ഇസ്രായേലിനെതിരെ ഒന്നിക്കുമോ ഗൾഫ് രാജ്യങ്ങൾ? ദോഹ ആക്രമണം നൽകുന്ന അപായസന്ദേശം

കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഗാസയിൽ തുടർന്നിട്ടും ഇസ്രായേലിനെ ഒന്നിച്ച് നിന്നെതിർക്കാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറായിരുന്നില്ല. എന്നാൽ ഗാസയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച് കൊണ്ട് നടക്കുന്ന ആക്രമണങ്ങൾ അവരെ പ്രകോപിതരാക്കുന്നുണ്ട്.

ന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി ഖത്തറിൻെറ തലസ്ഥാനമായ ദോഹയിൽ കടന്നാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രായേൽ. ഹമാസിൻെറ രാഷ്ട്രീയനേതൃത്വത്തെ മുഴുവൻ ഇല്ലാതാക്കുകയെന്നതായിരുന്നു ഇസ്രായേലിൻെറ ലക്ഷ്യം. ഹമാസ് നേതാവും അവരുടെ മധ്യസ്ഥ ചർച്ചകളുടെ മുഖവുമായ ഖലീൽ അൽ ഹയ്യയെയായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടത്. എന്നാൽ, ആ ലക്ഷ്യം ഫലം കണ്ടില്ല. ഹമാസ് നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, ഇസ്രായേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഖലീൽ അൽ ഹയ്യയുടെ മകൻ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

ദോഹയിൽ ചൊവ്വാഴ്ച്ച (സെപ്തംബർ 9) നടന്ന ആക്രമണം ഗൾഫ് മേഖലയെയാകെ ഞെട്ടിച്ചിട്ടുണ്ട്. സൗദി അറേബ്യയടക്കം മേഖലയിലെ പ്രധാന രാജ്യങ്ങളെല്ലാം അക്രമത്തെ അപലപിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ അമേരിക്കയ്ക്ക് ഏറ്റവും അടുപ്പമുള്ള രാജ്യമാണ് ഖത്തർ. ഹമാസ് - ഇസ്രായേൽ സംഘർഷങ്ങൾക്ക് അയവ് വരുത്താനുള്ള മധ്യസ്ഥ ചർച്ചകളിൽ അവർക്ക് പ്രധാന പങ്കുണ്ടായിരുന്നു. അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നിവർ ചേർന്നാണ് ഈയടുത്ത് ഗാസ വിഷയത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നത്. നിലവിൽ ഹമാസിൻെറ രാഷ്ട്രീയനേതൃത്വം ദോഹയിൽ ഒത്തുകൂടിയിരുന്നതും വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ്. അതിനിടയിലാണ് ഇസ്രായേൽ മുൻകൂട്ടി തീരുമാനിച്ച് കൊണ്ട് ആക്രമണം നടത്തിയത്. വിവരം നേരത്തെ അറിഞ്ഞിട്ടും ഖത്തറിൽ നിന്ന് മറച്ചുവെക്കുകയാണ് അമേരിക്ക ചെയ്തത്. എന്നാലിപ്പോൾ ഖത്തറിൽ നടന്നതിൽ തനിക്കൊരു ത്രില്ലുമില്ലെന്നും അന്തരീക്ഷം മോശമായെന്നുമൊക്കെയാണ് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.

ഇസ്രായേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഖലീൽ അൽ ഹയ്യയുടെ മകൻ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഖലീൽ അൽ ഹയ്യയുടെ മകൻ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

പിഞ്ചുകുഞ്ഞുങ്ങളെയടക്കം പട്ടിണിക്കിട്ട് കൊല്ലാക്കൊല ചെയ്തും ദിവസേനയെന്നോണം ആക്രമണം നടത്തിയും ഗാസയിൽ ദുരിതം വിതച്ച് കൊണ്ടേയിരിക്കുകയാണ് ഇസ്രായേൽ. ഹമാസിനെ പൂർണമായി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ ആവർത്തിക്കുന്നുണ്ടെങ്കിലും സാധാരണ മനുഷ്യരാണ് അക്രമങ്ങളുടെ ഇരയാവുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഗാസയിൽ തുടർന്നിട്ടും ഇസ്രായേലിനെ ഒന്നിച്ച് നിന്നെതിർക്കാൻ മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട രാജ്യങ്ങളൊന്നും തയ്യാറായിരുന്നില്ല. എന്നാൽ ഗാസയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിച്ച് കൊണ്ട് നടക്കുന്ന ആക്രമണങ്ങൾ അവരെ പ്രകോപിതരാക്കുന്നുണ്ട്. ദോഹ പോലെ വളരെ ശാന്തമായ ഒരു നഗരത്തിൽ നടന്ന ആക്രമണം അതുകൊണ്ട് ഗൾഫ് രാജ്യങ്ങളെ നിശ്ചയമായും ഞെട്ടിക്കുന്നതാണ്. അമേരിക്കയുടെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യോമത്താവളങ്ങളിലൊന്ന് ഖത്തറിലാണുള്ളത്. എന്നിട്ടും യാതൊരു നിയമങ്ങളും പാലിക്കാതെ ഇസ്രായേൽ അവിടെ നേരിട്ട് ആക്രമണം നടത്തിയിരിക്കുകയാണ്.

യൂറോപ്യൻ യൂണിയനും ബ്രിട്ടനുമെല്ലാം ഇസ്രായേൽ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. എന്നാൽ, ലോകരാജ്യങ്ങളുടെ എതിർപ്പൊന്നും വകവെക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. തങ്ങൾക്കെതിരായ ശക്തികൾ എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണം നടത്താൻ തയ്യാറാണെന്നുള്ള മുന്നറിയിപ്പാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ നിർബന്ധിതരാവുമ്പോൾ ഏത് തരത്തിലുള്ള പ്രത്യാഘാതമാണ് ഉണ്ടാവുകയെന്നതാണ് കണ്ടറിയേണ്ടത്. ഇസ്രായേലിൻെറ ഭരണകൂട ഭീകരവാദമാണ് ഈ ആക്രമണത്തിലൂടെ തെളിഞ്ഞതെന്നാണ് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പ്രതികരിച്ചത്. "പ്രാകൃതമായ ഈ ആക്രമണത്തിനെതിരെ പ്രതികരിക്കാനുള്ള എല്ലാ അവകാശവും ഖത്തറിൽ നിക്ഷിപ്തമാണ്, പ്രതികരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി.

Comments