന്ന തുറമുഖത്തിന്റെ നിർമാണമടക്കം- ഇറാനുമായി സഹകരിച്ചിട്ടില്ലെങ്കിൽ ഇന്ത്യയെ സംബന്ധിച്ച്, സൗത്ത് ഏഷ്യക്കകത്ത് പലതരം പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. പിന്നെ വാണിജ്യപരമായ ചില കാര്യങ്ങളുമുണ്ട്. അതുകൊണ്ട് അവിടെയും ഇവിടെയും തൊടാതെ അഴകൊഴമ്പൻ നയമാണ് ഇപ്പോൾ ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതു തന്നെയാണ് മറ്റ് വിഷയങ്ങളിലും ഇന്ത്യ സ്വീകരിക്കുന്നത്. ഇന്നത്തെ ഇന്ത്യൻ വിദേശനയം ഒരു നിലക്കും ദിശാബോധമില്ലാത്തതാണ്. അതിലൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാൻ യാതൊരു ന്യായവുമില്ല.

Comments