സൈനിക നടപടിക്കെതിരെയുള്ള പ്രതിഷേധം മ്യാൻമറിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉയർത്തിപ്പിടിച്ച മൂന്നു വിരലുകൾ പ്രതിഷേധ മുദ്രയായി പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്

മ്യാൻമറിൽ തിരിച്ചെത്തുന്ന ഗാരിസൺ സ്റ്റേറ്റ്

രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ക്രമം പൂർണ്ണമായും സൈന്യത്തിന് ചുറ്റും വലയം വെക്കുന്ന, ഒരു സമ്പൂർണ്ണ ഗാരിസൺ സ്റ്റേറ്റിലേക്കുള്ള തിരിച്ചു പോക്കാണ് മ്യാൻമറിലെ സെെനിക അട്ടിമറി സൂചിപ്പിക്കുന്നതെന്ന് ലേഖകൻ

മ്യാൻമറിൽ പട്ടാള അട്ടിമറിയുടെ സാധ്യതയെക്കുറിച്ച് നിലനിന്നിരുന്ന ഭയാശങ്കകൾ ഫെബ്രുവരി ഒന്ന് പുലർച്ചെ യാഥാർഥ്യമാവുകയായിരുന്നു. മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചി, പ്രസിഡന്റ് വിൻ മിന്റ് തുടങ്ങി, സർക്കാരിലെ പ്രധാനികളെ തടങ്കലിൽ വെച്ചും, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുമാണ് രാജ്യത്തെ അതിശക്തരായ സൈന്യം ഇത് സാധ്യമാക്കിയത്. കാലാകാലങ്ങളായി ഒരു ഗാരിസൺ സ്റ്റേറ്റിന്റെ (അക്രമത്തിൽ വൈദഗ്ധ്യമുള്ള ആൾ (സൈനികൻ) നേതൃ പദവിയിലിരിക്കുന്ന, രാജ്യത്തെ സാമൂഹിക സാമ്പത്തിക ക്രമം സൈന്യത്തിന് ചുറ്റും വലയം വെക്കുന്ന ഭരണക്രമം. 1941ൽ ഹാരോൾഡ് ലാസ്‌വെൽ മുന്നോട്ടു വച്ച വികസന നിർമ്മിതിയാണിത്) മൂല്യങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നിലനിന്ന മ്യാൻമറിൽ, സർവ്വസൈന്യാധിപനായ മിൻ ഓങ് ഹ്ലെയ്ങിന്റെ നേതൃത്വത്തിലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.

ഫെബ്രുവരി 1-ന് ആരംഭിക്കുന്ന പുതിയ പാർലമെന്റ് സെഷന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് Tatmadaw (മ്യാൻമർ സായുധ സേനയുടെ ഔദ്യോഗിക നാമം) സർക്കാറിനെതിരെ ഈ നിർദ്ദയ നടപടി സ്വീകരിച്ചത്. നവംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൈന്യത്തിനും സർക്കാരിനുമിടയിൽ ഉയർന്നുവന്ന അസ്വാരസ്യങ്ങളുടെ പര്യവസാനമായി വേണം പുതിയ സംഭവവികാസങ്ങളെ നോക്കിക്കാണാൻ. ആകെ സീറ്റുകളുടെ 80 ശതമാനത്തിലധികം നേടി, സൂ ചിയുടെ നാഷണൽ ലീഗ് ഓഫ് ഡെമോക്രസി (NLD) ആണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കരുത്തു കാട്ടിയത്.

തെരഞ്ഞെടുപ്പിൽ സെെന്യത്തിനേറ്റ തിരിച്ചടി "ട്രംപിയൻ'' ശൈലിയിലുള്ള ആരോപണങ്ങളിലും, തദ്വാര ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിലുമാണ് കലാശിച്ചത്.

എന്നാൽ സൈന്യവും അതിന്റെ സിൽബന്ധികളും തെരഞ്ഞെടുപ്പു ഫലത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഫലം വന്നതിന് തൊട്ടു പിന്നാലെ, പട്ടാളത്തിന്റെ ""ജനാധിപത്യ പ്രതിനിധി'' പാർട്ടികളായ യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്‌മെന്റ് പാർട്ടി (USDP), ഡെമോക്രാറ്റിക് പാർട്ടി ഓഫ് നാഷണൽ പൊളിറ്റിക്‌സ് തുടങ്ങിയവ, തെരഞ്ഞെടുപ്പിൽ കൃത്രിമത്വവും ക്രമക്കേടും ആരോപിച്ച് രംഗത്തെത്തി. USDP യും സൈന്യവും സ്വാഭാവികമായും തെരഞ്ഞെടുപ്പിൽ വിജയം പ്രതീക്ഷിച്ചിരിക്കണം. എന്നാൽ പ്രതികൂല ഫലത്തിലെ നിരാശ, ""ട്രംപിയൻ'' ശൈലിയിലുള്ള ആരോപണങ്ങളിലും, തദ്വാര ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിലുമാണ് കലാശിച്ചത്.

ഓങ് സാൻ സൂ ചി, വിൻ മിന്റ് തുടങ്ങി, മ്യാൻമർ സർക്കാരിലെ പ്രധാനികൾ നിലവിൽ വീട്ടു തടങ്കലിലാണ്

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് USDP നൽകിയ റിട്ട് ഹർജി സ്വീകരിക്കുന്നതിനെ സംബന്ധിച്ച് രാജ്യത്തെ സുപ്രീം കോടതിയോ, തെരഞ്ഞെടുപ്പു കമ്മീഷനോ (UEC) ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന വസ്തുതയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. കൂടാതെ, കൃത്രിമത്വം നടന്നതിന് തങ്ങളുടെ പക്കൽ ഇതുവരെ തെളിവുകളൊന്നുമില്ലെന്നും UEC പറഞ്ഞിട്ടുണ്ട്.

അഞ്ചു ദശാബ്ദക്കാലത്തെ സൈനിക ഭരണത്തിനു ശേഷം മ്യാൻമറിൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പായിരുന്നു നവംബറിലേത്. 2015-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ചത് NLD ആയിരുന്നു.

നവംബറിൽ നടന്ന തെരഞ്ഞെടുപ്പ് റദ്ദു ചെയ്ത് രാജ്യത്ത് പുതിയ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നും, അതിലെ ""വിജയികൾ'' അധികാരത്തിലേറുമെന്നും അട്ടിമറിക്കു ശേഷം നടത്തിയ ടി.വി പ്രക്ഷേപണത്തിൽ സൈന്യം പറയുന്നു. മിന്റ് സ്വെ യെ ആക്ടിങ് പ്രസിഡന്റായി അവരോധിച്ച ശേഷമാണ് സൈന്യം മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക ജനറൽ ആയിരുന്ന സ്വെ, മ്യാൻമറിന്റെ ഉപരാഷ്ട്രപതി ആയിരുന്നു. എന്നാൽ അട്ടിമറിക്കു ശേഷം സ്വെ തന്റെ അധികാരങ്ങൾ സൈനിക മേധാവി മിൻ ഓങ് ഹ്ലെങ്ങിന് കൈമാറി. നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട NLD യുടെ നിയമസഭ സമാജികർ നിലവിൽ വീട്ടുതടങ്കലിലാണ്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലേയും, പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരെയും സൈന്യം തടങ്കലിൽ വെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളുമുണ്ട്.

സെെനിക മേധാവി മിൻ ഓങ് ഹ്ലെയ്ങിന്റെ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പട്ടാള അട്ടിമറിയിൽ കലാശിച്ചത്

നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് NLD പുറത്തിറക്കിയ പ്രസ്താവനയിൽ, പട്ടാള അട്ടിമറിയെ നഖശിഖാന്തം എതിർക്കാനും, അതിനെ അനിഷേധ്യമായി ചെറുക്കാനും സൂ ചി ആവശ്യപ്പെടുന്നുണ്ട്. കോവിഡ്-19 മഹാമാരി Tatmadaw -ന്റെ വിദൂര പരിഗണനയിൽ പോലും ഇല്ലെന്നും അവർ പറയുന്നു (Myanmar now, 2021).

ശക്തമായ ആഭ്യന്തര സമ്മർദ്ദം മൂലം 2008-ൽ സൈന്യം തയ്യാറാക്കിയ ഭരണഘടനയിലെ ആർട്ടിക്കിൾ 417 പ്രകാരമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ആർട്ടിക്കിൾ 417 അനുസരിച്ച്, കലാപത്തിലൂടെയും, അക്രമത്തിലൂടെയും, തെറ്റായ മറ്റു സമ്മർദ്ദ തന്ത്രങ്ങളിലൂടെയും രാജ്യത്തിന്റെ പരമാധികാരത്തിന് ഭംഗം വരുത്തി, പരമാധികാരത്തെ അസ്ഥിരപ്പെടുത്തുന്നതോ, ദേശീയ ഐക്യത്തെ വിഘടിപ്പിക്കുന്നതോ, രാജ്യത്തിന്റെ ഒരുമയെ ഇല്ലായ്മ ചെയ്യുന്നതോ ആയ സ്ഥിതി വിശേഷം ഉരുവപ്പെടുന്ന അടിയന്തര സാഹചര്യത്തിൽ നാഷണൽ ഡിഫൻസ് ആന്റ് സെക്യൂരിറ്റി കൗൺസിലിനോട് കൂടിയാലോചിച്ച ശേഷം പ്രസിഡന്റിന് ഒരു ഓർഡിനൻസ് പുറപ്പെടുവിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം (Myanmar, Ministry of Information, 2008).

ഭരണഘടനയിലെ ആർട്ടിക്കിൾ 418 പ്രകാരം അടിയന്തരാവസ്ഥയ്ക്കു ശേഷം രാജ്യത്തിന്റെ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടിവ്, ജുഡീഷ്യൽ അധികാരങ്ങളും സൈനിക മേധാവിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. വോട്ടർ പട്ടിക പരിശോധിച്ച് ക്രമക്കേടുകൾ പരിഹരിക്കുന്നതു വരെ തൽസ്ഥിതി തുടരും എന്നാണ് കേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. എന്നാൽ ഭരണഘടനയിൽ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സൈന്യത്തിന് ഭരണം കൈമാറാനുള്ള അധികാരം പ്രസിഡന്റിന് മാത്രമാണ്.

സെെന്യത്തിന് സവിശേഷാധികാരം പ്രദാനം ചെയ്യുന്ന തരത്തിൽ Tatmadaw തയ്യാറാക്കിയ ഭരണഘടന ഗാരിസൺ സ്റ്റേറ്റിന്റെ യുക്തിയെ ശരിവെക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല

രാജ്യത്തിന്റെ പരമാധികാരം ലഭിച്ച സൈനിക മേധാവിക്ക് നിയമനിർമാണ, ഭരണനിർവ്വഹണ, നീതിന്യായ അധികാരങ്ങൾ അഭ്യസിക്കാനുള്ള അവകാശമുണ്ടായിരിക്കും. നിയമനിർമ്മാണ അധികാരം സൈനിക മേധാവിക്ക് സ്വയമോ, അല്ലെങ്കിൽ അദ്ദേഹം ഉൾപ്പെടുന്ന ഒരു സമിതിക്കോ അഭ്യസിക്കാവുന്നതാണ്. എക്‌സിക്യുട്ടീവ്, ജുഡീഷ്യൽ അധികാരങ്ങൾ അനുയോജ്യമായ ഒരു വ്യക്തിക്കോ, സമിതിക്കോ അഭ്യസിക്കാം.

പട്ടാള അട്ടിമറിയുടെ ഭാഗമായി സൈനിക വിന്യാസം നടക്കുന്നത് തിരിച്ചറിയാതെ വ്യായാമം തുടരുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

സെെന്യത്തിന് സവിശേഷാധികാരം പ്രദാനം ചെയ്യുന്ന തരത്തിൽ Tatmadaw തയ്യാറാക്കിയ ഭരണഘടന ഗാരിസൺ സ്റ്റേറ്റിന്റെ യുക്തിയെ ശരിവെക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. സൈനിക നിർമ്മിത ഭരണഘടനയിലെ ആർട്ടിക്കിൾ 74 പ്രകാരം, മ്യാൻമറിന്റെ കേന്ദ്ര നിയമനിർമാണ സഭയെ (Pyidaungsu Hluttaw) രണ്ടായി തിരിക്കാം. 224 സീറ്റുകളുള്ള ഹൗസ് ഓഫ് നാഷനാലിറ്റീസ് (Amyotha Hluttaw) എന്ന ഉപരിസഭയും, 440 സീറ്റുകളുള്ള ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ് (Pyithu Hluttaw) എന്ന കീഴ്‌സഭയും അടങ്ങിയതാണത്. മൊത്തം സീറ്റുകളിൽ (664) 75 ശതമാനം സീറ്റുകളിലേക്കുള്ള (498) പ്രതിനിധികളെ ജനം നേരിട്ട് തെരഞ്ഞെടുക്കുകയും, ബാക്കി വരുന്ന 166 സീറ്റുകളിലേക്ക് സൈനിക മേധാവി നിർദേശിക്കുന്ന സൈനിക ഉദ്യോഗസ്ഥരെ നിയമിക്കുകയുമാണ് പതിവ്.

ഇന്തോനേഷ്യയുടെ പ്രസിഡന്റ് ആയിരുന്ന സുകർണോ അധികാരത്തിൽ നിന്നും നിഷ്‌കാസിതനായതിനു പിന്നാലെ സുഹാർത്തോയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച new order ഭരണവ്യവസ്ഥക്ക് സമാനമായിരുന്നു മ്യാൻമറിലെ ഗാരിസൺ മോഡൽ.

1960-കളുടെ തുടക്കത്തിൽ, മ്യാൻമർ സൈനിക ഭരണത്തിന് കീഴിലായത് മുതൽ രാജ്യത്ത് ഗാരിസൺ സ്റ്റേറ്റിന്റെ മൂല്യങ്ങൾ പിടിമുറുക്കുകയായിരുന്നു. 1948ൽ ബ്രിട്ടിഷ് അധിനിവേശത്തിൽ നിന്നും സ്വതന്ത്രമായ മ്യാൻമർ (ബർമ) ജനാധിപത്യ ഭരണക്രമം തെരഞ്ഞെടുക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കായി ബർമീസ് ഇൻഡിപെൻസ് ആർമി നടത്തിയ സക്രിയ ഇടപെടലുകൾ സൈന്യത്തിന്റെ പ്രാമുഖ്യം നിലനിർത്തുന്നതിന് സഹായിച്ചു. 1958-ൽ രാജ്യത്ത് ആഭ്യന്തര അസ്വാരസ്യങ്ങൾ ഉടലെടുത്തപ്പോൾ മ്യാൻമറിന്റെ ആദ്യ പ്രധാനമന്ത്രി ഉ നു, രാജ്യത്തിന്റെ താൽകാലിക രക്ഷാകർതൃത്വം ഏറ്റെടുക്കാൻ സൈന്യത്തെ ക്ഷണിക്കുകയുണ്ടായി. എന്നാൽ 1962-ൽ ജനറൽ നി വിന്റെ നേതൃത്വത്തിൽ സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചതു മുതലാണ് മ്യാൻമറിൽ സൈന്യം നേരിട്ട് അധികാരം കൈയ്യാളാൻ തുടങ്ങിയത്. രാജ്യം വിഘടച്ചു പോകുന്നത് തടയാനെന്ന ന്യായേനെ അഞ്ചു ദശാബ്ദത്തിലേറെ കാലം ഭരിച്ച ബർമ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടിയുടെ (BSPP) കീഴിൽ മ്യാൻമർ പൂർണ്ണമായും സൈനിക ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

നീണ്ട വർഷങ്ങളായുള്ള സെെനിക ഭരണത്തിനു ശേഷം 2003, സെപ്തംബറിൽ രാജ്യത്ത് "അച്ചടക്ക ജനാധിപത്യ വ്യവസ്ഥിതി'' നടപ്പിലാക്കുമെന്ന പ്രഖ്യാപനം, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരം കൈമാറുന്നതിന്റെ ശുഭസൂചനയായി വിലയിരുത്തപ്പെട്ടു

ജനറൽ നി വിനിനു കീഴിൽ മ്യാൻമർ വിവിധ തരത്തിലുള്ള സൈനിക ഭരണ വ്യവഹാരങ്ങൾക്ക് വിധേയമായി. ഒരു ദശാബ്ദത്തിലധികം കാലം നി വിനും അദ്ദേഹത്തിന്റെ റെവല്യൂഷനറി കൗൺസിലും ചേർന്ന് രാജ്യത്ത് ഭരണ നിർവഹണം നേരിട്ട് നടത്തുകയായിരുന്നു. അതിൽ പിന്നീട്
""സോഷ്യലിസത്തിലേക്കുള്ള ബർമീസ് പാത'' എന്ന മുദ്രാവാക്യവുമായി സൈന്യത്തിന്റെ പിന്തുണയുള്ള, BSPP ക്കു കീഴിലുള്ള ഒറ്റ പാർട്ടി ഭരണവ്യവസ്ഥ മ്യാൻമറിൽ നിലവിൽ വന്നു. ഇതിന്റെ അനുരണനമെന്നോളം 1980-കളിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തി. തുടർന്ന് മ്യാൻമറിൽ ജനാധിപത്യവാദികളുടെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുകയും 1988-ൽ അധികാരത്തിൽ നിന്നും പുറത്തു പോവാൻ നി വിൻ നിർബന്ധിതനാവുകയും ചെയ്തു. എന്നാൽ ജനാധിപത്യവാദികൾക്കു നേരെ ആക്രമണം അഴിച്ചു വിട്ടും, കൂട്ടക്കാെലകൾ നടത്തിയും അധികാരം തിരിച്ചു പിടിക്കാൻ സൈന്യത്തിന് സാധിച്ചു. 1988ൽ State Law and Order Restoration Council (SLORC) പ്രകാരം അട്ടിമറി നടത്തി അധികാരം പുനസ്ഥാപിച്ച സൈന്യം അടുത്ത 24 വർഷക്കാലം കൂടി മ്യാൻമർ നിയന്ത്രിച്ചു.

ഒറ്റ പാർട്ടി ഭരണം അവസാനിപ്പിച്ച് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മ്യാൻമറിലെ ജനായത്തവാദികൾ നടത്തിയ 8888 പ്രക്ഷോഭം (1988) / Gaye Paterson

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരം കൈമാറുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും, നാഷനൽ ലീഗ് ഫോർ ഡെമോക്രസി (NLD) തൂത്തുവാരിയ, 1990 മെയ് മാസത്തെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ പോലും സൈന്യം കൂട്ടാക്കിയില്ല. മ്യാൻമറിന് സ്വന്തമായി ഭരണഘടന ഇല്ലെന്നതായിരുന്നു തെരഞ്ഞെടുപ്പു ഫലം അംഗീകാതിരിക്കാൻ സൈന്യം നൽകിയ ന്യായീകരണം. ഇത്, സൈന്യവും, രാഷ്ട്രീയ നേതൃത്വവും, ഗോത്ര വിഭാഗങ്ങളും തമ്മിൽ വർഷങ്ങളോളം നീണ്ട അഭിപ്രായഭിന്നതയിലേക്കാണ് നയിച്ചത്. ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് പശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. സൈന്യത്തിന്റെ പ്രതികാര നടപടികളുടെ ഭാഗമായി നൊബേൽ ജേതാവ് ഓങ് സാൻ സൂ ചി അടക്കമുള്ള NLD നേതാക്കൾക്ക് വർഷങ്ങളോളം വീട്ടുതടങ്കലിൽ കഴിയേണ്ടി വരികയും, നിരവധി പേർക്ക് രാജ്യം വിട്ടു പോകേണ്ട അവസ്ഥ സംജാതമാവുകയും ചെയ്തു. അടുത്ത രണ്ടു ദശാബ്ദക്കാലം രാജ്യത്ത് രാഷ്ട്രീയ തടവുകാരുടെ എണ്ണം പെരുകിക്കൊണ്ടേയിരുന്നു.

ഒടുവിൽ 2003, സെപ്തംബറിൽ രാജ്യത്ത് ""അച്ചടക്ക ജനാധിപത്യ വ്യവസ്ഥിതി'' നടപ്പിലാക്കുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് അധികാരം കൈമാറുന്നതിന്റെ ശുഭസൂചനയായി വിലയിരുത്തപ്പെട്ടു. എന്നാൽ മ്യാൻമറിന്റെ ഭരണഘടന തയ്യാറാക്കുന്നതിന് സൈന്യം വീണ്ടും അഞ്ചു വർഷത്തെ സമയമെടുത്തു. എന്നാൽ 2008ൽ പുറത്തിറങ്ങിയ ഭരണഘടന, സൈന്യത്തിന് സവിശേഷാധികാരം ഉറപ്പു വരുത്താനുള്ള ഒരു ഉപകരണം മാത്രമായി ചുരുങ്ങുകയായിരുന്നു. പുതിയ ഭരണഘടന ജനഹിത പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, പ്രതിപക്ഷ പാർട്ടികൾ അത് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഇത് വീണു കിട്ടിയ അവസരമായി കണ്ട ഹുൻറ്റ (അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുന്ന ശക്തികൾ), പുതിയ ഭരണഘടനയ്ക്ക് വ്യാപക പിന്തുണ ലഭിച്ചെന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്.

ഒടുവിൽ രണ്ടു ദശാബ്ദങ്ങൾക്കൊടുവിൽ 2010-ൽ പൊതു തെരഞ്ഞെടുപ്പ് നടത്താമെന്ന് സൈന്യം സമ്മതിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുപ്പ് നിയമങ്ങൾ ചൂണ്ടിക്കാട്ടി NLD ക്ക് വിലക്കു പ്രഖ്യാപിക്കുയും ചെയ്തു. തത്ഫലം സൈന്യത്തിന്റെ പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആന്റ് ഡെവലപ്‌മെന്റ് പാർട്ടി, തെരഞ്ഞെടുപ്പ് നടന്ന 330 സീറ്റുകളിൽ 259 സീറ്റുകളുടെ ഭൂരിപക്ഷം നേടി അധികാരത്തിലേറി. ""അച്ചടക്ക ജനാധിപത്യ'' വ്യവസ്ഥിതിയുടെ ബാനറിൽ നടന്ന പ്രസ്തുത തെരഞ്ഞെടുപ്പിനെതിരെ അന്ന് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.

ഭരണപ്രക്രിയയിൽ നിന്നും സൈന്യം പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് മ്യാൻമറിലെ വിദ്യാർഥി സംഘടനകളാണ്. 1988 ആഗസ്ത് 8-നാണ് പ്രക്ഷോഭം അതിന്റെ പാരമ്യത്തിലെത്തിയത്‌ / photo: Gaye Paterson

2010-ലാണ് വർഷങ്ങൾ നീണ്ട വീട്ടു തടങ്കലിൽ നിന്ന് സൂ ചി മോചിതയായത്. 2012-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സൂ ചിക്ക് അനുമതി ലഭിക്കുകയും, അവർ Pyithu Hluttaw ലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന്, 2015-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ NLD, കേവല ഭൂരിപക്ഷത്തിന് വേണ്ടതിലധികം സീറ്റുകൾ നേടി അധികാരം ഉറപ്പിക്കുകയുമായിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുക്കാൻ കേന്ദ്ര നിയമനിർമാണ സഭയിൽ 67 ശതമാനത്തിന്റെ കേവല ഭൂരിപക്ഷമായിരുന്നു NLD ക്ക് വേണ്ടിയിരുന്നത്, എന്നാൽ 86 ശതമാനത്തോളം സീറ്റുകളുടെ ഭൂരിപക്ഷമാണ് 2015-ലെ പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി നേടിയത്.

2015-ലെ പൊതുതെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഭരണഘടന തയ്യാറാക്കിയ സൈനിക ഉദ്യോഗസ്ഥരോടൊപ്പം ചേർന്നു പ്രവർത്തിക്കുക എന്നത് സൂ ചിയെയും NLD- യെയും സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു

എന്നാൽ, വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഭരണഘടന തയ്യാറാക്കിയ സൈനിക ഉദ്യോഗസ്ഥരോടൊപ്പം ചേർന്നു പ്രവർത്തിക്കുക എന്നത് സൂ ചിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഭരണഘടന ഭേദഗതി ചെയ്യുന്നത് തടയാൻ ആവശ്യമായ വീറ്റോ പവർ ഇരു സഭകളിലേയും 25 ശതമാനം സീറ്റുകൾ കയ്യാളുന്ന സൈന്യത്തിനുണ്ടായിരുന്നു.

ഭരണഘടന ഭേദഗതി ചെയ്യാതെ സൂ ചിക്ക് മ്യാൻമറിന്റെ പ്രസിഡന്റാവാൻ നിർവാഹമില്ലായിരുന്നു. ഭരണഘടനയിലെ 59(f) അനുഛേദ പ്രകാരം, പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തിയോ, അവരുടെ മാതാപിതാക്കളിൽ ഒരാളോ, പങ്കാളിയോ, മക്കളോ, അവരുടെ പങ്കാളികളോ വിദേശ ശക്തികളോട് കൂറു പുലർത്തുന്നവർ ആയിരിക്കരുത്. ഇവർ വിദേശ ശക്തികളോട് വിധേയത്വം പുലർത്തുന്നവരോ, വിദേശരാജ്യങ്ങളിൽ പൗരത്വം ഉള്ളവരോ ആവാൻ പാടില്ല.
സൂ ചിയുടെ മക്കളുടെ ബ്രിട്ടിഷ് പൗരത്വം പ്രസിഡന്റ് സ്ഥാനത്തിന് അവരെ അയോഗ്യയാക്കി. സ്റ്റേറ്റ് കൗൺസിലർ സ്ഥാനം സ്വീകരിച്ച് സർക്കാരിനെ പരോക്ഷമായി നിയന്ത്രിക്കുകയായിരുന്നു സൂ ചി പിന്നീടങ്ങോട്ട്.

നിലവിലെ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം നൽകി ആധികാരികമായ പിന്തുണയാണ് 2020-ലെ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയതെന്നു കാണാം. ജനാധിപത്യവാദികൾക്ക് ലഭിച്ച പിന്തുണയും, സൈന്യത്തിന്റെ പ്രതിനിധികൾക്കേറ്റ തിരിച്ചടിയും, ഭരണഘടനാ ഭേദഗതിയിലേക്ക് നയിക്കുമെന്ന സൂചന സൈന്യത്തെ പരിഭ്രാന്തരാക്കി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന സൈന്യത്തിന്റെ പൊടുന്നനെയുള്ള ആരോപണം ഈ പരിഭ്രാന്തിയിൽ നിന്നുയർന്ന പ്രതികരണമാണെന്ന് അനുമാനിക്കാം. വോട്ടർ ലിസ്റ്റിലെ അപാകത ഉണ്ടെന്ന ആരോപണങ്ങളോട് പ്രതികരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുന്നില്ലെന്നും, പുതിയ പാർലമെന്റ് ചേരുന്നത് നീട്ടി വെക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിനെ തുടർന്നുമാണ് സൈന്യത്തിന് ഇടപെടേണ്ടി വന്നതെന്നുമാണ് വിശദീകരണം.

എന്നാൽ മിൻ ഓങ് ഹ്ലെയ്ങിന്റെ വ്യക്തിപരമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പട്ടാള അട്ടിമറിയിൽ കലാശിച്ചതെന്ന് പൊതുമതം. റാഖ്യൻ പ്രവിശ്യയിലെ റോഹിംഗ്യൻ മുസ്‌ലിംങ്ങളുടെ വംശീയ ഉന്മൂലനത്തിന് നേതൃത്വം നൽകി കുപ്രസിദ്ധിയാർജ്ജിച്ച വ്യക്തിയാണ് മിൻ ഓങ് ഹ്ലെയ്ങ്. വംശഹത്യ ഭീഷണിയെ തുടർന്ന് ഏഴു ലക്ഷത്തോളം റോഹിംഗ്യൻ ന്യൂനപക്ഷങ്ങളാണ് പലായനം ചെയ്യാൻ നിർബന്ധിതരായത്. റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരായ മിന്നിന്റെ നടപടികൾ അന്താരാഷ്ട്ര തലത്തിൽ വിമർശനവിധേയമാവുകയും, വംശീയ ഉന്മൂലനത്തിൽ മിന്നിന് നേരിട്ടുള്ള പങ്ക് ചൂണ്ടിക്കാട്ടി യു.എസ് പോലുള്ള രാജ്യങ്ങൾ യാത്രാവിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു (Washington Post, 2019). റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട് മ്യാൻമറിലെ സൈന്യത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ തക്ക തെളിവുകളുണ്ടെന്ന് മ്യാൻമറിലെ സ്ഥിതി ഗതികൾ വിശകലനം ചെയ്യുന്ന യു.എന്നിന്റെ സ്വതന്ത്ര ഫാക്ട് ഫൈൻഡിങ് മിഷൻ (UNFFM) കണ്ടെത്തിയിരുന്നു. UNFFM ന്റെ ചെയർമാന്റെ പ്രസ്താവന ഇങ്ങനെയാണ്;

ഓങ് സാൻ സൂ ചി 2012-ലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ / photo: wikimedia commons

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി, ഗൗരവമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിന് ഏറ്റവും ഉത്തരവാദികളായ വ്യക്തികൾക്കെതിരെ നടപടി എടുക്കാൻ കൗൺസിലും, അതിലെ അംഗങ്ങളും തയ്യാറാവണം. ഞങ്ങളുടെ റിപ്പോർട്ടിൽ സർവസൈന്യാധിപനും, സീനിയർ ജനറലുമായ മിൻ ഓങ് ഹ്ലെയ്ങ് അടക്കം, റാഖ്യൻ പ്രവിശ്യയിൽ നടത്തിയ ""clearance operations''-ന്റെ ആദേശ ചുമതല വഹിച്ച Tatmadaw ലെ ആറു മുതിർന്ന സൈനിക ഉദ്യോസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യക്തിപരമായും, സംഘടനാപരമായും അവർ ആസ്വദിക്കുന്ന അന്താരാഷ്ട്ര പിന്തുണയുടെ ആനുകൂല്യം നിർത്തലാക്കണം. മ്യാൻമറുമായി ആയുധ കച്ചവടം ചെയ്യുന്നതും, Tatmadaw വുമായി കൂട്ടുകെട്ടുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം വിഛേദിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണം (UN Human Rights Council, 2018).

എന്നാൽ 2019 ഡിസംബറിൽ, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) വംശഹത്യയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആരോപണങ്ങളിൽ സൂ ചി സൈന്യത്തെ അനുകൂലിച്ച് നിലപാടെടുത്തത് ഒരുപക്ഷെ വിചിത്രമായി തോന്നിയേക്കാം. ഹാഗിൽ വെച്ച് നടന്ന വിചാരണയിൽ വംശഹത്യക്കെതിരെ ഗാമ്പിയ നൽകിയ പരാതി ആമുഖ പ്രസ്താവനയിൽ സൂ ചി നിഷേധിക്കുകയാണ് ചെയ്തത്. സൈനിക നടപടികളെ പ്രതിരോധിച്ചു കൊണ്ടുള്ള സൂ ചിയുടെ നിലപാട് അന്താരാഷ്ട്ര തലത്തിൽ അവർക്കുണ്ടായിരുന്ന പ്രതിഛായക്ക് വിഘാതം സൃഷ്ടിക്കാൻ പാകത്തിലുള്ളതായിരുന്നു. യു.എൻ റിപ്പോർട്ടിൽ സൂചിപ്പിച്ച മുതിർന്ന നേതാക്കളാണ് ഇപ്പോൾ മ്യാൻമറിലെ ഭരണവ്യവഹാരങ്ങൾ നിയന്ത്രിക്കുന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശം പോലും ഇല്ലാതിരുന്ന 2.6 മില്യണോളം വരുന്ന റോഹിംഗ്യൻ മുസ്‌ലിംകളുടെ നില ഇതോടെ കൂടുതൽ പരുങ്ങലിലായി.​

സ്‌റ്റേറ്റിന്റെ സ്വാധീനം ഉപയോഗിച്ച് മിൻ ഓങ് ഹ്ലെയ്ങും ബന്ധുക്കളും ചേർന്ന് വിവിധ ബിസിനസ്സുകളിൽ നിന്നുമുണ്ടാക്കിയ സമ്പത്തിനെ ചൊല്ലിയുള്ള വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, സൈന്യത്തിന് കീഴിലുള്ള പ്രധാനപ്പെട്ട രണ്ടു സ്ഥാപനങ്ങളിലൊന്നായ Myanma Economic Holdings Public Company Limited (MEHL) വൻ തോതിലുള്ള ഓഹരികൾ മിന്നിന്റെ പേരിലുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. മ്യാൻമറിലെ രത്‌ന വ്യവസായത്തിന്റെ കുത്തക MEHL നാണ്. കൂടാതെ ബാങ്കിങ്, ലോഹം, ടൂറിസം, റിയൽ എസ്റ്റേറ്റ്, ഗതാഗതം തുടങ്ങി നിരവധി മേഖലകളിലും MEHL ന് പങ്കാളിത്തമുണ്ട്. ഇത്തരം വ്യവസായങ്ങളിൽ നിന്നുള്ള വരുമാനം തങ്ങളുടെ സ്വതന്ത്ര വ്യവഹാരത്തെ ഊർജ്ജസ്വലമാക്കാൻ സൈന്യത്തെ സഹായിക്കുന്നു.

2017 ആഗസ്റ്റിൽ ഉത്തര റാഖ്യൻ പ്രവിശ്യയിലെ റോഹിംഗ്യൻ ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ സൈന്യം ആവിഷ്‌കരിച്ച clearance operations- ന്, 45 ഓളം വരുന്ന കമ്പനികളും, കൂട്ടായ്മകളും ചേർന്ന് നൽകിയത് 6.15 മില്ല്യൻ യു.എസ് ഡോളറാണ്

MEHL നിലനിർത്തിപ്പോരുന്ന സംശയാസ്പദമായ ഇടപാടുകളെക്കുറിച്ച് ആംനെസ്റ്റി ഇന്റർനാഷനൽ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടുകൾ ലഭ്യമാണ്. ആംനസ്റ്റിയുടെ ബിസിനസ്സ്, സുരക്ഷ, മനുഷ്യാവകാശ വിഭാഗത്തിന്റെ തലവൻ മാർക് ഡുമ്മെറ്റ് പറയുന്നതിങ്ങനെയാണ്. മ്യാൻമറിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും നിഷ്ഠൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ കുറ്റവാളികളിൽ ചിലരാണ് MEHL ന്റെ കച്ചവട പ്രവർത്തനങ്ങളിൽ നിന്നും ലാഭം കൊയ്യുന്നത്. ഉദാഹരണത്തിന് 2011-ൽ സൈനിക മേധാവി മിന്നിന്, MEHL- ൽ ഉണ്ടായിരുന്നത് 5,000 ഓഹരികളാണ്. MEHL തിരിച്ചറിവില്ലാതെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതല്ല ഇത്, മറിച്ച് അതിന്റെ തലപ്പത്തിരിക്കുന്നവർ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് എന്നതാണ് വസ്തുത. വിവിധ സ്രോതസ്സുകൾ നിന്നുള്ള വിവരം അനുസരിച്ച് വിദേശ കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുന്നതിന് MEHL ന് സവിശേഷ അധികാരങ്ങളുണ്ട്, മാത്രമല്ല മ്യാൻമറിലെ വിദേശ നിക്ഷേപങ്ങളിൽ സിഹംഭാഗം MEHL ലുമായി ചേർന്നുള്ള സംയുക്ത സംരഭങ്ങളാണ് (AI, 2020)

റോഹിംഗ്യൻ മുസ്‌ലിംങ്ങളുടെ അസ്തിത്വവുമായി ബന്ധപ്പെട്ട തെളിവുകൾ മായ്ച്ച്, അവർക്ക് ജന്മനാട്ടിലേക്ക് തിരിച്ചു വരവ് അസാധ്യമാക്കും വിധം ഉത്തര റാഖ്യൻ മേഖലയെ പുനസൃഷ്ടിക്കുകയാണ് Tatmadaw എന്ന് യു.എൻ മനുഷ്യാവകാശ സമിതിയുടെ സ്വതന്ത്ര ഫാക്ട് ഫൈൻഡിങ് മിഷൻ കണ്ടെത്തിയിട്ടുണ്ട്‌ / photo: wikimedia commons

യു.എൻ മനുഷ്യാവകാശ സമിതിയുടെ സ്വതന്ത്ര ഫാക്ട് ഫൈൻഡിങ് മിഷൻ മ്യാൻമറിൽ നടത്തിയ പഠനങ്ങളിൽ, സൈന്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങളെക്കുറിച്ചും, വംശീയ ഉന്മൂലനത്തിൽ അവർക്കുണ്ടായ പങ്കിനെക്കുറിച്ചും തെളിവു സഹിതം പരാമർശിക്കുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, ഉത്തരവാദിത്തങ്ങളിൽ നിന്നും, മേൽനോട്ട ചുമതലകളിൽ നിന്നും സ്വയം കവചിതമായാണ് Tatmadaw പ്രവർത്തിക്കുന്നത്. രാജ്യത്തെ പൗരന്മാർ സ്വാഭാവികമായി സൈനിക ബജറ്റിനെ വിലയിരുത്തുന്ന സാഹചര്യം മ്യാൻമറിൽ ഇല്ലാതാക്കാൻ, സ്വന്തമായി ഒരു കച്ചവട ശൃംഖലയെ നിയന്ത്രിക്കുന്ന Tatmadaw വിന് എളുപ്പം സാധിക്കും. റിപ്പോർട്ടിന്റെ അവസാനഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്;

2017 ആഗസ്റ്റിൽ ഉത്തര റാഖ്യൻ പ്രവിശ്യയിലെ റോഹിംഗ്യൻ ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാൻ സൈന്യം ആവിഷ്‌കരിച്ച clearance operations- ന്, 45 ഓളം വരുന്ന കമ്പനികളും, കൂട്ടായ്മകളും ചേർന്ന് നൽകിയത് 6.15 മില്ല്യൻ യു.എസ് ഡോളറാണ്. 2017 സെപ്തംബറിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ ഈ തുക സമാഹരിച്ചത്. റോ​ഹിംഗ്യൻ മുസ്‌ലിംകളുടെ അസ്തിത്വവുമായി ബന്ധപ്പെട്ട തെളിവുകൾ മായ്ച്ച്, അവർക്ക് ജന്മനാട്ടിലേക്ക് തിരിച്ചു വരവ് അസാധ്യമാക്കും വിധം ഉത്തര റാഖ്യൻ മേഖലയെ പുനസൃഷ്ടിക്കാൻ Tatmadaw മായി ദൃഢബന്ധമുള്ള സ്വകാര്യ കമ്പനികൾ സാമ്പത്തിക നിക്ഷേപം നടത്തിയതായും മിഷൻ കണ്ടെത്തിയിട്ടുണ്ട്. (UN Human Rights Council, 2019).

തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് മ്യാൻമറിലെ സാമ്പത്തിക, ഗോത്ര വർഗ സമവാക്യങ്ങളെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിൽ മ്യാൻമറിലെ സൈനിക ഹുൻറ്റക്കുള്ള കഴിവ് കുപ്രസിദ്ധമാണ്. എന്നാൽ ആഭ്യന്തര സാഹചര്യങ്ങളും, അന്താരാഷ്ട്ര സാഹചര്യങ്ങളും നിലവിൽ അത്ര സുഗമമല്ലെന്ന തിരിച്ചറിവ് അവർക്കുണ്ട്. കോവിഡ് മഹാമാരി ജനങ്ങളുടെ ജീവിതത്തേയും, ജീവിതോപാധികളേയും ബാധിച്ച്, സാമ്പത്തിക ക്രമം അവതാളത്തിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പു ഫലം സൈന്യം അംഗീകരിച്ചില്ലെങ്കിൽ രാജ്യത്ത് ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് താക്കീത് നൽകിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വരും മാസങ്ങളിലും നിലവിലത്തെ അനിശ്ചിതത്വം തുടരാനും, കൂടുതൽ പരുങ്ങലിലാവാനുമാണ് സാധ്യത. യു.എൻ സെക്രട്ടറി ജനറൽ, അന്റോണിയോ ഗുട്ടെർസും മ്യാൻമറിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മ്യാൻമറിന്റെ ജനാധിപത്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കേറ്റ കനത്ത തിരിച്ചടി എന്നാണ് പട്ടാള അട്ടിമറിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ജനായത്ത പ്രക്രിയയെ പാടെ അവഗണിച്ചു കൊണ്ട്, രാജ്യത്തെ തിരികെ ഏകാധിപത്യത്തിലേക്ക് കൊണ്ടു പോകാൻ സൈന്യത്തിന് അധികാരമില്ലെന്ന് യൂറോപ്യൻ യൂണിയനും, മറ്റനവധി രാഷ്ട്രങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആഗോള തലത്തിൽ അപലപനവും, സമ്മർദ്ദവും മ്യാൻമറിനു മേൽ കുന്നുകൂടുമ്പോഴും, രാജ്യത്തെ പ്രവർത്തനക്ഷമമല്ലാത്ത അധികാര ഘടനയെ ക്രമീകരിക്കുന്നതിനുള്ള ഇടപെടലായി സൈന്യത്തിന്റെ നടപടിയെ കണ്ടാൽ മതിയെന്നാണ് ചൈനയുടെ നിലപാട്.

മ്യാൻമറിലെ ജനാധിപത്യ മുന്നേറ്റങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും, സൈന്യത്തേയും, ജനായത്തവാദികളേയും ഒരു പോലെ തൃപ്തിപ്പെടുത്താനായിരുന്നു ന്യൂ ഡൽഹി എന്നും ശ്രമിച്ചിരുന്നത്

മ്യാൻമറിലെ സൈന്യത്തോടും, സർക്കാരിനോടും നല്ല ബന്ധം നിലനിർത്താൻ ചൈനക്ക് എന്നും സാധിച്ചിട്ടുണ്ട്. ഇരു കക്ഷികൾക്കും കൂടിയലോചനയിലൂടെ അനുരഞ്ജനത്തിലെത്തി, സമാധാനവും സ്ഥിരതയും കാത്തു സൂക്ഷിക്കാൻ കഴിയുമെന്നും കരുതുന്നു, എന്നും ചൈനയുടെ പ്രസ്താവനയിൽ പറയുന്നു. ബാഹ്യ ശക്തികളുടെ ഇടപെടലുകൾ കരുതിയിരിക്കണമെന്നും ചൈന മ്യാൻമറിനെ ഉപദേശിക്കുന്നുണ്ട് (Global times, 2021). സ്വാഭാവികമായും, കച്ചവടത്തിന്റെയും, വ്യവസായത്തിന്റേയും സാധ്യകൾക്കപ്പുറം ചൈനക്ക് മ്യാൻമറുമായി സാമ്പത്തികമായും, തന്ത്രപരമായുമുള്ള വ്യവസ്ഥാപിത താൽപര്യങ്ങളുണ്ട്.

Act east policy എന്ന ഭൂരാഷ്ട്ര തന്ത്രം പിൻപറ്റുന്ന ഇന്ത്യക്ക് മ്യാൻമറുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. വളരെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പ്രസ്താവനയിൽ മ്യാൻമറിലെ സൈനിക അട്ടിമറിയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പറയുന്നതിങ്ങനെയാണ്. ജനാധിപത്യ പ്രക്രിയയിലേക്കുള്ള മ്യാൻമറിന്റെ പരിവർത്തനത്തിന് ഇന്ത്യ എന്നും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. നിയമവാഴ്ചയും, ജനാധിപത്യ പ്രക്രിയയും ഉയർത്തിപ്പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട് (MEA, 2021). മ്യാൻമറിലെ ജനാധിപത്യ മുന്നേറ്റങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും, സൈന്യത്തേയും, ജനായത്തവാദികളേയും ഒരു പോലെ തൃപ്തിപ്പെടുത്താനായിരുന്നു ന്യൂ ഡൽഹി എന്നും ശ്രമിച്ചിരുന്നത്.

നിലവിൽ ഒരു വർഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പരമാധികാരം കൈയ്യാളുന്ന സൈനിക ഹുൻറ്റ സ്വപ്‌നം കാണുന്നതു പോലുള്ള ""അച്ചടക്ക ജനാധിപത്യ വ്യവസ്ഥിതി'' നടപ്പിലാക്കാൻ ഒരു വർഷം മതിയാകുമോ എന്ന് കാത്തിരുന്ന് കാണണം. നേതാക്കളേയും, ഉദ്യോഗസ്ഥരേയും തടങ്കലിൽ വെക്കുന്നത് തീർച്ചയായും ജനാധിപത്യത്തെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴിയല്ല. മനുഷ്യാവകാശ വിവക്ഷ സാധ്യമായ ഒട്ടനവധി പ്രശ്നങ്ങൾ ഉയർന്നു വരുന്ന മാനവചരിത്രത്തിലെ ഈ സന്ദിഗ്ദ്ധ ഘട്ടത്തിൽ, ""ആക്രമണ വിദഗ്ധർക്ക്'' അധികകാലം അധികാരത്തിൽ കടിച്ചു തൂങ്ങാനും സാധിക്കില്ല.▮​​

വിവർത്തനം: മുഹമ്മദ് ഫാസിൽ

References

​Amnesty International (2020): “Myanmar: Leaked documents reveal global business ties to military crimes” 20 September, https://www.amnesty.org/en/latest/news/2020/09/mehl-military-links-to-global-businesses/

Global Times (2021): “China hopes for a stable, peaceful Myanmar through domestic negotiations, not external interference,” 1 February, https://www.globaltimes.cn/page/202102/1214556.shtml

Harold D. Lasswell (1941): “The Garrison State,” American Journal of Sociology,” Vol. 46, No. 4 (January): 455-468.

Indian. Ministry of External Affairs (2021): “Statement on developments in Myanmar, February01,2021,”https://mea.gov.in/press-releases.htm?dtl /33434/Press+Statement+on+developments+in+ Myanmar

Myanmar Times (2021): “Myanmar announces state of emergency,” 1 February, https://www. mmtimes.com/news/myanmar-announces-state-emergency.html

Myanmar Now (2021): “Suu Kyi calls for public resistance against coup,” 1 February, https://www.myanmar-now.org/en/news/suu-kyi-calls-for-public-resistance-against-coup

Myanmar, Ministry of Information (2008): Constitution of the Republic of the Union of Myanmar 2008, https:// www. wipo.int/ edocs/lexdocs/laws/en/mm/mm009en.pdf

​The Washington Post (2019): “U.S. imposes travel restrictions on Myanmar military leaders over ‘atrocities’” 17 July, https:// www.washingtonpost.com/world/national-security/us-imposes-travel -restrictions-on-myanmar-military-leaders-over-atrocities/ 2019 /07 /16/290b1457-600b-4463-9c2e-f29cfb65bf28_story.html

The United Nations (2021): “The statement was issued today by the Spokesman for UN Secretary-General António Guterres,” 1 February, https://www.un.org/press/en/2021/sgsm20562.doc.htm

UN Human Rights Council (2019): “The economic interests of the Myanmar military: Independent International Fact-Finding Mission on Myanmar, Forty-second session, 9–27 September 2019,

Agendaitem4,A/HRC/42/CRP.3,”https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&ved=2ahUKEwiBmcy_rcruAhVywTgGHUkDDwoQFjADegQIBRAC&url=https%3A%2F%2Fwww.ohchr.org%2FEN%2FHRBodies%2FHRC%2FRegularSessions%2Fsession42%2FDocuments%2FA_HRC_42_CRP_3.docx&usg=AOvVaw1K5B7dcEunfYwHz0Nq6Hcr

UN Human Rights Council (2018): “Statement by Mr. Marzuki Darusman, Chairperson of the United Nations Independent International Fact-Finding Mission on Myanmar, at the Security Council,” 24 October, https://www.ohchr.org/EN/HRBodies/HRC/Pages/News Detail.aspx ?News ID = 23778&Lang ID=E


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments