ഇസ്രായേൽ ഗാസയിലെ മനുഷ്യരോട് ചെയ്യുന്ന ക്രൂരത കാണൂ, അനസ് ലോകത്തോട് പറഞ്ഞത്...

ഇസ്രായേൽ പലസ്തീൻ ജനതയോട് കാണിക്കുന്ന ക്രൂരതകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ - ജസീറ മാധ്യമപ്രവർത്തകൻ അനസ് അൽ ഷെരീഫിനെയും നാല് സഹപ്രവർത്തകരെയും കൊലപ്പെടുത്തി സൈന്യം. ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തോട് പറയുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുകയാണ് - ജീവൻ പണയപ്പെടുത്തി നടക്കുന്ന മാധ്യമപ്രവർത്തനത്തെക്കുറിച്ച് മുസാഫിർ എഴുതുന്നു.

ക്ഷുഭിതയൗവനത്തിൽ തന്നെ വാർത്തകളുടെ അമര ഭൂമികയിൽ അപൂർവ രക്തസാക്ഷിത്വം. ഇസ്രായേലി നൃശംസത ലോകത്തിനു മുമ്പിൽ തത്സമയം കാണിക്കുന്നതിനിടെ ഗാസയുടെ ആകാശം തുളച്ചെത്തിയ റോക്കറ്റ് ആക്രമണത്തിൽ മാധ്യമപ്രവർത്തകരുടെ കൂടാരത്തിനകത്ത് 28-കാരനായ അനസ് അൽ ഷെരീഫിന്റെയും അൽ ജസീറ ടെലിവിഷനിലെ നാല് സഹപ്രവർത്തകരുടെയും പ്രാണനുകൾ പൊലിഞ്ഞു. കുരുതിയുടെ ഭീകര ദൃശ്യങ്ങൾ കവർന്ന അവരുടെ ക്യാമറകൾ ചാമ്പലായി. തൊട്ടടുത്ത ഷിഫ ആശുപത്രി കോമ്പൗണ്ടിൽ ഗാസയുടെ മക്കളുടെ ദീന രോദനങ്ങളുണർന്നു.

അനസ് അൽ ഷെരീഫ് അയച്ച അവസാന സന്ദേശം: “ഇതെന്റെ അവസാന മെസ്സേജ്. ഈ വാക്കുകൾ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ… എന്നെ ഇല്ലാതാക്കുന്നതിലും എന്നെ പൂർണമായി നിശ്ശബ്ദനാക്കുന്നതിലും ഇസ്രായേൽ വിജയിച്ചു. നിങ്ങൾക്ക് മേൽ അല്ലാഹുവിന്റെ ശാന്തി ഉണ്ടാകട്ടെ...” ഇളയ മകൾ ശാമിൻ, മകൻ ബയാൻ എന്നിവർക്കും അനസ് അവസാന സന്ദേശം അയച്ചു: “അഭിമാനിക്കുക, പിറന്ന മണ്ണിന്റെ അഭിമാനം കാക്കുന്നവരോടോപ്പം നിൽക്കുക. നിങ്ങൾ മുതിർന്നാൽ പലസ്തീന്റെ ഭൂമി തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെടുക...”

ഗാസയിലെ ഇസ്രായേൽ വ്യോമാക്രമണം റിപ്പോർട്ട് ചെയ്യുന്ന അനസ് അൽശരീഫ്.
ഗാസയിലെ ഇസ്രായേൽ വ്യോമാക്രമണം റിപ്പോർട്ട് ചെയ്യുന്ന അനസ് അൽശരീഫ്.

ജബലിയ അഭയാർത്ഥി ക്യാമ്പിലാണ് അനസ് ജനിച്ചത്. പലായനം ചെയ്യുന്നവരുടെ വേദന അനുഭവിച്ച് വളർന്ന ജീവിതം. ബാപ്പ മരിച്ചത് ഇസ്രായേലി ആക്രമണത്തിൽ. അൽ ജസീറയുടെ ഏറ്റവും പ്രശസ്തനായ യുദ്ധ ലേഖകനായി അനസ് മാറിയപ്പോൾ ഇസ്രായേലി സേനാധിപതികൾക്കും ഭരണകൂടത്തിനും അദ്ദേഹം കണ്ണിലെ കരടായി. പല തവണ അവരുടെ ലക്ഷ്യം ആയിരുന്നു അനസ്. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ അവർ ലക്ഷ്യം കണ്ടു. ഹമാസ് സെല്ലിനെ അനസ് അൽശരീഫ് നയിച്ചതായാണ് കൊലയ്ക്ക് കാരണമായി ഇസ്രായേലി സൈന്യം പറഞ്ഞത്. ഹമാസിനു കീഴിലെ സെല്ലിന്റെ നേതാവായിരുന്നുവത്രേ അനസ് അൽശരീഫ്. ഇസ്രായേലി സിവിലിയർക്കും സേനക്കും നേരെ റോക്കറ്റുകൾ വിക്ഷേപിച്ചതിന് അനസ് ഉത്തരവാദിയായിരുന്നുവെന്നും സൈന്യം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഗാസ നഗരത്തിലെ അൽശിഫ ആശുപത്രിക്ക് മുന്നിലുള്ള മാധ്യമപ്രവർത്തകരുടെ തമ്പിനു നേരെ നടത്തിയ വ്യോമാക്രമണത്തിൽ അനസ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അനസിനു പുറമെ അൽ ജസീറയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ. അൽകൂഫിയ ടി.വി റിപ്പോർട്ടർ മുഹമ്മദ് സുബ്ഹിന് പരിക്കേറ്റതായും പലസ്തീൻ ന്യൂസ് ആന്റ് ഇൻഫർമേഷൻ ഏജൻസി റിപ്പോർട്ട് ചെയ്തു.

അനസിനു പുറമെ അൽ ജസീറയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
അനസിനു പുറമെ അൽ ജസീറയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.

ഈ മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടതോടെ ഗാസയിൽ സംഘർഷം ആരംഭിച്ചശേഷം ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 237 ആയി ഉയർന്നതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടതായി അൽഅഖ്സ ടി.വി റിപ്പോർട്ട് ചെയ്തു. ഇതിൽ 30 പേർ റിലീഫ് വിതരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസഹായം തേടി എത്തിയവരായിരുന്നു. 2023 ഒക്ടോബർ ഏഴു തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 61,430 പലസ്തീനികൾ കൊല്ലപ്പെടുകയും 1,53,213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാഥമിക കണക്കുകൾ പറയുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പതിനായിരത്തോളം പേരെ യുദ്ധത്തിൽ കാണാതായിട്ടുമുണ്ട്.

സത്യത്തിന് കുഴിമാടം തീർക്കുന്ന ഇസ്രായേൽ

ഗാസയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തോട് പറയുന്ന എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കി ഇസ്രായേൽ സൈന്യം സത്യത്തെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള യു.എൻ പ്രത്യേക റിപ്പോർട്ടർ ഐറിൻ ഖാൻ പറഞ്ഞു. അൽജസീറ റിപ്പോർട്ടർ അനസ് അൽ ഷെരീഫ് ധീരനായ മാധ്യമപ്രവർത്തകൻ ആയിരുന്നുവെന്നും ജീവന് ഭീഷണി ഉണ്ടായിരുന്നിട്ടും അദ്ദേഹം മാധ്യമപ്രവർത്തനം തുടർന്നുവെന്നും ഐറിൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ രക്തസാക്ഷിത്വത്തിൽ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ലോകത്തെ അറിയിക്കാൻ ഗാസ മുനമ്പിലെ മാധ്യമപ്രവർത്തകർ ജീവൻ പണയപ്പെടുത്തുകയാണ്. മാധ്യമപ്രവർത്തകരെ നേരിട്ട് ലക്ഷ്യംവെച്ച് ആക്രമണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കാൻ ഇസ്രായേലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഐറിൻ ഖാൻ പറഞ്ഞു.

ഗാസയിൽ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കുന്നവരെ നിശബ്ദരാക്കാനുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണം. പലസ്തീനിൽ നടത്തുന്ന ക്രൂരതകളെ ഇതിലൂടെ മറച്ചുവെക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നു. പക്ഷേ സത്യത്തെ കൊല്ലാൻ ഇസ്രായേലിന് കഴിയില്ല.

ഗാസയിൽ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കുന്നവരെ നിശബ്ദരാക്കാനുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണം.
ഗാസയിൽ എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കുന്നവരെ നിശബ്ദരാക്കാനുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണം.

ഗാസയിൽ നിരന്തരം കടുത്ത ആക്രമണങ്ങൾ നടത്തിയിട്ടും അന്താരാഷ്ട്രതലത്തിൽ കാര്യമായ ശിക്ഷാനടപടികളൊന്നും ഇല്ലാത്തത് കൊലപാതക പരമ്പര തുടരാൻ ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുകയാണ്. ഇസ്രായേലിനു മേൽ കൂടുതൽ സമ്മർദവും ഉപരോധവും ആവശ്യമാണ്. മാധ്യമപ്രവർത്തകർക്കെതിരായ നിയമ ലംഘനങ്ങൾ ഐക്യരാഷ്ട്രസഭ രേഖപ്പെടുത്താൻ തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത് ഗാസയിലാണ്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി നടപടിയെടുക്കണമെന്നും സഖ്യത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രായോഗിക നടപടികളിലൂടെ മാധ്യമസ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കണമെന്നും ഐറിൻ ഖാൻ പറഞ്ഞു.

അൽജസീറ റിപ്പോർട്ടർമാരെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇസ്രായേൽ സൈന്യത്തിൻെറ ഗാസ പിടിച്ചെടുക്കാനുള്ള കര ഓപ്പറേഷൻ പ്രഖ്യാപനവുമായി ബന്ധമുണ്ട്. ഇസ്രായേൽ ഭീഷണികളെ കുറിച്ച് മുന്നറിയിപ്പ് നൽകി താൻ അനസ് അൽശരീഫിനെ വ്യക്തിപരമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഐറിൻ ഖാൻ പറഞ്ഞു. താൻ നേരിടുന്ന അപകടത്തെ കുറിച്ച് അവബോധമുണ്ടായിട്ടും സത്യം റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്നാണ് അനസ് പറഞ്ഞത്. അദ്ദേഹം അങ്ങേയറ്റം ധീരനായ മനുഷ്യനായിരുന്നെന്ന് ഐറിൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾ കൊണ്ടൊന്നും ഗാസയിൽ നിന്നുള്ള വാർത്തകളുടെ ഒഴുക്ക് തടയാൻ സാധിക്കില്ല. സിവിലിയർക്കെതിരെ നടക്കുന്ന കൂട്ടക്കൊലകളെ സ്വതന്ത്രമായ ശബ്ദങ്ങൾ തുടർന്നും തുറന്നുകാട്ടും. ആക്രമണം നിർത്താനും ഗാസയിൽ മാനുഷിക സഹായം എത്തുന്നത് ഉറപ്പാക്കാനും മാധ്യമപ്രവർത്തകരെ സംരക്ഷിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അവർ ആവശ്യപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ആത്മാർത്ഥയുണ്ടെങ്കിൽ ഇസ്രായേലുമായി സഖ്യത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ പ്രതികരിക്കണം. അല്ലാത്തപക്ഷം അവരുടെ വിശ്വാസ്യത നഷ്ടപ്പെടും. ഇസ്രായേൽ സൈന്യം മനഃപൂർവ്വം അനസ് അൽശരീഫിനെ കൊലപ്പെടുത്തുകയായിരുന്നു. ഗാസയിലെ വിവരങ്ങൾ പുറത്തെത്തിക്കാൻ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് ഗാസയിലേക്ക് പ്രവേശനം അനുവദിക്കണമെന്നും ഐറിൻ ഖാൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരുടെ കൂട്ടക്കൊലകൾ തടയാനും ഗാസയിൽ ഉപരോധിക്കപ്പെട്ട സാധാരണക്കാർക്ക് മാനുഷിക സഹായം എത്തുന്നത് ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടൽ നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

Comments