‘ഒരു യുദ്ധവും ലോകത്തിന്റെ നൈതികബോധത്തിന്റെ അഭാവത്തിൽ നിന്നും പരാജയത്തിൽ നിന്നും മാത്രം ഉണ്ടാകുന്നതല്ല. ഭരണകൂടങ്ങളുടെ വീഴ്ചകളും അപചയങ്ങളും അത്തരത്തിൽ മാത്രം വിലയിരുത്താനും കഴിയില്ല.' - പറയുന്നത് റഷ്യൻ സാമൂഹിക ചിന്തകനും മോസ്‌കോ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബലൈസേഷൻ ആൻഡ് സോഷ്യൽ മൂവ്മെൻറ്സ് അധ്യക്ഷനുമായ ബോറിസ് കഗാർല്‌സ്‌കി. ഞങ്ങളുടെ ഒരു യാത്രക്കിടയിൽ നടന്ന ചർച്ചയിൽ വന്ന അഭിപ്രായമായിരുന്നു കഗാർല്‌സ്‌കിയുടേത്. എന്റെ ചോദ്യം യുക്രൈനുമായി ബന്ധപ്പെട്ട് കഗാർല്‌സ്‌കി എഴുതിയ ലേഖനങ്ങളെയും പുസ്തകത്തെയും കുറിച്ചുള്ള ചില സംശയങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു. കുറെ വർഷങ്ങൾക്കുമുമ്പായിരുന്നു അത്. തൃശൂരിൽ എം.എൻ. വിജയൻ സ്മാരക പ്രഭാഷണത്തിനും കോട്ടയത്ത് കെ.പി.എസ്. മേനോൻ വാർഷിക പ്രഭാഷണത്തിനും എത്തിയതായിരുന്നു കഗാർല്‌സ്‌കി.
അന്നുതന്നെ അദ്ദേഹത്തിന്റെ ചില ലേഖനങ്ങൾ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പാശ്ചാത്യശക്തികളുടെ യുക്രെയ്ൻ നയങ്ങളെ വിമർശിച്ചും യുക്രെയ്ൻ ഭരണകൂടത്തിന്റെ നടപടികളെ ചോദ്യംചെയ്തും കഗാർല്‌സ്‌കി എഴുതിയ ലേഖനങ്ങൾ വാസ്തവത്തിൽ പുടിനെ വെള്ളപൂശാനല്ല ഉപയോഗിച്ചത്. ന്യൂയോർക് ടൈംസിൽ എഴുതിയ ലേഖനത്തിൽ 2013-14 കാലഘട്ടത്തിൽ യുക്രെയ്നിൽ നടന്ന ഭരണമാറ്റം അദ്ദേഹം വിമർശിക്കുമ്പോഴും പുടിനെ ഒരു മാതൃകാ ജനാധിപത്യവാദിയായി അവതരിപ്പിക്കുവാൻ കഗാർല്‌സ്‌കി തുനിഞ്ഞിട്ടില്ല. മാത്രമല്ല, റഷ്യയിലെയും യുക്രെയ്നിലെയും ഭരണകൂടസ്വഭാവങ്ങൾ ഒലിഗാർക്കുകളുടെതിന് സമാനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കഗാർല്‌സ്‌കിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധിച്ചുനോക്കിയാൽ ഒരു കാര്യം മനസ്സിലാകും. ഒരു യുദ്ധം ഏതുസമയത്തും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്‌നം തന്നെയായിരുന്നു യുക്രെയ്ൻ.
2014-ൽ യുക്രെയ്നുമായി ബന്ധപ്പെട്ട് പ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനായ ഇമ്മാനുവേൽ വാലസ്റ്റെയിൻ എഴുതിയ ഒരു ലേഖനത്തിൽ, പ്രശ്‌നത്തിന്റെ യഥാർഥ കാരണങ്ങൾ പടിഞ്ഞാറും പടിഞ്ഞാറും, പടിഞ്ഞാറും റഷ്യയും തമ്മിലുള്ള സമവാക്യങ്ങളിൽ വന്ന മാറ്റങ്ങളെ പറ്റിയായിരുന്നു. അമേരിക്കയ്ക്ക് റഷ്യയുടെ പുതിയ ജർമൻ- ഫ്രഞ്ച് ബന്ധങ്ങളെ അത്ര കണ്ട് അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. റഷ്യക്ക് യൂറോപ്പിൽ വീണ്ടുമൊരു ആധിപത്യത്തിന് കളമൊരുക്കുന്ന പുതിയ ശാക്തിക സമവാക്യങ്ങളെ അവർ എങ്ങനെയും എതിർക്കുമെന്ന് റഷ്യയ്ക്കും അറിയാമായിരുന്നു. അമേരിക്കയും യൂറോപ്പും അകലുകയും റഷ്യയും യൂറോപ്പും അടുക്കുകയും ചെയ്താൽ അതിന്റെ ആഘാതം വലുതായിരിക്കുമെന്നു മനസ്സിലാക്കിയ വൈറ്റ് ഹൗസിലെ രാജ്യാന്തര വിദഗ്ധർ ഒബാമയെയും ട്രംപിനെയും ബൈഡനെയും ഉപദേശിച്ചുകൊണ്ടിരുന്നു. അന്ന് വാലസ്റ്റെയിൻ എഴുതിയത് പാരീസ്- ബെർലിൻ- മോസ്‌കോ അച്ചുതണ്ട് സാമാന്യബുദ്ധിക്കു നിരക്കുന്ന ഒന്നാണെന്നാണ്.
യുക്രെയ്ൻ ഇപ്പോൾ ഒരു പരീക്ഷണശാലയാണ്. വെടിക്കോപ്പുകളും മനുഷ്യമാംസങ്ങളും തെരുവുകളിൽ പെരുകുന്നു. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥക്കുമേൽ വന്നുവീണ യുദ്ധം. ഇനി എത്രനാൾ കഴിഞ്ഞാണ് അതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ കഴിയുക?
അമേരിക്ക അറ്റലാൻറിക് വിട്ട് പസിഫിക് (ഇന്തോ-പസിഫിക്) മേഖലയിലേക്ക് ശ്രദ്ധ തിരിക്കുമ്പോൾ റഷ്യയുടെ ഭയം അമേരിക്ക- ചൈന യുദ്ധമായിരുന്നില്ല, മറിച്ച്,അമേരിക്കയും ചൈനയും തമ്മിലുള്ള (ജപ്പാനും കൊറിയയും കൂടിയുള്ള) ഒരു സഖ്യമായിരുന്നു. ജർമനിയും ഫ്രാൻസും റഷ്യയോട് അടുക്കാൻ കാരണങ്ങൾ അതുമാത്രമായിരുന്നില്ല. യൂറോപ്പിന്റെ തന്നെ ഊർജാവശ്യങ്ങളിൽ റഷ്യയ്ക്ക് വഹിക്കാൻ കഴിയുന്ന പങ്ക് അമേരിക്കയ്ക്ക് സാധിക്കില്ല എന്ന് ജർമനിയും ഫ്രാൻസും മനസ്സിലാക്കിയിരുന്നു.
വാലസ്റ്റെയിൻ കുറിച്ച വരികൾക്ക് ഇന്ന് എന്ത് പ്രസക്തി എന്ന് ചോദിക്കാം. അദ്ദേഹം പറഞ്ഞുവെക്കുന്നത്, പ്രത്യയശാസ്ത്രങ്ങൾക്കപ്പുറം പോകുന്ന ഭൂരാഷ്ട്രതന്ത്രം യൂറോപ്പിലെ രാജ്യാന്തരബന്ധങ്ങളിൽ വീണ്ടും ഉണർവോടെ തിരിച്ചുവരുന്നു എന്നാണ്. ആ വരവിന്റെ ആത്യന്തികഫലങ്ങളെപ്പറ്റി വാലസ്റ്റെയിൻ മുൻകൂട്ടി കണ്ടിരുന്നില്ല. മാത്രമല്ല 2019-ൽ മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം എഴുതിയ 500-ാമത്തേതും അവസാനത്തേതുമായ നിരൂപണം അവസാനിപ്പിക്കുന്നത് ലോകത്തിന് മൗലികമായ ഒരു മാറ്റത്തിനുവേണ്ടി ആഗ്രഹിക്കാമെങ്കിലും അതിന്റെ സാധ്യതകൾ 50:50 ശതമാനം മാത്രമേയുള്ളൂ എന്നാണ്. എന്നുവെച്ചാൽ, ലോകത്തിന് അതിന്റെ നന്മബോധം (അങ്ങനെയൊന്നുണ്ടെങ്കിൽ) വെടിഞ്ഞ്പൂർവകാല ‘പ്രതാപത്തിലും ധാർഷ്ട്യത്തിലും' അഭിരമിക്കാൻ സാധിക്കുമെന്നാണ്.
ക്രെംലിന്റെ കൈയിലുള്ള അണ്വായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും കണക്കുകൾ നന്നായറിയാവുന്ന അമേരിക്കയ്ക്ക് നേരിട്ടൊരു യുദ്ധത്തിനിറങ്ങാൻ ധൈര്യമുണ്ടാകില്ലന്ന് പുടിനും അറിയാം. പ്രത്യേകിച്ച് ചൈനയും ഇന്ത്യയുമെല്ലാം തന്ത്രപ്രധാനമായ നിലപാടുകൾ എടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ.
വാലസ്റ്റെയിൻ 500ാമത്തെ ലേഖനം കുറിക്കുമ്പോൾ വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് തകർത്താടുകയാണ്. എല്ലാ അന്താരാഷ്ട്ര ഉടമ്പടികളും വലിച്ചെറിഞ്ഞ് ‘പ്രതാപത്തിലും ധാർഷ്ട്യത്തിലും' മുങ്ങിക്കുളിച്ചുനിന്ന ട്രംപ് തന്നെയായിരിക്കും മറ്റൊരു ലോകയുദ്ധത്തിന് വഴിതെളിക്കുകയെന്ന് പലരും ശങ്കിച്ചു. പക്ഷെ അതുണ്ടായില്ല. മഹാമാരി താണ്ഡവമാടിയ ആ വർഷം ട്രംപിന്റെ സ്വപ്നങ്ങളെ തകിടം മറിച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ ലോകം കണ്ടിരുന്ന ജോ ബൈഡൻ പക്വതയാർന്ന രീതിയിലായിരുന്നില്ല രാജ്യാന്തര ബന്ധങ്ങളെ കൈകാര്യം ചെയ്തിരുന്നത്. അതിന്റെ ഏറ്റവും വലിയ വില കൊടുക്കേണ്ടിവന്നത് യുക്രെയ്ൻ ജനതയാണ്.
ജോൺ എഫ്. കെന്നഡിയും ക്രൂഷ്ചേവും ലോകത്തെ വലിയൊരു ആണവയുദ്ധത്തിൽ നിന്ന് രക്ഷിച്ചത് നയതന്ത്ര സംഭാഷണങ്ങളിലൂടെയായിരുന്നു. 1962-ൽ എന്താണോ ക്യൂബയിൽ ലോകം ഭയപ്പെട്ടത് അത് ഇപ്പോൾ യുക്രെയ്നിൽ സംഭവിക്കുമോ എന്ന ആശങ്കയാണ് എല്ലാവർക്കും. തമാശരൂപത്തിലാണെങ്കിലും ക്രൂഷ്‌ചേവ് കെന്നഡിക്കെഴുതിയ ഒരു കത്തിൽ പറയുന്നത്, യുദ്ധം പിരിമുറുക്കിയ വലിയൊരു വടത്തിന്റെ അപ്പുറവും ഇപ്പുറവുമാണ് നമ്മെളെന്നാണ്. ഇന്ന് വൈറ്റ് ഹൗസിലും ക്രെംലിനിലും കെന്നഡിയോ ക്രൂഷ്‌ചേവോ ഇല്ല. ഉള്ളത് പക്വത കുറഞ്ഞ, പൂർവകാല പ്രതാപങ്ങളിൽ നിമഗ്‌നരായ, അധികാരത്തിന്റെ സമവാക്യങ്ങളിൽ മാത്രം ശ്രദ്ധയുള്ള കുറെ മനുഷ്യരാണ്.
പുടിന് ഏറെ അഭിമാനിക്കാൻ ഒന്നുമില്ലാത്ത ഒരു ഭൂതകാലമുണ്ട്. രാഷ്ട്രീയ കളികളിൽ ആമഗ്‌നമാക്കാനുള്ള ചെസ് ബോർഡ് അദ്ദേഹം അടുത്ത ഒരു പതിറ്റാണ്ടിലേയ്ക്ക് കരുതിയിട്ടുണ്ട്. യുക്രെയ്ൻ പുടിന് കളികളുടെ ആദ്യ കളിക്കളമാണ്. നേരത്തെ ക്രൈമിയ പിടിച്ചടക്കിയപ്പോൾ റഷ്യക്ക് ഒന്ന് ബോധ്യപ്പെട്ടു. സാവധാനത്തിലാണെങ്കിലും പഴയ റഷ്യൻ ഇംപീരിയൽ ആധിപത്യം സാധ്യമാക്കണമെങ്കിൽ ചുറ്റുവട്ടത്തും ചുറ്റിനും ഉള്ളതെല്ലാം സ്വന്തമാക്കണം. അവിടെ മനുഷ്യരോ ജനാധിപത്യമോ, നീതിന്യായ സംവിധാനങ്ങളോ ഒക്കെ ഉണ്ടായാലും ഈ ഇംപീരിയൽ ആധിപത്യത്തിന്അതൊന്നും തടസ്സമല്ല. ക്രെംലിന്റെ കൈയിലുള്ള അണ്വായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും കണക്കുകൾ നന്നായറിയാവുന്ന അമേരിക്കയ്ക്ക് നേരിട്ടൊരു യുദ്ധത്തിനിറങ്ങാൻ ധൈര്യമുണ്ടാകില്ലന്ന് പുടിനും അറിയാം. പ്രത്യേകിച്ച് ചൈനയും ഇന്ത്യയുമെല്ലാം തന്ത്രപ്രധാനമായ നിലപാടുകൾ എടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ.
കഴിഞ്ഞ കുറെ വർഷങ്ങളായി റഷ്യ ആഗ്രഹിക്കുന്ന ഒന്നാണ് രാജ്യാന്തര രംഗത്ത്സജീവസാന്നിധ്യമാകുക എന്നത്. സാമ്പത്തികശക്തിയായ ചൈനയ്ക്കു കിട്ടികൊണ്ടിരിക്കുന്ന പലതരം അംഗീകാരങ്ങൾ പുടിനെ സംബന്ധിച്ച്വെല്ലുവിളിയാകുന്നത് ഒരു കാര്യത്തിൽ മാത്രം. റഷ്യയ്ക്ക് വിനയാകുന്ന സഖ്യങ്ങളിൽ ചൈന ഏർപ്പെടരുത് എന്നതുമാത്രം. അമേരിക്കയോട് ശത്രുതയിൽ കഴിയുന്ന കാലത്തോളം അതിന്റെ പ്രസക്തി നിലനിൽക്കും. ഈ സമവാക്യങ്ങൾ മാറിമറിയാൻ തുടങ്ങിയാൽ ക്രെംലിന് പുതിയ വഴികൾ തേടേണ്ടിവരും. ഉപരോധങ്ങൾ കൊണ്ടുമാത്രം തങ്ങളെ തകർക്കാമെന്ന് വ്യാമോഹിക്കേണ്ടന്ന് പുടിൻ വ്യക്തമാക്കിക്കഴിഞ്ഞു. അതിനുള്ള മറുമരുന്നുകൾ കണ്ടുവെച്ചിട്ടാവണം യുദ്ധം തുടങ്ങിയത്.
ലോകരാഷ്ട്രീയം വീണ്ടും വൻശക്തികളുടെ കൂത്തരങ്ങായി മാറുകയാണ്. ആഗോളവൽക്കരണം സമത്വത്തിന്റെ, സാഹോദര്യത്തിന്റെ, സഹകരണത്തിന്റെ പാത തുറക്കുമെന്ന് അവകാശപ്പെട്ടിരുന്ന അന്താരാഷ്ട്ര നവലിബറൽ വാദികൾ ഇപ്പോൾ പിൻവാങ്ങിയിരിക്കുകയാണ്. നവയാഥാർഥ്യവാദികളും (neo-realists) അതിയാഥാർത്യവാദികളും (hyper-realists) ഇപ്പോൾ ഒരു ഉത്സവകാല വീര്യത്തോടെ രംഗത്തെത്തിക്കഴിഞ്ഞു.
ഐക്യരാഷ്ടസംഘടനയും മറ്റും പതിവുപോലെ പ്രമേയങ്ങൾ കൊണ്ടുവന്ന് വീറ്റോ ഏറ്റുവാങ്ങി പിന്തിരിയുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കയറിയിറങ്ങിയാൽ എന്തുണ്ട് പ്രയോജനം എന്ന് ചോദിച്ചാൽ, ഒരു മനസ്സമാധാനത്തിന് ഇതെല്ലാം വേണ്ടിവരും എന്നേ പറയാനാവൂ.
യുക്രെയ്ൻ ഇപ്പോൾ ഒരു പരീക്ഷണശാലയാണ്. വെടിക്കോപ്പുകളും മനുഷ്യമാംസങ്ങളും തെരുവുകളിൽ പെരുകുന്നു. ജീവനും കൊണ്ടോടുന്നവരുടെ കണക്കുകൾ ആർക്കും കൂട്ടിയെടുക്കാൻ കഴിയുന്നില്ല. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥക്കുമേൽ വന്നുവീണ യുദ്ധം. ഇനി എത്രനാൾ കഴിഞ്ഞാണ് അതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ കഴിയുക. സമാധാന ചർച്ചകൾക്ക് അങ്ങുമിങ്ങും ചില ശബ്ദങ്ങൾ ഉയരുന്നുണ്ട്. ഐക്യരാഷ്ടസംഘടനയും മറ്റും പതിവുപോലെ പ്രമേയങ്ങൾ കൊണ്ടുവന്ന് വീറ്റോ ഏറ്റുവാങ്ങി പിന്തിരിയുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കയറിയിറങ്ങിയാൽ എന്തുണ്ട് പ്രയോജനം എന്ന് ചോദിച്ചാൽ, ഒരു മനസ്സമാധാനത്തിന് ഇതെല്ലാം വേണ്ടിവരും എന്നേ പറയാനാവൂ. ലോക പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ ഇതെല്ലാം സഹായിക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
കഗാർല്‌സ്‌കി പറഞ്ഞതുപോലെ, ഭരണകൂടങ്ങളുടെ വീഴ്ചകളും അപചയങ്ങളും കാലാകാലങ്ങളിൽ ഏറ്റെടുക്കേണ്ട ബാധ്യത ജനങ്ങൾക്ക് ഇന്ന് കൂടുതലായി വന്നുചേർന്നിരിക്കുന്നു. ഈ ബാധ്യത യുദ്ധകാലത്തെ മരണവ്യാപാരമായാൽ അതിന്റെ പ്രത്യാഘാതം എണ്ണിത്തിട്ടപ്പെടുത്താൻ ആര് ബാക്കിയുണ്ടാവുമെന്ന ചോദ്യമാണ് നമ്മെ തുറിച്ചുനോക്കുന്നത്.
‘എല്ലാവരും സ്വന്തം ബോധ്യങ്ങൾക്കുവേണ്ടി മാത്രമാണ് പോരാടിയതെങ്കിൽ യുദ്ധമുണ്ടാകില്ലല്ലോ' എന്ന ചോദ്യം എല്ലാ സാമാന്യയുക്തികൾക്കും അപ്പുറം സഞ്ചരിക്കുന്ന വാക്കുകളാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.