വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ചൈന, അപലപിച്ച് റഷ്യ: സമാധാനത്തിന് സാധ്യതയെന്ത്?

പശ്ചിമേഷ്യയിലെ സാഹചര്യം വിനാശകരമായ യുദ്ധത്തിലേക്ക് പോയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും. അതിനാൽ തന്നെ ലോകരാജ്യങ്ങൾ ഇപ്പോൾ തന്നെ തങ്ങളുടെ നിലപാടുകൾ അറിയിച്ച് തുടങ്ങിയിട്ടുണ്ട്.

International Desk

മേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണം ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്കൂൾ ലക്ഷ്യമിട്ടാണ് ആദ്യം ആക്രമണമുണ്ടാവുന്നത്. അതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 150 കടന്നു. കൃത്യമായി സാധാരണ പൗരരെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് കൊണ്ടാണ് ഇറാൻ തിരിച്ചടിച്ചത്. ഇറാൻെറ പരമോന്നത നേതാവും ഭരണാധികാരിയുമായ ആയത്തുള്ള അലി ഖമനേയിയെയും ഭരണനേതൃത്വത്തിലുള്ളവരെയും വധിച്ച് കൊണ്ടാണ് അമേരിക്കയും ഇസ്രായേലും ആക്രമണം കടുപ്പിക്കുന്നത്. ഗൾഫ് മേഖലയെയാകെ പ്രതിസന്ധിയിലാക്കി തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾ വലിയ ആശങ്കയാണ് വിതയ്ക്കുന്നത്.

വിനാശകരമായ യുദ്ധത്തിലേക്ക് പോയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും. അതിനാൽ തന്നെ ലോകരാജ്യങ്ങൾ ഇപ്പോൾ തന്നെ തങ്ങളുടെ നിലപാടുകൾ അറിയിച്ച് തുടങ്ങിയിട്ടുണ്ട്. മേഖലയിൽ എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുഭാഗത്ത് നിന്നുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സംഭാഷണത്തിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാന് നേർക്കുണ്ടായ ആക്രമണം ഇതിനോടകം തന്നെ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും ഇത് ഇറാൻ അതിർത്തി കടന്ന് മുന്നോട്ട് പോവാനുള്ള സാധ്യതയുണ്ടെന്നും റഷ്യ പ്രതികരിച്ചു. സമാധാനവും സുരക്ഷിതത്വവും സ്ഥിരതയും ഇല്ലാതാക്കാൻ വേണ്ടിയുള്ള ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണ് ഇറാനെതിരെ ഉണ്ടായിരിക്കുന്നതെന്നും റഷ്യ കൂട്ടിച്ചേർത്തു.

 ഒമാൻ വിദേശകാര്യമന്ത്രി ബാദർ അൽബുസെയ്ദി
ഒമാൻ വിദേശകാര്യമന്ത്രി ബാദർ അൽബുസെയ്ദി

അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കേണ്ടിയിരുന്ന ഒമാൻ വിദേശകാര്യമന്ത്രി ബാദർ അൽബുസെയ്ദി ഇപ്പോഴുണ്ടായിരിക്കുന്ന നീക്കങ്ങൾ പരിഭ്രമിപ്പിക്കുന്നതാണെന്നാണ് പറഞ്ഞത്. ഇപ്പോൾ നടന്നിരിക്കുന്ന ആക്രമണങ്ങൾ ലോകസമാധാനത്തിനോ അമേരിക്കയുടെ താൽപര്യങ്ങൾക്കോ ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എൻ സെക്രട്ടറി ജനറൽ അൻേറാണിയോ ഗുട്ടറസും പശ്ചിമേഷ്യയിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തി.

ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളെ അപലപിക്കുകയാണ് സൗദി അറേബ്യ ചെയ്തിരിക്കുന്നത്. ബഹ്റിൻ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻെറ ആക്രമണം ഉണ്ടായത്. "സഹോദര രാജ്യങ്ങളോട് പൂർണ്ണ ഐക്യദാർഢ്യവും അവർക്ക് അചഞ്ചലമായ പിന്തുണയും രാജ്യം പ്രഖ്യാപിക്കുന്നു, കൂടാതെ അവർ സ്വീകരിക്കുന്ന ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്നും അറിയിക്കുന്നു," സൗദി അറേബ്യ വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

"നിലവിലുള്ള പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം തേടാൻ ഞങ്ങൾ ഇറാനിയൻ നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു. ആത്യന്തികമായി, ഇറാനിയൻ ജനതയെ അവരുടെ ഭാവി തീരുമാനിക്കാൻ അനുവദിക്കണം," ജർമ്മനി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. ആണവായുധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇറാന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് യൂറോപ്യൻ യൂണിയൻെറ പ്രതികരണം. ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ അമേരിക്കയുടെ നടപടികളെ അപലപിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി നിലവിൽ സമാധാന ചർച്ചകളോ അതിനുള്ള പ്രാരംഭശ്രമങ്ങളോ ഒന്നും തന്നെ ലോകരാജ്യങ്ങൾക്കിടയിൽ നടക്കുന്നില്ല. അലി ഖമനേയ് കൊല്ലപ്പെട്ടതോടെ ഇറാൻ ഇനി സമാധാന ചർച്ചകൾക്ക് വഴങ്ങുന്നതിനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്. ഇസ്ലാമിക രാഷ്ട്രത്തിൽ നിന്ന് ഇറാനെ വീണ്ടും രാജഭരണത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങളാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നിരീക്ഷണവും ഒരു ഭാഗത്ത് നിന്നും ഉണ്ടാവുന്നുണ്ട്. ഏതായാലും ഖമനേയിയെ വധിച്ചതിന് പിന്നാലെ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു സർക്കാരിന് അധികാരക്കൈമാറ്റം നടത്തുകയെന്നാണ് ഇനി അമേരിക്ക ലക്ഷ്യമിടുന്നത്.

Comments