യുദ്ധമാണ് മനുഷ്യരുടെ ഏറ്റവും വൃത്തികെട്ട കണ്ടുപിടിത്തം. ഏത് ജന്തുലോകത്തിൻ്റേയും ഏറ്റവും മോശപ്പെട്ട കണ്ടുപിടിത്തം എന്തെന്നറിയാൻ ഒരേ ഒരു മാനദണ്ഡമേയുള്ളൂ; അവയുടെ തന്നെ നിലനില്പിനെ ഇല്ലാതാക്കുന്നത്. എന്നു പറഞ്ഞാൽ, ജീവൻ എന്ന് നാം വിളിക്കുന്ന പ്രത്യാശക്ക് നേരെതിർനിൽക്കുന്ന ഒരേയൊരു മനുഷ്യനിർമ്മിതിപ്രതിഭാസം മാത്രമേ ഈ ലോകത്ത് നിലനിൽക്കുന്നുള്ളൂ, അത് യുദ്ധമാണ്.
ഓർമയുണ്ടോ, ആഗോളവത്ക്കരണകാലത്ത് പഴയ സാമ്രാജ്യശക്തികളായ യൂറോപ്യൻ രാഷ്ട്രങ്ങളും അമേരിക്കൻ ഐക്യനാടുകളും നമ്മളോട്, എക്കാലവും അവരുടെ സമൃദ്ധിയുടെ പിന്നാമ്പുറങ്ങളിൽ വസിക്കുന്ന നമ്മളോട്, മധുരമധുരമായ സ്വരത്തിൽ പറഞ്ഞു തന്നിരുന്നത്? ഇനി ലോകത്ത് യുദ്ധമില്ല. ചരിത്രം അവസാനിച്ചിരിക്കുകയാണ്. കറൻസികളുടെ സഞ്ചാരത്തിന് അതിരുകൾ ഇല്ലാതായതോടെ അതിനൊപ്പം സമാധാനവും സഞ്ചരിക്കുന്നുണ്ട്. അതുകേട്ട് നമ്മുടെ മൂന്നാംലോക ബുദ്ധിജീവികളും ഏറ്റുപറഞ്ഞു. വ്യാപിക്കുന്ന കമ്പോളം ദേശരാഷ്ട്ര സങ്കല്പനങ്ങളെ മായ്ച്ചുകളയും. ദേശ രാഷ്ട്രങ്ങളാണ് യുദ്ധങ്ങളെ സൃഷ്ടിക്കുന്നത്. എന്നിട്ടെന്തുണ്ടായി? അഫ്ഗാനിസ്ഥാനിൽ, ഇറാക്കിൽ, ഗാസയിൽ, യുക്രൈയിനിൽ ...ഒക്കെ ഭീകരമായ മനുഷ്യക്കുരുതികൾ യുദ്ധത്തിൻ്റെ പേരിൽ നടന്നു, നടന്നുകൊണ്ടിരിക്കുന്നു. മനുഷ്യ സംസ്ക്കാരം നിരവധി യുഗങ്ങൾ കൊണ്ട് ആർജ്ജിച്ച വിവേകങ്ങൾ എല്ലാം തിരിച്ചിടപ്പെടുന്നു.
ഇതെഴുതുമ്പോൾ ലോകത്തിന്റെ ഒരു മൂലയിൽ ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുഞ്ഞ് വെച്ച് കൊല്ലപ്പെടുകയാണ്. ഡോസ് റ്റോയേവ്സ്കിയുടെ നോവലിൽ, അല്ലെങ്കിൽ ഫൂക്കോയുടെ തടവറയുടെ ജനനത്തിൽ വിവരിക്കുന്ന തൂക്കിക്കൊല കണ്ടാസ്വദിക്കുന്ന ജനങ്ങളെപ്പോലെ 'സമാധാനത്തിൽ നൂറുവട്ടം വിശ്വസിക്കു'ന്ന വലിയ വലിയ രാഷ്ട്രങ്ങൾ ഈ കൂട്ടക്കൊലയെ ഒരു ദൃശ്യവിരുന്ന് പോലെ നോക്കിനിൽക്കുന്നു. ആ കുഞ്ഞുങ്ങളും അവരുടെ ആസന്നബന്ധുക്കളും മാത്രം നെഞ്ചുപൊട്ടി നിലവിളിക്കുന്നു. അല്പം നീതിബോധവും കാര്യങ്ങൾ പരിഹരിക്കാൻ ഒരല്പം ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഒരു സ്കൂൾ പാർലിമെൻ്റിന് പോലും ഒരാഴ്ച കൊണ്ട് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം യു.എൻ. പോലുള്ള വലിയ ശരീരമുള്ള സംഘടനകൾക്ക് മുന്നിൽ പൊതിയാത്തേങ്ങയായി അവശേഷിക്കുന്നു.
കസാൻദ് സാക്കീസിൻ്റെ ‘ഭ്രാതൃഹന്താക്ക’ ളിൽ, തുർക്കികളും ഗ്രീക്കുകാരും തമ്മിലുള്ള യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ, ഒരു ദിവസം, ഗ്രീക്ക് പട്ടാളക്യാമ്പിൽ യുദ്ധം അവസാനിച്ചെന്ന വാർത്ത ഒരു പട്ടാളക്കാരൻ പ്രഖ്യാപിക്കുമ്പോൾ, ആനന്ദം അതിൻ്റെ ഉന്മത്തതയെ അതിവേഗം പടർത്തുന്നു. എല്ലാവരും ആയുധങ്ങൾ വലിച്ചെറിഞ്ഞ് ആഘോഷിക്കുന്നു. പാടുകയും ആടുകയും കുടിച്ചു മറിയുകയും ചെയ്യുന്നു. പെട്ടെന്നാണ് ഈ വിവരം അറിയിച്ച പട്ടാളക്കാരൻ അന്ന് ഏപ്രിൽ ഒന്നാം തീയ്യതി ആണെന്നും എല്ലാവരേയും ഏപ്രിൽ ഫൂൾ ആക്കുകയായിരുന്നു താനെന്നും പ്രഖ്യാപിക്കുന്നത്. ഇടിത്തീ പതിച്ചപോലെ എല്ലാവരും ഇതികർത്തവ്യാമൂഢരായിത്തീരുന്നു.
യുദ്ധത്തിൻ്റെ ക്രൂരത വെളിപ്പെടുത്താൻ ഏപ്രിൽ ഫൂൾ പോലെ ലോകത്തിൻ്റെ മുറുക്കത്തെ ലഘൂകരിക്കുന്ന ഒരനുഷ്ഠാനത്തെ ഉപയോഗിക്കുകയായിരുന്നു കസാൻദ് സാക്കീസ്. ഭരണാധികാരികൾ കൂലിക്കെടുത്ത ആളുകളുടെ ജീവൻവെച്ച് നടത്തുന്ന യഥാർത്ഥ വിഡ്ഢിത്ത അനുഷ്ഠാനമാണ് യുദ്ധമെന്ന് നമുക്ക് എന്തുകൊണ്ടാണ് മനസ്സിലാകാത്തത്? തങ്ങളുടെ കൂട്ടമാണ് അക്രമങ്ങൾ നടത്തുന്നതെങ്കിൽ അത് ന്യായീകരിക്കാനും അതിനെ നിസ്സാരവൽക്കരിക്കാനുമുള്ള ത്വര, നമ്മുടെ സംഘടനാബോധത്തിന്റെ നിതാന്ത ബോധ്യമായി മാറിയതെങ്ങനെയാണ്? നിറവും ഭാഷയും വേഷവും മതവും പൗരത്വവുമെല്ലാം യുദ്ധസന്നദ്ധത എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അതിരില്ലാത്ത അക്രാമതകൾക്ക് വാസസ്ഥലമൊരുക്കിക്കൊടുക്കുന്നത് എന്തുകൊണ്ടാണ്? വിമോചന ആശയങ്ങളെല്ലാം ഒരിത്തിരി കാലപ്പഴക്കമെത്തിയാൽ അതിൻ്റെ വിമോചനത്വരകളെ വായുവിൽ അലിയിച്ചുകളയുകയും ബാക്കിയായ അവക്ഷിപ്തം വെറുപ്പും വിദ്വേഷവും ഉല്പാദിപ്പിക്കുന്ന ഒന്നായിത്തീരുകയും ചെയ്യുന്നതെന്തുകൊണ്ട്?
ഒരുപക്ഷേ, യുദ്ധം അതിൻ്റെ നരകത്തീ വീഴ്ത്താത്തതുകൊണ്ടു മാത്രം ജീവിതത്തെ ഏറ്റക്കുറച്ചിലുള്ള ഉന്മാദമാക്കി അനുഭവിക്കാൻ കഴിഞ്ഞ ആർഭാടത്തിൽ, നമ്മുടെ യുക്തികൾ ഹിംസാത്മകമായ വീമ്പു പറച്ചിലാകരുത്.
സമാധാനം ഒരു ലളിതപ്രക്രിയയാണ്. അതിലേർപ്പെടുന്നവരുടെ മസ്തിഷ്ക്കവും മനസ്സും നേരാംവണ്ണം നിലകൊള്ളുന്നുവെങ്കിൽ. പ്രത്യേകിച്ച് അധികാരികളുടെ. അധികാരം എപ്പോഴും ഉല്പാദിപ്പിക്കുന്ന ആശയം ശക്തര്‍ക്ക് മുന്നിൽ ദുർബലര്‍ കീഴ്പ്പെടുക എന്ന മനുഷ്യ വിരുദ്ധതയാണ്. ജനാധിപത്യവും മാനവികതയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തുനിന്ന് മുന്നോട്ടുപോകണമെങ്കിൽ ഈ ആശയത്തെ ദുർബലപ്പെടുത്തുന്ന പുതിയ അധികാര നിർവ്വചനം ആർജ്ജിക്കേണ്ടതുണ്ട്. ഐൻസ്റ്റൈൻ ജൂതനാണ്, കാൾ മാർക്സ് ജൂതനാണ്, ഫ്രോയ്ഡ് ജൂതനാണ് എന്ന് പറയുന്നതുകൊണ്ട് ജൂതരാഷ്ട്രമായ ഇസ്രായേൽ ചെയ്യുന്ന കൂട്ടക്കുരുതിയെ ബാലൻസ് ചെയ്യാൻ കഴിയരുത്. മറിച്ച്, അവർ തങ്ങളുടെ സമൂഹം എന്ന് പിടിച്ചുവെയ്ക്കുന്ന വ്യക്തികളും അവരുടെ സാങ്കേതികവികാസം ആർജ്ജിച്ച ദൂരങ്ങളുമെല്ലാം ആ ക്രൂരതയെ കൂടുതൽ കൂടുതൽ തെളിയിക്കുകയാണ് ചെയ്യുക.
മലയാളി യുദ്ധം കണ്ടിട്ടില്ല എന്ന് വിഷാദത്തോടെ അയവിറക്കുന്ന മനുഷ്യരെ മറ്റൊരു ഏപ്രിൽ ഫൂൾ ഫലിതം കേട്ട പോലെ ചിരിച്ചുതള്ളാം. എന്നാൽ പലസ്തീൻ എന്നൊരു രാഷ്ട്രമേ ഉണ്ടായിരുന്നില്ല എന്ന്, ഒരു കൂട്ടം പലസ്തീനികൾ യുദ്ധത്തിൽ എരിഞ്ഞുകൊണ്ടിരിക്കുമ്പോൾ കണ്ടുപിടിക്കുന്ന മലയാളി പണ്ഡിതരെ അങ്ങനെ വിടാൻ പാടില്ല. നമുക്ക് ഒരു ദേശരാഷ്ട്ര ചരിത്രമുണ്ടെങ്കിൽ ആ ചരിത്രം ആർജ്ജിക്കാനുള്ള അവകാശം മറ്റെല്ലാ ജനതകൾക്കുമുണ്ട് എന്ന സാമാന്യബോധത്തിനെ ഗൂഗിൾ ചെയ്ത് കിട്ടുന്ന ജ്ഞാനം ഇല്ലാതാക്കുമെങ്കിൽ അത്തരം യുക്തികൾ അസംബന്ധമാണെന്നു മാത്രമല്ല, അതിക്രൂരം കൂടിയാണ്. ലോകത്തെ ഏറ്റവും ക്രൂരത ചെയ്തു കൊണ്ടിരിക്കുന്ന അധികാരികളെ തങ്ങളുടെ കൂട്ടുകാരായി പ്രഖ്യാപിച്ച് സാഫല്യമടഞ്ഞ നമ്മുടെ രാഷ്ട്രത്തലവൻ്റെ ക്രൂരതയോട് ചേർത്തുവെയ്ക്കേണ്ട ധൈഷണികതയുടെ മുഖാവരണമണിഞ്ഞു വരുന്ന ക്രൂരതയാണത്.
ചരിത്രത്തെ ഒരു മുൻ- പിൻ കഥയാക്കുക വഴി കുട്ടികളുടെ ശവപ്പെട്ടിയിൽ ആണിയടിക്കുകയാണ് ഇമ്മാതിരി മലയാളികൾ ചെയ്യുന്നത്. ഒരു പക്ഷേ യുദ്ധം അതിൻ്റെ നരകത്തീ വീഴ്ത്താത്തതുകൊണ്ടു മാത്രം ജീവിതത്തെ ഏറ്റക്കുറച്ചിലുള്ള ഉന്മാദമാക്കി അനുഭവിക്കാൻ കഴിഞ്ഞ ആർഭാടത്തിൽ നമ്മുടെ യുക്തികൾ ഹിംസാത്മകമായ വീമ്പു പറച്ചിലാകരുത്. അതിനേക്കാളും എത്രയോ മനോഹരമാണ് ഭ്രാന്ത് പിടിച്ചു എന്ന് സ്വയം അവകാശപ്പെട്ട്, നമ്മുടെ മഹാനായ കഥാകൃത്ത് ബഷീർ നേരുന്ന മംഗളം, ശുഭം എന്ന ലോക സമാധാനാശംസകൾ.
യുദ്ധം വൃത്തികെട്ട കണ്ടുപിടിത്തം മാത്രമല്ല, വ്യക്തിപരമായ ഒരു അവ്യവസ്ഥയെ സൃഷ്ടിക്കൽ കൂടിയാണ്.