ഒക്ടോബർ 16ന് വെള്ളിയാഴ്ച പാരിസിലെ പ്രാന്തപ്രദേശമായ കോൺഫ്രാൻസ് സെന്റ് ഹൊണാറീനിൽ സ്‌കൂൾ അധ്യാപകനെ തലയറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഇസ്‌ലാം മതവിശ്വാസത്തിന്റെയും അതിനോടുള്ള പ്രതിബദ്ധതയുടെയും പേരിൽ അക്രമത്തോടും ഭീകരതയോടും ചേർന്നുനിൽക്കുന്ന ‘ജിഹാദി ഇസ്‌ലാം ബാധ' യുവതലമുറയെ ഗ്രസിച്ചതിന്റെ മറ്റൊരു സൂചന കൂടിയാണ് ഈ അരുംകൊല.
47കാരനായ സാമുവൽ പാറ്റിയെന്ന ചരിത്രാധ്യാപകനെ സ്‌കൂളിനടുത്ത് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തുപേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണത്തിനുശേഷം പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 18കാരനായ കൊലയാളി മോസ്‌കോയിൽ ജനിച്ച ചെച്ൻ അഭയാർത്ഥിയായിരുന്നു. മാർച്ചിൽ അഭയാർത്ഥിയെന്ന നിലയിൽ ഫ്രാൻസിൽ പത്തുവർഷത്തെ താമസാനുമതി നേടിയ ഈ പ്രതി കത്തിയും തോക്കുമായാണ് എത്തിയതെന്നാണ് ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടറായ ജീൻ ഫ്രാൻസ്വാ റിച്ചാർഡ് മാധ്യമങ്ങളോടു പറഞ്ഞത്. കൊലയാളിയുടെ അർദ്ധസഹോദരി 2014ൽ സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ ചേർന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ദൈവസേവന' ത്തിന്റെ പേരിൽ നടപ്പിലാക്കിയ ഈ ക്രൂരകൃത്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള മുസ്‌ലിം പണ്ഡിതർ ഇപ്പോഴും മൗനം പാലിക്കുന്നുവെന്നത് വേദനാജനകമാണ്; പക്ഷേ അതിൽ അതിശയമൊന്നുമില്ലതാനും. ഇസ്‌ലാമിന്റെ വിശുദ്ധ പാഠങ്ങളിൽ അനുശാസിക്കുന്നതരത്തിലുള്ള ‘വിശ്വാസവുമായി' അതിന് യാതൊരു ബന്ധവുമില്ലെന്നോ, ഇസ്‌ലാമിക ‘സമർപ്പണ'ത്തിന്റെ ഭാഗമായ ഒന്നും തന്നെ അതിൽ കണ്ടെത്താൻ കഴിയില്ലെന്നോ ഇവരിൽ എത്രപേർ ധൈര്യത്തോടെ പറയും?
മതേതരത്വവും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമുവൽ പാറ്റിയെടുത്ത ഒരു ക്ലാസിനെ തുടർന്നുള്ള ചില സംഭവങ്ങളുടെ തുടർച്ചയാണ് ഈ കൊലപാതകം. ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ചാർളി ഹെബ്‌ദോ, പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ ഈ ക്ലാസിൽ അദ്ദേഹം ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
പ്രവാചകൻ മുഹമ്മദിന്റെ ചില കാർട്ടൂണുകൾ താൻ കാണിക്കുകയാണെന്നും അതുചിലപ്പോൾ നിങ്ങളെ വേദനിപ്പിച്ചേക്കാമെന്നും പറഞ്ഞ് അദ്ദേഹം തന്റെ മുസ്‌ലിം വിദ്യാർത്ഥികളോട് ക്ലാസ് റൂമിന് പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുണ്ട്. ഇത് ചില രക്ഷിതാക്കളെ രോഷാകുലരാക്കുകയും അവർ അധികൃതർക്കു പരാതി നൽകുകയും ചെയ്തു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ ‘അനുയോജ്യമായ' നടപടികൾ എടുത്തിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി ജീൻ മൈക്കൽ ബ്ലാഗ്വർ പറഞ്ഞത്. ഇക്കാര്യത്തിൽ ‘അധ്യാപകന് പിന്തുണ നൽകുകയും രക്ഷിതാക്കളുമായി തുറന്ന ചർച്ചയ്ക്ക് തയ്യാറാവുകയും' ചെയ്തു എന്നും അദ്ദേഹം സൂചിപ്പിച്ചു. കൃത്യം നടത്തുന്നതിന് മുമ്പ് കൊലയാളി സ്‌കൂളിനു പരിസരത്തെത്തി ഈ അധ്യാപകനെക്കുറിച്ച് കുട്ടികളോട് ചോദിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. സ്‌കൂൾ മേധാവിയ്ക്ക് ഭീഷണി സന്ദേശങ്ങൾ അടങ്ങിയ ഫോൺ കോളുകൾ ലഭിക്കുകയും ചെയ്തിരുന്നു.
പാറ്റിയുടെ കൊലപാതകം രാജ്യമെമ്പാടുമുള്ള ജനങ്ങളിൽ ഞെട്ടലുണ്ടാക്കുമ്പോൾ, ഈയടുത്തകാലത്ത് നടന്ന മറ്റുചില സംഭവങ്ങൾകൂടി ജനങ്ങൾ ഓർത്തെടുക്കുന്നുണ്ട്. മുസ്‌ലിംകൾ മതനിന്ദാപരമായി കണക്കാക്കുന്ന ചാർളി ഹെബ്‌ദോ കാർട്ടൂണുകളുടെ പേരിൽ 25കാരനായ പാക്കിസ്ഥാനി രണ്ടു പേരെ ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ട് കുറച്ച് ആഴ്ചകളേ ആയിട്ടുള്ളൂ. 2015ലെ ചാർളി ഹെബ്‌ദോ, ജൂത സൂപ്പർമാർക്കറ്റ് ആക്രമണങ്ങളിലെ കൂട്ടുപ്രതികളുടെ വിചാരണ പുരോഗമിക്കുന്ന വേളയിലായിരുന്നു ആ ആക്രമണം.
ഫ്രാൻസിൽ ഇസ്‌ലാമിസ്റ്റ് അതിക്രമ പരമ്പരകൾക്ക് പ്രേരകമായ ആ ആക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് ആക്രമണങ്ങളിൽ 250 ലേറെ പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. 2015ലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്‌ലാമിക ഭീകരവാദ സംഘടനയായ അൽഖയ്ദ, വിചാരണയുടെ തുടക്കത്തിൽ ചാർളി ഹെബ്‌ദോ കാർട്ടൂണുകൾ പുനഃപ്രസിദ്ധീകരിച്ചപ്പോൾ വീണ്ടും അവർക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
‘ഇസ്‌ലാം ഓഫ് ഫ്രാൻസ് '
ഫ്രഞ്ച് പത്രമായ Le Monde മുഖപ്രസംഗത്തിൽ ഇങ്ങനെ എഴുതി: ‘മുൻകൂട്ടി ആസൂത്രണം ചെയ്ത് ഒരു വ്യക്തിയെ നിഷ്ഠൂരമായി കൊല്ലപ്പെടുത്തിയിരിക്കുന്നു, കാരണം അദ്ദേഹം ചിന്തിക്കാനും, അഭിപ്രായം പറയാനും വരയ്ക്കാനുമുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് തന്റെ ശിക്ഷണത്തിൽ ഉൾപ്പെടുത്തിയെന്നതാണ്. ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് തീർച്ചയായും പഠിപ്പിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഉൾപ്പെട്ടതാണിത്. നമ്മുടെ ചരിത്രത്തിന്റെ, നമ്മുടെ സ്വത്വത്തിന്റെ, സംസ്‌കാരത്തിന്റെ കാതലാണത്. അതാണ് ഇപ്പോൾ ആക്രമിക്കപ്പെടുന്നത്' (Le Monde 2020 ഒക്ടോബർ 17).
ഫ്രാൻസ് പോലൊരു ബഹുസ്വര രാജ്യത്തിലെ കുടിയേറ്റ/അഭയാർത്ഥി സമൂഹത്തിന്റെ ഭാഗമാണ് ഈ കൊലയാളിയെന്ന വസ്തുതക്ക് നിരവധി മാനങ്ങളുണ്ട്. പുതിയ സാഹചര്യത്തിൽ എന്താണ് അവർക്കുവേണ്ടി കരുതിവെച്ചിരിക്കുന്നത് എന്നത് മുൻകൂട്ടി പറയാൻ കഴിയില്ല, പ്രത്യേകിച്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിന്റെ ഒക്ടോബർ രണ്ടിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ. രാജ്യത്ത് തീവ്ര ഇസ്‌ലാമിന്റെ സ്വാധീനം നിയന്ത്രിക്കാനും ‘ഇസ്‌ലാം ഓഫ് ഫ്രാൻസ് ' എന്ന് അദ്ദേഹം വിളിച്ച ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾക്ക് അനുസൃതമായി ഇസ്‌ലാമിനെ വികസിപ്പിക്കാൻ സഹായിക്കുന്നതുമായ നടപടികൾക്ക് രൂപംനൽകാൻ തന്റെ സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന സൂചന നൽകുന്നതായിരുന്നു ആ പ്രസംഗം.
ഇസ്‌ലാമിസം പടരാൻ അനുവദിച്ചതിലെ സർക്കാർ പരാജയം അംഗീകരിച്ച് ഒക്ടോബർ രണ്ടിലെ പ്രസംഗത്തിൽ പ്രസിഡന്റ് മാക്രോൺ പറഞ്ഞത്, പൊതുസ്ഥാപനങ്ങളിൽ നിന്ന് ഇസ്‌ലാമിസത്തിന്റെ സ്വാധീനം തുടച്ചുമാറ്റണമെന്നാണ്. അദ്ദേഹം കൊണ്ടുവരാനുദ്ദേശിക്കുന്ന നടപടികളിൽ ഗൃഹപാഠശാലകൾക്കുമേൽ (Home-schooling) ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരിക, മതപഠന സ്ഥാപനങ്ങൾ കൂടുതലായി നിരീക്ഷിക്കുക, സർക്കാർ ധനസഹായം ആവശ്യപ്പെടുന്ന സ്ഥാപനങ്ങൾ മതേതര ‘ഉടമ്പടി'യിൽ ഒപ്പുവെക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടും. ഈ നടപടികൾ എല്ലാ വിഭാഗങ്ങൾക്കും ബാധകമായിരിക്കും, പക്ഷേ മുസ്‌ലിം സമുദായത്തിൽ തീവ്രവാദ വിഭാഗങ്ങൾ വളർന്നുവരുന്നത് തടയാനാണ് ഇവ പ്രധാനമായും വിഭാവനം ചെയ്തിരിക്കുന്നത്.
ഈ നടപടികളിലൂടെ, ഫ്രാൻസിൽ ജോലി ചെയ്യാൻ വിദേശ ഇമാമുകളെ കൊണ്ടുവരുന്ന പ്രവണത അവസാനിപ്പിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് (ഇസ്‌ലാമിന്റെ തീവ്രവാദ വ്യാഖ്യാനം പഠിപ്പിക്കുന്നുവെന്ന കുറ്റം പലപ്പോഴും ഇവർക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.) മുസ്‌ലിം പള്ളികളുടെ സാമ്പത്തിക മാനേജ്‌മെന്റ് കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനു പുറമേ ഇമാമുകൾക്ക് ഫ്രാൻസിൽ പരിശീലനവും സർട്ടിഫിക്കേഷനും നൽകുന്ന പുതിയ രീതി കൊണ്ടുവരുമെന്നും പ്രസിഡന്റ് സൂചിപ്പിച്ചിട്ടുണ്ട്.
പ്രസംഗത്തിൽ, ഫ്രഞ്ച് സമൂഹത്തിലെ ഒരു പ്രശ്നവും മാക്രോൺ ചൂണ്ടിക്കാട്ടിയിരുന്നു - കുടിയേറ്റക്കാരിലെ മഹാഭൂരിപക്ഷം വരുന്ന വെളുത്തവരല്ലാത്ത, മുസ്‌ലിം ജനതയെയും അവരുടെ വംശപരമ്പരകളെയും ഫ്രഞ്ച് മുഖ്യധാരയുമായി സമന്വയിപ്പിക്കുന്നതിൽ നിലനിൽക്കുന്ന ബുദ്ധിമുട്ട്. കുടിയേറ്റ ജനതയേയും അവരുടെ വംശപരമ്പരകളേയും സമന്വയിപ്പിക്കാൻ കഴിയാത്തത് ഫ്രാൻസിൽ അസമത്വം വളരുന്നതിന് വഴിവെച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ചില ഫ്രഞ്ച് യുവാക്കളെ, പ്രത്യേകിച്ച് ഉത്തര ആഫ്രിക്കൻ വംശത്തിൽപ്പെട്ടവരെ, തീവ്രവാദത്തിലേക്ക് നയിച്ചു. പിന്നീട് അവർ ഇസ്‌ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടാൻ സിറിയയിലേക്ക് പോകുകയോ അല്ലെങ്കിൽ സ്വദേശത്ത് ഭീകരാക്രമണങ്ങൾ നടത്തുകയോ ചെയ്യുന്നു. ഡിസംബറിൽ ഒരു നിയമമായി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ബൃഹത്തായ പദ്ധതികളുടെ ഒരു ആമുഖമായിരുന്നു മാക്രോണിന്റെ പ്രസംഗം (The New York Times, 2020 ഒക്ടോബർ 2).
അഭയാർഥികൾ
ഇന്ന് യൂറോപ്യൻ യൂണിയനിൽ ജീവിക്കുന്ന ഏതാണ്ട് രണ്ടരക്കോടി (25 മില്യൺ) മുസ്‌ലിംകളിൽ ഏറ്റവുമധികം പേർ (57 ലക്ഷം) ഫ്രാൻസിലാണ്. (ജനസംഖ്യയുടെ 8.8%). വിദേശത്ത് ജനിച്ച് ഫ്രാൻസിൽ ജീവിക്കുന്ന ജനതയുടെ എണ്ണം 2010 മുതൽ വർധിച്ചിട്ടുണ്ട്. ആ വർഷം ഫ്രാൻസിൽ കഴിയുന്ന വിദേശത്ത് ജനിച്ച ജനങ്ങളുടെ എണ്ണം ഏതാണ്ട് 73 ലക്ഷമായിരുന്നു. 2015ലെ അഭയാർത്ഥി പ്രതിസന്ധികൊണ്ട് കാര്യങ്ങൾ മാറിയില്ലയെന്നു മാത്രമല്ല, വിദേശത്തു ജനിച്ചവരുടെ എണ്ണം കഴിഞ്ഞ കുറെ വർഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. 2019ൽ ഇത് 81 ലക്ഷമായി ഉയർന്നു.
6.7 കോടി ജനസംഖ്യയുള്ള ഫ്രാൻസിൽ വലിയ രണ്ടാമത്തെ മതം ഇസ്ലാമാണ് (57ലക്ഷം മുസ്‌ലിംകൾ), കത്തോലിക്കാ വംശജർ കഴിഞ്ഞാൽ, ശേഷം വരുന്ന മൂന്ന് കത്തോലിക്കേതര ന്യൂനപക്ഷങ്ങളായ ജൂതർ, പ്രൊട്ടസ്റ്റന്റുകൾ, ബുദ്ധിസ്റ്റുകൾ എന്നിവർക്ക് ആകെയുള്ള അനുയായികളേക്കാൾ കൂടുതൽ ഇസ്‌ലാമിനുണ്ട്. ഫ്രാൻസിലെ മുസ്‌ലിംകൾ വ്യത്യസ്ത വംശാവലികളിൽപ്പെട്ടവരാണ്. ഭൂരിപക്ഷവും ഉത്തര ആഫ്രിക്കയിൽ നിന്ന് (മഗ്‌രിബ് എന്നറിയപ്പെടുന്ന അൽജീരിയ, മൊറോക്കോ, ടുനീഷ്യയിൽ നിന്ന്) വന്നവരാണ്.
സ്വാതന്ത്ര്യത്തിനായുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ (1954-62) ക്കുശേഷമാണ് അധികം മുസ്‌ലിംകൾ ഫ്രാൻസിൽ എത്തിയത്. അപകോളനീകരണ കാലഘട്ടത്തിൽ തന്നെ അവരുടെ സാന്നിധ്യം കാണാൻ കഴിയും, അന്ന് ഒരുപാട് മുസ്‌ലിംകളെ തൊഴിലിന് റിക്രൂട്ട് ചെയ്തിരുന്നു. എന്നാൽ കുടിയേറ്റത്തിൽ ഭൂരിപക്ഷവും സ്വാഭാവികമായുണ്ടായതാണ്. ഫ്രാൻസിലെ മുസ്‌ലിം ജനതയിൽ 123 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്നും മഗ്‌രിബ് രാജ്യങ്ങളിൽ നിന്നാണ്: അർജീരിയ, മൊറോക്കോ അല്ലെങ്കിൽ ടുണീഷ്യയിൽ നിന്ന്.
ഫ്രാൻസിനു പുറത്തു ജനിച്ചവർ മുതൽ ഫ്രഞ്ചുകാരല്ലാത്ത മാതാപിതാക്കൾക്ക് ജനിച്ചവർ വരെയുള്ള (മുസ്‌ലിംളും അല്ലാത്തവരും) എല്ലാവരെയും ഉൾപ്പെടുത്തിയാണ് ദേശീയ സെൻസസിൽ ആകെ കുടിയേറ്റക്കാരെ കണക്കാക്കുന്നത്. 2000 മുതലാണ് ജന്മനാട്ടിലെ ആഭ്യന്തരയുദ്ധത്തിൽ നിന്നും രക്ഷപ്പെട്ട് ചെച്‌നിയൻ കുടിയേറ്റക്കാർ ഫ്രാൻസിൽ രാഷ്ട്രീയ അഭയാർത്ഥികളായി വരാൻ തുടങ്ങിയത്. ഫ്രാൻസിൽ ഏതാണ്ട് 30,000ത്തോളം ചെച്‌നിയൻ വംശജർ ഉണ്ടെന്നാണ് കണക്ക്.
അന്യവൽക്കരണം, നിരാശ, തീവ്രവാദം
കുറച്ചുവർഷങ്ങൾക്കു മുമ്പ് രാജ്യത്തെ 60% ജയിൽവാസികളും മുസ്‌ലിം സമുദായത്തിൽ നിന്നാണെന്ന റിപ്പോർട്ടു വന്നതോടെയാണ് ഫ്രാൻസിലെ മുസ്‌ലിംകളുടെ ഏകീകരണം (integration) എന്ന പ്രശ്‌നം ഉടലെടുത്തത്. ഒരു പഠനം പറയുന്നത്, ഫ്രാൻസിലെ മുസ്‌ലിം തടവുപുള്ളികൾ മിക്കപ്പോഴും തൊഴിൽരഹിതരും അങ്ങേയറ്റത്തെ ദരിദ്രാവസ്ഥയിൽ കഴിയുന്നവരുമാണെന്നാണ്. അവർ പൊതുവിൽ സാമ്പത്തിക പരാധീനതകളുള്ള കാലത്ത് ഫ്രാൻസിൽ എത്തിയ രണ്ടാംതലമുറയിൽപ്പെട്ട അറബ് വംശജരായ കുടിയേറ്റക്കാരാണ്. പല കാരണങ്ങൾകൊണ്ടും അവർ തീർത്തും നിരാശരായി മാറിയവരായിരുന്നു. പലപ്പോഴും സമൂഹത്തോടുള്ള പ്രതിഷേധവും പകയും കുറ്റകൃത്യം ചെയ്യുന്നതിലേക്ക് അവരെ എത്തിക്കുകയും ചെയ്തു (Al Arabia News, 2014 ഒക്ടോബർ 30).
മുമ്പ് നടത്തിയ ഒരു സർവ്വേയിൽ 74% ഫ്രഞ്ച് പൗരന്മാരും മുസ്‌ലിംകളെ ഫ്രഞ്ച് മൂല്യവ്യവസ്ഥയോട് ‘അസഹിഷ്ണുതയുള്ളവരും' ‘പൊരുത്തപ്പെടാൻ കഴിയാത്തവരും' ആയി കണ്ടത് ഈ പശ്ചാത്തലത്തിലായിരുന്നു. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും ഇറാക്കി തീവ്രവാദ സംഘടനകയുടെയും ആവിർഭാവത്തോടെ പാശ്ചാത്യലോകത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റം ദൃശ്യമായി.
വികസിത പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക കുടിയേറ്റക്കാരയെും പോലെ, ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഫ്രാൻസിലെത്തിയ മുസ്‌ലിംകളും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയി. 1960കളിലും 70കളിലും അവർ ഫ്രാൻസിൽ എത്തിയപ്പോൾ തുച്ഛമായ ശമ്പളത്തിലുള്ള ജോലികൾക്കായിരുന്നു അവരെ റിക്രൂട്ട് ചെയ്തത്. പ്രധാനമായും വ്യവസായ മേഖലയിൽ. 1970കളിലെയും 1980കളിലെയും സാമ്പത്തിക മാന്ദ്യത്തിൽ യുദ്ധാനന്തരകാലത്തെ സുരക്ഷിത ജോലികൾ നഷ്ടപ്പെട്ടതോടെ അവരുടെ അവസ്ഥ കൂടുതൽ പരിതാപകരമായി.
സാമ്പത്തിക സാമൂഹിക അവസരങ്ങൾ ഈ ജനതയ്ക്ക് എത്ര അപ്രാപ്യമായിരുന്നുവെന്നത് ഇത് വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച്, തൊഴിലില്ലായ്മ മുസ്‌ലിം കുടിയേറ്റക്കാരിൽ കൂടി വന്നു. ഒപ്പം കുറ്റകൃത്യങ്ങളും അസ്വാസ്ഥ്യങ്ങളും വലിയ തോതിൽ ഉയർന്നു. ഫ്രാൻസിന്റെ സാമ്പത്തിക അവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരുന്നതോടെ, ഈ പ്രശ്‌നങ്ങൾ വഷളായി, പ്രത്യേകിച്ച് 1990കൾക്കുശേഷം. ഇസ്‌ലാമിനെ കുറിച്ചുള്ള പ്രതിലോമ കാഴ്ചപ്പാടുകൾ ഈ അവസ്ഥയ്ക്ക് ആക്കംകൂട്ടി. ഇതിന്റെ തുടർച്ചയായി തീവ്രവാദ ചിന്താഗതിയും പടർന്നു.
സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും ഉയർന്നു വരുന്ന അന്യവത്കരണവും നിരാശാബോധവും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കാനിടയാക്കി. അതോടെ ഫ്രഞ്ച് തടവറകളിൽ ഭൂരിപക്ഷം മുസ്‌ലിംകളായി. ഫ്രഞ്ച് ജയിലുകളിൽ വലിയ തോതിൽ മുസ്‌ലിംകളാണുള്ളതെന്നും അതിൽ ഭൂരിപക്ഷവും പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിൽ പ്രായമുള്ള വിഭാഗത്തിൽപ്പെടുന്നവരാണെന്നുമാണ് പഠനങ്ങൾ കാണിക്കുന്നത്.
ചുരുക്കത്തിൽ ഇസ്‌ലാമിലെ തീവ്രവാദവിഭാഗങ്ങളുടെ സമ്മർദ്ദത്തിൽപ്പെടുന്നവരിൽ ഏറെയും പുതിയ തലമുറയാണ്. ചെറു ന്യൂനപക്ഷമാണെങ്കിൽ കൂടിയും അവരുടെ പ്രചാരണവും പ്രവർത്തനങ്ങളും ഫ്രഞ്ച് ബഹുസ്വരസമൂഹത്തിലെ വലിയൊരുവിഭാഗത്തിനു സംശയവും ആശങ്കകളും വർധിപ്പിക്കുന്നതിനു കാരണമായി. സെപ്റ്റംബർ പതിനൊന്ന് ഭീകരാക്രമണങ്ങൾക്കുശേഷം ഇത് കൂടുതൽ പ്രകടമായി. 2015ലെ ചാർളി ഹെബ്‌ദോ ആക്രമണം ഇതിനു ആക്കം കൂട്ടി.
സമ്മർദത്തിലാകുന്ന മതേതര-റിപ്പബ്ലിക്കൻ പാരമ്പര്യം
നിരവധി രാജ്യങ്ങളിൽ ജനങ്ങൾക്കുനേരെ നടത്തുന്ന അതിക്രമങ്ങൾക്കും അനീതികൾക്കുമെതിരെ നിയമാനുസൃതമായ സമരങ്ങളും പോരാട്ടങ്ങളും നടക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ പൗരന്മാരെ കൊലചെയ്യുന്നതിനെയോ വിദ്വേഷത്തിന്റെ പേരിൽ അതിക്രമം അഴിച്ചുവിടുന്നതിനെയോ ഇസ്‌ലാം ന്യായീകരിക്കുന്നില്ല. നീതിയെന്ന തത്വത്തെ തന്നെ ലംഘിച്ച് നീതിയ്ക്കുവേണ്ടിയുള്ള പ്രവർത്തനം നടത്താൻ പാടില്ലയെന്നാണ് ഇസ്‌ലാം പറയുന്നത്: ഹേ വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാകുവിൻ. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റവും പറ്റിയത് (സൂറത്ത് 5:8).
അൾജീരിയൻ മുസ്‌ലിംകളുടെ അധിനിവേശ പോരാട്ടങ്ങളുടെ ചരിത്രം നല്ലൊരു ഓർമ്മപ്പെടുത്തലാണ്. നിഷ്ഠൂര കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച ഫ്രഞ്ച് അധിനിവേശ സംവിധാനങ്ങളോട് പ്രതികരിക്കാൻ പക്വമായ ഒരു വഴി അൾജീരിയൻ മുസ്‌ലിംകളുടെ നേതാവായ അമീർ അബ്ദിൽ ഖാദിർ കാട്ടിത്തന്നു. റസ ഷാ കസേമി എഴുതുന്നു: ‘സമുദായത്തെ മുഴുവനായി യാതൊരു വകതിരിവുമില്ലാതെ ഫ്രഞ്ച്കാർ, കൂട്ടക്കുരുതി നടത്തിയപ്പോൾ, അവരുടെ പട്ടാളക്കാർക്ക് അവർ കൊണ്ടുവരുന്ന ഓരോ ജോഡി അറബ് ചെവികൾക്കും പത്തുഫ്രാങ്ക് പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ, മുറിച്ചുമാറ്റപ്പെട്ട അറബ് തലകൾ യുദ്ധത്തിനു ലഭിച്ച ട്രോഫികളായി പരിഗണിക്കപ്പെട്ടപ്പോൾ, അമീർ തന്റെ മഹാത്മ്യം, ഇസ്‌ലാമിക തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ കൂറ് തെളിയിച്ചു കൊണ്ട്, ഒരു അനുശാസനത്തിലൂടെ ‘പരിഷ്‌കൃതരായ' എതിരാളികളുടെ തലത്തിലേക്ക് താഴാൻ തയ്യാറല്ലെന്നു പറഞ്ഞു: ഓരോ അറബു വംശജനും തന്റെ അധീനതയിലുള്ള ഫ്രഞ്ചുകാരനെ നല്ല രീതിയിൽ പരിചരിക്കണം. പറ്റാവുന്നത്ര ഖലീഫയോടോ അമീറിനോട് തന്നെയോ പെരുമാറുന്നതുപോലെ പെരുമാറണം. മോശമായി പെരുമാറിയെന്ന് തടവുകാരൻ പരാതി പറയുകയാണെങ്കിൽ ആ അറബിക്ക് ഒരുതരത്തിലുള്ള പ്രതിഫലത്തിനും അർഹതയുണ്ടായിരിക്കുന്നതല്ല' (ഷാ കസേമി 2005: 131-32).
അമീർ അബ്ദിൽ ഖാദിറിന്റെ ഉദ്ധരണിയോടെയാനണ് ഷാ കസേമി തന്റെ ലേഖനം തുടങ്ങുന്നത്: ‘യഥാർത്ഥ മതവിശ്വാസികൾ എത്രത്തോളം വിരളമാണെന്ന് നമ്മൾ ചിന്തിക്കുമ്പോൾ, സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർ എത്രത്തോളം കുറവാണെന്ന് ചിന്തിക്കുമ്പോൾ - ഇസ്‌ലാമിന്റെ പ്രമാണം കഠിനവും ധൂർത്തും ധാരാളിത്തവും കാടത്തവുമാണെന്നാണ് അജ്ഞാനികൾ കരുതുന്നതെന്ന് കാണുമ്പോൾ - ഈ വാചകം ആവർത്തിക്കേണ്ട സമയമാണത്: ‘ക്ഷമയാണ് മനോഹരം, എല്ലാ പ്രതിസന്ധിയിലും അഭയം അല്ലാഹുവാണ്' (ഖുർ ആൻ 12:18)
ഷാ കസേമിയുടെ അഭിപ്രായമനുസരിച്ച്, ഫ്രഞ്ച് അധിനിവേശ ശക്തികൾക്കെതിരായ അമീറിന്റെ ഇടപെടൽ ഖുർആനിൽ നിന്നുള്ള സുപ്രധാനമായ ഒരു വചനത്തിന് ദൃഷ്ട്ടാന്തമാണ്: ‘മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു എതിർക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു' (60: 8).
ജീവിതത്തിൽ, സംഘർഷങ്ങൾക്കിടയിൽ, വൈരുദ്ധ്യങ്ങൾക്കിടയിൽ ദയയും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. ഉദാഹരണത്തിന് ഈ വചനം നോക്കുക, ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാർഗത്തിൽ നിങ്ങളും യുദ്ധം ചെയ്യുക. എന്നാൽ നിങ്ങൾ പരിധിവിട്ട് പ്രവർത്തിക്കരുത്. പരിധിവിട്ട് പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ' (2.190) .
‘അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും, അവർക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങൾ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക' (3.159), തുടങ്ങിയവ ഇസ്‌ലാമിലെ ലിബറൽ-മാനവിക പാരമ്പര്യങ്ങൾ എല്ലാകാലത്തും ഉയർത്തിപ്പിടിക്കുന്ന വചനങ്ങളാണ്.
എന്നാൽ ജിഹാദികളും മറ്റ് തീവ്ര ഇസ്‌ലാമിസ്റ്റുകളും അതിനെയെല്ലാം പൂർണമായി തിരസ്‌കരിച്ചു. ഇസ്‌ലാമിന്റെ ഇത്തരം ലിബറൽ വ്യാഖ്യാനങ്ങളെയും ഫ്രഞ്ച് അധിനിവേശത്തിനെതിരായ പോരാട്ടങ്ങളുടെ കാലഘട്ടത്തിൽ അമീർ അബ്ദിൽ ഖാദിർ സ്വീകരിച്ച പക്വതയാർന്ന നിരീക്ഷണങ്ങളെയും, അദ്ദേഹത്തിന്റെ മാനവിക ദർശനങ്ങളെയും ഫ്രാൻസിലെ ഇസ്‌ലാമിക് സ്ഥാപനങ്ങളിലെ പരമ്പരാഗത രീതിയിലുള്ള ഖുർആൻ ശിക്ഷണങ്ങൾ പാടെ അവഗണിച്ചു. മതമൗലികവാദവും തീവ്രവാദവും വേരുപിടിക്കാൻ പറ്റിയ സാമൂഹിക അന്തരീക്ഷം കൂടിയാകുമ്പോൾ ഫ്രാൻസിന്റെ ചരിത്രപരമായ മതേതര-റിപ്പബ്ലിക്കൻ പാരമ്പര്യങ്ങൾ കടുത്ത സമ്മർദ്ദത്തിലുമായി. ഓരോ അക്രമങ്ങളും ആ അർത്ഥത്തിൽ കുടിയേറ്റ ജനതയുടെ തന്നെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും കൂട്ടി.
References: Shah-Kazemi, Reza (2005): 'Recollecting the Spirit of Jihad,' in Joseph E.B. Lumbard (ed.), Islam, Fundamentalism and the Betrayal of Tradition, New Delhi: Third Eye.
Trench, B. (2016): 'Charlie Hebdo,' Islamophobia and Freedoms of the Press,' Studies: An Irish Quarterly Review, 105(418): 183-191, available at http://www.jstor.org/stable/24871662.
Yusuf Ali, Abdullah (2016): The Holy Quran - English Translation with Commentary, Chennai: Goodword Books.
എം.ജി യൂണിവേഴ്‌സിറ്റിയിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് വിഭാഗത്തിന്റെ ഡയറക്ടറാണ് ലേഖകൻ. നേരത്തെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം തലവൻ, സോഷ്യൽ സയൻസ് ഡീൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.