2025 ആഗസ്ത് 25 തിങ്കളാഴ്ച്ച, തെക്കൻ ഗാസയിലെ നസ്സർ ആശുപത്രിക്കെട്ടിടത്തിൻെറ മുകളിലെ നിലയിൽ സ്ഫോടനം ഉണ്ടാവുന്നു. 15 മിനിറ്റിനുള്ളിൽ കെട്ടിടത്തിൽ വീണ്ടും സ്ഫോടനം ഉണ്ടാവുന്നു. ആളുകൾ ചിതറിയോടുന്നു. പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒടുവിൽ ചോരയിൽ കുതിർന്ന മൃതദേഹങ്ങൾ… മനുഷ്യരുടെ നിലവിളികൾ… രക്ഷാപ്രവർത്തനങ്ങൾ… ആക്രമണത്തിൽ കൊല്ലപ്പെട്ടത് 20 പേരെന്ന് പിന്നീട് വാർത്തകൾ പുറത്ത് വരുന്നു. ലോകത്തിലെ പ്രധാനപ്പെട്ട വാർത്താ ഏജൻസികളായ റോയിറ്റേഴ്സിൻെറയും എ.പിയുടെയും അടക്കം 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ഗാസയിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമേ അല്ലാതായിരിക്കുന്നു. ഗാസയിൽ മനുഷ്യർ മരിക്കുന്നതോ ഇസ്രായേലിൻെറ ക്രൂരതകൾ തുടരുന്നതോ മാധ്യമങ്ങൾക്ക് വലിയ വാർത്തയേ അല്ലാതായിരിക്കുന്നു. മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നത്, ആശുപത്രികൾ ആക്രമിക്കപ്പെടുന്നത്, പിഞ്ചുകുഞ്ഞുങ്ങൾ ഭക്ഷണം കിട്ടാതെ മരിക്കുന്നത്… ഒന്നും തന്നെ അന്താരാഷ്ട്ര മനഃസ്സാക്ഷിയെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കടന്നുപോവുകയാണ്.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 200-ലധികം ആണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ലോകത്താകെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തിൻെറ ഇരട്ടിയാണിത്.
2023 ഒക്ടോബർ 7-ന് ശേഷം ആക്രമണം തുടങ്ങിയ ശേഷം പലസ്തീനിലെ ഏകദേശം 400-ഓളം ആശുപത്രികളെയാണ് ഇസ്രായേൽ ആക്രമിച്ചത്. നേരത്തെയുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടും കഴിയുന്ന മനുഷ്യർക്ക് നേർക്കാണ് ഈ നിരന്തര ആക്രമണങ്ങൾ. ആശുപത്രികളെ ഹമാസ് സൈനിക കേന്ദ്രങ്ങളാക്കി ഉപയോഗപ്പെടുത്തുന്നുവെന്നും അവർക്കെതിരെയാണ് ഈ ആക്രമണങ്ങളുമെന്നാണ് ഇസ്രായേൽ ന്യായീകരിക്കുന്നത്. എന്നാൽ ഇതിനെന്തെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടോ? ആശുപത്രികൾക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നത് നിരപരാധികളായ മനുഷ്യർ മാത്രമാണ്. ഗാസയിൽ മാധ്യമപ്രവർത്തകരെയും ഇസ്രായേൽ നിരന്തരം കൊലപ്പെടുത്തുന്നുണ്ട്. അവിടെയും ഹമാസുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നാണ് വാദം. റോയിട്ടേഴ്‌സ് പത്രപ്രവർത്തകൻ ഹുസ്സം അൽ മസ്രി, അസോസിയേറ്റഡ് പ്രസ്സിലെ മര്‍യം അബുദഖ, അൽ ജസീറയുടെ മുഹമ്മദ് സലാം, ഫോട്ടോ ജേണലിസ്റ്റ് മോവാസ് അബു താഹ, ഖുദ്‌സ് ഫീഡിലെ അഹമ്മദ് അബു അസീസ് എന്നിവരാണ് നേരത്തെ പരാമർശിച്ച ആശുപത്രിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മറ്റൊരു റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകൻ ഹതീം ഖാലിദിനും ആക്രമണത്തിൽ പരിക്കേറ്റു.

Committee to Protect Journalists (CPJ) പറയുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 200-ലധികം ആണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ലോകത്താകെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തിൻെറ ഇരട്ടിയാണിത്. യുദ്ധ കുറ്റകൃത്യങ്ങൾ ആവർത്തിക്കുമ്പോഴും ഇസ്രായേൽ തങ്ങൾ നടത്തുന്ന ആക്രമണങ്ങളിൽ ബഹുഭൂരിപക്ഷത്തിൻെറയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നേയില്ല. അന്വേഷണങ്ങളോട് സഹകരിക്കാറുമില്ല. 2022-ൽ ഇസ്രായേലി സ്‌നൈപ്പർ നടത്തിയ വെടിവയ്പ്പിൽ പലസ്തീൻ-അമേരിക്കൻ അൽ ജസീറ മാധ്യമപ്രവർത്തക ഷിരീൻ അബു അക്ലേ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്താതെ പോയത് ഒരു ഉദാഹരണം മാത്രം. കഴിഞ്ഞ 22 മാസങ്ങളായി നടക്കുന്ന സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങളെ പൂർണമായും ഇസ്രായേൽ വിലക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാർ റിപ്പോർട്ടിങ് വിലക്ക് ലോകചരിത്രത്തിൽ തന്നെ അപൂർവമാണ്. തങ്ങൾ പറയുന്നത് മാത്രം പുറംലോകം അറിഞ്ഞാൽ മതിയെന്നാണ് ഇസ്രായേൽ കരുതുന്നത്. എന്നാൽ അതിന് അനുവദിക്കാതെ സംഘർഷഭൂമിയിൽ നിന്ന് ജീവൻ പണയം വെച്ചുകൊണ്ട് മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു. അവരെയാണ് ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നത്. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുക എന്ന കൃത്യമായ പദ്ധതി തന്നെയാണ് ഇസ്രായേൽ നടപ്പിലാക്കുന്നത്. ഗാസയിലെ നിരപരാധികളുടെയോ മാധ്യമപ്രവർത്തകരുടെയോ സ്ത്രീകളുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയോ കൊലപാതകങ്ങൾ ഇസ്രായേൽ പറയുന്നത് പോലെ ഹമാസിനെ ആക്രമിക്കുന്നതിനിടെ അബദ്ധവശാൽ സംഭവിക്കുന്നതല്ല. അല്ലെങ്കിൽ പിന്നെന്തിനാണ് ആശുപത്രികൾ ലക്ഷ്യമായി മാറുന്നത്? മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തുന്നത്?
ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിലുള്ള 30 ശതമാനം കുഞ്ഞുങ്ങൾ ഗുരുതരമായ പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. അഞ്ചു വയസ്സിനുതാഴെയുള്ള 1,32,000 കുട്ടികള്‍ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു, 43,000- ലേറെ കുഞ്ഞുങ്ങള്‍ മരണത്തിലേക്ക് നീങ്ങുന്നു.
ഈ വർഷം തന്നെ ആഗസ്ത് 10-ന് അൽ ജസീറയുടെ പ്രശസ്തനായ മാധ്യമപ്രവർത്തകൻ 28-കാരനായ അനസ് അൽ ഷെരീഫിനെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. അനസിനു പുറമെ അൽ ജസീറയിലെ മുഹമ്മദ് ഖുറൈഖിഅ്, ക്യാമറാമാൻമാരായ ഇബ്രാഹിം ദാഹിർ, മുഅ്മിൻ അലൈവ, മുഹമ്മദ് നൗഫൽ എന്നിവരെയും കൊലപ്പെടുത്തി. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിക്ക് സമീപമായിരുന്നു ഈ ആക്രമണം. ഒരൊറ്റ മാസം മാത്രം 10 മാധ്യമപ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരിക്കുന്നത്. 2024-ൽ ലോകത്തിലെ 18 രാജ്യങ്ങളിലായി കൊല്ലപ്പെട്ടത് 124 മാധ്യമപ്രവർത്തകരാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ് (CPJ) റിപ്പോർട്ട് ചെയ്തിരുന്നു. ഇതിലെ 70 ശതമാനം മരണങ്ങൾക്കും, അതായത് 85 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് ഇസ്രായേൽ സൈന്യമാണ്. CPJ രൂപം കൊണ്ടതിന് ശേഷം ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട വർഷമാണ് 2024. Watson Institute for International and Public Affairs പുറത്തുവിട്ട കണക്കുകൾ പ്രകാരം ശരാശരി ഒരു മാസം 13 മാധ്യമപ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെടുന്നത്. രണ്ട് ലോകമഹായുദ്ധങ്ങൾ, വിയറ്റ്നാം യുദ്ധം, യുഗോസ്ലാവ്യ യുദ്ധങ്ങൾ, അമേരിക്കയുടെ അഫ്ഗാനിസ്ഥാൻ ആക്രമണം എന്നിവയിലൊന്നും തന്നെ ഇത്രയധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടില്ല.

അവിടെയൊന്നും തന്നെ മാധ്യമപ്രവർത്തകരെ ഇങ്ങനെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്ന രീതി ഉണ്ടായിട്ടില്ല. 2024-ൽ മാത്രം 35 മാധ്യമപ്രവർത്തകരെ, അവരുടെ റിപ്പോർട്ടുകൾ കാരണം കൃത്യമായ ആസൂത്രണത്തോടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. ഗാസയിൽ വിദേശമാധ്യമങ്ങളുടെ കറസ്പോണ്ടൻറ്സിന് വിലക്കുണ്ട്. പ്രാദേശിക മാധ്യമപ്രവർത്തകരെയാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികളും മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നത്. സ്വന്തം ജീവൻ അപകടത്തിലാക്കിയാണ് തങ്ങളുടെ കൺമുമ്പിൽ നടക്കുന്ന കൊടും ക്രൂരതകൾ പുറംലോകത്തെത്തിക്കാൻ അവർ ജോലി ചെയ്യുന്നത്.
ഗാസയുടെ ആരോഗ്യം
ഒരു സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത്, ആക്രമണങ്ങൾ നേരിടുന്ന ഇടത്ത് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കേണ്ടതുണ്ട് ആശുപത്രികൾ. ഇസ്രായേൽ ഹമാസിനെതിരെയെന്ന പേരിൽ ആക്രമണം തുടങ്ങിയ 2023 ഒക്ടോബറിൽ തന്നെ ഏകദേശം 94 ആരോഗ്യകേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. 29 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. അതിൻെറ തുടർച്ചയാണ് 2025 ആഗസ്തിൽ വരെയും നടന്നത്. യാതൊരു മനുഷ്യത്വവുമില്ലാതെ ഇസ്രായേൽ ഇനിയും തുടരാൻ പോവുന്നതും അത് തന്നെയാണ്. പോഷകാഹാരക്കുറവ് മൂലം ചികിത്സ തേടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളടക്കം അവിടെയുണ്ടെന്ന് ഇസ്രായേൽ സൈന്യത്തിന് വ്യക്തമായറിയാം. എന്നാൽ, അതൊന്നും അവരെ തങ്ങളുടെ ക്രൂരകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നേയില്ല. ഗാസയിൽ ആക്രമണം നേരിട്ടിട്ടുള്ള ആശുപത്രികളിൽ 38 ശതമാനവും പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളാണെന്ന് യു.എൻ ഇതുസംബന്ധിച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ആവശ്യത്തിനുള്ള മരുന്നുകളുടെ 50 ശതമാനം മാത്രമാണ് ഇപ്പോൾ ആശുപത്രികളിലുള്ളത്. അതും ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
പലസ്തീനിലെ മനുഷ്യർക്ക് ചികിത്സ നിഷേധിക്കാൻ എല്ലാവിധത്തിലുള്ള ശ്രമങ്ങളും ഇസ്രായേൽ സൈന്യം നടത്തുന്നുണ്ട്. ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും മെഡിക്കൽ സഹായവുമായി എത്തുന്ന വാഹനങ്ങളെയെല്ലാം തടയുന്നു. ആവശ്യത്തിനുള്ള മരുന്നുകളുടെ 50 ശതമാനം മാത്രമാണ് ഇപ്പോൾ ആശുപത്രികളിലുള്ളത്. അതും ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മേഖലയിലെ ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ദിവസേന നടക്കുന്ന ആക്രമണങ്ങളിൽ പരിക്കേറ്റവർ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ, പോഷകാഹാരം കിട്ടാത്തതിനാൽ ആരോഗ്യപ്രതിസന്ധി നേരിടുന്നവർ എന്നിവരെല്ലാം ഇസ്രയേൽ കാരണം യാതന അനുഭവിക്കുന്നവരാണ്. ഭക്ഷണ വിതരണകേന്ദ്രങ്ങളിൽ പോലും ഈയടുത്ത് നിരന്തരം ആക്രമണങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. 2025 മെയ് 27-ന് ശേഷമുള്ള കണക്കുകളെടുത്താൽ 1655 പേരാണ് ഭക്ഷണവിതരണകേന്ദ്രങ്ങൾളിൽ കൊല്ലപ്പെട്ടത്. 11,800 പേർക്കാണ് പരിക്കേറ്റത്. ഈ വർഷം മാത്രം പോഷകാഹാരക്കുറവ് കാരണം ഇതുവരെ കൊല്ലപ്പെട്ടത് 148 പേരാണെന്നാണ് യു.എൻ കണക്ക്. അതിൽ 49 പേർ കുട്ടികളാണ്, 39 പേർ അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രതിസന്ധി നേരിടുന്ന 5 വയസ്സിന് താഴെയുള്ള 12000-ത്തിലധികം കുട്ടികളെയാണ് ആരോഗ്യപ്രവർത്തകർ ജൂലൈയിൽ മാത്രം കണ്ടെത്തിയത്. ഇത് റെക്കോർഡ് കണക്കാണ്. 2500 കുട്ടികളുടെ നില അതീവഗുരുതരമാണെന്നും യു.എൻ റിപ്പോർട്ട് പറയുന്നുണ്ട്.

രോഗവ്യാപനങ്ങളും ഗാസയിലെ ജനതയുടെ ജീവിതത്തിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. മെനിഞ്ചൈറ്റിസ് പടർന്നുപിടിക്കുന്നതാണ് വലിയ പ്രതിസന്ധി. ജൂലൈ - മുതൽ ആഗസ്ത് വരെയുള്ള രണ്ട് മാസത്തിനിടയിൽ മാത്രം റിപ്പോർട്ട് ചെയ്തത് 452 കേസുകളാണ്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്ന Guillain-Barré syndrome എന്ന രോഗവും പടരുന്നുണ്ട്. അപൂർവമായി ഉണ്ടാവുന്ന ഈ രോഗം ജൂണിൽ 76 പേരിലാണ് റിപ്പോർട്ട് ചെയ്തത്. ഈ രോഗങ്ങളെ നേരിടാൻ ആവശ്യമായ മരുന്നകളുടെ സ്റ്റോക്കും ഗാസയിലെ ആശുപത്രികളിലില്ല. അന്താരാഷ്ട്ര മെഡിക്കൽ സംഘങ്ങളുടെ മരുന്ന് വിതരണം ബ്ലോക്ക് ചെയ്യുന്ന ഇസ്രായേലിൻെറ നടപടികൾ ഇപ്പോഴും തുടരുന്നു. ഐസിയു ഉപകരണങ്ങൾ, അനസ്തേഷ്യ മെഷീനുകൾ, കോൾഡ് ചെയ്ൻ ഉപകരണങ്ങൾ എന്നിവയുമായി ചെല്ലുന്ന ട്രക്കുകൾ പോലും തടയുകയാണ്. ജൂൺ മുതൽ ഇതുവരെയുള്ള മൂന്ന് മാസങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ 80 ട്രക്കുകൾക്ക് മാത്രമാണ് ഗാസയിലേക്ക് കടക്കാൻ അനുമതി ലഭിച്ചത്. ഒരു ജനതയെ ദുരിതത്തിൽ നിന്ന് കൊടും ദുരിതത്തിലേക്ക് നയിക്കാൻ ആരോഗ്യമേഖലയെ ആകെ തകർക്കുകയാണ് ഇസ്രായേൽ.
പതിനായിരത്തിൽ രണ്ട് പേർ പട്ടിണി കാരണം ദിവസവും മരിക്കുന്നു. പതിനായിരത്തിൽ നാല് കുഞ്ഞുങ്ങൾ ദിവസവും പട്ടിണി മൂലമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലോ മരിക്കുന്നു.
ഭക്ഷ്യക്ഷാമം, പട്ടിണി…
ഭക്ഷ്യക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന മേഖലയായി ഗാസയെ യു.എൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഭക്ഷ്യക്ഷാമം പ്രഖ്യാപിക്കുന്നത്. നിരന്തരമായ ആക്രമണം കാരണം പലസ്തീൻ ജനതയ്ക്ക് തങ്ങളുടെ ഭക്ഷണത്തിന് ആവശ്യമുള്ള വസ്തുക്കൾ ഉണ്ടാക്കാനോ സംഭരിക്കാനോ സാധിക്കുന്നില്ല. പുറത്ത് നിന്നുവരുന്ന സഹായങ്ങളെ മുഴുവൻ ഇസ്രായേൽ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു. ഇതോടെ ഭക്ഷണത്തിനും വെള്ളത്തിനുമായി കേഴുകയാണ് ഗാസ. നിരവധി പട്ടിണിമരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആഗസ്ത് 22-നാണ് Integrated Food Security Phase Classification (IPC) ഗാസയെ ഭക്ഷ്യക്ഷാമം നേരിടുന്ന മേഖലയായി പ്രഖ്യാപിച്ചത്. ഗാസ സിറ്റി പൂർണമായും ക്ഷാമത്തിൻെറ കെടുതികൾ അനുഭവിക്കുകയാണ്. മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെടുകയോ സംഘർഷം അവസാനിക്കുകയോ ചെയ്തില്ലെങ്കിൽ ഡെയ്ർ അൽ ബലാ, ഖാൻ യൂനിസ് മേഖലകളിലേക്കും ഇത് വ്യാപിക്കും. സ്ഥിതിഗതികൾ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ സെപ്തംബർ അവസാനം ആവുമ്പോഴേക്കും ഭക്ഷ്യക്ഷാമവും പട്ടിണിയും കാരണം മേഖല വലിയ പ്രതിസന്ധി തന്നെ നേരിടുമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം മനുഷ്യരാണ് കൊടുംപട്ടിണി കാരണം ദുരിതം അനുഭവിക്കുന്നത്. പാലസ്തീൻ ജസംഖ്യയുടെ വലിയൊരു ഭാഗം തന്നെ വരുമിത്.

ലോകത്തിൻെറ മറ്റൊരു ഭാഗത്തും കഴിഞ്ഞ രണ്ട് മൂന്ന് ദശാബ്ദങ്ങൾക്കിടയിൽ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നാണ് ഐ.പി.സി വിശദീകരിക്കുന്നത്. ഗാസയിലേക്ക് ഭക്ഷണവുമായി എത്തുന്ന വാഹനങ്ങളെ മുഴുവൻ ഇസ്രയേൽ സൈന്യം ബ്ലോക്ക് ചെയ്ത് തുടങ്ങിയതോടെയാണ് ഗുരുതരമായ പ്രതിസന്ധി തുടങ്ങിയത്. ഇക്കഴിഞ്ഞ ജൂലൈ - ആഗസ്ത് മാസങ്ങളിൽ ഗാസയിൽ ക്ഷാമം രൂക്ഷമായി മാറിയിരിക്കുന്നു. ഗാസയിലെ ക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിൻെറ ഉത്തരവാദിത്വം പൂർണമായും ഇസ്രായേലിനാണ്. മനുഷ്യരെ മനപൂർവം പട്ടിണിക്കിട്ട് കൊല്ലുകയെന്ന ഗുരുതരമായ യുദ്ധക്കുറ്റകൃത്യമാണ് അവർ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്ത് ക്ഷാമം പ്രഖ്യാപിക്കുന്നത് തക്കതായ കാരണങ്ങൾ കൊണ്ട് മാത്രമാണ്.
ഗാസയിലെ അഞ്ചിൽ ഒരു കുടുംബം ഗുരുതരമായ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുവെന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് ഐ.പി.സി ഇത് പ്രഖ്യാപിച്ചത്. ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിലുള്ള 30 ശതമാനം കുഞ്ഞുങ്ങൾ ഗുരുതരമായ പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. അഞ്ചു വയസ്സിനുതാഴെയുള്ള 1,32,000 കുട്ടികള്‍ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുവെന്നും 43,000- ലേറെ കുഞ്ഞുങ്ങള്‍ മരണത്തിലേക്ക് നീങ്ങുകയാണെന്നും യു.എന്‍ പ്രതിനിധി മുന്നറിയിപ്പുനല്‍കുന്നു.

പതിനായിരത്തിൽ രണ്ട് പേർ പട്ടിണി കാരണം ദിവസവും മരിക്കുന്നു. പതിനായിരത്തിൽ നാല് കുഞ്ഞുങ്ങൾ ദിവസവും പട്ടിണി മൂലമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലോ മരിക്കുന്നു. 317 പേരാണ് ഇതുവരെ പട്ടിണി- അനുബന്ധ കാരണങ്ങളാല്‍ മരിച്ചത്. ഇവരില്‍ 121 പേര്‍ കുട്ടികളാണ്. പട്ടിണിയെ ആയുധമായി ഉപയോഗിക്കുകയാണ് ഇസ്രായേൽ. ബെഞ്ചമിൻ നെതന്യാഹുവിൻെറ നേതൃത്വത്തിലുള്ള ഭരണകൂടം പരസ്യമായി തന്നെ ഗാസയിലെ പട്ടിണിമരണങ്ങളെ ന്യായീകരിക്കുന്നു.
പ്രതിരോധങ്ങൾ… എതിർ ശബ്ദങ്ങൾ…
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയെന്ന പേരിലാണ് ഇസ്രായേൽ ഗാസയിലെ മനുഷ്യരെ മുഴുവൻ എതിരാളികളാക്കി ഇപ്പോഴും കൊടും ക്രൂരത തുടരുന്നത്. ഏകദേശം രണ്ട് വർഷത്തോളമായി ലക്ഷക്കണക്കിന് മനുഷ്യരെ ഇഞ്ചിഞ്ചായി കൊലചെയ്യുകയാണ്. നേരിട്ട് നടത്തുന്ന ആക്രമണങ്ങൾക്ക് പുറമെ അവർക്കുള്ള ഭക്ഷണവും മരുന്നും നിഷേധിക്കുന്നു. അവിടെ നിന്നുള്ള വാർത്തകൾ പുറത്തെത്താതിരിക്കാൻ മാധ്യമങ്ങളെ വിലക്കുന്നു. മാധ്യമപ്രവർത്തകരെ കൊലചെയ്യുന്നു. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോഷകാഹാരം നിഷേധിക്കുന്നു. മതിയായ ചികിത്സ പോലും അവർക്ക് കിട്ടാതിരിക്കാൻ എല്ലാ ഇടപെടലും നടത്തുന്നു. ആശുപത്രികൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നു. നിരപരാധികളായ മനുഷ്യരെ കൊന്നുതള്ളുന്നു. വീടുകളും വാസസ്ഥലങ്ങളും തകർക്കുന്നു. ഗാസ സിറ്റിയുടെ തെക്കന്‍ മേഖലയിലുള്ള സീറ്റൂണില്‍ ഈ മാസം ആദ്യം തുടങ്ങിയ ഇസ്രായേലി ആക്രമണത്തില്‍ 1500-ലേറെ വീടുകള്‍ തകര്‍ന്നു. ഇപ്പോള്‍ ഇവിടെ ഒരു കെട്ടിടം പോലും അവശേഷിക്കുന്നില്ല. ഗാസക്കെതിരായ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 63,000 ലേറെ പേര്‍. 1,60,000 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇത് ഹമാസിനെതിരെയോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകൾക്കെതിരെയോ നടത്തുന്ന ആക്രമണമേയല്ല. ഒരു ജനതയെ കൃത്യമായി ഉന്നംവെച്ച് നടക്കുന്ന വംശഹത്യയാണ്. പലസ്തീനികളെ ഗാസയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും പൂർണമായി കുടിയൊഴിപ്പിക്കുന്നതിനുള്ള ഗൂഢപദ്ധതിയാണ്…
