ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുള്ളയെ കൊലപ്പെടുത്തുകയും ലെബനനിലുടനീളം ബോംബാക്രമം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ കൂടുതൽ അശാന്തമായിരിക്കുകയാണ്. ഹിസ്ബുല്ലയെ പൂർണമായും ഇല്ലാതാക്കാൻ ഇസ്രായേലും തങ്ങളുടെ നേതാവിന്റെ കൊലയ്ക്ക് പകരം ചോദിക്കാൻ ഹിസ്ബുല്ലയും ഇറങ്ങുന്നതോടെ പശ്ചിമേഷ്യ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഹിസ്ബുല്ലയുടെ മറ്റൊരു മുതിർന്ന നേതാവിനെ കൂടി കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. ഹിസ്ബുല്ല സെൻട്രൽ കൗൺസിൽ ഉപമേധാവിയായ നബീൽ കൗക് ആണ് കൊല്ലപ്പെട്ടത്. അതെസമയം ലെബനൻ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയിട്ടില്ല. ഹിസുബുല്ല തലവൻ സയ്യിദ് ഹസൻ നസ്‌റുള്ളയടക്കം ഹിസ്ബുല്ലയുടെ നിരവധി ഉന്നത നേതാക്കളാണ് ഇക്കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ലെബനനിലേക്ക് തുടരെ അക്രമം നടത്തുന്നതിനിടയിൽ ലെബനനിലെ ജനങ്ങളെ വിഭജിക്കാനും ഇസ്രായേൽ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഐക്യം നിലനിർത്തണമെന്ന് സൈന്യം പൗരൻമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പേജർ, വോക്കി ടോക്കി സ്‌ഫോടനങ്ങൾക്ക് ശേഷം ഇസ്രായേൽ ലെബനനിലേക്ക് നടത്തുന്ന ആക്രമണങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
ലെബനനിലെ ബെക്കാവാലിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി ലെബനൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച മാത്രം 33 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ബെക്കാവാലിയിലെ ഒരു വീടിന് നേരെയാണ് ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറ് മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 104 കുട്ടികളും 194 സ്ത്രീകളുമടക്കം 1640 പേരാണ് ലെബനനിൽ മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടത്തിയ ആക്രമണങ്ങളിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 104 കുട്ടികളും 194 സ്ത്രീകളുമടക്കം 1640 പേരാണ് ലെബനനിൽ മാത്രം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല തലവനടക്കം നിരവധി പേർ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല തലവനെ വധിച്ചിട്ടും നിർത്താതെയുള്ള വ്യോമാക്രമണങ്ങളും ബോംബാക്രമണങ്ങളുമാണ് ലെബനനിലേക്ക് ഇസ്രായേൽ സൈന്യം തുടരുന്നത്. കഴിഞ്ഞ 32 വർഷമായി ഹിസ്ബുല്ലയെ നയിച്ച ഹസൻ നസ്‌റുള്ള കൊല്ലപ്പെട്ടതിനെ തുടർന്ന് ലെബനൻ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹസൻ നസ്‌റുള്ളയെ കൊലപ്പെടുത്തിയത് പശ്ചിമേഷ്യൻ യുദ്ധങ്ങളിലെ പ്രധാന സംഭവമായി നിലനിൽക്കുമ്പോഴും ഇതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നാണ് ലോകം നിരീക്ഷിക്കുന്നത്. തലവനെ തന്നെ കൊലപ്പെടുത്തിയതിലൂടെ ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലെ സംഘർഷം തുടരുമെന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. ഹിസ്ബുല്ല തലവൻ കൊല്ലപ്പെട്ടതോടെ യു.എൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിന് ഇറാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളെ തടയാൻ ഉടനടി നിർണായകമായ നടപടി സ്വീകരിക്കാൻ യു.എൻ ഇടപെടണമെന്നാണ് സുരക്ഷാ കൗൺസിൽ പ്രസിഡന്റിന് അയച്ച കത്തിൽ ഇറാൻ ആവശ്യപ്പെട്ടത്.
“2024 സെപ്തംബർ 27 ന് ബെയ്‌റൂതിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ഭീകരാക്രമണം നടത്തി. യു.എസ് നൽകിയ ബങ്കർ ബസ്റ്ററുകൾ ഉപയോഗിച്ച് ഹിസ്ബുല്ല തലവൻ സയ്യിദ് ഹസൻ നെസ്‌റുല്ലയെ ഇസ്രായേൽ കൊലപ്പെടുത്തി. നിരപരാധികളായ നിരവധി ജനങ്ങളും ഇറാനിന്റെ ജനറലും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തങ്ങളുടെ സുപ്രധാനമായ ദേശീയ സുരക്ഷാ താൽപര്യങ്ങൾക്ക് അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള അവകാശങ്ങൾ വിനിയോഗിക്കാൻ ഇറാൻ മടിക്കില്ല.” - യു.എൻ ഇറാൻ പ്രതിനിധി അമീർ സഈദ് ഇരവാനി പറഞ്ഞു.
അതേസമയം ഹിസ്ബുല്ലയെ പൂർണമായും ഇല്ലാതാക്കാൻ ഇസ്രായേലിന് ലഭിച്ച ചരിത്രാവസരമാണിതെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു. ഹിസുബുല്ല തലവനെ കൊലപ്പെടുത്തുന്നതോടൊപ്പം ഹിസ്ബുല്ലയെയും ലെബനനെയും പൂർണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾക്കാണ് ഇസ്രായേൽ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.