US Presidential Election 2024: കമലയോ ട്രംപോ, സർവേഫലങ്ങളിൽ ആർക്കാണ് മുൻതൂക്കം?

രാജ്യവ്യാപകമായി കമലാ ഹാരിസിന് പിന്തുണ കൂടിയിട്ടുണ്ടെങ്കിലും ട്രംപ് ഒട്ടും പിറകിലല്ലെന്നാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പുറത്തുവന്ന സർവേഫലങ്ങൾ വ്യക്തമാക്കുന്നത്. അഞ്ച് പോയൻറിലധികം ലീഡ് നേടാൻ ആർക്കും സാധിച്ചിട്ടില്ല. ചില മേഖലകളിൽ ട്രംപിന് മുൻതൂക്കമുണ്ടെന്നും സർവേഫലങ്ങൾ…

News Desk

അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് (US President Election) പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണൾഡ് ട്രംപും (Donald Trump) കമലാ ഹാരിസും (Kamala Harris) തമ്മിലുള്ള മത്സരം ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയതാവുമെന്ന് സൂചനകൾ. അവസാനം പുറത്തുവന്ന സർവേ ഫലങ്ങളിൽ ഇരുവരും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇതിനോടകം തന്നെ പല ഘട്ടങ്ങളുണ്ടായിട്ടുണ്ട്. നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ തന്നെയായിരുന്നു ആദ്യം ഡെമോക്രാറ്റുകളുടെ പ്രസിഡൻറ് സ്ഥാനാർഥി. ബൈഡനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപും തമ്മിലുള്ള ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിൽ ട്രംപിനായിരുന്നു മുൻതൂക്കം. ബൈഡൻ പിന്നിലായതോടെ ഡെമോക്രാറ്റുകൾ സ്ഥാനാർഥിയായി വൈസ് പ്രസിഡൻറ് കമലാ ഹാരിസിനെ പ്രഖ്യാപിച്ചു. ഇതോടെ സാഹചര്യങ്ങൾ മാറി. കമലയും ട്രംപും തമ്മിലുള്ള ഡിബേറ്റ് കഴിഞ്ഞതിന് ശേഷം പുറത്തുവന്ന സർവേഫലങ്ങളിൽ കമല മുന്നിലെത്തി. ഇപ്പോഴിതാ ചിലയിടങ്ങളിൽ ട്രംപിന് നേരിയ മുൻതൂക്കമെന്ന തരത്തിലും സർവേഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

എ.ബി.സി ന്യൂസ്, ഫോക്സ് ന്യൂസ്, ന്യൂയോർക്ക് ടൈംസ്, സി.എൻ.എൻ എന്നിവയുടെയെല്ലാം സർവേകളിൽ അമേരിക്കയിൽ ഇത്തവണ കടുത്ത മത്സരം ആയിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. സി.എൻ.എന്നിന്റെ ഏറ്റവും പുതിയ സർവേ പ്രകാരം കമലാ ഹാരിസ് ട്രംപിനേക്കാൾ മൂന്ന് ശതമാനത്തിന്റെ മുൻതൂക്കമുണ്ട്. കമലയ്ക്ക് 50 ശതമാനവും ട്രംപിന് 47 ശതമാനവും പിന്തുണയാണുള്ളത്. സെപ്റ്റംബർ 17 മുതൽ 21 വരെ ന്യൂയോർക്ക് ടൈംസും സൈന കോളജും ചേർന്ന് നടത്തിയ സർവേകളിൽ ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് പറയുന്നത്. പല മേഖലകളിലും ട്രംപിന് മുൻതൂക്കമുണ്ടെന്നും ഈ സർവേഫലം പറയുന്നു. “അരിസോനയിൽ 50 ശതമാനം ട്രംപിനും 45 ശതമാനം കമലയ്ക്കും പിന്തുണയുണ്ട്. ജോർജിയയിൽ ട്രംപിന് 49 ശതമാനവും കമലയ്ക്ക് 45 ശതമാനവുമാണ്. നോർത്ത് കരോലിനയിൽ ട്രംപിന്റെ പിന്തുണ 49 ശതമാനവും കമലയുടേത് 47 ശതമാനവുമാണ്” - സർവേ പറയുന്നു.

ന്യൂയോർക്ക് ടൈംസിന്റെ സർവേ ഫലം പറയുന്നതും ട്രംപും കമലയും തമ്മിൽ വലിയ അന്തരമില്ലെന്നാണ്
ന്യൂയോർക്ക് ടൈംസിന്റെ സർവേ ഫലം പറയുന്നതും ട്രംപും കമലയും തമ്മിൽ വലിയ അന്തരമില്ലെന്നാണ്

ന്യൂയോർക്ക് ടൈംസിന്റെ സർവേ ഫലം പറയുന്നതും ട്രംപും കമലയും തമ്മിൽ വലിയ അന്തരമില്ലെന്നാണ്. രാജ്യവ്യാപകമായി കമലാ ഹാരിസിന് പിന്തുണ കൂടിയിട്ടുണ്ടെങ്കിലും ട്രംപ് ഒട്ടും പിറകിലല്ലെന്നാണ് ന്യൂയോർക്ക് ടൈംസ് സർവേ പറയുന്നത്. ട്രംപ് - കമലാ പ്രസിഡൻഷ്യൽ ഡിബേറ്റിന് ശേഷമാണ് ഡെമോക്രാറ്റ് സ്ഥാനാർഥിക്ക് പിന്തുണ വർധിച്ചത്. റഷ്യ - ഉക്രൈൻ പ്രശ്നവും, ഇസ്രായേൽ - പാലസ്തീൻ പ്രശ്നവും, കുടിയേറ്റ പ്രശ്നവുമെല്ലാം ഡിബേറ്റിൽ വലിയ ചർച്ചയായിരുന്നു. ഡിബേറ്റിൽ ട്രംപ് പറഞ്ഞ പല കാര്യങ്ങളും തെറ്റായിരുന്നുവെന്ന് പരിപാടിയുടെ സംഘാടകരായ എ.ബി.സി ന്യൂസിന്റെ ഫാക്ട് ചെക്ക് സംഘം വെളിപ്പെടുത്തിയിരുന്നു. കമല പറഞ്ഞ കാര്യങ്ങളിലാണ് കൂടുതൽ വസ്തുതയെന്നാണ് അവർ വ്യക്തമാക്കിയത്. വ്യാജ ആരോപണങ്ങളും തെറ്റായ വസ്തുതകളും പറഞ്ഞുകൊണ്ടുള്ള ഡിബേറ്റ് ട്രംപിന് വലിയ തിരിച്ചടിയായി മാറി. ഇതോടെയാണ് കമല മുന്നിലെത്തിയത്.

സി.ബി.എസ് ന്യൂസ്, എൻ.ബി.സി ന്യൂസ് എന്നിവ പുറത്തിറക്കിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ടുകൾ പ്രകാരം കമലയ്ക്ക് ട്രംപിനേക്കാൾ 4 പോയൻറിൻെറയും 5 പോയൻറിൻെറയും മുൻതൂക്കമുണ്ട്. 1960കൾക്ക് ശേഷമുള്ള അമേരിക്കയിലെ തെരഞ്ഞെടുപ്പ് പോൾ ഡാറ്റ പരിശോധിച്ചാൽ, തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് ഏതെങ്കിലും ഒരു സ്ഥാനാർഥി 5 പോയൻറുകൾക്ക് മുകളിൽ ലീഡ് എടുത്തിട്ടുണ്ട്. നവംബർ 5നാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. ദേശീയ തലത്തിലുള്ള പോളുകളിൽ കമലയ്ക്ക് മൂന്ന് പോയൻറിൻെറ മുൻതൂക്കമുണ്ട്. ഏതെങ്കിലും ഒരു സ്ഥാനാർഥിയ്ക്ക് അഞ്ച് പോയൻറിലധികം ലീഡ് ഉള്ള ഏതെങ്കിലും സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തവണ അത് സംഭവിച്ചിട്ടില്ലെന്നതാണ് ആർക്കും മേൽക്കൈ പറയാറായിട്ടില്ലെന്ന അനുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് വിദഗ്ദരെ എത്തിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബരാക് ഒബാമയുടെ പിൻഗാമിയായി എത്തിയ ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിൻണായിരുന്നു 2016-ൽ ട്രംപിൻെറ ആദ്യ എതിരാളി. സർവേ ഫലങ്ങളിൽ പലപ്പോഴും ഹിലരി മുന്നിട്ട് നിന്നുവെങ്കിലും വിജയം ട്രംപിനൊപ്പമായിരുന്നു. പ്രസിഡൻറായി കാലാവധി പൂർത്തിയാക്കിയ ശേഷം 2020-ൽ ജോ ബൈഡനെതിരെയായിരുന്നു രണ്ടാമത് മത്സരിച്ചത്. അതിൽ ട്രംപ് പരാജയപ്പെട്ടു. ഇത്തവണ പരാജയപ്പെട്ടാൽ ഇനി താനൊരിക്കലും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് നിയമപ്രകാരം രണ്ട് തവണ മാത്രമേ ഒരാൾക്ക് പ്രസിഡൻറ് ആവാൻ സാധിക്കുകയുള്ളൂ. അതിനാൽ ഇത്തവണ ജയിച്ചാലും ഇനിയൊരു മത്സരത്തിന് ട്രംപ് ഉണ്ടാവില്ല.

US Presidential Election 2024

Comments