ഇസ്രേയേലിലെ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ആരാണ് ജയിച്ചത്? കൃത്യമായി ഒരു ഉത്തരവും ഇല്ല. വംശഹത്യയുടെ ചോര കൈകളിലുള്ള ബെഞ്ചമിൻ നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സാധിക്കുമോ? അതിലും വ്യക്തത വന്നില്ലെന്ന് പറയേണ്ടി വരും. നെതന്യാഹുവിന് തിരിച്ചടി ഉണ്ടായിട്ടുണ്ടോ? ഒരു സംശയവും വേണ്ട, തിരിച്ചടി ലഭിച്ചിട്ടുണ്ട്. ഇസ്രായേലിലെ വലിയൊരു വിഭാഗം ജനങ്ങളും നെതന്യാഹുവിൻെറ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം തുടരാൻ ആഗ്രഹിക്കുന്നില്ല. എന്നാലത് ഗാസയിൽ പലസ്തീൻ ജനതയ്ക്ക് എതിരായി തുടരുന്ന വംശഹത്യയോടുള്ള പ്രതികരണമായി കാണാമോ? അങ്ങനെ കാണാനും സാധിക്കില്ല.
ഈ നൂറ്റാണ്ടിൽ, അതായത് 1999-ന് ശേഷം ഇസ്രായേലിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്തവണ നടന്നത്. 78 ശതമാനമായിരുന്നു പോളിങ്. നെസറ്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 120-ൽ 60 സീറ്റ്. കഴിഞ്ഞ തവണ 68 സീറ്റുണ്ടായിരുന്ന നെതന്യാഹുവിൻെറ നേതൃത്വത്തിലുല്ള ഭരണകക്ഷി 15 സീറ്റ് കുറഞ്ഞ് 53-ൽ ഒതുങ്ങിയാൽ അത് കനത്ത തിരിച്ചടി തന്നെയാണ്. ലിക്കുഡ് പാർട്ടിയുടെ സീറ്റുകൾ 32-ൽ നിന്ന് 27 ആയി കുറയുകയും ചെയ്തു. അത് ഒരുവശം.
മുൻ സൈനിക ഉദ്യോഗസ്ഥനും, ഇസ്രായേലിലെ മറ്റൊരു തീവ്രവലതുപക്ഷ പാർട്ടിയായ യാഷർ പാർട്ടി നേതാവുമായ ഗാദി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ കക്ഷിക്ക് കിട്ടിയത് 48 സീറ്റുകളാണ്. ഈ ജൂതപാർട്ടിയും നേതാവ് ഐസൻകോട്ടും പലസ്തീൻ ജനതക്കെതിരായ നിലപാടുകളിലോ വിദേശകാര്യനയങ്ങളിലോ ഒന്നും തന്നെ നെതന്യാഹുവിൽ നിന്നോ ലിക്കുഡ് പാർട്ടിയിൽ നിന്നോ ഒട്ടും വ്യത്യസ്തമായി ചിന്തിക്കുന്നവരല്ല. അതിനാൽ തന്നെ ലിക്കുഡ് പോയി യാഷർ വന്നാലും ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇസ്രായേലിൽ ഒരുമാറ്റവും സംഭവിക്കാൻ പോവുന്നില്ല.
എന്നാൽ, അറബ് പാർട്ടികളാണ് ഇക്കുറി എല്ലാവരെയും ഞെട്ടിച്ച് ഇസ്രായേൽ തെരഞ്ഞെടുപ്പിൽ വലിയ മാറ്റത്തിന് കാരണക്കാരായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച 10ൽ നിന്ന് 19 സീറ്റുകളിലേക്ക് അവർ ഉയർന്നു.
അവർക്ക് ലഭിച്ചത് ആകെ 19 സീറ്റുകൾ. 10 സീറ്റിൽ നിന്ന് 19 സീറ്റിലേക്കാണ് എത്തിയത്. അവരുടെ പിന്തുണയില്ലാതെ ഏതെങ്കിലും ഒരു സഖ്യത്തിന് ഭരിക്കുക പ്രയാസം. ദ്വിരാഷ്ട്ര ഫോർമുലയെ പൂർണമായി എതിർക്കുന്ന ഐസൻകോട്ട് അറബ് പാർട്ടികളുടെ പിന്തുണ തേടില്ല. ഇസ്രായേലിലെ അറബ് വംശജരെ രണ്ടാംതരം പൌരരായി കണക്കാക്കുന്ന ഐസൻകോട്ടിനും നെതന്യാഹുവിനും ഒരുപോലെ നിലവിലെ ജനവിധിയിൽ പ്രയാസങ്ങളുണ്ട് എന്നത് യാഥാർത്ഥ്യമാണ്. 20 ശതമാനത്തോളം വരുന്ന അറബ് ജനത പോളിങ് ബൂത്തിലേക്ക് കൂട്ടമായി എത്തുകയും മുഹമ്മദ് അബ്ബാസിൻെറ റാം പാർട്ടിക്കും യൂസഫ് ജബരീൻ നേതൃത്വം നൽകുന്ന ജോയൻറ് ലിസ്റ്റ് പാർട്ടിക്കുമായി വോട്ട് നൽകുകയും ചെയ്തതോടെയാണ് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് ഫലം സങ്കീർണമായി മാറിയതും ഭരണമെന്നത് പ്രതിസന്ധിയിലായി മാറിയതും.

തോറ്റിട്ടും കൂസലില്ലാതെ നിൽക്കുകയാണ് നെതന്യാഹു. അതിന് കാരണമെന്താണ്? നെതന്യാഹുവിനെ എതിർക്കുന്ന പാർട്ടികൾക്കെല്ലാം കൂടി 67 സീറ്റുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അവർ ഒന്നിച്ചുനിന്ന് ഒരു സർക്കാർ രൂപീകരിക്കില്ലെന്ന് നെതന്യാഹുവിന് വ്യക്തമായി അറിയാം. ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ അദ്ദേഹം നേതൃത്വം നൽകുന്ന കാവൽ മന്ത്രിസഭയാണ് നിലവിൽ ഇസ്രായേലിൽ തുടരുന്നത്. പ്രതിപക്ഷ കക്ഷികളിൽ ആരെങ്കിലും ചേർന്ന് പിന്തുണച്ചാൽ തനിക്ക് ഭരണം തുടരാമെന്ന പ്രതീക്ഷ നെതന്യാഹുവിനുണ്ട്. ഇനി അഥവാ വീണ്ടും തെരഞ്ഞെടുപ്പ് നടന്നാൽ കൂടുതൽ ശക്തമായി തിരിച്ചുവരാനാവുമെന്നും അദ്ദേഹം കരുതുന്നുണ്ട്.
എന്നാൽ കരുതുന്നത് പോലെ അത്ര സുഗമമായി മുന്നോട്ട് പോവാൻ നെതന്യാഹുവിന് സാധിക്കില്ലെന്നാണ് ഇസ്രായേലിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ. അറബ് പാർട്ടികളുമായി കൈകോർത്ത് ഐസൻകോട്ട് ഭരിക്കണമെന്ന ആവശ്യവുമായി ജനം തെരുവിലിറങ്ങിയിട്ടുണ്ട്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുതെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. പ്രതീക്ഷയുടെ നേരിയ ശബ്ദങ്ങളും ഈ പ്രതിഷേധക്കാരിൽ നിന്ന് കേൾക്കുന്നുണ്ട്. അറബ് പാർട്ടികൾക്ക് കൂടി പ്രാതിനിധ്യമുള്ള ബഹുസ്വര സർക്കാർ വന്നാൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള രക്തച്ചൊരിച്ചിൽ കുറയുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
അറബ് പാർട്ടികളുടെ പിന്തുണയോടെ ഐസൻകോട്ട് ഭരിക്കാൻ തയ്യാറാവുമോയെന്നതാണ് നിലവിൽ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ അദ്ദേഹം ആ സാധ്യതകൾ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം സീറ്റ് നില ഇങ്ങനെ വന്ന സാഹചര്യത്തിൽ ഭരണപ്രതിസന്ധി മറികടക്കാനും നെതന്യാഹുവിനെ പുറത്താക്കാനുമായി ഐസൻകോട്ട് നിലപാട് മാറ്റുമോ? 11 സീറ്റ് നേടിയിട്ടുള്ള അറബ് പാർട്ടിയായ ജോയൻറ് ലിസ്റ്റ് നേതാവ് യൂസഫ് ജബരീൻ നെതന്യാഹുവിനെ പുറത്ത് നിർത്തുന്ന ഭരണത്തിന് പിന്തുണ നൽകുമെന്നാണ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. 840000-ത്തോളം വരുന്ന ഇസ്രായേൽ പലസ്തീനി വോട്ടർമാരുടെ ആദ്യ ലക്ഷ്യം നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയസുരക്ഷാമന്ത്രി Itamar Ben-Gvir, ധനകാര്യമന്ത്രി Bezalel Smotrich തുടങ്ങിയവരുടെ തീവ്രനിലപാടുകൾ രാജ്യത്തെ ജനതയെ നാശത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ നാല് വർഷം എല്ലാ മേഖലകളും ഭയാനകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. അറബ് ജനതയോട് ദയയില്ലാതെയാണ് പൊലീസ് പെരുമാറിയിരുന്നത്. അറബ് യുവാക്കൾ വിദ്യാഭ്യാസമേഖലയിൽ വിവേചനം നേരിട്ടു. ഞങ്ങൾക്ക് ആവശ്യമായ വിഭവങ്ങൾ നിഷേധിക്കപ്പെട്ടു. അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. കടുത്ത വംശീയതയാണ് രാജ്യത്തെ അറബ് ജനത അനുഭവിച്ചത്. ഞങ്ങളുടെ വീടുകൾ പൊളിച്ചുനീക്കി. പൊലീസ് ശാരീരികമായി ഉപദ്രവിച്ചു. ഇതെല്ലാം അവസാനിക്കണം,” യൂസഫ് ജബരീൻ ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജോയൻറ് ലിസ്റ്റ് പാർട്ടി പിന്തുണച്ചാലും ഐസൻകോട്ടിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല. അറബ് പാർട്ടികളിലെ മറ്റൊരു പ്രധാനകക്ഷിയായ റാം പാർട്ടി ഇതുവരെ ഐസൻകോട്ടിൻെറ നേതൃത്വത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എല്ലാത്തിനും ഇടയിൽ ഐസൻകോട്ടും നെതന്യാഹുവും ചേർന്നൊരു സർക്കാരിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാൻ നെതന്യാഹു ഐസൻകോട്ടിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
