ഹിസ്ബുല്ല തലവൻ ഹസൻ നസ്റുള്ളയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം; യുദ്ധത്തിൻെറ ഗതിമാറുന്നു

ലെബനൻെറ തലസ്ഥാനമായ ബെയ്റൂത്തിൽ വെച്ച് ഹസൻ നസ്റുള്ളയെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഹിസ്ബുല്ല ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മൂന്ന് ദശകമായി ഹിസ്ബുല്ലയുടെ തലവനാണ് നസ്റുള്ള.

News Desk

ലെബനനിൽ (Lebanon) നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ (Hezbollah) തലവൻ സയ്യദ് ഹസൻ നസ്റുള്ളയെ (Hassan Nasrallah) കൊലപ്പെടുത്തിയെന്ന് അവവകാശപ്പെട്ട് ഇസ്രയേൽ സൈന്യം. ലെബനൻെറ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ മേഖലയിലുള്ള ഹിസ്ബുല്ല കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ നസ്റുള്ളയും മകളും കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്. ഇസ്രയേൽ സൈന്യം ഔദ്യോഗികമായി തന്നെ വാർത്ത സ്ഥിരീകരിക്കുന്നുണ്ട്. ഇസ്രയേലി മാധ്യമമായ ഹാരെറ്റ്സും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണമൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച മുതൽ നസ്റുല്ലയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ഹിസ്ബുല്ല കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചതായും റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ 32 വർഷമായി ഹിസ്ബുല്ലയെ നയിക്കുന്നത് നസ്റുള്ളയാണ്. “ലോകത്ത് തീവ്രവാദത്തെ നയിക്കാൻ ഇനി നസ്റുള്ളയില്ല,” ഇസ്രയേലി ഡിഫൻസ് ഫോഴ്സ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്. നസ്റുള്ള കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അത് മേഖലയിലെ യുദ്ധം രൂക്ഷമാക്കുമെന്ന് ഉറപ്പാണ്. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ നസ്റുള്ള കൊല്ലപ്പെട്ടുവെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ഹിസ്ബുല്ല തലവനെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ ആ ഘട്ടത്തിലെല്ലാം നസ്റുള്ള സുരക്ഷിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷത്തോളമായി ഇസ്രയേലും ഹിസ്ബുല്ലയും തമ്മിൽ നടക്കുന്ന പോരാട്ടം ഇനി പുതിയ വഴിത്തിരിവിലേക്ക് മാറും. ഒരാഴ്ചയോളമായി തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം ആക്രമണം തുടരുകയാണ്. പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിപ്പിച്ച് കൊണ്ട് നടത്തിയ സ്ഫോടനങ്ങൾക്ക് പിന്നാലെ വ്യോമാക്രമണങ്ങളും ആരംഭിച്ചു. ഏകദേശം 600-ലധികം പേർ ഇതിനോടകം തന്നെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലെബനനിൽ കയറി കരയുദ്ധത്തിന് പദ്ധതിയിട്ട ഇസ്രായേൽ സൈന്യം ഹിസ്ബുല്ലയുടെ സുപ്രധാന നേതാക്കളെ തന്നെയാണ് ലക്ഷ്യം വെച്ചുകൊണ്ടേയിരുന്നത്. ഹമാസിൻെറ ആക്രമണത്തിന് പിന്നാലെയാണ് കഴിഞ്ഞ ഒക്ടോബർ 8 മുതൽ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ നിരന്തരം ആക്രമണം തുടർന്നുവെങ്കിലും പ്രധാന നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്നായിരുന്നു സൂചനകൾ. ഇറാനും ഹിസ്ബുല്ലയ്ക്കും പലപ്പോഴായി മുന്നറിയിപ്പുകൾ നൽകിയ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടാണ് ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. നസ്റുള്ളയെ വധിച്ചുവെങ്കിൽ ഇസ്രയേൽ നടത്തിയിരിക്കുന്നത് ഒരു വലിയ ചൂതാട്ടമാണെന്നാണ് വിലയിരുത്തൽ. യുദ്ധത്തിൻെറ രൂക്ഷത എത്രത്തോളം വർധിക്കുമെന്ന് ഇനി കാണേണ്ടിയിരിക്കുന്നു. യുദ്ധം കാരണം നിരവധി പേർ പലായനം ചെയ്ത ഇസ്രയേലിൻെറ വടക്കൻ മേഖലകൾ ഇപ്പോഴും ശാന്തമല്ല.

യുഎന്നിൻെറ നേതൃത്വത്തിൽ മേഖലയിൽ വെടിനിർത്തലിന് ശ്രമം നടക്കുന്ന ഘട്ടത്തിലാണ് അതിനോടൊന്നും പ്രതികരിക്കാതെ ഇസ്രയേൽ ആക്രമണം തുടരുന്നത്. ഫ്രാൻസും അമേരിക്കയും ചെർന്ന് 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുഎൻ രക്ഷാസഭയിലും ഇതേ ആവശ്യമാണ് ഉയർന്നത്. എന്നാൽ, തങ്ങൾ ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. വെടിനിർത്തൽ സാധ്യതകളെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. ഇപ്പോഴത്തെ ആക്രമണങ്ങൾ ഹിസ്ബുല്ലയെയും കൂടുതൽ പ്രകോപിപ്പിക്കുമെന്ന് വ്യക്തമാണ്. ഹിസ്ബുല്ലക്കെതിരായ ആക്രമണം തുടങ്ങിയത് മുതൽ ഇസ്രയേൽ ലക്ഷ്യം വെക്കുന്നത് ഇറാനെയാണ്. ഇപ്പോഴത്തെ സംഭവവികാസങ്ങളും ടെഹ്റാനുള്ള മറുപടിയാണ്. ഇസ്രയേലിൻെറ ആക്രമണങ്ങളിൽ പ്രത്യാഘാതമുണ്ടാവുമെന്ന് നേരത്തെ ഇറാൻ പ്രതികരിച്ചിരുന്നു. നിലവിൽ ലെബനനിൽ ഇസ്രയേലിൻെറ ഏകപക്ഷീയ ആക്രമണമാണ് നടക്കുന്നത്.

ഹിസ്ബുല്ലയുടെ സൈനികശേഷിയുടെ 50 ശതമാനവും നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. ഇറാനും, ഇറാനുമായി സൌഹൃദത്തിലുള്ള രാജ്യങ്ങളായ സിറിയ, യെമൻ, ഇറാഖ് എന്നിവരുമെല്ലാം യുദ്ധത്തിൽ എന്ത് നിലപാടെടുക്കുമെന്നാണ് ലോകം നിരീക്ഷിക്കുന്നത്. നസ്റുള്ളക്കെതിരായ ആക്രമണം ഉൾക്കൊള്ളാൻ ഇറാന് സാധിക്കുമോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇറാൻെറ പ്രതികരണം എങ്ങനെയാവും എന്നതിനനുസരിച്ചായിരിക്കും യുദ്ധത്തിൻെറ വ്യാപ്തി എത്രത്തോളം വ്യാപിക്കുമെന്ന് മനസ്സിലാക്കാൻ സാധിക്കുക. ഇസ്രയേൽ ആക്രമണത്തെ ബെയ്റൂത്തിലെ ഇറാൻ എംബസി അപലപിച്ചിട്ടുണ്ട്. “സംഘർഷത്തിൻെറ ഗതിയെ മുഴുവൻ മാറ്റിമറിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഇസ്രയേലിൻെറ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കടുത്ത തിരിച്ചടി തന്നെയുണ്ടാവും” - ഇറാൻ എംബസിയുടെ പ്രതികരണം ഇങ്ങനെയാണ്.

Comments