യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും

ബൈഡൻ നയതന്ത്രം

ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതോടെ, "ഉദാരമായ സാർവദേശീയ' വിദേശ നയമായിരിക്കും വാഷിംങ്ടണിൽ നിന്നുണ്ടാവുക എന്ന പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ നിരന്തരമായ പുനഃപരിശോധനകളിലൂടെയല്ലാതെ ഇത് സാധ്യമാകില്ലെന്ന കാര്യം വൈറ്റ് ഹൗസിലെ പുതിയ ടീമിന് സ്ഥാനമേറ്റെടുത്ത ആദ്യ ദിവസം തന്നെ മനസ്സിലായിട്ടുണ്ട്. ശുഷ്‌കമായ ബൗദ്ധിക നിലവാരവും അന്താരാഷ്ട്ര ധാർമികതയും ആയിരുന്നു ഡൊണാൾഡ് ട്രംപിനുണ്ടായിരുന്നതെന്ന കാര്യത്തിൽ അവർക്കാർക്കും തർക്കം ഉണ്ടായിരുന്നില്ല. പ്രസിഡന്റ് പദവിയ്ക്ക് യോഗ്യനല്ലാത്ത വ്യക്തിയായ ട്രംപ് ദേശീയ അന്താരാഷ്ട്ര രംഗത്ത് സ്വീകരിച്ചത് അങ്ങേയറ്റം അസംബന്ധങ്ങളായ തീരുമാനങ്ങളായിരുന്നുവെന്നും അവർ കരുതുന്നു.

ഡാൻ ഫൈഫർ

അതുകൊണ്ട് തന്നെ ട്രംപിയൻ നയങ്ങളെ മാറ്റിയെടുക്കുമ്പോൾ "ഉദാര അന്താരാഷ്ട്ര ക്രമം' പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന ഗുണം കൂടിയുണ്ട്. "അൺട്രംപിങ് അമേരിക്ക: പ്ലാൻ ടു മേക്ക് അമേരിക്ക എ ഡെമോക്രസി എഗെൻ ' എന്ന പുസ്തകത്തിന്റെ രചയിതാവും അമേരിക്കൻ രാഷ്ട്രീയത്തിന്റെ സൂക്ഷ്മ നിരീക്ഷകനുമായ ഡാൻ ഫൈഫർ (അദ്ദേഹം പ്രസിഡന്റ് ഒബാമയുടെ ഉപദേശകനുമായിരുന്നു) പറയുന്നത് ഇങ്ങനെയാണ്: ചിലർക്ക് പ്രതികൂലമാകുന്നതോ അല്ലെങ്കിൽ പലരെയും അസ്വസ്ഥരാക്കുകയോ ചെയ്യുന്ന തീരുമാനങ്ങൾ ട്രംപ് സ്വീകരിച്ചപ്പോൾ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. ട്രംപ് സ്വീകരിച്ച നയങ്ങളുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതും തെറ്റായ കാര്യങ്ങൾ തിരുത്തുന്നതിനുമുള്ള ആക്ടിവിസമായി ആ സമീപനങ്ങൾക്കെതിരായ രോഷത്തെ പരിവർത്തിപ്പിക്കാൻ കഴിയുമായിരുന്നു.

"ജനപ്രിയതയുടെ വേഷത്തിൽ അവതരിപ്പിക്കപ്പെട്ട ധനിക ഭരണ സംവിധാന'മായാണ് അദ്ദേഹം ട്രംപിസത്തെ വിശേഷിപ്പിക്കുന്നത്. "കഴിഞ്ഞ നാല് വർഷമായി ലോകത്തെമ്പാടുമുള്ള പുരോഗമന ശക്തികളുടെ പ്രധാന പരിശ്രമം ട്രംപിനെ പരാജയപ്പെടുത്തുകയെന്നതായിരുന്നു' ട്രംപ് വൈറ്റ് ഹൗസ് വിടുന്നതിന് രണ്ട് ദിവസം മുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു.

ആദ്യ ദിവസം തന്നെ ട്രംപ് ഭരണകൂടത്തിന്റെ നിരവധി തീരുമാനങ്ങൾ തിരുത്തി കൊണ്ടുള്ള ഉത്തരവുകൾ പ്രസിഡന്റ് ബൈഡൻ പുറപ്പെടുവിച്ചു. അതിൽ കാലവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുടെ ഭാഗമാകുന്നതും മുതൽ കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട വിവാദ മതിൽ നിർമ്മാണം നിർത്തിവെയ്ക്കാനുള്ള ഉത്തരവും ഉൾപ്പെട്ടിരുന്നു

ഐക്യരാഷ്ട്ര സഭയിൽ അമേരിക്കൻ താൽപര്യങ്ങൾക്ക് വേണ്ടി നിലകൊണ്ടും ഒരു പ്രയോജനവുമില്ലാത്ത ഏകപക്ഷീയ കരാറുകളിൽനിന്ന് പിന്മാറിയും അമേരിക്കയുടെ പരാമാധികാരം വീണ്ടെടുത്തുവെന്നാണ് ജനുവരി 20 -ാം തീയതി ട്രംപ് തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ അത് കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ തന്നെ ജോ ബൈഡൻ തന്റെ മുൻഗാമിയെടുത്ത അംസബന്ധങ്ങളായ തീരുമാനങ്ങൾ തിരുത്താൻ ആരംഭിക്കുകയും ചെയ്തു.
ആദ്യ ദിവസം തന്നെ ട്രംപ് ഭരണകൂടത്തിന്റെ നിരവധി തീരുമാനങ്ങൾ തിരുത്തി കൊണ്ടുള്ള ഉത്തരവുകൾ പ്രസിഡന്റ് ബൈഡൻ പുറപ്പെടുവിച്ചു. അതിൽ കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടിയിൽ തിരികെ പ്രവേശിക്കുന്നതും ലോകാരോഗ്യ സംഘടനയുടെ ഭാഗമാകുന്നതും മുതൽ കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദ മതിൽ നിർമ്മാണം നിർത്തിവെയ്ക്കാനുള്ള ഉത്തരവും ഉൾപ്പെട്ടിരുന്നു.

2017ൽ വാഷിങ്ടൺ ഡി.സിയിൽ നടന്ന പീപ്പിൾസ് ക്ലൈമറ്റ് മാർച്ചിൽ നിന്ന്. എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസിയ്ക്കുള്ള ബജറ്റ് വിഹിതം ട്രംപ് ഭരണകൂടം വെട്ടിച്ചുരുക്കിയിരുന്നു. പരിസ്ഥിതി സംരക്ഷണ പദ്ധതികളിൽ നിന്നും മാറിനിൽക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം

പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയേയും പ്രത്യക്ഷത്തിൽ ബാധിക്കുന്ന തീരുമാനങ്ങൾ തിരുത്തുമെന്നായിരുന്നു ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത്. ട്രംപിന്റെ തല തിരിഞ്ഞ നയം തിരുത്തി 2015 ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിയിൽ തിരികെ പ്രവേശിക്കുമെന്നും അദ്ദേഹം അന്ന് ആവർത്തിച്ചു. ആഗോള താപനം കുറയ്ക്കാനും ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കുകയുമാണ് പാരിസ് ഉടമ്പടി ലക്ഷ്യമിടുന്നത്. ബറാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോൾ കരാറിൽ ഒപ്പുവെച്ച 194 രാജ്യങ്ങളിൽ അമേരിക്കയുമുണ്ടായിരുന്നു. പരമാധികാരം ഉയർത്തിപ്പിടിക്കുന്നുവെന്ന് പറഞ്ഞ് ട്രംപ് രണ്ട് വർഷത്തിന് ശേഷം കരാറിൽനിന്ന് പിൻവാങ്ങുകയായിരുന്നു. അമേരിക്കൻ ബിസിനസ് താൽപര്യങ്ങളുടെ മേൽ സാമ്പത്തികവും മറ്റുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കരാർ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയവ വൃത്തികെട്ട രാജ്യങ്ങളാണെന്നും അദ്ദേഹം അപഹസിച്ചു. കരാറ് കൊണ്ടു ഗുണം കിട്ടുന്ന രാജ്യങ്ങൾക്ക് വേണ്ടി അമേരിക്ക ത്യാഗം ചെയ്യുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കരാറിന്റെ ഭാഗമാകാൻ തീരുമാനിച്ച വിവരം യു.എൻ സെക്രട്ടറി ജനറലിനെ അറിയിച്ചതോടെ ഫെബ്രുവരി 19 മുതൽ അമേരിക്ക ഈ കരാറിന്റെ ഭാഗമായി മാറും. കരാറിന്റെ 21(3) വ്യവസ്ഥ പ്രകാരമാണ് ഇത്. കാർബൺ ബഹിർഗമനത്തിന്റെ പകുതിയ്ക്കും കാരണമാകുന്ന രാജ്യങ്ങൾ അത് പൂർണമായും ഇല്ലാതാക്കും എന്ന ഉറപ്പാണ് 2020 ഡിസംബറിലെ ഉച്ചകോടിയിൽ നൽകിയത്.

പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷം പുറപ്പെടുവിച്ച ഉത്തരവുകൾ ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പരിഗണന ആരോഗ്യ സുരക്ഷിതത്വമാണെന്ന കാര്യം ഉറപ്പിക്കുന്നു

അമേരിക്ക കരാറിന്റെ ഭാഗമായതിന് ശേഷം യു.എൻ സെക്രട്ടറി ജനറൽ ഇങ്ങനെ പറഞ്ഞു. "കാലാവസ്ഥ പ്രശ്‌നം തീവ്രമാകുകയാണ്. താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസ് ആയി പരിമിതപ്പെടുത്തി ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് സഹായകരമായ രീതിയിലുള്ള സമൂഹങ്ങൾ കൂടുതലായി ഉണ്ടാകണം ' പാരിസ്ഥിതിക സംരക്ഷണം മനുഷ്യ ആരോഗ്യ സുരക്ഷിതത്വത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് ഉദാര സാർവദേശീയവാദികൾ ഉൾപ്പെടുന്ന ജോ ബൈഡന്റ ടീമിന് അറിയാം. ഇതിനായി നടത്തുന്ന നിരന്തര ആഗോള ശ്രമത്തിലൂടെ മാത്രമേ ലോകത്ത് സമാധാനവും വികസനവും ഉണ്ടാവൂവെന്നും അവർ കരുതുന്നു.

പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷം പുറപ്പെടുവിച്ച ഉത്തരവുകൾ ബൈഡൻ ഭരണകൂടത്തിന്റെ ആദ്യ പരിഗണന ആരോഗ്യ സുരക്ഷിതത്വമാണെന്ന കാര്യം ഉറപ്പിക്കുന്നു. മാസ്‌ക്കും ശാരീരിക അകലവും നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവുകൾ ഇതാണ് കാണിക്കുന്നത്. പ്രതിരോധ മരുന്ന് വിതരണവും പരിശോധനയും വ്യാപകമാക്കാൻ വൈറ്റ് ഹൗസ് സമഗ്രമായ കോവിഡ് വിരുദ്ധ തന്ത്രങ്ങളാണ് പ്രഖ്യാപിച്ചത്. 1.9 ട്രില്ല്യൺ ഡോളറിന്റെ രക്ഷാപദ്ധതി കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചത്. ഇതിനകം 4.20 ലക്ഷം ജനങ്ങൾക്കാണ് അമേരിക്കയിൽ കോവിഡ് മൂലം ജീവഹാനിയുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് -രണ്ടര കോടി ആളുകൾക്ക് - വൈറസ് ബാധ ഉണ്ടായതും അമേരിക്കയിൽ തന്നെ.

കോവിഡ് വാക്‌സിൻ എടുക്കുന്ന ജോ ബൈഡൻ. അമേരിക്ക നേരിട്ട അതിരൂക്ഷമായ ആരോഗ്യപ്രതിസന്ധി ട്രംപ് കൈകാര്യം ചെയ്ത രീതിയെ ശക്തമായി വിമർശിച്ചിരുന്ന ബൈഡൻ അധികാരത്തിലെത്തിയതിനു പിന്നാലെ കോവിഡ് പ്രതിരോധത്തിനുള്ള നടപടികൾ കൈക്കൊണ്ടിരുന്നു./ Photo: Facebook

ട്രംപ് അടച്ചുപൂട്ടിയ വൈറ്റ് ഹൗസിലെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ പുനഃസ്ഥാപിക്കുകയും കോവിഡ് 19 കാരണം സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്കുള്ള നടപടികളും ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ ഉത്തരവുകൾ. 100 വർഷത്തിനിടെ ഉണ്ടായ ഏറ്റവും രൂക്ഷമായ ആരോഗ്യ പ്രതിസന്ധി കൈകാര്യം ചെയ്ത ട്രംപിന്റെ രീതിയെ ബൈഡൻ വിമർശിച്ചിരുന്നുവെന്നതും ഓർക്കണം.

ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങാനുളള നടപടി ബൈഡൻ തിരുത്തി. വലിയ മാറ്റങ്ങൾ വരുത്താൻ തയ്യാറായില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന ധനസഹായം നിർത്തുമെന്ന് ട്രംപ് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് 19 നേരിട്ട രീതിയേയും ബെയ്ജിങിനോടുള്ള ലോകാരോഗ്യ സംഘടനയുടെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി കോവിഡ് 19 നെ പ്രഖ്യാപിക്കുന്നത് വളരെ അധികം വൈകി എന്ന ആരോപണവും അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ തലവനെതിരെ ഉന്നയിച്ചിരുന്നു.

ബൈഡൻ പുറപ്പെടുവിച്ച 17 ഉത്തരവുകളിലും നിർദ്ദേശങ്ങളിലും ആറെണ്ണം കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്

കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും തെരഞ്ഞടുപ്പു കാലം മുതൽ തന്നെ ബൈഡൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. കുടിയേറ്റ സൗഹൃദ രാജ്യമെന്ന നിലയിലുള്ള അമേരിക്കയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബൈഡൻ പുറപ്പെടുവിച്ച 17 ഉത്തരവുകളിലും നിർദ്ദേശങ്ങളിലും ആറെണ്ണം കുടിയേറ്റവുമായി ബന്ധപ്പെട്ടതാണ്. കുട്ടികളായപ്പോൾ അമേരിക്കയിൽ എത്തിയവരെ സംരക്ഷിക്കുന്ന "ഡഫേഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ്' പദ്ധതി തുടരാനും അദ്ദേഹം നിർദ്ദേശം നൽകി. പതിനായിരക്കണക്കിന് ആളുകൾക്കാണ് 2012 ൽ തുടങ്ങിയ ഈ പദ്ധതി പ്രകാരം സംരക്ഷണം നൽകപ്പെട്ടത്.

ആഭ്യന്തര യുദ്ധവും എബോളയും കാരണം അമേരിക്കയിൽ എത്തിയ ലൈബീരിയൻ വംശജർക്കുളള താൽക്കാലിക നിയമ സംരക്ഷണത്തിന്റെ കാലാവധി അദ്ദേഹം നീട്ടുകയും ചെയ്തു. രക്ഷതേടി വരുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് മെക്‌സിൻ മതിലിന്റെ പണി നിർത്തിവെയ്ക്കാൻ ഉത്തരവിട്ടതിലൂടെ ബൈഡൻ വ്യക്തമാക്കിയത്. ഇതോടെ തെക്കൻ അതിർത്തിയിലൂടെ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരോട് "മെക്‌സിക്കോയിൽ തുടരുക' എന്ന ട്രംപിന്റെ വിവാദമായ പദ്ധതിയ്ക്കാണ് അവസാനമായത്.

യു.എസ് - മെക്‌സികോ അതിർത്തി. ഇടതുഭാഗത്തുള്ളത് കാലിഫോർണിയയിലെ സാൻ ഡിയേഗൊ. വലതുഭാഗത്തുള്ളത് മെക്‌സികോയിലെ ടിഹ്വാന

മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നും മറ്റ് ചില രാജ്യങ്ങളിൽനിന്നുമുള്ള യാത്ര നിയന്ത്രണം നീക്കിയത് പലർക്കും ആശ്വാസമായിരുന്നു. ട്രംപ് ഭരണത്തിന്റെ ആദ്യ ആഴ്ചയിലാണ് ഏഴ് മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രികർക്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇറാൻ, ഇറാഖ്, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളായിരുന്നു അവ. പിന്നീട് നൈജീരിയ മ്യാൻമർ, എറിട്രിയ കിർഗിസ്താൻ, താൻസാനിയ, വടക്കൻ കൊറിയ, വെനിസ്വേലയിലെ ചില ഉദ്യോഗസ്ഥർ, അവരുടെ ബന്ധുക്കൾ എന്നിവർക്കും നിയന്ത്രണം ഏർപ്പെടുത്തി. ആ തീരുമാനത്തോടുളള പ്രസിഡന്റ് ബൈഡന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "ഈ തീരുമാനം ദേശീയ മനഃസാക്ഷിക്കേറ്റ കളങ്കവും ഏത് തരത്തിലുള്ള വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും സ്വീകരിക്കുകയെന്ന രാജ്യത്തിന്റെ ദീർഘകാല ചരിത്രവുമായി പൊരുത്തപ്പെടാത്തതുമാണ്' ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസ നൽകാനുളള പ്രക്രിയ തുടങ്ങാനാണ് പുതിയ ഉത്തരവ് വിദേശകാര്യ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിന് പുറമെ വിസ നിഷേധിക്കപ്പെട്ടരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കാനും ഉത്തരവ് നിർദ്ദേശിക്കുന്നു.

വ്യവസ്ഥാപിതമായ രീതിയിൽ വംശീയത ഉണ്ടാക്കുന്ന നയങ്ങൾ പുനഃപരിശോധിക്കാനും വംശ സമത്വത്തിനുള്ള നടപടികൾക്ക് മുൻഗണന നൽകാനും പുതിയ ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകുന്നു. സെൻസസിൽനിന്ന് പൗരന്മാരല്ലാത്തവരെ ഒഴിവാക്കിയ ട്രംപിന്റെ ഉത്തരവ് ബൈഡൻ റദ്ദാക്കി. നീതിന്യായ വകുപ്പിന്റെ സ്വതന്ത്ര അസ്ഥിത്വം ഉറപ്പുവരുത്തുമെന്ന് പ്രതിജ്ഞ എടുക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന തൊഴിലിടങ്ങളിൽനിന്നുള്ള വിവേചനം അവസാനിപ്പിക്കണമെന്ന യു.എസ് സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും ബൈഡൻ നിർദ്ദേശം നൽകി.

കസ്റ്റഡിയിലെടുത്ത കുടിയേറ്റക്കാരെ കുത്തിനിറച്ച ടെക്‌സസിലെ വെസ്‌ലകോയിലെ ക്യാമ്പ്. 2019 ജൂണിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ഓഫീസ് ഓഫ് ദ ഇൻസ്‌പെക്ടർ ജനറൽ കണ്ടെത്തിയത്.

മുൻ ഭരണകൂടം സൃഷ്ടിച്ച നിരവധി പ്രശ്‌നങ്ങൾ പ്രസിഡന്റ് ബൈഡൻ പരിഹരിച്ചെങ്കിലും കൊറോണ വൈറസ് എന്ന മഹാമാരി സൃഷ്ടിച്ച നിരവധി സാമ്പത്തിക പ്രശ്‌നങ്ങൾ പുതിയ ഭരണകൂടം നേരിടുന്നുണ്ട്. ദശലക്ഷ കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാവുകയും നിരവധി ചെറുകിട ബിസിനസ് സംരംഭങ്ങൾ തകരുകയും ചെയ്‌തെങ്കിലും വൻകിട മുതലാളിമാരായ ഒളിഗാർക്കുകളുടെ സമ്പത്ത് വലിയ തോതിൽ ഉയരുകയാണ് ചെയ്തത്. ഫെഡറൽ റിസർവിൽനിന്നും ആഗോള കേന്ദ്ര ബാങ്കുകളിൽനിന്നും പണം യാതൊരു തടസ്സവും കൂടാതെ പ്രവഹിച്ചതാണ് ഇതിന് കാരണം. ഇത് കടം വലിയ തോതിൽ കുമിഞ്ഞുകൂടാൻ ഇടയാക്കി.

നിർണായകമായ ആഗോള സാമ്പത്തിക സാഹചര്യത്തിലാണ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്തത്. തൊഴിൽ നഷ്ടവും വർധിക്കുന്ന ഡിജിറ്റൽ അസമത്വവും സാമൂഹ്യ വിനിമയങ്ങളിലുണ്ടായ തകരാറുകളും വിപണയിൽ പെട്ടെന്നുണ്ടായ മാറ്റങ്ങളും ലോകത്തിലെ വലിയ വിഭാഗം ജനങ്ങളെ സംബന്ധിച്ച് അവസര നഷ്ടങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കും കാരണമാകുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ 2021 ലെ ഗ്ലോബൽ റിസ്‌ക്‌സ് റിപ്പോർട്ട് പറയുന്നു. ലോക രാജ്യങ്ങളുമായുളള ഇടപെടലുകളിൽ ആഗോള സാമ്പത്തിക ശക്തിയെന്ന നിലയിൽ, സാമ്പത്തിക രംഗത്തെ വെല്ലുവിളി കാണാതിരിക്കാനോ അതുണ്ടാക്കുന്ന പരിമിതികളെക്കുറിച്ച് അറിയാതെ പോകാനോ അമേരിക്കയ്ക്ക് കഴിയില്ല. ഒരു വശത്ത് യൂറോപ്യൻ യൂണിയനുമായും, മറുവശത്ത് ചൈനയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമായും എങ്ങനെ ഫലപ്രദമായി ഇടപെടുന്നുവെന്നതിലാണ് പുതിയ ഭരണകൂടത്തിന്റെ വിജയം. അന്തരാഷ്ട്ര രംഗത്ത് സ്വയം സഹായമെന്ന മുൻ നിലപാടിൽനിന്ന് വ്യത്യസ്തമായി "ഉദാരവാദികളായ സാർവദേശിയ വാദികൾ' ഉൾപ്പെട്ട ബൈഡൻ ഭരണകൂടം നയതന്ത്രത്തിനും ആഗോള സഹകരണത്തിനും ക്രിയാത്മകമായ ഇടപെടലുകൾക്കും കൂടുതൽ പ്രാമുഖ്യം നൽകുമെന്നാണ് പ്രതീക്ഷ.▮


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments