കമൽറാം സജീവ്: ഗാസ പ്രദേശത്ത് സിവിലിയൻ കാഷ്വാലിറ്റീസ് കൂടിക്കൊണ്ടിരിക്കുകയാണ്. ജനജീവിതം തന്നെ സാധ്യമല്ലാത്ത രീതിയിലേക്ക് ഗാസയെ ഇസ്രായേൽ മാറ്റിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ മീഡിലീസ്റ്റ് നോർമലൈസേഷൻ പ്ലാൻ- പ്രത്യേകിച്ച്, ബൈഡൻ മുന്നോട്ടുവച്ച നയപരിപാടികൾ, അതുപോലെ, കിംഗ്ഡം ഓഫ് സൗദി അറേബ്യ മുന്നോട്ടുവച്ച മിഡിലീസ്റ്റ് ഡിപ്ലോമസി- ഇവ രണ്ടും അപ്രതീക്ഷിതമായി തകർന്നുപോകുന്നുവെന്നുവെന്ന് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന്റെ പാശ്ചാത്തലത്തിൽ പറയാനാകുമോ?
ഷാജഹാൻ മാടമ്പാട്ട്: പറയാൻ പറ്റും. കാരണം, അറബ് പൊതുവികാരം ഇസ്രായേലിനെതിരായി ശക്തിപ്പെടുന്ന സാഹചര്യമാണ്. സ്വഭാവികമായും ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തി സമാധാനം സ്ഥാപിക്കുക എന്ന കാര്യം നടക്കാൻ പോകുന്നില്ല. ഇതാണ് ഇപ്പോൾ പറയാനാകുന്ന ഏറ്റവും പ്രധാന സംഗതി.
സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതിന്റെ ലോജിക് എന്നത്, അമേരിക്കൻ ഇലക്ഷൻ നടക്കാൻ പോകുന്ന സമയമാണ്. മുമ്പ് ചെയ്തതുപോലെ, മുഹമ്മദ് ബിൻ സൽമാനെയും നെതന്യാഹുവിനെയും വൈറ്റ് ഹൗസിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ബൈഡന്റെ പോപ്പുലാരിറ്റി കൂടും, അദ്ദേഹത്തിന്റെ ജനസമ്മിതി വളരെ കുറഞ്ഞുവരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും. മുസ്‌ലിം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. മെക്കയുടെയും മദീനയുടെയും കസ്‌റ്റോഡിയനായ സൗദി അറേബ്യ ഇസ്രായേലുമായി ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നുവെന്നും അതുവഴി സമാധാനത്തിലേക്ക് നയിക്കുന്നു എന്നുമുള്ള സംഗതി, വരാൻ പോകുന്ന യു.എസ് തെരഞ്ഞെടുപ്പിൽ ബൈഡനെ സംബന്ധിച്ച് വലിയ സംഗതിയാണ്. അതിന് ഇപ്പോൾ സാധ്യതയില്ല. കാരണം, ഇപ്പോഴത്തെ സാഹചര്യത്തിൽ സൗദി അറേബ്യക്ക് ഒരു കാരണവശാലും ഈ പറഞ്ഞ സാധാരണീകരണത്തിലേക്ക് പോകാൻ പറ്റില്ല. അതേസമയം, അത് ഒരുകാലത്തും നടക്കില്ല എന്നും പറയാൻ പറ്റില്ല.

മിഡിലീസ്റ്റ് നോർമലൈസേഷൻ പ്ലാൻ- അത് അമേരിക്കയുടെ നേതൃത്വത്തിലുള്ളതായാലും സൗദി അറേബ്യയുടെ മുൻകൈയിലുള്ളതായാലും- പലസ്തീൻ പ്രശ്‌നം ഒരിക്കലും അഡ്രസ് ചെയ്യാത്ത സമീപനത്തോടെയുള്ളതായിരുന്നു. ആ പ്രശ്‌നം കൂടി പരിഹരിച്ചാലേ ശാശ്വത പരിഹാരമുണ്ടാകൂ എന്ന കാര്യം ഈ രണ്ട് കക്ഷികൾക്കും ഇല്ലാതെപോയത് എന്തുകൊണ്ടാണ്?
പല കാരണങ്ങളുണ്ട്.
ഒന്നാമത്, ഈ പ്രക്രിയ ആരംഭിക്കുന്നത് 1978-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത് ഇസ്രായേൽ പ്രധാനമന്ത്രി മെനഹാം ബെഗിനുമായി ക്യാമ്പ് ഡേവിഡ് കരാർ ഒപ്പിടുന്നതോടെയാണ്. അങ്ങനെയാണ് അറബ് രാജ്യങ്ങളുമായി ബന്ധം തുടങ്ങുന്നത്. 1994-ൽ ജോർദാനും ഇസ്രായേലും തമ്മിൽ സമാധാന ഉടമ്പടിയുണ്ടാകുകയും നയതന്ത്രബന്ധങ്ങളുണ്ടാകുകയും ചെയ്തു. അതിനുശേഷം കുറെ വർഷങ്ങൾ കഴിഞ്ഞ്, ഖത്തറിൽ ഇസ്രായേലിന്റെ വാണിജ്യ കാര്യാലയം തുറന്നു. എംബസി എന്ന് പൂർണമായി പറയാനാകില്ലെങ്കിലും വാണിജ്യബന്ധങ്ങൾ കെട്ടിപ്പടുക്കാവുന്ന ഓഫീസായിരുന്നു അത്. ഈ കാലഘട്ടത്തിൽ രണ്ടു തവണ ഷിമോൺ പെരസ് ഖത്തർ സന്ദർശിക്കുന്നുണ്ട്. ഇതാണ്, ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ ബന്ധങ്ങളിൽ ആദ്യ കാലത്തുനടന്ന സംഭവവികാസങ്ങൾ.
പലസ്തീനിയൻ നേതൃത്വത്തിനുതന്നെ, അവരുടെ പ്രശ്‌നങ്ങളെയും ഭാവിയെയും കുറിച്ച് ശ്രദ്ധയില്ല, അവർ സ്വയം തകർത്തുകൊണ്ടിരിക്കുന്നു, ഈ സാഹചര്യത്തിൽ 'ഞങ്ങൾ ഞങ്ങളുടെ താൽപര്യം നോക്കണം' എന്നൊരു പാശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളും ഇസ്രായേലുമായി ഉഭയകക്ഷിബന്ധം സ്ഥാപിക്കാനുള്ള തീരുമാനം കാണേണ്ടത്.
രണ്ടാമത്തെ കാര്യം; തുർക്കിക്ക് തുടക്കം മുതൽ ഇസ്രായേലുമായി നയതന്ത്രബന്ധങ്ങളുണ്ട്. ഉർദുഗാൻ വന്നശേഷം അതിൽ കുറെ സംഘർഷങ്ങളുണ്ടായെങ്കിലും, ഇരുരാജ്യങ്ങളും ശക്തമായ ബന്ധങ്ങളാണ് നിലനിന്നിരുന്നത്.
സമീപകാലത്ത് യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചതിന് ഒരു പാശ്ചാത്തലമുണ്ട്. അടിസ്ഥാനപരമായി പലസ്തീൻ നേതൃത്വത്തിൽ അറബ് രാജ്യങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങി.
ആദ്യ ഘട്ടം മാറ്റിനിർത്തിയാൽ, യാസർ അറഫാത്ത് ഒരുപക്ഷെ, അറബ് ലോകത്തെ തന്നെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയനതോവായിട്ടാണ് അറിയപ്പെട്ടത്. അതുകൊണ്ടുതന്നെ, 1993-ൽ ഒസ്‌ലോ ഉടമ്പടി ഒപ്പിടുന്ന ഘട്ടമെത്തിയപ്പോഴേക്കും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെയും അതിന്റെ രാഷ്ട്രീയ വിംഗായ ഫത്തായുടെയും അതിന്റെ നേതാവായ യാസർ അറഫാത്തിന്റെയും വിശ്വാസ്യത പലസ്തീനികളുടെയും അറബികളുടെയും ഇടയിൽ കാര്യമായി ഇടിഞ്ഞിരുന്നു. ഇവരുടെ കാലത്ത് പലസ്തീനികളുടെ പ്രശ്‌നങ്ങളിൽ ഒരു പരിഹാരവുമുണ്ടാകാൻ പോകുന്നില്ല എന്നും ആ സാഹചര്യത്തിൽ തങ്ങളുടെ രാജ്യതാൽപര്യം ബലികഴിക്കുന്നതിൽ കാര്യമില്ലെന്നുമുള്ള നിലപാടിൽ ഈ രാജ്യങ്ങളെത്തി. ഇതേതുടർന്ന്, പലസ്തീനികളോടുള്ള അറബികൾ, മുസ്‌ലിംകൾ എന്ന നിലയ്ക്കുള്ള പൊതുവായ പ്രതിബദ്ധത നിലനിർത്തിക്കൊണ്ടുതന്നെ, അതാതു രാജ്യങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ടുപോകുക എന്ന തീരുമാനത്തിലേക്ക് ഈ രാജ്യങ്ങൾ എത്തുന്നത് ഈ കാലത്താണ്.

2006-ലെ തെരഞ്ഞെടുപ്പിനുശേഷം ഹമാസ് ഭരണത്തിലേക്കുവരികയും ഇസ്മായിൽ ഹനിയ്യ പ്രധാനമന്ത്രിയാകുകയും മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീനിയൻ നാഷനൽ അതോറിറ്റിയായ ഹത്തഹേയും ഹമാസും തമ്മിൽ അതിഭീകരമായ ഭിന്നതയുണ്ടാകുകയും ഗാസയും വെസ്റ്റ് ബാങ്കും വേർപെടുകയും ഗാസയുടെ ഭരണം പൂർണമായും ഹമാസിന്റെ കൈയിലാകുകയും ചെയ്ത പാശ്ചാത്തലം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്. പലസ്തീനിയൻ നേതൃത്വം ഇത്ര കടുത്ത രീതിയിൽ വിഭജിക്കപ്പെട്ടും ധ്രുവീകരിക്കപ്പെട്ടും നിൽക്കുന്ന സാഹചര്യത്തിൽ, 'ഞങ്ങളുടെ കാര്യങ്ങൾ നോക്കുകയാണ് ഞങ്ങളുടെ മുൻഗണന' എന്ന തീരുമാനത്തിലേക്ക് ഈ രാജ്യങ്ങൾ എത്തിച്ചേരുകയാണ്. അത് ശരിയോ തെറ്റോ എന്ന ചർച്ചയിലേക്കല്ല ഞാൻ പോകുന്നത്, മറിച്ച് വസ്തുത ഇതായിരുന്നു.
ഇസ്രായേലി ഇന്റലിജൻസിനെക്കുറിച്ചും സായുധശേഷിയെക്കുറിച്ചും ഇതുവരെ പറഞ്ഞുപോന്നിരുന്ന കാര്യങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. ഞങ്ങൾ അത്ര മോശമൊന്നുമല്ല എന്ന് തെളിയിക്കാനുള്ള തരത്തിലുള്ള ആക്രമണങ്ങൾ സ്വഭാവികമായും അവർ നടത്തും.
മൂന്നാമത്തെ കാര്യം; അമേരിക്കയും മധ്യ പൗരസ്ത്യദേശത്തെ, പ്രത്യേകിച്ച് ഗൾഫിലെ, രാജ്യങ്ങളുമായുള്ള ബന്ധത്തിലുണ്ടായ പരിണാമങ്ങളുടെ കൂടി പാശ്ചാത്തലവും പരിഗണിക്കണം. ഉദാഹരണത്തിന്, 2011-ൽ കെയ്‌റോയിൽ വന്ന് ബറാക് ഒബാമ മുസ്‌ലിം ലോകത്തോട് നടത്തിയ പ്രശസ്തമായ പ്രസംഗത്തിനുശേഷം കാണുന്നത്, ഒബാമ പതുക്കെപ്പതുക്കെ ഗൾഫിനോടുള്ള സുരക്ഷാപ്രതിബന്ധതയിൽനിന്ന് പിന്നോട്ടുപോകുന്നതാണ്. 2011-നുശേഷം ഗൾഫ് രാജ്യങ്ങൾ നേരിട്ട പ്രതിസന്ധിയാണിത്. അതുവരെ അവരുടെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അമേരിക്കയെ പൂർണമായും ആശ്രയിച്ചിരുന്ന സാഹചര്യമാണുണ്ടായിരുന്നത്.
അമേരിക്കയുടെ പിൻവാങ്ങലിന് പല കാരണങ്ങളുമുണ്ട്. ഓയിലിന്റെ കാര്യത്തിൽ ഈ രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ല എന്നു വന്നു. ഏകധ്രുവലോകത്തിന്റെ സ്വഭാവം മാറിവരികയും അമേരിക്കയെ സംബന്ധിച്ച് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. സപ്തംബർ 11നുശേഷം ലോകത്തും മധ്യ പൗരസ്ത്യ പ്രദേശത്തുമുണ്ടായ, ഇറാഖ് അധിനിവേശം മുതലുള്ള പല സംഭവങ്ങളിൽനിന്നും അമേരിക്ക പഠിച്ച പാഠങ്ങൾ ഇതിൽ പ്രധാനമാണ്. ഈയൊരു രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഡൊണാൾഡ് ട്രംപും വലതുപക്ഷവും ശക്തിപ്പെടുന്ന തലത്തിലേക്ക് അമേരിക്കൻ രാഷ്ട്രീയം എത്തിപ്പെടുന്നത്.

പലസ്തീനിയൻ നേതൃത്വത്തിനുതന്നെ, അവരുടെ പ്രശ്‌നങ്ങളെയും ഭാവിയെയും കുറിച്ച് ശ്രദ്ധയില്ല, അവർ സ്വയം തകർത്തുകൊണ്ടിരിക്കുന്നു, ഈ സാഹചര്യത്തിൽ 'ഞങ്ങൾ ഞങ്ങളുടെ താൽപര്യം നോക്കണം' എന്നൊരു വിശാലമായ പാശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങളും ഇസ്രായേലുമായി ഉഭയകക്ഷിബന്ധം സ്ഥാപിക്കാനുള്ള തീരുമാനത്തെ കാണേണ്ടത്. അതിനർഥം, ഈ രാജ്യങ്ങളിലെ ജനങ്ങൾക്കെല്ലാം പലസ്തീനോടുള്ള പ്രതിബദ്ധത പൂർണമായും ഇല്ലാതായി എന്നല്ല. അതിന്റെ ധാർമികമോ നൈതികമോ ആയ ശരികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഇതാണ് അതിന്റെ വസ്തുനിഷ്ഠ സാഹചര്യം എന്നു മാത്രം.
ഇസ്രായേൽ ഗ്രൗണ്ട് ഇൻവേഷൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. അങ്ങനെ വരുമ്പോൾ, ഒരു ചെറിയ പ്രദേശത്ത്, ഹമാസ് പോലുള്ള ചെറിയ പ്രസ്ഥാനത്തിന്, ഇത്ര വലിയ mighty ആയ ശക്തിയെ ഒറ്റക്ക് എതിർത്തുനിൽക്കാനാകുമോ? ഈ പറഞ്ഞ രാജ്യങ്ങൾ എന്തെങ്കിലും പിന്തുണയുമായി മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കാൻ പറ്റുമോ? അല്ലെങ്കിൽ പെട്ടെന്നുള്ള ഒത്തുതീർപ്പിന് ഇവരിൽ ആരെങ്കിലും മുന്നിട്ടിറങ്ങുമോ? അല്ലാത്ത സാഹചര്യത്തിൽ വലിയൊരു ഹ്യുമാനിറ്റേറിയൻ ക്രൈസിസല്ലേ ഉണ്ടാകാൻ പോകുന്നത്?
ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തോത് മുമ്പത്തേതിനേക്കാൾ കൂടുതലാണ്. എല്ലാവരും പറയുന്നുണ്ട്, 50 വർഷത്തിനിടയിലെ ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾനടക്കുന്നത് എന്ന്. 1973 ഒക്‌ടോബർ ആറിന്, 20 ദിവസം നീണ്ട യോംകിപ്പൂർ യുദ്ധത്തിൽ സിറിയയും ഈജിപ്തും ഒരുമിച്ച് ഇസ്രായേലിനെ ആക്രമിച്ചു. ആദ്യ ഏതാനും ദിവസങ്ങളിൽ ഇസ്രായേലിന് കടുത്ത നഷ്ടം സംഭവിക്കുകയും യുദ്ധത്തിൽ തോൽക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. എന്നാൽ, കുറച്ചുകഴിഞ്ഞ് ഇസ്രായേൽ തിരിച്ചുപിടിക്കുകയും ഇവരെ തോൽപ്പിക്കുകയും ചെയ്തു. പക്ഷെ, അന്ന് കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 2800-ഓളമാണ്. അന്ന് മധ്യപൗരസ്ത്യദേശത്തെ രണ്ട് സൈനികശക്തിരാജ്യങ്ങൾ- സിറിയയും ഈജിപ്തും- 20 ദിവസം യുദ്ധം ചെയ്തിട്ട് ഇത്രയുമാണ് നഷ്ടം വന്നത്.

എന്നാൽ, ഇപ്പോൾ നമ്മൾ കാണുന്നത്, കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴുമുതൽ 56 മണിക്കൂറിനുള്ളിൽ 1200 ഇസ്രായേലികൾ കൊല്ലപ്പെട്ടുകഴിഞ്ഞു. ഇത്തരമൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. യോംകിപ്പൂർ യുദ്ധവുമായി താരതമ്യപ്പെടുത്തിയാൽ ഇപ്പോഴത്തെ മരണം അതിന്റെ പകുതിയേ ഉള്ളൂ എങ്കിലും, സത്യത്തിൽ, നാശത്തിന്റെ തോത് വളരെ വലുതാണ്. കാരണം, ഇവിടെ ഒരു രാഷ്ട്രവും ഇല്ല. പലസ്തീനികൾ പോലും ഒരുമിച്ചല്ല. ഗാസയിൽ മാത്രം ഭരിക്കുന്ന ഹമാസിന്, ഒരു ഭീകരസംഘടനയായി ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം പ്രഖ്യാപിച്ച ഒരു മിലിറ്റന്റ് ഗ്രൂപ്പിന് ഇത് ചെയ്യാൻ കഴിയുന്നു എന്നു പറഞ്ഞാൽ, ഇസ്രായേലിന്റെ ഇന്റലിജൻസിനെക്കുറിച്ചും സായുധശേഷിയെക്കുറിച്ചും ഇതുവരെ പറഞ്ഞുപോന്നിരുന്ന കാര്യങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടും. ഞങ്ങൾ അത്ര മോശമൊന്നുമല്ല എന്ന് തെളിയിക്കാനുള്ള തരത്തിലുള്ള ആക്രമണങ്ങൾ സ്വഭാവികമായും അവർ നടത്തും. അതിന് ഇന്ത്യ അടക്കം പല ലോകരാജ്യങ്ങളുടെ പിന്തുണയും ഇസ്രായേലിനുണ്ടാകും. ഗാസയിലേക്ക് ഇസ്രായേൽ പട്ടാളം കടന്നുചെല്ലുകയാണെങ്കിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടും എന്നതിൽ സംശയമില്ല. കുറച്ചുദിവസം കഴിഞ്ഞാൽ മറ്റു രാജ്യങ്ങളുടെ ഇടപെടലുണ്ടാകുകയും തൽക്കാലത്തേക്ക് യുദ്ധവിരാമമുണ്ടാകുകയും ചെയ്യും, എന്നിട്ട് വീണ്ടും പഴയ സാഹചര്യത്തിലേക്ക് തിരിച്ചുപോകും- അതാണ് ഇതുവരെ നടന്നുപോന്നിട്ടുള്ളത്.
റഷ്യൻ ഭാഷ സംസാരിക്കുന്ന, പഴയ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ജൂതരുടെ എണ്ണം ഇസ്രായേലിൽ വളരെ കൂടുതലാണ്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമായിട്ടുണ്ട്.
റഷ്യ മാത്രമാണെന്നുതോന്നുന്നു നിലപാടെടുത്ത് പലസ്തീനൊപ്പം നിൽക്കുന്നത്. എന്നാൽ, പ്രായോഗികമായി, നേരിട്ട് ഇസ്രായേലിനോട് പിടിച്ചുനിൽക്കാനുള്ള പിന്തുണ ഏതെങ്കിലും രാജ്യം ഗാസയിൽ പോരാടുന്നവർക്ക് നൽകാൻ സാധ്യതയുണ്ടോ?
റഷ്യ ഇക്കാര്യത്തിൽ കൃത്യമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. അമേരിക്കൻ ചേരിക്കുപുറത്തുനിന്ന് ഏറ്റവും ശക്തമായ പ്രസ്താവന ബീജിംഗിൽനിന്നാണ് വന്നിട്ടുള്ളത്. ഹിംസ കുറയ്ക്കണം എന്നും ദ്വിരാഷ്ട്രപരിഹാരത്തിലേക്ക് എത്രയും വേഗം പോകണം എന്നുമുള്ള പ്രസ്താവന.
റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയുണ്ടായിരുന്നു.
റീ- എസ്‌കലേഷൻ വേണം എന്നായിരുന്നു ആ പ്രസ്താവന. അല്ലാതെ കൃത്യമായി തങ്ങൾ പലസ്തീനികളുടെ കൂടെയാണ് എന്നു പറയുന്നില്ല. സിറിയയും ഈജിപ്തും ഇസ്രായേലിനെ ആക്രമിച്ച യോംകിപ്പൂർ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ പൂർണമായും അവരുടെ ഭാഗത്തായിരുന്നു. ആ സാഹചര്യം മാറുകയും റഷ്യയും ഇസ്രായേലും തമ്മിൽ- അമേരിക്കയുമായുള്ള പോലെയല്ലെങ്കിലും- സവിശേഷമായ രീതിയിലുള്ള ബന്ധമുണ്ടാകുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുമുമ്പ് നെതന്യാഹുവും പുട്ടിനും തമ്മിൽ കണ്ടിരുന്നു, ഇവർ തമ്മിലുള്ള സൗഹൃദം മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയും ചെയ്തു.

ഇതിനൊരു പാശ്ചാത്തലമുണ്ട്. ഹീബ്രു കഴിഞ്ഞാൽ ഒരുപക്ഷേ ഇസ്രായേലിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് റഷ്യനാണ്. കാരണം, റഷ്യൻ ജൂതരുടെ എണ്ണം ഇസ്രായേലി ജനസംഖ്യയിൽ വളരെ കൂടുതലാണ്. അതുകൊണ്ട്, റഷ്യൻ ഭാഷ സംസാരിക്കുന്ന, പഴയ സോവിയറ്റ് യൂണിയൻ രാജ്യങ്ങളിൽനിന്ന് കുടിയേറിയ ജൂതരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമായിട്ടുണ്ട്.
അതേസമയം, ഈ മേഖലയിലെ പുട്ടിന്റെ നയതന്ത്ര ഇടപെടലുകൾ സങ്കീർണമാണ്. കഴിഞ്ഞ പത്തുകൊല്ലമായി റഷ്യ, ഇറാനുമായി ചേർന്ന് സിറിയയിൽ നടത്തുന്ന ഇടപെടലുകൾ ഒരു ഉദാഹരണം. അതുകൊണ്ട് അവിടെയും ഇവിടെയും തട്ടാത്ത നിലപാട് എടുക്കാനാണ് സാധ്യത.
ഇസ്രായേൽ നേരിടുന്ന ക്ഷതത്തിന്റെ നാണക്കേട് സത്യത്തിൽ അമേരിക്കക്കാണ്. തങ്ങളുടെ ഏറ്റവും വലിയ ഒരു സഖ്യകക്ഷി ഇത്രയും ആക്രമണം നേരിടുക, ഇത്ര നഷ്ടമുണ്ടാകുക എന്നു പറഞ്ഞാൽ, അത് അമേരിക്കയുടെ മുഖം നഷ്ടപ്പെടുന്ന സംഗതിയാണ്. അത് റഷ്യയെ സംബന്ധിച്ച് സ്വാഗതാർഹമായ ഒരു കാര്യവുമാണ്. അതുകൊണ്ടാണ് റഷ്യയുടെ നിലപാടിൽ കൃത്യതയില്ലായ്മ കാണുന്നത്.
മറ്റൊന്ന്, മിഡിലീസ്റ്റിലെ തർക്കങ്ങളിൽ റഷ്യയും ചൈനയും അവിടെയും ഇവിടെയും തൊടാത്ത നിലപാടുകളാണ് എടുത്തിട്ടുള്ളത്.

അത് എന്തുകൊണ്ടാണ്?
പല കാരണങ്ങളുണ്ട്. ലോകത്ത് പലയിടങ്ങളിലും നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളിലോ പ്രാദേശിക സംഘർഷങ്ങളിലോ ഇടപെടാതിരിക്കുകയും സ്വന്തം വാണിജ്യതാൽപര്യങ്ങളിൽ മാത്രം ഊന്നുക എന്നതുമാണ് ചൈനയുടെ പൊതുവായ വിദേശനയം. ആഫ്രിക്കയിലും മധ്യ പൗരസ്ത്യ മേഖലയിലും ഇത് കാണാം. തന്ത്രപരമായി അങ്ങേയറ്റം പ്രധാനപ്പെട്ട നയം കൂടിയാണിത്.
സോവിയറ്റുയൂണിയൻ തകരുകയും പിന്നീട് പുട്ടിൻ അധികാരം പിടിച്ചെടുത്തശേഷവുമുള്ള റഷ്യയുടെ പ്രധാന ഫോക്കസ്, സോവിയറ്റ് യൂണിയനിൽനിന്ന് വിട്ടുപോയ രാജ്യങ്ങളും ആ മേഖലയുമായും ബന്ധപ്പെട്ടതാണ്. അമേരിക്കയും യൂറോപുമായും അവർക്കുള്ള ബന്ധങ്ങളും സംഘർഷങ്ങളുമാണ് മറ്റൊരു ഫോക്കസ്. എടുത്തുപറയാവുന്ന ഒരേയൊരു എക്‌സ്‌സെപഷൻ, റഷ്യ സിറിയയിൽ ഇടപെട്ടതാണ്. അത് ആ കാലത്ത് വളർന്നുവന്ന ചില പ്രാദേശിക നയതന്ത്ര സംഭവവികാസങ്ങളുടെ ഭാഗമായിരുന്നു. മാത്രമല്ല, അത് റഷ്യയെ സംബന്ധിച്ച് പൂർണവിജയവുമായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ അധികാരത്തിൽ തുടരാൻ സമ്മതിക്കില്ല എന്ന നിശ്ചയദാർഢ്യത്തോടെ ഇടപെട്ടുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ബഷാറിനെ ഒരു കാരണവശാലും വിട്ടുകൊടുക്കില്ല, ഭരണത്തിൽ നിലനിർത്തും എന്ന പ്രതിബദ്ധത പുലർത്തിയ രാജ്യമാണ് റഷ്യ, അതിൽ അവർ വിജയിച്ചു.
പലസ്തീൻ പ്രശ്‌നത്തെ ഇസ്‌ലാമിക പ്രശ്‌നമായല്ല, ദേശീയപ്രശ്‌നമായാണ് എല്ലാവരും കണ്ടിരുന്നത്. ഫത്തഹ്, പി.എൽ.ഒ എന്നിവ സെക്യുലറായ സംഘടനകളായിരുന്നു. സെക്യുലർ എന്ന വാക്ക് പ്രധാനമാണ്. അന്ന് 30 ശതമാനം പലസ്തീനികൾ ക്രിസ്ത്യാനികളാണ്.
ഹമാസിനെ ചില മലയാള മാധ്യമങ്ങൾ പോലും കാണുന്നത് അൽ ഖയ്ദയെയോ ഐ.എസ്.ഐ.എസിനെപ്പോലെയോ പോലുള്ള സംഘടനയായാണ്. അതിന്റെ ചരിത്രം മാറ്റിനിർത്തിക്കൊണ്ടുള്ള നറേറ്റീവുകളാണ് രൂപപ്പെടുന്നത്. ശരിക്കും ഹമാസ് ഒരു പോരാട്ടസംഘടന തന്നെയല്ലേ? ഒരു പാൻ ഇസ്‌ലാമിക് ഓർഗനൈസേഷൻ, അല്ലെങ്കിൽ ജിഹാദി ഓർഗനൈസേഷനായി അതിനെ കാണാനാകുമോ?
ആദ്യമായി ഹമാസിന്റെ ഉൽഭവം പരിശോധിക്കേണ്ടതുണ്ട്. 1948 മുതൽ 1987 വരെ പലസ്തീനികളുടെ പോരാട്ടത്തിൽ ഒരു പങ്കും വഹിക്കാതിരിക്കുകയും മതപ്രബോധനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും പുതിയ ഇസ്‌ലാമിക തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത് എന്നുള്ള നിലപാടെടുത്തവരാണ് പലസ്തീൻ മുസ്‌ലിം ബ്രദർഹുഡ്. അന്ന് ശക്തമായി പ്രവർത്തിച്ചിരുന്ന ഈജിപ്ത്യൻ മുസ്‌ലിം ബ്രദർഹുഡിന്റെ ശാഖ എന്ന നിലയിലാണ് അവർ പലസ്തീനിൽ പ്രവർത്തിച്ചിരുന്നത്. അതിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ശൈഖ് അഹമ്മദ് യാസീൻ. തീപ്പൊരി പ്രഭാഷകനും ഇസ്‌ലാമിസ്റ്റ് നേതാവുമായിരുന്നു അദ്ദേഹം. 1987 ഡിസംബർ ഏഴിന് ട്രക്കാക്രമണത്തിൽ 16-ഓളം പലസ്തീനികൾ കൊല്ലപ്പെട്ട സംഭവമുണ്ടായി. ഈ സമയത്തുതന്നെ പി.എൽ.ഒ ഫത്തഹിന്റെ വിശ്വാസ്യത അറബ്, മുസ്‌ലിം ലോകത്തും പലസ്തീനിനുള്ളിലും അടിക്കടി തകർന്നുകൊണ്ടിരുന്ന സമയവുമായിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾക്ക് രാഷ്ട്രീയമായ പങ്ക് വഹിക്കാൻ ഉചിതമായ സാഹചര്യമാണ് ഇപ്പോഴുള്ളത് എന്ന് അവർ തിരിച്ചറിയുന്നത്. 1987 ഡിസംബർ 16-നാണ് ഹമാസ് എന്ന സംഘടനയുടെ രൂപീകരണം മുസ്‌ലിം ബ്രദർഹുഡ് പ്രഖ്യാപിക്കുന്നത്. അതിമനോഹരമായ, ഇസ്‌ലാമികമായ പോരാട്ടഭാഷയിലുള്ള, ബയാനാത്ത് എന്നറിയപ്പെടുന്ന പത്ത് പ്രസ്താവനകൾ അതിനുശേഷമുള്ള ദിവസങ്ങളിൽ വന്നു. ഹമാസ് എന്നാൽ Harakat al-Muqawama al-Islamiya എന്നതിന്റെ ചുരുക്കപ്പേരാണ്. ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനം (Islamic Resistance Movement) എന്നാണർഥം. Harakat എന്നാൽ പ്രസ്ഥാനം, al-Muqawama എന്നാൽ പ്രതിരോധം, al-Islamiya എന്നാൽ ഇസ്‌ലാമികം. അതിന്റെ അറബി ചുരുക്കപ്പേരാണ് ഹമാസ്. ഹമാസ് എന്ന വാക്കിന് ഉത്സാഹം എന്നും ആവേശം എന്നും പറയാവുന്ന ഒരർഥം കൂടിയുണ്ട്. അത് പൊസിറ്റീവാണോ നെഗറ്റീവ് ആണോ എന്നത് നിങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ചുവേണം അനുമാനിക്കേണ്ടത്.
അതുവരെ പലസ്തീൻ പ്രശ്‌നത്തെ ഇസ്‌ലാമിക പ്രശ്‌നമായല്ല, ദേശീയപ്രശ്‌നമായാണ് പലസ്തീൻ പോരാട്ടത്തോടൊപ്പമുള്ള എല്ലാവരും കണ്ടിരുന്നത്. ഫത്തഹ് എന്നു പറയുന്നതും പി.എൽ.ഒ എന്നു പറയുന്നതും വളരെ സെക്യുലറായ സംഘടനകളായിരുന്നു. സെക്യുലർ എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നത് പ്രധാനമാണ്. അന്ന് 30 ശതമാനം പലസ്തീനികൾ ക്രിസ്ത്യാനികളാണ്. ഹനാൻ അഷ്‌റാവിയെപ്പോലുള്ള (Hanan Daoud Mikhael Ashrawi) ക്രിസ്ത്യൻ നേതാക്കളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അപ്പോൾ, പലസ്തീന്റെ ഒരു ദേശീയ പ്രതിരോധ സമരമായി, ഒരു ജനതയുടെ അഭിമാന സംരക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദേശീയ പ്രസ്ഥാനവും പ്രവർത്തനവുമായാണ് അതുവരെ ഈ സമരത്തെ കണ്ടിരുന്നത്. അതിൽ പി.എൽ.ഒയെ കൂടാതെ നിരവധി സംഘടകളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് സ്വഭാവമുള്ള സംഘടനയുണ്ടായിരുന്നു. മാർക്‌സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീന്റെ നേതാവായിരുന്ന ജോർജ് ഹബഷ്, കാർലോസ് തുടങ്ങിയ തീപ്പൊരി കമ്യൂണിസ്റ്റ് നേതാക്കളുണ്ടായിരുന്നു.

അങ്ങനെ, 1948 മുതൽ 1987 വരെ പലസ്തീൻ സമരത്തിനുണ്ടായിരുന്ന മതനിരപേക്ഷ- ദേശീയ പ്രസ്ഥാനം എന്ന സ്വഭാവം മാറുകയും അതിനെ ഇസ്‌ലാമീകരിക്കുകയും ചെയ്തു എന്നതാണ് ഹമാസ് ചെയ്ത ഒരു കാര്യം. അത് വളരെ നെഗറ്റീവായ സംഗതിയായാണ് ഞാൻ കാണുന്നത്. കാരണം, 30 ശതമാനം ക്രിസ്ത്യാനികൾക്ക് അവിടെ റോളില്ലാതാകും. ഇതിന്റെ പ്രതിപ്രവർത്തനമെന്ന നിലയ്ക്ക്, ഏതാനും വർഷങ്ങൾ കഴിയുമ്പോൾ, ഹമാസിന് ബദലായി ഹമാം എന്ന സംഘടന രൂപീകരിക്കപ്പെടുന്നുണ്ട്. ഹമാം എന്നാൽ ക്രൈസ്തവ പ്രതിരോധ പ്രസ്ഥാനം. ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനത്തിൽ തങ്ങൾക്ക് റോളുണ്ടാകില്ല എന്ന തോന്നലിൽനിന്നാണ് മതത്തിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്കും സംഘടിക്കേണ്ടിവരും എന്ന് ചിലർക്ക് തോന്നലുണ്ടായത്. ഹമാം എന്ന വാക്കിനർഥം കുളിമുറി എന്നാണ്. ആ നിലയ്ക്ക് പലസ്തീന്റെ ദേശീയ ഐക്യദാർഢ്യം ഹമാസിന്റെ വരവോടെ വിഘടിക്കപ്പെടുകയും ഇസ്‌ലാമികവൽക്കരിക്കപ്പെട്ട സമരമായി ഇത് മാറുകയും ചെയ്തു.
ഹമാസ് ഒരു ഇസ്‌ലാമിസ്റ്റ് സംഘടനയാണ്, യാതൊരു സംശയവുമില്ല. പലസ്തീൻ പ്രശ്‌നത്തെ വെറും ഇസ്‌ലാമികമായ കാഴ്ചപ്പാടിൽ മാത്രം കാണുന്ന സംഘടനയാണ്.
ഇതേതുടർന്ന് മുസ്‌ലിം രാജ്യങ്ങളിൽ, പ്രധാനമായും ഇസ്‌ലാമിക സമൂഹങ്ങളിൽ, പലസ്തീൻ സമരത്തോടുണ്ടായിരുന്ന കാഴ്ചപ്പാടിൽ മാറ്റം വന്നു. ഈ സമരത്തെ അവർ പിന്തുണച്ചിരുന്നുവെങ്കിലും അതിൽ ഇസ്‌ലാമിന്റെ ചരിത്രവും പോരാട്ടങ്ങളുമായും ബന്ധപ്പെട്ട ഒരു വാചാലത (rhetoric) വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ടുവന്ന പ്രതിരോധ കവിതകളിലും ഹമാസ് പ്രസിദ്ധീകരിച്ചിരുന്ന ലഘുലേഖകളിലും പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നത്, ഇസ്‌ലാമിന്റെ 1400 വർഷത്തെ പോരാട്ടങ്ങളുടെയും യുദ്ധങ്ങളുടെയുമൊക്കെ ഭാഷയായിരുന്നു. ഇക്കാര്യം മനസ്സിലാക്കാൻ ഒരു ചെറിയ ഉദാഹരണം മാത്രം പറയാം. 1987-ൽ ഹമാസ് രൂപീകരിക്കപ്പെടുന്ന സന്ദർഭത്തെയാണ് ആദ്യത്തെ ഇൻതിഫാദ എന്നു പറയുന്നത്. (ഇസ്രായേലി തോക്കുകളോടും ബോംബുകളോടും വെറും കല്ലുകൾ കൊണ്ടുള്ള പോരാട്ടമാണ് ഇൻതിഫാദ). ഇതുമായി ബന്ധപ്പെട്ടുവന്ന സാഹിത്യകൃതികൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹമാസുമായി അടുത്ത് പ്രവർത്തിച്ചിരുന്ന സഅദ് മസീൻ എന്ന കവിയുണ്ടായിരുന്നു. 'ഫത അസ്സൗറ’ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്, 'വിപ്ലവത്തിന്റെ ചെറുപ്പക്കാരൻ' എന്നർഥം. അദ്ദേഹത്തിന്റെ ഒരു നീണ്ട കവിതയിലെ രണ്ടു വരികൾ ഇങ്ങനെയാണ്: ‘‘ഇപ്പോൾ ഇപ്പോൾ കറുത്ത കല്ലിനെ ചുംബിക്കുന്നതിന്റെ യുക്തി എനിക്ക് കുറച്ചൊക്കെ മനസ്സിലാകുന്നു.’’
അങ്ങനെ ഇസ്‌ലാമികമായ ചിഹ്‌നങ്ങളും പ്രതീകങ്ങളും പലസ്തീൻ സമരത്തിലേക്ക് കൊണ്ടുവരുന്നു, അത് ഹമാസിന്റെ ഭാഷയിലേക്കുവരുന്നു, അതിന് അറബിന് പുറത്തും മറ്റു ഇസ്‌ലാമിക സമൂഹങ്ങളിലും ആവേശകരമായ സ്വാധീനമുണ്ടാക്കാൻ കഴിയുന്നു എന്നു പറയാനാണ് ഈ കവിത ചൂണ്ടിക്കാട്ടുന്നത്. അത് പൊസീറ്റീവാണോ നെഗറ്റീവാണോ എന്നത്, നേരത്തെ പറഞ്ഞതുപോലെ നിങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ചിരിക്കും. ആ അർഥത്തിൽ ഹമാസ് ഒരു ഇസ്‌ലാമിസ്റ്റ് സംഘടനയാണ്, യാതൊരു സംശയവുമില്ല. പലസ്തീൻ പ്രശ്‌നത്തെ വെറും ഇസ്‌ലാമികമായ കാഴ്ചപ്പാടിൽ മാത്രം കാണുന്ന സംഘടനയാണ്. ആ നിലയ്ക്ക് ഇസ്‌ലാമിക ഭരണത്തെക്കുറിച്ചും ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ചുമുള്ള മൗലാനാ മൗദൂദിയുടെയും സയ്യിദ് ഖുത്തുബ്ബിന്റെയുമൊക്കെ ആശയങ്ങൾ അതേപോലെ അംഗീകരിക്കുകയും അതിലുറച്ച് വിശ്വസിക്കുകയും ചെയ്യുന്ന സംഘടന.

അതേസമയം, ഇത്തരം സന്ദർഭങ്ങളിൽ സംഘടനകളെയും പ്രസ്ഥാനങ്ങളെയും കുറിച്ച്, അവ ഭീകരവാദ സംഘടനയാണ് എന്ന തരത്തിലുള്ള തർക്കത്തിലേക്കു പോകുന്നതിൽ കാര്യമില്ല. കാരണം, ആരാണ് ഭീകരവാദി, ആരാണ് ദേശീയവാദി എന്നത് സാഹചര്യമാണ് നിശ്ചയിക്കുന്നത്.
ശരിയാണ്, ഇവിടെയൊരു ന്യായവും കിടക്കുന്നില്ലേ. രൂപീകരിക്കപ്പെട്ട അന്നുതന്നെ ജൂതരാഷ്ട്രം എന്ന് പ്രഖ്യാപിച്ച ഇസ്രായേൽ ആണല്ലോ മറുപക്ഷത്ത്.
തീർച്ചയായും. മാത്രമല്ല, ഭഗത്‌സിങ് ബ്രിട്ടീഷുകാരെ സംബന്ധിച്ച് ഭീകരവാദിയായിരുന്നു. നമുക്ക് അദ്ദേഹം സ്വാതന്ത്ര്യസമരപോരാളിയും. ഈ സാഹചര്യത്തിൽ ഹമാസിന്റെ പ്രത്യയശാസ്ത്രം എന്താണ്, അത് ഇസ്‌ലാമിസ്റ്റാണോ അല്ലേ എന്നു പറയുന്ന തർത്തിൽ എനിക്ക് താൽപര്യമില്ല. അവരെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ കാര്യം പറഞ്ഞുവെന്നേയുള്ളൂ.
നെതന്യാഹു യുദ്ധം എന്ന വാക്കാണ് ഉപയോഗിച്ചത്. ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലം ഏതാണ്? അവർ കീഴടക്കിവച്ചിരിക്കുന്ന സ്ഥലമാണ്.
ചെറിയൊരു സ്ഥലമാണ് ഗാസ. 40 കിലോമീറ്റർ നീളവും ഏറ്റവും കൂടിയ സ്ഥലത്ത് 12 കിലോമീറ്റർ വീതിയുമുള്ള സ്ഥലം. കേരളത്തിലെ ഒരു താലൂക്കിന്റെ വലുപ്പം പോലുമില്ല. അവിടെ ജീവിക്കുന്ന 23 ലക്ഷം ആളുകൾ 17 വർഷമായി ഒരുതരത്തിലുമുള്ള സ്വാതന്ത്ര്യവുമില്ലാതെ നരകിക്കുകയാണ്, ഉപരോധത്തിലാണ്. അതുകൊണ്ട് ഹമാസിന്റെ ആക്രമണം ഒരു പ്രകോപനവുമില്ലാതെയാണ് എന്നു പറയുന്നത് ശരിയല്ല. ഒരു നിലയ്ക്ക് കഴിഞ്ഞ 17 വർഷത്തെ പ്രകോപനമുണ്ട്. വേറൊരു നിലയ്ക്ക് പറഞ്ഞാൽ, ഒരു രാഷ്ട്രം അധിനിവേശം നടത്തിവച്ചിട്ടുള്ള ഒരു രാജ്യത്തെ ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ലോകചരിത്രത്തിലെ ആദ്യ സംഭവമാണിത് എന്നു പറയാം. കാരണം, നെതന്യാഹു യുദ്ധം എന്ന വാക്കാണ് ഉപയോഗിച്ചത്. സാധാരണ ഒരു രാജ്യം മറ്റൊരു രാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കും, ഒരു രാജ്യം ഒരു ടെററിസ്റ്റ് ഗ്രൂപ്പിനോട് യുദ്ധം പ്രഖ്യാപിക്കും. ഇവിടെ, ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലം ഏതാണ്? അവർ കീഴടക്കിവച്ചിരിക്കുന്ന സ്ഥലമാണ്. നൂറുവർഷമായി സ്വാതന്ത്ര്യത്തിനായി പോരാടിക്കൊണ്ടിരിക്കുന്ന, എല്ലാ നിലയ്ക്കുമുള്ള അപമാനങ്ങളും സഹിച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയാണ്. ലോക രാഷ്ട്രീയ വിശകലനങ്ങളിലെല്ലാം കാണുന്നത് ഇരട്ടത്താപ്പാണ്. അതിലേക്ക് നമ്മൾ പോകുന്നത് ഒട്ടും ശരിയാകില്ല.

യു.കെയിലുള്ള പലസ്തീൻ അംബാസഡർ ബി.ബി.സിക്ക് നൽകിയ ഇന്റർവ്യൂവിൽ ചോദിക്കുന്നുണ്ട്, ഒന്നോ അതിലധികമോ ഇസ്രായേലി സൈനികരല്ലാത്ത സാധാരണ മനുഷ്യർ കൊല്ലപ്പെടുമ്പോൾ നിങ്ങൾ ഭയങ്കരമായി സങ്കടപ്പെടുകയും എന്നെപ്പോലുള്ളവരെ വിളിച്ച് ഇന്റർവ്യൂ നടത്തുകയും അതിലെ മാനുഷിക സംഗതികളെക്കുറിച്ച് വേദനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ, പലസ്തീനികളെ കൊന്നെടുക്കിയ ഏതെങ്കിലും സമയത്ത് എന്നെപ്പോലെ ഒരാളെ വിളിച്ച് ചോദിച്ചിട്ടുണ്ടോ? അത്തരമൊരു ഡൈമെൻഷൻ തീർച്ചയായും ഇതിനുപുറകിലുണ്ട്.
സപ്തംബർ 11ന്റെ ആക്രമണത്തിനുശേഷം സി.ഐ.എ ഭയങ്കരമായി എക്‌സ്‌പോസ്ഡായിപ്പോയി. മൊസ്സാദിനെ നമ്മൾ മനസ്സിലാക്കിയിട്ടുള്ളത്, എല്ലാ തരത്തിലുമുള്ള സീക്രട്ട് ഡിപ്ലോമസിയും സൈബർ വാർഫെയറും ഉള്ളവരാണ്, ലോകത്ത് ഒരുപാട് അസ്സാസ്സിനേഷനുകൾ നടത്തിയിട്ടുണ്ട്, സബോട്ടേഷന്റെ പുതിയ തലങ്ങൾ തന്നെ കണ്ടെത്തിയ ഒരു ഇൻഡിജീനസ് ഏജൻസിയാണ് എന്നെല്ലമാണ്. അങ്ങനെ അറിയപ്പെടുന്ന മൊസ്സാദിന് എന്തായിരിക്കും സംഭവിച്ചിരിക്കുക, ഇക്കാര്യത്തിൽ?
ഇതിലെ നൈതികമായതോ രാഷ്ട്രീയമായതോ ആയ ഒരു പോയിന്റ് ഇതാണ്: ഒരു ജനതയുടെ പോരാട്ടവീര്യത്തിനുമുന്നിൽ വൻശക്തികൾ ഒരു ഘട്ടത്തിലല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ തോറ്റുപോകുന്ന അനുഭവങ്ങൾ ചരിത്രത്തിലുടനീളം കാണാം. കുറെക്കാലം നിങ്ങളുടെ സാങ്കേതിക വൈദഗ്ധ്യവും സൈനികശക്തിയും കൊണ്ട് എങ്ങനെയൊക്കെ പിടിച്ചുനിന്നാലും നിരന്തരമായി, പതിറ്റാണ്ടുകളോളം ഒരു ജനത അടിമകളായി തുടരുമ്പോൾ സ്വഭാവികമായും അവരുടെ പ്രതികരണം ചില ഘട്ടങ്ങളിൽ വിജയിക്കും.
രണ്ടാമത്തെ കാര്യം; കഴിഞ്ഞ അഞ്ചു കൊല്ലമായി രാഷ്ട്രീയ അസ്ഥിരതയിലൂടെയാണ് ഇസ്രായേൽ കടന്നുപോകുന്നത്. ഒരു നിലയ്ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സർക്കാറുകൾ. അധികാരത്തിനുവേണ്ടി ചിലർ കെട്ടിപ്പിടിച്ച് ഭരണം തുടരുന്നു, ഇപ്പോഴും അങ്ങനെയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ തന്നെ ഇരിക്കുന്നില്ലെങ്കിൽ ബെഞ്ചമിൻ നെതന്യാഹു ജയിലിലായിരിക്കും. കാരണം, അത്രയും ശക്തമായ അഴിമതിക്കേസും മറ്റുമൊക്കെയാണ്. അത്തരമൊരു അസ്ഥിരത കുറെക്കാലമായി ഇസ്രായേലിനെ പിടികൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ തലങ്ങളിലും ജാഗ്രത കുറയും.

മൂന്നാമത്തെ കാര്യം; വെസ്റ്റ് ബാങ്കിൽ ജൂത സെറ്റിൽമെന്റുകളുണ്ട്. ഇവർ പലസ്തീനികളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന നിരന്തര ചരിത്രമുണ്ട്. ആയിരമോ ആയിരത്തിഅഞ്ഞൂറോ പേർ താമസിക്കുന്ന സ്ഥലം കഴിഞ്ഞാൽ പിന്നെ അവിടെ ഇസ്രായേലി ചെക്ക് പോസ്റ്റുണ്ട്. ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാനാകില്ല. ഇതിന്റെ നടുക്കാണ് നൂറുകണക്കിന് സെറ്റിൽമെന്റുകളുണ്ടാക്കിയിരിക്കുന്നത്. ഇവിടെ താമസിക്കുന്നവർ തീവ്ര വലതുപക്ഷ നിലപാടുള്ളവരും പലസ്തീനികളെ മൊത്തം കൊന്നൊടുക്കണമെന്ന് വാദിക്കുന്നവരുമാണ്. ഇവർഇടയ്ക്കിടക്ക് ഇസ്രായേലി പൊലീസിന്റെയും സൈന്യത്തിന്റെയും പിന്തുണയോടെ പലസ്തീനികളെ ആക്രമിക്കും. ഈ വർഷമാണ് ഏറ്റവും വലിയ നാശനഷ്ടം പലസ്തീനികൾക്ക് സഹിക്കേണ്ടിവന്നത്, 250-ഓളം പേരാണ് കൊല്ലപ്പെട്ടത്. ഗാസയാണെങ്കിൽ കടുത്ത ഉപരോധത്തെതുടർന്ന് പട്ടിണിയിൽ അങ്ങേയറ്റത്തെ കൊടും ദുരിതത്തിലൂടെ കടന്നുപോകുകയാണ്, 17 വർഷങ്ങളായിട്ട്. സ്വഭാവികമായും ഇസ്രായേലി സൈനിക- ഇന്റലിജൻസ് നേതൃത്വം വിചാരിച്ചിട്ടുണ്ടാകുക, ഇത്രയും ദുർബലമായ സാഹചര്യത്തിൽ ഗാസയിൽനിന്ന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാണ്. ഏറിയാൽ എപ്പോഴെങ്കിലും പത്ത് മിസൈൽ അവിടെനിന്ന് വരും എന്നതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നൊരു തോന്നലുണ്ടാകുകയും വെസ്റ്റ് ബാങ്കിൽ നിന്നാണ് എന്തെങ്കിലുമുണ്ടാകാൻ സാധ്യതയുള്ളത് എന്നു വിചാരിക്കുകയും ചെയ്ത സാഹചര്യം ഇന്റലിജൻസ് തോൽവുക്കുപുറകിലുണ്ടെന്ന് മനസ്സിലാക്കാം. അടിമകളായി ജീവിക്കുന്ന ഒരു ജനതയുടെ പ്രതിജ്ഞാബദ്ധതക്കുമുന്നിൽ വലിയ ശക്തികളും പരാജയപ്പെട്ട അനുഭവങ്ങൾ എത്രയോ ഉണ്ട്.
67 ശതമാനം പലസ്തീനികൾക്ക് 42 ശതമാനം മാത്രം സ്ഥലം കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് അറബ് നേതൃത്വം യു.എൻ വിഭജനപദ്ധതി തിരസ്‌കരിച്ചത്. ആ തിരസ്‌കാരം തെറ്റായ നിലപാടായിരുന്നു എന്നുവേണം ഇന്ന് മനസ്സിലാക്കാൻ.
ആസന്ന ഭാവിയിൽ ഒരു പരിഹാരത്തെക്കുറിച്ച് ചിന്തിച്ചാൽ അത് എങ്ങനെയായിരിക്കും?
ഇത്തരം സംഘർഷങ്ങളുടെ കാലത്ത് ഭാവിയെക്കുറിച്ച് പ്രവചിക്കാൻ ശ്രമിക്കുന്നത് ഒട്ടും ശരിയാകില്ല.
ചരിത്രം നോക്കിയാൽ 1947-48 ലെ ഐക്യരാഷ്ട്രസഭയുടെ വിഭജനപദ്ധതിയനുസരിച്ച് 55 ശതമാനം ഭൂമി ഇസ്രായേലിനും 42 ശതമാനം ഭൂമി പലസ്തീനും ജറുസലേമിനുചുറ്റുമുള്ള ബാക്കി സ്ഥലം ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലും എന്ന പരിഹാരമാണ് വിഭാവനം ചെയ്തത്. അന്നത്തെ പലസ്തീൻ ജനസംഖ്യയിൽ 67 ശതമാനം പലസ്തീനികളായിരുന്നു. 67 ശതമാനം പലസ്തീനികൾക്ക് 42 ശതമാനം മാത്രം സ്ഥലം കൊടുക്കുന്നത് ശരിയല്ലെന്നും അംഗീകരിക്കാനാകില്ലെന്നും പറഞ്ഞാണ് അറബ് നേതൃത്വം അന്ന് ഇത് തിരസ്‌കരിച്ചത്. തിരിഞ്ഞാലോചിക്കുമ്പോൾ ആ തിരസ്‌കാരം തെറ്റായ നിലപാടായിരുന്നു എന്നുവേണം നമ്മൾ മനസ്സിലാക്കാൻ. കാരണം, 40 വർഷത്തിനുശേഷം ഓസ്‌ലോ ഉടമ്പടിയിലേക്ക് വരുമ്പോൾ, പലസ്തീനികൾക്ക് കിട്ടാൻ പോകുന്ന ഭൂമിയുടെ അളവ് മൊത്തം പലസ്തീന്റെ പത്തു ശതമാനം പോലുമില്ലാത്ത അവസ്ഥയായി. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലേക്കുവരുമ്പോൾ, അത്ര പോലുമില്ല. മാത്രമല്ല, സെറ്റിൽമെന്റുകൾ വന്നതോടെ പലസ്തീൻ രാഷ്ട്രം കിട്ടിയാൽ പോലും കൃത്യമായ അതിർത്തിക്കുള്ളിൽ ജനങ്ങൾക്ക് താമസിക്കാൻ കഴിയുന്ന സാഹചര്യവുമില്ല. പാക്കിസ്ഥാൻ ഉണ്ടാക്കിയതുപോലെയാണ്; ബംഗ്ലാദേശ് കിടക്കുന്നത് പുറത്താണ്. അവിടേക്ക് ഇന്ത്യ വഴിയോ മറ്റു രാജ്യങ്ങളിലൂടെയോ വിമാനത്തിൽ പോകാനാണ് വഴിയുണ്ടായിരുന്നത്. ഗാസയും വെസ്റ്റ് ബാങ്കും തമ്മിൽ അതേ സാഹചര്യം ഇപ്പോഴുമുണ്ട്. അതിന്റെ നടുക്കാണ് ഇസ്രായേൽ.

ദ്വിരാഷ്ട്രം എന്ന പരിഹാരത്തിലേക്കുള്ള സാഹചര്യം ഒരു നിലയ്ക്കും എനിക്ക് കാണാനാകുന്നില്ല. അത്തരമൊരു പരിഹാരത്തെക്കുറിച്ച് ഗൗരവകരമായ ചിന്തകൾ വന്നാൽ പോലും ലക്ഷക്കണക്കിനുപേർ താമസിക്കുന്ന ഇസ്രായേൽ സെറ്റിൽമെന്റുകൾ ഇല്ലാതാക്കാൻ അവർ ത യാറാകുമോ? ഗാസയെയും വെസ്റ്റ് ബാങ്കിനെയും തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടുത്തുക? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളുണ്ട്. ലോക ശാക്തിക സങ്കുചിതത്വം ഇന്നത്തെ സാഹചര്യത്തിൽ തുടരുന്നിടത്തോളം, ഈ നിലയ്ക്കുള്ള ആത്യന്തിക പരിഹാരത്തിനുള്ള സാധ്യത, നിർഭാഗ്യവശാൽ ഞാൻകാണുന്നില്ല. കുറച്ചുനാൾ കഴിഞ്ഞാൽ ഒരു സന്ധിസംഭാഷണത്തിലൂടെ ചിലപ്പോൾ സംഘർഷത്തിന്റെ ഹിംസാത്മകത കുറഞ്ഞേക്കും. വീണ്ടും പഴയ അവസ്ഥയിലേക്കു പോകാം. ഉപരോധവും ഹിംസാത്മകതയുമൊക്കെയായി മുന്നോട്ടുപോകും എന്നതിലപ്പുറം ശാശ്വത പരിഹാര സാധ്യത ഇന്നത്തെ സാഹചര്യത്തിൽ കാണാനാകുന്നില്ല.