ഇറാനും ഇസ്രായേലും യുദ്ധത്തിലേക്ക്?

ഇറാൻ ഇസ്രായേലിനെ ആക്രമിക്കുകയാണെങ്കിൽ ഇടപെടുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് ചെറുത്തു നിൽക്കാനുള്ള തുറന്ന സൈനിക സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.

News Desk

  • വംശഹത്യ അവസാനിപ്പിക്കുന്നതിനായി പലസ്തീൻ ഭാഗത്തുനിന്നും മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഹമാസിൻ്റെ പൊളിറ്റ് ബ്യൂറോ ചീഫ് ഇസ്മായിൽ ഹാനിയെയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ ഇന്നലെ കൊലപ്പെടുത്തി. ലെബനാൻ്റെ തലസ്ഥാനമായ ബെയ്റൂത്തിൽ ഹിസ്ബുല്ല കമാൻഡർ ഫുഅദ് ഷുക്കൂറിനെ കൊലപ്പെടുത്തി 12 മണിക്കുകൾക്കുള്ളിലാണ് ഇറാൻ്റെ ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്ന ഹാനിയെയെ മിസൈൽ ആക്രമണത്തിലൂടെ വകവരുത്തിയത്.

  • ഹാനിയെ കൊലചെയ്യപ്പെട്ടത് ഇറാനിലായതിനാൽ ഈ രക്തത്തിന് പകരം വീട്ടാനുള്ള ഉത്തരവാദിത്തം തങ്ങൾക്കുണ്ടെന്ന് ഇറാൻ്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനെയ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഖമനെയ് ഇറാൻ്റെ മിലിറ്ററി നേതൃത്വത്തിന് ഉത്തരവു നൽകിക്കഴിഞ്ഞതായി ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

  • ഹമാസ്,ഹിസ്ബുല്ല, ഹൂത്തി മിലിഷ്യകളുമായി ഇറാൻ മിലിറ്ററി അടിയന്തര ചർച്ചകൾ നടത്തുന്നതായി വിവിധ വാർത്താ ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ മധ്യേഷ്യയിൽ ഇസ്രായേലിനെതിരെ തുറന്ന യുദ്ധത്തിന് ഒരുക്കങ്ങൾ ഊർജിതമാവുന്നതായി കണക്കാക്കപ്പെടുന്നു.

  • ഇറാൻ ഇസ്രായേലിനെ ആക്രമിക്കുകയാണെങ്കിൽ ഇടപെടുമെന്നും ഇസ്രായേലിന് ചെറുത്തു നിൽക്കാനുള്ള തുറന്ന സൈനിക സഹായം നൽകുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. തുർക്കി, ജോർദാൻ, സിറിയ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങൾ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

  • ഗൾഫ് മേഖലയിലെ രാഷ്ട്രങ്ങൾ പലസ്തീൻ പ്രശ്നത്തിലെന്ന പോലെ “ഇടപെടാതിരിക്കൽ” സമീപനം തുടർന്നേക്കും. സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുടെ സൈനിക പ്രതിരോധ പരിപാടികളിലെ മുഖ്യ പങ്കാളിയും അമേരിക്ക തന്നെയാണ്. തങ്ങളുടെ അധീനതയിലുള്ള കരയിലും കടലിലുമായി അമേരിക്കയ്ക്ക് നിരവധി സൈനികത്താവളങ്ങൾ ഈ രാഷ്ട്രങ്ങൾ അനുവദിച്ചു നൽകിയിട്ടുമുണ്ട്.

  • ഇറാൻ്റെ പുതിയ പ്രസിഡൻഡിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പലസ്തീനെ പ്രതിനിധീകരിച്ച് ടെഹ്റാനിലെത്തിയ ഔദ്യോഗിക അതിഥികളിൽ ഒരാളായിരുന്നു ഹമാസിൻ്റെ ‘പബ്ലിക് ഫേസ്’ എന്നറിയപ്പെട്ടിരുന്ന ഇസ്മായിൽ ഹാനിയെ. ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മന്ത്രി നിതിൻ ഗഡ്ഗരി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഹാനിയെ കൊലചെയ്യപ്പെടുന്നത്.

  • ഇസ്രായേൽ അധീന ഗോലാൻ കുന്നുകളിൽ ഫുട്ബോൾ പിച്ചിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു ഫുഅദ് ഷുക്കൂറിനെ ബെയ്റൂത്തിലെ അപാർട്ട്മെൻ്റിൽ ഡ്രോൺ ആക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചത്.

  • ഖത്തറിലെ ദോഹയിൽ ഹമാസിൻ്റെ രാഷ്ട്രീയ ഹെഡ്ക്വാർടേഴ്സ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്നു ഹാനിയെ. അമേരിക്കയും ഖത്തറും ഈജിപ്തും മുൻകൈയെടുത്ത് നടത്തി വരുന്ന സീസ്ഫയർ ശ്രമങ്ങളിൽ ഹമാസിനെ പ്രതിനിധീകരിച്ച് റോമിലും ഇസ്താംബൂളിലുമൊക്കെയായി അടുത്ത ദിവസങ്ങളിൽ ഹാനിയെ പരസ്യമായിത്തന്നെ പങ്കെടുത്തിരുന്നു.

  • രാജ്യത്തിൻ്റെ തലസ്ഥാനത്ത് അവിടത്തെ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണത്തിനെത്തിയ ഔദ്യോഗിക അതിഥിയെ അതും ഇസ്രായേൽ കൂടി അംഗീകരിച്ച മധ്യസ്ഥനെ കൊലപ്പെടുത്തുക വഴി ഇറാനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെടുത്തിയിരിക്കുകയാണ് ഈ കൊലപാതകം.

  • ഇസ്രായേലിനകത്ത് ഹമാസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ കൂട്ടക്കൊലയ്ക്ക് ശേഷം ഹമാസിൻ്റെയും ഹിസ്ബുല്ലയുടെയും നിരവധി മുതിർന്ന നേതാക്കളെ ഇറാനിലും ലെബനാനിലുമായി ഡ്രോൺ/മിസൈൽ ആക്രമണങ്ങളിലൂടെ ഇസ്രായേൽ വകവരുത്തിയിരുന്നു.

  • എന്നാൽ, ഇറാനിൽ നടന്ന ഉന്നതമായ ഒരു സമ്മേളനത്തിൽ തന്നെ രാഷ്ട്രത്തിൻ്റെ മിലിറ്ററി ഇൻ്റലിജൻസിന് വൻ വീഴ്ചയുണ്ടെന്ന് ലോകത്തിനു മുമ്പിൽ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ് ഇന്നലത്തെ കൊലപാതകത്തിലൂടെ. അതുകൊണ്ടു തന്നെ നേരിട്ടുള്ള തിരിച്ചടി നൽകണമെന്ന സമ്മർദ്ദത്തിലാണ് ഇറാൻ.

Comments