ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവി

ആ 'ടൂൾ കിറ്റു'കൾക്കുമുന്നിൽ അവർ നിശ്ശബ്​ദരാണ്​

റോയിട്ടേഴ്​സ് പുറത്തുകൊണ്ടുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ കാര്യസാധ്യത്തിനായി ലക്ഷണയുക്തമായ ടൂൾ കിറ്റാണ് ആമസോണിനെ പോലുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്

സ്വീഡനിലെ പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തെൺബർഗിനും, അമേരിക്കൻ പാട്ടുകാരിയായ റിഹാനക്കും മറ്റു ചില ആഗോള സെലിബ്രിറ്റികൾക്കും ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണക്കാൻ സഹായിച്ച "ടൂൾകിറ്റ്' സൃഷ്ടിച്ച പുകിൽ അടങ്ങിയിട്ടില്ല. ടൂൾകിറ്റിനു പിന്നിലെ ദേശദ്രോഹികളെ കണ്ടെത്തിയെങ്കിലും ദേശത്തെ അപകീർത്തിപ്പെടുത്തിയ മഹാപരാധം ദേശത്തിന്റെ കുത്തക സ്വയം അവകാശപ്പെടുന്നവർ ഇനിയും പൊറുത്തിട്ടില്ല. വിജൃംഭിതമായ ഇവരുടെ ദേശാഭിമാനം ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ് തല പൊക്കുകയെന്ന വസ്തുത എന്നാലും പറയാതിരിക്കാനാവില്ല. രാജ്യസമ്പത്ത് സംഘടിതവും, അല്ലാതെയും കൊള്ളയടിക്കുന്ന വേളകളിലൊന്നും ഇക്കൂട്ടരുടെ ദേശാഭിമാനം ഇവ്വിധം പീലിവിടർത്തി ആടുന്ന പതിവില്ല. ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ കൊളോണിയൽ കാലഘട്ടം മുതലുള്ള ചരിത്രം അതിന് സാക്ഷിയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആമസോൺ "ടൂൾകിറ്റുമായി' ബന്ധപ്പെട്ട വാർത്ത.

റിഹാന, ഗ്രെറ്റ തെൺബർഗ്

ആമസോൺ "ടൂൾ കിറ്റെന്ന' പ്രയോഗം പലർക്കും പുതുമയായിരിക്കും. കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റിനെതിരെ കാവി സംഘം ഉറഞ്ഞു തുള്ളുന്ന വേളയിൽ തന്നെയാണ് ആമസോണിനെക്കുറിച്ചുള്ള വിശദമായ വാർത്തയും പുറത്തുവന്നത്.

പ്രാമുഖ്യം നൽകേണ്ടതും മറച്ചുവെക്കേണ്ടതുമായ വിഷയങ്ങൾ

ആമസോൺ എന്ന ഓൺലൈൻ വാണിജ്യ ഭീമൻ ഇന്ത്യയിലെ നിയമസംവിധാനങ്ങളെയും, വ്യവസ്ഥകളെയും ആസൂത്രിതമായ നിലയിൽ മറികടക്കുന്നതിനും, അവഗണിക്കുന്നതിനുമായി തയ്യാറാക്കിയ രേഖകളാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടത്. കർഷകസമരത്തെക്കുറിച്ചുളള പൊലീസ് ഭാഷ്യം സ്വീകരിക്കുന്ന പക്ഷം ആമസോൺ തയ്യാറാക്കിയ രേഖകൾ ലക്ഷണമൊത്ത ടൂൾകിറ്റുകളായിരുന്നു എന്നു പറയേണ്ടി വരും. ഇന്ത്യയിലെ കച്ചവടവുമായി ബന്ധപ്പെട്ട ആമസോണിന്റെ ഉന്നത ഉദ്യോഗസ്ഥർക്കായി തയ്യാറാക്കിയ രേഖകളാണ് റോയിട്ടേഴ്സ് വാർത്തയുടെ അടിത്തറ. വാർത്ത പുറത്തുവന്ന് ദിവസം രണ്ടായെങ്കിലും ദേശഭക്തിയുടെ കാവിസംഘം അക്കാര്യം അറിഞ്ഞതായി ഭാവിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി "ബുദ്ധിജീവിയോ, പണ്ഡിതനോ' അല്ലെന്നു പച്ചക്കുപറഞ്ഞിട്ടും ഭക്തരുടെ മൗനം അമ്പരിപ്പിക്കുന്നതാണ്. ഇന്ത്യയിലെ ഓൺലൈൻ വിപണിയിൽ അധീശത്വം ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ഔദ്യോഗിക നയരൂപീകരണ പ്രക്രിയകളെ സ്വാധീനിക്കുന്നതിനും സർക്കാരിന്റെ നിയമങ്ങളും, നിയന്ത്രണങ്ങളും മറികടക്കുന്നതിനുള്ള ഉപായങ്ങൾ മെനയാനുമുള്ള രേഖകളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടത്. 2012- 2019 കാലയളവിലെ രേഖകളാണ് അവ. 2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇ-കൊമേഴ്സ് മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച ചില പുതിയ നിബന്ധനുകളുമായി ബന്ധപ്പെട്ടതാണ് ടൂൾകിറ്റിലെ ചില നിർണായക രേഖകൾ. ആമസോണിന്റെ സീനിയർ ഉദ്യോഗസ്ഥരിൽ ഒരാളായ ജേ കാർനി (Jay Carney) വാഷിംഗ്ടണിലെ ഇന്ത്യൻ അംബാസഡറുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ വിവരണത്തോടെ ടൂൾകിറ്റിന്റെ ഉള്ളറകൾ ആദിത്യ കൽറയെന്ന റോയിട്ടർ ലേഖകൻ വിശദീകരിക്കുന്നു.

ആമസോൺ സീനിയർ വെെസ് പ്രസിഡന്റ്‌ ജേ കാർനി

മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ പ്രസ് സെക്രട്ടറി ആയിരുന്ന കാർനി ഇന്ത്യൻ അംബസഡറുമായി സംസാരിക്കുമ്പോൾ പ്രാമുഖ്യം നൽകേണ്ട വിഷയങ്ങളും, മറച്ചുവെക്കേണ്ടവയും ഏതെല്ലാമാണ് എന്നതിന്റെ വിവരണം ആമസോൺ പോലെയുള്ള സ്ഥാപനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുന്നതിന്റെയും നേടിയെടുക്കുന്നതിന്റെയും രീതിശാസ്ത്രം വ്യക്തമായി വെളിപ്പെടുത്തുന്നു. പ്രധാനമായും രണ്ടു പോയിന്റുകളാണ് ആവർത്തിച്ച് ഉറപ്പിക്കേണ്ടത് എന്നാണ് കൂടിക്കാഴ്ചക്ക് തയ്യാറാക്കിയ ടൂൾകിറ്റിലെ പ്രധാന പ്രമേയം. ഇന്ത്യയിലെ 4,00,000-ത്തോളം ചെറുകിട കച്ചവടക്കാർ ആമസോൺ ഇന്ത്യയുടെ പ്ലാറ്റ്ഫോം തങ്ങളുടെ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി സമ്പത്തിന്റെ സൃഷ്ടാക്കളായി മാറുന്നതിന്റെ ആഖ്യാനമാണ് ഒന്നാമത്തെ കാര്യം. ഇന്ത്യയിൽ 550 കോടി ഡോളർ (5.5 ബില്യൺ) നിക്ഷേപിക്കുന്നതിന് ആമസോൺ പ്രതിബദ്ധമാണ് എന്നതാണ് രണ്ടാമത്തെ പോയിന്റ്.

ഇന്ത്യയിലെ നാലുലക്ഷം ചെറുകിട കച്ചവടക്കാർ ആമസോൺ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന്റെ കണക്കുപറയുമ്പോൾ മറച്ചുവയ്ക്കണം എന്ന് കൃത്യമായി തിരിച്ചറിഞ്ഞ വസ്തുത എന്താണ്? ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയുള്ള മൊത്തം വിറ്റുവരവിന്റെ മൂന്നിലൊന്നും 33 വിൽപ്പനക്കാർ വഴിയാണ് നടക്കുന്നതെന്ന വസ്തുതയാണ് മറച്ചുവയ്ക്കണം എന്ന ഗണത്തിൽ പെടുത്തിയിട്ടുള്ളത്. "സെൻസിറ്റീവ് / പുറത്തു പറയാനുള്ളതല്ല' എന്നാണ് അതുസംബന്ധിച്ച വിശദീകരണം. ഇതു പോലെ നിരവധി സെൻസിറ്റീവായ വിവരങ്ങളാണ് കൽറയുടെ റിപ്പോർട്ടിലുളളത്.

ഇന്ത്യയിലെ ഓൺലൈൻ സ്മാർട്ട് ഫോൺ വിൽപനയിലുണ്ടായ വളർച്ചയുടെ ഗ്രാഫ്. ആമസോൺ, ഫ്ളിപ്കാർട്ട് പോലുള്ള ഭീമന്മാർക്ക് ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖലയിലുള്ള ആധിപത്യം വർധിച്ചതോടെ, ചെറുകിട ചില്ലറ വ്യാപാരികൾ അതിജീവനത്തിനായി കഷ്ടപ്പെടുകയാണ്.

ഇന്ത്യയിലെ നാലു ലക്ഷം ചെറുകിട കച്ചവടക്കാരെ സമ്പത്തിന്റെ സ്രഷ്ടാക്കളായി മാറ്റിത്തീർത്തെന്ന ആഖ്യാനം യഥാർത്ഥത്തിൽ മൂടിവയ്ക്കുന്നത് ആമസോൺ ഇന്ത്യയുടെ 2019-ലെ കച്ചവടത്തിന്റെ മൂന്നിൽ രണ്ടും, വെറും 35 വിൽപ്പനക്കാരിലൂടെ മാത്രമാണെന്ന വസ്തുതയാണ്. അതിൽ തന്നെ 35 ശതമാനം വരുമാനവും വെറും രണ്ടു വിൽപ്പനക്കാരിലൂടെ മാത്രമാണ് നടന്നിട്ടുള്ളതെന്ന വസ്തുതയാണ്. ആമസോണിന് പരോക്ഷമായി ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളാണ് പ്രസ്തുത രണ്ടു വിൽപ്പനക്കാരും. ആഗോളതലത്തിൽ 2018-ലെ കണക്കനുസരിച്ച് ആമസോണിന്റെ വിൽപ്പനയുടെ 58 ശതമാനവും മറ്റുള്ള കച്ചവടക്കാർ വഴിയായിരുന്നു. മൊത്തം വിൽപ്പനയുടെ 42 ശതമാനം ആമസോൺ ഉൽപ്പാദകരിൽ നിന്നും നേരിട്ട് സംഭരിച്ചു വിൽപന നടത്തുകയായിരുന്നു. ഉൽപ്പാദകരിൽ നിന്ന് നേരിട്ട് സംഭരിച്ച് വിൽപ്പന നടത്തുമ്പോൾ ലഭിക്കുന്ന ആദായവും, ആനുകൂല്യങ്ങളും, വിപണി മേധാവിത്വവും അതല്ലാതെയുള്ള കച്ചവടത്തിൽ ലഭിക്കില്ല. ഇന്ത്യയിലെ നിബന്ധന പ്രകാരം ഇ-കൊമേഴ്സിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഉൽപാദകരിൽ നിന്നും സാധനങ്ങൾ നേരിട്ട് സംഭരിച്ചശേഷം സൗകര്യം പോലെ വിൽക്കാനാവില്ല. ഇന്ത്യൻ നിയമമനസരിച്ച് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഉൽപാദകർക്കും മറ്റുള്ള കച്ചവടക്കാർക്കും സാധനങ്ങൾ വിൽക്കാനും, വാങ്ങാനുമുള്ള ഇടങ്ങളാണ്. പ്ലാറ്റ്ഫോം നടത്തിപ്പുകാർക്ക് നേരിട്ട് വിപണനം ചെയ്യാനാവില്ല. നിയമപരമായ ഈ നിയന്ത്രണത്തെ മറികടക്കുന്നതിനായി ചില പ്രത്യേക വിൽപ്പനക്കാരെ കൂടുതൽ ആനുകൂല്യങ്ങളും, സൗജന്യങ്ങളും നൽകി നിലനിർത്തുന്ന വിദ്യ പ്ലാറ്റ്ഫോം ഉടമകൾ നടപ്പിലാക്കുന്നു. ആമസോണും ഇക്കാര്യത്തിൽ ഭിന്നമല്ല.

സ്മാർട് ഫോൺ വിപണയിൽ ആമസോണിന്റെ ഇടപെടൽ ഇന്ത്യയിലെ ഒന്നരലക്ഷത്തോളം മൊബൈൽ ഫോൺ ചെറുകിട വ്യാപാരികളെ ഹാനികരമായി ബാധിച്ചു

ഓൺലൈൻ കച്ചവടത്തിന്റെ കുതിപ്പ്

ആമസോൺ ഇന്ത്യയുടെ വിൽപ്പനയുടെ 35 ശതമാനവും നടത്തിയ രണ്ടു വിൽപനക്കാരിൽ ഒരെണ്ണം ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണ മൂർത്തി സ്ഥാപിച്ച ക്ലൗഡ്ടെയിൽ എന്ന സ്ഥാപനമായിരുന്നു. 2014 മുതൽ സ്ഥാപിതമായ ഈ സംയുക്ത സംരഭത്തിലെ പരോക്ഷ പങ്കാളിയാണ് ആമസോൺ. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമിലെ ഒരു സ്വതന്ത്ര വിൽപ്പനക്കാരൻ മാത്രമാണ് ക്ലൗഡ്ടെയിൽ എന്നാണ് ആമസോണിന്റെ അവകാശവാദം. ആമസോണിന്റെ രേഖകളിൽ സ്പെഷ്യൽ മർച്ചന്റ് എന്ന ഗണത്തിൽ പരാമർശിക്കുന്ന ക്ലൗഡ്ടെയിലനെ 100-കോടിയിലധികം ഡോളറിന്റെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റണമെന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ക്ലൗഡ്ടെയിലിന് ആപ്പിൾ, മൈക്രോസോഫ്റ്റ്, ഒൺപ്ലസ് തുടങ്ങിയ വൻകിട സ്ഥാപനങ്ങളുമായി നിർണായക ബന്ധങ്ങൾ നേടിയെടുക്കുന്നതിന് ആമസോൺ സഹായിച്ചതായി രേഖകൾ വെളിപ്പെടുത്തുന്നു. സ്മാർട് ഫോൺ വിപണയിൽ ആമസോണിന്റെ ഇടപെടൽ ഇന്ത്യയിലെ ഒന്നരലക്ഷത്തോളം വരുന്ന മൊബൈൽ ഫോൺ ചെറുകിട വ്യാപാരികളെ ഹാനികരമായി ബാധിച്ചുവെന്ന് ആൾ ഇന്ത്യ മൊബൈൽ റീടെയിലേഴ്സ് അസ്സോസിയേഷൻ പ്രസിഡണ്ട് അർവീന്ദർ ഖുറാന പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട് ചൂണ്ടിക്കാണിക്കുന്നു.

എൻ.ആർ. നാരായണ മൂർത്തി

2013-ൽ ഇന്ത്യയിലെ മൊത്തം സ്മാർട്ട്ഫോൺ കച്ചവടത്തിന്റെ 10 ശതമാനം മാത്രമാണ് ഓൺലൈൻ സംവിധാനം വഴി വിറ്റഴിച്ചിരുന്നതെങ്കിൽ 2019-ൽ അത് മൊത്തം വിൽപ്പനയുടെ 44 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ മൊത്തം ചില്ലറ വ്യാപാര മേഖലയുടെ മൂല്യം ഏകദേശം 900 ബില്യൺ ഡോളർ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒരു ഡോളറിന് 72 രൂപ എന്ന വിനിമയ നിരക്ക് കണക്കാക്കിയാൽ ഒരു ബില്യൺ ഡോളർ സമം 7,200 കോടി രൂപ. അപ്പോൾ 900 ബില്യൺ ഡോളർ; എത്ര ലക്ഷം കോടി രൂപ വരുമെന്നു കണക്കു കൂട്ടിയാൽ മതി. ഏകദേശം 65 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ചില്ലറ വ്യാപാര മേഖലയുടെ ഇപ്പോഴത്തെ കച്ചവടമൂല്യം. അതിന്റെ നാലു ശതമാനം മാത്രമാണ് ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലൂടെയുള്ള വിപണനം. എന്നാൽ അതിവേഗം വളരുന്ന മേഖലയായി ഓൺലൈൻ കച്ചവടം മാറുന്നു. 2016-മാർച്ചിൽ ആമസോൺ ഇന്ത്യയുടെ വിൽപ്പനയുടെ 47 ശതമാനവും ക്ലൗഡ്ടെയിൽ വഴി ആയിരുന്നു. എന്നാൽ അതേ മാസത്തിൽ സർക്കാർ കൊണ്ടുവന്ന പുതിയ നിബന്ധന ആമസോണിന്റെ താൽപര്യങ്ങളുമായി ഒത്തുപോകുന്നതല്ലായിരുന്നു. ഒരു സിംഗിൾ വിൽപ്പനക്കാരിൽ നിന്ന് പരമാവധി 25 ശതമാനം വിൽപന മാത്രമെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നടത്താനാവുകയുള്ളൂ എന്നായിരുന്നു പുതിയ നിബന്ധന. പല നൂതനമായ ഏർപ്പാടുകൾ വഴി ആമസോൺ ഈ ദുർഘടഘട്ടം മറികടന്നു. ക്ലൗഡ്ടെയിലിനെ പോലെ മറ്റൊരു സ്പെഷ്യൽ മർച്ചന്റ് കമ്പനി 2017-ൽ സംയുക്തസംരഭമായി ആമസോൺ തുടങ്ങി.

2020 ജനുവരിയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഇന്ത്യ സന്ദർശിച്ചപ്പോൾ ആമസോണിന്റെ ഇന്ത്യയിലെ മേധാവി അമിത് അഗർവാളിനൊപ്പം എടുത്ത സെൽഫി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

അപ്പാരിയോ എന്നായിരുന്നു അതിന്റെ പേര്. ഇന്ത്യയിലെ കമ്പ്യൂട്ടർ വ്യവസായ മേഖലയിലെ തുടക്കക്കാരായ അശോക് പട്നിയുടെ കുടുബമായിരുന്നു ഈ സംയുക്ത സംരഭത്തിന്റെ പങ്കാളി. ആമസോൺ പതിവുപോലെ പരോക്ഷ പങ്കാളിയായിരുന്നു. 2018-ഡിസംബറിലെ പുതുക്കിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ഈ സംരഭങ്ങളിലെ ആമസോണിന്റെ പരോക്ഷമായ ഓഹരി പങ്കാളിത്തം കുറയ്ക്കുവാൻ നിർബന്ധിതമായെങ്കിലും മൊത്തം ബിസിനസ്സിനെ ബാധിക്കുന്ന തരത്തിലുള്ള തിരിച്ചടികളൊന്നും ഉണ്ടായില്ല. 2020-ൽ ഇന്ത്യയിലെ കോമ്പറ്റീഷൻ കമീഷൻ ആമസോണിനും, മറ്റൊരു ബഹുരാഷ്ട്ര കുത്തകയായ വാൾമാർടിന്റെ ഉടമയിലുള്ള ഫ്ലിപ്കാർടിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 2,000-ത്തോളം ഓൺലൈൻ വിൽപ്പനക്കാർ ആമസോണിനും, ക്ലൗഡ്ടെയിലിനും എതിരെ കോമ്പറ്റീൻ കമീഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടണമൊയെന്ന കാര്യത്തിൽ കമീഷൻ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. റോയിട്ടേർസ് പുറത്തുകൊണ്ടുവന്ന രേഖകളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ കാര്യസാധ്യത്തിനായി ലക്ഷണയുക്തമായ ടൂൾകിറ്റാണ് ആമസോണിനെ പോലുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്. കർഷക സമരത്തെ പിന്തുണച്ച ടൂൾ കിറ്റിനെതിരെ ദേശഭക്തർ നടത്തുന്ന ആക്രോശങ്ങളുടെ ചെറിയൊരു ശതമാനമെങ്കിലും ഇന്ത്യയിലെ ചെറുകിട കച്ചവടക്കാരുടെ നിലനിൽപ്പിനെ ക്രമേണ ഇല്ലാതാക്കുന്ന നയരൂപീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ടൂൾ കിറ്റുകളുമായി വ്യാപരിക്കുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്കെതിരെ എന്തുകൊണ്ട് ഉയരുന്നില്ല. ദേശഭക്തരുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാവുമെന്ന് കരുതാൻ ന്യായമില്ല.

വോഡഫോണിന്റെ ആദായനികുതി കേസ്

ആമസോണിന്റെ "ടൂൾകിറ്റിനെ' കുറിച്ചുള്ള വാർത്തയോട് പുലർത്തുന്ന മൗനം തന്നെയാണ് വോഡഫോണിന്റെയും, കെയിൻ എനർജിയുടെയും ആദായ നികുതി കേസുകളുമായി ബന്ധപ്പെട്ട "ദ ഹേഗിലെ' തർക്ക പരിഹാര വേദി (ആർബിട്രേഷൻ) യുടെ ഉത്തരവുകളോടുള്ള പ്രതികരണവും. ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര റിപബ്ലിക് പാസാക്കിയ നിയമം തൃണവൽഗണിക്കുന്നതായിരുന്നു തർക്കപരിഹാര വേദിയുടെ ഉത്തരവുകൾ. വോഡാഫോൺ ഇന്റർനാഷണൽ ഹോൾഡിംഗസ് (വി.ഐ.എച്ച്) 220 കോടി ഡോളർ (2.2 ബില്യൺ) നികുതി അടക്കണമെന്ന് ആദായനികുതി വകുപ്പിന്റെ ഉത്തരവിലാണ് ഇതിന്റെ ഒരു തുടക്കം. മൊബൈൽ ഫോൺ സേവനരംഗത്തെ ആഗോളകുത്തകകളിൽ ഒന്നായ വിഐഎച്ച്, ഇന്ത്യയിൽ എസ്സാറിന്റെ പക്കലുണ്ടായിരുന്ന ഹച്ച് എന്ന മൊബൈൽ ഫോൺ സേവന കമ്പനിയെ 2007-ൽ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കേസിന്റെ തുടക്കം.

നികുതി സംബന്ധിച്ച 70 ശതമാനത്തിലധികം ക്ലെയിമുകളും തള്ളപ്പെടുന്നതിനും, ഉഭയകക്ഷി നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ആർബിട്രേഷൻ കേസ്സുകളിൽ 80 ശതമാനത്തിലധികവും ഇന്ത്യ തോൽക്കുന്നതിനും സഹായിക്കുന്ന ടൂൾ കിറ്റുകൾ സുലഭമാണ്

ഹച്ചിനെ ഏറ്റെടുത്ത വകയിൽ വോഡഫോൺ നേടിയ മൂലധന നേട്ടത്തിന് അനുസൃതമായ (ക്യാപിറ്റൽ ഗെയിൻസ് ടാക്സ്) നിലയിലാണ് ആദായനികുതി വകുപ്പ് നികുതി ചുമത്തിയത്. അങ്ങനെ നികുതി ചുമത്താൻ സാധ്യമല്ലെന്നായിരുന്നു വോഡാഫോണിന്റെ വാദം. ആദായനികുതി വകുപ്പിനെതിരെ കമ്പനി ബോംബെ ഹൈക്കോടതയിലെത്തി. ഹൈക്കോടതി വിധി ആദായ നികുതി വകുപ്പിന് അനുകൂലമായിരുന്നുവെങ്കിലും സുപ്രീം കോടതി കമ്പനിക്ക് അനുകൂലമായി വിധിച്ചു. സുപ്രീം കോടതി വിധി മറികടക്കുന്നതിനായി 2012-ൽ കേന്ദ്രസർക്കാർ മുൻകാല പ്രാബല്യത്തോടെ ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്തു. നിയമഭേദഗതിക്കെതിരെ വോഡഫോൺ ഹേഗിലെ പെർമെനന്റ് കോർട് ഓഫ് ആർബിട്രേഷനിൽ പരാതി നൽകി. മുൻകാല പ്രാബല്യത്തോടെയുള്ള നിയമഭേദഗതി ഉഭയകക്ഷി നിക്ഷേപ കരാറിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2020 സെപ്തംബറിൽ ആർബിട്രേഷൻ കോടതി വോഡഫോണിന് അനുകൂലമായി വിധിച്ചു. ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിരിക്കുകയാണ്. സമാനമായ മറ്റൊരു കേസിൽ കെയിൻ എനർജിയെന്ന സ്ഥാപനത്തിന് ഇന്ത്യ 120 കോടി ഡോളർ (1.2 ബില്യൺ) നഷ്ടപരിഹാരമായി നൽകണമെന്ന് ഹേഗിലെ ഇതേ ആർബിട്രേഷൻ കോടതി കഴിഞ്ഞ ഡിസംബറിൽ വിധിച്ചിരുന്നു.

ആമസോൺ സ്​ഥാപകൻ ജെഫ് ബെസോസ്

വിധി നടപ്പിലാക്കി കിട്ടുന്നതിന് കമ്പനി രണ്ടു ദിവസത്തിന് മുമ്പ് വാഷിംഗ്ടണിലെ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഈ കേസുകളുടെ കാലയളവിലും, വിധികൾ വന്നപ്പോഴും ആരും ടൂൾ കിറ്റുകളെ കുറിച്ച് പറഞ്ഞിട്ടില്ല. ആദായനികുതി വകുപ്പ് കോർപറേറ്റുകളുടെയും, സമ്പന്നരുടെയും മേൽ ചുമത്തുന്ന ഇത്തരത്തിലുള്ള നികുതി സംബന്ധിച്ച 70 ശതമാനത്തിലധികം ക്ലെയിമുകളും തള്ളപ്പെടുന്നതിനും, ഉഭയകക്ഷി നിക്ഷേപ കരാറുമായി ബന്ധപ്പെട്ട ആർബിട്രേഷൻ കേസ്സുകളിൽ 80 ശതമാനത്തിലധികവും ഇന്ത്യ തോൽക്കുന്നതിനും സഹായിക്കുന്ന ടൂൾ കിറ്റുകൾ സുലഭമാണ്. ഇത്തരം ടൂൾ കിറ്റുകളെ തിരിച്ചറിയുമ്പോഴാണ് ഈ നാട്ടിലെ സമ്പത്ത് രാജ്യാതിർത്തികൾ കടന്നുപോകുന്ന നിയോ-കൊളോണിയൽ ചൂഷണത്തിന്റെ കെട്ടുപാടുകൾ വെളിവാകുക. കർഷക സമരവുമായി ബന്ധപ്പെട്ട ദേശദ്രോഹത്തിന്റെ ടൂൾകിറ്റുകളെ ഓർത്ത് ഉറഞ്ഞു തുള്ളുന്ന ഭക്തർക്ക് അതിന് കഴിയുമെന്നു തോന്നുന്നില്ല. ▮


കെ.പി. സേതുനാഥ്‌

ഡക്കാൻ ക്രോണിക്കിൾ മുൻ സീനിയർ എഡിറ്റർ. മുപ്പത് വർഷം പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളിൽ ജേണലിസ്റ്റ് ആയിരുന്നു. ഇപ്പോൾ ഫ്രീലാൻസ്​ ജേണലിസ്റ്റ് .

Comments