വെടിനിർത്തൽ അവസാനിപ്പിച്ചതിന് പിന്നാലെ ഗാസയ്ക്കു നേരെയുള്ള ആക്രമണങ്ങൾക്ക് ശക്തി കൂട്ടുകയാണ് ഇസ്രായേൽ. വടക്കൻ ഗാസയിലെ അൽ അഹ്‌ലി ഹോസ്പിറ്റലിനു നേരെ വലിയ തരത്തിലുള്ള ബോംബാക്രമണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്. സന്ധി ചർച്ചകൾക്കായി ഹമാസ് പ്രതിനിധികൾ കെയ്‌റോയിൽ എത്തിയതിനും പിന്നാലെയാണ് ഗാസയിലെ ആശുപത്രികളെ ലക്ഷ്യമാക്കിയുള്ള ഇസ്രായേലിന്റെ ബോംബ് ആക്രമണം ഉണ്ടാകുന്നത്. ഇസ്രായേലിന്റെ ബോംബാക്രമണത്തിൽ ആശുപത്രിയിലെ പ്രധാന കവാടവും തീവ്രപരിചരണ വിഭാഗവും ഐ.സി.യു വിലെ രോഗികൾക്കുള്ള ഓക്‌സിജനുമെല്ലാം തകർത്തിട്ടുണ്ട്. വടക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഇപ്പോൾ തകർന്നിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് രോഗികളെയടക്കം മാറ്റണമെന്ന ഇസ്രായേലിന്റെ മുന്നറിയിപ്പ് വന്ന് മിനുറ്റകൾക്കകം സൈന്യം വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് ഹമാസ് പ്രതിരോധ വിഭാഗം അറിയിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ആശുപത്രികൾ സംരക്ഷിക്കണമെന്ന വ്യവസ്ഥ 2023 ഒക്ടോബർ 7 മുതൽ ഇസ്രായേൽ ലംഘിക്കുന്നുണ്ട്. അൽ അഹ് ലി ആശുപത്രിയിലേക്ക് നടത്തിയ അക്രമണത്തിലും അങ്ങേയറ്റം മനുഷ്യത്വരഹിതമായാണ് ഇസ്രായേൽ സൈന്യം പെരുമാറിയത്. ആശുപത്രിയിലെ രോഗികളെയെല്ലാം സൈന്യം അവിടെ നിന്ന് ഒഴിപ്പിച്ചു. ട്യൂബുകളും മറ്റുമായ മെഡിക്കൽ എക്യുപ്‌മെന്റ്‌സ് ബന്ധിപ്പിച്ച രോഗികളെ നിർബന്ധപൂർവം അതെല്ലാം ഒഴിവാക്കിയാണ് സൈന്യം പുറംതള്ളിയത്. ഇങ്ങനെ ഘടിപ്പിച്ച ആശുപത്രി ഉപകരണങ്ങൾ സൈന്യം വലിച്ചെറിഞ്ഞതോടെ ചികിത്സയിലിരുന്ന ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ആശുപത്രികൾക്കു താഴെ ഹമാസിന്റെ കമാന്റ് സെന്ററുകളും തുരങ്കങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് ഇപ്പോഴും ഇസ്രായേൽ ഉന്നയിക്കുന്നത്. ഹമാസിന്റെ ഭീകരവാദപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും അത് നടപ്പാക്കുന്നതും അൽ അഹ്ലി ആശുപത്രി കേന്ദ്രീകരിച്ചാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ഹമാസ് തങ്ങളുടെ പ്രവർത്തനങ്ങൾക്കായി സാധാരണ ജനങ്ങളെയും കെട്ടിടങ്ങളെയും ചൂഷണം ചെയ്യുന്നതായും ഇസ്രായേൽ ആരോപിക്കുന്നുണ്ട്. 2023 മുതലുള്ള ഇസ്രായേലിന്റെ ഈ ആരോപണം ഹമാസ് തള്ളിയിരുന്നു.

പലസ്തീനു നേരെയുള്ള വംശഹത്യ ആരംഭിച്ചത് മുതൽ ഇസ്രായേൽ ബോംബെറിഞ്ഞും വ്യോമാക്രമണം നടത്തിയും തകർത്ത 36 ആശുപത്രികളിലൊന്നാണ് അൽ അഹ്ലി ആശുപത്രി. 2023 ലും അൽ അഹ്ലി ആശുപത്രിക്കു നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിലേക്ക് നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബോംബ് വെച്ചും തീവെച്ചും ഗാസയിലെ ആശുപത്രികൾ തകർക്കാൻ ഇസ്രായേൽ ആസൂത്രിത നീക്കം നടത്തുന്നതായി ഹമാസ് ആരോപിച്ചു.
ആശുപത്രികളെന്നോ രോഗികളെന്നോ വ്യത്യാസമില്ലാതെ ഗാസയ്ക്കു നേരെ തുടരുന്ന വംശഹത്യക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പലസ്തീനിൽ ആക്രമണം മൂലം കെടുതിളനുഭവിക്കുന്ന മനുഷ്യരെ പരിചരിക്കുന്ന റെഡ്‌ക്രോസ് വളണ്ടിയർമാരെ പോലും ഇസ്രായേൽ സൈന്യം വെറുതെ വിട്ടിരുന്നില്ല. റെഡ് ക്രോസ് വളണ്ടിയർമാരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു.
ഇതിനിടെ ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ധാക്കയിൽ ഒരു ലക്ഷത്തോളം ആളുകൾ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശനിയാഴ്ചയാണ് ധാക്ക യൂണിവേഴ്‌സിറ്റിക്കു സമീപമുള്ള സുഹ്‌റ വർധി പാർക്കിൽ ആളുകൾ തടിച്ചു കൂടിയതെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിലെ രാഷ്ട്രിയ പാർട്ടികളെല്ലാം ഈ റാലിയെ പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെയും മുഖം മൂടിയണിഞ്ഞും പ്രതിഷേധക്കാർ റാലിയിൽ പങ്കെടുത്തു. വസ്ത്രം മുഴുവൻ ചോരയിൽ കുളിച്ചു നിൽക്കുന്ന തരത്തിലാണ് നെതന്യാഹുവിനെയം ട്രംപിനെയും പ്രതിഷേധക്കാർ റാലിയിൽ അവതരിപ്പിച്ചത്.

വെടിനിർത്തൽ കരാർ നിലനിൽക്കുമ്പോഴും ഗാസയ്ക്കു നേരെയുള്ള വംശഹത്യ തുടരാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഗാസയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും തങ്ങളുടെ ആക്രമണം വ്യാപിപ്പിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകാനും അദ്ദേഹം അറിയച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ തെക്കൻ നഗരമായ റഫയെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന സുരക്ഷാ ഇടനാഴിയുടെ നിർമാണം പൂർത്തിയാക്കിയതായും ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. റഫയുടെ ഭൂരിഭാഗ പ്രദേശങ്ങളിലെയും ജനങ്ങളെ ഒഴിപ്പിക്കാനാണ് സൈന്യം ശ്രമിക്കുന്നത്.
ഹമാസുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതിനു ശേഷം മാത്രം 500 ഓളം കുട്ടികളെയാണ് ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയത്. ഗുരുതര പരുക്കേറ്റ് നിരവധി കുട്ടികൾ ചികിത്സയിലുമാണ്. മാർച്ച് 18 നാണ് ഇസ്രായേൽ വംശഹത്യ പുനരാരംഭിച്ചത്. മാർച്ച് 18 മുതൽ 1500 ലേറെ മനുഷ്യർ കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 പേർ കൊല്ലപ്പെട്ടതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 2023 ഒക്ടോബറിനു ശേഷം 50,933 പേർ കൊല്ലപ്പെടുകയും 116,045 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.