ഇറാനെതിരെ നടത്തിയ ആക്രമണത്തിലൂടെ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയത്തെയും ഇതിനകം തന്നെ താളം തെറ്റിയ ആഗോളക്രമത്തെയും അപകടകരമായ വഴിത്തിരിവിൽ എത്തിച്ചിരിക്കുകയാണ് ഇസ്രായേൽ. ആക്രമണം ഇറാനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ടെഹ്റാൻ നഗരം മുതൽ നതാൻസ്, ഇസ്ഫഹാൻ തുടങ്ങീ തബ്രിസ് വരെ ഇസ്രായേൽ ആക്രമണത്തിൽ വിറങ്ങലിച്ച് പോയി. ഇറാൻെറ സുപ്രധാന ആണവകേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടത്. മുതിർന്ന ശാസ്ത്രജ്ഞരെയും സൈന്യത്തിൻെറ തലപ്പത്തുള്ളവരെയും വരെ കൊലപ്പെടുത്തി. ഇറാൻെറ ആണവപ്രവർത്തനങ്ങൾ തടയുന്നതിനും സ്വയം പ്രതിരോധത്തിനും ആക്രമണം അനിവാര്യമാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആദ്യം പ്രതികരിച്ചത്. എന്നാൽ, ഈ ന്യായീകരണം നയതന്ത്ര ഇടപെടൽ തടസ്സപ്പെടുത്താനും ഏറ്റുമുട്ടൽ വ്യാപിപ്പിക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ നീക്കമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മേഖലയിലെ നയതന്ത്രചർച്ചകൾ തകർക്കുന്നതിനും പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കാനും, ബലപ്രയോഗത്തിലൂടെ അധികാരമേൽക്കൈ ഉറപ്പിക്കുന്നതിനും വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കം കൂടിയാണിത്. ഇത് അവസാനശ്രമമെന്ന നിലയിൽ നടത്തിയ ആക്രമണമല്ല. പ്രശ്ന പരിഹാരചർച്ചകളിൽ നിന്ന് പിൻമാറുന്നതിനൊപ്പം അന്താരാഷ്ട്ര നിയമങ്ങളെ അനുസരിക്കാതെ പ്രത്യാഘ്യാതങ്ങളെയൊന്നും തന്നെ കൂസലില്ലാതെ മുന്നോട്ടുപോവുമെന്ന ഇസ്രായേലിൻെറ ധാർഷ്ഠ്യമാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്.
പശ്ചിമേഷ്യയിൽ നിലവിൽ രൂക്ഷമാവുന്ന പ്രതിസന്ധിയുടെ ഒരുഭാഗത്ത് നിർണായകറോൾ വഹിക്കുന്നത് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപാണ്. 2018-ൽ, തന്റെ ആദ്യ ടേമിൽ, ട്രംപ് ഏകപക്ഷീയമായി ജോയൻറ് കോംപ്രഹൻസിവ് പ്ലാൻ ഓഫ് ആക്ഷനിൽ (JCPOA) നിന്ന് പിന്മാറിയിരുന്നു. ഇറാനെതിരായ ഉപരോധത്തിന് ഇളവുകൾ നൽകി, അവരുടെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി ഏറെ ബുദ്ധിമുട്ടി ഒപ്പുവെക്കപ്പെട്ട കരാറിൽ നിന്നാണ് ട്രംപ് പിൻമാറിയത്. ഇറാൻ എത്രത്തോളം വിധേയമായാണ് പ്രവർത്തിക്കുന്നതെന്ന് ആ ഘട്ടത്തിൽ അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി വ്യക്തമാക്കിയിരുന്നു. നയതന്ത്രയുക്തിയില്ലാത്ത ട്രംപിന്റെ തീരുമാനത്തിന് പിന്നിൽ പ്രാദേശിക താൽപര്യങ്ങളും പ്രതികാരബുദ്ധിയുമാണ് ഉണ്ടായിരുന്നത്, ഇത് ആണവ സംഘർഷത്തിലേക്കുള്ള പാത വീണ്ടും തുറക്കുകയാണ് ചെയ്തത്. നയതന്ത്രത്തിന് പകരം ഉപരോധങ്ങൾ, എണ്ണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ, തുറന്ന ഭീഷണികൾ എന്നിങ്ങനെ പരമാവധി സമ്മർദ്ദ തന്ത്രങ്ങളാണ് അദ്ദേഹം നടത്തിയത്. ശത്രുതയുടെ വഴി അവിടെ വീണ്ടും തുറക്കപ്പെടുകയും ചെയ്തു.

രണ്ടാം ടേമിൽ ട്രംപ് ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിച്ചുവെങ്കിലും വീണ്ടും സമ്മദ്ദതന്ത്രങ്ങളിലൂടെ മുന്നോട്ടുപോയത് പ്രശ്നപരിഹാര സാധ്യതകളെ വഷളാക്കി. അനുവദനീയമായ സമ്പുഷ്ടീകരണത്തെക്കുറിച്ച് ട്രംപ് ഭരണകൂടം സമ്മിശ്രനിലപാടുകളാണെടുത്തത്. വാഷിങ്ടണിൻെറ ഇടപെടലുകളിൽ യാതൊരു ആത്മാർത്ഥയും ഇല്ലെന്നാണ് ഇറാന് ഇതിൽ നിന്ന് വ്യക്തമായത്. സമ്പുഷ്ടീകരണം സീറോ ആക്കണമെന്ന നിലപാട് പരസ്യമായെടുത്ത അമേരിക്ക, സ്വകാര്യ ചർച്ചകളിൽ താഴ്ന്ന നിലവാരത്തിലുള്ള സമ്പുഷ്ടീകരണ പരിധികൾ കുഴപ്പമില്ലെന്ന നിലപാടുമെടുത്തു. നിലപാടുകളിലെ ഈ വൈരുദ്ധ്യം കാരണം, അമേരിക്കയ്ക്ക് താൽപ്പര്യം ന്യായമായ ഒരു കരാറല്ലെന്നും, മറിച്ച് തങ്ങളുടെ സമ്പൂർണമായ കീഴടങ്ങലാണെന്നും ഇറാന് ബോധ്യപ്പെട്ടു.
ഇറാൻെറ ആണവപദ്ധതികളുടെ പശ്ചാത്തലം വളരെ നിർണായകമായി മനസ്സിലാക്കേണ്ടതുണ്ട്. 1950-കളിൽ പാശ്ചാത്യ പിന്തുണയോടെ ആരംഭിച്ച പദ്ധതി 1979 ലെ ഇസ്ലാമിക വിപ്ലവത്തോടെ സംശയങ്ങൾക്ക് ഇടയാക്കി. രഹസ്യസ്വഭാവവും ഐഎഇഎയുമായുള്ള പരിമിതമായ സഹകരണവും ഇറാൻെറ ആണവപദ്ധതികളെ ലോകം ആശങ്കയോടെ നോക്കിക്കാണുന്ന അവസ്ഥയുണ്ടാക്കി. എന്നിരുന്നാലും, തങ്ങളുടെ ലക്ഷ്യം സമാധാനമാണെന്ന് ഇറാൻ എപ്പോഴും വാദിച്ചിരുന്നു. കൃത്യമായ മാനദണ്ഡങ്ങളിലൂടെ മാത്രം, ഉത്തരവാദിത്വത്തോടെ ആണവപ്രവർത്തികൾ നടത്താൻ പാടുള്ളൂവെന്നതിന് ലോകരാജ്യങ്ങൾക്ക് ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് JCPOA ചെയ്തത്. ഈ ചട്ടക്കൂടിനെ ട്രംപ് നിരാകരിച്ചതോടെ ഇരുപക്ഷത്ത് നിന്നും മുതലെടുപ്പുകൾ വർധിക്കുകയാണ് ചെയ്തത്.
ഇരട്ടനീതിയുടെ തിരിച്ചുവരവ്
ഇപ്പോഴുണ്ടായിരിക്കുന്ന ഈ സൈനിക നടപടി ആണവ നയത്തിലെ പാശ്ചാത്യരാജ്യങ്ങളുടെ വ്യക്തമായ പൊരുത്തക്കേടുകൾ തുറന്നുകാട്ടുന്നുണ്ട്. Nuclear Non-Proliferation Treaty (NPT) ഒപ്പിടാത്ത ഇസ്രായേൽ ഒരു പെനാൽറ്റിയും നേരിടേണ്ടി വരുന്നില്ല, അതേസമയം കരാറിൻെറ പരിധിയിൽ നിന്ന് പ്രവർത്തിക്കുന്ന, സമാധാനപരമായി ആണവ പ്രവർത്തികൾ നടത്തുന്ന ഇറാൻ അതിസൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. എൻപിടിയിൽ ഒപ്പിട്ടിട്ടുള്ള ഇറാൻ അവർക്ക് അനുവദനീയമായ രീതിയിൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിൻെറ പേരിലാണ് വലിയ ചീത്തപ്പേര് വാങ്ങിക്കുന്നത്. ഈ ഇരട്ടനീതിയെ ആഗോളസമൂഹം കാണാതെ പോവരുത്. നിയന്ത്രണങ്ങൾക്ക് വിധേയമായി പോവുന്ന ഇറാനെ ശിക്ഷിക്കുമ്പോൾ, ഇസ്രായേലിൻെറ കടുത്ത ആക്രമണങ്ങൾക്ക് എല്ലാ പിന്തുണയും നൽകുകയാണ് അമേരിക്കയും അവരുടെ സഖ്യകക്ഷികളും ചെയ്യുന്നത്. ഇത്തരത്തിലുള്ള സെലക്ടീവ് നയങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ സാധുതയെ ഇല്ലാതാക്കുകയും അതിന്റെ ചട്ടക്കൂടിന് പുറത്ത് പ്രവർത്തിക്കാൻ രാഷ്ട്രങ്ങളെ ധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
നെതന്യാഹുവുമായുള്ള ട്രംപിൻെറ അപാരമായ സഖ്യം അമേരിക്കയുടെ വിദേശനയത്തെ തന്നെ മാറ്റിമറിക്കുകയാണ്. ബഹുമുഖ സഹകരണത്തിന് പകരം ഏകമുഖ സഹകരണത്തിലേക്ക് അത് വഴിമാറുന്നു. ഇസ്രായേലിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് വാദിക്കുന്ന ട്രംപ് മറുഭാഗത്ത് ആണവോർജ്ജവുമായി ബന്ധപ്പെട്ട ഇറാൻെറ അവകാശങ്ങളെ റദ്ദ് ചെയ്യുന്നത് ആഗോള അധികാര രാഷ്ട്രീയത്തിൻെറ മുഷ്ടി ചുരുട്ടലാണ്. ഇത് അപകടകരം മാത്രമല്ല, അരാജകത്വമാണ്.

ഇവിടെയുള്ള ധാർമ്മികശൂന്യത വ്യക്തമാണ്. ഇസ്രായേൽ യാതൊരു പ്രകോപനവുമില്ലാതെ, ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തുകയും സിറിയൻ, ലെബനൻ വ്യോമാതിർത്തികൾ തുടർച്ചയായി ലംഘിക്കുകയും പ്രതിരോധത്തിനെന്ന പേരിൽ ആക്രമണം തുടർന്നിട്ടും അന്താരാഷ്ട്ര തലത്തിൽ കടുത്ത മുന്നറിയിപ്പുകളൊന്നും തന്നെ അവർ ഏറ്റുവാങ്ങേണ്ടി വരുന്നില്ല. അതേസമയം, ഐഎഇഎയുടെ മേൽനോട്ടത്തിലുള്ള ഇറാന്റെ സമ്പുഷ്ടീകരണ പദ്ധതി ആഗോള ഭീഷണിയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമങ്ങൾ രാജ്യങ്ങളെ തുല്യമായി പരിഗണിക്കുന്നില്ലെങ്കിൽ, അത് നീതിയുടെയല്ല, ആധിപത്യത്തിനുള്ള ഉപകരണമായാണ് മാറുക. ഈ അസമത്വത്തിന് സ്വാഭാവികമായും പ്രായോഗിക പ്രത്യാഘാതങ്ങളുണ്ടാവും. പാശ്ചാത്യ മേധാവിത്വത്തിന്റെ ഉപകരണങ്ങളായി ലോകരാജ്യങ്ങൾ മാറുന്നുവെന്ന ധാരണയാണ് ഇതിലൂടെ ഗ്ലോബൽ സൗത്തിന് ലഭിക്കുന്നത്. ആണവ നിർവ്യാപന ശ്രമങ്ങളെ ജാഗ്രതയോടെ പിന്തുണച്ച ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് അവരുടെ ശ്രമങ്ങളുടെ ഫലത്തെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ഇത് ഇടയാക്കുന്നുണ്ട്. ദുർബല രാഷ്ട്രങ്ങൾക്കെതിരെ മാത്രമാണ് നിയമങ്ങൾ നടപ്പിലാക്കുന്നതെങ്കിൽ, വളർന്നുവരുന്ന ശക്തികൾ എന്തിന് അവയ്ക്ക് വഴങ്ങണം?
അപലപിക്കുന്ന ലോകരാഷ്ട്രങ്ങൾ, നിശബ്ദമായ യുഎൻ
ഇസ്രായേലിൻെറ പ്രവർത്തനങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് നിരവധി ലോകരാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. നയതന്ത്രങ്ങൾ ചർച്ചകൾ ആരംഭിക്കണമെന്നും ആക്രമണം വ്യാപിക്കരുതെന്നും രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. യു.കെ, ജപ്പാൻ, ഒമാൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ സംഘർഷം രൂക്ഷമാകരുതെന്ന് മുന്നറിയിപ്പ് നൽകുകയും നയതന്ത്ര ചർച്ചകൾ നടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റെ നിയന്ത്രണമില്ലാത്ത സൈനിക പ്രവർത്തിയിൽ അമേരിക്കൻ സഖ്യകക്ഷികൾ പോലും ആശങ്കാകുലരാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്നും പ്രാദേശികമായി വലിയ ഭീഷണിയാണെന്നും സൗദി അറേബ്യ പോലും ആക്രമണങ്ങളെ വിശേഷിപ്പിച്ചു.
എന്നാൽ, സംഘർഷം ആശങ്കയുളവാക്കുന്നതാണെന്ന കേവലം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനപ്പുറം ഐക്യരാഷ്ട്രസഭ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. സംയമനം പാലിക്കാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിന് വേണ്ട നടപടികളൊന്നും തന്നെ എടുത്തിട്ടില്ല. ആഗോള പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ഐക്യരാഷ്ട്രസഭയുടെ കഴിവില്ലായ്മ വീണ്ടും പ്രകടമായി ബോധ്യപ്പെടുകയാണ്. നിയമപരമായ മാനദണ്ഡങ്ങളെ അധികാര രാഷ്ട്രീയം മറികടക്കുമ്പോൾ ഐക്യരാഷ്ട്രസഭ ആഗോള പ്രതിസന്ധികളിൽ കാഴ്ച്ചക്കാരായി മാറുകയാണ് ചെയ്യുന്നത്.

അടിയന്തിരമായി മറുപടികൾ ലഭിക്കേണ്ട മറ്റ് ചില ചോദ്യങ്ങൾ കൂടിയുണ്ട്. ഇസ്രായേലി ആക്രമണങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിയാമായിരുന്ന വിവരങ്ങൾ എന്തെല്ലാമാണ്? വാഷിംഗ്ടണിന് എല്ലാം അറിയാമായിരുന്നിട്ടും ഇടപെടേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കലാണ്. അറിയുമായിരുന്നില്ലെങ്കിൽ, അത് യുഎസ്-ഇസ്രായേൽ ബന്ധങ്ങളിലെ വിശ്വാസതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അമേരിക്ക അറിയാതെയാണ് തങ്ങൾക്കെതിരെ ഇസ്രായേൽ ആക്രമണം നടന്നതെന്ന് ഏതായാലും ഇറാൻ വിശ്വസിക്കുന്നില്ല.
വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്ന തന്ത്രപരമായ ശൂന്യത റഷ്യ, ചൈന തുടങ്ങിയ ശക്തികൾക്ക് ഗുണം ചെയ്യും. ഇറാനുമായി അടുത്ത ബന്ധമുള്ള റഷ്യ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഒപ്പം മധ്യസ്ഥത വഹിക്കാൻ സാധ്യതയുമുണ്ട്. അതേസമയം, ചൈന അതിന്റെ സാമ്പത്തിക, ഊർജ്ജ സഹകരണം കൂടുതൽ വ്യാപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. റഷ്യയ്ക്ക് മധ്യസ്ഥ റോൾ വഹിക്കാൻ സാധിക്കുമെങ്കിലും, പാശ്ചാത്യ താൽപ്പര്യങ്ങൾക്ക് കീഴടങ്ങാൻ അവർ ഇറാനോട് ആവശ്യപ്പെടാൻ സാധ്യതയില്ല. ഇസ്രായേൽ ആക്രമണത്തിൽ വലിയ ആശങ്ക രേഖപ്പെടുത്തിയ ചൈന, ഇറാനുമായുള്ള ഊർജ്ജ - അടിസ്ഥാനസൗകര്യ വികസനകാര്യങ്ങളടക്കമുള്ള കരാറുകൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ്. ആഗോളസ്വാധീനത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനയാണ് ഈ സംഭവവികാസങ്ങൾ നൽകുന്നത്. കൃത്യമായ ഒരു ഓർഡറിൽ പോവുന്ന ലോകക്രമത്തിൽ മാറ്റംവന്ന് വിവിധ ശക്തികൾ ഒരേസമയം ആധിപത്യം സ്ഥാപിക്കുന്ന അവസ്ഥയിലേക്ക് മാറും.
അറബ് രാജ്യങ്ങളും മാറിച്ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ജി.സി.സി രാജ്യങ്ങൾ ഇതിനോടകം തന്നെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട് അവർക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും, മേഖലയിൽ ഒരു യുദ്ധം ഉണ്ടാകുന്നതിനെ അവർ ഭയക്കുന്നു. ഇറാൻ പരിധി ലംഘിച്ചാൽ തങ്ങൾ ആണവപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോവുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊരു നിസ്സാരമായ ഭീഷണിയല്ല. മേഖല, വിശാലമായ ഒരു ആയുധമത്സരത്തിൻെറ വക്കിലാണ്. നയതന്ത്ര ചർച്ചകൾ കൊണ്ട് അവിടെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ.

നീതിയുള്ള, തുല്ല്യത ഉറപ്പാക്കുന്ന ഒരു ആഗോളക്രമത്തിനായ്….
ഇറാന് മേൽ ഇസ്രായേൽ നടത്തിയ ആക്രമണം വെറും പ്രാദേശികമായ പ്രകോപനം മാത്രമായി ചുരുക്കികാണാൻ സാധിക്കില്ല. ഉടമ്പടികൾ, മാനദണ്ഡങ്ങൾ, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സംവിധാനത്തിന് ഇപ്പോഴും പ്രവർത്തിക്കാൻ കഴിയുമോ എന്നതിന്റെ ഒരു പരീക്ഷണ കേസാണിത്. ഇതുവരെയുള്ള ഉത്തരം ഒട്ടും പ്രതീക്ഷാനിർഭരമല്ല. ആണവ പ്രശ്നം പരിഹരിക്കാൻ സൈനിക മാർഗങ്ങളിലൂടെ സാധിക്കില്ല. ഇറാന് നേരെ നടക്കുന്ന ഓരോ ആക്രമണവും ആണവശക്തിയാവുന്നതിന് വേണ്ടിയുള്ള അവരുടെ ഏറെക്കാലമായുള്ള ആവശ്യത്തെ ന്യായീകരിക്കുകയാണ് ചെയ്യുക. ആണവശേഷിയെ ഇറാൻ നേതൃത്വം വെറും നേട്ടമായല്ല, മറിച്ച് തങ്ങളുടെ അതിജീവനത്തിന് വേണ്ടിയുള്ള ആവശ്യകതയായാണ് കണക്കാക്കുന്നത്. ഇതിൻെറ പശ്ചാത്തലത്തിൽ ഇസ്രായേലിൻെറ ആക്രമണങ്ങൾ, ഇറാൻെറ ആണവശേഷിക്കായുള്ള പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുകയെന്ന് പറയേണ്ടിവരും. നയതന്ത്രത്തിൽ വീണ്ടും വിശ്വസിക്കുകയെന്നാണ് ഇപ്പോൾ ലോകത്ത് അത്യന്താപേക്ഷിതമായ കാര്യം. സമാധാനപരമായ സമ്പുഷ്ടീകരണത്തിനുള്ള ഇറാൻെറ അവകാശത്തിനെ ബഹുമാനിക്കുന്ന തരത്തിലുള്ള ഒരു പുതുക്കിയ കരാർ ഉണ്ടാവേണ്ടതുണ്ട്. IAEA-യ്ക്ക് ഇറാൻെറ ആണവപ്രവർത്തനങ്ങളെ നരന്തരം നിരീക്ഷിക്കുകയും ചെയ്യാം. സിവിലിയൻ ആണവ ഉപയോഗവുമായി ബന്ധപ്പെട്ട്, ആണവ നിർവ്യാപനവുമായി യോജിപ്പിച്ച് കൊണ്ടുള്ള ഒരു പുതിയ മാനദണ്ഡം ഇതിലൂടെ രൂപം കൊള്ളും.
പക്ഷേ, ഇത് നടപ്പിലാവണമെങ്കിൽ വൻ ശക്തികൾ ഉത്തരവാദിത്വത്തോടെ ഇടുപെടണം. ആണവ ചർച്ചകളിൽ പ്രാദേശിക രാഷ്ട്രീയം കൂട്ടിക്കലർത്തുന്നത് അമേരിക്ക അവസാനിപ്പിക്കണം. ഹിസ്ബുള്ള, ഹൂത്തികൾ പോലുള്ള ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ ആശങ്കാജനകമാണെങ്കിലും, അതിനെ ആണവനയതന്ത്രത്തെ തകർക്കുന്നതിനുള്ള ന്യായീകരണമായി ഉയർത്തിക്കാണിക്കരുത്. മറ്റുള്ളവർ, പാലിക്കേണ്ട മാനദണ്ഡങ്ങൾ പറയുന്ന ഇസ്രായേൽ സ്വയം അവ അംഗീകരിക്കാൻ തയ്യാറാവണം. ആണവനിർവ്യാപനമാണ് യഥാർത്ഥ ലക്ഷ്യമെങ്കിൽ, അത് എല്ലാവർക്കും തുല്യനിലയിലാണ് നടപ്പാക്കേണ്ടത്.
വൈകാരികമായ വ്യക്തിപരമായ താൽപ്പര്യങ്ങൾ കൊണ്ടും വിദേശനയം മാറ്റിമറിക്കുന്ന ഡോണൾഡ് ട്രംപ്, ആഗോളതലത്തിൽ അസ്ഥിരത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹ്രസ്വകാലത്തേക്കുള്ള നീക്കുപോക്കുകൾ മാത്രം ഉണ്ടാക്കുന്ന അദ്ദേഹം ആഗോളതലത്തിൽ ഗൗരവമുള്ള വിഷയങ്ങളെ അതിൻെറ അടിത്തട്ടിൽ പരിഗണിക്കുന്നേയില്ല. കച്ചവടം നടത്തുന്നത് പോലെയാണ് അദ്ദേഹം വിദേശനയത്തെ കൈകാര്യം ചെയ്യുന്നത്. അവിടെ, വീണ്ടുവിചാരമോ ധാർമ്മികതയോ ഒന്നും തന്നെയില്ല. മേഖലയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട നെതന്യാഹുവിന്റെ രീതിയും സമാനമാണ്. സ്ഥിരമായ ഏറ്റുമുട്ടൽ എന്ന രീതിയാണ് അദ്ദേഹത്തിന്റെത്. സമാധാനമല്ല ഇരുവരുടെയും ലക്ഷ്യം. പരസ്പര താൽപ്പര്യങ്ങളും രാഷ്ട്രീയ നിലനിൽപ്പും പരിഗണിച്ചാണ് ഇരുവരും മുന്നോട്ട് പോവുന്നത്. സെലക്ടീവ് നീതിയുടെ കാലം അവസാനിച്ചിരിക്കുന്നു. ചെറുരാജ്യങ്ങളും വൻ ശക്തികളും ഒരുപോലെ അന്താരാഷ്ട്രനിയമങ്ങൾ ബാധിക്കുന്ന ഒരു ലോകക്രമമാണ് ആവശ്യം. എങ്കിൽ മാത്രമേ നമുക്ക് സംഘർഷങ്ങളുടെ വിനാശകരമായ അനന്തരഫലങ്ങൾക്ക് സാക്ഷിയാവുന്ന ഒരു അവസ്ഥയിൽ നിന്ന് മാറാൻ സാധിക്കുകയുള്ളൂ.

യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2231 പ്രകാരമുള്ള പ്രധാന വ്യവസ്ഥകൾ അവസാനിക്കുന്നതിനുള്ള അവസാനഘട്ടം 2025 ഒക്ടോബറാണ്. ഇത് നയതന്ത്ര ചർച്ചയുടെ അവസാനജാലകം തുറക്കുന്നുണ്ട്. ഈ അവസരം ഒരു കാരണവശാലും പാഴാക്കി കളയരുത്. ബോംബുകളും വെല്ലുവിളികളും കൊണ്ടല്ല, വിശ്വാസ്യതയും ദീർഘവീക്ഷണവുമുള്ള കരാറുകൾ നിർമ്മിച്ച് കൊണ്ടാണ് അമേരിക്ക ലോകത്തെ നയിക്കേണ്ടത്. സുതാര്യമായി തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവാൻ ടെഹ്റാനും തയ്യാറാവണം.
ഈ പ്രതിസന്ധി ഇറാനെയും ഇസ്രായേലിനെയും മാത്രം ബാധിക്കുന്നതല്ല. നിയമങ്ങൾക്ക് മുകളിൽ അധികാരത്തിന് മേൽക്കൈ വരുന്ന ഒരു ലോകക്രമത്തെയാണ് ഇത് തുറന്നിടുന്നത്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ കൂടുതൽ ശക്തമായി വരികയും ചർച്ചകളേക്കാൾ സൈനികബലാബലത്തിന് പ്രാമുഖ്യം വരികയും ചെയ്യുമ്പോൾ ലോകഘടന തകിടം മറിയുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഇതൊരു മേഖലയെ മാത്രം ബാധിക്കുന്ന പ്രതിസന്ധിയല്ല; ലോകത്തെ മൊത്തം പ്രതിരോധത്തിൻെറ പരീക്ഷണമാണ് ഇവിടെ നടക്കുന്നത്. ഒന്നുകിൽ നയതന്ത്രത്തിൻെറയും നിയമങ്ങളുടെയും ഒത്തുതീർപ്പുകളുടെയുമൊക്കെ പാതയിലേക്ക് ലോകം തിരികെ പോവും. അല്ലെങ്കിൽ അക്രമങ്ങളുടെയും സംഘർഷങ്ങളുടെയും പാതയിലേക്ക് തള്ളപ്പെടും. എന്ത് തന്നെയായാലും ഇനി തെറ്റായ ഒരു ചുവടുണ്ടായാൽ പിന്നീട് പിന്നോട്ട് പോവുകയെന്നത് പ്രയാസകരമായിരിക്കും…
കടപ്പാട്: Thegeopolitics.com (TGP)
