അമേരിക്കയിലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൻെറ പ്രചാരണം അതിൻെറ അവസാന ലാപ്പിൽ എത്തിയിരിക്കുകയാണ്. ഇതിനോടകം തന്നെ അമേരിക്കയിലെ 60 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നവംബർ 5-നാണ് വോട്ടെടുപ്പ് പൂർത്തിയാവുന്നത്. ചരിത്രപരമായി തന്നെ ഏറെ പ്രത്യേകതകളുള്ള ഒരു തെരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി അമേരിക്കയിൽ നടക്കുന്നത്. സർവേഫലങ്ങളിൽ ഇരുസ്ഥാനാർഥികളും തമ്മിലുള്ള അന്തരം നേരിയതാണെന്നാണ് ഒരു പ്രത്യേകത. ജോ ബൈഡൻ - ഡോണൾഡ് ട്രംപ് പോരാട്ടം മാറിയാണ് കമല - ട്രംപ് മത്സരത്തിലേക്ക് തെരഞ്ഞടുപ്പ് മാറിയത്. ഇതോടെയാണ് വാശിയുള്ള പ്രചാരണത്തിലേക്ക് കാര്യങ്ങളെത്തുന്നത്. 270-ലധികം ഇലക്ടറൽ വോട്ടുകൾ നേടുന്ന സ്ഥാനാർഥിയാണ് അമേരിക്കയുടെ പ്രസിഡൻറാവുക. അത് ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമലാ ഹാരിസ് ആണെങ്കിൽ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡൻറ് ആവുമെന്ന പ്രത്യേകത കൂടിയുണ്ട്. റിപബ്ലിക്കൻ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് ഇത് മൂന്നാം തവണയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
സ്വിങ് സ്റ്റേറ്റുകൾ നിർണായകം
നിലവിലെ കണക്കുകളും പോൾഫലങ്ങളുമെല്ലാം പ്രകാരം ട്രംപും കമലയും ഏകദേശം 220 സീറ്റുകൾ വരെ ഉറപ്പിച്ചിട്ടുണ്ട്. ഇതിൽ നേരിയ മുൻതൂക്കം കമലയ്ക്കാണുള്ളത്. വിജയിക്കാൻ വേണ്ട 270 സീറ്റുകളിലേക്ക് ഇനിയും 50-ഓളം സീറ്റ് വേണം. എങ്ങോട്ട് വേണമെങ്കിലും ആടിയുലയുന്ന ഏഴ് സ്റ്റേറ്റുകളാണ് ഇക്കാര്യത്തിൽ നിർണായകമാവാൻ പോവുന്നത്. മിഷിഗൻ, വിസ്കോൺസിൻ, പെൻസിൽവാനിയ, നെവാദ, നോർത്ത് കരോളിന, അരിസോന, ജോർജിയ എന്നിവയാണ് ചാഞ്ചാടുന്ന സ്റ്റേറ്റുകൾ. ടെലഗ്രാഫിലെ റിപ്പോർട്ട് അനുസരിച്ച് പെൻസിൽവാനിയയിലെ 19 ഇലക്ടറൽ വോട്ടുകൾ അതീവ നിർണായകമാണ്. കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി പെൻസിൽവാനിയയിൽ ഭൂരിപക്ഷം നേടുന്നവർക്ക് മേൽക്കൈ ഉണ്ടാവാറുണ്ട്. 2024-ലും സ്ഥിതി വ്യത്യസ്തമാവില്ലെന്നാണ് കരുതുന്നത്. വിസ്കോൺസിനാണ് മറ്റൊരു അതീവ നിർണായക സ്റ്റേറ്റ്. ആകെ 10 ഇലകട്റൽ വോട്ടുകൾ ഉള്ളൂവെങ്കിലും കഴിഞ്ഞ നാല് അമേരിക്കൻ തെരഞ്ഞെടുപ്പിലും ഇവിടെ ജയിച്ചവരാണ് പ്രസിഡൻറായത്.
മിഷിഗനും ഇരുസ്ഥാനാർഥികളും വാശിയോടെ പ്രചാരണം നടത്തിയ സ്റ്റേറ്റാണ്. ഈ മൂന്ന് സ്റ്റേറ്റുകളിൽ നിന്നും പരമാവധി ഇലക്ടറൽ വോട്ടുകൾ ആര് ഉറപ്പിക്കുന്നുവോ അവർക്കായിരിക്കും 2025 മുതൽ നാല് വർഷത്തേക്ക് അമേരിക്കയുടെ പ്രസിഡൻറ് ആയിരിക്കാനുള്ള അവസരം ലഭിക്കുക. സാധാരണ അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തുമ്പോൾ ആരാവും വിജയിയെന്ന ചിത്രം ഏകദേശം തെളിയാറുണ്ട്. 2016-ൽ ഹിലരി ക്ലിൻറണെ തോൽപ്പിച്ച് ട്രംപ് വിജയിച്ച സമയത്താണ് ആരും പ്രതീക്ഷിക്കാത്ത ഫലം വന്നത്. ഇത്തവണ ഒരു സ്ഥാനാർഥിക്കും ഇതുവരെ സാധ്യത പറയാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
ഇന്ത്യൻ - അമേരിക്കൻ വോട്ട് ഉറപ്പിക്കാൻ ട്രംപ്
ഇന്ത്യൻ വംശജയായ കമലാ ഹാരിസാണ് എതിരാളിയെന്നതിനാൽ തന്നെ, ഇന്ത്യൻ - അമേരിക്കൻ വോട്ട് ഉറപ്പാക്കാൻ ട്രംപ് പരമാവധി പരിശ്രമിക്കുന്നുണ്ട്. ദീപാവലി ദിവസം അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് ആശംസകൾ നേർന്ന ട്രംപ്, കമലയെയും ജോ ബൈഡനെയും വിമർശിക്കുകയും ചെയ്തിരുന്നു. ഇരുവരും ഹിന്ദു സമൂഹത്തെ പൂർണമായും അവഗണിക്കുന്നവരാണെന്നാണ് ട്രംപ് പറഞ്ഞത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. “ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ ബംഗ്ലാദേശിൽ നടക്കുന്ന പ്രാകൃത ആൾക്കൂട്ട ആക്രമണങ്ങളെ ഞാൻ അപലപിക്കുന്നു,” ട്രംപ് എക്സിൽ കുറിച്ചു. അമേരിക്കയിലെയും ലോകത്തെമ്പാടുമുള്ള ഹിന്ദുസമൂഹത്തെയും അവഗണിക്കുകയാണ് ജോ ബൈഡനും കമലാ ഹാരിസും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വീണ്ടും അമേരിക്കയുടെ പ്രസിഡൻറായാൽ ഇന്ത്യയും, തൻെറ സുഹൃത്തും പ്രധാനമന്ത്രിയുമായിട്ടുള്ള നരേന്ദ്രമോദിയുമായിട്ടുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും ട്രംപ് വ്യക്തമാക്കി. “തീവ്ര ഇടതുപക്ഷക്കാരുടെ മതവിരുദ്ധ അജണ്ടയിൽ നിന്ന് അമേരിക്കയിലെ ഹിന്ദു സമൂഹത്തെ നമ്മൾ സംരക്ഷിക്കും. നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഞങ്ങൾ പോരാടും” - ട്രംപ് പറഞ്ഞു.
ദീപാവലി ദിവസത്തിലെ ട്രംപിൻെറ ഈ പരാമർശങ്ങൾ അമേരിക്കയിലെ ഹിന്ദു വോട്ടർമാരെയും ഇന്ത്യൻ - അമേരിക്കൻ വോട്ടർമാരെയം ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ ഭൂരിപക്ഷവും കാലാകാലങ്ങളായി ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ഉള്ള വോട്ടുബാങ്കാണ്. എന്നാൽ, 2020ന് ശേഷം ഈ വോട്ട് ബാങ്ക് റിപ്പബ്ലിക്കൻ പാർട്ടിയോട് കൂടുതൽ താൽപര്യം കാണിക്കുന്നതായാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇത്തവണ ഇന്ത്യൻ - അമേരിക്കൻ വോട്ട് ബാങ്കിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ട്രംപിന് കഴിഞ്ഞേക്കും.
ട്രംപിൻെറ സാധ്യതകൾ
78-കാരനായ ഡോണൾഡ് ട്രംപ് ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലരി ക്ലിൻറണെ തോൽപ്പിച്ചാണ് ആദ്യമായി അമേരിക്കയുടെ പ്രസിഡൻാവുന്നത്. ജോ ബൈഡനെതിരെ കഴിഞ്ഞ തവണ മത്സരിച്ചുവെങ്കിലും ഭരണത്തുടർച്ച ലഭിച്ചില്ല. ഇത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ മത്സരമാണ്. അമേരിക്കൻ ജനത ട്രംപിനെ ശക്തനായ നേതാവായിട്ടാണ് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യങ്ങളിൽ ഒന്നായിട്ടും അമേരിക്കൻ ജനത ഇതുവരെ ഒരു വനിതയെ പ്രസിഡൻറായി തെരഞ്ഞടുത്തിട്ടില്ല. 2016-ൽ ഹിലരി ക്ലിൻറണ് എല്ലാ പോൾഫലങ്ങളും സാധ്യത നൽകിയിരുന്നുവെങ്കിലും യാഥാസ്ഥിതിക വോട്ടർമാർ വനിതാ സ്ഥാനാർഥിയെ കയ്യൊഴിയുന്നതാണ് കണ്ടത്. ഇപ്പോഴും അമേരിക്കയിലെ 60 ശതമാനത്തിലധികം പുരുഷൻമാർ ട്രംപ് പ്രസിഡൻറാവാൻ ആഗ്രഹിക്കുന്നവരാണെന്ന് യൂഗവ് പോൾ പറയുന്നു. കമലയേക്കാൾ കരിസ്മാറ്റിക്കായ നേതാവാണ് ട്രംപെന്നാണ് അവരുടെ അഭിപ്രായം.
എക്കാലത്തും കുടിയേറ്റ വിരുദ്ധ നിലപാട് എടുത്തിട്ടുള്ള നേതാവാണ് ട്രംപ്. ഇത്തവണയും അത് അദ്ദേഹം വ്യക്തമായി തന്നെ പറയുന്നുണ്ട്. രക്തദാഹികളായ ക്രിമിനലുകളാണ് അമേരിക്കയിൽ കഴിയുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അദ്ദേഹത്തിൻെറ പരാമർശം. അമേരിക്കൻ ദേശീയതയിലൂന്നിയാണ് ട്രംപിൻെറ കുടിയേറ്റ വിരുദ്ധ നിലപാട്. അമേരിക്കൻ ജനതയെ കൂടുതൽ ശക്തരാക്കുക, സംരക്ഷിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അദ്ദേഹം ആവർത്തിച്ച് പറയുന്ന കാര്യം. കുടിയേറ്റ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ട്രംപിന് കൂടുതൽ പ്രാവീണ്യമുണ്ടെന്നാണ് പൊതുവിൽ അമേരിക്കൻ ജനതയുടെ വിലയിരുത്തൽ. അതായത്, ട്രംപിൻെറ കുടിയേറ്റവിരുദ്ധ നിലപാട് അമേരിക്കയിലെ ഒരുവിഭാഗം വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് സ്വാധീനം വർധിപ്പിക്കുന്നുണ്ട്.
ആഫ്രിക്കൻ അമേരിക്കൻ അഥവാ ഹിസ്പാനിക് വോട്ടുകളിലും ബ്ലാക് വോട്ടുകളിലുമൊക്കെ ട്രംപ് കാര്യമായി പ്രതീക്ഷ വെക്കുന്നുണ്ട്. പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്ന ബ്ലാക്ക് വോട്ടർമാരും റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ചാഞ്ഞുതുടങ്ങിയെന്ന് സി.എ.എൻ ഈയടുത്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥിത്വത്തിനായി മത്സരിച്ചിരുന്ന ഇന്ത്യൻ അമേരിക്കൻ സംരംഭകൻ വിവേക് രാമസ്വാമി അടക്കമുള്ളവർ ഇത്തവണ വലിയ പ്രചാരണമാണ് ബ്ലാക്ക് വോട്ടർമാരെ സ്വാധീനിക്കാനായി നടത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാനഘട്ടത്തിൽ പുറത്തുവന്നിട്ടുള്ള പോളുകൾ പറയുന്നത് ബ്ലാക്ക് പുരുഷൻമാരിൽ 18 മുതൽ 20 ശതമാനം വരെയും സ്ത്രീകളിൽ 7 മുതൽ 10 ശതമാനം വരെയും ട്രംപിനെ പിന്തുണയ്ക്കുമെന്നാണ്. യുവ ബ്ലാക്ക് വോട്ടർമാരിലും ട്രംപിന് പിന്തുണയേറുന്നുണ്ട്. ആഫ്രോ അമേരിക്കൻ സ്ഥാനാർഥിയായിട്ടും നേരത്തെ ബരാക് ഒബാമയ്ക്ക് ഈ സമൂഹത്തിൽ നിന്ന് കിട്ടിയ പോലുള്ള പിന്തുണ കമലയ്ക്ക് ലഭിക്കുന്നില്ലെന്നുള്ളത് ഡെമോക്രാറ്റുകൾക്ക് ആശങ്ക പകരുന്ന കാര്യമാണ്. റോയിട്ടേഴ്സ് - ഇപ്സോസ് സർവേഫലം പറയുന്നത് ഹിസ്പാനിക് വോട്ടർമാർക്കിടയിൽ കമലയ്ക്ക് 46 ശതമാനം പിന്തുണയും ട്രംപിന് 44 ശതമാനം പിന്തുണയുമുണ്ടെന്നാണ്. അതായത് ഇരുവരും തമ്മിലുള്ള വ്യത്യാസം വെറും 2 ശതമാനം മാത്രമാണ്.
കമലയുടെ കരുത്തും ദൗർബല്യം
പ്രസിഡൻറ് സ്ഥാനാർഥിയെന്ന നിലയിൽ താരതമ്യേന ചെറുപ്പമാണെന്നതാണ് കമലാ ഹാരിസിന് ട്രംപിനേക്കാൾ മേൽക്കൈ നൽകുന്ന ഒരു ഘടകം. 60 വയസ്സുള്ള കമല വേണോ, 78കാരനായ ട്രംപ് വേണോ എന്നത് വോട്ട് ചെയ്യുന്ന അമേരിക്കൻ ജനത ഉറപ്പായും ചിന്തിക്കും. തന്നേക്കാൾ പ്രായക്കൂടുതലുള്ള ജോ ബൈഡനെ, അതിൻെറ പേരിൽ പരിഹസിച്ചിരുന്ന ട്രംപ് ഇപ്പോൾ അക്കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല.
പൊതുവേദികളിൽ സത്യസന്ധതയോടെയും ആത്മാർഥയോടെയും സംസാരിക്കുന്ന വ്യക്തിയാണെന്ന ഇമേജ് കമലയ്ക്കുണ്ട്. പ്രസിഡൻഷ്യൽ ഡിബേറ്റിലും അത് കണ്ടതാണ്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളും അർദ്ധസത്യങ്ങളും പറയുന്നതിൽ കുപ്രസിദ്ധനാണ് ട്രംപ്. അമേരിക്കൻ വൈസ് പ്രസിഡൻറെന്ന നിലയിൽ നിലവിലെ ഭരണകൂടത്തെ നയിച്ചുള്ള കമലയുടെ പരിചയസമ്പത്ത് തീരുമാനങ്ങൾ എടുക്കുന്നതിലും മറ്റും അവരെ കൂടുതൽ പക്വതയുള്ള നേതാവാക്കി മാറ്റിയിട്ടുണ്ട്.
യൂഗവ് പോൾ പുറത്തുവിട്ട സർവേയിൽ പറയുന്നത് അമേരിക്കയിലെ മുസ്ലിങ്ങളുടെയും അറബ് വംശജരുടേയും പിന്തുണയിൽ രണ്ട് ശതമാനം മുന്നിലുള്ളത് ട്രംപാണെന്നാണ്. അവിടെയും കമല പിന്നിലാണ്. അറബ് അമേരിക്കക്കാർക്കിടയിൽ മിഡിൽ ഈസ്റ്റിലെ പ്രതിസന്ധി വലിയ ചർച്ചയാണ്. ട്രംപ് ഇസ്രായേൽ അനുകൂല നിലപാടെടുക്കുന്ന വ്യക്തിയാണെങ്കിലും നിലവിൽ ഗാസയിലും ലെബനനിലും നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനായി ബൈഡനും കമലയും നേതൃത്വം നൽകുന്ന ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്ന പരാതി അവർക്കിടയിലുണ്ട്. ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും ഡെമോക്രാറ്റുകളിൽ നിന്ന് വ്യത്യസ്തമായ നിലപാട് റിപ്പബ്ലിക്കൻ പാർട്ടി എടുക്കുമെന്നും അവർ പ്രതീക്ഷ വെക്കുന്നു. ട്രംപ് എൽ.ജി.ബി.ടി.ക്യൂ വിഷയങ്ങളിലടക്കം യാഥാസ്ഥിതിക നിലപാടെടുക്കുന്ന വ്യക്തിയാണെന്നതും പിന്തുണ വർധിക്കുന്നതിന് കാരണമാകുന്നു. മിഷിഗൺ പോലുള്ള സ്റ്റേറ്റിൽ മുസ്ലിം വോട്ടർമാരുടെ താൽപര്യം നിർണായകമാവും.
സാമൂഹിക വിഷയങ്ങളിൽ പുരോഗമന നിലപാടുകൾ എടുക്കുന്ന വ്യക്തിയെന്ന നിലയിൽ കമലയ്ക്ക് വലിയൊരു വോട്ട് ബാങ്കുണ്ട്. അവിടെയാണ് അവരുടെ ഏറ്റവും വലിയ പ്രതീക്ഷ. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന് കമല പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എതിർ നിലപാടാണ് ട്രംപിനുള്ളത്. രാജ്യത്തെ സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ ഈ ഒരൊറ്റ വിഷയത്തിൽ തന്നെ കമലയ്ക്കുണ്ട്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണം വരുമ്പോൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകാനായിരിക്കും കമല മുൻതൂക്കം നൽകുക. പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ പുരോഗതി തുടങ്ങിയ വിഷയങ്ങളിലെല്ലാം കമല, ട്രംപിനേക്കാൾ സമൂഹത്തിന് ഗുണകരമായ നയരൂപീകരണം നടത്തുമെന്ന് അമേരിക്കൻ ജനത കരുതുന്നതായി യൂഗവ് പോൾ പുറത്തുവിട്ട സർവേയിൽ പറയുന്നുണ്ട്. അതേസമയം രാജ്യസുരക്ഷ, ക്രമസമാധാനപാലനം, വിദേശകാര്യനയം, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ട്രംപ് ശക്തമായ നടപടികൾ എടുക്കുമെന്നും കമല ഇക്കാര്യങ്ങളിലെല്ലാം ദുർബലയാണെന്നും സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കമലാ ഹാരിസിന് 226 ഇലക്ടറൽ വോട്ടുകൾ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. ഡോണൾഡ് ട്രംപിന് 219 വോട്ടുകളും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. സ്വിങ് സ്റ്റേറ്റുകളിലെ ഡെമോക്രാറ്റ് വോട്ടുകളെല്ലാം ഉറപ്പാക്കാൻ സാധിച്ചാൽ കമലയ്ക്ക് 270 എന്ന നമ്പറിലെത്താനാവും. അവസാനഘട്ടത്തിലെ പ്രചാരണങ്ങളും അടിയൊഴുക്കുകളുമാണ് ഇനി നിർണായകമാവുക.