ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ, പ്രഖ്യാപിച്ച് യു.എൻ. അന്വേഷണ കമ്മീഷൻ

1948-ൽ രണ്ടാം ലോകമഹായുദ്ധാനന്തരം ചേർന്ന കൺവെൻഷനിലാണ് വംശഹത്യയുമായി ബന്ധപ്പെട്ട യു.എൻ നിർവചനം പ്രഖ്യാപിച്ചത്. നാസി ജർമനിയിൽ ജൂതർക്കെതിരെ നടന്ന അതിക്രമങ്ങളാണ് അന്ന് മാനദണ്ഡമായി എടുത്തിരുന്നത്. ഈ നിർവചനം പ്രകാരമാണ് ഇപ്പോൾ ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് യു.എൻ. കമ്മീഷൻ വിശദീകരിക്കുന്നത്.

ഗാസയിലെ മനുഷ്യ‍ർക്കെതിരെ ഇസ്രായേൽ നടത്തുന്നത് അതിക്രൂരമായ വംശഹത്യയാണെന്ന് ആദ്യമായി ഔദ്യോഗികമായി പ്രഖ്യാപിച്ച് യുണൈറ്റഡ് നേഷൻസിൻെറ എൻക്വയറി കമ്മീഷൻ റിപ്പോർട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കമുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്. കൊലപാതകങ്ങളുടെ കണക്ക്, സഹായം തടസ്സപ്പെടുത്തൽ, ആളുകളെ വാസസ്ഥലങ്ങളിൽ നിന്ന് നി‍ർബന്ധിതമായി ഒഴിപ്പിക്കുന്നത് തുടങ്ങിയ വിഷയങ്ങളെല്ലാം റിപ്പോർട്ട് ഗൗരവമായി വിലയിരുത്തുന്നുണ്ട്.

“ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. പലസ്തീനിലെ ജനതയെ ഒന്നാകെ ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ട് വർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും ഇസ്രായേലിൻെറ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണ്. ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്,” - യു.എന്നിൻെറ പലസ്തീൻ അന്വേഷണ കമ്മീഷൻ ചീഫ് നവി പിള്ളൈ പറഞ്ഞു. 72 പേജുള്ള കമ്മീഷൻ റിപ്പോർട്ട് ഈ വിഷയത്തിൽ യു.എന്നിൻെറ ഏറ്റവും സമഗ്രമായ വിലയിരുത്തലാണ്. പല കോണുളിൽ നിന്നും ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് യു.എൻ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. യു.എൻ എൻക്വയറി കമ്മീഷൻെറ സ്വതന്ത്ര റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

1948-ൽ രണ്ടാം ലോകമഹായുദ്ധാനന്തരം ചേർന്ന കൺവെൻഷനിലാണ് വംശഹത്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട യു.എൻ നിർവചനം രൂപീകരിച്ചത്. നാസി ജർമനിയിൽ ജൂതർക്കെതിരെ നടന്ന അതിക്രമങ്ങളാണ് അന്ന് മാനദണ്ഡമായി എടുത്തിരുന്നത്. ഇതുപ്രകാരം ഒരു ദേശത്തെ, വംശത്തെ, മതത്തെ പൂർണമായോ ഭാഗികമായോ ഉൻമൂലനം ചെയ്യുന്നതിനുള്ള മനപൂർവമുള്ള ശ്രമങ്ങളെയാണ് വംശഹത്യ എന്നുവിളിക്കുന്നത്. ഇതിന് അഞ്ച് മാനദണ്ഡങ്ങളും പ്രഖ്യാപിച്ചിരുന്നു. അതിൽ നാലും ഇസ്രായേൽ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കൊലപാതകങ്ങൾ, ശാരീരികമായും മാനസികമായും മുറിവേൽപ്പിക്കുന്ന പ്രവൃത്തികൾ, പലസ്തീൻ ജനതയുടെ ജീവിതം എല്ലാ അർത്ഥത്തിലും ദുസ്സഹമാക്കുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കൽ, ജനനം തടയൽ എന്നിവയാണ് ഇസ്രായേൽ ഗാസയിലെ ജനതയോട് ചെയ്യുന്ന നാല് ക്രൂരകൃത്യങ്ങൾ. ഇരകളിൽ നിന്നും സാക്ഷികളിൽ നിന്നും ഡോക്ടർമാരിൽ നിന്നും വിദഗ്ദരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് യു.എൻ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്,” - യു.എന്നിൻെറ പലസ്തീൻ അന്വേഷണ കമ്മീഷൻ ചീഫ് നവി പിള്ളൈ പറഞ്ഞു. 72 പേജുള്ള കമ്മീഷൻ റിപ്പോർട്ട് ഈ വിഷയത്തിൽ യു.എന്നിൻെറ ഏറ്റവും സമഗ്രമായ വിലയിരുത്തലാണ്.
ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ളവരാണ് വംശഹത്യക്ക് നേതൃത്വം നൽകുന്നത്,” - യു.എന്നിൻെറ പലസ്തീൻ അന്വേഷണ കമ്മീഷൻ ചീഫ് നവി പിള്ളൈ പറഞ്ഞു. 72 പേജുള്ള കമ്മീഷൻ റിപ്പോർട്ട് ഈ വിഷയത്തിൽ യു.എന്നിൻെറ ഏറ്റവും സമഗ്രമായ വിലയിരുത്തലാണ്.

നെതന്യാഹുവും മറ്റ് ഉദ്യോഗസ്ഥരും നടത്തിയിട്ടുള്ള പ്രസ്താവനകൾ തന്നെ ഇതൊരു വംശഹത്യയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണെന്ന് റിപ്പോർട്ട് പറയുന്നു. 2023 നവംബറിൽ പലസ്തീനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് നെതന്യാഹു ഇസ്രായേൽ സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇസ്രായേൽ പ്രസിഡൻറ് ഐസക് ഹെർസോഗ്, മുൻ പ്രതിരോധമന്ത്രി യോവ് ഗാലൻറ് എന്നിവരുടെ പേരുകളും ഈ റിപ്പോർട്ടിലുണ്ട്.

ദക്ഷിണാഫ്രിക്കക്കാരിയായ നവി പിള്ളൈ ഇന്ത്യൻ വംശജയാണ്. 1994-ൽ റുവാണ്ടയിൽ പത്ത് ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട വംശഹത്യ നടന്ന കാലത്ത് അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ യു.എൻ ട്രൈബ്യൂണലിനെ നയിച്ചിരുന്നതും ഇവർ തന്നെയാണ്. റുവാണ്ടയിലേതിന് സമാനമായ സാഹചര്യം തന്നെയാണ് ഗാസയിൽ നടക്കുന്നതെന്നും നവി പിള്ളൈ പറഞ്ഞു. “റുവാണ്ടയിലെ വംശഹത്യയുടെ സാഹചര്യം നോക്കുമ്പോൾ സമാനമായ അവസ്ഥ തന്നെയാണ് ഗാസയിൽ ഇപ്പോൾ നടക്കുന്നതെന്നാണ് മനസ്സിലാവുന്നത്. ആദ്യം ഇരകളെ നിങ്ങൾ മനുഷ്യരായി പോലും പരിഗണിക്കാതിരിക്കുന്നു. അവർ നിങ്ങൾക്ക് മൃഗങ്ങളെ പോലെയാണ്. അതിനാൽ ഒരു മനസാക്ഷിക്കുത്തുമില്ലാതെ നിങ്ങൾക്ക് അവരെ കൊന്നൊടുക്കാം,” അവർ പറഞ്ഞു.

കമ്മീഷനുമായി ഇസ്രായേൽ ഒരുവിധത്തിലും സഹകരിച്ചിരുന്നില്ല. പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് വളച്ചൊടിച്ചതും തെറ്റായതുമാണെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

Comments