ഗാസയിലെ അവസാന മനുഷ്യരെയും ഇല്ലാതാക്കാനുള്ള കരയാക്രമണത്തിനാണ് ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെ ഇസ്രായേലി സൈനികർ കൂറ്റൻ ടാങ്കുകളുമായി പലസ്തീന്റെ മണ്ണ് ഉഴുത് മറിക്കുന്നത്. നിലവിൽ നടത്തിയ ആക്രമണങ്ങളിൽ അറുപതിലധികം പേരെയാണ് ഗാസയിൽ ഇതിനകം കൊലപ്പെടുത്തിയത്. ഗാസയെ തങ്ങളുടെ അധീനതയിലാക്കുംവരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും കൂട്ടരുടേയും രക്തദാഹം ശമിക്കുന്നില്ല.
'ഗാസ കത്തിക്കൊണ്ടിരിക്കുന്നു. പൂർണമായും ഗാസ ഞങ്ങളുടെ അധീനതയിലാകാൻ പോകുന്നു' - ഇസ്രായേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച വാക്കുകൾ. അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിൽ കുറഞ്ഞ ഒരാവശ്യവും അംഗീകരിക്കില്ലെന്നാണ് കാറ്റ്‌സ്, ഹമാസ് നേതൃത്വത്തോട് ആജ്ഞാപിക്കുന്നത്. ഇതിനിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സമാപിച്ച അറബ് - ഇസ്ലാമിക് ഉച്ചകോടി ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ആഹ്വാനം ചെയ്താണ് സമാപിച്ചത്. ഖത്തറിന്റെ നേരെയുള്ള ഇസ്രായേലി ആക്രമണത്തെ 57 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അപലപിക്കുകയും ശക്തമായ തിരിച്ചടി ഇസ്രായേലിന് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ തുടങ്ങിയ ആക്രമണത്തിൽ ഇതിനകം 64,000 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിപക്ഷവും സ്ത്രീകളും പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ളവരുമാണ്. പട്ടിണിയും കൊടുംദാരിദ്ര്യവും കാരണം മരണപ്പെട്ട കുട്ടികളുൾപ്പെടെയുള്ളവർ ആയിരത്തിഅഞ്ഞൂറോളം വരും. ഇസ്രായേലി സൈനികരുൾപ്പെടെ 251 ബന്ദികളെയാണ് ഹമാസ് തടവിലിട്ടിരുന്നത്. ഭൂരിപക്ഷം പേരെയും ഇതിനകം വിട്ടയച്ചു.
ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഗാസയിലെ കരയാക്രമണം. എങ്കിലും നിരവധി ജീവഹാനി സംഭവിക്കുന്ന കരയാക്രമണം അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഇസ്രായേലിനെ തടയില്ലെന്നും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുമെന്നും റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ട്രംപിന്റെ യുദ്ധമല്ല, നെതന്യാഹുവിന്റെ യുദ്ധമാണ്. പിന്നീട് എന്ത് സംഭവിക്കുമെന്നതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നുമാണ് യു.എസ് നിലപാട്.

ഗാസ നഗരത്തിൽ ഇസ്രായേൽ വ്യോമാക്രമണം മണിക്കൂറുകളോളം തുടർന്നതായി അൽഅറബിയ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത് മിനിറ്റിനുള്ളിൽ ഗാസയിൽ 37 വ്യോമാക്രമണങ്ങളാണ് നടന്നത്. ഗാസ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബോംബാക്രമണം തുടരുകയാണെന്നും യുദ്ധവിമാനങ്ങളുടെ പിന്തുണയോടെ പീരങ്കി ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയുടെ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ കനത്ത വെടിവെപ്പാണ് നടന്നത്. ക്വാഡ്കോപ്റ്ററുകളുടെ കനത്ത വെടിവെപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഓപ്പറേഷൻ ഗിഡിയോൺ-2 ആരംഭിക്കുന്നതിനുള്ള അവസാന തയ്യാറെടുപ്പുകളുടെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം ഇസ്രായേൽ വ്യോമസേന ഗാസ നഗരത്തിൽ, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ഭാഗത്ത് ആക്രമണം നടത്തിയതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. മൂന്നു ലക്ഷത്തിലേറെ ഗാസ നിവാസികൾ നഗരം വിട്ടുപോയതായി ഇസ്രായേൽ സുരക്ഷാ കണക്കുകൾ സൂചിപ്പിക്കുന്നു. ഇസ്രായേലി വ്യോമാക്രമണങ്ങളിൽ 62 പേർ മരിച്ചതായി പലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ തിങ്കളാഴ്ച വൈകുന്നേരം അറിയിച്ചു. ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് ഗാസ നഗരത്തിൽ തന്നെയാണ്.
അതേസമയം, ഇസ്രായേലിനെതിരെ ദോഹയിൽ ചേർന്ന അടിയന്തിര അറബ്, ഇസ്ലാമിക് ഉച്ചകോടി ഖത്തറിൽ ആക്രമണം നടത്തിയ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ജോർദാൻ രാജാവ്, തുർക്കി, ഇറാൻ പ്രസിഡന്റുമാർ എന്നിവർ അടക്കം 57 അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും നേതാക്കളും പ്രധാനമന്ത്രിമാരും പങ്കെടുത്ത സുപ്രധാന ഉച്ചകോടി, ഇസ്രായേൽ അതിക്രമത്തെ നേരിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഖത്തറിൽ ഇസ്രായേലിന്റെ ഇടപെടൽ വഞ്ചനയും അധാർമികവുമാണെന്നും ഉച്ചകോടി കുറ്റപ്പെടുത്തി. നഗ്നമായ നിയമ ലംഘനമാണത്. ഖത്തറിൽ നിന്നും ഈജിപ്തിൽ നിന്നും ലഭിച്ച അമേരിക്കൻ വെടിനിർത്തൽ നിർദേശം ആലോചിക്കുന്നതിനും സംഘർഷത്തിന്റെ മഞ്ഞുരുക്കത്തെ കുറിച്ച് ആലോചിക്കുന്നതിനുമിടയ്ക്കാണ് ഇസ്രായേൽ ദോഹ ലക്ഷ്യമാക്കി മിസൈലുകൾ അയച്ചതെന്നത് എല്ലാ അന്താരാഷ്ട്ര മര്യാദകളുടെയും കടുത്ത ലംഘനമാണെന്നും ഉച്ചകോടി ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഹമാസ് നേതാക്കളെ വധിക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെങ്കിൽ എന്തിനാണ് അവരുമായി (ഹമാസ്) ചർച്ച നടത്തുന്നതെന്ന് ഖത്തർ ഭരണാധികാരി ചോദിച്ചു. ഇസ്രായേലിന്റെ ആക്രമണത്തെ നേരിടുമെന്നും അന്താരാഷ്ട്ര നിയമത്തിനുള്ളിൽ നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഖത്തർ പ്രഖ്യാപിച്ചു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കുന്നില്ലെന്നും അറബ് സമാധാന പദ്ധതി അവർ അംഗീകരിച്ചിരുന്നെങ്കിൽ എണ്ണമറ്റ ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയിലെ ഉന്മൂലന യുദ്ധം അവസാനിപ്പിക്കാനും ഇസ്രായേലി ബന്ദികളെ തിരികെ കൊണ്ടുവരാനുമായി ഖത്തർ രണ്ട് വർഷമായി മധ്യസ്ഥശ്രമം നടത്തുന്നുണ്ട്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത്തരം ചർച്ചകളും എക്കാലത്തും ഒരു യുദ്ധതന്ത്രമാണ്. ഇസ്രായേൽ സർക്കാരിന് ബന്ദികളെ ആവശ്യമില്ല. അവിടത്തെ സർക്കാർ, ജൂതകുടിയേറ്റങ്ങൾ വികസിപ്പിക്കാനും അധിനിവേശ പലസ്തീൻ പ്രദേശങ്ങളുടെ ഭൂപടം മാറ്റിയെഴുതാനും യുദ്ധത്തെ മറ്റൊരു ഉപകരണമാക്കുകയാണ്. അറബികളുടെ മേൽ നിലവിലെ സ്ഥിതി അടിച്ചേൽപ്പിക്കുമെന്ന് ഇസ്രായേൽ ഭരണാധികാരികൾ വിശ്വസിക്കുന്നു. അറബ് മേഖല ഇസ്രായേലിന്റെ സ്വാധീന മേഖലയായി മാറുമെന്നത് നെതന്യാഹുവിന്റെ സ്വപ്നം മാത്രമാണെന്നും ദോഹ ഉച്ചകോടി അഭിപ്രായപ്പെട്ടു. ഗാസയിലെ വംശഹത്യ തുടരാനുള്ള യുദ്ധതന്ത്രം നെതന്യാഹു ഉപേക്ഷിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും തുർക്കി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകി. ലെബനോന്റെയും സിറിയയുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന ഇസ്രായേൽ, ഗാസയിലും വെസ്റ്റ് ബാങ്കിലുമടക്കം അറബ് മേഖലയിൽ നിയമ ലംഘനങ്ങൾ തുടരുന്നത് നിർത്തണമെന്നുള്ള ആവശ്യങ്ങളും ദോഹ ഉച്ചകോടി ഉയർത്തി. അറബ്, ഇസ്‌ലാമിക രാജ്യങ്ങൾ പ്രതിരോധ, സൈനിക വ്യവസായം ശക്തമാക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു. ഖത്തറിനെതിരായ ഇസ്രായേലി ആക്രമണം എല്ലാ പരിധികളും മറികടന്നതായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽഗെയ്ത്ത് പറഞ്ഞു. രാഷ്ട്രീയവും ഭരണപരവുമായ അന്തരങ്ങൾ തൽക്കാലത്തേക്കെങ്കിലും മാറ്റിവെച്ചായായിരുന്നു ദോഹ ഉച്ചകോടി കഴിഞ്ഞ് നേതാക്കൾ മടങ്ങിയത്.

▮
ഹൃദയരക്തത്തിൽ മുക്കിയെടുത്ത തന്റെ പൊൻനാരായം കൊണ്ട് പലസ്തീന്റെ പടനായകനായ കവി മഹ്മൂദ് ദർവിഷ് എഴുതി: “സ്വന്തം മണ്ണിൽ ശ്വസിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായ പലസ്തീനികളുടെ കുഴിമാടത്തിനു മുന്നിൽ അല്ലാഹു ഓരോ ചെടി നട്ടുവളർത്തും. പച്ചത്തഴപ്പുകളുമായി മുളപൊട്ടുന്ന ആ ചെടികളുടെ സാഫല്യത്തിലൂടെ, വരാനിരിക്കുന്ന തലമുറ സ്വന്തം രക്തം തിരിച്ചറിയും. പൂവുകളായി, പഴങ്ങളായി, രക്തസാക്ഷികൾ ഈ മണ്ണിൽ പുനർജ്ജനിക്കും. അന്നേരം ഗോലാൻകുന്നുകളുടെ ചെരിവിൽ തിളങ്ങുന്ന മാനത്തിന്റെ മറുസീമയിൽ നിന്ന് മരണദൂതുമായി പക്ഷിക്കൂട്ടം ചിറകടിച്ചെത്തും. മരണം പലസ്തീനികൾക്ക് സ്വർഗപ്രാപ്തിയാണ്…”
