വാൾ കൊണ്ട് മരിക്കുന്നവർ
വിശപ്പുകൊണ്ട് മരിക്കുന്നവരിലും
ഭാഗ്യവാന്മാർ
(വിലാപങ്ങൾ 4 : 9)
ഹമാസ് ആക്രമണം നിർത്തിയാൽ, ആയുധം ഉപേക്ഷിച്ചാൽ ഇസ്രായേൽ- പലസ്‌തീൻ പ്രശ്നം തീരുമോ?
ഇസ്രായേൽ അധിനിവേശം നിർത്തിയാൽ സമാധാനം പുലരുമോ?
1967- ലെ അതിർത്തിയിലേക്ക് ഇസ്രായേൽ തിരികെ പോയാൽ പ്രശ്നം തീരുമോ?
ഇവയിൽ എന്തുചെയ്താലും പ്രശ്നപരിഹാരം എളുപ്പമല്ല, കാര്യങ്ങൾ അത്രയും വഷളായിരിക്കുന്നു എന്നതാണ് യാഥാർഥ്യം.
ഹമാസ് ആക്രമണം നിർത്തിയാൽ, എന്താണ് സംഭവിക്കുക? ലോകം ഈ പ്രശ്‍നം മറക്കും, ഇസ്രായേൽ പതിവുപോലെ അധിനിവേശം തുടരും, രണ്ട് തലമുറയായി അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന പലസ്തീനികൾ തിരിച്ചുവരാനാകാതെ, തൊഴിലില്ലാതെ, ചികിത്സക്ക് മരുന്നില്ലാതെ, വിദ്യാഭ്യാസമില്ലാതെ, ജീവിത സൗകര്യങ്ങളേതുമില്ലാതെ ജീവിച്ചുമരിക്കും. ഇപ്പോൾ ശേഷിക്കുന്നവരും അഭയാർത്ഥികളായി ഏതെങ്കിലും അയൽനാട്ടിലേക്ക് കുടിയേറും. മറ്റൊരു റോഹിങ്ക്യൻ സമൂഹം ഉടലെടുക്കും. ക്രമേണ പലസ്തീൻ എന്നൊരു നാട് ഇല്ലാതെയാകും. ഉച്ചകോടികൾ നടത്തിയും, ഉത്സവങ്ങളാചരിച്ചും ലോകം മുന്നോട്ട് പോകും. കാരണം ഹമാസ് ഉണ്ടാകുന്നതിനും എത്രയോ മുൻപേ, ഇസ്രായേൽ ചെയ്യുന്നത് ഇതാണ്. അതുകൊണ്ട് ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശത്തിന് ഹമാസിന്റെ ഉൽഭവമോ, അവരുടെ പ്രതികരണമോ ഒരു കാരണമല്ല.
അതേസമയം ഹമാസ് പ്രത്യാക്രമണം നടത്തിയാലും, പ്രതീക്ഷക്ക് വകയൊന്നുമില്ല. ഈ കുറിപ്പിന്റെ തലക്കെട്ട് അന്വര്ഥമാകും എന്നുമാത്രം. വർഷങ്ങൾക്കുമുൻപ് ബാബിലൊണിയിലെ നബുക്കദിനേസ്സർ രാജാവ് യെരുശലേം ആക്രമിച്ച് ഇസ്രായേലിന്റെ സെദെക്കിയാ രാജാവിനെ തടവിലാക്കുകയും സൊളമൻ പണിയിച്ച യഹൂദരുടെ ഒന്നാം ദേവാലയം നശിപ്പിക്കുകയും ചെയ്തപ്പോൾ, യഹൂദന്മാരുടെ പ്രവാചകൻ എഴുതിയതാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. അന്ന് അവർ അനുഭവിക്കുകയായിരുന്നു, ഇന്ന് അവർമൂലം ഒരു കൂട്ടം മനുഷ്യർ അനുഭവിക്കുകയാണ്. മരണം ഉറപ്പായാൽ ഇഞ്ചിഞ്ചായി മരിക്കുന്നതിലും നല്ലത് പെട്ടെന്ന് മരിക്കുകയാണല്ലോ.
ക്രൂരമാണെങ്കിലും പലസ്തീനികൾ ആ വഴി തിരഞ്ഞെടുത്താൽ ഇസ്രായേലിന്റെ ഭാവിയും അത്ര ശുഭകരമാകില്ല. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി മുന്തിയതാണെന്നും യുദ്ധസംവിധാനം ലോകോത്തരമാണെന്നുമുള്ള പ്രൊപഗാൻഡ ലോകത്തെ വിശ്വസിപ്പിക്കാൻ ഇസ്രായേലിനു കഴിഞ്ഞിട്ടുണ്ട്, പക്ഷെ, യാഥാർഥ്യം അതല്ല. പലസ്തീൻ എന്ന രാജ്യം ഇല്ലാതായേക്കാം, പലസ്തീനികളില്ലാതെയാകുന്നില്ല. സുരക്ഷിതമായ ഒരു ജീവിതം യഹൂദന്മാർക്ക് അവിടെ എളുപ്പമാകില്ല.
അധിനിവേശം നിർത്തുകയും 1967- ലെ അതിർത്തിയിലേക്ക് ഇസ്രായേൽ തിരികെ പോകുകയും ചെയ്താൽ പ്രശ്നം തീരുമോ?
എല്ലാ തരത്തിലും ‘വിജയ’സാധ്യത മുന്നിലുള്ള ഇസ്രായേലിന് അധിനിവേശം നിർത്താൻ കഴിയില്ല, ഇസ്രായേൽ അധിനിവേശം ചെയ്ത ഇടങ്ങളിലെല്ലാം യഹൂദ സെറ്റിൽമെന്റുകളായിക്കഴിഞ്ഞു. ഇസ്രായേലും പലസ്തീനുമായി ഒരു നല്ല ചർച്ച സാധ്യമല്ല, തുല്യശക്തികളുടെ ഇടയിൽ മാത്രമേ ഫലപ്രദമായ ചർച്ച നടക്കൂ, അല്ലെങ്കിൽ നല്ല മധ്യസ്ഥൻ വേണം- അതിനൊരു സാധ്യതയുണ്ട്; ചൈന മുന്നോട്ട് വരണം. ശാക്തികമായി ചൈന മുന്നിലെത്തിയിട്ടുണ്ടെങ്കിലും അമേരിക്കയെപ്പോലെ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപടാറില്ല. അറബ് രാജ്യങ്ങൾ പലസ്തീന് പിന്തുണ നൽകുന്നുണ്ടെങ്കിലും, എല്ലാ രാജ്യങ്ങൾക്കും അവരവരുടെ താല്പര്യങ്ങളുണ്ട്. ഇതുവരെയുള്ള ചരിത്രം നോക്കിയാൽ നേരിട്ട് ഇടപെടാനുള്ള സാധ്യത കുറവാണ് .
എന്താണ് പലസ്തീന്റെ ആവശ്യം?
ഇന്ന് യു.എന്നിൽ രജിസ്റ്റർ ചെയ്യപ്പെട്ട 60 ലക്ഷം അഭയാർത്ഥികളുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും സമീപരാജ്യങ്ങളിലെ ക്യാംപുകളിലുണ്ട്. അവർക്ക് തിരികെപ്പോയി ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയണം. പലസ്തീനികൾക്ക് ഒരു രാജ്യം സ്ഥാപിച്ച് കിട്ടുന്നതും, പതാകയും നാണയവും ദേശീയ ഗാനവും യുഎന്നിൽ കസേരയു ഒന്നുമല്ല ആവശ്യം- ഇതെല്ലാം വേണ്ടതു തന്നെ. പക്ഷേ, പിതാക്കന്മാരായി പാർത്തുവന്ന ദേശത്ത് അഭിമാനത്തോടെ, ഭീതിയില്ലാതെ ജീവിക്കാൻ കഴിയണം എന്ന ലളിതമായ ആവശ്യമാണ് അവർക്കുള്ളത്. അവർ ഒരു രാജ്യവും അതിക്രമിച്ചുകയറിയിട്ടില്ല.
ഇസ്രായേൽ രാജ്യം സൃഷ്ടിക്കുമ്പോൾ സ്വദേശം വിട്ട് ഓടിപ്പോകേണ്ടിവന്ന ഏഴു ലക്ഷം പലസ്തീനികളുടെ രണ്ടാം തലമുറയാണ് ഇന്നും അഭയാർഥിക്യാമ്പിൽ കഴിയുന്നത്. എണ്ണവും വർദ്ധിച്ചു. അഭയാർഥിക്യാമ്പിൽ ജനിച്ച്, അവിടെ വളർന്ന് അവിടെ മരിക്കുന്ന മനുഷ്യർ. അതേസമയം അവർ ജീവിച്ച നാട്ടിൽ മറ്റൊരു കൂട്ടർ അതിക്രമിച്ചുകയറി പട്ടണങ്ങൾ പണിതും ഉത്സവങ്ങളാഘോഷിച്ചും കഴിയുന്നു.
ഇസ്രായേലിന്റേതും സമാനമെന്ന് തോന്നാവുന്ന ആവശ്യങ്ങളാണ്. പൂർവ പിതാക്കന്മാർക്ക് യഹോവ നൽകി എന്നു പറയുന്ന വിശുദ്ധ ദേശമാണത്രേ. ഒരിക്കൽ ഉപേക്ഷിച്ചുപോകേണ്ടി വന്നെങ്കിലും ഇന്ന് തിരികെവരാൻ കെൽപ്പുണ്ടായപ്പോൾ ഇവിടെയുള്ളവർ നിരുപാധികം മാറിക്കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.
പരിഹാര സാധ്യത
ഈ പ്രശ്നത്തിന് പൊതുവേ രണ്ട് അഭിപ്രായങ്ങളാണ് മുന്നോട്ടുവക്കപ്പെട്ടിട്ടുള്ളത്:
1. ഏക രാജ്യം എന്ന പരിഹാരം: അറബികളും യഹൂദരും ഒരുമിച്ച് കഴിയുന്ന ഒരു രാജ്യം എന്ന സങ്കല്പം സാധ്യമല്ലാത്ത വിധം കാര്യങ്ങൾ വഷളായിരിക്കുന്നു.
2. രണ്ടു രാജ്യങ്ങൾ എന്ന പരിഹാരം: കൃത്യമായി അതിർത്തി നിശ്ചയിച്ച് പരസ്പരം അംഗീകരിച്ച് രണ്ടു രാജ്യങ്ങളായി സഹവർത്തിത്വത്തിലൂടെ സമാധാനം സാധ്യമാക്കുക.
ഇസ്രായേലിന് രണ്ടും സമ്മതല്ല. രണ്ടിനും ഇടയിലുള്ള വഴിയാണ് അവർ തിരഞ്ഞെടുക്കുന്നത്. അധിനിവേശം നടത്തി ഉണ്ടാക്കിയ മണ്ണ് പങ്കു വയ്ക്കാൻ അവർ തയ്യാറല്ല. തക്കം കിട്ടുമ്പോഴെല്ലാം, അതിർത്തിയിൽ ഇനിയും അധിനിവേശം നടത്തും. പലസ്തീനെ അംഗീകരിക്കുന്ന പ്രശ്നമില്ല. ദുർബലരുമായി സന്ധിചെയ്യണ്ട ആവശ്യം അവർക്കില്ല.
പലസ്തീനെ സംബന്ധിച്ച് കുടിയിറക്കപ്പെട്ടവർക്കും, അഭയാർത്ഥിക്യാമ്പിൽ കഴിയുന്നവർക്കും സമീപ അറബ് രാജ്യങ്ങളിൽ അഭയം കണ്ടെത്തിയവർക്കും തിരികെ സ്വന്തം മണ്ണ് തിരികെ കിട്ടാതെ ഒരു പരിഹാരനിർദ്ദേശവും അംഗീകരിക്കാനാകില്ല. ഇതിനെല്ലാമിടയിൽ സായുദ്ധസമരത്തിലും സൈനിക ആക്രമണത്തിലും ഉറ്റവർ നഷ്ടപ്പെട്ടവരുടെ വേദനയും പകയും ജ്വലിച്ചു നിൽക്കുന്നു.
യുദ്ധങ്ങളുടെ കാലം കഴിഞ്ഞു, ഇനി ചർച്ചകളുടെയും നെഗോസിയേഷന്റെയും കാലമാണ് എന്ന് സമാധാനകാംഷികൾക്ക് തോന്നാം. സത്യത്തിൽ അങ്ങനെയാണോ?
യാഥാർഥ്യം അങ്ങനെയല്ല, ലോകത്തിൽ യുദ്ധം തുടർന്നുകൊണ്ടേയിരിക്കുന്നു, ഒരു വ്യത്യാസമുണ്ട് എന്നുമാത്രം - ഇന്ന് മിക്ക യുദ്ധത്തിലും രണ്ട് പക്ഷമില്ല, ഒറ്റ പക്ഷമേയുള്ളൂ. ശക്തർ കൊല്ലുകയും ദുർബലർ കൊല്ലപ്പെടുകയും അധിനിവേശം തുടരുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ലോകമാണ്. ഇതിലും വലിയ വൈരികൾ സമാധാനത്തോടെ സഹവർത്തിത്വം ചെയ്യുന്ന ഇടമാണ്. നല്ല ഒരു പരിഹാരം കാലം കണ്ടെത്തുമായിരിക്കാം.