ട്രംപിൻെറ തീരുവനയം എങ്ങനെ സമ്പദ് വ്യവസ്ഥയെ തകർക്കുന്നു? ജപ്പാനിൽ കടുത്ത പ്രതിസന്ധി

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവനയം പ്രതീക്ഷിച്ച പോലെത്തന്നെ ലോകരാജ്യങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. ഏഷ്യൻ രാജ്യമായ ജപ്പാൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ദേശീയപ്രതിസന്ധി മറികടക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ മന്ത്രിമാരോട് നിർദ്ദേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഷിഗേരു ഇഷിബ.

കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് മുഴുവൻ ഇരുട്ടടിയെന്ന പോലെ പകരം തീരുവനയം പ്രഖ്യാപിച്ചത്. പുറംരാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുളള കയറ്റുമതി നിയന്ത്രിക്കുന്നതിൻെറ ഭാഗമായാണ് ട്രംപിൻെറ പുതിയ പരിഷ്കാരം. അമേരിക്കയിലേക്ക് ഏത് രാജ്യത്തിൽ നിന്ന് കയറ്റുമതി നടത്തിയാലും അതിന് 10 ശതമാനം തീരുവ നൽകേണ്ടി വരുമെന്നതാണ് എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന തീരുമാനം. ഇതിന് പുറമെയാണ് പകരം തീരുവ നയം. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മറ്റ് രാജ്യങ്ങൾ ചുമത്തുന്ന തീരുവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് തീരുമാനം. ഇതേവരെ അമേരിക്കയെ ചൂഷണം ചെയ്ത് സമ്പന്നരായ രാജ്യങ്ങൾക്ക് തിരിച്ചടിയാവും ഇതെന്നാണ് ട്രംപ് പറയുന്നത്. ആ തിരിച്ചടി പല രാജ്യങ്ങൾക്കും കിട്ടിത്തുടങ്ങിയിരിക്കുകയാണ്. അതിൻെറ ഏറ്റവും ആദ്യത്തെ മാതൃകയായിരിക്കുന്നത് ഏഷ്യൻ രാജ്യമായ ജപ്പാനാണ്. അമേരിക്കയെ ആശ്രയിച്ച് നിൽക്കുന്ന സമ്പദ് വ്യവസ്ഥകൾ ഏത് തരത്തിലുള്ള തിരിച്ചടി നേരിടുമെന്നതിന് വ്യക്തമായ ഉദാഹരണമാവുകയാണ് ജപ്പാൻ.

ഡോണൾഡ് ട്രംപിൻെറ തീരുവയുദ്ധം രാജ്യാന്തര പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നുവെന്നും അത് പരിഹരിക്കാനുള്ള എല്ലാവിധ നടപടികളും എടുക്കുമെന്നുമാണ് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ പ്രസ്താവിച്ചിരിക്കുന്നത്. 24 ശതമാനം പകരം തീരുവയാണ് ജപ്പാനീസ് ഉത്പന്നങ്ങൾക്ക് ഇനി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ നൽകേണ്ടത്. ജപ്പാൻ കമ്പനികൾക്ക് അമേരിക്കയിൽ വലിയ നിക്ഷേപമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധവും സുഗമമായാണ് പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ട്രംപിൻെറ പുതിയ പരിഷ്കാരങ്ങളോടെ അതെല്ലാം ഒറ്റയടിക്ക് തകിടം മറിഞ്ഞിരിക്കുകയാണ്. ജപ്പാൻെറ ബാങ്കിങ് വിപണിയാണ് ആദ്യം തന്നെ അമേരിക്കയുടെ തീരുവയുദ്ധത്തിൻെറ ചൂടറിഞ്ഞത്. ബാങ്കിങ് ഓഹരികൾ മുമ്പെങ്ങുമില്ലാത്ത തരത്തിൽ ഇടിഞ്ഞിരക്കുകയാണെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ജപ്പാൻ ഓഹരിവിപണിയായ നിക്കേയ് (Nikkei) 9% ഇടിവാണ് രേഖപ്പെടുത്തിയത്. ചൈന, ഹോങ്കോങ്, തായ്വാൻ തുടങ്ങീ ഏഷ്യൻ വിപണികളെല്ലാം തിരിച്ചടി നേരിട്ടിട്ടുണ്ടെങ്കിലും വലിയ പ്രതിസന്ധിയിലേക്ക് പോവുന്നെന്ന സൂചന നൽകുന്നത് ജപ്പാനാണ്. അമേരിക്കൻ ബാങ്കുകളുടെ ഓഹരികൾ വിറ്റഴിച്ച് കൊണ്ടുള്ള ഒരു ട്രെൻഡ് പൊതുവിൽ ജപ്പാൻ ഓഹരിവിപണിയിലുണ്ട്. അതാണ് ബാങ്കിങ് മേഖലയിൽ വലിയ തിരിച്ചടിക്ക് കാരണമായിരിക്കുന്നത്. സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്ക്സ് തുടങ്ങിയ അമേരിക്കൻ ബാങ്കുകളിലുള്ള നിക്ഷേപമാണ് ജപ്പാനീസ് ഇൻവെെസ്റ്റർമാർ പിൻവലിക്കുന്നത്.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുന്നത് തടയുന്നതിനായി ഡോണൾഡ് ട്രംപുമായി ചർച്ചകൾ നടത്താൻ ആലോചിക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുന്നത് തടയുന്നതിനായി ഡോണൾഡ് ട്രംപുമായി ചർച്ചകൾ നടത്താൻ ആലോചിക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുന്നത് തടയുന്നതിനായി ഡോണൾഡ് ട്രംപുമായി ചർച്ചകൾ നടത്താൻ ആലോചിക്കുകയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ. തീരുവ നയം രാജ്യത്ത് ഉണ്ടാക്കാൻ പോവുന്ന വിഷയങ്ങൾ സമഗ്രമായി പഠിച്ച് അത് പരിഹരിക്കാൻ എന്ത് നടപടിയെടുക്കാൻ സാധിക്കുമെന്ന് പഠിക്കണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കാനും തൊഴിലവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനും വേണ്ട നടപടികളെടുക്കണം. ഇത് കൂടാതെ ജപ്പാനീസ് പാർലമെൻറിൽ പ്രത്യേക ബജറ്റ് ബിൽ അവതരിപ്പിക്കാനും ഇഷിബ ചിന്തിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ളത് ന്യൂനപക്ഷ സർക്കാർ ആയതുകൊണ്ട് പ്രതിപക്ഷത്തിൻെറ കൂടി പിന്തുണയുണ്ടെങ്കിൽ മാത്രമേ ബിൽ പാസ്സാക്കിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന പ്രതിസന്ധി കൂടിയുണ്ട്. ഇതെല്ലാംം വ്യക്തമാക്കുന്നത് ട്രംപിൻെറ നയം ജപ്പാൻെറ സമ്പദ് വ്യവസ്ഥയെ എത്രത്തോളം ശ്വാസം മുട്ടിക്കുന്നുവെന്നതാണ്.

പകരം തീരുവ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡോണൾഡ് ട്രംപ് അമേരിക്കയിലേക്കുള്ള കാറുകളുടെ കയറ്റുമതിയ്ക്ക് 25 ശതമാനം തീരുവ ചുമത്തുന്നതായും പ്രഖ്യാപിച്ചിരുന്നു. ഇതും ജപ്പാനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായാണ് ജപ്പാൻ പരിഗണിക്കപ്പെടുന്നത്. ജപ്പാനെ വലിയ സാമ്പത്തിക ശക്തിയാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അവിടുത്തെ ഓട്ടോമൊബൈൽ വ്യവസായമാണ്. ഈ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോവാതെ പിടിച്ചുനിൽക്കണമെങ്കിൽ സർക്കാർ സഹായം അത്യന്താപേക്ഷിതമാണെന്ന് അവിടുത്തെ ഓട്ടോമൊബൈൽ മാന്യുഫാക്ചറേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം യുഎസ് ഓട്ടോമൊബൈൽ വിപണിയിൽ 66 ബില്യൺ ഡോളറിൻെറ നിക്ഷേപം ജപ്പാൻ വ്യവസായികൾ നടത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ നേരിട്ടും 20 ലക്ഷത്തിലധികം പേർ നേരിട്ടല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. തീരുവയുടെ കാര്യത്തിൽ ഉഭയകക്ഷി ചർച്ചകളിലൂടെ നീക്കുപോക്ക് നടത്തിയില്ലെങ്കിൽ ജപ്പാൻ ഇനിയും വലിയ പ്രതിസന്ധിയിലേക്കായിരിക്കും പോവുക.

Comments