ഹോർമുസ് തുറക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം തള്ളി ഇറാൻ, സംഘർഷം തുടരുന്നു

തങ്ങളുടെ അന്ത്യശാസനത്തിന് വഴങ്ങി ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ വലിയ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഡൊണാൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇറാൻ ഇതിനെ മുഖവിലക്കെടുത്തിട്ടില്ല…

International Desk

റാനിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണം അന്ത്യമില്ലാതെ നീളുകയാണ്. ഇറാൻെറ ആണവപരീക്ഷണങ്ങൾ തങ്ങൾക്ക് വെല്ലുവിളിയാവുന്നതിനാൽ സ്വയം രക്ഷാർത്ഥമെന്ന നിലയിൽ തുടങ്ങിയ ആക്രമണത്തിൽ നിന്ന് ഇപ്പോൾ പിന്തിരിയാനാവാത്ത അവസ്ഥയിലാണ് അമേരിക്കയും ഇസ്രായേലും. ഇറാനിൽ നേരത്തെ ഉണ്ടായ ആഭ്യന്തര സംഘർഷങ്ങളെ അനുകൂലമാക്കി മാറ്റാമെന്ന പ്രതീക്ഷയും അവർക്ക് ഉണ്ടായിരുന്നു. ഇറാൻെറ ഭരണ - ആത്മീയ നേതൃത്വങ്ങളെയാണ് ആദ്യം ലക്ഷ്യമിട്ടത്. ആയത്തുള്ള അലി ഖമനേയിയടക്കം ഉള്ളവരെ കൊലപ്പെടുത്തിയാണ് ആക്രമണം കടുപ്പിച്ചിരുന്നത്. ഇറാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടാവുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് പ്രതീക്ഷിച്ച പോലെ ഉണ്ടായില്ലെന്ന് മാത്രമല്ല, ഇറാൻ കടുത്ത പ്രതിരോധമാണ് നടത്തുന്നത്.

വൻതോതിൽ എണ്ണയും ചരക്കുനീക്കവും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകത്തെയാകെ സമ്മർദ്ദത്തിലാക്കുകയാണ് ഇറാൻ ചെയ്തത്. വൻതോതിൽ എണ്ണനിക്ഷേപം കൈവശമുള്ള അമേരിക്കയെ ഇത് നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ആഗോളതലത്തിൽ വലിയൊരു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വ്യാപാരമേഖലകളെയും സാമ്പത്തികരംഗത്തെയും ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഇത് കൂടാതെയാണ് ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻെറ ആക്രമണങ്ങൾ. ഇത് മിഡിൽ ഈസ്റ്റിനെയാകെ വല്ലാത്ത അവസ്ഥയിലേക്കാണ് നയിച്ചിരിക്കുന്നത്. ഈ പ്രതിസന്ധികൾ പരിഹരിക്കുകയെന്നത് ട്രംപോ ബെഞ്ചമിൻ നെതന്യാഹുവോ ഗൗരവത്തിലെടുക്കുന്നില്ല. ഇറാൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നാണ് ട്രംപ് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത്. അമേരിക്ക യുദ്ധത്തിൽ പങ്കാളിയായതിൽ അവരുടെ സൈന്യത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. രാജ്യത്ത് നിന്ന് വിയോജിപ്പിൻെറ സ്വരവും പുറത്ത് വരുന്നു. യുദ്ധത്തിൽ നിന്ന് പിൻമാറാനോ മുന്നോട്ട് പോവാനോ പറ്റാത്ത വിധത്തിൽ ട്രംപ് ഭരണകൂടം പ്രതിസന്ധിയിലാണ്.

ഇതിനിടയിലാണ് ഹോർമുസ് തുറക്കണമെന്ന് ട്രംപ് ഇറാനെതിരെ അന്ത്യശാസനം പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളിൽ തങ്ങളുടെ മുന്നറിയിപ്പ് പ്രകാരം പ്രവർത്തിച്ചില്ലെങ്കിൽ വലിയ സൈനികനീക്കം ഇറാൻെറ നേർക്കുണ്ടാവുമെന്നാണ് ട്രംപിൻെറ പ്രഖ്യാപനം. തിങ്കളാഴ്ച വരെയാണ് ട്രംപ് സമയം നൽകിയിരിക്കുന്നത്. അമേരിക്കയുടെ അന്ത്യശാസനം ഇറാൻ മുഖവിലക്കെടുത്തിട്ടില്ല. ഇതിനിടെ ഇറാൻ വെടിവെച്ചിട്ട അമേരിക്കയുടെ എഫ്15 ഇ യുദ്ധവിമാനത്തിൻെറ പൈലറ്റിനെയും സഹപ്രവർത്തകനെയും രക്ഷിച്ചതായി ട്രംപ് അറിയിച്ചിട്ടുണ്ട്. ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് പൈലറ്റിനെ രക്ഷിച്ചതെന്നാണ് അദ്ദേഹത്തിൻെറ വെളിപ്പെടുത്തൽ. ഇരുവർക്കും പരിക്കുകളേറ്റിട്ടുണ്ട്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ രക്ഷാപ്രവർത്തമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്ന തരത്തിലുള്ള ഒരു സൂചനയും ഇപ്പോഴില്ല.

Comments