ആർക്കും അനിവാര്യമല്ലാത്ത യുദ്ധം,
ആശങ്കയുടെ യുദ്ധമുഖം

‘‘പലസ്തീൻ പ്രശ്‌നം ഒരുവശത്ത് അതിന്റെ അതിസങ്കീർണമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മറുഭാഗത്ത് അതിൽ പങ്കാളികളായവർ തന്നെ മറ്റൊരു യുദ്ധമുഖം തുറക്കുന്നത് പശ്ചിമേഷ്യൻ മേഖലയുടെ സ്ഥിരതക്കും വികസനത്തിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ഓരോ രാജ്യത്തിനുമറിയാം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സമ്പന്നതയുടെ മടിത്തട്ടിൽ വികസനക്കുതിപ്പിനായി കാത്തിരിക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾക്കും ഒരേപോലെ ആശങ്കയോടെ കാണുന്നതും ഈ സ്ഥിതിവിശേഷത്തെയാണ്’’-കെ.എം. സീതി എഴുതുന്നു.

ശ്ചിമേഷ്യൻ സ്ഥിതിഗതി രൂക്ഷമാകുന്ന തരത്തിലാണ് ഇസ്രായേലും ഇറാനും തമ്മിലുണ്ടായ സമീപകാല ഏറ്റുമുട്ടലുകൾ. ഏപ്രിൽ ഒന്നിന് ഡമാസ്‌കസിലെ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിക്കുകയും നിരവധി ഇറാനിയൻ സൈനിക നേതാക്കളെ വധിക്കുകയും ചെയ്തതോടെ ഇസ്രായേൽ തന്നെ ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഇതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന വാർത്തകൾ വന്നതിനുപുറകേ ഇറാൻ ഇസ്രായേലിനുനേരെ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ നിരവധി ആയുധങ്ങൾ തൊടുത്തുവിട്ടു. സൈനിക ആസ്ഥാനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇസ്രായേലും അമേരിക്കയും ബ്രിട്ടനും ജോർദാനും ഫ്രാൻസും വിവിധ മേഖലകളിൽനിന്ന് തടഞ്ഞു. തങ്ങൾ സിവിലിയൻ പൗരരെയല്ല ലക്ഷ്യമിട്ടത് എന്നതുകൊണ്ടാണ് ആൾനാശം തീരെ സംഭവിക്കാതിരുന്നത് എന്ന ഇറാനിയൻ വാദം പാശ്ചാത്യൻ രാജ്യങ്ങൾ പൊതുവെ തള്ളിക്കളഞ്ഞു. ‘പരാജയപ്പെട്ട ഇറാനിയൻ ആക്രമണം’ എന്ന് അവർഅതിനെ വിശേഷിപ്പിച്ചപ്പോൾ, തങ്ങളുടെ ലക്ഷ്യം പൂർത്തിയായെന്നും ഇസ്രായേലിനെ നേരിട്ടാക്രമിക്കാൻ തങ്ങൾക്ക് ഭയമില്ലെന്നും കാണിക്കാനാണ് ഇറാൻ നേതാക്കൾ പൊതുവെ ശ്രമിച്ചുകൊണ്ടിരുന്നത്.

പരാജയപ്പെട്ട ദൗത്യം എന്ന് വിശേഷിപ്പിച്ചെങ്കിലും ഇസ്രായേലിനുനേരെ ഒരു രാജ്യം നേരിട്ട് ആക്രമണത്തിനു മുതിർന്നത്, ബെഞ്ചമിൻ നെതന്യാഹു ഭരണകൂടത്തിന് ആശങ്കയും അങ്കലാപ്പുമുണ്ടാക്കിയിട്ടുണ്ട്. ഇതിന് തിരിച്ചടി നൽകാൻ ഇസ്രായേലിൽ, പ്രത്യേകിച്ച് സൈനിക നേതൃത്വത്തിന് യാതൊരു സങ്കോചവുമില്ല. പ്രശ്‌നം ഇനിയും വഷളാക്കരുത് എന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ഉപദേശങ്ങൾ വന്നെങ്കിലും അത് തള്ളാനോ കൊള്ളാനോ നെതന്യാഹു ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗാസയിലെ യുദ്ധമുണ്ടാക്കിയ ആഘാതത്തിന്റെ തീവ്രത എത്രയെന്ന് പാശ്ചാത്യ രാഷ്ട്രങ്ങൾക്കറിയാം. 33,000 ലേറെ മനുഷ്യരെ ആറു മാസം കൊണ്ട് കൊന്നൊടുക്കിയ ഇസ്രായേലി ഭരണകൂടത്തിന് എല്ലാ ആയുധസഹായവും ഒത്താശയും ചെയ്തുകൊണ്ടിരുന്നത് അവരാണ് എന്നത് പാപഭാരത്തിന്റെ തീവ്രതയെ കാണിക്കുക മാത്രമല്ല, അതിന്റെ ധാർമിക ഉത്തരവാദിത്തം തങ്ങൾക്കുകൂടിയുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച്, ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവ് പല കോണുകളിൽനിന്നും പ്രവചിക്കപ്പെടുമ്പോൾ, ജോ ബൈഡന് വലിയ അന്താരാഷ്ട്ര ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സ്വയം സമ്മർദത്തിലാകാൻ താൽപര്യം കാണില്ല. എന്നാൽ, നെതന്യാഹു ഭരണകൂടത്തിന് വലിയ സമ്മർദങ്ങളുണ്ട്. തീവ്ര വലതുപാർട്ടികളും നേതാക്കളും ഇറാന് തിരിച്ചടി നൽകിയില്ലെങ്കിൽ അത് ഇസ്രായേലി ജനതയോടു കാണിക്കുന്ന അനീതിയാണെന്നും രാജ്യത്തിന്റെ ബലഹീനതയായി ഇത് വ്യാഖ്യാനിക്കപ്പെടുമെന്നുമാണ് അവരുടെ വാദം. ഇസ്രായേലി യുദ്ധ മന്ത്രിസഭ- വാർ കാബിനറ്റ്- മണിക്കൂറുകൾ നീണ്ട ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. മാത്രമല്ല, ഇസ്രായേലി ഡിഫൻസ് ഫോഴ്‌സിന്റെ തലവൻ ജനറൽ ഹലവി പറഞ്ഞത്, ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നുതന്നെയാണ്. ഈ അഭിപ്രായം പങ്കിടുന്നവരാണ് സൈനികനേതൃത്വത്തിലെ ഭൂരിപക്ഷം പേരും. രാഷ്ട്രീയവൃത്തങ്ങളിലും ശക്തമായ സമ്മർദങ്ങളുണ്ട്. സാർവദേശീയ സമ്മർദത്തിന് വഴങ്ങരുത് എന്ന അഭിപ്രായമാണ് ഇവർ പൊതുവെ കാണിക്കുന്നത്. പരിമിതമായ തോതിലെങ്കിലും തിരിച്ചടി നൽകാൻ തയാറെടുക്കുന്നത് വളരെ സ്വഭാവികമാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും ഇറാനിനുള്ളിൽനിന്ന് വരുന്നുണ്ട്. പ്രത്യേകിച്ച്, അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് അമേരിക്കയെയും സഖ്യകക്ഷികളെയും അറിയിച്ചുകൊണ്ടായിരിക്കണമെന്നില്ല എന്ന സൂചനയും വരുന്നുണ്ട്. പ്രത്യേകിച്ച് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ പ്രബലശക്തികൾ മാറിയും തിരിഞ്ഞും ഇസ്രായേലിനെ ആക്രമിക്കുന്ന പാശ്ചാത്തലത്തിൽ. ഇറാൻ പിടിച്ചെടുത്ത ഇസ്രായേലി സമ്പന്നന്റെ കപ്പലിനെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല, മുൻകാലങ്ങളിലും ഇസ്രായേൽ ഇറാനെതിരെ ഇത്തരം നീക്കം നടത്തിയിട്ടുണ്ട്. നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെയും സൈനിക നേതാക്കളെയും കൊന്നൊടുക്കിയത് ഇറാനും മറന്നിട്ടില്ല. ഈ പാശ്ചാത്തലത്തിലാണ് ഇറാനിയൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ് വരുന്നത്. ഇറാനെതിരെ ഇനി ഒരു ചെറിയ ആക്രമണം പോലും തങ്ങൾ വച്ചുപൊറുപ്പിക്കില്ല എന്നും അങ്ങനെയൊന്നുണ്ടായാൽ മറുപടി വളരെ വ്യാപകവും വേദനാജനകവുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുവേ സുരക്ഷാബന്ധിതമായ ഭൂരാഷ്ട്രതന്ത്രത്തിൽ അഭിരമിക്കുന്ന ഇസ്രായേലിന് അഭിമാനക്ഷതം ഏൽക്കുക എന്നു പറഞ്ഞാൽ വലിയ ദുരന്തമാണ്. പ്രത്യേകിച്ച്, ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ആയിരത്തിലേറെ ഇസ്രായേലി പൗരർ കൊല്ലപ്പെടുകയും അത് വലിയ ആഘാതമായി കരുതുകയും ചെയ്ത സാഹചര്യത്തിലാണ് ഗാസയിലെ മനുഷ്യക്കുരുതി ആരംഭിക്കുന്നത്. പശ്ചിമേഷ്യയിലെ വലിയ ആയുധ കരുതൽ ശേഖരമുള്ള രാജ്യങ്ങളാണ് ഇറാനും ഇസ്രായേലും. ആണവശേഷിയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും അപ്രഖ്യാപിത ശക്തികളുമാണ്, പ്രത്യേകിച്ച് ഇസ്രായേൽ. ഏതാണ്ട് ത്രഷോൾഡ് പവർ എന്നാണ് ഇറാനെ വിശേഷിപ്പിക്കുന്നത്. 1980-കളിൽ ഇറാൻ- ഇറാഖ് യുദ്ധം നടക്കുന്ന കാലത്ത് നിരവധി രാജ്യങ്ങളുടെ മുകളിലൂടെ പോയി ഇറാൻ ഇറാഖിന്റെ ആണവനിലയങ്ങൾ ആക്രമിച്ചിരുന്നു. അക്കാലത്ത് ഇസ്രായേലും ഇറാനും വളരെ അടുത്ത ബന്ധുക്കളുമായിരുന്നു എന്ന വിചിത്രമായ അവസ്ഥയുമുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഇസ്രായേലിനെ ആയുധമണിയിക്കുന്ന അമേരിക്ക നേരിട്ട് ഇറാനെ ആക്രമിക്കുന്നതിൽ പങ്കാളിയാകില്ല എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. മേഖലയിൽ യുദ്ധം പടരാനാഗ്രഹിക്കുന്നില്ല എന്ന് അമേരിക്കക്ക് പറയാൻ സ്വഭാവിക കാരണങ്ങളുണ്ട്. അത് അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് മാത്രമല്ല. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും രാജ്യാന്തര സമ്പദ്‌വ്യവസ്ഥയും കടുത്ത സമ്മർദത്തിലാണ്. യുക്രെയ്ൻ, ഗാസ യുദ്ധങ്ങൾ ഇപ്പോൾ തന്നെ രാജ്യാന്തര വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മഹാമാരി ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകുന്ന ലോകസമ്പദ്‌വ്യവസ്ഥക്ക് മറ്റൊരു വലിയ യുദ്ധം വലിയ വെല്ലുവിളികളുയർത്തും. അത് ഒഴിവാക്കാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്.

റഷ്യയുടെയും ചൈനയുടെയും വിശ്വസ്ത പങ്കാളി കൂടിയായ ഇറാന് വളരെ സ്വഭാവികമായ ആത്മവിശ്വാസമുണ്ട്. ചരിത്രപരമായി തന്ത്രപ്രധാനമായ ബന്ധങ്ങളുള്ള ഇസ്രായേലിനും പാശ്ചാത്യരാജ്യങ്ങൾക്കും ഇത് കേവലം ശാക്തിക സന്തുലനത്തിന്റെ പ്രശ്‌നം മാത്രമല്ല, മേഖലാ ഭൂരാഷ്ട്രതന്ത്രത്തിന്റെ പുനർക്രമീകരണം കൂടിയാണിത്. പലസ്തീൻ പ്രശ്‌നം ഒരുവശത്ത് അതിന്റെ അതിസങ്കീർണമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ മറുഭാഗത്ത് അതിൽ പങ്കാളികളായവർ തന്നെ മറ്റൊരു യുദ്ധമുഖം തുറക്കുന്നത് പശ്ചിമേഷ്യൻ മേഖലയുടെ സ്ഥിരതക്കും വികസനത്തിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ഓരോ രാജ്യത്തിനുമറിയാം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും സമ്പന്നതയുടെ മടിത്തട്ടിൽ വികസനക്കുതിപ്പിനായി കാത്തിരിക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾക്കും ഒരേപോലെ ആശങ്കയോടെ കാണുന്നതും ഈ സ്ഥിതിവിശേഷത്തെയാണ്. ആഭ്യന്തര സമ്മർദത്തിൽ നേരത്തെ തന്നെ വിഷമവൃത്തത്തിലായ നെതന്യാഹുവിന് പുതിയ സാഹചര്യങ്ങൾ ഒരേ സമയം ഒരു അവസരവും വെല്ലുവിളിയും സൃഷ്ടിക്കുന്നു. ഈ പുതിയ സാഹചര്യങ്ങൾ എങ്ങനെയാണ് വൻ ശക്തികൾ- പ്രത്യേകിച്ച് അമേരിക്കയും റഷ്യയും ചൈനയും- വീക്ഷിക്കുന്നത് എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കാരണം, യുദ്ധം വ്യാപിക്കുന്നത് ഒരുതരത്തിലും ഈ രാജ്യങ്ങൾക്ക് ആത്യന്തികമായി ഗുണം ചെയ്യില്ല എന്ന തിരിച്ചറിവുണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് വളരെ കരുതലോടെ വൻ ശക്തികൾ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നത്. യുദ്ധം വ്യാപിക്കുന്നതിലൂടെ വലിയ ദുരന്തത്തിലേക്ക് നീങ്ങുന്നത് തടയാൻ ശ്രമിക്കുന്നതും ആ അർഥത്തിലാണ് വിലയിരുത്തേണ്ടത്. പുതിയ വെല്ലുവിളികളുടെ സാഹചര്യമാണ്, യുദ്ധം അനിവാര്യമല്ല എന്ന തരത്തിൽ വ്യാഖ്യാനിക്കാൻ അമേരിക്കയെയും റഷ്യയെയും ചൈനയെയുമെല്ലാം പ്രേരിപ്പിക്കുന്നത് എന്നാണ് തോന്നുന്നത്.


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments