US Election 2024: പ്രസിഡൻഷ്യൽ ഡിബേറ്റിന് ശേഷം കമലയ്ക്ക് മേൽക്കൈ, മോദിയെക്കാണാൻ ട്രംപ്

ഉക്രെയ്ൻ അധിനിവേശവും പലസ്തീൻ വിഷയവും കുടിയേറ്റവുമെല്ലാം ചർച്ചയായ അമേരിക്കയിലെ പ്രസിഡൻഷ്യൽ ഡിബേറ്റിന് ശേഷം കമലാ ഹാരിസിന് നേരിയ മുൻതൂക്കമുണ്ടെന്നാണ് പോളുകൾ പറയുന്നത്. മോദിയെക്കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രംപ്

News Desk

ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസും (Kamala Harris) റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും (Donald Trump) തമ്മിലുള്ള അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് (US President Election) ഇഞ്ചോടിഞ്ച് മത്സരമായി മാറുകയാണ്. നിലവിലെ പ്രസിഡൻറ് ജോ ബൈഡനെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയാണ് ഡെമോക്രാറ്റുകൾ വൈസ് പ്രസിഡൻറായ കമലാ ഹാരിസിനെ സ്ഥാനാർഥിയാക്കിയത്. കമല സ്ഥാനാർഥിയായി എത്തിയതിന് ശേഷം ഡെമോക്രാറ്റ് ക്യാമ്പ് ആവേശത്തിലാണ്. ഇനി ഒന്നര മാസം മാത്രമാണ് തെരഞ്ഞെടുപ്പിനുള്ളത്. കമലയും ട്രംപും തമ്മിലുള്ള പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഉക്രെയ്ൻ അധിനിവേശവും പലസ്തീൻ വിഷയവും കുടിയേറ്റവുമെല്ലാം ചർച്ചയായിരുന്നു.

ആദ്യ ഡിബേറ്റിന് ശേഷം ഏറെ മുന്നിലെത്തിയ ട്രംപ് ഇപ്പോൾ ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് പിന്നിലായിരിക്കുകയാണ്

ട്രംപും ബൈഡനും തമ്മിലുള്ള ആദ്യ ഡിബേറ്റിന് ശേഷം ബൈഡൻ പിന്നിലായിരുന്നു. ഇതോടെയാണ് കമലയെ പിൻഗാമിയായി പ്രഖ്യാപിച്ച് അദ്ദേഹം പിൻമാറിയത്. ഇപ്പോൾ ട്രംപും കമലയും തമ്മിലുള്ള ഡിബേറ്റിന് ശേഷം പുറത്തുവന്ന പോളുകളിൽ കമലയ്ക്കാണ് നേരിയ മുൻതൂക്കമുള്ളത്. റോയിറ്റേഴ്സ് (Reuters), യൂഗവ് പോൾ (YouGov poll) എന്നിവയുടെ പോളുകൾ കമലയ്ക്ക് നേരിയ മുൻതൂക്കം ഇപ്പോഴുണ്ടെന്ന് വ്യക്തമാക്കുന്നു. ആദ്യ ഡിബേറ്റിന് ശേഷം ഏറെ മുന്നിലെത്തിയ ട്രംപ് ഇപ്പോൾ ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് പിന്നിലായിരിക്കുകയാണ്. ഇരുവരും തമ്മിലുള്ളത് നേരിയ അന്തരമായതിനാൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമെന്നാണ് പോളുകൾ പ്രവചിക്കുന്നത്.

ട്രംപും കമലയും തമ്മിലുള്ള ഡിബേറ്റിന് ശേഷം പുറത്തുവന്ന പോളുകളിൽ കമലയ്ക്കാണ് നേരിയ മുൻതൂക്കമുള്ളത്
ട്രംപും കമലയും തമ്മിലുള്ള ഡിബേറ്റിന് ശേഷം പുറത്തുവന്ന പോളുകളിൽ കമലയ്ക്കാണ് നേരിയ മുൻതൂക്കമുള്ളത്

ഡിബേറ്റിന് ശേഷം പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇലക്ടറൽ കോളേജിൽ കമലയ്ക്ക് 61 ശതമാനം വിജയസാധ്യതയാണ് പറയുന്നത്. ട്രംപിന് 39 ശതമാനം വിജയസാധ്യതയേ പോളുകൾ പറയുന്നുള്ളൂ. എന്നാൽ, അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന പോളുകളെ മുഴുവനായി വിശ്വാസത്തിലെടുക്കാനും സാധിക്കില്ല. 2016-ൽ ഹിലരി ക്ലിൻറണായിരുന്നു പോളുകളിൽ മുൻതൂക്കം ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പിലെ വിജയം ഡോണൾഡ് ട്രംപിനൊപ്പമായിരുന്നു.

മോദിയെക്കാണാൻ ട്രംപ്

തെരഞ്ഞെടുപ്പ് പ്രചാരണം വാശിയോടെ മുന്നോട്ട് നീങ്ങവേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ഡോണൾഡ് ട്രംപ്. ഈ ആഴ്ച അവസാനത്തോടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നത്. ക്വാഡ് ലീഡേഴ്സ് സമ്മിറ്റിൻെറ ഭാഗമായാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. സമ്മേളനത്തിന് ശേഷമായിരിക്കും മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിലും മുൻപ് പ്രസിഡൻറായ സമയത്തും ട്രംപുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്നു മോദി. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനായിരുന്നു മോദിയുടെ പിന്തുണ. നിരവധി ഇന്ത്യൻ - അമേരിക്കൻ വംശജർക്ക് യുഎസ് തെരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഈ വോട്ടുകൾ തനിക്ക് അനുകൂലമാക്കാനാണ് ട്രംപിൻെറ ശ്രമം.

നരേന്ദ്ര മോദി സർക്കാരിനെയും ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള രാഹുലിൻെറ യു.എസ് പ്രസംഗം ഇന്ത്യയിലും വലിയ ചർച്ചയായിരുന്നു

നേരത്തെ അമേരിക്കൻ പ്രസിഡൻറായിരുന്ന ഡോണൾഡ് ട്രംപ് 2020-ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ അന്ന് വലിയ സ്വീകരണമാണ് നൽകിയിരുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇത്തവണയും മോദിയുടെ പിന്തുണ ട്രംപിന് തന്നെയാവുമെന്നുറപ്പാണ്. അത് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുകയെന്നതാണ് ട്രംപിൻെറ ലക്ഷ്യം. സെപ്തംബർ 21 മുതൽ 23 വരെയാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ടിയുള്ളതാണ് ക്വാഡ് സമ്മിറ്റ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ അമേരിക്ക സന്ദർശിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാരിനെയും ബി.ജെ.പിയെയും ആർ.എസ്.എസിനെയും രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള രാഹുലിൻെറ യു.എസ് പ്രസംഗം ഇന്ത്യയിലും വലിയ ചർച്ചയായിരുന്നു.

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇത്തവണയും മോദിയുടെ പിന്തുണ ട്രംപിന് തന്നെയാവുമെന്നുറപ്പാണ്
അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇത്തവണയും മോദിയുടെ പിന്തുണ ട്രംപിന് തന്നെയാവുമെന്നുറപ്പാണ്

സഹതാപം നേടാൻ ശ്രമം

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇതിനോടകം രണ്ട് തവണ ട്രംപിനെതിരെ ആക്രമണത്തിന് ശ്രമമുണ്ടായിട്ടുണ്ട്. റിപ്പബ്ലിക്കൻ ക്യാമ്പ് ഈ വിഷയം ക്യാമ്പെയിനിൽ കാര്യമായി തന്നെ ഉപയോഗിക്കുകയാണ്. പെൻസിൽവാനിയയിൽ പ്രസംഗിച്ച് നിൽക്കുമ്പോഴാണ് ട്രംപിനെതിരെ ആദ്യ വെടിവെപ്പ് ശ്രമമുണ്ടായത്. ഫ്ലോറിഡയിൽ വെസ്റ്റ് പാം ബീച്ചിലെ ഗോൾഫ് കോഴ്സിൽ വെച്ചാണ് രണ്ടാമത്തെ ആക്രമണ ശ്രമമുണ്ടായത്. 78കാരനായ ട്രംപിനെതിരെ നടന്ന രണ്ടാമത്തെ വധശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിൻെറ സുരക്ഷ ഉറപ്പാക്കുന്നതിൽ ബൈഡൻ ഭരണകൂടം വലിയ വീഴ്ച വരുത്തുന്നുണ്ടെന്ന് പാർട്ടി ആരോപിക്കുന്നുണ്ട്. അതേസമയം, തനിക്ക് നേരെ വധശ്രമമുണ്ടായ ശേഷം പ്രസിഡൻറ് ജോ ബൈഡനും വൈസ് പ്രസിഡൻറ് കമലാ ഹാരിസും വിളിച്ച് സംസാരിച്ചുവെന്നും, സുരക്ഷ വർധിപ്പിക്കാമെന്ന് ബൈഡൻ ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. തന്നെ വിളിച്ച് സംസാരിച്ച ഇരുവരെയും പുകഴ്ത്തിയാണ് ട്രംപ് പ്രതികരിച്ചത്.

Comments