പലസ്തീനിലെ മനുഷ്യരെ തിരിച്ചറിയാത്ത
‘ചില’ മലയാളികളെക്കുറിച്ച്…

പലസ്തീനോടുള്ള നിലപാടുമാറ്റത്തിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് ആഗോള അടിസ്ഥാനത്തിൽ രൂപപ്പെട്ട ഇസ്‍ലാം വിരുദ്ധതയുടെ നിഴലാണ്. ഈ മനോഭാവത്തെ പിന്തുണച്ച് മലയാളിയുടെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന സമാനതകളില്ലാത്ത പരാമർശം ശ്രദ്ധിക്കേണ്ടതുണ്ട്.

ല്ലാ കാലത്തും മനുഷ്യരെ വായിക്കുന്നതുപോലെയാണോ യുദ്ധകാലത്തും മനുഷ്യരെ വായിക്കേണ്ടത്?

ഇത് നിസ്സാര ചോദ്യമല്ല.
ദുരന്തമുഖത്തെ മനുഷ്യരെ വായിക്കാൻ അവരുടെ ചരിത്രം അറിയുകയോ പഠിക്കുകയോ വേണ്ട. അവരുടെ മതം, ജാതി, രാഷ്ട്രം, ഭാഷ, സംസ്കാരം, ഭക്ഷണം തുടങ്ങിയവയൊന്നും അവിടെ മനുഷ്യത്വത്തിൻ്റെ അടയാളമല്ല. കാരണം, യുദ്ധഭൂമിയിൽ വിലയുള്ളത് ജീവനുമാത്രമാണ്. എന്നാൽ യുദ്ധത്തെ വായിച്ചറിയുക മാത്രം ചെയ്ത മലയാളിക്ക് യുദ്ധമുഖത്തെ ജീവൻ്റെ വില അറിയില്ല. പടക്കോപ്പിൻ്റെ മുകളിലിരുന്ന് യുദ്ധത്തെക്കുറിച്ച് വാർത്ത പറയുന്ന മാധ്യമ പ്രവർത്തകർ പോലും യുദ്ധദേശത്തെ മനുഷ്യാവസ്ഥയെ മറക്കുന്നു. അതിൻ്റെ കാരണം, യുദ്ധത്തിൻ്റെ ഇരകളല്ല ഞങ്ങൾ എന്ന അഹങ്കാരമാണ്.

അത് അല്പമെങ്കിലും അറിഞ്ഞത് കുടിയേറ്റ മലയാളിയാണ്. ഇറാഖ് കുവൈറ്റ് യുദ്ധകാലം മുതൽ പശ്ചിമേഷ്യയിലെ പ്രവാസികളായ മലയാളിക്ക് യുദ്ധത്തിൻ്റെ ആദി അറിയാം. അവിടെ കുടുങ്ങിയവരെ ഭരണകൂട സംവിധാനങ്ങൾ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. അവരെ കുടുംബവും നാടും സ്വീകരിക്കുന്നു. അപ്പോഴും നാം മറന്നുപോകുന്നുണ്ട്, നമ്മളെ പോലെയുള്ളവർ തന്നെയാണ് യുദ്ധഭൂമിയിലെ തദ്ദേശീയർ എന്ന്. അവരെ ഓർത്ത് വേദനിക്കാൻ കഴിയണ്ടതിനുപകരം അവർ ഇരകളാകേണ്ടവർ തന്നെ എന്ന മാനസികാവസ്ഥ എത്ര ഭീകരമാണ്. ആ ഭീകരത സോഷ്യൽ മീഡിയ വഴിയും അന്തിച്ചർച്ച വഴിയും മലയാളി രേഖപ്പെടുത്തിക്കഴിഞ്ഞു.

എന്തുകൊണ്ടാണ് ഇസ്രായേൽ - പലസ്തീൻ യുദ്ധകാലത്ത് ഒരു വിഭാഗം മലയാളിയുടെ മനസ്സ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധതയുടെ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നത്.

മലയാളി അങ്ങനെയല്ല എന്നതാണ് സത്യം. 2018-ലെ പ്രളയവും നിപ്പയും കോവിഡ് കാലവും നമ്മൾ മറികടന്നത് എല്ലാ അഭിപ്രായ ഭിന്നതകളെയും മറന്നുകൊണ്ടാണ്. അതായത്, ദുരന്തമുഖത്ത് എങ്ങനെയാണ് മനുഷ്യരോട് പെരുമാറേണ്ടതെന്ന് കൃത്യമായി ബോധ്യമുള്ളവരാണ് മലയാളി. പക്ഷേ എന്തുകൊണ്ടാണ് ഇസ്രായേൽ - പലസ്തീൻ യുദ്ധകാലത്ത് ഒരു വിഭാഗം മലയാളിയുടെ മനസ്സ് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധതയുടെ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നത്.

യുദ്ധത്തിന് കാരണമായ വിഷയത്തിന്റെ ചരിത്രമോ രാഷ്ട്രീയമോ അല്ല ഇവിടെ വിവക്ഷ. മനുഷ്യൻ്റെ ജീവനാണ്. ലോകത്ത് ഒരു കാലത്തും ഒരിടത്തും യുദ്ധം സമാധാനപൂർണമായി അവസാനിച്ചിട്ടില്ല. യുദ്ധം സമാധാനത്തിനുവേണ്ടിയല്ല. ആ ബോധ്യമുണ്ടാകുമ്പോൾ വേട്ടക്കാരിലും ഇരകളിലും അകപ്പെടുന്നത് മനുഷ്യരാണെന്ന് തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. വേട്ടക്കാരൻ്റെ മനസ് അതിനായി പാകപ്പെട്ടതാണ്.

ഏതൊരു ഭീകരവാദിയുടെയും ബോധത്തിൽനിന്ന് ദയ, കാരുണ്യം, സ്നേഹം എന്നതൊക്കെ ആദ്യം എടുത്തുമാറ്റപ്പെടുന്നുണ്ട്. എന്നാൽ അധിനിവേശത്തിനെതിരായ, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുദ്ധ പോരാട്ടത്തിലെ മനുഷ്യർ വേട്ടക്കാരല്ല. അവർ രക്തസാക്ഷികളാണ്. അത് ഒരു നിമിഷത്തെയോ, മണിക്കൂറിലെയോ, ദിവസത്തിലെയൊ വൈകാരിക പ്രകടനമല്ല. പലസ്തീൻ സ്വതന്ത്ര്യപോരാളികളെ സംബന്ധിച്ച് ഏഴര പതിറ്റാണ്ടിൻ്റെ പഴക്കമുണ്ട്. എന്നാൽ സയണിസ്റ്റുകൾ അങ്ങനെയല്ല. അവർ പൂർണമായും വംശീയവും ദേശീയവുമായ ഫാഷിസത്തിന്റെ മനഃശാസ്ത്രയുക്തിയിൽ ജീവിക്കുന്നവരാണ്. അതിനർത്ഥം ആ രാജ്യത്തെ മുഴുവൻ മനുഷ്യരും അങ്ങനെയാണ് എന്നല്ല. ഹമാസ് തൊടുത്തുവിട്ട അക്രമത്തിൽ ഇസ്രായേൽ നിരപരാധികളും മരിച്ചിട്ടുണ്ട്. ഇതേ മരണം ഏഴര പതിറ്റാണ്ടായി പലസ്തീനിൽ ശക്തിപ്പെട്ടു വരികയാണ്. 2022ൽ 2072 പേർ പലസ്തീനിൽ മരിച്ചപ്പോൾ 73- പേരാണ് ഇസ്രായേലിൽ മരിച്ചത്. അന്നൊന്നും യൂറോപ്യൻ രാഷ്ട്രങ്ങൾ ഇന്നത്തെ പോലെ പൊട്ടിത്തെറിച്ചില്ല. അതായത്, എല്ലാ മനുഷ്യരുടെയും ജീവൻ്റെ വില ഒന്നാണ് എന്ന തിരിച്ചറിവ് ലോകശക്തികൾക്ക് അംഗീകരിക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല. ഇരു ഇടങ്ങളിലും മരിച്ചു വീഴുന്നത് മനുഷ്യരാണ് എന്ന ബോധ്യം പല മലയാളിയും മറക്കുന്നു. ഇസ്രായേലിൽ മരിക്കുന്നത് നിരപരാധികളാണെന്നും പലസ്തീനികൾ മരിക്കേണ്ടവരാണ് എന്നുമുള്ള യുക്തി ഇങ്ങനെയാണ് സംഭവിക്കുന്നത്.

ലോകത്തെമ്പാടും ശക്തിപ്പെട്ടുവരുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം വംശീയതയാണ്. ഈ വംശീയതയ്ക്ക് നിലനിൽക്കാൻ ഭരണകൂട സംവിധാനം ആവശ്യമാണ്. ഇങ്ങനെ ഭരണകൂടത്തിലൂടെ ശക്തിപ്പെടുന്ന തീവ്രവംശീയതയ്ക്ക് ശക്തി പ്രാപിക്കാൻ ഒരു മുഖ്യശത്രുവിനെ എക്കാലത്തും മുമ്പിൽ നിർത്തേണ്ടതുണ്ട്. ഇസ്രയേലിനെ സംബന്ധിച്ച് അത് പലസ്തീനികളാണ്. പലസ്തീൻകാരാകട്ടെ 70% ത്തോളം മുസ്‍ലിംകളും ബാക്കിവരുന്ന 30 ശതമാനത്തിൽ ക്രിസ്ത്യാനികളും മറ്റു മതവിശ്വാസികളുമുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് നേരത്തെയുണ്ടായ പലസ്തീനോടുള്ള നിലപാടുമാറ്റത്തിന് പല കാരണങ്ങളുണ്ട്. അതിലൊന്ന് ആഗോള അടിസ്ഥാനത്തിൽ രൂപപ്പെട്ട ഇസ്‍ലാം വിരുദ്ധതയുടെ നിഴലാണ്. ഈ മനോഭാവത്തെ പിന്തുണയ്ക്കുന്ന മലയാളിയുടെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന സമാനതകളില്ലാത്ത പരാമർശം ശ്രദ്ധിക്കേണ്ടതുണ്ട്. ഇസ്രായേൽ എന്ന രാജ്യത്തെ മനുഷ്യർ 100% നിഷ്കളങ്കരാണെന്ന് പ്രഖ്യാപിക്കുന്നതും പലസ്തീനികൾ ആ ദേശം വിട്ടു പോകേണ്ടവരോ അല്ലെങ്കിൽ ആ മണ്ണിൽ മരിച്ചു തീരേണ്ടവരോ ആണെന്ന രീതിയിലാണ് ഇവരുടെ മനോഗതി. ഇത്തരം വാദഗതി ഉയർത്തുന്ന സംഘടനകളെയും അതിലെ മനുഷ്യരെയും പരിശോധിച്ചാൽ അവർ എങ്ങനെയാണ് മനുഷ്യരെ വായിക്കുന്നത് എന്ന് എളുപ്പം മനസ്സിലാക്കാം. അവർ ഒരു കാലത്തും ഉയർന്ന മാനവികബോധത്തിലൂടെ മനുഷ്യവർഗ്ഗത്തെ സമീപിച്ചിട്ടില്ല. മതത്തെക്കാൾ അധികം കുലമഹിമയാണ് അവരെ, തങ്ങളാണ് ഉന്നതകുലർ എന്ന് തിരിച്ചറിവിലേക്ക് എത്തിക്കുന്നത്. മനുഷ്യരായിരിക്കെ വംശീയമായും സാമ്പത്തികമായും വേർതിരിച്ച് അയിത്തം കൽപ്പിക്കുന്നവർക്ക് എല്ലാവരെയും മനുഷ്യരായി പരിഗണിക്കാൻ പോലും കഴിയില്ല.

മറ്റൊന്ന്, അടുത്തകാലത്തായി ഇന്ത്യയിൽ രൂപപ്പെട്ടു വന്ന തീവ്രദേശീയത സവർണ പാരമ്പര്യത്തെ വീണ്ടെടുത്ത് എല്ലാ ആധുനിക യുക്തിബോധത്തെയും നിരാകരിക്കുകയാണ്. ഇത് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം നടപ്പാക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗിച്ചാണ്. ആ ജനാധിപത്യത്തിൽ നിന്നുകൊണ്ടാണ് ദേശം, മതം എന്നിവയെ നോക്കി അവരുടെ ജീവനും വിലയിടുന്നത്. അതേസമയം, ഈ ഭൂമുഖത്ത് മനുഷ്യർക്ക് അവരുടേതായ ഭൂപ്രകൃതിക്കും സാമൂഹ്യവസ്ഥയ്ക്കും അനുസരിച്ച് ആർഭാടമായോ പരിമിതമായോ അതല്ലെങ്കിൽ പട്ടിണി കിടന്നെങ്കിലും ജീവിക്കാം. ആ അവകാശമുണ്ടെന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.

Photo: Times of gaza

അതായത്, പലസ്തീനിലെ മനുഷ്യർ നമ്മളെപ്പോലെ സ്വപ്നം കാണാൻ അവകാശമുള്ള മനുഷ്യരാണ്. നമ്മൾ എങ്ങനെയാണ് രാവിലെ മക്കളെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് സ്കൂളിലേക്ക് വിടുന്നത്, പിന്നീട് അവരെ കാത്തിരിക്കുന്നത്- ഇതേ മാനസികാവസ്ഥയുള്ള മനുഷ്യർ തന്നെയാണ് പലസ്തീനിലും ഉള്ളത്. എന്നാൽ പലസ്തീനെ സംബന്ധിച്ച് സ്വന്തം മക്കളെ സമാധാനത്തോടെ സ്നേഹിക്കാനുള്ള സാഹചര്യം പോലും നിലനിൽക്കുന്നില്ല. ഏതുസമയവും ഇസ്രായേലിന്റെ ആക്രമണങ്ങളെ ഭയന്ന് ഉറങ്ങുന്നവർ. ഏതു സമയവും പട്ടാളം വന്ന് മക്കളെ തട്ടിയെടുത്ത് കടന്നുകളയുന്ന അവസ്ഥ. ഒരു കുടുംബ ജീവിതത്തിനുവേണ്ട ഭൗതിക സാഹചര്യമോ സമാധാനമോ ഇല്ലാതെ ആയിരക്കണക്കിന് മനുഷ്യരുടെ വിലാപദേശം. അവിടെ ആഘോഷമില്ല. പിറന്നാളില്ല. അശാന്തിയുടെ കീഴിൽ ഏതുസമയവും വന്നു വീഴാവുന്ന മിസൈലിന്റേയും ബോബിന്റെയോ വരവിൽ ആധിപൂണ്ട രാപ്പകലുകളിൽ കഴിയുന്ന ആ മനുഷ്യരെ കുറിച്ച് ഒന്നോർത്തു നോക്കൂ.

വീടുവിട്ടിറങ്ങുന്ന മക്കളെ മണിക്കൂറിൽ മൂന്ന് പ്രാവശ്യമെങ്കിലും ഫോൺ ചെയ്ത് അവരുടെ സുരക്ഷിതം ഉറപ്പുവരുത്തും നമ്മൾ. ഇതേ മനുഷ്യരാണ് പലസ്തീനിലുള്ളതെന്ന് എന്തുകൊണ്ടാണ് നമുക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. 2018- ൽ പ്രളയം സംഭവിച്ചപ്പോൾ എന്തുമാത്രം ഐക്യത്തോടെയാണ് നമ്മൾ ഓരോ ജീവനെയും ചേർത്തുപിടിച്ചത്. ഇതേ മാനസികാവസ്ഥ എന്തുകൊണ്ടാണ് യുദ്ധമുഖത്ത് മനുഷ്യരോട് ‘ചില’ മലയാളിക്ക് തോന്നാത്തത്.

Photo: Times of gaza

യുദ്ധത്തിൻ്റെ കാരണത്തെക്കുറിച്ച്, അതിൻ്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ച്, പാശ്ചാത്യലോകത്ത് സാമ്രാജ്യത്വശക്തികൾ എങ്ങനെയാണ് ഇസ്രായേൽ - പലസ്തീൻ യുദ്ധത്തിൻ്റെ പിന്നാമ്പുറത്ത് സമ്പന്നത വളർത്തുന്നത്- ഇതൊക്കെ പല രീതിയിലുള്ള ന്യായാ ന്യായങ്ങൾക്കും യുക്തിക്കും വിധേയപ്പെട്ട് വിശകലനം ചെയ്യാം. എന്നാൽ അതിനപ്പുറം ഇരകൾ നമ്മളെപ്പോലുള്ള മനുഷ്യരാണ് എന്ന് തിരിച്ചറിയാൻ കഴിയാത്തതിന്റെ കാരണം എന്താണ്? അന്തിചർച്ചകളിൽ കണക്കുകളും ചരിത്രവും അതിൻ്റെ സാമ്രാജ്യത്വ താല്പര്യങ്ങളും ചർച്ച ചെയ്യുമ്പോൾ ആശുപത്രികൾക്കും അഭയാർത്ഥി ക്യാമ്പുകൾക്കും മുകളിൽ ബോബിടുന്നതിൻ്റെ മാനസികാവസ്ഥ ചർച്ചയിലേക്ക് വരുന്നില്ല. അതിന് ഉത്തരവ് നൽകുന്നവർ സുരക്ഷിതരാണ്.
ഓർത്തുനോക്കൂ, യുദ്ധത്തിന് ആഹ്വാനം നൽകുന്നവർ ഒന്നും യുദ്ധത്തിൽ പങ്കെടുക്കുന്നവരല്ല. അവരുടെ മക്കൾ കുടുംബം അതീവ സുരക്ഷയിലാണ്.

പലസ്തീനിൽ നൂറുകണക്കിനു മൃതദേഹങ്ങൾ കൂട്ടിയിട്ട് പകർച്ചവ്യാധിക്ക് കാരണമാകാൻ പോവുകയാണ്. വെള്ളവും വെളിച്ചവും ഇല്ല. 5000-ത്തോളം പൂർണ ഗർഭിണികളെക്കുറിച്ച് ഒന്നോർത്തു നോക്കൂ. നമ്മുടെ വീട്ടിലെ ഗർഭിണികളായ സ്ത്രീകളെ എത്ര കരുതലോടെയാണ് നാം ചേർത്തുപിടിക്കുന്നത്. അതേ സ്ത്രീകൾ തന്നെയാണ് പലസ്തീനിലും ഉള്ളത്. ഒൻപത് മാസം ചുമന്ന സ്വപ്നത്തെ വെള്ളവും വിളിച്ചു നിഷേധിച്ച് കൊന്നൊടുക്കുമ്പോൾ, അതിനോട് ദുഃഖം തോന്നാത്തവർ. അതിനെ ന്യായീകരിക്കുന്ന മലയാളി. അവരെ സൂക്ഷിക്കേണ്ടതുണ്ട്. ആ മനസ്സിൽ സ്ഥിരപ്പെട്ടത് വംശീയ വിരോധമാണ്. അതൊരു പക്ഷേ വരുംകാലങ്ങളിൽ ഏതു രീതിയിലാണ് പ്രകടിപ്പിക്കപ്പെടുക എന്നുള്ളതിന്റെ സൂചകമാണത്.

മലയാളിയുടെ യുദ്ധകാലത്തെ മനുഷ്യവായന മനുഷ്യത്വ വിരുദ്ധതയുടേതാകരുത്. കാരണം, മലയാളി ലോകം മുഴുവൻ പറന്ന്, എത്തിപ്പെട്ട രാജ്യങ്ങളിൽ തദ്ദേശീയരോട് ഐക്യപ്പെട്ട് ജീവിക്കുന്നവരാണ്. അവർ ആരും നമ്മളെ ഇതുവരെ തുറിച്ചുനോക്കിയിട്ടില്ല.

Comments