ഇപ്പോൾ ഇറാൻ;
ദുഃഖത്തിന്റെയും
ലജ്ജയുടെയും പാഠങ്ങൾ

‘‘ഏകാധിപതികൾ കൊല്ലപ്പെടുകയല്ല, നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയുമാണ് വേണ്ടത്. ഇപ്പോൾ, ഗാസയ്‌ക്കും ശേഷം, നെതന്യാഹു തന്നെ അങ്ങനെ ഒന്നിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുന്നത് ആലോചിച്ചു നോക്കൂ. അയാൾ ജനാധിപത്യ സംരക്ഷകനാവുന്നത് ആലോചിച്ചു നോക്കൂ. അത്, നമ്മെ ലജ്ജിപ്പിക്കുന്ന രാഷ്ട്രീയമാണ്’’- കരുണാകരൻ എഴുതുന്നു.

ധ്യേഷ്യയിലെ പുതിയ സംഘർഷത്തിന്റെ അനവധി കാരണങ്ങളിൽ നിന്ന് ഒന്നിനെ മാത്രം എടുത്ത് അന്വേഷിക്കുകയാണെങ്കിൽ അത് “രാഷ്ട്രീയ ജനാധിപത്യം” (Political Democracy) ഒരു പ്രേരക വേഗം എന്ന നിലയിൽ നിന്ന് പിൻവാങ്ങുകയോ ക്ഷയിക്കുകയോ ചെയ്യുന്നു എന്നതായിരിക്കും: ആശയമെന്ന നിലയ്ക്കുമാത്രമല്ല, ഭരണക്രമം എന്ന നിലയ്ക്കും. അതിനു പകരമായി, ‘തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപതികൾ’ ലോക രാഷ്ട്രീയത്തെ നിയന്ത്രിക്കുകയോ നിർണ്ണയിക്കുകയോ ചെയ്യുന്നു എന്നതാണ് ആ സ്പേസിൽ ഇന്ന് നമ്മൾ കാണുന്നത്. മുമ്പ് ഇറാക്ക്, ലിബിയ, യെമൻ, ലെബനോൺ തുടങ്ങിയ രാജ്യങ്ങൾ കടന്നുപോയ, ഇപ്പോഴും കടന്നു പോകുന്ന രാഷ്ട്രീയ ക്രമഭംഗത്തിലേക്ക് ഇറാനും ഈ ഇസ്രായേൽ / അമേരിക്കൻ ആക്രമണത്തിലൂടെ പ്രവേശിക്കുകയാണ്. ഇതൊരു ചരിത്രസന്ദർഭമാവുകയാണ്.

കഴിഞ്ഞ 37 വർഷം തന്റെ ഇരുമ്പുമുഷ്ടിയിൽ ഇറാൻ ഭരിച്ച ആയത്തുള്ള അലി ഖമനേയി ലോകത്തിലെ തന്നെ വലിയൊരു മർദ്ദക ഭരണകൂടത്തെയാണ് പ്രതിനിധീകരിച്ചത്: തന്റെ 'റിപ്പബ്ലിക്കി'ന് എതിരാണ് എന്ന ഒറ്റക്കാരണത്താൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയോ, വർഷങ്ങളോളം തടവിലാക്കപ്പെടുകയോ ചെയ്യുക ആ ഭരണത്തിൽ കീഴിൽ പതിവാണ്. അതിൽ മനുഷ്യാവകാശ പ്രവർത്തകരുണ്ട്, സ്ത്രീസ്വാതന്ത്ര്യ പ്രവർത്തകരുണ്ട്, എഴുത്തുകാരുണ്ട്, സിനിമാ പ്രവർത്തകരുണ്ട്. എന്നാൽ, ഈ കാരണങ്ങൾ കൊണ്ടൊന്നുമല്ല, വിവിധ അമേരിക്കൻ /ഇസ്രായേലി ഭരണത്തലവന്മാർ പല കാലങ്ങളിലായി ഇറാനെ ആക്രമിച്ചിട്ടുള്ളത്.
ഇപ്പോൾ ഖമനേയി അങ്ങനെയൊരാക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഈ മേഖലയിലെ സമ്പത്തും രാഷ്ട്രീയ മേധാവിത്വവും തങ്ങൾക്കെന്ന് ഉറപ്പുവരുത്താൻ അമേരിക്കയും പാശ്ചാത്യ സഖ്യ ശക്തികളും എന്നും ശ്രദ്ധിച്ചിട്ടുമുണ്ട്. ഇസ്ലാം എന്ന മതത്തിലെ തന്നെ പിളർപ്പുകളും ഇതിന് മണ്ണൊരുക്കിയിട്ടുമുണ്ട്.

ഈ മേഖലയിലെ ഏതൊരു വെട്ടിപ്പിടുത്തത്തെയും ലളിതമായി മനസിലാക്കുന്നതുപോലെ ഇത് ‘എണ്ണ’യുടെ മാത്രം പ്രശ്നമല്ല; മതത്തിന്, അതും ഒരു ഭൂരിപക്ഷ മതത്തിന്, ഒരു സമൂഹത്തെ ജനാധിപത്യവല്ക്കരിക്കാനുള്ള രാഷ്ട്രീയ ചാലക ശക്തിയായി എത്ര നാൾ തുടരാൻ കഴിയും എന്നുകൂടിയാണ്. അതിനൊരു കാലികാറുതി (expiry date) ഉണ്ടോ എന്നു കൂടിയാണ്. ഇതാകട്ടെ, ഒരു സമയം പഴയതും എല്ലാ സമയവും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നവുമാണ്. ഒരു പക്ഷേ ലോകമെങ്ങും. എന്നാൽ, ഇതിനു പരിഹാരമായോ പ്രതിരോധമായോ പ്രത്യക്ഷപ്പെടുന്ന ‘കരുത്തരായ ഭരണാധികാരികൾ’ ഇത്തരം സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധം, അതും, ഇതോടൊപ്പം നമ്മൾ ചർച്ച ചെയ്യണം. ഇറാന്റെ കാര്യത്തിൽ അതിനൊരു പ്രത്യേക കാരണവുമുണ്ട്.

ഖമനേയിയുടെ കൊലപാതകം കരുതിക്കൂട്ടിയ ഒന്നാണ് എന്നത് വസ്തുതയാണ്. അങ്ങനെ ഒരാളെ അധികാരത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതിലൂടെ തങ്ങൾക്കനുകൂലമായ ഒരു ‘പാവ ഭരണ’ത്തെ, മറ്റിടങ്ങളിൽ ചെയ്തതുപോലെ,  ഇറാനിലും പ്രതിഷ്ഠിക്കാം എന്ന് അമേരിക്കയും ഇസ്രായേലും കരുതുന്നു.
ഖമനേയിയുടെ കൊലപാതകം കരുതിക്കൂട്ടിയ ഒന്നാണ് എന്നത് വസ്തുതയാണ്. അങ്ങനെ ഒരാളെ അധികാരത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതിലൂടെ തങ്ങൾക്കനുകൂലമായ ഒരു ‘പാവ ഭരണ’ത്തെ, മറ്റിടങ്ങളിൽ ചെയ്തതുപോലെ, ഇറാനിലും പ്രതിഷ്ഠിക്കാം എന്ന് അമേരിക്കയും ഇസ്രായേലും കരുതുന്നു.

ഇന്ന്, ട്രംപ് ആകട്ടെ, നെതന്യാഹു ആകട്ടെ, തങ്ങൾക്ക് കൈവന്ന അധികാരത്തെ, അഥവാ അവരെ ജനങ്ങൾ ഏൽപ്പിച്ച അധികാരത്തെ, മറികടന്ന് ഒരു സവിശേഷാധികാരത്തിന്റെ കേന്ദ്ര സ്ഥാനത്ത് തങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പല കാര്യങ്ങളിലും ഇടപെടുന്നത്. അതിലൂടെ പുതിയൊരു രാഷ്ട്രീയക്രമത്തെ സൃഷ്ടിക്കാം എന്ന് അവർ വിശ്വസിക്കുന്നു. അല്ലെങ്കിൽ, അങ്ങനെ വിശ്വസിക്കാൻ നമ്മളും തയ്യാറാകുന്നു.

അതുകൊണ്ടുതന്നെ, മുമ്പുണ്ടായിരുന്നതുപോലെ, സാമ്രാജ്യത്വ / സോഷ്യൽ സാമ്രാജ്യത്വ ധ്രുവീകരണങ്ങളിൽ നിന്നു മാറി, പ്രത്യയശാസ്ത്ര മുക്തമായതും വരണ്ടതുമായ ഒരുതരം പുരുഷാധികാരത്തിന്റെ സ്വരം ഇന്ന് ഈ ‘സ്വേച്ഛാധിപതികൾ’ നേടിയിരിക്കുന്നു. പ്രത്യയശാസ്ത്രമുക്തമെന്നു പറഞ്ഞത്, ഏതൊരു ആശയശാസ്ത്രമാണോ തങ്ങളുടെ ഭരണകൂടത്തിന്റെ പിന്തുണയായി നിൽക്കുന്നത്, അതിനെ മറികടന്ന് ഭരണാധികാരികൾ നേടുന്ന മേൽക്കോയ്മയെ സൂചിപ്പിക്കാനാണ്. അഥവാ, വെറും മുതലാളിത്ത ജനാധിപത്യമല്ല, അല്ലെങ്കിൽ വെറും സയണിസമല്ല, യഥാക്രമം ട്രംപിനെയോ നെതന്യാഹുവിനെയോ സൃഷ്ടിക്കുന്നത്; മറിച്ച്, ഭരണാധികാരികൾ എന്ന നിലയ്ക്ക് അവർ വ്യക്തിപരമായി സ്ഥാപിക്കുന്ന താൽപര്യങ്ങളാണ്. നാർസിസ്റ്റുകളെ വിലയിരുത്തുമ്പോൾ സാധാരണ പറയാറുള്ളപോലെ, സ്വന്തം നാർസിസമാണ്, അതിന്റെ ‘സർഗ്ഗാത്മകത’യാണ്, ഇവരുടെ പ്രേരക വേഗം. അതാണ് അതിലെ അപകടവും. ഇതൊരു താത്ക്കാലിക സന്ദർഭമാകാം; എന്നാൽ, മനുഷ്യനും പ്രകൃതിക്കും അതുണ്ടാക്കുന്ന ദുരിതം ദീർഘകാലത്തേയ്ക്കായി മാറ്റിവെയ്ക്കപ്പെടുന്നു. നാം, സാധാരണ മനുഷ്യർ, കൂടുതൽ കൂടുതൽ ദുഃഖത്തിലേക്കും മനത്തകർച്ചയിലേക്കും നീങ്ങുന്നു.

ഖമനേയി രാഷ്ട്രീയക്കാരനായ മത പുരോഹിതനായതുകൊണ്ടുതന്നെ, ഒരുപക്ഷേ തന്റെ അന്ത്യത്തെ മറ്റൊരു തരത്തിൽ കാണാൻ ആഗ്രഹിക്കാത്തതുകൊണ്ടുതന്നെ, സ്വന്തം മരണത്തെ ‘രക്തസാക്ഷിത്വ’മായി മാറ്റിക്കൊണ്ട് ഈ യുദ്ധത്തെ അയാൾ രാഷ്ട്രീയമായി അതിജീവിക്കുന്നു.

1990 ഒക്ടോബറിൽ കുവൈത്തിൽ നിന്ന് ഇറാക്കിലെ ബസ്രയിലേക്ക് "ഇന്ത്യൻ അഭയാർഥി"കളുമായി പോകുന്ന ഒരു ബസ്സിൽ ഞാനും ഉണ്ടായിരുന്നു. അപരിചിതരും ഭയചകിതരും നിർഭാഗ്യവാന്മാരുമായ ഒരു കൂട്ടം ആളുകളുടെയിടയിൽ, ഒറ്റയ്ക്ക്. എനിക്ക് ആകെ പരിചയം എന്റെ മടിയിലിരിക്കുന്ന, ഞാൻ കൂട്ടി പ്പിടിച്ച് ഇരിക്കുന്ന എന്റെ ചെറിയ ബാഗ് ആയിരുന്നു. സദ്ദാം ഹുസൈന്റെ പട്ടാളം കുവൈറ്റ് ആക്രമിച്ച് കീഴ്പ്പെടുത്തി രണ്ടു മാസം കഴിഞ്ഞിരുന്നു, ഒരു രാജ്യത്തെ എങ്ങനെ രക്തരൂക്ഷിതമായ ദിവസങ്ങൾകൊണ്ട് തളർത്തിയിടാം എന്ന് കാണുകയായിരുന്നു, ഞാൻ. അതുവരെയും കേട്ടുകേൾവിയായ യുദ്ധം, അതിനു വേണ്ട കൂറ്റൻ ടാങ്കുകൾ, വിമാനങ്ങൾ, റോക്കറ്റുകൾ, പിന്നെ നിരത്തിൽ തോക്കുമായി അലയുന്ന പട്ടാളക്കാർ ഒക്കെ കണ്ട ആ നാളുകളിൽ നിന്ന്, ആ ദിവസങ്ങളിൽ നേരിട്ട ദുരനുഭവങ്ങളിൽ നിന്ന്, എന്തിലേക്കാണ് അഭയം തേടേണ്ടത് എന്നുപോലും ആ ദിവസങ്ങളിൽ എനിക്കറിയില്ലായിരുന്നു. അങ്ങനെ, ബസിൽ, പുറത്തേ സന്ധ്യയിലേക്ക് നോക്കി ഞാൻ അത്രയും വർഷത്തെ എന്റെ ജീവിതത്തെ കയ്പ്പോടെ ഓർക്കുകയായിരുന്നു.

ആ സമയം ഞങ്ങളുമായി പോകുന്ന ബസ് ഒരു പെട്രോൾ പമ്പിലേക്ക് കയറി. പെട്ടെന്ന്, അതിനെക്കാൾ വേഗത്തിൽ ബസിനെ ഒരു വലിയ കൂട്ടം സ്ത്രീകളും കുട്ടികളും വളഞ്ഞു. അവർ ബസിലെ യാത്രക്കാരുടെ ശ്രദ്ധ കിട്ടാൻ കൈകൾകൊണ്ട് ബസിൽ അടിക്കാൻ തുടങ്ങി. എന്തെങ്കിലും നൽകാൻ ഉച്ചത്തിൽ യാചിക്കാൻ തുടങ്ങി: പണമോ ബ്രഡോ… ആറ് കൊല്ലത്തെ ഇറാൻ - ഇറാക്ക് യുദ്ധം കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഞാനാ ആൾക്കൂട്ടത്തിലേക്ക് നോക്കി. അത്രയും മുഷിഞ്ഞ, അത്രയും നിരാശ്രയരായ, അത്രയും ദുഃഖിതരായ, ഭൂമിയിലെ ജീവിതത്തെ അതീവഭാരമായി കാണുന്ന സ്ത്രീകളെ, കുട്ടികളെ, ഞാൻ അതിനു മുമ്പോ പിമ്പോ കണ്ടിട്ടില്ല. എന്റെ കണ്ണുകൾ എനിക്കറിയാത്ത ഏതോ ആവികൊണ്ട് പൊള്ളുന്നപോലെ തോന്നി. ഇന്ന് ഇറാനെ കുറിച്ച് ഓർക്കുമ്പോഴും എന്റെ മനസ്സിൽ ആദ്യം എത്തുന്നത് ആ കാഴ്ചയാണ്.

ട്രംപ് ആകട്ടെ, നെതന്യാഹു ആകട്ടെ,  തങ്ങൾക്ക് കൈവന്ന അധികാരത്തെ, അഥവാ അവരെ ജനങ്ങൾ ഏൽപ്പിച്ച അധികാരത്തെ, മറികടന്ന് ഒരു സവിശേഷാധികാരത്തിന്റെ  കേന്ദ്ര സ്ഥാനത്ത് തങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പല കാര്യങ്ങളിലും  ഇടപെടുന്നത്.
ട്രംപ് ആകട്ടെ, നെതന്യാഹു ആകട്ടെ, തങ്ങൾക്ക് കൈവന്ന അധികാരത്തെ, അഥവാ അവരെ ജനങ്ങൾ ഏൽപ്പിച്ച അധികാരത്തെ, മറികടന്ന് ഒരു സവിശേഷാധികാരത്തിന്റെ കേന്ദ്ര സ്ഥാനത്ത് തങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് പല കാര്യങ്ങളിലും ഇടപെടുന്നത്.

യുദ്ധം അങ്ങനെയാണ്. ഏതൊരു രാജ്യത്തിനും യുദ്ധം സമ്മാനിക്കുന്നത് ദാരിദ്ര്യവും ദുഃഖവും അപമാനവും ജീവിതത്തോടുള്ള ശത്രുതയുമാണ്. അതുകൊണ്ടാണ് എക്കാലത്തും യുദ്ധം ഭരണാധികാരികളുടെ മാത്രമാവുന്നത്, ജനങ്ങൾ അതിലേക്ക് വലിച്ചുചേർക്കുന്ന നിശ്ശബ്ദ കാലാൾ മാത്രമാവുന്നത്.

ഖമനേയിയുടെ കൊലപാതകം കരുതിക്കൂട്ടിയ ഒന്നാണ് എന്നത് വസ്തുതയാണ്. അങ്ങനെ ഒരാളെ അധികാരത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്ന് ഉന്മൂലനം ചെയ്യുന്നതിലൂടെ തങ്ങൾക്കനുകൂലമായ ഒരു ‘പാവ ഭരണ’ത്തെ, മറ്റിടങ്ങളിൽ ചെയ്തതുപോലെ, ഇറാനിലും പ്രതിഷ്ഠിക്കാം എന്ന് അമേരിക്കയും ഇസ്രായേലും കരുതുന്നു. ഒരുപക്ഷെ, മറ്റ് ഗൾഫ് ഭരണാധികാരികൾ കരുതുന്നു. എന്നാൽ, ഖമനേയി രാഷ്ട്രീയക്കാരനായ മത പുരോഹിതനായതുകൊണ്ടുതന്നെ, ഒരുപക്ഷേ തന്റെ അന്ത്യത്തെ മറ്റൊരു തരത്തിൽ കാണാൻ ആഗ്രഹിക്കാത്തതുകൊണ്ടുതന്നെ, സ്വന്തം മരണത്തെ ‘രക്തസാക്ഷിത്വ’മായി മാറ്റിക്കൊണ്ട് ഈ യുദ്ധത്തെ അയാൾ രാഷ്ട്രീയമായി അതിജീവിക്കുന്നു. അമേരിക്കയെയും ഇസ്രായേലിനെയും മറ്റൊരു പാഠം പഠിപ്പിക്കുന്നു: ഏതൊരു ‘ഭരണമാറ്റ’ത്തെയും ഈ രക്ത സാക്ഷിത്വം വളരെ മുമ്പേ അട്ടിമറിച്ചിരിക്കുന്നു. ഇത് ദുഃഖകരമായ സംഗതിയാണ്. ഇതിനെ ആദർശവൽക്കരിക്കേണ്ടതില്ല.

ഏറ്റവും സങ്കടകരമായ അവസ്ഥ, ഖമനേയിയെ പോലുള്ള ഒരാൾ, നീതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിൽ നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുന്നില്ല എന്നാണ്.

ഏറ്റവും സങ്കടകരമായ അവസ്ഥ, ഖമനേയിയെ പോലുള്ള ഒരാൾ, നീതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിൽ നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുന്നില്ല എന്നാണ്. അല്ലെങ്കിൽ, അങ്ങനെയുള്ള ജനാധിപത്യ സംവിധാനങ്ങൾ തന്നെ അവിടെ നിലനിൽക്കുന്നില്ല എന്നാണ്. അങ്ങനെ നടക്കുമ്പോഴാണ് അത്തരമൊരു സമൂഹം കൂടുതൽ മനുഷ്യപ്പറ്റുള്ള ഒന്നാവുക; ജനാധിപത്യ മൂല്യങ്ങളിലേക്ക് പ്രവേശിക്കുക. അങ്ങനെയൊരവസരം ഇറാനിൽ അകത്തുനിന്നും പുറത്തുനിന്നും നിഷേധിക്കപ്പെട്ടും ഇരുന്നു. ഇനിയും അത് അങ്ങനെയാവും. കൂടുതൽ ഒറ്റപ്പെട്ട, കൂടുതൽ മർദ്ദകമാകാവുന്ന, ഒരു ഭരണമാകും ഈ അമേരിക്കൻ / ഇസ്രായേൽ ആക്രമണത്തിനും ഖമനേയിയുടെ കൊലയ്ക്കും ശേഷം ഇറാനിലുണ്ടാവുക എന്ന് അവിടെത്തന്നെയുള്ള ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും ഭയപ്പെടുന്നതും മറ്റൊന്നുകൊണ്ടല്ല.

ഏതൊരു രാജ്യത്തിനും  യുദ്ധം സമ്മാനിക്കുന്നത് ദാരിദ്ര്യവും ദുഃഖവും അപമാനവും ജീവിതത്തോടുള്ള ശത്രുതയുമാണ്.
ഏതൊരു രാജ്യത്തിനും യുദ്ധം സമ്മാനിക്കുന്നത് ദാരിദ്ര്യവും ദുഃഖവും അപമാനവും ജീവിതത്തോടുള്ള ശത്രുതയുമാണ്.

ഇറാൻ തരുന്ന പാഠം, മതപൗരോഹിത്യം ഭരണകൂട ആശയ ശാസ്ത്രമാകുന്നുവെങ്കിൽ അത് എന്തുകൊണ്ടും (എത്രമാത്രം) മർദ്ദക സംവിധാനമായി മാറും എന്നുതന്നെയാണ്. അങ്ങനെയൊരു ഭരണക്രമത്തെ ഒരു പുരോഗമന സമൂഹവും, എന്തിന്റെയും പേരിൽ ന്യായീകരിച്ചൂകൂടാ. ഏകാധിപതികൾ കൊല്ലപ്പെടുകയല്ല, നീതിന്യായ കോടതികളിൽ വിചാരണ ചെയ്യപ്പെടുകയും അവർ ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയുമാണ് വേണ്ടത്. ഇപ്പോൾ, ഗാസയ്‌ക്കും ശേഷം, നെതന്യാഹു തന്നെ അങ്ങനെ ഒന്നിൽനിന്ന് രക്ഷപ്പെട്ടു നിൽക്കുന്നത് ആലോചിച്ചു നോക്കൂ. അയാൾ ജനാധിപത്യ സംരക്ഷകനാവുന്നത് ആലോചിച്ചു നോക്കൂ. അത്, നമ്മെ ലജ്ജിപ്പിക്കുന്ന രാഷ്ട്രീയമാണ്, ഏതൊരു സ്വേച്ഛാധിപത്യവും മുമ്പേ വാഗ്ദാനം ചെയ്തത്.


Summary: Dictators should not be killed, but rather trialled in courts of justice and punished for their crimes, Karunakaran writes about Iran on the context of US Israel attack.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments