ഒന്നാംഘട്ട ഗാസ സമാധാനപദ്ധതി അംഗീകരിച്ച് വെടിനിർത്തലിന് തയ്യാറായി ഇസ്രായേലും ഹമാസും. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് 20 നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ച ഗാസ സമാധാനപദ്ധതി തയ്യാറാക്കിയിരുന്നത്. പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ അംഗീകരിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. ഈജിപ്തിൻെറ മധ്യസ്ഥതയിൽ കെയ്റോയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ പദ്ധതിയെ അനുകൂലിക്കുന്നതായി ഹമാസും നിലപാടെടുത്തിരിക്കുകയാണ്. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രായേൽ തടവിലാക്കിയവരെയും മോചിപ്പിക്കുന്നതാണ് ആദ്യഘട്ടം. ഹമാസ് ബന്ദികളാക്കിയവരെ മുഴുവൻ എത്രയും പെട്ടെന്ന് മോചിപ്പിക്കുമെന്നും മേഖലയിൽ നിന്ന് ഘട്ടംഘട്ടമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുമെന്നും ട്രംപ് തൻെറ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. ഇസ്രായേൽ വെടിനിർത്തൽ കരാർ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. തങ്ങൾ ബന്ദികളാക്കിയിട്ടുള്ളവരിൽ ജീവനോടെയുള്ള 20 ഇസ്രായേലികളെ ഈയാഴ്ച തന്നെ വിട്ടുകൊടുക്കുമെന്നും അവർ വ്യക്തമാക്കി. കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ബന്ദികളെ വിട്ടുകൊടുക്കണമെന്നാണ് സമാധാനപദ്ധതിയിൽ പറയുന്നത്.
വെടിനിർത്തൽ പ്രാബല്യത്തിൽ വരാൻ പോവുന്നുവെന്ന വാർത്തയെ ഇസ്രായേൽ ജനതയും പലസ്തീൻ ജനതയും ഒരുപോലെ സ്വാഗതം ചെയ്തിരിക്കുകയാണ്. രണ്ട് വർഷമായി തുടരുന്ന കടുത്ത ആക്രമണങ്ങൾക്ക് അന്ത്യമാവുന്നതോടെ ഗാസയിൽ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിച്ച ഈജിപ്തിനും ഖത്തറിനും തുർക്കിക്കും നന്ദി പറയുന്നതായി ട്രംപ് വ്യക്തമാക്കി. നടപടിയെ സ്വാഗതം ചെയ്യുന്നതായി യു.എൻ ജനറൽ സെക്രട്ടറി അൻേറാണിയോ ഗുട്ടറസ് പ്രതികരിച്ചു. വലിയ ആശ്വാസം പകരുന്ന വാർത്തയാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ അഭിപ്രായപ്പെട്ടത്.
ഗാസയെ തീവ്രവാദമുക്ത മേഖലയാക്കി മാറ്റുക, അയൽരാജ്യങ്ങൾക്ക് ഭീഷണി ഇല്ലാതിരിക്കുക, ഗാസയിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് മേഖലയിൽ വികസനപ്രവർത്തനങ്ങൾ നടത്തുക, ആരെയും ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കില്ല, ഭാവിയിൽ ഗാസയിലെ ഭരണച്ചുമതലയിൽ നേരിട്ടോ അല്ലാതെയോ ഹമാസിന് ഒരുതരത്തിലുള്ള റോളും ഉണ്ടാവാൻ പാടില്ല, ഭക്ഷണം ലഭിക്കാത്തതിനാലും പോഷകാഹാരക്കുറവിനാലും വലിയ പ്രതിസന്ധി നേരിടുന്ന ഗാസയിലെ മനുഷ്യർക്ക് എല്ലാവിധ സഹായങ്ങളും പുനസ്ഥാപിക്കുക തുടങ്ങിയ നിരവധി നിർദ്ദേശങ്ങൾ ട്രംപിൻെറ ഗാസ സമാധാന പദ്ധതിയിലുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ ഒരു കമ്മിറ്റി പ്രവർത്തിക്കും.
