പാക്കിസ്​താനിലെ ഷിയാ ഹസാര വിഭാഗക്കാരായ പെൺകുട്ടികൾ

പാക്കിസ്താൻ: ഹസാര വംശജരുടെ മരണമുനമ്പ്

ജനുവരി മൂന്നിന് പാക്കിസ്​താനിലെ ബലൂചിസ്താനിലുണ്ടായ ആക്രമണങ്ങളിൽ ഷിയാ ഹസാര വിഭാഗക്കാരായ ഒരു ഡസനോളം കൽക്കരി ഖനി തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ന്യൂനപക്ഷങ്ങൾക്കെതിരായ വംശഹത്യയുടെ രാഷ്​ട്രീയം വിശകലനം ചെയ്യപ്പെടുന്നു

പാകിസ്താൻ വീണ്ടും വംശീയാക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. 2021 ജനുവരി മൂന്നിന് തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിലുണ്ടായ ആക്രമണങ്ങളിൽ ഷിയാ ഹസാര വിഭാഗത്തിൽപ്പെടുന്ന ഒരു ഡസനോളം കൽക്കരി ഖനി തൊഴിലാളികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇവരെ ഇസ്‌ലാമിക ജിഹാദികൾ തട്ടിയെടുത്ത് കണ്ണുകെട്ടി സമീപത്തുള്ള മലനിരകളിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബലൂചിസ്താന്റെ തലസ്ഥാനമായ ക്വറ്റയിൽനിന്ന് 30 മൈൽ അകലെ അവർ താമസിക്കുന്ന മാച്ച് ഖനിമേഖലയ്ക്ക് സമീപമുള്ള പ്രദേശത്തുനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്. ഇവരിൽ അഫ്ഗാനിസ്ഥാനിൽനിന്നുള്ളവരും ഉണ്ടായിരുന്നു. ഐ.എസ് ഭീകരർ പിന്നീട് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഹാസാര വംശജർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് ജിഹാദി സംഘടനയായ ലഷ്‌കർ ഇ ജാങ്‌വി (LeJ- Lashkar i Jhangvi) യുടെ വർധിച്ചുവരുന്ന പങ്കിനെ കുറിച്ച് നേരത്തെ നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു. ഭീരുക്കൾ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ഭീകരപ്രവർത്തനമെന്ന് പറഞ്ഞാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സംഭവത്തെ അപലപിച്ചത്. ആഭ്യന്തര കലാപങ്ങൾ ഉണ്ടാകുമ്പോഴും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോഴും പാക്‌സിതാനിലെ വരേണ്യ രാഷ്ട്രീയക്കാർ ചെയ്യുന്നതുപോലെ ഈ സംഭവത്തിനുപിന്നിലും രാജ്യത്തിന് പുറത്തുള്ള ശത്രുക്കാളാണെന്നും അദ്ദേഹം പറഞ്ഞു. ഖൈബർ ഫക്ക്തൂൻവാല പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം നശിപ്പിച്ചതിന്റെ പേരിൽ ഇസ്‌ലാമിക ജിഹാദികൾ വിമർശന വിധേയരായത് ഈയിടെയാണ്.

2013 സപ്തംബറിൽ പാക്കിസ്താനിലെ ക്വറ്റയിൽ വംശീയാക്രമണത്തിനിരയായ ഹസാര വംശജരുടെ മൃതദേഹങ്ങൾ

പാകിസ്താനിലെ 80 ലക്ഷത്തോളം വരുന്ന ഹിന്ദു ന്യൂനപക്ഷത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയ ഈ സംഭവത്തിൽ ഇന്ത്യ പ്രതിഷേധിക്കുകയും ചെയ്തു.

ജനുവരി മൂന്നിന് നടന്ന ക്വറ്റ ആക്രമണത്തെ തുടർന്ന് ഹസാര വംശജർ കൊല്ലപ്പെട്ടവരുടെ ശവപ്പെട്ടികളുമായി ഹൈവേ ഉപരോധിച്ചു നടത്തിയ സമരം രണ്ട് ദിവസം പിന്നിട്ടിട്ടും തുടർന്നു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ട് സംസാരിക്കാതെയും കൊലപാതകികളെ അറസ്റ്റ് ചെയ്യാതെയും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. (ഡോൺ പത്രം). 2013 ൽ ചാവേർ ആക്രമണത്തിൽ 96 ഹസാരകൾ കൊല്ലപ്പെടുകയും രാജ്യവ്യാപകമായി പ്രതിഷേധം പടരുകയും ചെയ്തിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിസ്സംഗ സമീപനമാണ് പ്രതിഷേധത്തിന് കാരണമായത്. 2013 ലെ പൊട്ടിത്തെറിയെ തുടർന്ന് പ്രവിശ്യ സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രഭരണം ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതമായിരുന്നു. രാജ്യത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും വിദേശത്തുള്ള ശത്രുക്കളെ കാണുന്ന ഇമ്രാൻ ഖാനും സഹപ്രവർത്തകർക്കും പാകിസ്താനിലെ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.

ക്വറ്റ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ഹസാര വംശജർ ഹൈവേ ഉപരോധിക്കുന്നു. /2021 ജനുവരി അഞ്ചിന് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

പാകിസ്താനിലെ ഹസാര വിഭാഗത്തിൽപ്പെട്ടവർ നിരന്തരമായി സുന്നി ജിഹാദി സംഘങ്ങളുടെ ഭീഷണിക്കും ആക്രമണത്തിനും വിധേയരാകുന്നതായി ഈ മനുഷ്യാവാകാശ ഏജൻസികൾ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ചാവേർ ആക്രമണങ്ങളിലുടെയും മറ്റും പാകിസ്താനിലെ ഹസാര വിഭാഗക്കാർ നിരന്തരമായി ഭീകരരുടെയും മതവർഗീയവാദികളുടെയും ആക്രമണം നേരിടുകയാണെന്ന് പാകിസ്താനിലെ ദേശീയ മനുഷ്യാവകാശ കമീഷൻ (NCHRP) തന്നെ വ്യക്തമാക്കിയതാണ്. ഹസാര വിഭാഗകാർക്കെതിരെ കിരാത ആക്രമണം നടത്തിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ് 2018 ൽ പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സർക്കാർ സംവിധാനങ്ങളുടെ ഈ പരാജയം പാകിസ്താനിൽ ജീവിക്കാനുള്ള ഹസാര വിഭാഗത്തിൽപ്പെട്ടവരുടെ ആഗ്രഹത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു പറഞ്ഞാണ് റിപ്പോർട്ട് അവസാനിക്കുന്നത്. (NCHRP, 2018). പാക്‌സിതാനിൽ കൊല്ലപ്പെടുന്ന ഹസാര വിഭാഗക്കാരുടെ എണ്ണം രാജ്യത്തെ ആഭ്യന്തര മന്ത്രാലയം പറയുന്നതിനെക്കാൾ എത്രയോ അധികമായിരിക്കുമെന്നും എൻ.സി.എച്ച്.ആർ.പിയുടെ 2018 ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2018-19 കാലത്ത് ഹസാര വംശജർക്കെതിരെയുണ്ടായ വ്യാപക ആക്രമണത്തിൽ 20 പേരാണ് മരിച്ചത്. അതിനുശേഷവും അത്തരം സംഭവങ്ങൾ ആവർത്തിച്ചു. ക്വറ്റയിലെ പച്ചക്കറി ചന്തയിൽ 2019 ഏപ്രിലിൽ നടന്ന സ്‌ഫോടനത്തിൽ മാത്രം 16 പേരാണ് കൊല്ലപ്പെട്ടത്. 2017 ൽ പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസ് നടത്തിയ സുരക്ഷാ വിശകലനത്തിൽ ഹസാര വിഭാഗത്തിൽപ്പെട്ടവർക്കെതിരെ 36 ആക്രമണങ്ങളും അതുമൂലം നിരവധി മരണങ്ങളും ഉണ്ടായെന്നാണ് പറയുന്നത്.

2008നുശേഷമാണ് ഈ ന്യൂനപക്ഷ വിഭാഗത്തിനെതിരായ ആക്രമണം വർധിച്ചത്. ബലൂചിസ്താനിൽനിന്ന് ഇറാനിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ബസിൽ സഞ്ചരിക്കുകയായിരുന്ന ഷിയാ ഹസാര വിഭാഗത്തിൽപ്പെട്ട 29 പേരെയാണ് സായുധധാരികൾ കൊലപ്പെടുത്തിയത്. സുന്നികളെ ഒഴിവാക്കിയശേഷമാണ് ജീഹാദി ഭീകരർ ഹസാര വംശജരെ കൊലപ്പെടുത്തിയത്. തുടർന്നുള്ള വർഷങ്ങളിൽ ഹസാര വിഭാഗത്തിൽപ്പെട്ടവർക്കെതിരെ ആക്രമണങ്ങൾ വർധിച്ചു. ഹ്യൂമൻ റൈറ്റ്‌സ് വാച്ച്​ റിപ്പോർട്ട് പ്രകാരം 2012 ൽ 450 ഷിയാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. 2013 ലാകട്ടെ 400 പേർ കൂട്ടക്കൊലയ്ക്ക് വിധേയമായി. സുന്നികളും ഷിയാ വിഭാഗക്കാരും തമ്മിലുള്ള സംഘർഷം പാകിസ്താനിൽ വർഷങ്ങളായി നിലനിൽക്കുന്നതാണെങ്കിലും സമീപകാലത്തായി ആക്രമണങ്ങൾ മുഖ്യമായും ഷിയാ വിഭാഗക്കാർക്കെതിരെയായി മാറിയിരിക്കുന്നു. ക്വറ്റയിൽ 2013 ജനുവരി -ഫെബ്രുവരി മാസങ്ങളിൽ ഹസാര വിഭാഗത്തിൽപ്പെട്ട 180 പേരെ കൊലപ്പെടുത്തിയ ബോംബ് സ്‌ഫോടനമാണ് ലഷ്‌കർ ഇ ജാങ്‌വി നടത്തിയ ഭീകരാക്രമണങ്ങളിൽ പ്രധാനം (SATP 2019).

പാക്കിസ്താനിലെ ക്വറ്റയിൽ 2018 ആഗസ്റ്റിൽ ഹസാര വംശജർക്കെതിരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ

1947 മുതൽ വിവിധ സർക്കാരുകൾക്ക് കീഴിൽ പലപ്പോഴായി മത കലാപങ്ങൾ തുടർന്നുവന്നു, 2001 മുതലാണ് അത് രൂക്ഷമായത്. തങ്ങൾക്കെതിരായ വംശീയാക്രമണങ്ങൾക്കെതിരെ കേന്ദ്ര, പ്രവിശ്യ സർക്കാരുകൾക്ക് ഹസാര വിഭാഗക്കാർ പലതവണ പരാതി നൽകിയിരുന്നു. കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ജിഹാദികളെ വിചാരണ ചെയ്യണമെന്നുമായിരുന്നു അവരുടെ ആവശ്യം. ലഷ്‌കർ ഇ ജാങ്‌വിക്ക് ഔദ്യോഗിക സംരക്ഷണമുണ്ടെന്നതിന് തെളിവ് ഹാജരാക്കുക പ്രയാസമാണെങ്കിലും തങ്ങൾക്കെതിരെ നിരന്തരം നടക്കുന്ന ആക്രമണങ്ങൾ തടയാൻ അന്വേഷണ ഏജൻസികൾ കർശന നടപടി എടുത്തില്ലെന്ന് ഹസാരകൾ വ്യക്തമാക്കുന്നു. ഓരോ തവണ ആക്രമണം നടക്കുമ്പോഴും കാര്യമായ അന്വേഷണം പോലും നടന്നിട്ടില്ല. ഹസാര വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന ജിഹാദി സംഘടനായ ലഷ്‌കർ ഇ ജാങ്‌വിയുടെ പ്രധാന ലക്ഷ്യം ആക്രമത്തിലൂടെ പാകിസ്താനെ സുന്നി രാജ്യമാക്കി മാറ്റുകയെന്നതാണ് എന്നാണ് പി.ഐ.പി.എസ് ചൂണ്ടിക്കാട്ടുന്നത്. (UK Home Office 2019; PIPS 2019).

ലശ്കർ ഇ ജാങ്‌വി യുടെ നേതാവ് മാലിക് ഇഷാക്

യു.എസ് കമീഷൻ ഫോർ റിലിജിയസ് ഫ്രീഡം (USCIRF) അവരുടെ 2019 ലെ വാർഷിക റിപ്പോർട്ടിൽ വ്യക്താക്കിയത് ഇസ്‌ലാമിക് സ്റ്റേറ്റ്, എൽ.ഇ.ജെ, തെഹ്‌റിക്ക് ഇ താലിബാൻ പാകിസ്താൻ (TTP) എന്നീ സംഘടനകളാണ് ഹസാര വിഭാഗത്തിൽപ്പെട്ടർക്കെതിരെ ആക്രമണം നടത്തുന്നതെന്നതാണ്. (USCIRF 2019).

പാകിസ്താൻ ജനസംഖ്യയിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് ഹസാര വംശജർ. രാജ്യത്തെ ഇപ്പോഴത്തെ ജനസംഖ്യ 21 കോടിയാണ്. ഇതിൽ 96 ശതമാനവും മുസ്‌ലിംകളാണ്. അങ്ങനെയാവുമ്പോഴും മതപരവും വംശീയവുമായി നിരവധി വൈജാത്യങ്ങളുള്ള രാജ്യമാണ് പാകിസ്താൻ. മുസ്‌ലിം ജനസംഖ്യയിൽ ഏകദേശം 80-85 ശതമാനം വരെ സുന്നികളാണ്. തെൽവാർ വിഭാഗത്തിൽപ്പെട്ട ഷിയ മുസ്‌ലിംകളാണ് 10 ലക്ഷത്തിൽ താഴെയുള്ള ഹസാര വംശജരിലേറെയും. ചിലർ ഇസ്‌മൈലി വിഭാഗത്തിലും മറ്റുളളവരിലും പെട്ടതാണ്. ബലൂചിസ്താനിലെ ക്വറ്റയിലാണ് ഹസാര വംശജർ ഏറെയും. കറാച്ചിയിലും മറ്റ് പ്രദേശങ്ങളിലും ഇവർ ജീവിക്കുന്നുണ്ട്. പാകിസ്താൻ മനുഷ്യാവകാശ കമീഷന്റെ നിഗമനത്തിൽ അഞ്ച് ലക്ഷത്തോളം ഹസാര വംശജർ ബലുചിസ്താനിൽ മാത്രമുണ്ട്. ബാക്കിയുള്ളവർ സിന്ധിലും മറ്റു പ്രവിശ്യകളിലുമായി കഴിയുന്നു. ഹസാര വിഭാഗത്തിൽപ്പെട്ടവർ പൊതുവിൽ യുറേഷ്യൻ വംശീയ പ്രകൃതിയുള്ളവരാണ്. ചില റിപ്പോർട്ടുകൾ പറയുന്നത് അവർക്ക് തുർക്കി- മംഗോൾ വംശീയ സമാനതകൾ ഉണ്ടെന്നാണ്. ഇങ്ങനെ കാഴ്ചയിൽ വ്യത്യസ്തരായ ഇവർ ബലൂചിസിതാനിലും സിന്ധിലും ചില കേന്ദ്രങ്ങളിലാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ അവരെ എളുപ്പം സങ്കുചിത വംശീയ ആക്രമണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്നു.

മധ്യ അഫ്ഗാനിസ്താനിൽനിന്നാണ് ഹസാര വംശജർ ക്വറ്റയിലെത്തിയെന്നാണ് ചരിത്രപരമായ വിലയിരുത്തൽ. 19 -ാം നൂറ്റാണ്ടിന്റെ അവസാനത്തിലാവണം ഇത് സംഭവിച്ചിട്ടുണ്ടാവുക. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം രണ്ട് സമയങ്ങളിലായാണ് വലിയ തോതിൽ ഹസാര വംശജർ പാകിസ്താനിലെത്തിയത്. 1979 ലെ സോവിയറ്റ് ഇടപെടലിനെ തുടർന്നായിരുന്നു ആദ്യ ഘട്ടം. പിന്നീട് അഫ്ഗാനിസ്താൻ താലിബാന്റെ നിയന്ത്രണത്തിലായപ്പോഴാണ് രണ്ടാം ഘട്ട പലായനം തുടങ്ങിയത്. യാഥാസ്ഥിതിക ഭരണകൂടം ഹസാര വംശജരെ ലക്ഷ്യമിട്ടപ്പോൾ അവർക്ക് അയൽ പ്രദേശമായ ക്വറ്റയിലേക്ക് പലായനം ചെയ്യുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. എന്നാൽ വംശീയ കലാപം ക്വറ്റയിലും രൂക്ഷമായതോടെ അവർക്ക് കറാച്ചി, പരാചനാർ, സംഘാർ, നവാബ് ഷാ. ഹൈദരബാദ്, ഇസ്​ലാമാബാദ് എന്നിവിടങ്ങൾക്ക് പുറമെ പഞ്ചാബിലേക്കും ഗിൽജിത് ബാൽറ്റിസ്താനിലേക്കും പലായനം ചെയ്യേണ്ടി വന്നു. പാകിസ്താൻ മനുഷ്യാവകാശ കമീഷൻ 2018 ലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: "ഗറ്റോവൽക്കരിക്കപ്പെട്ട അവസ്ഥയിലായ ഹസാര വംശജരുടെ സഞ്ചാര സ്വാതന്ത്ര്യം ഫലത്തിൽ വലിയ തോതിൽ നിയന്ത്രിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ പലരും നിയമവിരുദ്ധമായി പോലും വിദേശത്തേക്ക് കുടിയേറുകയും ചെയ്തു'. ആ വിഭാഗത്തിൽപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: "പലരും വല്ലാത്ത അവസ്ഥയിലാണ്. പല വീടുകളിലും പുരുഷന്മാരില്ല. അവർ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ ക്വറ്റയിൽ തന്നെ തുടരുകയോ ചെയ്യുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യം നൽകുകയും അതുപോലെ ബാലവേലയെ മോശമായി കാണുകയും ചെയ്ത ഒരു വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇപ്പോൾ സ്‌കൂൾ പഠനം ഉപേക്ഷിച്ച് ഹോട്ടലുകളിൽ ജോലിക്കോ മരുന്നു കടകളിലോ ചെരിപ്പു കടകളിലോ ജോലിക്ക് പോയി തങ്ങളുടെ കുടുംബത്തെ പോറ്റേണ്ട അവസ്ഥയാണ്'. (NCHRP 2019: 109-113).

അഫ്ഗാനിസ്ഥാനിലെ ഡായ്കുണ്ടി പ്രവിശ്യയിലെ ഹസാര വംശജർ

സുരക്ഷ ഭീതി വർധിച്ച കാലത്ത് ഹസാര വംശജർ യാത്ര ചെയ്യുമ്പോഴും മറ്റ് വിഭാഗത്തിൽപ്പെട്ടവരുമായി ഇടപഴകുമ്പോഴും തങ്ങളുടെ സ്വത്വം മറച്ചുവെയ്ക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നാണ് പാകിസ്താൻ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട് പറയുന്നത്. പുറത്തിറങ്ങുമ്പോൾ തല മറച്ച് സ്വത്വം മറച്ചുവെയ്‌ക്കേണ്ട അവസ്ഥയാണെന്നാണ് ഹസാര വംശജർ വിശദീകരിക്കുന്നത്. (NHRCP 2018: 10). തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായുളള അഭിവൃദ്ധിയാണ് വംശീയ വേട്ടയാടലിന് പിന്നിലെന്ന് കരുതുന്ന ഹസാര വിഭാഗത്തിൽപ്പെട്ടവർ ഏറെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹസാര വംശജർ ബലൂചിസ്താനിൽ കടകളും മാളുകളും കെട്ടിടങ്ങളും നിർമിക്കുകയും തദ്ദേശീയരായ മറ്റ് വിഭാഗക്കാരെ അപേക്ഷിച്ച് സാമ്പത്തിക- വിദ്യാഭ്യാസ - കായിക രംഗങ്ങളിൽ അഭിവൃദ്ധിപ്പെടുകയും ചെയ്തതോടെയാണ് സംഘർഷങ്ങളും വംശീയാക്രമണങ്ങളും തുടങ്ങിയതെന്നും അവർ പറയുന്നു. ആക്രമണങ്ങളിലും കൊലപാതകങ്ങളിലും സ്ഥല മാഫിയകളും ഇടപ്പെട്ടിരുന്നതായി അവർ പറയുന്നു.

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പെഷവാറിൽ ഒരു പാർട്ടി സമ്മേളനവേദിയിൽ

ഇതോടെ അവർ ബിസിനസും കണ്ണായ ഭൂമിയും ഉപേക്ഷിച്ച് ക്വറ്റ വിട്ട് മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിക്കപ്പെടുകയാണ്. മറ്റ് ഘടകങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഷിയ വിഭാഗവുമായി ചേർന്നതാണ് ഹസാര വംശജർക്കെതിരായ ആക്രമണണങ്ങളുടെ കാരണമെന്ന നിലപാടിലാണ് പാകിസ്താൻ മനുഷ്യാവകാശ കമീഷൻ എത്തിയത്. ഹസാര വംശജരെ ഇറാൻ ഏജന്റുമാരായി ചിത്രികരിച്ച് അപകീർത്തിപ്പെടുത്താനുള്ള പ്രവണതകളെക്കുറിച്ച് ഹ്യുമൻ റൈറ്റ്‌സ് വാച്ചും വിശദീകരിക്കുന്നുണ്ട്. (HRW 2014)

ഹസാര വംശജർക്കെരിയ വംശീയാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ലഷ്‌കർ ഇ ജാങ്‌വിയ്ക്ക് പാകിസ്താനിലെ രഹസ്യാന്വേഷണ-സുരക്ഷ വിഭാഗവുമായി തന്ത്രപരമായ ബന്ധം നിലനിർത്തിയിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. തീവ്രവാദ സംഘടനകളുമായും അഫ്ഗാനിസ്താനിലെ താലിബാനുമായും ബന്ധം സ്ഥാപിച്ചതിനുപുറമെ കശ്മീരിലെ ജിഹാദി ഗ്രൂപ്പുകളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്. 1998 ൽ മസർ ഇ ശെരീഫിൽ നൂറുകണക്കിന് ഹസാര വംശജരുടെ ജീവനെടുത്ത ആക്രമണം അഴിച്ചുവിടുന്നതിന് താലിബാന് ലഷ്‌കർ ഇ ജാങ്‌വിന്റെ പിന്തുണയുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് ലഷ്‌കർ ഇ ജാങ്‌വി, തെഹ്‌റിക്ക് ഇ താലിബാൻ പാകിസ്താന്റെ ഭാഗമായി. പിന്നീടാണ് പാകിസ്താന്റ സുരക്ഷ സംവിധാനങ്ങൾക്കു നേരെയും പൗരന്മാർക്കെതിരെയും ആക്രമണം നടത്തിയത്. ഇതോടെ ഔദ്യോഗിക സംവിധാനവുമായി നേരത്തെയുണ്ടായിരുന്ന ബന്ധം തകരാറിലായി.

സിയാ ഉൾ ഹഖ്

ഇപ്പോൾ സൈനിക സംവിധാനം, ഇവരുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്ന കാര്യം നിഷേധിക്കുമ്പോഴും ജിഹാദി സംഘങ്ങൾ ബലുചിസ്താനിലും പഞ്ചാബിലും അഴിഞ്ഞാടുകയാണ്. ഹസാര വിഭാഗത്തിൽപ്പെട്ടവർക്കെതിരായ ആക്രമണവും വംശഹത്യയും തടയുന്നതിലും അക്രമികളെ ശിക്ഷിക്കുന്നതിലും പാക്‌സിതാൻ സർക്കാർ പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും അധികൃതർക്കെതിരെ നിലനിൽക്കുന്നു. ലഷ്‌കർ ഇ ജാങ്‌വിയുടെ ശിക്ഷിക്കപ്പെട്ട പ്രധാന നേതാക്കൾ തടവിലടക്കപ്പെട്ടശേഷം ദുരൂഹ സാഹചര്യങ്ങളിൽ രക്ഷപ്പെട്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. 2002 ൽ സൈനിക ഭരണാധികാരി പർവേസ് മുഷാറഫ് ലശ്കറിനെ നിരോധിച്ചുവെങ്കിലും പാകിസ്താനിൽ വംശീയ കലാപങ്ങളും വിദ്വേഷ പ്രചാരണങ്ങളും സൃഷ്ടിക്കുന്നതിനുള്ള അതിന്റെ ശേഷിയെ അതില്ലാതാക്കിയിട്ടില്ല.

സിയാ ഉൾ ഹഖിന്റെ കാലത്ത് (1977-1988) ഭരണത്തിന് സ്വീകാര്യത ലഭിക്കാൻ നടപ്പിലാക്കിയ ഇസ്‌ലാമികവൽക്കരണമാണ് പാകിസ്താനിൽ സുന്നി ജിഹാദി തിവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കിയത്. 1979 ലെ ഇറാൻ വിപ്ലവത്തിനുശേഷം മറ്റ് സുന്നി രാജ്യങ്ങളെ പോലെ പാകിസ്താനും ഷിയ വിഭാഗത്തിന്റെ വളർച്ചയിൽ ആശങ്കപ്പെട്ടു. ഇതിനെ നേരിടാൻ ജനറൽ സിയാ ഉൾ ഹഖ് സൗദി അറേബ്യയുമായും സമാനമായ രാജ്യങ്ങളുമായും തന്ത്രപരമായ ബന്ധമുണ്ടാക്കി. ഇത് വഹാബിസത്തിന്റെ വളർച്ചയ്ക്ക് കാരണമായി. പിന്നീട് 1990 ൽ താലിബാൻ ശക്തിപ്പെടുകയും വഹാബിസം ശക്തമായി അവർ നടപ്പിലാക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ നീണ്ടുനിന്ന യുദ്ധവും സുന്നി ജിഹാദി ശക്തികളെ സംരക്ഷിക്കുന്ന പാകിസ്താന്റെ സമീപനവും മേഖലയിൽ അവയുടെ സ്വാധീനം ശക്തമാക്കി. സിപാ ഇ ശഹാബയും അതിൽനിന്ന് വിഘടിച്ച ലഷ്‌കർ ഇ ജാങ്‌വിയും പാകിസ്താനെ ഒരു സുന്നി രാജ്യമാക്കാനാണ്​ ശ്രമിച്ചുകൊണ്ടിരുന്നത്. 2002 ൽ സിപ ഇ ശഹാബിനെ (Sipah e Sahaba) നിരോധിച്ചപ്പോൾ അത് അൽ ഇ സുന്നത് വാൽ ജമാ അത്ത് (Al-e Sunnat Wal Jama'at -ASWJ) എന്ന പേരിൽ അവതരിച്ചു. അങ്ങനെ ലഷ്‌കർ ഇ ജാങ്‌വിയും തെഹ്‌റിക്ക് താലിബാൻ പാകിസ്താനും ഹസാരകൾക്കും ഷിയാകൾക്കും എതിരായ ആക്രമണം വ്യാപകമാക്കി.

ഹസാര കൂട്ടക്കൊലക്കെതിരായ പ്രതിഷേധം

വംശീയ കലാപങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വിദേശ ശക്തികളെ രാഷ്ട്രീയ നേതൃത്വം കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും വംശീയ മത ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സമീപനത്തിൽനിന്ന് ഇംമ്രാൻ ഭരണകൂടവും വ്യത്യസ്തമല്ലെന്ന കാര്യം ഹസാര വംശജർ മനസ്സിലാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാകിസ്താൻ മനുഷ്യാവകാശ കമീഷന്റെ കണ്ടെത്തലുകൾ സുപ്രധാനമാകുന്നത്. ക്രിമിനിൽ നടപടി സംവിധാനത്തിൽ അടിമുടി മാറ്റം വരുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അതിലൂടെ മാത്രമെ ഹസാര വംശജർക്കെതിരെ ആക്രമണം അഴിച്ചുവിടുന്നവരെ പഴുതുകളടച്ച് ശിക്ഷിക്കാൻ കഴിയുകയുള്ളൂവെന്നുമുള്ള ശക്തമായ ശുപാർശയാണ് 2018ൽ കമ്മീഷൻ മുന്നോട്ട് വെച്ചത്. ഹസാര വംശജരുടെ കൊലപാതകം, അഭയാർത്ഥികൾക്കായുളള ഐക്യരാഷ്ട്ര സഭ ഹൈക്കമീഷണർ (UNHCR) വംശീയ ഉന്മൂലനത്തിന് നൽകിയ നിർവചനത്തിന്റെ പരിധിയിൽ വരുമെന്നും അതുകൊണ്ട് സർക്കാർ അതിനനുസരിച്ച ഗൗരവത്തോടെ കാണണമെന്നും കമീഷൻ ശുപാർശ ചെയ്തു.

മധ്യ അഫ്ഗാനിസ്ഥാനിലെ ബാമിയാനിലുള്ള സ്‌കൂളിലെ ഹസാര വിദ്യാർഥികൾ

മതഭീകരത തടയുന്നതിന് വ്യക്തമായ പദ്ധതിയാണ് ആവശ്യമെന്നും അല്ലാതെ പ്രശ്നങ്ങൾ വരുമ്പോൾ നേരിടുകയെന്ന സമീപനമല്ലെന്നും എൻ.സി.എച്ച്.ആർ.പി വ്യക്തമാക്കി. വിദ്വേഷ പ്രചാരണത്തിനും സങ്കുചിത വാദത്തിനും സമുദായങ്ങൾക്കും വ്യക്തികൾക്കുമെതിരായ ആക്രമണങ്ങൾക്കുമെതിരെ നിലനിൽക്കുന്ന നിയമങ്ങൾ ശക്തമായി നടപ്പിലാക്കി മതതീവ്രവാദം നിയന്ത്രിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും വേണമെന്ന് എൻ.സി.എച്ച്.ആർ.പി ശുപാർശ ചെയ്തു.

എന്നാൽ പാകിസ്താനിൽ അധികാരം കൈയാളുന്നവർ ദേശീയമായ ഒരു കർമ പദ്ധതിയ്ക്ക് ഈ കണ്ടെത്തലുകളെ ആധാരമാക്കുന്നതിന് പകരം രാഷ്ട്രീയവും തന്ത്രപരവുമായ മുതലെടുപ്പിന്, രാജ്യത്തികത്തെ എല്ലാ ആക്രമണങ്ങൾക്ക് പിന്നിലും വിദേശ ശക്തികളാണെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.▮


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments