ലെബനനിൽ ഒറ്റദിവസം കൊല്ലപ്പെട്ടത് 50-ലധികം കുഞ്ഞുങ്ങൾ, സമാധാനം പുലരണമെന്ന് ലോകരാജ്യങ്ങൾ

ഇസ്രായേലിൻെറ വ്യോമാക്രമണത്തിൽ ഒരൊറ്റ ദിവസം ലെബനനിൽ കൊല്ലപ്പെട്ടത് 50ലധികം കുഞ്ഞുങ്ങളാണ്. മേഖലയിൽ സമാധാനം പുലരണമെന്ന ആവശ്യവുമായി യുഎന്നും ലോകരാജ്യങ്ങളും. അമേരിക്കുടെ പ്രതികരണത്തിൽ ആത്മാ‍‍ർഥതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലെബനൻ വിദേശകാര്യമന്ത്രി

News Desk

തെക്കൻ ലെബനനിൽ (Lebanon) ഇസ്രയേൽ (Israel) നടത്തിയ വ്യോമാക്രമണത്തിന് ശേഷം പശ്ചിമേഷ്യയാകെ യുദ്ധഭീതിയിൽ. നിരന്തരമായ ബോംബ് വർഷവും വ്യോമാക്രണവുമാണ് ലെബനനിൽ നടക്കുന്നത്. ഇസ്രയേൽ തിങ്കളാഴ്ച ഒരൊറ്റദിവസം നടത്തിയ വ്യോമാക്രമണത്തിൽ 500ലധികം പേരാണ് മരിച്ചത്. 558 പേർ മരിച്ചുവെന്നാണ് പുറത്തുവന്ന ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരിൽ 50 പേർ കുഞ്ഞുങ്ങളും 94 സ്ത്രീകളുമാണ്. 1975-90 കാലത്തെ ആഭ്യന്തര സംഘർഷങ്ങൾക്ക് ശേഷം ലെബനനിൽ ഒരൊറ്റ ദിവസം കൊല്ലപ്പെടുന്ന ആളുകളുടെ ഏറ്റവും കൂടിയ കണക്കാണിത്.

2006-ന് ശേഷമാണ് ഹിസ്ബുല്ലക്കെതിരെ ഇസ്രയേൽ യുദ്ധം ആരംഭിക്കുന്നത്. അക്കാലത്തിന് ശേഷവും സമാനമായ ഒരു ആക്രമണം നടന്നിട്ടില്ല. പശ്ചിമേഷ്യയിലെ സമാധാന അന്തരീക്ഷം മുഴുവൻ തകർത്തു കളഞ്ഞിരിക്കുകയാണ് ഇസ്രയേൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലപാതകങ്ങൾ. ഗാസയിൽ ഹമാസിനെതിരെയാണെങ്കിൽ ലെബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളാണ് ഇസ്രായേലിൻെറ ലക്ഷ്യം. ഹമാസിനേക്കാൾ ശക്തമായതും കൂടുതൽ ആയുധശേഷി ഉള്ളതുമായ ഹിസ്ബുല്ല തിരിച്ചടിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്. ആക്രമണ - പ്രത്യാക്രമണങ്ങൾ മേഖലയെയാകെ ചോരക്കളമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മിസൈൽ വിഭാഗം സീനിയർ കമാൻഡർ ഇബ്രാഹിം ക്യുബൈസി കൊല്ലപ്പെട്ടിരുന്നു. Photo: Natsecjeff / X
കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മിസൈൽ വിഭാഗം സീനിയർ കമാൻഡർ ഇബ്രാഹിം ക്യുബൈസി കൊല്ലപ്പെട്ടിരുന്നു. Photo: Natsecjeff / X

കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ മിസൈൽ വിഭാഗം സീനിയർ കമാൻഡർ ഇബ്രാഹിം ക്യുബൈസി കൊല്ലപ്പെട്ടിരുന്നു. ലെബനൻെറ തലസ്ഥാനമായ ബെയ്റൂത്തിലെ ഒരു അപ്പാർട്മെൻറിൽ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലാണ് ഇബ്രാഹിം ക്യുബൈസിയടക്കം ആറ് പേർ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിൻെറ ടെൽ - അവീവിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഹിസ്ബുല്ല ആക്രമണം നടത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇതാദ്യമായാണ് ഹിസ്ബുല്ല ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി സ്ഥിരീകരിക്കുന്നത്. ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണം ചെറുത്തതായി ഇസ്രയേൽ സൈന്യവും വ്യക്തമാക്കി.

ഗാസയ്ക്കൊപ്പം ലെബനനും സംഘർഷ ഭൂമിയാവുന്നതോടെ വിഷയത്തിൽ ലോകരാജ്യങ്ങളും ഇടപെട്ട് തുടങ്ങിയിട്ടുണ്ട്. മേഖലയിൽ നിന്നും തങ്ങളുടെ പൗരരോട് മാറാൻ യു.കെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ - ഹിസ്ബുല്ല സംഘർഷം വിശദമായി ചർച്ച ചെയ്യാൻ യു.എൻ സെക്യൂരിറ്റി കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. “ലെബനൻ സംഘർഷ ഭൂമിയായി മാറുകയാണ്. ലോക ജനതയ്ക്കോ ലെബനനിലെയോ ഇസ്രായേലിലെയെ ജനതയ്ക്കോ ലെബനൻ മറ്റൊരു ഗാസയായി മാറുന്നത് താങ്ങാനാവില്ല,” യുഎൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസ് പറഞ്ഞു. മേഖലയിൽ സമാധാന അന്തരീക്ഷം ഉണ്ടാവണമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ആവശ്യപ്പെട്ടു. “ഒരു തുറന്ന യുദ്ധം ആരും തന്നെ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിലും നയതന്ത്ര ചർച്ചകൾക്ക് സാധ്യതയുണ്ട്” - ജോ ബൈഡൻ പറഞ്ഞു.

യുഎൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസ്
യുഎൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസ്

എന്നാൽ, അമേരിക്കയുടെ നിലവിലെ പ്രതികരണം ആത്മാർഥയില്ലാത്തതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലെബനൻ. “വളരെ ദുർബലമായ, യാതൊരു പ്രതീക്ഷയും നൽകാത്ത തരത്തിലുള്ള പ്രതികരണമാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ സാധിക്കുക അമേരിക്കയ്ക്കാണ്. എത്രയോ കാലമായി ഇസ്രയേലിന് ആയുധം നൽകുന്നത് അമേരിക്കയാണ്. അവർ കാലങ്ങളായി നല്ല സൗഹൃദം തുടരുന്നവരാണ്,” - ലെബനൻ വിദേശകാര്യമന്ത്രി അബ്ദള്ള ബൗ ഹബീബ് പറഞ്ഞു. ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തോളം പേർ ലെബനനിൽ നിന്നും പലായനം ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയുമായി ചർച്ച നടത്താനുള്ള ശ്രമം ലെബനൻ നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ലെബനൻ പ്രധാനമന്ത്രി അമേരിക്കൻ ഭരണകൂടവുമായി ചർച്ച നടത്തുമെന്നാണ് കരുതുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ബെയ്റൂത്തിലെ സ്കൂളുകളിലും മറ്റും ഒരുക്കിയിട്ടുള്ള താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് തെക്കൻ ലെബനനിൽ നിന്നും മാറിക്കഴിയുന്നവർ നിലവിൽ താമസിക്കുന്നത്. തീരദേശ നഗരമായ സിഡനിലേക്കും ലെബനൻ ഭരണകൂടം ആളുകളെ മാറ്റുന്നുണ്ട്.

Comments