അഹമ്മദി നെജാദുമായി ‘മൊസാദി’ന്റെ രഹസ്യ ചർച്ച:
ആ വാർത്തയുടെ വാസ്തവം
എന്താണ്?

ഇറാന്റെ പുതിയ നേതാവായി ഉയർത്തിക്കൊണ്ടുവരാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദുമായി ഇസ്രായേലിന്റെ 'മൊസാദ്' നാലു വർഷത്തോളം അടുപ്പം സ്ഥാപിച്ചിരുന്നു എന്ന് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. എന്താണ് ഈ വാർത്തയുടെ അടിസ്ഥാനം?- കെ.എം. സീതി എഴുതുന്നു.

റാനും ഇസ്രായേലും അമേരിക്കയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഘർഷങ്ങളിൽനിന്ന് പുറത്തുവന്ന ഏറ്റവും രസകരമായ ഒരു ‘രഹസ്യാന്വേഷണകഥ’ 'ന്യൂയോർക്ക് ടൈംസ്' പ്രസിദ്ധീകരിക്കുകയുണ്ടായി. ഇസ്രായേൽ, അമേരിക്ക, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുപ്പതിലധികം നിലവിലുളളതും മുൻകാലത്തുണ്ടായിരുന്നതുമായ രഹസ്യാന്വേഷണ, നയതന്ത്ര, രാഷ്ട്രീയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം ഈ അവകാശവാദം ഉന്നയിച്ചത്.

ഇസ്‌ലാമിക് റിപ്പബ്ലിക്കിനുശേഷമുള്ള ഇറാന്റെ പുതിയൊരു നേതാവായി ഉയർത്തിക്കൊണ്ടുവരാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദുമായി ഇസ്രായേലിന്റെ 'മൊസാദ്' നാല് വർഷത്തോളം അടുപ്പം സ്ഥാപിച്ചിരുന്നു എന്നാണ് പത്രം പറയുന്നത്.

റിപ്പോർട്ടുകൾ പ്രകാരം 2022-ൽ രഹസ്യ ചർച്ചകൾ ആരംഭിക്കുകയും, തുടർന്ന് ഗ്വാട്ടിമാലയിലും ബുഡാപെസ്റ്റിലും വച്ച് കൂടിക്കാഴ്ചകൾ നടക്കുകയും ചെയ്തു. അവിടെ വച്ച് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ അഹമ്മദി നെജാദിനെ നേരിട്ട് കണ്ടതായും പറയപ്പെടുന്നു.

2026 ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച യുഎസ്- ഇസ്രായേൽ സൈനിക നീക്കത്തിനിടയിലാണ് ഈ ദൗത്യം അവസാന ഘട്ടത്തിലെത്തിയത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ തകർച്ച മുൻകൂട്ടി കണ്ട് മൊസാദ് ഏജന്റുമാർ അഹമ്മദി നെജാദിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. എന്നാൽ അഹമ്മദി നെജാദ് ഈ നീക്കത്തിൽനിന്ന് പിന്മാറുകയും പിന്നീട് അയത്തൊള്ള അലി ഖമനൈയുടെ സംസ്കാരചടങ്ങിൽ പ്രത്യക്ഷപ്പെടുകയും ചെയ്തതോടെ ഈ പദ്ധതി പരാജയപ്പെടുകയായിരുന്നു.

ഇറാന്‍ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ്
ഇറാന്‍ മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദ്

എന്നാൽ അഹമ്മദി നെജാദിന്റെ ഓഫീസ് ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചു. ഇതൊരു കെട്ടിച്ചമച്ച "ഹോളിവുഡ് ശൈലിയിലുള്ള" കഥ മാത്രമാണെന്ന് അവർ തള്ളിക്കളഞ്ഞു. ഇതേസമയം ഇസ്രായേൽ അധികൃതരോ അമേരിക്കൻ അധികൃതരോ ഈ ആരോപണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.

ഇതിലെ പല വിവരങ്ങളും സത്യമാണോ എന്ന് ഉറപ്പുവരുത്താൻ കഴിയില്ലെങ്കിലും ഈ റിപ്പോർട്ട് പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. കാരണം ഇത് ഇറാന്റെ ആണവപദ്ധതിയെയോ സൈനിക ശേഷിയെയോ കുറിച്ചുള്ള പതിവ് ചർച്ചകൾക്ക് അപ്പുറത്തേക്ക് കാര്യങ്ങളെ കൊണ്ടുപോകുന്നു. ഇറാനെ ദുർബലപ്പെടുത്തുക മാത്രമല്ല, അവിടുത്തെ ഭരണം അട്ടിമറിച്ച് (regime change) ഇറാന്റെ രാഷ്ട്രീയഭാവി തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കാൻ ഇസ്രായേലിലെയും അമേരിക്കയിലെയും സുരക്ഷാവിഭാഗത്തിലെ ചിലർ ശ്രമിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദൗത്യം വിവരിച്ചതുപോലെ തന്നെയാണോ നടന്നത് എന്നത് ഈ ആഖ്യാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. അങ്ങനെയെങ്കിൽ ഇത്തരമൊരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിലൂടെ രാഷ്ട്രീയമായി എന്താണ് ലക്ഷ്യമിടുന്നത് എന്നതും തുല്യപ്രാധാന്യമുള്ള കാര്യമാണ്.

ഈ റിപ്പോർട്ട് പുറത്തുവന്ന സമയവും പ്രധാനമാണ്. ഇറാനുമായുള്ള കടുത്ത യുദ്ധത്തിനും പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനൈയുടെ വധത്തിനും, വലിയ വാർത്താപ്രാധാന്യം നേടിയ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകൾക്കും ശേഷമാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇറാന്റെ നേതൃത്വം രാജ്യം ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നു എന്ന ചിത്രം കാണിക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു അത്.

ഇത്തരം വെളിപ്പെടുത്തലുകൾ രാഷ്ട്രീയമായി ഒരു പ്രത്യേക സാഹചര്യമില്ലാതെ വെറുതെ പുറത്തുവരാറില്ല. രഹസ്യാന്വേഷണവിവരങ്ങൾ ചോർത്തിനൽകുന്നത് വെറും വിവരങ്ങൾ കൈമാറാൻ മാത്രമല്ല; അതൊരു മനഃശാസ്ത്ര യുദ്ധം കൂടിയാണ്. മുൻ ഇറാൻ പ്രസിഡന്റ് ഇസ്രായേലുമായി സഹകരിച്ചിരുന്നു എന്ന് ചിത്രീകരിക്കുന്നതിലൂടെ ഇറാന്റെ ഭരണാധികാരികൾക്കിടയിൽ പരസ്പര സംശയം വർദ്ധിപ്പിക്കാനും ആഭ്യന്തരമായ ഭിന്നതകൾ ഉണ്ടാക്കാനും ഈ റിപ്പോർട്ടിന് സാധിക്കും. കൂടാതെ ഇസ്‌ലാമിക് റിപ്പബ്ലിക്കിനുള്ളിലെ ഭിന്നതകൾ കണ്ടെത്താൻ വിദേശശക്തികൾ ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്ന് ഇറാനിലെ ജനങ്ങളെ ഓർമ്മിപ്പിക്കാനും ഇതിടയാക്കും. ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും സൈനിക നീക്കങ്ങളിലൂടെ ഇറാന്റെ രാഷ്ട്രീയതകർച്ച ഉണ്ടാക്കാൻ സാധിക്കാതെവന്ന ഒരു ഘട്ടത്തിൽ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തെ ഈ റിപ്പോർട്ട് വീണ്ടും സജീവമാക്കുകയാണ് ചെയ്യുന്നത്.

ഇങ്ങനെയൊരു വാർത്തയുടെ കേന്ദ്രബിന്ദുവായി മഹ്മൂദ് അഹമ്മദി നെജാദ് വന്നതെന്നത് തികച്ചും അസാധാരണമാണ്. 2005 മുതൽ 2013 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇസ്‌ലാമിക് റിപ്പബ്ലിക്കിലെ ഏറ്റവും കടുംപിടുത്തക്കാരനായ ഒരു നേതാവായിട്ടാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. കടുത്ത ഇസ്രായേൽ വിരുദ്ധ പ്രസ്താവനകൾ, ഹോളോകോസ്റ്റിനെ (യഹൂദ കൂട്ടക്കൊല) നിരന്തരം ചോദ്യംചെയ്യൽ, ഇറാന്റെ ആണവപദ്ധതിയെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, കൂടാതെ തർക്കങ്ങൾക്കിടയാക്കിയ 2009-ലെ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ 'ഗ്രീൻ മൂവ്‌മെന്റ്' പ്രതിഷേധങ്ങളെ അടിച്ചമർത്തൽ എന്നിവയുമായിട്ടാണ് അദ്ദേഹത്തിന്റെ ഭരണകാലം ഓർമ്മിക്കപ്പെടുന്നത്. അക്കാലത്ത് ഇസ്‌ലാമിക് വിപ്ലവത്തിന്റെ ആദർശപരമായ ആത്മവിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് പലരും അദ്ദേഹത്തെ കണ്ടിരുന്നത്.

ഇറാന്‍ പരമോന്നത നേതാവ് അലി ഖമനൈ. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം, അലി ഖമനൈയുമായി അഹമ്മദി നെജാദിനുള്ള ബന്ധം ക്രമേണ വഷളായി.
ഇറാന്‍ പരമോന്നത നേതാവ് അലി ഖമനൈ. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം, അലി ഖമനൈയുമായി അഹമ്മദി നെജാദിനുള്ള ബന്ധം ക്രമേണ വഷളായി.

എന്നാൽ ഇറാന്റെ രാഷ്ട്രീയം ഒരേ നിലയിൽ തുടരുന്ന ഒന്നായിരുന്നില്ല. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം, പരമോന്നത നേതാവ് അലി ഖമനൈയുമായി അഹമ്മദി നെജാദിനുള്ള ബന്ധം ക്രമേണ വഷളായി. വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് 'ഗാർഡിയൻ കൗൺസിൽ' അദ്ദേഹത്തെ പലതവണ വിലക്കി. അതേസമയം, ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) പ്രമുഖ വിഭാഗങ്ങൾ അദ്ദേഹത്തെ പ്രവചനാതീതനും രാഷ്ട്രീയമായി വിശ്വസിക്കാൻ കൊള്ളാത്തവനുമായിട്ടാണ് കണ്ടത്. എന്നാൽ അഹമ്മദി നെജാദ് പതുക്കെ തന്റെ പ്രതിച്ഛായ മാറ്റിയെടുത്തു. അഴിമതിക്കും, ഉദ്യോഗസ്ഥമേധാവിത്വത്തിനും, ഭരണവർഗ്ഗത്തിന്റെ ആനുകൂല്യങ്ങൾക്കുമെതിരെ സംസാരിക്കുന്ന ഒരു ജനകീയ വിമർശകനായി അദ്ദേഹം മാറി.

ഭരണകൂട അടിച്ചമർത്തലുകളെ അദ്ദേഹം വിമർശിച്ചു. ഉപരോധങ്ങൾക്കിടയിലെ സാമ്പത്തിക മാനേജ്‌മെന്റിനെ ചോദ്യം ചെയ്തു. കൂടാതെ സാധാരണക്കാരായ ഇറാൻ ജനതയെ ഭരണാധികാരികളുടെ സ്വാർത്ഥതാല്പര്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ഒരാളായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ സങ്കടങ്ങളോട് ചിലപ്പോഴൊക്കെ അനുഭാവം പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഇറാനിലെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ നേതാവായി മാറുകയോ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ നേരിട്ട് വെല്ലുവിളിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ വിമർശനങ്ങൾ ഒരു വിപ്ലവം ലക്ഷ്യമിട്ടുള്ളതായിരുന്നില്ല. തെരഞ്ഞെടുത്ത ചില കാര്യങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നവയായിരുന്നു.

ഇറാന്റെ സങ്കീർണ്ണമായ രാഷ്ട്രീയവ്യവസ്ഥയെ വളരെ ലളിതവൽക്കരിച്ച് കാണാൻ 'ന്യൂയോർക്ക് ടൈംസ്' വാർത്ത ശ്രമിക്കുന്നു എന്നതുകൊണ്ടു തന്നെ ഈ വേർതിരിവ് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇറാന്റെ രാഷ്ട്രീയത്തെ "തീവ്രവാദികൾ" എന്നും "മിതവാദികൾ" എന്നും മാത്രമായി കൃത്യമായി വിഭജിക്കാൻ കഴിയില്ല. മതപരമായ സ്ഥാപനങ്ങൾ, ഐ.ആർ.ജി.സി, ജനപ്രതിനിധികൾ, സാങ്കേതികവിദഗ്ദ്ധർ, സാമ്പത്തിക താല്പര്യങ്ങൾ, പരസ്പരം മത്സരിക്കുന്ന ദേശീയവാദിഗ്രൂപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന വലിയൊരു ശൃംഖലയാണ് അവിടുത്തെ രാഷ്ട്രീയം. അഹമ്മദി നെജാദ് ഖമനൈയുമായി അകന്നു എന്നതുകൊണ്ടുമാത്രം അദ്ദേഹം ഇറാനിലെ പരിഷ്കരണവാദികൾക്കോ വിദേശ സർക്കാരുകൾക്കോ സ്വീകാര്യനായ ഒരു പകരക്കാരനായി മാറുന്നില്ല. യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ പോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം വലിയ തോതിൽ കുറഞ്ഞിട്ടുണ്ടായിരുന്നു.

ഒരു താൽക്കാലിക സർക്കാരിനെ നയിക്കാൻ അഹമ്മദി നെജാദിന് കഴിയുമെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ആത്മാർത്ഥമായി വിശ്വസിച്ചിട്ടുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജനപ്രീതിയെയും സംഘടനാപിന്തുണയെയും അവർ അമിതമായി വിലയിരുത്തി എന്ന് പറയേണ്ടിവരും. അദ്ദേഹത്തിന് രാജ്യവ്യാപകമായ ജനശ്രദ്ധയും വിപ്ലവ പാരമ്പര്യവും ഉണ്ടായിരുന്നെങ്കിലും, മതനേതൃത്വത്തിന്റെയോ സുരക്ഷാ വിഭാഗങ്ങളുടെയോ ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളുടെയോ ശക്തമായ പിന്തുണ അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തെ മാത്രം മുൻനിർത്തിയുള്ള ഏതൊരു ഭരണമാറ്റവും ഇറാനകത്തുനിന്നുതന്നെ കടുത്ത എതിർപ്പ് നേരിടാൻ സാധ്യതയുണ്ടായിരുന്നു.

1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം അമേരിക്കയിലെയും ഇസ്രയേലിലെയും തുടർച്ചയായ സർക്കാരുകൾ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തകർക്കാനോ മാറ്റാനോ ഉള്ള വിവിധ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്.
1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം അമേരിക്കയിലെയും ഇസ്രയേലിലെയും തുടർച്ചയായ സർക്കാരുകൾ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തകർക്കാനോ മാറ്റാനോ ഉള്ള വിവിധ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്.

ഈ വാർത്തയുടെ യഥാർത്ഥ പ്രാധാന്യം അഹമ്മദി നെജാദിനെ മാത്രം ചുറ്റിപ്പറ്റിയുളളതല്ല എന്നതാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭൗമരാഷ്ട്രീയചിന്താഗതിയിലുള്ള വളരെ പഴയൊരു രീതിയെയാണ് ഇത് കാണിക്കുന്നത്. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിനുശേഷം അമേരിക്കയിലെയും ഇസ്രയേലിലെയും തുടർച്ചയായ സർക്കാരുകൾ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തകർക്കാനോ മാറ്റാനോ ഉള്ള വിവിധ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്. ഉപരോധങ്ങൾ, രഹസ്യ നീക്കങ്ങൾ, പ്രതിപക്ഷ ഗ്രൂപ്പുകൾക്കുള്ള പിന്തുണ, സൈബർ യുദ്ധങ്ങൾ, ആസൂത്രിത കൊലപാതകങ്ങൾ, സൈനിക സമ്മർദ്ദം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. അഹമ്മദി നെജാദിനെ ഒപ്പം കൂട്ടാൻ ശ്രമിച്ചു എന്ന വാർത്ത സത്യമാണെങ്കിൽ അത് ഇറാന്റെ ശക്തിയെ വെറുതെ തളർത്താൻ മാത്രമല്ല ലക്ഷ്യമിടുന്നത്. അത് ഇറാനിലെ ആഭ്യന്തര രാഷ്ട്രീയഭാവിയെ തന്നെ സ്വാധീനിക്കാൻ വിദേശശക്തികൾ നടത്തുന്ന ദീർഘകാല ശ്രമങ്ങളുടെ മറ്റൊരു പതിപ്പ് കൂടിയാണ്.

വിദേശശക്തികൾ ഇടപെട്ട് നടത്തുന്ന ഭരണമാറ്റ ശ്രമങ്ങളുടെ പരിമിതികളെയാണ് ഈ സംഭവം കാണിക്കുന്നത്. സൈനികമായ മേധാവിത്വം ഉണ്ടെന്നതുകൊണ്ടുമാത്രം ഒരു രാജ്യത്ത് രാഷ്ട്രീയമാറ്റം ഉണ്ടാകണമെന്നില്ല. ശക്തമായ അടിത്തറയുള്ള ഭരണസംവിധാനങ്ങളും ആദർശപരമായ പിന്തുണയും കരുത്തുറ്റ സുരക്ഷാവിഭാഗങ്ങളുമുള്ള രാജ്യങ്ങൾ പുറത്തുനിന്നുള്ള നിരീക്ഷകർ കരുതുന്നതിനേക്കാൾ കൂടുതൽ പ്രതിരോധശേഷിയുള്ളവരാണെന്ന് തെളിയിക്കാറുണ്ട്. ഈ ദൗത്യം പരാജയപ്പെട്ടു എന്ന് പറയപ്പെടുന്നതും യുദ്ധത്തിനുശേഷവും ഇറാന്റെ രാഷ്ട്രീയവ്യവസ്ഥ തകരാതെ നിലനിന്നതും വ്യക്തമാക്കുന്നത് ഒന്നാണ്: പ്രധാന നേതാക്കളെ വധിക്കുന്നതുകൊണ്ടോ രഹസ്യമായ രാഷ്ട്രീയ ആസൂത്രണങ്ങൾ നടത്തുന്നതുകൊണ്ടോ ഒരു രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയമാറ്റങ്ങൾക്ക് പകരമാകാൻ കഴിയില്ല.

അതുകൊണ്ടുതന്നെ 'ന്യൂയോർക്ക് ടൈംസ്' നടത്തിയ ഈ അന്വേഷണ റിപ്പോർട്ടിനെ ജാഗ്രതയോടു കൂടി വേണം വായിക്കാൻ. ഇതിലെ പ്രധാന ആരോപണങ്ങൾ ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പലതും പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണവൃത്തങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ അഹമ്മദി നെജാദ് ഇവ പൂർണ്ണമായി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഒരർത്ഥത്തിൽ ഈ വാർത്ത പശ്ചിമേഷ്യയുടെ ഭാവിരാഷ്ട്രീയവ്യവസ്ഥ ആരാണ് തീരുമാനിക്കുക എന്നതിനെച്ചൊല്ലി ഇറാനും ഇസ്രായേലും അമേരിക്കയും തമ്മിൽ തുടരുന്ന മത്സരത്തെപ്പറ്റിയാണ്.


Summary: km seethi writes about What is the basis of the New York Times report on Mossad's alleged ties with Mahmoud Ahmadinejad?


കെ.എം. സീതി

രാജ്യാന്തര പഠന വിദഗ്ധൻ, എം.ജി. സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ഡയറക്ടർ.

Comments