ചരിത്രത്തിലെ ഏറ്റവും വാശിയേറിയ അമേരിക്കൻ തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച; സർവ്വേകളിൽ ആരാണ് മുന്നിൽ?

അമേരിക്കയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. പുറത്തുവരുന്ന പോൾസർവേകളിൽ ഇപ്പോഴും ആർക്കും ആധികാരികമായ മേൽക്കൈ ഇല്ല. കമലാ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടാൽ അത് യുഎസ് ചരിത്രത്തിലെ പുതിയ വഴിത്തിരിവാകും. 78ാം വയസ്സിൽ രണ്ടാമതും അമേരിക്കൻ പ്രസിഡൻറ് ആവാൻ ഒരുങ്ങുകയാണ് ട്രംപ്

News Desk

അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ (US President Election 2024) ഇത്തവണ സർപ്രൈസുകളും ട്വിസ്റ്റുകളും ഏറെയാണ്. നിലവിലെ പ്രസിഡൻറും 81-കാരനുമായ ജോ ബൈഡനായിരുന്നു (Joe Biden) ആദ്യം ഡെമോക്രാറ്റുകളുടെ (Democrats) സ്ഥാനാർഥി. എന്നാൽ പ്രായവും അസുഖവും ഒപ്പം മത്സരത്തിൽ പിന്നിലാവുന്നുവെന്ന തോന്നലുമെല്ലാം ഉണ്ടായപ്പോൾ ബൈഡൻ പിൻമാറി. വൈസ് പ്രസിഡൻറ് കമലാ ഹാരിസ് (Kamala Haris) സ്ഥാനാർഥിത്വത്തിലേക്കെത്തി. റിപ്പബ്ലിക്കൻ പാർട്ടിയെ (Republian Party) സംബന്ധിച്ചടത്തോളം ഡോണൾഡ് ട്രംപ് (Donald Trump) എന്ന ഒറ്റ പേരായിരുന്നു തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നത്. തുടർച്ചയായി മൂന്നാം തവണ ട്രംപ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുന്നു. ബൈഡൻെറ പ്രായത്തെ പരിഹസിച്ചും ആരോഗ്യപ്രശ്നങ്ങളെ ചൂണ്ടിക്കാട്ടിയുമൊക്കെ ട്രംപ് തൻെറ പ്രചാരണത്തിൻെറ തുടക്കത്തിൽ സംസാരിച്ചിരുന്നു. 78കാരനായ ട്രംപിന് 60-കാരിയായ കമലാ ഹാരിസ് എതിരാളിയായി എത്തിയതോടെ പ്രായത്തിൻെറ കാര്യത്തിൽ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വന്നു. ബൈഡനെതിരായ പ്രസിഡൻഷ്യൽ ഡിബേറ്റിൽ മുന്നിലെത്തിയ ട്രംപ്, കമല എതിരാളിയായി വന്നതോടെ പിന്നിലായി.

നവംബർ 5-ന് നടക്കാൻ പോവുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഇരുസ്ഥാനാർഥികളും അവസാന ലാപ്പിൽ തങ്ങളുടെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആദ്യം ഹിലരി ക്ലിൻറൺ, പിന്നീട് ജോ ബൈഡൻ, ഇപ്പോൾ കമലാ ഹാരിസ് എന്നിവരാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിന് എതിരാളികളായി വന്നിട്ടുള്ളത്. ബരാക് ഒബാമയുടെ പിൻഗാമിയായി അമേരിക്കയ്ക്ക് ആദ്യമായി ഒരു വനിതാ പ്രസിഡൻറ് എന്ന ചരിത്രം രചിക്കുമെന്ന പ്രതീക്ഷയുമായാണ് ഹിലരി 2016-ൽ സ്ഥാനാർഥിയായി മാറുന്നത്. തെരഞ്ഞെടുപ്പ് സർവേകളിലും മറ്റും ട്രംപിനേക്കാൾ മുൻതൂക്കം ഉണ്ടായിരുന്നിട്ടും ഹിലരി അന്ന് തോറ്റു. ഇപ്പോൾ വീണ്ടും അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡൻറ് എന്ന പ്രതീക്ഷ വെച്ചുപുലർത്തുകയാണ് കമലാ ഹാരിസ്. ആദ്യത്തെ പ്രസിഡൻഷ്യൽ ഡിബേറ്റ് മുതൽ സർവേകളിൽ കമലയ്ക്ക് ട്രംപിനേക്കാൾ നേരിയ മുൻതൂക്കമുണ്ട്. അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നാണ് വിലയിരുത്തൽ. സർവേകളിൽ എതിർ സ്ഥാനാർഥിയേക്കാൾ 5 പോയൻറിന് മുകളിൽ മുന്നിലെത്താൻ ഇതുവരെ കമലയ്ക്കോ ട്രംപിനോ സാധിച്ചിട്ടില്ല.

കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ. (Photo: X/Kamala Haris)
കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ. (Photo: X/Kamala Haris)

വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ പോൾ സർവേയിൽ മൂന്ന് ശതമാനത്തിൻെറ മുൻതൂക്കം കമലയ്ക്കുണ്ട്. ട്രംപിന് 42 ശതമാനവും കമലയ്ക്ക് 45 ശതമാനവും പോയൻറുകളാണ് ലഭിച്ചിരിക്കുന്നത്. 2020-ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ശക്തമായ പ്രചാരണമാണ് ഇക്കുറി ഡെമോക്രാറ്റുകൾ നടത്തുന്നതെന്നും റോയിറ്റേഴ്സ് സർവേയിൽ പറയുന്നു. പോളുകളെല്ലാം ഏകപക്ഷീയമായി കമലയെ പിന്തുണയ്ക്കുന്നില്ല. അതിനാൽ തന്നെ നിലവിലുള്ള മുൻതൂക്കം എന്നത് സാങ്കേതികം മാത്രമാണെന്ന് പറയേണ്ടി വരും. സിബിഎസ് ന്യൂസ് - യൂഗവ് പുറത്തിറക്കിയ പോളിൽ അരിസോണയിൽ ട്രംപിന് മൂന്ന് ശതമാനത്തിൻെറ മേൽക്കൈ ഉണ്ടെന്ന് പറയുന്നുണ്ട്. ശക്തമായ മത്സരം നടക്കുന്നയിടങ്ങളിൽ ട്രംപിനാണ് മുൻതൂക്കമെന്ന് എൻപിആർ അനാലിസിസും വ്യക്തമാക്കുന്നു.

രാജ്യത്ത് ആകെ 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഇതിൽ 270 വോട്ടുകൾ നേടുന്നവരാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുക.

നവംബറിലെ ആദ്യ ചൊവ്വാഴ്ചയായ അഞ്ചാം തീയ്യതിയാണ് അമേരിക്കയിൽ ഇത്തവണ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് പല ജനാധിപത്യ രാജ്യങ്ങളിലെയും പോലെ ജനങ്ങളുടെ നേരിട്ടുള്ള വോട്ടുകൾ മാത്രമല്ല അമേരിക്കയിൽ പ്രസിഡൻറിനെ തീരുമാനിക്കുന്നത്. ഇലക്ടറൽ കോളേജിന് ഇതിൽ നിർണായകപങ്കുണ്ട്.

ഡോണൾഡ് ട്രംപ് (Photo: X/Donald TTrump)
ഡോണൾഡ് ട്രംപ് (Photo: X/Donald TTrump)

കോൺഗ്രസിലെ പ്രാതിനിധ്യം അനുസരിച്ച് ഓരോ അമേരിക്കൻ സ്റ്റേറ്റിനും നിശ്ചിത നമ്പർ ഇലക്ടേഴ്സ് ഉണ്ടായിരിക്കും. സെനറ്റർമാരും പ്രതിനിധികളുമാണ് ഇതിൽ ഉൾപ്പെടുന്നത്. സെനറ്റർമാരുടെ എണ്ണം രണ്ടും പ്രതിനിധികളുടെ എണ്ണം ഓരോ സ്റ്റേറ്റിലെയും ജനസംഖ്യയ്ക്ക് അനുസരിച്ചുമായിരിക്കും. രാജ്യത്ത് ആകെ 538 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഇതിൽ 270 വോട്ടുകൾ നേടുന്നവരാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുക. നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിന് ശേഷം ഓരോ ഇലക്ടർമാരും തങ്ങളുടെ പ്രസിഡൻറ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചെയ്യും. പിന്നീട് ഇതിൽ ഭൂരിപക്ഷ നേടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ഇത്തവണ ജനുവരി 20നാണ് പുതിയ അമേരിക്കൻ പ്രസിഡൻറ് ഔദ്യോഗികമായി ചുമതലയേൽക്കുക.

Comments