2024 വിടപറയുമ്പോൾ ലോകത്തിലെ മനസ്സാക്ഷിയുള്ള മനുഷ്യരോട് ഗാസ ചോദിക്കുന്നത്, അവിടുത്തെ തെരുവുകളിലും അഭയാർത്ഥി ക്യാമ്പുകളിലും പിടഞ്ഞുവീണ കുഞ്ഞുങ്ങൾ ചോദിക്കുന്നത് നിങ്ങളാരുടെ പക്ഷത്ത് എന്നുതന്നെയാണ്. അധിനിവേശ ഭീകരതക്കെതിരെ ലോകം പാലിക്കുന്ന കൗശലപൂർവ്വമായ മൗനം, വിശിഷ്യാ അറബ് രാജ്യങ്ങളുടെ നിസ്സംഗത എല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്.
ഗാസയിൽ, ലെബനനിൽ, സിറിയയിൽ ചോരയിൽ ചവിട്ടി നിന്ന് ബോംബാക്രമണങ്ങളുടെ ആകാശഭീകരതയ്ക്കു താഴെ നിന്ന് മനുഷ്യർ നിലവിളിക്കുകയാണ്. ഗാസയിലെ നിലവിളികൾ നിലയ്ക്കുന്നു. ക്രൂരവും പൈശാചികവുമായ അധിനിവേശ ഭീകരതയാണ് ഗാസയെ, പലസ്തീനികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ലോകം 2025-നെ വരവേൽക്കുന്നത് പലസ്തീൻ ജനതയുടെ നിലയ്ക്കാത്ത നിലവിളികൾക്കിടയിലാണ്.
അതെ, 2024 കടന്നുപോവുകയാണ്. ലോകം മൂലധനശക്തികളുടെ നിർദ്ദയമായ അധിനിവേശ വാഞ്ഛകൾക്ക് ഇരയായ ക്രൂരമായൊരു വർഷമാണ് കടന്നുപോകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാരംഭിച്ച ഗാസക്കെതിരായ വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുള്ള സയണിസ്റ്റുകളുടെ യുദ്ധം തുടരുകയാണ്. അമേരിക്കയിൽ ട്രംപ് അധികാരത്തിൽവരികയും ഇസ്രയേലിലെ നെതന്യാഹു ഭരണകൂടവും പലസ്തീനികൾക്കും പശ്ചിമേഷ്യയിലെ തങ്ങളെ അനുസരിക്കാത്ത ഭരണാധികാരികൾക്കുമെതിരെ ആക്രമണങ്ങൾ രൂക്ഷമാക്കുന്നതാണ് നാം കണ്ടത്.
ലെബനനിലും സിറിയയിലും യെമനിലും യു.എസ്-ഇസ്രയേൽ സൈന്യങ്ങൾ ബോംബുകൾ വർഷിച്ച് നരഹത്യകൾ നടത്തുകയാണ്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഗുണ്ടാരാഷ്ട്രമായ ഇസ്രയേൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലാകെ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ലെബനനിലെ ഹിസ്ബുള്ള നേതാവിനെ അവർ വധിച്ചു. സിവിലിയൻമാർക്കെതിരായി തുടർച്ചയായ ബോംബാക്രമണങ്ങൾ നടത്തി. സിറിയയിൽ ബാഷർ അൽ അസദിന്റെ സർക്കാരിനെ ഹയാത്തഹ്‌രീർ അൽഷാം എന്ന ഭീകരവാദസംഘത്തെ ഉപയോഗിച്ച് അട്ടിമറിച്ചു. പശ്ചിമേഷ്യയിലെ സുനിശ്ചിതമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾകൊണ്ടും മതനിരപേക്ഷ സമീപനം കൊണ്ടും ശ്രദ്ധേയമായ രാജ്യമായിരുന്നു സിറിയ.
ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച അറബ് രാജ്യമാണ് സിറിയ. ഇറാനെതിരായ ഉപരോധങ്ങൾക്കും അമേരിക്കയുടെയും ഇസ്രയേലിന്റെയും കടന്നാക്രമണ നീക്കങ്ങൾക്കുമെതിരെ ശക്തമായ നിലപാട് എല്ലാകാലത്തും സിറിയയിലെ അസദ് ഭരണകൂടം സ്വീകരിച്ചിരുന്നു. സിറിയയിൽ നടന്നത് സാമ്രാജ്യത്വവും സയണിസ്റ്റുകളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ചേർന്നുകൊണ്ടുള്ള ഗൂഢാലോചനയും അട്ടിമറിയുമാണ്. അസദ് ഇന്ന് ജീവിച്ചിരിക്കുന്നത് റഷ്യ അഭയം നൽകിയതുകൊണ്ടമാത്രമാണ്. അല്ലെങ്കിൽ ഇറാഖിലെ സദ്ദാം ഹുസൈനെയോ ലിബിയയിലെ ഗദ്ദാഫിയെയോ പോലെ അദ്ദേഹം വധിക്കപ്പെടുമായിരുന്നു.
സിറിയയിലെ അട്ടിമറിക്ക് പിറകിൽ അമേരിക്കക്കൊപ്പം നിന്നത് ഇസ്രയേലും രാഷ്ട്രീയ ഇസ്ലാമിസ്റ്റായ എർദോഗൻ നയിക്കുന്ന തുർക്കിയുമാണ്. എത്രയോ വർഷങ്ങളായി തുർക്കിയിലെ നാറ്റോ സൈനികതാവളങ്ങൾ ഇറാനെയും സിറിയയെയും ലക്ഷ്യംവെച്ച് പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം പശ്ചിമേഷ്യ കണ്ട ഏറ്റവും വലിയ പതനമാണ് അസദ് ഭരണകൂടത്തിന്റെ അട്ടിമറി. മതരാഷ്ട്രവാദികളായ ഹയാത് തഹ്‌രിർ അൽഷാം, അൽക്വയ്ദ, നസ്റ്രാ ഫ്രണ്ട് എന്നീ ആഗോള ഭീകരസംഘടനകളിൽ പ്രവർത്തിച്ചവരാണ് സിറിയയിൽ പുതിയ ഭരണാധികാരിയായി മാറിയിരിക്കുന്ന അബുമുഹമ്മദ്ജുലാനി. ലോകത്തെ കീഴടക്കാനും പശ്ചിമേഷ്യക്കകത്ത് തങ്ങൾക്കെതിരായി ഉയരുന്ന കേന്ദ്രങ്ങളെ തകർക്കാനുമുള്ള ആഗോളഗൂഢാലോചനയുടെ ഭാഗമായിട്ടാണ് യു.എസ്-ഇസ്രയേൽ ശക്തികൾ പലസ്തീനും ഇറാനും സിറിയക്കും ലെബനനിനുമൊക്കെ എതിരായി യുദ്ധം അഴിച്ചുവിടുന്നത്.
കഴിഞ്ഞ ഒരുവർഷത്തിലേറെക്കാലമായി തുടരുന്ന ഗാസക്കെതിരായ യുദ്ധം ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ പേരിലാണ് ആരംഭിച്ചത്. ഇന്നിപ്പോൾ ഗാസയ്ക്ക് നേരെ നടത്തിയ ആക്രമണം പശ്ചിമ തീരത്തേക്കും ലെബനനിലെ ഹിസ്ബുള്ളക്കെതിരെയും സിറിയക്കെതിരെയും യെമനനിനെതിരായും വ്യാപിപ്പിച്ചിരിക്കുകയാണ്. മധ്യപൂർവദേശത്തെ വിഭവശക്തികൊണ്ടും രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടും ഇസ്രയേലിനെ വെല്ലുവിളിക്കുന്ന ഇറാനെ തകർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങൾ. കഴിഞ്ഞ ഒക്ടോബറിനുശേഷം ഗാസയിൽ മാത്രം 46000-ലേറെ മനുഷ്യരാണ് സയണിസ്റ്റ് ഭീകരതയിൽ ജീവൻ വെടിയേണ്ടിവന്നത്. ഇതിൽ 56%-ഓളം കുഞ്ഞുങ്ങളാണ്. ഇസ്രയേൽ ഗാസയ്ക്കു നേരെ നടത്തുന്ന യുദ്ധം കുഞ്ഞുങ്ങൾക്കെതിരായ യുദ്ധമാണ്. പാലസ്തീനികളുടെ ഭാവിയെ തന്നെ ഇല്ലാതാക്കാനുള്ള യുദ്ധമാണ്.
ബ്രിട്ടീഷ് അമേരിക്കൻ ഭരണകൂടങ്ങളാണ് തദ്ദേശീയരായ അറബ് മുസ്ലീം ക്രിസ്ത്യൻ ജൂത ജനവിഭാഗങ്ങളെ ആട്ടിയോടിച്ച് പാലസ്തീനിൽ സയണിസ്റ്റ് രാഷ്ട്രമുണ്ടാക്കിയത്. അമേരിക്കൻ പ്രസിഡണ്ടായിരുന്ന ട്രൂമാൻ ജൂത വ്യവസായ ലോബികൾക്ക് തങ്ങളുടെ വാഗ്ദത്ത ഭൂമി നേടിയെടുക്കുന്നതിന് സാമ്പത്തികവും സൈനികവുമായ എല്ലാ സഹായങ്ങളും തുടർച്ചയായി നൽകിയിരുന്നു.
സാർവദേശീയ സമൂഹത്തിന്റെയും അമേരിക്കയിലെ തന്നെ ജനാധിപത്യവാദികളുടെയും എതിർപ്പുകളോട് പ്രതികരിച്ചുകൊണ്ട് അന്ന് ട്രൂമാൻ പറഞ്ഞത്; ‘എനിക്ക് വോട്ട് തരാൻ അറബ് സമ്മതിദായകരില്ലാത്തതിനാൽ ഞാൻ അവരെപ്പറ്റി എന്തിന് ഉത്കണ്ഠപ്പെടണം’ എന്നായിരുന്നു. അമേരിക്കയെയും സാമ്രാജ്യത്യശക്തികളെയും ഒരു നീതിയും രാഷ്ട്രീയാദർശങ്ങളും ഒരിക്കലും അലോസരപ്പെടുത്തുന്നില്ല.
അവർക്കെന്നും താൽപര്യങ്ങളേയുള്ളൂ. അതെ, ട്രൂമാനിൽ നിന്നും ട്രംപിലെത്തുമ്പോൾ അമേരിക്കനിസം കൂടുതൽ ഭീകരമായിരിക്കുന്നു. സർവ്വ വംശീയ ഭീകരതയെയും ഇളക്കിവിട്ട് കുഞ്ഞുങ്ങളെവരെ കൊന്നുകൂട്ടുന്ന നരഹത്യകളുടെ ഘോഷയാത്രയായി ആഗോളവലതുപക്ഷം ട്രംപിസത്തെ ആഘോഷിക്കുകയാണ്.
അറബ് ലോകത്തെ എണ്ണയും മറ്റ് വിഭവങ്ങളും വാണിജ്യപാതകളും കയ്യടക്കാനുള്ള സാമ്രാജ്യത്വതന്ത്രങ്ങളിലാണ് ഇസ്രയേൽ ശ്രദ്ധയൂന്നുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പുതന്നെ സാമ്രാജ്യത്വശക്തികൾ പലസ്തീൻ ജൂതരുടെ വാഗ്ദത്ത ഭൂമിയാണെന്ന ധാരണയെത്തിയിരുന്നു. അമേരിക്കൻ കുത്തകകളും ബ്രിട്ടീഷ് കുത്തകകളും ജൂതരുടെ നാഷണൽ ഫണ്ടും പലസ്തീൻ ഫണ്ടും വഴി കുടിയേറ്റക്കാർക്ക് ഭൂമി നൽകുന്നതിനുവേണ്ടി കോടിക്കണക്കിന് ഡോളറുകളും പവനുമാണ് ഒഴുക്കിയത്. പലസ്തീന്റെ തദ്ദേശീയ ജനതയിലുൾപ്പെടുന്ന കൃഷിക്കാരെയും ദരിദ്രകർഷകരെയും സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയോടിച്ചുകൊണ്ടാണ് ഈ കുടിയേറ്റം നടന്നത്.
സഹസ്രാബ്ദങ്ങളായി പലസ്തീനിന്റെ മണ്ണിൽ താമസിച്ചിരുന്ന അറബ് മുസ്ലീം-ക്രിസ്ത്യൻ വിഭാഗങ്ങളെ ആട്ടിപ്പായിച്ച് അവരുടെ ഭൂമി കൈയടക്കുന്നതിന് സാമ്രാജ്യത്വ ശക്തികൾ നിയമപരമായിതന്നെ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഇതിനായവർ രണ്ടുതരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കി. ജൂതന്മാർക്ക് ആയുധങ്ങൾ കൈവശം വെക്കുന്നതിനും അവ സംഭരിച്ച് സൂക്ഷിക്കുന്നതിനും അനുമതി നൽകിയപ്പോൾ പലസ്തീനികൾക്ക് ആയുധം കൈവശം വെച്ചാൽ വധശിക്ഷവരെ ലഭിക്കുന്ന നിയമ നടപടികൾ സ്വീകരിച്ചു. ഇങ്ങനെയാണ് നിരായുധരായ പലസ്തീനികളെ നിഷ്ഠൂരമായ കൂട്ടക്കൊലകളിലൂടെയും കുടിയൊഴിപ്പിക്കലുകളിലൂടെയും അവരുടെ ജന്മനാട്ടിൽ നിന്ന് ഉന്മൂലനം ചെയ്തത്. ജനസംഖ്യയിൽ 90-%ൽ അധികം വരുന്ന പലസ്തീനികൾ പലപ്രദേശങ്ങളിലും ന്യൂനപക്ഷമായി. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പലസ്തീനിന്റെ നിയന്ത്രണം ലീഗ് ഓഫ് നേഷൻസ് ബ്രിട്ടന് നൽകിയ സാഹചര്യവും സൗകര്യവുമാണ് ഈയൊരു സിയോണിസ്റ്റ് തന്ത്രത്തിന് ഗതിവേഗം കൂട്ടിയത്.
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈയൊരു രീതിയിലുള്ള തുരത്തി ഓടിക്കലിന് താല്ക്കാലികമായ വിരാമമുണ്ടായി. യുദ്ധത്തിൽ അറബികളുടെ പിന്തുണ നേടിയെടുക്കാനായിരുന്നു ബ്രിട്ടൺ സയണിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് താല്കാലികമായി നിർത്തിവെച്ചത്. അതേസമയം യുദ്ധാനന്തരം ഇസ്രയേൽ രാഷ്ട്രം യാഥാർത്ഥ്യമാക്കുന്നതിന് തങ്ങളെല്ലാവിധ പിന്തുണയും നൽകുന്നതാണെന്ന് സിയോണിസ്റ്റുകൾക്ക് രഹസ്യവാഗ്ദാനം നൽകുകയും ചെയ്തു.
യുദ്ധാനന്തരം ഐക്യരാഷ്ട്രസഭ നിലവിൽ വന്നതോടെ പലസ്തീനിന്റെ നിയന്ത്രണം ബ്രിട്ടൺ ഐക്യരാഷ്ട്രസഭക്ക് കൈമാറണമെന്ന ധാരണയും രൂപപ്പെട്ടു. പക്ഷെ സമർത്ഥരായ സാമ്രാജ്യത്വ ശക്തികൾ അതിനുമുമ്പുതന്നെ ഇസ്രയേൽ രാഷ്ട്രം രൂപീകരിക്കാനുള്ള കുതന്ത്രങ്ങൾ ആവിഷ്‌കരിച്ചു. സയണിസ്റ്റുകൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലകളിലൂടെ അവരുടെ വാഗ്ദത്ത ഭൂമി പിടിച്ചെടുത്ത് ഇസ്രയേൽ രാഷ്ട്രം സ്ഥാപിച്ചു.
ഇർഗുൻ എന്ന സയണിസ്റ്റ് സായുധ സംഘം മൊനിച്ചംബെഗിന്റെ നേതൃത്വത്തിൽ പലസ്തീനിൽ ഉടനീളം കൂട്ടക്കൊലകൾ അഴിച്ചുവിട്ടു. 1948 ഏപ്രിൽ 12ന് ഈ കമാന്റോ ഗ്രൂപ്പ് ഡെയർയാസിൻ എന്ന സ്ഥലത്ത് ഉറങ്ങിക്കിടന്ന പിഞ്ചുകുട്ടികളടക്കം 5000ഓളം പലസ്തീനികളെ അതിക്രൂരമായി വെടിയുതിർത്തും വെട്ടിനുറുക്കിയും കൊലചെയ്തു.
1949-ൽ കൂട്ടക്കൊലകളെ തുടർന്ന് ലക്ഷക്കണക്കിന് പലസ്തീനികൾക്ക് ജന്മഭൂമി വിട്ടുപോകേണ്ടിവന്നു. ഈയൊരു രക്തപങ്കിലവും ക്രൂരവുമായ സംഭവഗതികളുടെ അകമ്പടികേളാടെയാണ് 1949 നവംബർ 27ന് പലസ്തീൻ മണ്ണിൽ ഐക്യരാഷ്ട്രസഭ ഇസ്രയേൽ രാഷ്ട്രം പ്രഖ്യാപിക്കുന്നത്.
ആധുനിക രാഷ്ട്ര സങ്കൽപ്പങ്ങളെയാകെ നിരാകരിച്ചുകൊണ്ട് ജൂതമതത്തിന്റെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രരൂപീകരണത്തിന് ഐക്യരാഷ്ട്രസഭാ പ്രമേയം അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു ഉൾപ്പെടെയുള്ള ജനാധിപത്യവാദികളും ഉൽപ്പതിഷ്ണുക്കളും ഈ നടപടിയെ അതിശക്തമായി എതിർത്തു. ലോകത്തിനുമുമ്പിൽ പലസ്തീനികളുടെ ദേശീയ സ്വത്വം നിഷേധിച്ച് ജൂതമതരാഷ്ട്രം സ്ഥാപിച്ചതിനെ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാണിച്ചു. നരസിംഹറാവുവിന്റെ കാലംവരെ ഇന്ത്യ ഈ നിലപാട് പിന്തുടർന്നു. യു.പി.എയും ഇപ്പോൾ എൻ.ഡി.എയും ഇന്ത്യയെ ഇസ്രയേലിന്റെ സഖ്യശക്തിയായി അധഃപതിപ്പിക്കുകയാണ്.
ഇന്നിപ്പോൾ ഒരുകാലത്ത് 90%ലേറെയുണ്ടായിരുന്ന അറബ്മുസ്ലീം ക്രിസ്ത്യൻ വിഭാഗക്കാർ ഒരു ചെറുന്യൂനപക്ഷമായി ഒതുങ്ങിപ്പോയിരിക്കുന്നു. എല്ലാവിധ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും പലസ്തീനികൾക്ക് നിഷേധിക്കപ്പെട്ടു. ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 9000 അറബ് ഗ്രാമങ്ങൾക്ക് (ഗലീലിയയിലെ) ഒരു ജൂത ഗ്രാമത്തിന് കിട്ടുന്നത്ര വെള്ളം മാത്രമാണ് ഇന്ന് ലഭിക്കുന്നത്.
വെള്ളം, വെളിച്ചം, പാർപ്പിടം, തൊഴിൽ എല്ലാം നിഷേധിക്കപ്പെട്ട ഭൂമിയിലെ നരകമാണ് ഇന്ന് പലസ്തീൻ. സയണിസ്റ്റുകൾ ലക്ഷ്യം വെക്കുന്നത് മഹാ ഇസ്രയേൽ ആണ്. ഇന്ത്യയിലെ ഹിന്ദുത്വശക്തികളെപ്പോലെ ഒരു മതാധിഷ്ഠിത മഹാരാജ്യം. അതിനായി സയണിസ്റ്റകൾ തുടർച്ചയായി പലസ്തീൻ പ്രദേശങ്ങൾ ആക്രമിച്ച് ഇസ്രയേലിന്റെ ഭാഗമാക്കി തീർക്കുകയാണ്. ഇതിനെതിരായ എല്ലാ പ്രതിരോധങ്ങളെയും ഭീകരപ്രവർത്തനമായി ചിത്രീകരിച്ച് ബോംബുകളും മിസൈലുകളും ഉപയോഗിച്ച് തകർക്കുകയാണ്. മഹാ ഇസ്രയേലിന്റെ ഭാഗമായി ജോർദ്ദാന്റെയും സിറിയയുടെയും ലെബനന്റെയും വെട്ടിപ്പിടിച്ച ഭാഗങ്ങൾ കൂടാതെ ഈജിപ്തിന്റെയും ഇറാന്റെയും ഭൂപ്രദേശങ്ങൾ കൂടി അവർ ലക്ഷ്യം വെക്കുന്നു. എണ്ണ നിക്ഷേപങ്ങളുടെ കലവറയായ പേർഷ്യൻ ഉൾക്കടലുകൂടി മഹാ ഇസ്രയേലിന്റെ ഭാഗമാണെന്നാണ് സയണിസ്റ്റുകൾ വാദിച്ചുകൊണ്ടിരിക്കുന്നത്.
1967-ലെ യുദ്ധവും 1970-73 കാലത്തെ യുദ്ധവുമെല്ലാം ഈയൊരു ലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ടതാണ്. അറബ് ദേശീയതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പലസ്തീൻ വിമോചനപ്രസ്ഥാനം സയണിസ്റ്റ് അധിനിവേശത്തെ സംഘടിതമായി പ്രതിരോധിച്ചത്. ഫത്താ പാർടിയും യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ പി.എൽ.ഒയും പലസ്തീൻ വിമോചനത്തിന് ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികളുടെയും രാജ്യങ്ങളുടെയും പിന്തുണ നേടിക്കൊണ്ടാണ് പോരാടിയത്.
1964-ലാണ് പി.എൽ.ഒ രൂപീകരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റുകാരുൾപ്പെടെയുള്ള പലസ്തീനിലെ ദേശീയ വിമോചനശക്തികളുടെ കൂട്ടായ്മയായിരുന്നു പി.എൽ.ഒ. 1967 ജൂൺ ആറിന് ഈജിപ്തിലെയും സിറിയയിലെയും വിമാനത്താവളങ്ങൾ ഒന്നാകെ ബോംബിട്ടുതകർത്തുകൊണ്ടാണ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. എല്ലാംവിട്ടെറിഞ്ഞ് ഓടിപ്പോകുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്ന അനൗൺസുമെന്റ് നടത്തിക്കൊണ്ടാണ് ഇടതടവില്ലാത്ത ആക്രമണം പലസ്തീനിനുനേരെ നടത്തിയത്. സോവിയറ്റുയൂണിയന്റെ സഹായത്തോടുകൂടി പി.എൽ.ഒവിന് ശക്തമായ പ്രതിരോധമുയർത്താൻ 1970-73 കാലത്തെ യുദ്ധത്തിൽ കഴിഞ്ഞു.
1979-ൽ ജിമ്മികാർട്ടറുടെ മധ്യസ്ഥതയിൽ പശ്ചിമേഷ്യൻ സമാധാനത്തിനായി ഉടമ്പടി ഒപ്പുവെച്ചു. ഇസ്രയേൽ പ്രധാനമന്ത്രി മോനിച്ചംബെഗിനും ഈജിപ്ത് പ്രസിഡണ്ട് സാദത്തും പശ്ചിമേഷ്യയിൽ സമാധാനം ശാശ്വതമാക്കുമെന്ന് പ്രഖ്യാപിച്ചു. യഥാർത്ഥത്തിൽ ക്യാമ്പ്‌ഡേവിഡ് എന്ന സ്ഥലത്തുവെച്ച് നടന്ന ഈ ഒത്തുതീർപ്പ് സാദത്തിനെ ഉപയോഗിച്ച് അമേരിക്ക നടത്തിയ കൊടുംവഞ്ചനയായിരുന്നു.
1967-ൽ ഇസ്രയേൽ കീഴടക്കിയ ഗാസയും വെസ്റ്റ്ബാങ്കുമെല്ലാം ഇസ്രയേലിന്റെ ഭാഗമാക്കാനുള്ള തന്ത്രമായിരുന്നു ക്യാമ്പ് ഡേവിഡ് കരാർ. റീഗന്റെ കാലത്തോടെ എണ്ണക്കും പ്രകൃതിവിഭവങ്ങൾക്കും വേണ്ടിയുള്ള അക്രമാസക്തമായ അധിനിവേശതന്ത്രങ്ങൾ അമേരിക്ക തീക്ഷ്ണമാക്കി. 1983-ലെ യുദ്ധത്തിലൂടെ പലസ്തീനെ പൂർണ്ണമായി കീഴടക്കാൻ അമേരിക്ക സയണിസ്റ്റുകൾക്ക് എല്ലാ സഹായങ്ങളും നൽകി. പലസ്തീൻ വിമോചന സംഘടനകളെ ഭിന്നിപ്പിക്കാനും അസ്ഥിരീകരിക്കാനും ആസൂത്രിതമായ നീക്കങ്ങൾ ആരംഭിച്ചു. 1981ലെ ഇസ്രയേൽ അമേരിക്കൻ പദ്ധതിയനുസരിച്ച് ജോർദ്ദാനുമായി ചേർന്നു രൂപീകരിക്കുന്ന ഒരു ഫെഡറേഷന്റെ ചട്ടക്കൂട്ടിനകത്ത് ഒരു സ്വയംഭരണ പലസ്തീനെന്ന റീഗൻ പദ്ധതിപോലും ഈ യുദ്ധത്തിലൂടെ തകർക്കപ്പെട്ടു.
വെസ്റ്റ്ബാങ്കും ഗാസയും ഉൾപ്പെടുന്ന പലസ്തീൻ രാഷ്ട്രമെന്ന പി.എൽ.ഒ. ആവശ്യത്തെപോലും അമേരിക്ക എതിർക്കുകയായിരുന്നു. 1987-ൽ തീവ്ര ഇസ്ലാമിക നിലപാടുകളിൽ നിന്നാണ് ഹമാസ് രൂപംകൊള്ളുന്നത്. പോരാട്ടങ്ങളിലൂടെ ഗാസയുടെയും വെസ്റ്റ് ബാങ്കിന്റെയും സ്വയംനിയന്ത്രണാധികാരം ഇസ്രയേലിന്റെ ഉപരോധത്തിനിടയിലും ഒരുപരിധിവരെ പലസ്തീൻ പോരാളികൾക്ക് നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. 1993ലെ ഓസ്ലോ കരാറുൾപ്പെടെ രൂപം കൊള്ളുന്നത് പലസ്തീൻ ജനത തങ്ങളുടെ സ്വയം നിർണയത്തിനുവേണ്ടി നടത്തുന്ന പോരാട്ടങ്ങളുടെയും ആഗോള സമ്മർദ്ദങ്ങളുടെയും ഫലമായിട്ടാണ്. ഇന്നിപ്പോൾ ഗാസയും വെസ്റ്റ്ബാങ്കും ചേർന്ന് ഒരു ഒത്തുതീർപ്പ് ഗവൺമെന്റുണ്ടാക്കാനുള്ള നീക്കങ്ങളാണ് ഇസ്രയേലിനെ വിറളി പിടിപ്പിച്ചത്. ഇസ്രയേൽ കൗമാരപ്രായക്കാരുടെ തിരോധാനത്തിന്റെ കള്ളക്കഥകൾ പ്രചരിപ്പിച്ച് ഗാസക്കുനേരെ കൂട്ടസംഹാരത്തിനുള്ള യുദ്ധമാരംഭിച്ചത് പലസ്തീൻ വിമോചനശക്തികളുടെ ഐക്യവും സംഘടിതശേഷിയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്. പലസ്തീൻ രാഷ്ട്രം അറബിജനതയുടെ ഐക്യത്തിലൂടെയും ഫ്യൂഡൽ വിരുദ്ധ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ വഴിയാണ് യാഥാർത്ഥ്യമാകുക എന്ന കാര്യം പി.എൽ.ഒ.വിലെ ഇടതുപക്ഷ വിഭാഗങ്ങൾ ശക്തമായി ഉയർത്തിയിട്ടുണ്ട്.
എല്ലാവിധ ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് പലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾ തങ്ങളുടെ സ്വാതന്ത്ര്യവും ദേശീയസ്വത്വവും വീണ്ടെടുക്കാനുള്ള വിമോചന യത്നങ്ങളാണ്. സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെ വിജയംവരെ പോരാടാനുള്ള ആത്മവിശ്വാസവും പ്രചോദനവും അറബ് ജനതയുടെ ഐക്യമാണെന്ന കാര്യം അനുഭവങ്ങളിലൂടെ പലസ്തീൻ പോരാളികൾ ഇന്ന് തിരിച്ചറിയുന്നുണ്ട്. പക്ഷെ ഗമാൽ അബ്ദുൾ നാസറിനെ പോലുള്ള ഒരു അറബ് ദേശീയവാദിയുടെ മുൻകൈയിൽ വളർന്നുവന്ന, ഇസ്രായേലിനും സാമ്രാജ്യത്വത്തിനുമെതിരായ അറബ് മുന്നേറ്റങ്ങളുടെ സാഹചര്യം ഇന്ന് നിലനിൽക്കുന്നില്ല. രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും കൊളോണിയലിസത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളോ ഇന്ന് സാധ്യമാണെന്നും തോന്നുന്നില്ല.
യു.എൻ പ്രമേയങ്ങളെ പോലും നോക്കുകുത്തിയാക്കിക്കൊണ്ടാണ് അവശിഷ്ട പലസ്തീൻ പ്രദേശങ്ങൾ പോലും ഇസ്രയേൽ കയ്യേറി ആധിപത്യം സ്ഥാപിക്കുന്നത്. യു.എൻ പ്രമേയം 181 അനുസരിച്ച് ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ച സന്ദർഭത്തിൽതന്നെ പലസ്തീൻ ജനതയുടെ രാഷ്ട്രീയ പരമാധികാരം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 1917-ലെ ബാൽഫർ പ്രഖ്യാപനമനുസരിച്ച് അതുവരെ ഓട്ടോമെൻ പ്രദേശമായിരുന്ന പലസ്തീനിൽ ജൂതർക്ക് ഒരുദേശം എന്ന ആശയം മുന്നോട്ടവെക്കുമ്പോൾ തന്നെ ആ പ്രഖ്യാപനത്തിലും ആ രാഷ്ട്രമൊരിക്കലും തദ്ദേശീയരായ ജൂതരല്ലാത്തവരുടെ പൗരാവകാശങ്ങളെയോ മതപരമായ അവകാശങ്ങളെയോ ഒരുതരത്തിലും ഹനിക്കുന്നതാവാതിരിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ 75 വർഷക്കാലമായി നടക്കുന്ന ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ ലോകജനതയെ കബളിപ്പിക്കാനുള്ള ഭംഗിവാക്കുകൾ മാത്രമായിരുന്നുവെന്നതാണ് സത്യം.
1948 മെയ് 14-ന് ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായതിനുശേഷം അമേരിക്കയും ബ്രിട്ടണും ചേർന്ന് പശ്ചിമേഷ്യയിലെ തങ്ങളുടെ താൽപര്യങ്ങളുടെ കാവൽശക്തിയും തങ്ങൾക്കെതിരായ ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള ശക്തിയുമായിട്ടാണ് ഇസ്രയേലിനെ വളർത്തിയെടുത്തത്. ജോസഫ് സ്റ്റിഗ്ലിസ് നിരീക്ഷിക്കുന്നതുപോലെ ബില്യൺ കണക്കിന് ഡോളറുകളും ആയുധങ്ങളും ഒഴുക്കിക്കൊടുത്തുകൊണ്ടാണ് ഇസ്രയേലിനെ ഒരു സൈനികശക്തിയും ഭീകരസ്റ്റേറ്റുമായി അമേരിക്ക വളർത്തിയെടുത്തത്. പലസ്തീനികളുടെ ജന്മഭൂമി തുടർച്ചയായി കയ്യേറി ജൂതകുടിയേറ്റങ്ങൾ നടത്തുമ്പോൾ അതിനെതിരായ തദ്ദേശീയ അറബ് ജനതയുടെ പ്രതിരോധങ്ങളെയെല്ലാം ചോരയിൽ മുക്കിക്കൊല്ലുകയാണ് സയണിസ്റ്റ് ഭീകരരാഷ്ട്രം ചെയ്തത്. അതിനെല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് യു.എസ് സാമ്രാജ്യത്വവും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായിരുന്നു.
പി.എൽ.ഒ വിന്റെയും 2000-ഓടെ ഹമാസിന്റെയുമൊക്കെ നേതൃത്വത്തിൽ പലസ്തീൻ സ്വാതന്ത്ര്യത്തിനായി ഉയർന്നുവന്ന വിമോചനപേരാട്ടങ്ങളും ലോകാഭിപ്രായങ്ങളും സൃഷ്ടിച്ച സമ്മർദ്ദങ്ങളാണ് ഇസ്രയേൽ കയ്യേറ്റത്തിനെതിരായ സമാധാനചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും അതുപ്രകാരമുള്ള ഉടമ്പടികൾക്കും സാഹചര്യമൊരുക്കിയത്. എന്നാൽ അമേരിക്കൻ കാർമ്മികത്വത്തിൽ നടന്ന ഇത്തരം സമാധാനചർച്ചകളുടെ അടിസ്ഥാനത്തിലുള്ള ഉടമ്പടികളൊന്നും ഇസ്രയേൽ പാലിച്ചിട്ടില്ല എന്നതാണ് അനുഭവം. മാത്രമല്ല മുമ്പത്തേക്കാൾ കടന്നാക്രമണപരമായി ഓരോ വെടിനിർത്തലിനുശേഷവും ഇസ്രയേൽ പലസ്തീനികൾക്കെതിരായ ആക്രമണം കടുപ്പിക്കുകയാണ് ചെയ്തത്.
1994-ലെ കെയ്‌റോ ഉടമ്പടി, 1995-ലെ താബ ഉടമ്പടി, ഒന്നും രണ്ടും ഓസ്ലോ കരാറുകൾ, 1997-ലെ ഹെബ്രോൺ പ്രോട്ടോകോൾ, 1998-ലെ വൈ മെമ്മോറാണ്ടം, ക്യാമ്പ് ഡേവിഡ് കരാർ തുടങ്ങി പലസ്തീനിലെ സമാധാനം ലക്ഷ്യംവെച്ച് ഉണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകളൊന്നുപോലും ഇസ്രായേൽ അനുസരിച്ചിട്ടില്ല എന്നതാണ് ചരിത്രം. 1993-94-ലെ ധാരണകളനുസരിച്ച് 1999-ഓടെ സ്വതന്ത്ര പലസ്തീൻ സ്വയംഭരണാധികാരത്തോടെ യാഥാർത്ഥ്യമാക്കുമെന്നാണ് അമേരിക്കൻ കാർമ്മികത്വത്തിൽ നടന്ന ചർച്ചകൾ ഉറപ്പുനൽകിയത്. 1967-ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്തതും 1970-73 കാലത്ത് സോവിയറ്റ് സഹായത്തോടെ പലസ്തീൻ വിമോചനസംഘടന തിരിച്ചുപിടിച്ചതുമായ പ്രദേശങ്ങൾ ചേർത്ത് കിഴക്കൻ ജറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുമെന്നാണ് ജിമ്മി കാർട്ടറും പിന്നീട് ക്ലിന്റണുമൊക്കെ മുൻകൈയെടുത്ത് നടത്തിയ പ്രശ്‌നപരിഹാരത്തിനുള്ള ഒത്തുതിർപ്പ് ധാരണ.
ഇസ്രായേലിനൊപ്പം പലസ്തീനും എന്ന ഈ മേഖലയിലെ രണ്ട് രാഷ്ട്രമെന്ന ഒത്തുതീർപ്പ് വ്യവസ്ഥക്ക് യാസർ അറാഫത്ത് വഴങ്ങി. ഈയൊരു സാഹചര്യത്തെ ഉപയോഗിച്ചാണ് അറാഫത്തിന്റേത് കീഴടങ്ങലും പലസ്തീൻ ജനതയോടുള്ള വഞ്ചനയുമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഹമാസ് പലസ്തീൻ വിമോചനപ്രസ്ഥാനത്തിൽ അസ്ഥിരീകരണമുണ്ടാക്കുന്നത്. യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ അവിശ്വാസം സൃഷ്ടിക്കുന്നത്. അമേരിക്കയുടെ കാർമ്മികത്വത്തിലുണ്ടായ ഉടമ്പടികളും യു.എൻ പ്രമേയവും അനുശാസിക്കുന്ന തരത്തിൽ പലസ്തീൻ രാഷ്ട്രം 1999-ഓടെ യാഥാർത്ഥ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാൻ അമേരിക്കയും ഇസ്രായേലും തയ്യാറായില്ല. ഓസ്ലോ ഉടമ്പടി നടപ്പാക്കാൻ ശ്രമിച്ച ക്ലിന്റനെതിരെ അമേരിക്കൻ മാധ്യമങ്ങൾ അപവാദ പ്രചരണങ്ങൾ അഴിച്ചുവിട്ടു. സമാധാന ഉടമ്പടിക്ക് മുൻകൈയെടുത്ത ഇസ്രയേലിലെ ലേബർപാർട്ടി പ്രധാനമന്ത്രി ഇസ്ഹാക്ക് റാബിനെ സയണിസ്റ്റ് തീവ്രവാദികൾ വെടിവെച്ചുകൊലപ്പെടുത്തി.
ഈയൊരു സംഭവഗതികളുടെ തുടർച്ചയിലാണ് അറാഫത്ത് പലസ്തീൻ രാഷ്ട്രം പ്രഖ്യാപിക്കുന്നത്. അതോടെ രാമല്ലെയിലെ പി.എൽ.ഒ വിന്റെ ആസ്ഥാനവും യാസർ അറാഫത്തിന്റെ താമസസ്ഥലവും ഇസ്രയേൽസേന വലയം ചെയ്തു. രണ്ട് വർഷക്കാലം യാസർ അറാഫത്തിനെ ലോകവുമായി ബന്ധപ്പെടാനോ പുറത്തിറങ്ങാനോ ഇസ്രയേൽ പട്ടാളം അനുവദിച്ചില്ല. അവസാനം രോഗം വന്ന് പലസ്തീൻ വിമോചനസ്വപ്നങ്ങളുടെ നായകൻ അവശനായി. അദ്ദേഹത്തെ ചികിത്സയ്ക്കായി പാരീസിലെത്തിച്ചെങ്കിലും ഈ ഭൂമിയിൽ തന്റെ ജനതയുടെ വിമോചന സ്വപ്നങ്ങളവശേഷിപ്പിച്ച് 2004 നവംബർ 11-ന് അറാഫത്ത് മരണമടഞ്ഞു. രക്തസാക്ഷി സമാനമായ മരണം.
പലസ്തീൻ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ സമ്മർദ്ദവും ലോകാഭിപ്രായവും ശക്തിപ്പെട്ടതോടെയാണ് 2007-ൽ വെസ്റ്റ്ബാങ്കിലും ഗാസയിലും യു.എൻ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വെസ്റ്റ്ബാങ്കിൽ ഫത്താ പാർട്ടിയും ഗാസയിൽ ഹമാസും തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഗവൺമെന്റ് രൂപീകരിച്ചു. ഇന്ന് ഗാസയും വെസ്റ്റ്ബാങ്കും ഭരിക്കുന്നത് ജനാധിപത്യപരമായ മാർഗങ്ങളിലൂടെ അധികാരത്തിൽ വന്ന ഹമാസും ഫത്താപാർട്ടിയുമാണ്. തങ്ങളുടെ ദേശാതിർത്തികളിൽ എല്ലാവിധ സാർവദേശീയ തത്വങ്ങളെയും നിയമങ്ങളെയും ലംഘിച്ചുകൊണ്ട് കയ്യേറ്റം തുടരുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനുള്ള ദേശരക്ഷാപരമായ ഉത്തരവാദിത്വമാണ് ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ഗവൺമെന്റുകൾക്കുമുള്ളത്.
അതവരുടെ അവകാശവും സ്വന്തം മണ്ണിനെയും ജനതയെയും കാക്കാനുള്ള ദേശരക്ഷാപരമായ ഉത്തരവാദിത്വവുമാണ്. ഐക്യരാഷ്ട്രസഭ ദേശീയ ജനസമൂഹങ്ങളുടെ സ്വയം നിർണ്ണയവകാശത്തിനു വേണ്ടിയുള്ള പോരാട്ടം ന്യായവും സാർവദേശീയ അംഗീകാരമുള്ളതുമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 2017 മുതൽ സംഘടിതമായ കുടിയേറ്റങ്ങളും അധിനിവേശവുമാണ് ഇസ്രായേൽ ഭരണകൂടം പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത്. പലസ്തീൻ ജനതയുടെ എല്ലാ പ്രതിരോധങ്ങളെയും വെടിയുതിർത്തും സൈനികാക്രമണങ്ങൾ നടത്തിയും അടിച്ചമർത്തിയാണ് ഈ അനധികൃതകുടിയേറ്റങ്ങളും അധിനിവേശങ്ങളും പതിവായിരിക്കുന്നത്.
ഈ അധിനിവേശ ഭീകരതക്കെതിരായ ഗാസയുടെ പ്രതിരോധമാണ് ഒക്ടോബർ 7-ന് ഗാസയിലെ ഹമാസ് സർക്കാർ ഇസ്രയേലിനെതിരെ നടത്തിയത്. യുദ്ധങ്ങളിൽ ഏത് പക്ഷത്തുള്ളവരാണെങ്കിലും സിവിലിയൻമാർക്ക് സംഭവിക്കുന്ന മരണങ്ങളും പരിക്കുകളും അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധകരവുമാണ്. അപ്പോഴും അക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമുള്ള രാഷ്ട്രങ്ങളുടെയും സർക്കാരുകളുടെയും അവകാശത്തെ ഭീകരവാദമായി ആക്ഷേപിക്കുന്നത് അന്താരാഷ്ട്ര ധാരണകൾക്ക് അംഗീകരിക്കാനാവുന്നതുമല്ല. ഇന്നിപ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കാകെ ഭീഷണിയായി യു.എസ് ഇസ്രയേൽ ശക്തികൾ മാറിക്കഴിഞ്ഞിരിക്കുന്നു. സയണിസത്തെയും രാഷ്ട്രീയ ഇസ്ലാമിസത്തെയും ഒരുപോലെ ഉപയോഗിച്ച് തങ്ങൾക്കെതിരായ സാമ്രാജ്യത്വവിരുദ്ധ അറബ് ദേശീയബോധത്തെ തകർക്കുകയാണ് യു.എസ് അക്രമകാരികൾ.