മിഡിൽ ഈസ്റ്റിൽ (Middle East) സമാധാനത്തിനുള്ള ശ്രമങ്ങളെയെല്ലാം തള്ളി ലെബനനിലും (Lebanon) ഗാസയിലും (Gaza) ഒരുപോലെ ആക്രമണം തുടർന്ന് ഇസ്രയേൽ (Israel). ലെബനനിൽ ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്നും വെടിനിർത്തലിനുള്ള സാധ്യത നിലവിലില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അസന്ദിഗ്ദമായി വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 92 പേരാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹിസ്ബുല്ലയുടെ ഡ്രോൺ കമാൻഡർ മുഹമ്മദ് ഹുസൈൻ സുരൂരും വ്യാഴാഴ്ച കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബെയ്റൂത്തിൽ നടത്തിയ ആക്രമണത്തിലാണ് ഡ്രോൺ കമാൻഡറെ കൊലപ്പെടുത്തിയത്. ഈ ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയും ഫ്രാൻസും ചേർന്നാണ് മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎൻ രക്ഷാസഭയിൽ ആവശ്യപ്പെട്ടത്. ആകെ 12 രാജ്യങ്ങൾ ഈ നിർദ്ദേശത്തെ പിന്തണയ്ക്കുകയും ചെയ്തു. ലെബനൻെറ ഭാഗത്ത് നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായത്. 21 ദിവസത്തേക്ക് വെടിനിർത്തലിന് വേണ്ടിയാണ് നിർദ്ദേശം ഉണ്ടായത്. എന്നാൽ, അത്തരം ആലോചനകളിലൊന്നും തങ്ങൾക്ക് താൽപര്യമില്ലെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്. ലെബനൻ അതിർത്തിക്കുള്ളിൽ കടന്ന് കരയുദ്ധത്തിന് ശ്രമിക്കണമെന്ന് ഇസ്രയേൽ സൈനികമേധാവി കഴിഞ്ഞ ദിവസം സൈനികർക്ക് നിർദ്ദേശം നൽകിയിരുന്നു. അത് നടപ്പിലാവുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. “ഹിസ്ബുല്ലയ്ക്ക് നേരെ സമ്പൂർണ ആക്രമണം തുടരാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ലക്ഷ്യത്തിലെത്താതെ ഞങ്ങൾ ഇത് അവസാനിപ്പിക്കുകയുമില്ല. ലെബനനിലുള്ള ഇസ്രയേലികളെ സുരക്ഷിതരായി തിരിച്ചെത്തിക്കും,” നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ നിർദ്ദേശത്തോട് പ്രതികരിക്കാൻ പോലും നെതന്യാഹു തയ്യാറായിട്ടില്ല.
മേഖലയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് പൂർണമായും അനുകൂലമാണെന്നാണ് ലെബനൻ പ്രതികരിച്ചത്. “ഞങ്ങളുടെ രാജ്യത്തിൻെറ അസ്ഥിത്വം പോലും പ്രതിസന്ധിയിലാണ്. നയതന്ത്രമെന്നത് എപ്പോഴും എളുപ്പമായിക്കൊള്ളണമെന്നില്ല. എന്നാൽ നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ചർച്ചകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അമേരിക്കയും ഫ്രാൻസും ചേർന്ന് മുന്നോട്ടുവെച്ചിട്ടുള്ള ഈ വെടിനിർത്തൽ നിർദ്ദേശം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് കരുതുന്നത്” - ലെബനൻ വിദേശകാര്യമന്ത്രി അബ്ദള്ള ബൗഹബീബ് പറഞ്ഞു. രണ്ട് രാജ്യങ്ങളും ഒരുമിച്ച് ചർച്ച ചെയ്താൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനനിൽ ആക്രമണം തുടരുന്ന ഇസ്രയേൽ ഗാസയിലും ക്രൂരത തുടരുകയാണ്. ഗാസയിലെ ഒരു സ്കൂളിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസം പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 22 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് മേഖലയിലെ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ജബലിയയിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിന് നേർക്കാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. തങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള പദ്ധതികളുമായി ഇവിടെ ഹമാസ് സംഘം തമ്പടിച്ചിരുന്നുവെന്നും അവരെയാണ് ലക്ഷ്യമിട്ടതെന്നുമെന്നാണ് ഇസ്രയേൽ സൈന്യത്തിൻെറ പ്രതികരണം. സ്കൂളിൽ ആക്രമണത്തിന് പിന്നാലെ നടന്ന രക്ഷാപ്രവർത്തനത്തിൻെറ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ദാരുണമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഗാസയിലെ സ്കൂളുകൾക്ക് നേരെയുള്ള ഇസ്രയേലിൻെറ ആക്രമണം തുടരുകയാണ്. സ്കൂളുകളിൽ ഹമാസ് സംഘങ്ങൾ ഉണ്ടെന്നും ഇവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നുമാണ് ഇസ്രയേൽ പറയുന്ന ന്യായീകരണം. എന്നാൽ കൊല്ലപ്പെടുന്നവരിൽ ഏറെയും സാധാരണക്കാരാണ്. ഗാസയിൽ സംഘർഷം രൂക്ഷമായതോടെ മേഖലയിലെ സ്കൂളുകളിൽ പലതും ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുകയാണ്. ഗാസയിൽ ആകെയുള്ള 2.4 ദശലക്ഷം മനുഷ്യരിൽ 1.9 ദശലക്ഷം പേരും ആക്രമണം ഭയന്ന് അവരുടെ വീടുകളിൽ നിന്ന് മാറി താമസിക്കുകയാണെന്ന് യുഎന്നിൻെറ കണക്കുകൾ പറയുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുന്നതോടെയാണ് യുഎൻ വിഷയത്തിൽ ഇടപെടുന്നത്. തൽക്കാലം സമാധാനത്തിനില്ലെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേലിൻെറ ആക്രമണ പരമ്പരകൾ തുടരുന്നത്. ഇതിനിടെ ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നും പ്രത്യാക്രമണശ്രമങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുല്ല 45-ഓളം റോക്കറ്റുകൾ വർഷിച്ചിരുന്നു. ഇവയിൽ മിക്കതും ഇസ്രയേൽ സൈന്യം നിർവീര്യമാക്കി. ചിലത് പതിച്ചത് ജനവാസമില്ലാത്ത മേഖലകളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ സംഘർഷങ്ങൾക്ക് അയവ് വരണമെങ്കിൽ വെടിനിർത്തൽ വേണമെന്നാണ് അമേരിക്കയും ഫ്രാൻസുമടക്കമുള്ള ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസഭയും പറയുന്നത്. എന്നാൽ, ഇസ്രയേൽ ഒരുതരത്തിലും ആക്രമണങ്ങളിൽ നിന്ന് പിൻമാറില്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. ആ ഘട്ടത്തിലെങ്കിലും വെടിനിർത്തലിനോട് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.