2014-ൽ പലസ്തീനിയൻ സംവിധായികയും നോവലിസ്റ്റുമായ ലിയാന ബദർ തൃശൂരിൽ സാഹിത്യ അക്കാദമി നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാതൃഭൂമിക്കുവേണ്ടി ഞാനവരെ ഇന്റർവ്യൂ ചെയ്തിരുന്നു. അവർ വരുന്ന സമയത്ത് ഗാസയിൽ ദിവസങ്ങൾ നീണ്ടുനിന്ന ഇസ്രായേൽ ബോംബാക്രമണം നടന്നിരുന്നു. ആയിരങ്ങൾ കൊല്ലപ്പെട്ട ആ ആക്രണത്തെ അപലപിച്ചും പലസ്തീനിയൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളത്തിലുടനീളം ബോർഡുകളും ബാനറുകളും ഉയർന്നിരുന്നു. സംഭാഷണത്തിനിടയിൽ ലിയാനാ ബദർ അത്ഭുതത്തോടെ ഇക്കാര്യം പരാമർശിച്ചു. ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെയുള്ള ഒരു രാജ്യത്തെ ജനങ്ങൾ പലസ്തീനിയൻ ജനതയോട് ഇത്രമേൽ ഐക്യപ്പെടുന്നതിലാണ് അവർക്ക് അത്ഭുതം തോന്നിയത്.
മുൻകാലങ്ങളെ അപേക്ഷിച്ച് യുദ്ധമുഖത്തുനിന്നുള്ള വാർത്തകളും ദൃശ്യങ്ങളും ഇപ്പോൾ കുറേക്കൂടി തീവ്രവും യഥാതഥവുമാണ്. ഹീബ്രു, അറബിക്, പേർഷ്യൻ സ്രോതസ്സുകളിൽനിന്നുള്ള വാർത്തകളും വിശകലനങ്ങളും യന്ത്രവിവർത്തനങ്ങളിലൂടെ അപ്പോഴപ്പോൾ വായനക്കാരിലെത്തിക്കാൻ ഇന്ന് സമാന്തര സംവിധാനങ്ങളുണ്ട്. സ്ഥിരീകരണമില്ലാത്തതോ തെറ്റായതോ ആയ വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് വാർത്താവിതരണം നടത്തുന്ന ടെലഗ്രാം ചാനലുകൾ ഇപ്പോൾ പരമ്പരാഗത മാധ്യമസ്ഥാപനങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന, നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും ഹീനമായ മനുഷ്യാവകാശപ്രശ്നങ്ങളാണ് പലസ്തീനിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്നത് എന്നതിന് വേണ്ടുവോളം ദൃശ്യത്തെളിവുകൾ ഇന്ന് ലഭ്യമാണ്. മനുഷ്യരെ ദിവസങ്ങളോളം പട്ടിണിക്കിടുകയും ഒരു നേരത്തെ ഭക്ഷണത്തിന് മണിക്കൂറുകളോളം മണ്ണിൽ കമിഴ്ന്നു കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന്റെ നേർച്ചിത്രം ഇപ്പോൾ ലോകത്തിനു മുന്നിലുണ്ട്. മാധ്യമപ്രവർത്തകരെയും ആരോഗ്യപ്രവർത്തകരെയും തിരഞ്ഞുപിടിച്ചു കൊല്ലുന്നതിന്റെ സചിത്രവിരണങ്ങളും ലഭ്യമാണ്.

ഒരു ദശകംമുമ്പ് പലസ്തീനിയൻ ജനതയോട് ഐക്യപ്പെടുന്നതിൽ മലയാളികൾക്ക് ഏതെങ്കിലും അസ്വാഭാവികത തോന്നിയിരുന്നില്ല. മറിച്ചൊരു അഭിപ്രായം പൊതുവെ ഉണ്ടായിരുന്നില്ല. 2023-ആയപ്പോഴേക്ക് സ്ഥിതി മാറി. നല്ലൊരു വിഭാഗം മലയാളികൾ ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിൽ പരസ്യമായി ഇസ്രായേലി പക്ഷത്തു നിൽക്കുന്നതാണ് ഇപ്പോൾ കാണുന്നത്. സോഷ്യൽ മീഡിയയിലാണ് വ്യാപകമായ ഇസ്രായേലി പക്ഷപാതം കാണുന്നത്. സ്വതന്ത്രമായ പോസ്റ്റുകൾ, പോസ്റ്റുകൾക്കടിയിൽ വരുന്ന കമന്റുകൾ, റീലുകൾ, ലൈവുകൾ തുടങ്ങി യൂറ്റ്യൂബ് വാർത്താചാനലുകൾ വരെ കൃത്യമായി ഇസ്രായേലി പക്ഷം പിടിക്കാൻ തുടങ്ങിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന, നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും ഹീനമായ മനുഷ്യാവകാശപ്രശ്നങ്ങളാണ് പലസ്തീനിയൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്നത് എന്നതിന് വേണ്ടുവോളം ദൃശ്യത്തെളിവുകൾ ഇന്ന് ലഭ്യമാണ്.
ഇത്തരം പക്ഷംപിടിക്കലുകൾ മാന്യമായ രാഷ്ട്രീയസംവാദങ്ങൾ എന്നതിനപ്പുറം വംശീയമായ വാഗ്വാദങ്ങളായി മാറിയിട്ടുണ്ട്. വൈകാരികമായ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറം വിശദമായ ചരിത്രവും ആഖ്യാനങ്ങളും ചമയ്ക്കപ്പെടുന്നുണ്ട്. ഈ ആഖ്യാനങ്ങളിൽ ഇസ്രായേൽ ചരിത്രത്തിലുടനീളം പീഡിപ്പിക്കപ്പെട്ട ജനതയാണ്. 1948-മുതൽ ചുറ്റുമുള്ള അറബ് രാജ്യങ്ങളാൽ വളയപ്പെടുകയും നിരവധി തവണ യുദ്ധങ്ങൾ നേരിടുകയും ചെയ്ത ജനതയാണ്. മനുഷ്യരുടെ ഹ്രസ്വസ്മൃതി ഉപയോഗപ്പെടുത്തി പലസ്തീനിയൻ കോസിനെ 2023-ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിലേക്കു നടത്തിയ കടന്നുകയറ്റത്തിലേക്കും അതിനോടുള്ള ഇസ്രായേലി പ്രതികരണത്തിലേക്കും ചുരുക്കാൻ ഈ ആഖ്യാനങ്ങൾക്കു സാധിച്ചിട്ടുണ്ട്. 1948-നു ശേഷം പലസ്തീൻ എന്നൊരു രാജ്യം നിലനിൽക്കുന്നില്ല എന്നും പകരം ഇസ്രായേൽ, ജോർദ്ദാൻ, ഈജിപ്ത് തുടങ്ങിയ കക്ഷികൾ പലസ്തീനിയൻ ഭൂമി കൈവശം വയ്ക്കുകയാണ് ഉണ്ടായതെന്നുമുള്ള ചരിത്രം സൗകര്യപൂർവം മറച്ചുവയ്ക്കപ്പെടുന്നു. പശ്ചിമേഷ്യയിലെ ഏക ആധുനിക ജനാധിപത്യരാജ്യം പലസ്തീനിയൻ തീവ്രവാദികളാൽ തുടർച്ചയായി ആക്രമിക്കപ്പെടുന്നു എന്നും തീവ്രവാദപ്രവർത്തനങ്ങളെ പ്രതിരോധിക്കാനും അമർച്ച ചെയ്യാനും ഇസ്രായേലിന് അവകാശമുണ്ടെന്നും ന്യായവാദങ്ങളുടെ പരമ്പര നീളുന്നു.
ഈ ലേഖകൻ ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കരുത് എന്നു വാദിക്കുന്ന ആളല്ല. ഭൂതകാലത്തു സംഭവിച്ച തെറ്റുകളെ പാടേ തിരുത്തി മുന്നേറുക എന്നത് ജനതകളെയും രാജ്യങ്ങളെയും സംബന്ധിച്ച് അത്ര എളുപ്പമല്ല. അത് പുതിയ പ്രശ്നങ്ങൾക്കു കാരണമാകും. 1917-ലെ ബാൽഫർ ഡിക്ലറേഷൻ നടക്കുമ്പോൾ പലസ്തീൻ അടക്കമുള്ള പ്രദേശങ്ങൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമാണ്. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യം തകരുന്നതിനുമുമ്പുതന്നെ യൂറോപ്പിൽ അവരുടെ പ്രദേശങ്ങളുടെ വീതംവയ്പ്പു നടന്നിരുന്നു. യുദ്ധത്തിൽ യൂറോപ്പിലെ ജൂതജനതയുടെ സഹായം ഉറപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ രാജ്യദാനപ്രഖ്യാപനം നടത്തിയിരുന്നത്. 1915-16 കാലത്ത് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അറബ് നേതാക്കളും തമ്മിലുണ്ടാക്കിയ ഹുസൈൻ- മക്മഹോൻ കരാറിന്റെ ഉള്ളടക്കവുമായി പൊരുത്തപ്പെടാത്ത കരാറായിരുന്നു പലസ്തീനിൽ ജൂതരാജ്യം വാഗ്ദാനം ചെയ്യുന്ന കരാർ.

അറബ് പ്രദേശങ്ങൾ വീതിച്ചെടുക്കാൻ രഹസ്യമായി ഫ്രാൻസും ബ്രിട്ടനും തമ്മിലും ഒരു കരാറുണ്ടായിരുന്നു, സൈക്സ്- പിക്കോ കരാർ (1916). 1920-മുതൽ പലസ്തീൻ ബ്രിട്ടീഷ് മാന്റേറ്റായി. യൂറോപ്പിൽനിന്ന് പലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ഊർജ്ജിതമാകുകയും ക്രമമായി സംഘർഷങ്ങളും കൂട്ടക്കൊലകളും അരങ്ങേറുകയും ചെയ്തു. 1948-ൽ ഐക്യരാഷ്ട്രസഭ പലസ്തീനെ ഇസ്രായേലെന്നും പലസ്തീനെന്നും വിഭജിച്ചെങ്കിലും അറബികൾ ഈ വിഭജനത്തെ അംഗീകരിച്ചില്ല. ഇസ്രായേൽ ഏകപക്ഷീയമായി രാജ്യം പ്രഖ്യാപിച്ചു. പലസ്തീൻ രാജ്യത്തിനായി നിർദ്ദേശിച്ച സ്ഥലങ്ങളിൽ വെസ്റ്റ് ബാങ്കല്ലാത്ത പ്രദേശങ്ങൾ മുഴുവൻ ഇസ്രായേൽ പിടിച്ചെടുത്തു. അന്താരാഷ്ട്ര നിയന്ത്രണത്തിൽ നിർത്താൻ നിർദ്ദേശിക്കപ്പെട്ട ജറുസലേമിന്റെ കിഴക്കുഭാഗവും വെസ്റ്റു ബാങ്കും ബ്രിട്ടീഷ് നിർദ്ദേശപ്രകാരം ജോർദ്ദാൻ നിയന്ത്രണത്തിലാക്കി. ഗാസ ചീന്ത് ഈജിപ്തിന്റെ നിയന്ത്രണത്തിലുമായി. ഇസ്രായേലായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽനിന്ന് ലക്ഷക്കണക്കിനു പലസ്തീനികൾ വെസ്റ്റ് ബാങ്കിലും ഗാസയിലും സിറിയയിലും ലെബനോനിലും ഇറാഖിലും മറ്റും അഭയാർത്ഥികളായി. പലസ്തീൻ എന്നൊരു രാജ്യം മുക്കാൽ നൂറ്റാണ്ടിനു ശേഷവും ഉണ്ടായില്ല. 1967-ലെ യുദ്ധത്തിൽ ജോർദ്ദാനും ഈജിപ്തും നിയന്ത്രിച്ച പ്രദേശങ്ങൾ ഇസ്രായേൽ പിടിച്ചെടുത്തു. അക്കാലം മുതൽ പലസ്തീൻ ജനത സൈനിക അധിനിവേശത്തിൻ കീഴിലാണ്. 67-ൽ സിറിയയിൽനിന്ന് ഗോലാൻ കുന്നുകളും ഇസ്രായേൽ പിടിച്ചെടുക്കുകയുണ്ടായി.
1964-ൽ യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ പോരാട്ടസംഘടനകൾക്കുള്ള അമ്പ്രല്ലാ ഓർഗനൈസേഷനായി പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപംകൊള്ളുകയും ലോകവ്യാപകമായി ഈ സംഘടനയ്ക്ക് അംഗീകാരം നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു. 1988-ൽ അൾജിയേഴ്സിൽവച്ച് അറാഫത്ത് ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ പ്രഖ്യാപിച്ചു. വർഷങ്ങൾകൊണ്ട് ലോകരാജ്യങ്ങളിൽ 80 ശതമാനവും സ്വതന്ത്ര പലസ്തീൻ രാജ്യത്തെ അംഗീകരിച്ചു. കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് അവസാനമായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഇറ്റലി പലസ്തീനെ അംഗീകരിക്കാത്തതിന്റെ പേരിൽ ആ രാജ്യത്തെ ജനങ്ങൾ പ്രക്ഷോഭത്തിലുമാണ്.
1980, 81 വർഷങ്ങളിൽ ഇസ്രായേൽ പാസാക്കിയ വ്യത്യസ്ത നിയമങ്ങളിലൂടെ കിഴക്കൻ ജറുസലേമും ഗോലാൻ കുന്നുകളും ഇസ്രായേലിനോടു ചേർക്കപ്പെട്ടു. ഗോലാനിലെ ജനതയ്ക്ക് ഇസ്രായേൽ പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും ജറുസലേമിലെ പൗരത്വമോ വോട്ടവകാശമോ ഇല്ലാത്ത രണ്ടാംതരം ജനതയാണ്.
തീവ്രവലതുപക്ഷവാദത്തിലേക്കും വംശീയതയോളമെത്തുന്ന മനുഷ്യവിരുദ്ധതയിലേക്കും കേരളീയരിൽ വലിയൊരു വിഭാഗം പതിച്ചതിന്റെ നേർച്ചിത്രം കാണിച്ചുതരുന്നു എന്നതാണ് ഗാസ തരുന്ന ഒരു ഉപപാഠം.
പലസ്തീൻ വിഷയത്തിൽ പിന്നീടുണ്ടായ പ്രധാന സംഭവവികാസം, 1993-ലെ ഓസ്‍ലോ കരാറാണ്. യാസർ അറഫാത്തും മഹമൂദ് അബ്ബാസും പലസ്തീൻ പക്ഷത്തും ഇത്‍സ്ഹാക് റബീനും ഷിമോൺ പെരസും ഇസ്രായേൽ പക്ഷത്തും നിന്ന് ചർച്ചകൾ നടത്തി രൂപപ്പെടുത്തിയ ഈ സമാധാന ഉടമ്പടിപ്രകാരം പരിമിതമായ അധികാരങ്ങളുള്ള പലസ്തീൻ അതോറിറ്റി നിലവിൽ വന്നു. വെസ്റ്റ് ബാങ്കും ഗാസയും ഇതിന്റെ ഭാഗമായി. 2006-ൽ നടന്ന പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ (PLC) തെരഞ്ഞെടുപ്പിൽ ഹമാസ് പലസ്തീൻ അതോറിറ്റിയുടെ ഭരണത്തിലെത്തി. ഹമാസിന് 44.45% വോട്ടും 132 സീറ്റുകളിൽ 74 സീറ്റും ലഭിച്ചപ്പോൾ അറഫാത്തിന്റെ പാർട്ടിയായ ഫത്താ പാർട്ടി 41.43% വോട്ടോടെ 45 സീറ്റുകൾ മാത്രമേ നേടിയുള്ളൂ. ഈ വിജയത്തെ ഇസ്രായേലും പാശ്ചാത്യലോകവും അംഗീകരിച്ചില്ല. ഫത്തായും ഹമാസും തമ്മിൽ യുദ്ധത്തിലാവുകയും ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കൈകളിലാവുകയും ചെയ്തു. 20 ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഗാസ അന്നു മുതൽ ഇസ്രായേലിന്റെ കണ്ണിലെ കരടാണ്. കരയിലും കടലിലും ആകാശത്തും ഉപരോധമേർപ്പെടുത്തി ഗാസയെ ഒരു ജയിലാക്കി മാറ്റുകയാണ് ഇസ്രായേൽ ചെയ്തത്. 2007-ൽ ഇസ്രായേൽ ഉപരോധം ശക്തമാക്കിയശേഷം തുരങ്കങ്ങളിലൂടെ ഈജിപ്തിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന വിഭവങ്ങളിലാണ് ഗാസ ജീവിച്ചത്. 2014-ൽ ഈജിപ്തിൽ സീസി അധികാരത്തിലെത്തിയതോടെ ഈ തുരങ്കങ്ങളിൽ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു.
2007-ന് ശേഷം, ഗാസയിൽ നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളും ഇസ്രായേലിന്റെ സൈനിക പ്രതികാരങ്ങളും രൂക്ഷമായി. 2008-09, 2012, 2014, 2021 വർഷങ്ങളിൽ ഇസ്രായേൽ ഗാസ ആക്രമിക്കുകയും ആയിരങ്ങളുടെ മരണത്തിലും വിവരാണീതമായ ഭൗതികനാശങ്ങൾക്കും കാരണമാകുകയും ചെയ്തു. 2023 ഒക്ടോബർ 7-ലെ ഹമാസിന്റെ ആക്രമണത്തെ തുടർന്ന് (ഇതിൽ 1200+ ഇസ്രായേലികൾ കൊല്ലപ്പെട്ടു) ഇസ്രായേലിന്റെ ഗാസയിലെ സൈനികനടപടികൾ തുടരുന്നു.
ഇത്‍സ്ഹാക് റബീനും ഷിമോൺ പെരസിനും ശേഷം വന്ന ഇസ്രായേലി നേതാക്കൾ ഓസ്‍ലോ കരാറിന്റെ അന്തസ്സത്തയ്ക്ക് എതിരായി പ്രവർത്തിക്കുയും പലസ്തീനിയൻ പ്രദേശങ്ങളിലേക്ക് ആസൂത്രിതമായ ജൂത കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇത് അടിക്കടിയുള്ള സംഘർങ്ങളിലും പലസ്തീനികളുടെ സ്വത്തിന്റെയും ജീവന്റെയും നഷ്ടത്തിലും കലാശിച്ചു. ഇത്തരം കൈയേറ്റങ്ങളും അക്രമങ്ങളുമാണ് ഹമാസിന്റെ കടന്നുകയറ്റത്തിന് നിമിത്തമായി പറയപ്പെടുന്നത്.
പലസ്തീൻ കോസുമായി ബന്ധപ്പെട്ട് എന്തു പറയുമ്പോഴും ചെറിയ രീതിയിലെങ്കിലും ഈ ചരിത്രം പറഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്. കേരളത്തിൽ ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ചർച്ചകളിൽ പലസ്തീനും ഇസ്രായേലും രണ്ടു രാജ്യങ്ങളാണ്, തുല്യശക്തികളാണ്. വാസ്തവം അതല്ല. സ്വന്തമായി സൈന്യമോ വിഭവശേഷിയോ ഇല്ലാത്ത അധിനിവേശിത ജനതയാണ് പലസ്തീനികൾ. സൈന്യം എന്നു വിളിക്കാൻ ഒരു തരത്തിലും അർഹതയില്ലാത്ത, ഏതാനും ആയിരം പേരുള്ള മിലിറ്റന്റ് ഓർഗനൈസേഷൻ മാത്രമാണ് ഹമാസ്. ഒളിയുദ്ധങ്ങൾക്കപ്പുറം ഒരു മിലിറ്ററി ഓപ്പറേഷൻ നടത്താനുള്ള ശേഷി ഹമാസിനില്ല. ഹെവി മിലിറ്ററി ആയുധങ്ങളോ കവചിത വാഹനങ്ങളോ ടാങ്കുകളോ ഹമാസിന് ഇല്ല. വ്യോമസേനയോ വ്യോമപ്രതിരോധ സംവിധാനങ്ങളോ ഇല്ല. സങ്കീർണമായ തുരങ്കശൃംഘലയെ ആശ്രയിച്ചുള്ള ഗറില്ലാ യുദ്ധമാണ് അവരുടെ വഴി. ഹമാസിനെ ആക്രമിക്കുക എന്ന പേരിൽ യഥാർത്ഥത്തിൽ ഇസ്രായേൽ ചെയ്യുന്നത് ഗാസയിലെ പലസ്തീനിയൻ ജനതയെ തുരത്തുക എന്ന പണിയാണ്.

360 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 20-22 ലക്ഷം മനുഷ്യർ തിങ്ങിപ്പാർക്കുന്ന, വൈദ്യുതിയ്ക്കും വെള്ളത്തിനും ഭക്ഷണത്തിനും തൊഴിലിനും അധിനിവേശകരെ തന്നെ ആശ്രയിക്കുന്ന ഒരു ജനതയെ സമ്പൂർണ സൈനികശക്തി ഉപയോഗിച്ച് ആക്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ലോകം കാണുന്നത്. വിശപ്പിനെയും ദാഹത്തെയും ആയുധമാക്കുക എന്നത് ആധുനികലോകം ഒരു നിലയ്ക്കും അംഗീകരിക്കുന്ന കാര്യമല്ല. ആശുപത്രികൾ, വിദ്യാലയങ്ങൾ, സാധാരണ ജനങ്ങളുടെ പാർപ്പിടങ്ങൾ, ജീവനോപാധികൾ, പൊതുസംവിധാനങ്ങൾ എന്നിവയൊന്നും സൈനികലക്ഷ്യമാകരുതെന്നാണ് ആധുനിക യുദ്ധപ്രമാണം. 1949-ലെ ജനീവ കൺവെൻഷനും തുടർച്ചയായി വന്ന അധിക പ്രോട്ടോക്കോളുകളും ഹേഗ് കൺവൻഷനുകളും സാധാരണക്കാരുടെ നേരെയുള്ള സൈനിക അതിക്രമങ്ങൾ യുദ്ധക്കുറ്റമായി വിശദീകരിച്ചിട്ടുണ്ട്. ഒരു ജനതയുടെ 80 ശതമാനത്തിലധികം പാർപ്പിടങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും ജീവനോപാധികളും നശിപ്പിക്കപ്പെട്ട യുദ്ധം തികഞ്ഞ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ബന്ധപ്പെട്ട സമിതികൾ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.
ഗാസയിലെ ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച് ഭൂമി സുഖവാസ ടൂറിസ്റ്റ് മേഖലയാക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് പ്രസിഡണ്ട് പല തവണ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ജനതയെ ബലമായി അവർ ജീവിക്കുന്ന പ്രദേശത്തുനിന്ന് ബലമായി നീക്കം ചെയ്യുന്നതിന് യാതൊരുവിധ നിയമപ്രാബല്യവുമില്ലെന്നിരിക്കേ തന്നെ ഈ മനുഷ്യരെ എങ്ങോട്ടാണ് കൊണ്ടുപോവുക എന്നോ ആരാണ് അവരെ ഏറ്റെടുക്കുക എന്നോ ഇപ്പോഴും വ്യക്തമല്ല. വെസ്റ്റ് ബാങ്കുകൂടി പിടിച്ചെടുക്കും എന്ന് ഇസ്രായേൽ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
മാനവികതയുടെയും ഇടതുപക്ഷബോധ്യങ്ങളുടെയും ചെറുതുരുത്തായിരുന്ന കേരളം പതിയെ തീവ്ര വലതുപക്ഷ യുക്തികളിലേക്കും അക്രാമകമായ ആഹ്ലാദങ്ങളിലേക്കും വഴിമാറുന്നത് ഒട്ടും ആശാസ്യമല്ല.
ഗാസയും മലയാളികളും
''എങ്ങുമനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തീടുകയാ;-
ണെങ്ങോ മർദ്ദന, മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു’’
എന്നെഴുതിയ എൻ.വി. കൃഷ്ണവാര്യർ ജീവിച്ച നാടാണ് കേരളം. സാർവലൗകികമായ മാനവികത എന്ന ആശയത്തിൽനിന്നാണ് തീവ്രവലതുപക്ഷവാദത്തിലേക്കും വംശീയതയോളമെത്തുന്ന മനുഷ്യവിരുദ്ധതയിലേക്കും കേരളീയരിൽ വലിയൊരു വിഭാഗം പതിച്ചതിന്റെ നേർച്ചിത്രം കാണിച്ചുതരുന്നു എന്നതാണ് ഗാസ തരുന്ന ഒരു ഉപപാഠം. ലോകം അനീതിയെന്നു പ്രഖ്യാപിക്കുന്നത് നീതിയായി കാണുന്ന ഞെട്ടിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. ലോകത്തെവിടെ യുദ്ധം നടന്നാലും അത് മാനവരാശിക്കെതിരെയുള്ളതാണ്. ഇസ്രായേലിയോ പലസ്തീനിയോ കൊല്ലപ്പെടേണ്ടവരല്ല. ഇസ്രായേലികൾക്കെന്ന പോലെ പലസ്തീനികൾക്കും സ്വന്തമായി രാജ്യമുണ്ടാകേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം ഏതെങ്കിലുമൊരു രാജ്യത്ത് അവർക്ക് പൗരത്വം ലഭിക്കേണ്ടതുണ്ട്. ഇതിനുപകരം പലസ്തീനികൾ കൊല്ലപ്പെടുന്നത് ആഹ്ലാദത്തോടെ കാണുകയും അവരുടെ കെട്ടിടങ്ങൾ തകർക്കപ്പെടുന്നത് ആവർത്തിച്ചു കണ്ട് രസിക്കുകയും അത്രയും ‘തീവ്രവാദികൾ’ തീർന്നല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നത് മലയാളികളെ സംബന്ധിച്ച് അസ്വസ്ഥജനകമായ പുതുമയുള്ള കാര്യമാണ്. മാനവികതയുടെയും ഇടതുപക്ഷബോധ്യങ്ങളുടെയും ചെറുതുരുത്തായിരുന്ന കേരളം പതിയെ തീവ്ര വലതുപക്ഷ യുക്തികളിലേക്കും അക്രാമകമായ ആഹ്ലാദങ്ങളിലേക്കും വഴിമാറുന്നത് ഒട്ടും ആശാസ്യമല്ല.
ചരിത്രബോധമോ സഹജീവികളുടെ നിർണായകമായ ഗതികേടിൽ അനുതാപമോ ഇല്ലാത്ത ഒരു വലതുപക്ഷക്കൂട്ടം രൂപംകൊള്ളുന്നത് അത്യന്തം അപകടകരമാണ്. ആഭ്യന്തരവും രാജ്യാന്തരവുമായ ഛിദ്രശക്തികൾക്ക് വഴങ്ങാനും രാജ്യത്ത് വംശീയകലാപമുണ്ടാക്കാനുമുള്ള ഋണാത്മകമായ കരുത്ത് ഈ കൂട്ടർക്കുണ്ട്. വംശീയമായ ഉന്മൂലനാണ് പരിഹാരം എന്നാണ് ഇവർ ധരിച്ചുവച്ചിരിക്കുന്നത്. മനുഷ്യരെ വംശീയമായി ശത്രുപക്ഷത്ത് നിർത്തുകയും ഡീ ഹ്യൂമനൈസ് ചെയ്ത് നശിപ്പിക്കുകയും ചെയ്യുക എന്ന യുക്തിയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ് ഇവർ. പല ഇന്ത്യൻ സംസ്ഥാനങ്ങളിലും നടക്കുന്ന ജെ.സി.ബി രാജിനെ ഇവർ സ്വാഗതം ചെയ്യുന്നു. പതിനായിരക്കണക്കിനു മനുഷ്യരാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ജെ.സി.ബി രാജിലൂടെ ഭവനരഹിതരായത്. നിലവിലുള്ള ഏതെങ്കിലും നിയമമോ ചട്ടമോ ഏകപക്ഷീയമായ ഇത്തരം ശിക്ഷ നടപ്പാക്കലുകളെ സാധൂകരിക്കുന്നില്ല. നോട്ടീസ്, വിചാരണ പോലുള്ള കാര്യങ്ങൾ ഇല്ല. ആളുകൾക്ക് എതിർവാദങ്ങൾ ഉന്നയിക്കാനുള്ള അവസരമില്ല. നീതിയുമായി ബന്ധപ്പെട്ട എല്ലാ ആധുനിക തത്വങ്ങളെയും കാറ്റിൽ പറത്താൻ സാധിക്കുന്നത് ഒരു വിഭാഗം മനുഷ്യരെ ഡീ- ഹ്യൂമനൈസ് ചെയ്യുന്നതുകൊണ്ടാണ്. മനുഷ്യരല്ലാത്തവർക്ക് പൗരാവകാശങ്ങളോ മനുഷ്യാവകാശങ്ങളോ ഇല്ല എന്ന ബാലിശവും അയുക്തികവുമായ ചിന്തയാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിൻബലം. ഗാസ വിഷയത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നടക്കുന്ന ചർച്ചകൾ മലയാളികളും ഇത്തരത്തിൽ അനുദിനം വലതുപക്ഷവൽക്കരിക്കപ്പെടുന്നു എന്നതിന് തെളിവാണ്.
-0e59.jpg)
വംശീയ ഉന്മൂലനം മനുഷ്യർ തമ്മിലുള്ള പ്രശ്നങ്ങൾക്കു പരിഹാരമേ അല്ല എന്നതിന് പലസ്തീൻ പ്രശ്നം തന്നെയാണ് ഉദാഹണം. 1948-ൽ യു.എൻ.ദ്വിരാഷ്ട്ര പരിഹാരമാണ് മുന്നോട്ടു വച്ചതെങ്കിലും ഇസ്രായേൽ ഒറ്റ രാഷ്ട്രം എന്ന നിലയിലാണ് മുന്നോട്ടു പോയത്. ഇസ്രായേലും ജോർദ്ദാനും പിടിച്ച 26 ശതമാനം ഭൂമിയൊഴികെ എല്ലാം അവർ പിടിച്ചെടുത്തു. 1967-ൽ ഈ 26 ശതമാനവും പിടിച്ചെടുത്തു. തങ്ങളുടെ സൈനികനിയന്ത്രണത്തിൽ നിർത്തിയ പലസ്തീനിയൽ ജനതയ്ക്ക് ഒരുകാലത്തും പൌരത്വമോ അടിസ്ഥാന അവകാശങ്ങളോ നൽകിയില്ല. അവരുടെ ഭൂമി ഓരോ വർഷവും ചുരുങ്ങിച്ചുരുങ്ങി വന്നു. എന്നിട്ടും മുക്കാൽ നൂറ്റാണ്ടായിട്ടും ആ ജനത പിടിച്ചു നിൽക്കുന്നു. അവരുടെ ജനസംഖ്യ എത്രയോ ഇരട്ടിയായിരിക്കുന്നു. 20-22 ലക്ഷം വരുന്ന ഗാസാനിവാസികളെ രാജ്യത്തുനിന്നു തന്നെ പുറംതള്ളാം എന്നത് ഇസ്രായേലിനെ സംബന്ധിച്ച് കൂടുതൽ വലിയ പ്രശ്നങ്ങളാവും ഉണ്ടാക്കുക. ഏതാണ്ട് 40 ലക്ഷം മനുഷ്യർ ജീവിക്കുന്ന വെസ്റ്റ് ബാങ്കു കൂടി അറ്റാച്ചു ചെയ്യുക(ഇസ്രായേലിന്റെ പുതിയ സൈനികനയമനുസരിച്ച് അവർക്ക് ജനതയെ ആവശ്യമില്ല, മറിച്ച് ഭൂമി മാത്രമേ വേണ്ടൂ.) തികച്ചും ആത്മഹത്യാപരം ആയിരിക്കും. ഇത് ഇസ്രായേൽ എന്ന രാജ്യത്തിന്റെ തന്നെ നിലനില്പിനെ ബാധിക്കും.
പലസ്തീനികൾ കൊല്ലപ്പെടുന്നത് ആഹ്ലാദത്തോടെ കാണുകയും അവരുടെ കെട്ടിടങ്ങൾ തകർക്കപ്പെടുന്നത് ആവർത്തിച്ചു കണ്ട് രസിക്കുകയും അത്രയും ‘തീവ്രവാദികൾ’ തീർന്നല്ലോ എന്ന് ആശ്വസിക്കുകയും ചെയ്യുന്നത് മലയാളികളെ സംബന്ധിച്ച് അസ്വസ്ഥജനകമായ പുതുമയുള്ള കാര്യമാണ്.
2023 ഒക്ടോബർ 7-നു ശേഷം നടന്ന ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ എത്ര പണച്ചെലവുണ്ടായി എന്ന് ഒരു എ.ഐ ആപ്പിനോടു ചോദിച്ചപ്പോൾ തന്ന കണക്കാണ് താഴെ കൊടുക്കുന്നത്:
ഇസ്രായേലും യു.എസും കൂടി ഇതുവരെ ചെലവിട്ടത് ഏകദേശം ഏഴര ലക്ഷം കോടി രൂപയാണ്. യുദ്ധത്തിൽ കക്ഷികളായ മറ്റു രാജ്യങ്ങളുടെ ചെലവ് ഒരു ലക്ഷം കോടി രൂപയാണത്രെ. യുദ്ധംകൊണ്ടുണ്ടായ നാശനഷ്ടങ്ങൾ എല്ലാം കൂടി 12.6 ലക്ഷം കോടി രൂപ വരും.
തകർന്ന വിമാനങ്ങൾക്കും മുങ്ങിയ കപ്പലുകൾക്കും പരസ്പരം പറത്തിയ മിസൈലുകൾക്കും മിസൈൽവേധ മിസൈലുകൾക്കും എല്ലാം കൂടി ഈ തുക മതിയോ എന്നു സംശയമുണ്ട്.
എല്ലാംകൂടി 21.1 ലക്ഷം കോടി രൂപ. ഇത് ഇന്ത്യൻ ബഡ്ജറ്റിന്റെ 42% വരും. ഇസ്രായേലി ബഡ്ജറ്റിന്റെ 1.15 മടങ്ങും ഇറാൻ ബഡ്ജറ്റിന്റെ 3.97 മടങ്ങും ശ്രീലങ്കൻ ബഡ്ജറ്റിന്റെ 9.91 മടങ്ങും പാക്കിസ്താൻ ബഡ്ജറ്റിന്റെ 3.84 മടങ്ങും അധികമാണ്.
ബില്യൺ കണക്കിന് ഡോളർ ചെലവിട്ട് അമേരിക്ക നിലനിർത്തുന്ന പ്രോക്സി സ്റ്റേറ്റ് ആണ് ഇസ്രായേൽ. അമേരിക്കയുടെ പണ- ആയുധ- രഹസ്യാന്വേഷണ സഹായമില്ലാതെ ഇസ്രായേലിന് ഇന്നത്തെ നിലയിൽ നിലനിൽക്കാൻ സാധിക്കില്ല. യുദ്ധങ്ങളിലൂടെ രാജ്യങ്ങൾക്ക് ഒരുപക്ഷേ രൂപപ്പെടാൻ സാധിച്ചേക്കും. പക്ഷേ നിലനിൽക്കേണ്ടത് ആഭ്യന്തരവും രാജ്യന്തരവുമായ സമ്മതികളിലൂടെയാണ്. ചുറ്റുമുള്ള അയൽരാജ്യങ്ങളും പലസ്തീനിയൻ ജനതയും അംഗീകാരം കൊടുക്കാതെ ഇസ്രായേലിന് നിലനിൽക്കാനാവില്ല, സൈനികമായല്ലാതെ.
ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ ഗാസയിലെ ജനങ്ങളുമായി യുദ്ധമാരംഭിച്ച 2023-മുതൽ കേരളത്തിലെ തീവ്രവലതുപക്ഷമനസ്സ് പലസ്തീനിയൻ ജനതയെ ഡീ- ഹ്യൂമനൈസ് ചെയ്തും ഇസ്രായേലിനെ ന്യായീകരിച്ചും നിരന്തര സംവാദത്തിലാണ്. എന്നാൽ ആഗോളതലത്തിൽ സ്വതന്ത്ര പലസ്തീനുവേണ്ടി ഉയർന്നുവരുന്ന പ്രക്ഷോഭവാർത്തകൾ അവരെ നിരാശപ്പെടുത്തുന്നതാണ്. പ്രധാനപ്പെട്ട യൂറോപ്യൻ നഗരങ്ങളിലെല്ലാം ഭരണകൂടങ്ങളെ സ്വാധീനിക്കാൻ തക്ക ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നു. സ്വതന്ത്ര പലസ്തീനെ അംഗീകരിക്കാൻ മടിക്കുന്ന തങ്ങളുടെ ഭരണനേതൃത്വത്തിനെതിരെ ഇറ്റാലിയൻ ജനത 24 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ച് നടപ്പിലാക്കുകയുണ്ടായി.
ഒരു ദശകം മുമ്പ് മനുഷ്യാവകാശപ്പോരാട്ടങ്ങളിൽ മുൻപന്തിയിലുണ്ടായിരന്ന കേരള ജനത പരമപ്രധാനമായൊരു മനുഷ്യാവകാശപ്രശ്നത്തിൽ അവസാനക്കാരാകുന്നത് അത്ര ശുഭകരമായ ഒന്നല്ല.
