ഇറാനെ ഞെട്ടിച്ച് പ്രസിഡന്റിന്റെ അപകടമരണം

മൂന്നു ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Think

റാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും തകർന്ന നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. പൂര്‍ണമായും തകർന്ന ഹെലികോപ്റ്ററില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാന്‍ റെഡ് ക്രസന്റ് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്.

ഇറാന്‍- അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റര്‍ അപടകത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തില്‍ ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്.

കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ വര്‍സഖാന്‍, ജോല്‍ഫ നഗരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ദിസ്മര്‍ വനത്തിലാണ് അപകടം നടന്നത്. ടെഹ്റാനില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ പ്രദേശം.

മൂന്നു ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

കടുത്ത മതയാഥാസ്ഥിതികനായി അറിയപ്പെട്ടിരുന്ന റെയ്സി അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്റെ ആണവനയം മുന്നോട്ടു കൊണ്ടുപോവുകയും പലസ്തീൻ വിഷയത്തിൽ ഇസ്രായേലിനെതിരെ മറ്റു അറബ് രാഷ്ട്രങ്ങൾ കാണിക്കാത്തവിധം ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു.

1960-ല്‍ ജനിച്ച റെയ്‌സി, ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്നശേഷമാണ് പ്രസിഡന്റായത്. രാജ്യത്തെ ജുഡീഷ്യറിയുടെ തലവനായും ഇബ്രാഹിം റെയ്സി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2022- ൽ ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലാകുകയും കൊല്ലപ്പെടുകയും ചെയ്ത മഹ്സ അമിനിയ്ക്കായ് രാജ്യത്ത് അരങ്ങേറിയ പ്രതിഷേധങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തപ്പെട്ടിരുന്നു. അമിനിയുടെ മരണത്തെത്തുടർന്ന് വ്യാപക പ്രതിഷേധങ്ങളാണ് ഇറാനിൽ അരങ്ങേറിയത്. തെരുവിലിറങ്ങിയ സ്ത്രീകൾ ശിരോവസ്ത്രങ്ങൾ കീറിയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചിരുന്നു. മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിൽ സുരക്ഷാസേനയുടെ വെടിയേറ്റ് 551 പേരാണ് കൊല്ലപ്പെട്ടത്. 2000 പേരെ അറസ്റ്റുചെയ്തിരുന്നു.

ഇറാന്‍ ഭരണഘടന അനുസരിച്ച്, പ്രസിഡന്റ് മരിക്കുകയോ, സ്ഥാനത്തുനിന്ന് മാറുകയോ ചെയ്താല്‍ 50 ദിവസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ആദ്യത്തെ വൈസ് പ്രസിഡന്റ് പ്രസിഡന്റായി ചുമതലയേല്‍ക്കണമെന്നാണ്. അപ്രകാരം മുഹമ്മദ് മൊഖ്ബറായിരിക്കും ഇറാന്റെ അടുത്ത പ്രസിഡന്റ്. 2021-ല്‍ ഇബ്രാഹിം റെയ്സി അധികാരമേറ്റ ഉടന്‍ തന്നെ തന്റെ ആദ്യ വൈസ് പ്രസിഡന്റായി മുഹമ്മദ് മൊഖ്ബറിനെ നിയമിച്ചിരുന്നു.

ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യമന്ത്രിയുടെയും വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Comments