ഗാസയിലും ലെബനനിലും ആക്രമണം കടുപ്പിക്കുന്ന ഇസ്രായേൽ; സംഘർഷം രൂക്ഷമാവുന്ന പശ്ചിമേഷ്യ

ഹമാസ് തലവൻ യഹിയ സിൻവറിൻെറ വധത്തിന് ശേഷവും പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്നു. ഗാസയിലും ലെബനനിലും ഒരേസമയം ആക്രമണം നടത്തുകയാണ് ഇസ്രായേൽ സൈന്യം.

News Desk

മാസ് (Hamas) നേതാവ് യഹിയ സിൻവർ (Yahya Sinwar) കൊല്ലപ്പെട്ടതിന് ശേഷവും ഗാസയിൽ (Gaza) ആക്രമണം തുടരുകയാണ് ഇസ്രായേൽ (Israel). ഹിസ്ബുള്ളയുടെയും (Hezbollah) ഹമാസിന്റെയും ഉന്നതനേതാക്കൾ കൊല്ലപ്പെട്ടതോടെ ഇരുസംഘങ്ങളെയും ദുർബലമാക്കാൻ സാധിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് ഇസ്രായേൽ. ഇതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ( Benjamin Netanyahu) വസതിയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. യഹിയ സിൻവാർ കൊല്ലപ്പെട്ടതോടെ ഗാസയിലേക്കുള്ള ആക്രമണം കുറയുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇസ്രായേൽ വ്യോമ-കരയാക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഗാസയിലും തെക്കൻ ലെബനനിലും ഒരുപോലെയാണ് ഇപ്പോൾ ആക്രമണം തുടരുന്നത്.

വടക്കൻ ഗാസയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ബെയ്ത് ലാഹിയയിൽ നടന്ന ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം പറഞ്ഞു. നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി 73 പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു ഹമാസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. കഴിഞ്ഞ 16 ദിവസമായി സൈനിക ഉപരോധം കാരണം പ്രദേശത്തേക്കുള്ള വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു.

യുദ്ധമാരംഭിച്ച ശേഷം ആദ്യമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടക്കുന്നത്. ഇതിന് പിന്നിൽ ഹിസ്ബുള്ളയാണെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇറാൻെറ പിന്തുണയോടെയാണ് ഹിസ്ബുള്ള ആക്രമണം നടത്തുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹമാസ് ബന്ദികളാക്കിയ ഇസ്രായേലുകാരെ തിരികെ കൊണ്ടുവരുന്നത് വരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹു കൂട്ടിച്ചേർത്തത്.

എന്നാൽ, നെതന്യാഹുവിന്റെ വസതിക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. വടക്കൻ-മധ്യ ഇസ്രായേൽ നഗരങ്ങളിലേക്ക് നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ള സമ്മതിക്കുന്നുമുണ്ട്. ഇറാനും നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളിയിട്ടുണ്ട്. സയണിസ്റ്റ് ഭരണകൂടം സ്ഥാപിച്ചത് തന്നെ നുണകൾ പ്രചരിപ്പിച്ചും വസ്തുതകൾ വളച്ചൊടിച്ചുമാണെന്നും അവർ അത് തന്നെ തുടരുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു. നെതന്യാഹുവിന്റെ സ്വകാര്യ വസതിയെ ലക്ഷ്യമിട്ടുള്ള ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണത്തിനു പിന്നാലെ ലെബനനിലെ തെക്കൻ ബെയ്റൂത്തിലും ഇസ്രായേൽ ആക്രമണം നടത്തി. ശനിയാഴ്ച ലെബനനിലെ പന്ത്രണ്ടോളം പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ലെബനനിൽ കുറഞ്ഞത് 30 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Comments