ജിഹാദിസത്തിനും ഇസ്​ലാമോഫോബിയയ്ക്കും ഇടയിൽ ഫ്രാൻസ്

ഫ്രാൻസിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും നടന്ന പല ഇസ്​ലാമിസ്റ്റ് ഭീകരാക്രമണങ്ങളിലും മുസ്​ലിം കുടിയേറ്റക്കാർക്കോ അഭയാർത്ഥികൾക്കോ ബന്ധമുണ്ട് എന്നത് വാസ്തവമാണ്. നോട്രഡാം ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന ഭീകരാക്രമണത്തിലൂടെ, ഫ്രഞ്ച് രാഷ്​ട്രീയാസ്​തിത്വത്തിന്റെ സാമൂഹിക വ്യവഹാരങ്ങളിൽ, മതങ്ങൾക്കിടയിലും സമുദായങ്ങൾക്കിടയിലുമുള്ള ബന്ധങ്ങൾ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്

തെക്കൻ ഫ്രാൻസിലെ നൈസിൽ സ്ഥിതിചെയ്യുന്ന നോട്രഡാം ക്രിസ്ത്യൻ ദേവാലയത്തിൽ 60 വയസുള്ള സ്​ത്രീയടക്കം (അവരുടെ തലയറുക്കപ്പെട്ട നിലയിലായിരുന്നു) മൂന്നുപേർ കൊല്ലപ്പെടാനിയാക്കിയ ജിഹാദി ആക്രമണം ലോകത്ത് വലിയ നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകമുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്, പാരീസിനടുത്ത് സാമുവൽ പാറ്റിയെന്ന അധ്യാപകനെ ചെച്നിയൻ കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയശേഷം നടക്കുന്ന ആക്രമണം.

രണ്ടാമത്തെ ആക്രമണത്തിന് തെരഞ്ഞെടുത്തത് (ഒക്ടോബർ 29) പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന ദിവസമായിരുന്നു. ഇറ്റാലിയൻ റെഡ്‌ക്രോസ് രേഖയുമായി സെപ്റ്റംബറിൽ ഇറ്റലിയിൽ നിന്ന് ഫ്രാൻസിലെത്തിയ ടുണീഷ്യക്കാരനായ 21 കാരനാണ് കൊല നടത്തിയതെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കുതിച്ചുയർന്നതിനെ തുടർന്ന് രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകുന്ന സമയത്താണ് ‘ഇസ്​ലാമിക ഭീകരവാദികളാൽ' ആക്രമിക്കപ്പെട്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറയുന്നു. ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് മുസ്​ലിം കൗൺസിൽ, ആക്രമണത്തിന് ഇരയായവരോട് ഐക്യപ്പെട്ടും ദുഃഖാചരണമെന്ന നിലയിലും മൗലീദ് ആഘോഷങ്ങൾ റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാലും, മുസ്​ലിം ലോകത്തിന്റെ പ്രതികരണങ്ങൾ സംശയാത്മകമായി തന്നെ നിൽക്കുകയാണ്!

ഇസ്​ലാമിസ്റ്റുകൾക്ക് വളക്കൂറുള്ള ഇടം

ഫ്രഞ്ച് റിവീറ നഗരത്തിൽ മുമ്പും ഭീകരവാദ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അതിൽ ചിലത് മതപരമോ ദേശീയപ്രാധാന്യമുള്ളതോ ആയ അവധികളിലുമായിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നൈസിൽ ഫ്രാൻസിന്റെ ദേശീയ അവധി ദിനമായ ബാസ്റ്റിൽ ഡേ ആഘോഷങ്ങൾ കാണാൻ ആയിരങ്ങൾ ഒത്തുകൂടിയ 2016 ജൂലൈയിലും ഇസ്​ലാമിക്​ ജിഹാദി ആക്രമണം നടന്നിരുന്നു.

ബാസ്റ്റിൽ ഡേ ആക്രമണത്തിനുശേഷം Photo: commons.wikimedia

വെടിക്കെട്ട് കണ്ടുകൊണ്ടിരിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ടൂണിഷ്യൻ സ്വദേശി ട്രക്ക് ഓടിച്ചുകയറ്റി 86ഓളം പേർ കൊല്ലപ്പെടുകയും 400ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്​ലാമിസ്റ്റുകൾക്ക് വളക്കൂറുള്ള ഇടം എന്നാണ് ഈ നഗരം അറിയപ്പെടുന്നത്. 2014ൽ നൈസിലെ ഒരു ഘോഷയാത്രക്കുനേരെ ബോംബാക്രമണം നടത്താനുളള പദ്ധതി ഫ്രഞ്ച് സുരക്ഷാ വിഭാഗം പരാജയപ്പെടുത്തിയിരുന്നു. അതേവർഷം, നൈസിലെ ഒരു കുടുംബത്തിലെ ഒരു കൂട്ടമാളുകൾ ഇസ്​ലാമിക്​ സ്റ്റേറ്റിലേക്ക് ചേരാൻ സിറിയിലേക്ക് തിരിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ആ സമയത്ത്, ഇസ്​ലാ സ്ലാമിക്​ തീവ്രവാദികളിലൊരാളായ ഒമർ ഡയബി നിരവധി ഫ്രഞ്ച് പൗരന്മാരെ ജിഹാദി പ്രവർത്തനങ്ങൾക്ക്​ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാനിയാണ് എന്ന മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ടുണീഷ്യ ഇപ്പോഴും ഇസ്​ലാമിക ഭീകരവാദികളെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണോയെന്ന് പലരും സംശയിക്കുന്നുണ്ട്. ഒരുപക്ഷേ, ‘അറബ് വസന്ത'ത്തെ തുടർന്ന് ജനാധിപത്യത്തിലേക്ക് മാറിയ ഏക രാജ്യമാണ് ടുണീഷ്യ. എന്നാൽ, വിദേശ തീവ്രവാദികളുടെ പ്രധാന കേന്ദ്രമായ ഈ രാജ്യം, വിദേശത്തുള്ളവർ തിരിച്ചുവരാൻ തുടങ്ങുകയും മറ്റുചിലർ യൂറോപ്പിലേക്കുള്ള വഴിയായി ടുണീഷ്യയെ സ്വീകരിച്ചു തുടങ്ങിയതോടെയും പ്രതിസന്ധി അഭിമുഖീകരിക്കാൻ തുടങ്ങി. ഇസ്​ലാമിക്​ സ്റ്റേറ്റിന്റെ വലിയ സൈനിക വിഭാഗങ്ങളിലൊന്ന് ടൂണിഷ്യക്കാരുടേതാണെന്ന് ഒരു വിവരണത്തിൽ പറയുന്നുണ്ട്.

സിറിയയിലെയും ഇറാഖിലേയും യുദ്ധങ്ങളിൽ പലരും മരിച്ചെങ്കിലും ചിലർ ടുണീഷ്യയിലേക്ക് തിരിച്ചുവരികയും തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റുചിലർ എങ്ങനെയോ യൂറോപ്പിലെത്തി. ജിഹാദികളുടെ ഒഴുക്ക് കൂടിവരുന്നതിന്റെ സൂചനകളും സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അത് സൃഷ്ടിക്കുന്ന തിരിച്ചടികളും മനസിലാക്കിയ ടുണീഷ്യൻ സർക്കാർ പുതിയ ഭീകരവാദവിരുദ്ധ നിയമം കൊണ്ടുവന്നു. അതുവഴി കൂട്ട അറസ്റ്റിലൂടെയും ശക്തമായ അടിച്ചമർത്തലിലൂടെയും ജിഹാദി നെറ്റുവർക്കുകൾ വലിയതോതിൽ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലും, ടുണീഷ്യക്കാരിൽ നിന്ന് യൂറോപ്പ് നേരിടുന്ന ഭീകരാക്രമണഭീഷണി കുറയുന്നുവെന്ന് ഉറപ്പാക്കാനാവില്ലെന്ന് പലരും ഭയന്നിരുന്നു, മുന്നറിയിപ്പു നൽകിയിരുന്നു.

മുസ്​ലിം രാജ്യങ്ങളുടെ പ്രതിഷേധം

രണ്ടാഴ്ചമുമ്പ് പാറ്റിയുടെ കൊലപാതകത്തെ തുടർന്ന് ഫ്രഞ്ച് സർക്കാർ സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് നൈസിൽ ജിഹാദി ആക്രമണം നടക്കുന്നത്. ഈ നടപടികൾ ഫ്രാൻസിലും വിദേശത്തുമുള്ള മുസ്ലിംകളെയും തുർക്കി, പാക്കിസ്ഥാൻ, ഇന്തോനേഷ്യ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെയടക്കം രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അരിശം കൊള്ളിച്ചിരുന്നു. പല മുസ്​ലിം രാജ്യങ്ങളിലും വ്യാപക പ്രതിഷേധമുണ്ടായി.

റജബ് ത്വയ്യിബ് എർദ്വാൻ

തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദ്വാൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ് തുടങ്ങിയവർ മാക്രോണിനെതിരെ മുന്നോട്ടുവന്നു. ഫലസ്തീൻകാർ ഫ്രാൻസിനെതിരെ ‘പ്രതിഷേധ ദിനം' ആചരിച്ചു. ഖത്തർ മുതൽ ബംഗ്ലാദേശ് വരെയുള്ള രാജ്യങ്ങളിൽ പ്രതിഷേധം അരങ്ങേറുകയും ഫ്രാൻസിന്റെ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനമുയരുകയും ചെയ്തു.

‘ഭീകരവാദികളെ എതിരിടുന്നതിനു പകരം ഇസ്​ലാമിനെ ആക്രമിച്ചുകൊണ്ട് ഇസ്​ലാമോഫോബിയ പ്രോത്സാഹിപ്പിക്കാനാണ്' മാക്രോൺ തീരുമാനിച്ചിരിക്കുന്നതെന്ന് എർദ്വാന്റെ കാമ്പയിനെ പിന്തുണച്ച് ഇമ്രാൻ ഖാൻ പറഞ്ഞു. ‘ഭൂതകാലത്തെ കൂട്ടക്കൊലകൾക്കുപകരമായി രോഷംകൊള്ളാനും ലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും ഉള്ള അവകാശം മുസ്​ലിംകൾക്കുണ്ട്' എന്ന് ട്വീറ്റ് മഹാതിർ മുഹമ്മദിനെ കുഴപ്പത്തിൽ ചാടിച്ചു. ഇത് തിരിച്ചറിഞ്ഞതോടെ, തന്റെ പ്രസ്താവന മാധ്യമങ്ങൾ പൂർണമായി നൽകിയില്ലെന്നു പറഞ്ഞ് അദ്ദേഹം അതിനെ പ്രതിരോധിച്ചു. തന്നെ ആക്രമിക്കാനുള്ള തിടുക്കത്തിൽ, ആളുകളുടെ വിശ്വാസങ്ങൾ മാനിക്കണമെന്ന് ഫ്രാൻസിനോട് താൻ ആവശ്യപ്പെട്ടത് വിട്ടുകളഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് മാക്രോൺ നടത്തിയ പ്രസ്താവനകളെ ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പ്രസ്താവന ‘ഇസ്​ലാമിനെ അവഹേളിക്കുന്നതാണെന്നും' ‘ലോകമെമ്പാടുമുള്ള 200 കോടി മുസ്​ലിം ജനതയെ വ്രണപ്പെടുത്തുകയും ലോകത്തെ വിവിധ വിശ്വാസങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്’ എന്നും പറഞ്ഞ് ഇന്തോനേഷ്യൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജിഹാദികൾ അഴിച്ചുവിട്ട അക്രമണങ്ങളല്ല, അടിസ്ഥാന പ്രശ്നം, പ്രസിഡന്റ് മാക്രോണാണെന്ന ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് ഇത്തരത്തിലുള്ള എല്ലാ പ്രതികരണങ്ങളും പ്രസ്താവനകളും!

വ്യാപാര, ജിയോ പൊളിറ്റിക്കൽ തർക്കങ്ങൾ

അതിനിടെ, ഫ്രാൻസിനെതിരെ എർദ്വാൻ അഴിച്ചുവിട്ട കാമ്പയിൻ ജിയോ-പൊളിറ്റിക്കൽ തർക്കങ്ങൾക്കും വ്യാപാര സമ്മർദ്ദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. നാറ്റോക്കു കീഴിലെ രാജ്യങ്ങളാണെങ്കിൽ കൂടിയും, ലിബിയയിലെയും സിറിയയിലെയും ആഭ്യന്തര യുദ്ധങ്ങൾ, നാഗോർണോ കാരാബാഖ് തർക്കത്തിന്റെ പേരിൽ അർമേനിയക്കും അസർബെയ്ജാനും ഇടയിൽ തുടരുന്ന സംഘർഷം എന്നിവയടക്കം നിരവധി പ്രശ്നങ്ങളിൽ തുർക്കിയും ഫ്രാൻസും തമ്മിൽ ബന്ധം വഷളായിട്ടുണ്ട്. തുർക്കി മാർക്കറ്റിൽ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള എർദ്വാന്റെ ആഹ്വാനം, തുർക്കിയുടെ ഉൽപന്നങ്ങൾക്കു പകരം ഗ്രീക്ക് ഉല്പന്നങ്ങൾ ഉപയോഗിക്കാനുളള സൗദി അറേബ്യയുടെ എതിർ കാമ്പയിനോടെ തുർക്കിക്ക് തിരിച്ചടിയായി.

കിഴക്കൻ മെഡിറ്ററേനിയനിലെ സമുദ്രസംബന്ധമായ പ്രശ്നങ്ങളിൽ അങ്കാറയ്ക്കെതിരെ ഏതൻസ് കാലങ്ങളായി തുടരുന്ന പോരാട്ടത്തിൽ ഗ്രീക്ക് ജനതയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെ പല സൂപ്പർമാർക്കറ്റുകളിലും തുർക്കിഷ് ഉൽപന്നങ്ങൾക്കു പകരം ഗ്രീക്ക് ഉൽപ്പന്നങ്ങൾ സ്ഥാനംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്​.

ഗൾഫ് മേഖല തുർക്കിഷ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നുവെന്നത് ഗ്രീക്ക് ബിസിനസുകാരെ ജാഗരൂകരാക്കിയിട്ടുണ്ട്, പുതിയ അവസരം കണ്ടെത്താൻ ഗ്രീക്ക് സമ്പദ്‌വ്യവസ്ഥയെ ഇത് സഹായിച്ചേക്കാം. തുർക്കിയിൽ നിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ചതായി ഇതിനകം സൗദി അറേബ്യയിലെ പ്രധാന വ്യാപാരശൃംഖലകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മേഖലയിലെ മറ്റ് രാജ്യങ്ങളുമായി ഊർജ്ജസ്വലമായ വ്യാപാര ഇടപാടുകളുള്ള ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യ. സൗദിയും തുർക്കിയും തമ്മിലുള്ള ബന്ധം നേരത്തെ വഷളായിരുന്നു, സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകത്തിനുശേഷം അത് കുറേക്കൂടി മോശമായിട്ടുണ്ട്.

ഫ്രാൻസിലെ മുസ്​ലിംകളുടെ പക്ഷം നിൽക്കാൻ ആവേശം കാട്ടുന്ന തുർക്കി പ്രസിഡന്റ് സ്വന്തം ജനതയായ കുർദുകളോട് സ്വീകരിക്കുന്ന ക്രൂരതയും വിമർശിക്കപ്പെടുന്നു. തുർക്കിയിലും വിദേശത്തുമായുള്ള തുർക്കി മുസ്‌ലിംകളുടെ വംശീയ ന്യൂനപക്ഷമാണ് കുർദുകൾ. ‘ഭീകരവാദ' സംഘടനയെന്ന് എർദ്വാൻ വിളിക്കുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്ന കുർദിഷ് ജനതക്കെതിരെ വടക്കുകിഴക്കൻ സിറിയയിലേക്ക് സൈന്യത്തെ അയക്കാൻ താൻ തയ്യാറാണെന്നുവരെ കഴിഞ്ഞവർഷം എർദ്വാൻ മുന്നറിയിപ്പു നൽകിയിരുന്നു.

ഇസ്​ലാമിക്​ സ്റ്റേറ്റിനെതിരായ പോരാട്ടത്തിൽ യു.എസിന്റെ പ്രധാന സഖ്യമായി വടക്കുകിഴക്കൻ സിറിയയിലെ കുർദ് പോരാളികൾ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം എർദ്വാന് നല്ല ബോധ്യമുണ്ട്. മൂന്നുകോടിയിലേറെ കുർദുകളാണ് ആ മേഖലയിൽ ജീവിക്കുന്നത്. അതിൽ പകുതിയോളം തുർക്കി ഭരണകൂടത്തിന്റെ നിരന്തര സമ്മർദ്ദങ്ങൾക്കും പീഡനങ്ങൾക്കും ഇരയാണ്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കുർദുകൾക്ക് ആശ്രയിക്കാവുന്ന സഖ്യരാജ്യമായി നിൽക്കുകയാണ് ഫ്രാൻസ് എന്നത് എർദ്വാന് അറിയാം.

ഇസ്​ലാമിക്​ സ്റ്റേറ്റിനെതിരെ പൊരുതാൻ സിറിയയിൽ കുർദുകളെ പിന്തുണയ്ക്കുന്ന യു.എസ്, സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ‘കടുത്ത അതൃപ്തി' പ്രകടിപ്പിച്ച് കഴിഞ്ഞവർഷം മാക്രോൺ നടത്തിയ പ്രസ്താവന എർദ്വാൻ ഓർക്കുന്നുണ്ട്. ‘ഭീകരവാദി സംഘടനകളുടെ' വിഘടനവാദ നയങ്ങളെ പരിപാലിക്കുന്നവരായി തങ്ങൾ കണക്കാക്കുന്ന കുർദുകളെക്കുറിച്ചുള്ള വിവരങ്ങൾ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായുള്ള പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിന് അടുത്തിടെയാണ് ഫ്രാൻസിനെ തുർക്കിഷ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്.

ഫ്രാൻസ്​ നേരിടുന്ന അസമത്വം

ഫ്രാൻസിലും യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും നടന്ന പല ഇസ്​ലാമിസ്റ്റ് ഭീകരാക്രമണങ്ങളിലും മുസ്​ലിം കുടിയേറ്റക്കാർക്കോ അഭയാർത്ഥികൾക്കോ ബന്ധമുണ്ട് എന്നത് വാസ്തവമാണ്. ഫ്രാൻസിൽ നിന്ന് ജിഹാദി ഇസ്​ലാമിനെ ഇല്ലാതാക്കാൻ തന്റെ സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സൂചന നൽകി ഒക്ടോബർ ആദ്യം നടത്തിയ പ്രസംഗത്തിൽ മാക്രോൺ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

സാമുവൽ പാറ്റി

സാമുവൽ പാറ്റിയുടെ കൊലപാതകത്തിനും ഏറെ മുമ്പ് മറ്റുചില സംഭവങ്ങൾ കൂടി നടന്നിരുന്നു- 2015ൽ 17പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിലെ കൂട്ടാളികളെന്നു സംശയിക്കുന്നവരുടെ വിചാരണ നടക്കുന്നതിനിടെ ചാർളി ഹെബ്ദോ കാർട്ടൂണുകളുടെ പേരിൽ ഒരു പാക്കിസ്ഥാനി ചിലരെ ആക്രമിച്ചു. അതിനുശേഷം ജിഹാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 250 ലേറെയാളുകളാണ് ഫ്രാൻസിൽ കൊല്ലപ്പെട്ടത്. അതിനിടെ, കാർട്ടൂണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അൽഖ്വയ്ദ ഫ്രഞ്ച് സർക്കാറിന് ഭീഷണി സന്ദേശങ്ങൾ അയക്കുന്നത് തുടരുന്നുമുണ്ട്.

ഇസ്​ലാമിസ്​റ്റ്​ ഭീകരുടെ ഭീഷണി സംബന്ധിച്ച മാക്രോണിന്റെ പ്രസ്താവനകളെ ഈ പശ്ചാത്തലത്തിൽ വേണം നോക്കിക്കാണാൻ, ഇസ്​ലാമോഫോബിയയുടെ വെറും പ്രതിഫലനം എന്നതിനുമപ്പുറമാണത്. ഗൃഹപാഠശാലകൾക്കുമേൽ (home schooling) കടുത്ത നിയന്ത്രണം കൊണ്ടുവരിക, മതപാഠശാലകൾ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയടക്കമുള്ള നടപടികളാണ് മാക്രോൺ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഫ്രാൻസിൽ ജോലി ചെയ്യാൻ വിദേശത്തുനിന്ന് ഇമാമുകളെ കൊണ്ടുവരുന്ന രീതി അവസാനിപ്പിക്കാനും ഇമാമുകൾക്ക് പരിശീലനവും സർട്ടിഫിക്കറ്റും നൽകുന്ന പുതിയ സമ്പ്രദായം വിഭാവനം ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. കുടിയേറ്റ ജനതയേയും അവരുടെ പിന്തുടർച്ചക്കാരെയും ഏകീകരിക്കാൻ കഴിയാത്തത് ഫ്രാൻസിൽ അസമത്വം കൂടുന്നതിനു വഴിവെച്ചിട്ടുണ്ടെന്നും മാക്രോൺ ചൂണ്ടിക്കാട്ടുന്നു. ഇത് ചില ഫ്രഞ്ച് യുവാക്കളെ, പ്രത്യേകിച്ച് വടക്കേ ആഫ്രിക്കൻ വംശത്തിൽപ്പെട്ടവരെ ഭീകരവാദത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

മത- സമുദായ ബന്ധങ്ങൾ പുതിയൊരു ഘട്ടത്തിലേക്ക്

യൂറോപ്യൻ യൂണിയനിൽ ഏറ്റവും മുസ്​ലിംകളുള്ളത് (57ലക്ഷം) ഫ്രാൻസിലാണ്. ഫ്രാൻസിലെ 6.7 കോടി വരുന്ന ആകെ ജനസംഖ്യയിൽ കത്തോലിക്കർ കഴിഞ്ഞാൽ ഏറ്റവും വലിയ മതവിഭാഗമാണ് മുസ്​ലിംകൾ. 57 ലക്ഷം വരുന്ന ഫ്രാൻസിലെ മുസ്​ലിംകളിൽ വ്യത്യസ്ത വംശപരമ്പരയിലുള്ളവരുണ്ട്- അതിൽ വലിയൊരു വിഭാഗം വടക്കേ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. 1954-62 കാലഘട്ടത്തിൽ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്രാൻസിലേക്കുള്ള മുസ്​ലിം കുടിയേറ്റം സംഭവിക്കുന്നത്. തൊഴിലിനും കുറഞ്ഞ കൂലിയുള്ള ജോലികൾക്കുമായുമാണ് ഇവരിൽ പലരെയും റിക്രൂട്ട് ചെയ്തത്.

മാക്രോൺ പരാമർശിച്ച മുസ്​ലിം സാംസ്‌കാരിക ഏകീകരണം എന്ന പ്രശ്നം ചർച്ചയിലേക്കു വന്നത് ഫ്രഞ്ച് തടവറയിലെ ഭൂരിപക്ഷം തടവുപുള്ളികളും മുസ്‌ലിംകളാണ് എന്നു വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് വന്നതോടെയാണ്. അവരിൽ കൂടുതലും തൊഴിൽരഹിതരും അങ്ങേയറ്റം ദാരിദ്രാവസ്ഥയിൽ കഴിയുന്നവരുമാണ്. സാമ്പത്തിക പരാധീനതകളുള്ള കാലത്ത് ഫ്രാൻസിലെത്തിയ രണ്ടാംതലമുറയിൽപ്പെട്ട അറബ് വംശജരായ കുടിയേറ്റക്കാരായിരുന്നു അവർ. തങ്ങളുടെ മോശം ജീവിതസാഹചര്യങ്ങളിൽ അങ്ങേയറ്റം നിരാശയുള്ള അവർ പലപ്പോഴും കുറ്റകൃത്യങ്ങളിലും മറ്റുപ്രവർത്തനങ്ങളിലും ഏർപ്പെട്ടു.

അവരുടെ സാമൂഹ്യ സാമ്പത്തിക പ്രതിബന്ധങ്ങളിൽ നിന്നുയർന്നുവരുന്ന സ്ഥായിയായ ഒറ്റപ്പെടലും നൈരാശ്യബോധവും കുറ്റകൃത്യങ്ങൾ വർധിക്കാൻ ഇടയാക്കിയെന്ന് പഠനങ്ങൾ പറയുന്നു. സ്വാഭാവികമായും, പുതിയ തലമുറ മുസ്​ലിംകളിലെ ഒരു വിഭാഗം വിവിധ തരത്തിലുള്ള ജിഹാദി മുന്നേറ്റങ്ങളിലേക്ക് ആകർഷിക്കപ്പെട്ടു. അവർ ഒരു ചെറു ന്യൂനപക്ഷമാണെങ്കിൽ കൂടിയും, അവർ അഴിച്ചുവിട്ട പ്രചരണങ്ങളും പ്രവർത്തനങ്ങളും സമൂഹത്തിന്റെ വലിയൊരു വിഭാഗങ്ങൾക്കിടയിൽ സംശയം വളർത്തുന്നതിനു വഴിവെച്ചു.

നോട്രഡാം ക്രിസ്ത്യൻ ദേവാലയത്തിൽ നടന്ന ആക്രമണത്തിലൂടെ, ഫ്രഞ്ച്​ രാഷ്​ട്രീയാസ്​തിത്വത്തിന്റെ സാമൂഹിക വ്യവഹാരങ്ങളിൽ, മതങ്ങൾക്കിടയിലും സമുദായങ്ങൾക്കിടയിലുമുള്ള ബന്ധങ്ങൾ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ട്.

Comments