പലസ്തീനികളുടെ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള യുദ്ധമാണ് മൂന്ന് മാസമായി ഇസ്രായേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 23 ലക്ഷത്തോളം പലസ്തീനികളുടെ കൂട്ട സംഹാരമാണ് നെതന്യാഹു ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുന്നത്. പെന്റഗണിന്റെ ആയുധശേഖരങ്ങളും സയണിസ്റ്റ് വംശീയ ഭീകരതയും ഉപയോഗിച്ച് പലസ്തീനികളെ കൊന്നുതീർക്കാനുള്ള യുദ്ധം കൂടിയാണിത്. സാബ്രാ-ഷാറ്റില കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത സയണിസ്റ്റ് ഭീകരനായ ഏരിയൽ ഷാരോണിന്റെ മകൻ ഗിലാദ് ഷാരോൺ, ഗാസയുടെ വലിയ പരിഹാരം ഹിരോഷിമയിലേതുപോലെ ആറ്റംബോബ് പ്രയോഗിക്കലാണെന്നാണ് നേരത്തെ ഇസ്രായേൽ ഭരണകൂടത്തെ ഉപദേശിച്ചിട്ടുള്ളത്. ഇപ്പോൾ നെതന്യാഹു ഭരണകൂടത്തിലെ മന്ത്രിമാരിൽ പലരും ഗാസയിൽ ഹിരോഷിമയിലെപോലെ ആറ്റംബോംബിടണമെന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 7-നുശേഷം ഇസ്രായേൽ സൈന്യം ആകാശത്തിലൂടെയും കരയിലൂടെയും ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾ ക്രൂരതയുടെ എല്ലാ അതിരുകളെയും മറികടക്കുന്നതാണ്. കഴിഞ്ഞ ഡിസംബർ 28-ന് പുറത്തുവന്ന അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച് ഇപ്പോൾ മരണം 21,320 ആയി. ഏഴായിരത്തോളം പേർ അപ്രത്യക്ഷരാണ്. ഇതിൽ 4900 പേർ സ്ത്രീകളും കുട്ടികളുമാണ്. മരിച്ചവരിൽ 12000-ത്തോളം പേർ സ്ത്രീകളും കുട്ടികളുമാണെന്നാണ് യു.എൻ ഏജൻസികൾ നൽകുന്ന വിവരം. കാണാതായ ആയിരങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെയോ മരിച്ചോ ഉണ്ടായിരിക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്കണ്ഠകളെയും അഭ്യർത്ഥനകളെയും തൃണവൽക്കരിച്ചാണ് ആക്രമണം തുടരുന്നത്.
രക്ഷാപ്രവർത്തനംപോലും സാധ്യമല്ലാത്ത അവസ്ഥയാണ്. യു.എൻ സന്നദ്ധ പ്രവർത്തകർക്കുനേരെപോലും ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേൽ സൈന്യം. വെള്ളവും ഭക്ഷണവും എത്തിക്കുന്ന യു.എൻ വളണ്ടിയർമാർക്കുനേരെയും വെടിയുതിർക്കുന്നുവെന്നാണ് ഡിസംബർ 29-ലെ ഗാസയിലെ സംഭവങ്ങൾ കാണിക്കുന്നത്. വടക്കൻ ഗസയിലെ അഭയാർത്ഥികൾക്ക് സഹായമെത്തിച്ച് മടങ്ങുന്ന സന്നദ്ധപ്രവർത്തകർക്കുനേരെയാണ് ഗാസ മുനമ്പിൽവെച്ച് ഇസ്രയേൽ സൈന്യം വെടിവെപ്പ് നടത്തിയത്. സന്നദ്ധസേവകർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ സൈന്യം നിശ്ചയിച്ച വഴിയിലൂടെ പോകുമ്പോഴാണ് യു.എൻ വളണ്ടിയർ സംഘത്തിനുനേരെ അക്രമണം ഉണ്ടായത്.
യു.എന്നിന്റെ അഭയാർത്ഥി സേവകസംഘടനയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ ഡയറക്ടർ ആർക്കും മരണം ഉണ്ടായിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യു.എൻ മനുഷ്യാവകാശസമിതി മേധാവി മാർട്ടിൻഗ്രിഫിത്‌സ് ഇസ്രയേൽ സൈന്യത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേൽ പട്ടാളം ഗാസയിലെ ജനങ്ങളെയും അവിടേക്ക് സഹായമെത്തിച്ചുകൊടുക്കുന്നവരെയും ലക്ഷ്യമിട്ട് നീങ്ങുകയാണെന്നും കൂട്ടസംഹാരമാണ് സൈന്യം നടത്തിക്കൊണ്ടിന്നരിക്കുന്നതെന്നുമാണ് മാർട്ടിൻഗ്രിഫിത്‌സ് പറഞ്ഞത്.
കഴിഞ്ഞ ദിവസം വടക്കൻ ഗാസയിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് സാധാരണക്കാർ അഭയം തേടിയ നൂസ്വിറാത്, മഗാസി എന്നീ അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. അവിടെ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ അടിഞ്ഞുകിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഇസ്രായേൽ അക്രമണം കടുപ്പിച്ചിരിക്കുന്നു. നഗരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ആക്രമണം രൂക്ഷമായതോടെ ഗാസയിലെ 23 ലക്ഷത്തോളം പേരിൽ വലിയൊരു ഭാഗം കഴിയുന്നത് അഭയാർത്ഥി ക്യാമ്പുകളിലും ആശുപത്രികളിലുമാണ്.
ഈയൊരു സാഹചര്യമാണ് അഭയാർത്ഥിക്യാമ്പുകൾക്കുനേരെ ആക്രമണം രൂക്ഷമാക്കാൻ ഇസ്രയേൽ സൈന്യത്തെ പ്രേരിപ്പിക്കുന്നതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തത്. 1982-ലെ സാബ്ര-ഷാറ്റില കൂട്ടക്കൊലകൾക്ക് സമാനമായ ആക്രമണ പരമ്പരകളും നരഹത്യകളുമാണ് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഹമാസ് ഭീകരരെ നേരിടാനെന്ന വ്യാജേന സിവിലിയൻമാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ സൈന്യം വ്യോമാക്രമണം വ്യാപിപ്പിക്കുന്നു. അഭയാർത്ഥി ക്യാമ്പുകൾക്ക് സമീപം നിലയുറപ്പിച്ച ടാങ്കുകൾ വഴിയും ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണം രൂക്ഷമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം തെക്കൻ ഗാസയിലെ കുവൈത്തി ആശുപത്രിക്ക് സമീപത്തെ ജനവാസകേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡിസംബർ 29-ലെ ഒരു രാവും പകലിനുമിടയിൽ വിവിധയിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 187 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം ഇറക്കിയ കുറിപ്പിൽ അറിയിച്ചത്. ഒക്ടോബർ 7 മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,507 പേരാണെന്നും പരിക്കേറ്റത് 55,915 പേർക്കാണെന്നും ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. രക്ഷാപ്രവർത്തകരുടെപോലും ജീവൻ അപകടത്തിലാക്കുംവിധം ബോംബാക്രമണവും ഇസ്രായേൽ സേനയുടെ കരയുദ്ധവും ഗാസയിലെല്ലായിടത്തും തുടരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഷെൽവർഷങ്ങളിലും മിസൈൽ ആക്രമണങ്ങളിലും നിസ്സഹായരായി മനുഷ്യർ മരിച്ചുവീഴുകയും കെട്ടിടങ്ങൾ തകർന്നുവീഴുകയുമാണ്. കെട്ടിടങ്ങൾക്കടിയിൽ പെട്ടുപോയവരെ കണ്ടെത്താനും പുറത്തെത്തിക്കാനുമുള്ള ഉപകരണങ്ങൾപോലും രക്ഷാപ്രവർത്തകർക്കില്ലാത്ത അവസ്ഥയാണ് ഗാസയിലുള്ളത്.
രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഗാസ സിവിൽ ഡിഫൻസിന്റെ കയ്യിൽ 2006-നുമുമ്പുള്ള ഉപകരണങ്ങളാണുള്ളത്. ഗാസയുടെ നല്ല ഉപകരണങ്ങളെല്ലാം ഇസ്രയേൽ ബോംബാക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഇലക്ട്രിക് കട്ടറുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. റഫ അതിർത്തിവഴി എത്തുന്ന മാനുഷിക സഹായങ്ങളിൽ രക്ഷാ ഉപകരണങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഗാസയിലെ 60 ശതമാനത്തോളം പാർപ്പിടകേന്ദ്രങ്ങളും സമുച്ചയങ്ങളും തകർക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. 52,500 ഹൗസിംഗ് യൂണിറ്റുകളാണ് ഗാസയിൽ തകർക്കപ്പെട്ടത്. വടക്കൻ ഗാസയിലും ഗാസസിറ്റിയിലുമുള്ള മുഴുവൻ വീടുകളും തകർത്ത് കഴിഞ്ഞിട്ടുണ്ട്. ഗാസയിലെ 85% ജനങ്ങളും ഭവനരഹിതരായിരിക്കുന്നു. ഞെട്ടിപ്പിക്കുംവിധം തകർന്ന കെട്ടിടങ്ങളുടെയും അതിനടിയിൽപ്പെട്ട മൃതദേഹങ്ങളുടെയും നഗരമായി ഗാസ മാറിയിരിക്കുന്നു.
ഖാൻയൂനിസിലും ദേർഎൽബലാഹിലും ഏറെക്കുറെ പകുതിയോളം വീടുകൾ കോൺക്രീറ്റ് കൂനകളായി. യുണൈറ്റഡ് നാഷൻസ് ഓഫീസ് ഫോർ ദി കോ-ഓർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫയേഴ്‌സ്, ഡബ്ല്യു.എച്ച്.ഒ, പലസ്തീൻ ഗവൺമെന്റ് എന്നിവ പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 352 ഹെൽത്ത്‌കെയർ സെന്ററുകൾ, 203 പള്ളികളും ചർച്ചുകളും, 103 ആംബുലൻസുകൾ തുടങ്ങിയവയെല്ലാം ഇസ്രയേൽ തകർത്തുകളഞ്ഞിട്ടുണ്ട്. അമേരിക്കയുടെ സമ്പൂർണമായ സഹായത്തിലും പിന്തുണയിലുമാണ് ഇസ്രായേൽ ഗാസയെ തകർത്തിരിക്കുന്നത്. ഗാസയിലെ നരഹത്യകൾക്ക് പിറകിൽ അമേരിക്കയാണെന്നതാണ് അന്താരാഷ്ട്ര സമൂഹം ഗൗരവാവഹമായി കാണേണ്ടത്.
അമേരിക്ക ഇറക്കികൊടുക്കുന്ന മനുഷ്യനാശഹാരികളായ ആയുധങ്ങളുടെ ബലത്തിലാണ് പലസ്തീനികൾക്കെതിരായ ഈ കൂട്ടക്കുരുതികൾ ഇസ്രായേൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ 7-ന് ആക്രമണം ആരംഭിച്ചശേഷം 230 കാർഗോ വിമാനങ്ങളിലും 20 കപ്പലുകളിലുമായിട്ടാണ് അമേരിക്ക കഴിഞ്ഞ ദിവസം വരെ ഇസ്രായേലിലേക്ക് ആയുധങ്ങളെത്തിച്ചത്. ആർട്ടിലറിഷെല്ലുകളും കവചിതവാഹനങ്ങളും കരയാക്രമണത്തിൽ സൈനികർക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങളുമാണ് ഇങ്ങനെ ഇറക്കിക്കൊടുക്കുന്നത്. അമേരിക്ക ഇറക്കിക്കൊടുക്കുന്ന ആയുധങ്ങളുപയോഗിച്ചാണ് പലസ്തീനികളായ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടുന്ന സിവിലിയരെ ഇസ്രായേൽ കൊന്നുകൂട്ടുന്നത്.
ക്രൂരതയെ ജീവിതമൂല്യമാക്കിയ സയണിസ്റ്റ് ഭീകരർക്ക് പലസ്തീനികളെ കൊന്ന് വംശീയ വിദ്വേഷത്തിന്റെ ഉന്മാദത്തിലാറാടാൻ ആയുധങ്ങളെത്തിച്ചുകൊടുക്കുന്ന ജോ ബൈഡനും അമേരിക്കയുമാണ് ഗാസയിലെ വംശഹത്യക്ക് ഉത്തരവാദികളെന്ന് തിരിച്ചറിയണം. പശ്ചിമേഷ്യയിലെയും മധ്യപൂർവ്വദേശത്തെയും എണ്ണതാൽപര്യങ്ങളും വാണിജ്യതാൽപര്യങ്ങളുമാണ് പലസ്തീനികളുടെ ജന്മഭൂമിയിൽ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെ ജൂതരാഷ്ട്രം സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ബ്രിട്ടനും അമേരിക്കയും ഫ്രാൻസും ചേർന്നാണ് 19-ാം നൂറ്റാണ്ടുമുതൽ പലസ്തീൻ മണ്ണിൽ സയണിസ്റ്റ് രാഷ്ട്രം ഉണ്ടാക്കാൻ ആളും അർത്ഥവും നൽകി സഹായിച്ചത്. ആഫ്രിക്കയുടെയും ഏഷ്യയുടെയും യൂറോപ്പിന്റെയും സംഗമഭൂമിയായ പലസ്തീൻ മണ്ണിൽ തദ്ദേശീയ അറബ് ജനതയെ അടിച്ചോടിച്ചും അരിഞ്ഞുവീഴ്ത്തിയും ഇസ്രയേൽ രാഷ്ട്രം സ്ഥാപിച്ചതിനുപിറകിൽ സാമ്രാജ്യത്വതാൽപര്യങ്ങളായിരുന്നു.
ഇന്നിപ്പോൾ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളാണ് പലസ്തീനികൾക്കെതിരായി ഇസ്രായേൽ ലോകാഭിപ്രായങ്ങളെയെല്ലാം തൃണവൽഗണിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. ജോസഫ് സ്റ്റിഗ്ലിസ് നേരത്തെതന്നെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെയും പെന്റഗണിന്റെയും സഹായത്തോടെ ഇസ്രായേൽ എങ്ങനെയാണ് ഒരു സയണിസ്റ്റ് ഭീകരരാഷ്ട്രമായി പശ്ചിമേഷ്യയിൽ കൂട്ടക്കുരുതികൾ തുടരുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. കയ്യും കണക്കുമില്ലാതെ ഇസ്രായേലിന് മിസൈലുകളും ഡോളറുകളും അമേരിക്ക ഒഴുക്കിക്കൊടുക്കുന്നു. ഇസ്രായേലിൽ അമേരിക്കയുടെ ഉടമസ്ഥതയിലുള്ള മില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ആയുധങ്ങൾ അടങ്ങിയ നിരവധി സൂക്ഷ്മ സംരക്ഷിത ആയുധപ്പുരകളുണ്ട്. ഇന്നിത് അത്ര വലിയ രഹസ്യമൊന്നുമല്ല. മധ്യപൗരസ്ത്യദേശത്തെ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ നിയന്ത്രണം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ഈ മേഖലയിൽ അമേരിക്ക സൈനികതാവളങ്ങളും ആയുധപ്പുരകളും സ്ഥാപിച്ചിരിക്കുന്നത്.
യു.എസ് സേനക്ക് ദ്രുതവിതരണം സാധ്യമാകുന്ന തരത്തിലാണ് ഇത്തരം സംരക്ഷിത ആയുധപ്പുരകൾ പെന്റഗൺ ഇസ്രായേലിൽ സ്ഥാപിച്ചിട്ടുള്ളത്. ശീതയുദ്ധകാലത്തെ അമേരിക്കൻ അധിനിവേശതാൽപര്യങ്ങളും അതിനെതിരായി സോവിയറ്റ് യൂണിയനുയർത്തിയ ഭീഷണികളെയും നേരിടാനാണ് 1980-കളിൽ പെന്റഗൺ സൂക്ഷ്മസംരക്ഷിത ആയുധപ്പുരകൾ ഇസ്രായേലിൽ സ്ഥാപിച്ചുതുടങ്ങിയത്. ഇപ്പോൾ ഇസ്രായേൽ ഭരണകൂടത്തിനുകൂടി ഈ ആയുധപ്പുരകളിൽനിന്ന് ആയുധങ്ങൾ വിതരണം ചെയ്യാനുള്ള അനുവാദമുണ്ടെന്നുള്ളതാണ് പെന്റഗൺ വാർകോളേജ് പഠനങ്ങൾ തന്നെ വെളിവാക്കുന്നത്. ഗാസയിൽ സിവിലിയൻമാരെ കൊന്നുകൂട്ടാനും ഇസ്രായേൽ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഭൂരിഭാഗവും യു.എസ് ആയുധശേഖരത്തിൽനിന്നുള്ളതാണ്. പെന്റഗണിന്റെ ആയുധപ്പുരകളും സയണിസ്റ്റ് വംശീയതയും ചേർന്നാണ് ഗാസയിൽ നരഹത്യകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
യുദ്ധഭീകരതക്കൊപ്പം ഗാസയിൽ പകർച്ചവ്യാധികളും പടരുന്നുവെന്നാണ് യു.എൻ ഏജൻസി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യയിൽ 40%-ൽ അധികം ആളുകൾ പകർച്ചവ്യാധിയുടെ പിടിയിലാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുമില്ല. അത് വിതരണം ചെയ്യുന്ന യു.എൻ സന്നദ്ധസേവന പ്രവർത്തകരെ പോലും ഇസ്രായേൽ പട്ടാളം ആക്രമിക്കുന്നു. ഇസ്രായേലിന്റെ അധിനിവേശ ഭീകരതയും യുദ്ധവും അക്ഷരാർത്ഥത്തിൽ ഗാസയെ ഭൂമിയിലെ നരകമാക്കിതീർത്തിരിക്കുന്നു. അപ്പോഴും ഗാസയിലെ ജനങ്ങളും പോരാളികളും ഹമാസിന്റെ നേതൃത്വത്തിൽ ചരിത്രത്തിലെ അസാമാന്യമായ ചെറുത്തുനിൽപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പല യുദ്ധനിരീക്ഷകരും പറയുന്നത് ഗാസയുടെ സിവിലിയൻ കേന്ദ്രങ്ങൾ ബോംബിട്ട് തകർക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഹമാസിന്റെ സൈനികശേഷിക്കോ പ്രതിരോധതന്ത്രങ്ങൾക്കോ പോറലേൽപിക്കാൻ ഇസ്രായേൽ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ്.
യു.എസ് പിന്തുണയോടെ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഹമാസ് മിലിറ്റന്റസ് ധീരമായി പ്രതിരോധിക്കുകയും ഇസ്രായേൽ സൈനികർക്കിടയിൽ ഭീതി പടർത്തുകയുമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവ് ഇസ്രായേൽ ജനതക്കിടയിലുണ്ടാക്കാനും അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങേണ്ടതുണ്ട്. 90 ദിവസത്തോളം അടുക്കുന്ന യുദ്ധത്തിൽ ഇസ്രായേലിന് വിജയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ബന്ദികളെ സുരക്ഷിതമാക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഹമാസുമായി ചർച്ചയ്ക്ക് സന്നദ്ധമാവുകയാണ് വേണ്ടതെന്ന അഭിപ്രായം ലോകത്തിൽ ശക്തിപ്പെട്ടുവരികയാണ്.
പലസ്തീൻ മണ്ണിലെ അധിനിവേശം അവസാനിപ്പിച്ച് യു.എന്നിന്റെ ദ്വിരാഷ്ട്ര നിർദ്ദേശം അംഗീകരിച്ച് പലസ്തീൻ ജനതയ്ക്ക് ഒരു രാഷ്ട്രമായി നിലനിൽക്കാനുള്ള സ്വയംനിർണാധികാരം നൽകുകയാണ് വേണ്ടത്. പെന്റഗണിന്റെ ആയുധപ്പുരകളും ജോ ബൈഡന്റെ പിന്തുണയും കൊണ്ട് നെതന്യാഹു ഭരണകൂടത്തിന് പലസ്തീൻ മണ്ണിൽ നടക്കുന്ന യുദ്ധത്തിൽ വിജയം വരിക്കാനാവില്ലെന്നാണ് ഓരോ ദിവസത്തെയും സംഭവങ്ങൾ വ്യക്തമാക്കുന്നത്.