അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനികത്താവളങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. ഇത് ഗൾഫ് രാജ്യങ്ങളെയാകെ കനത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. തങ്ങൾക്ക് നേരെ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ ആറ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയിരുന്നു. ബഹ്റൈൻ, ജോർദാൻ, കുവൈറ്റ്, ദുബായ്, യു.എ.ഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇറാൻെറ ആക്രമണം ഉണ്ടായി. ഒടുവിൽ ഒമാനിലും ഇറാൻ ആക്രമണം ഉണ്ടായിരിക്കുകയാണ്. ഇസ്രായേലിന് നേർക്കും ആക്രമണം നടത്തുന്നുണ്ട്. ദുബായ്, അബുദാബി വിമാനത്താവളങ്ങളിലും ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഇറാനെ പിന്തുണച്ച് പാക്കിസ്ഥാനിലും പ്രതിഷേധങ്ങളുണ്ടായി. പാക്കിസ്ഥാനിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായി.
ആക്രമണം തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളും പലവിധ നടപടികൾ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. നേരത്തെ തന്നെ ബുർജ് ഖലീഫ പൂർണമായും ഒഴിപ്പിച്ചിരുന്നു. ദുബായ് ഗ്ലോബൽ വില്ലേജും അടച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ നിന്ന് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നു. മേഖലയിലേക്കുള്ള വ്യോമപാതയും ഏകദേശം അടച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ചർച്ച ചെയ്യാനും തീരുമാനമെടുക്കുന്നതിനുമായി ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നിരിക്കുകയാണ്. ജി.സി.സി യോഗത്തിൽ ഇറാനെതിരെ കടുത്ത വിമർശനം ഉണ്ടായതാണ് റിപ്പോർട്ട്. അനാവശ്യമായ പ്രകോപനം ഇറാൻെറ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് ജി.സി.സി രാജ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. "സഹോദര രാജ്യങ്ങളോട് പൂർണ്ണ ഐക്യദാർഢ്യവും അവർക്ക് അചഞ്ചലമായ പിന്തുണയും രാജ്യം പ്രഖ്യാപിക്കുന്നു, കൂടാതെ അവർ സ്വീകരിക്കുന്ന ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്നും അറിയിക്കുന്നു," സൗദി അറേബ്യ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

മേഖലയിൽ പ്രതിസന്ധി തുടർന്നാൽ സാമ്പത്തികമായും അത് ഗൾഫ് മേഖലയെ ദുരിതത്തിലേക്ക് നയിക്കും. ഗൾഫിനെ പലവിധത്തിൽ ആശ്രയിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെയും ഇത് ബാധിക്കും.
ഇതിനിടയിൽ, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല ചെയ്യപ്പെട്ടതോടെ അതിന് പ്രതികാരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇറാൻ. പശ്ചിമേഷ്യയാകെ, ഗൾഫ് രാജ്യങ്ങളിലാകെ സമാധാനം ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോവുന്നത്. നിലവിലെ ആക്രമണ പ്രത്യാക്രമണങ്ങൾ വൈകാതെ അവസാനിച്ചില്ലെങ്കിൽ അത് ലോകത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോവുക.
