യുദ്ധം: 902 പലസ്തീൻ കുടുംബങ്ങളിൽ ഇനിയാരും അവശേഷിക്കുന്നില്ല

ഒരു വർഷത്തിനിടെ, ഇസ്രായേൽ ആക്രമണത്തിൽ 902 പലസ്തീനി കുടുംബങ്ങൾ അപ്പാടെ കൊല്ലപ്പെട്ടു എന്നത് ഞെട്ടിക്കുന്ന കണക്കാണെന്ന് മനുഷ്യാവകാശസംഘടനകൾ പറയുന്നു. ഇതുകൂടാതെ, ഒരാൾ മാത്രം അവശേഷിക്കുന്ന 1364 കുടുംബങ്ങളുമുണ്ട്. രണ്ടുപേർ മാത്രം അവശേഷിക്കുന്ന 3472 കുടുംബങ്ങൾ വേറെയുമുണ്ട്.

ലസ്തീനെതിരായ ഇസ്രായേൽ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ, നാമാവശേഷമായത് 902 പലസ്തീനി കുടുംബങ്ങൾ. ഒരു വർഷത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 41,909 പലസ്തീനികളാണെന്നും ഇതിൽ 16,756 പേർ കുട്ടികളാണെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഒരു വർഷത്തിനിടെ, 902 പലസ്തീനി കുടുംബങ്ങൾ അപ്പാടെ കൊല്ലപ്പെട്ടു എന്നത് ഞെട്ടിക്കുന്ന കണക്കാണെന്ന് മനുഷ്യാവകാശസംഘടനകൾ പറയുന്നു. ഇതുകൂടാതെ, ഒരാൾ മാത്രം അവശേഷിക്കുന്ന 1364 കുടുംബങ്ങളുമുണ്ട്. രണ്ടുപേർ മാത്രം അവശേഷിക്കുന്ന 3472 കുടുംബങ്ങൾ വേറെയുമുണ്ട്.

ഇസ്രായേൽ ആക്രമണത്തിൽ, ദിവസേന ശരാശരി 115 പേർ കൊല്ലപ്പെടുന്നുണ്ടെന്നും 266 പേർക്ക് പരിക്കേൽക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെടുന്നവരിൽ ശരാശരി 38 പേർ പുരുഷൻമാരും 31 സ്ത്രീകളും 46 കുട്ടികളുമാണ്. ഇതുവരെ 5480 കുടുംബങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നിട്ടുമുണ്ട്. 27-ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു.

Photo : motaz_azaiza
Photo : motaz_azaiza

അൽ നജ്ജർ, അൽ മസ്‌റി, അൽ അസ്തൽ എന്നീ കുടുംബങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. അൽ നജ്ജർ കുടുംബത്തിൽ നിന്ന് 393 പേരും അൽ മസ്‌റിയിൽ നിന്ന് 226 പേരും അൽ അസ്തൽ കുടുംബത്തിൽ നിന്ന് 225 പേരും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മറ്റു കുടുംബങ്ങളിലെ കൊല്ലപ്പെട്ടവരുടെ എണ്ണം:

ആഷോർ - 166
ഷഹീൻ - 164
ഹംദാൻ - 151
അൽ മധൂൻ - 146
അഹ്മദ് - 145
ഒബേയ്ദ് - 144
ഹിജാസി - 141.

ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ ഇത്തരത്തിൽ നൂറിലധികം കുടുംബങ്ങൾ വംശഹത്യക്കിരയായി എന്ന് റിപ്പോർട്ട് പറയുന്നു. കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിൽ നിരവധി കുട്ടികളുമുണ്ട്. വയസ്സ് തികയാത്ത കുട്ടികൾ 710 പേരാണ് കൊല്ലപ്പെട്ടത്. ഒരു വയസ് പ്രായമുള്ള 622 കുട്ടികളും രണ്ടു വയസ് പ്രായമുള്ള 592 കുട്ടികളും കൊല്ലപ്പെട്ടു.

Photo : motaz_azaiza
Photo : motaz_azaiza

കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം തിരിച്ചുള്ള കണക്ക്:

മൂന്ന് വയസ്സായവർ - 579
നാലു വയസ്സായവർ - 596
അഞ്ചു വയസ്സായവർ - 609
ആറ് വയസ്സായവർ - 604
ഏഴ് വയസ്സായവർ - 628
എട്ടു വയസ്സായവർ - 539
ഒമ്പത് വയസ്സായവർ -566
10 വയസ്സായവർ - 583
11 വയസ്സായവർ - 627
12 വയസ്സായവർ - 658
13 വയസ്സായവർ -663
14 വയസ്സായവർ- 657
15 വയസ്സായവർ - 657
16 വയസ്സായവർ - 730
17 വയസ്സായവർ - 736

18- 25 പ്രായക്കാരിൽ 5374 പേരും, 26 - 55 പ്രായഗ്രൂപ്പിൽ പെട്ട 13,878 പേരും 56-74 പ്രായഗ്രൂപ്പിൽ പെട്ട 3077 പേരും 75 വയസിന് മുകളിലുള്ളവരിൽ 701 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 1700 ലേറെ കുട്ടികൾക്ക് അച്ഛനമ്മമാരിൽ ആരെയെങ്കിലും ഒരാളെ നഷ്ടപ്പെട്ടിട്ടുമുണ്ട്.

2023 ഒക്ടോബറിനും 2024 മെയ് മാസത്തിനുമിടയിൽ സാറ്റ്‌ലൈറ്റ് ഇമേജുകളും, ഇസ്രായേലി സൈനികർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളും പരിശോധിച്ചതിൽ നിന്ന്, ഗാസയുടെ കിഴക്കൻ അതിർത്തിയിൽ 1 കിലോമീറ്റർ മുതൽ 1.8 കിലോമീറ്റർ വരെ വിസ്തീർണ്ണത്തിൽ സ്ഥലങ്ങൾ പുതിയതായി പിടിച്ചെടുക്കപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയതായി ആംനെസ്റ്റ് ഇന്റർനാഷണലിന്റെ ഗവേഷണ വിഭാഗമയ ക്രൈസിസ് എവിഡൻസ് ലാബ് പറഞ്ഞു.

'ഇസ്രയേലി സൈന്യം പ്രദേശത്തെ വീടുകൾ നശിപ്പിക്കുകയും, ഭൂമി വാസയോഗ്യമല്ലാതാക്കുകയും ചെയ്തു. കൂടാതെ ആയിരക്കണക്കിന് ആളുകളെ പലായനത്തിന് നിർബന്ധിക്കുകയും ചെയതിട്ടുണ്ട്.'

ഹമാസുമായോ മറ്റ് പലസ്തീൻ ഗ്രൂപ്പുകളുമായോ ഏറ്റുമുട്ടൽ നടന്നിട്ടില്ലാത്ത, ഇസ്രായേൽ നിയന്ത്രണത്തിലുള്ള മേഖലയിൽ പോലും വീടുകളും കെട്ടിടങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ അനുസരിച്ച്, അനിവാര്യമായ സൈനികാവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ എതിരാളിയുടെ സ്വത്തുവകകൾ നശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്നിരിക്കേയാണ് ഇത്. 1949ലെ ജനീവ ഉടമ്പടിയും ഇതിനെ പിന്താങ്ങുന്നുണ്ട്.

അധിനിവേശ രാജ്യത്തെ, ജനങ്ങളുടെ സ്വത്തുവകകൾ, രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സംയുക്ത സംഘടനകൾ എന്നിവയുടെ നേർക്കുള്ള ഏതൊരു തരത്തിലുള്ള ആക്രമണവും നിരോധിച്ചിട്ടുള്ളതും കുറ്റകരവുമാണെന്ന, നാലാം ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 53ന്റെ ലംഘനമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നതെന്നും ആംനെസ്റ്റി ഇന്റർനാഷണൽ അവരുടെ റിപ്പോർട്ടിൽ പറയുന്നു. ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 147, ആർട്ടിക്കിൾ 33 എന്നവയുടെയും പരസ്യമായ ലംഘനമാണ് ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ എന്നും ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നു.

കൊല്ലപ്പെട്ടത് 128 മാധ്യമപ്രവർത്തകർ

യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ, മേഖലയിൽ കൊല്ലപ്പെട്ട മാധ്യമമപ്രവർത്തകരുടെ കണക്കും പുറത്തുവന്നിട്ടുണ്ട്. യുദ്ധം തുടങ്ങിയ 2023 ഒക്ടോബർ ഏഴുമുതൽ 2024 ഒക്ടോബർ 11 വരെയുള്ള കണക്കുകൾ പ്രകാരം 128 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ സുരക്ഷക്കായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. പരിക്കേറ്റവരുടെയും ജോലിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും എണ്ണം കൂടി കണക്കാക്കിയാൽ മേഖലയിൽ മാധ്യമപ്രവർത്തകർ ഒട്ടും സുരക്ഷിതരല്ലെന്നും റിപ്പോർട്ട് പറയുന്നു.

കൊല്ലപ്പെട്ട 128 മാധ്യമപ്രവർത്തകരിൽ 123 പേരും പലസ്തീനികളാണ്. രണ്ടുപേർ ഇസ്രായേലികളും മൂന്ന് പേർ ലെബനീസ് മാധ്യമപ്രവർത്തകരുമാണ്. ഇക്കാലയളവിൽ 40-ഓളം മാധ്യമപ്രവകർത്തകർക്ക് പരിക്കേറ്റിട്ടുമുണ്ട്. രണ്ടുപേരെ കാണാതാവുകയും 69 പേർ അറസ്റ്റിലാവുകയും ചെയ്തു. ഇസ്രായേൽ ആക്രമണത്തിലാണ് കൂടുതൽ മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ മിക്കവരും പലസ്തീനി മാധ്യമപ്രവർത്തകരാണ് എന്നത് ഇസ്രായേലിനെ പ്രതിസ്ഥാനത്താക്കുന്നുമുണ്ട്. ഇതിൽ തന്നെ മിക്കവരും സ്വതന്ത്ര മാധ്യമപ്രവർത്തകരാണ്.

ഗാസയിലെ മാധ്യമപ്രവർത്തകരെ ഇസ്രായേൽ ഉന്നം വെക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്‌സ് വക്താവ് ടിം ഡോസൺ പ്രതികരിച്ചു: ‘മാധ്യമപ്രവർത്തകരുടെ മരണങ്ങളുടെ തോത് ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി വിഷയത്തിൽ ഇടപെടണം. ഗസയിൽ പത്ത് ശതമാനത്തിലധികം മാധ്യമപ്രവർത്തകർ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്’ - അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും ഇത്തരം മരണങ്ങളെ കൊലപാതകമായാണ് തങ്ങൾ കണക്കാക്കുന്നതെന്നും കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് വാർത്താകുറിപ്പിൽ പറഞ്ഞു.

യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടർ ഇസ്സാം അബ്ദുള്ള, അൽ ജസീറയുടെ ക്യാമറ ഓപ്പറേറ്റർ ഹംസ അൽ ദാദൂഹ്, ഗാസയിലെ നസ്ർ ഗ്രാമത്തിൽ കൊല്ലപ്പെട്ട ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മുസ്തഫാ തുരയാ, ഗാസയ്ക്ക് സമീപം അൽ ഷതി ക്യാംപിൽ കൊല്ലപ്പെട്ട അൽ ജസീറയുടെ റിപ്പോർട്ടർ ഇസ്മയിൽ അൽ ഘോൾ, ഫ്രീലാൻസ് ക്യാമറാ ഓപ്പറേറ്റർ റമി അൽ റെഫീ എന്നിവരുടെ മരണങ്ങൾ കൊലപാതകമായി തന്നെ കണക്കുമെന്നും സി.പി.ജെ പ്രതികരിച്ചു.

കഴിഞ്ഞ മെയ്മാസം മൂന്നിന്, അന്താരാഷ്ട്ര മാധ്യമ സ്വതന്ത്രദിനത്തിൽ, റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പ്രസിദ്ധീകരിച്ച മാധ്യമ സ്വതന്ത്ര സൂചികയിൽ 157ാം സ്ഥാനമായിരുന്നു പലസ്തീനിന്. ‘Palestine has become the world’s most dangerous country for journalists: More than 100 reporters were killed in six months in Gaza by the Israel Defence Forces (IDF) since 7 October 2023’- ഈ വർഷത്തെ മാധ്യമ സ്വാതന്ത്ര സൂചിക പ്രസിദ്ധീകരിച്ച് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, പലസ്തീനിലെ മാധ്യമ പ്രവർത്തനത്തെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്.

Comments