ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനസന്ദേശം ‘ഗിവ് ടു ഗെയ്ൻ’ എന്നാണ്. സ്ത്രീകൾക്ക് അവസരങ്ങൾ നൽകാനും എല്ലാ രംഗങ്ങളിലും അവരെ ശാക്തീകരിക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെയും സാർവദേശീയ വനിതാ കൂട്ടായ്മകളുടെയും ആഹ്വാനം മുഴങ്ങിക്കൊണ്ടിരിക്കേയാണ് ഭൂഖണ്ഡങ്ങളിലുടനീളം സ്ത്രീകൾക്കെതിരെ അതിക്രമം തുടരുന്നത്.
യുദ്ധങ്ങളും കോർപറേറ്റ് മൂലധനത്തിന്റെ വികസനതന്ത്രങ്ങളും അമിത കാർബൺ ബഹിർഗമനമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും അതിന്റെ ഫലമായ പ്രകൃതി ദുരന്തങ്ങളുമെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. യുക്രെയ്നിലും ഗാസയിലും തുടരുന്ന യുദ്ധങ്ങൾ സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ് ഏറ്റവും ആഴത്തിൽ ബാധിച്ചിരിക്കുന്നത്.
ഫെബ്രുവരി 28–ന് സയണിസ്റ്റ് ഭീകരരാഷ്ട്രമായ ഇസ്രായേൽ, പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിന് ബോംബിട്ടുകൊണ്ടാണ് ഇറാനെതിരായ യുദ്ധം തുടങ്ങിയത്. പത്തു വയസ്സിനു താഴെയുള്ള 181 കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ പിന്തുണയോടെ സയണിസ്റ്റുകൾ നടത്തുന്ന വംശഹത്യാപരമായ യുദ്ധതന്ത്രമാണ് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിടുക എന്നത്.
1982- ലെ സാബ്രാ–സാറ്റില കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത സയണിസ്റ്റ് ഭീകരൻ ഏരിയൽ ഷാരോണിന്റെ മകൻ ഗിലാദ് ഷരോൺ പലസ്തീനികളായ സ്ത്രീകളെയും കുട്ടികളെയും ബോംബിട്ട് കൊല്ലണമെന്നാണ് മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തത്. നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി ഇസ്രായേൽ സേന തുടരുന്ന പലസ്തീനിലെ ആക്രമണങ്ങളുടെ വിപുലനമാണ് ഇറാനിലിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

അറബ് മുസ്ലീം വംശവിരോധത്തിന്റെ ക്ഷുദ്രമായ പ്രത്യയശാസ്ത്രം പേറുന്ന സയണിസ്റ്റുകൾ പശ്ചിമേഷ്യയിലാകെ തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുകയാണ്. അവരുടെ വാദങ്ങൾ ഏറ്റെടുത്ത് കേരളത്തിലും ‘സംഘി’കളും ‘ക്രിസംഘി’കളും നവനാസ്തിക പ്രവാചകരും രംഗത്തുവന്നിട്ടുണ്ട്. അവരെല്ലാം ഇറാനെ ടാർജറ്റ് ചെയ്തുകൊണ്ടുള്ള യു.എസ്–സയണിസ്റ്റ് സൈനിക നീക്കങ്ങളെയും എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റിൽപ്പറത്തിയുള്ള ആയത്തുള്ള അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും ഇറാനിയൻ സിവിലിയൻമാരുടെയും കൊലപാതകങ്ങളെയും ന്യായീകരിക്കുകയാണ്. ഭീകരവാദികളെ ഇല്ലാതാക്കാൻ അവരുടെ സ്ത്രീകളെയും കുട്ടികളെയും തെരഞ്ഞുപിടിച്ച് കൊല്ലണമെന്ന പൈശാചിക സിദ്ധാന്തമാണ് സയണിസ്റ്റ് ബുദ്ധിജീവികൾ മുന്നോട്ടുവെക്കുന്നത്. ഇസ്രായേലി പാർലമെൻ്റ് അംഗങ്ങളും സർവകലാശാലാ ബുദ്ധിജീവികളും അറബ് മുസ്ലീം ജനതകൾക്കെതിരായ കൂട്ടക്കൊലകളെ ന്യായീകരിക്കുകയാണ്.
വംശീയ വിദ്വേഷവിഷം ചീറ്റുന്ന സയണിസ്റ്റ് ആശയങ്ങളും നിലപാടുകളും അതേപടി ഏറ്റെടുക്കുകയാണ് മലയാളികളായ ‘സംഘി’കളും ‘ക്രിസംഘി’കളും.
ഇത് അത്യന്തം ഭീകരമായ പ്രത്യയശാസ്ത്രപരമായ ഹിംസാത്മകതയാണ്. മാനവികതയുടേതായ എല്ലാത്തിനെയും നിഷേധിക്കുന്ന നിയോ ഫാഷിസ്റ്റ് ഭീകരതയാണ്. മാതൃത്വത്തിന്റെ സത്തയെതന്നെ നിഷേധിക്കുന്ന സയണിസ്റ്റുകൾ തങ്ങൾക്ക് അനഭിമതരായ ജനസമൂഹങ്ങളെ ഇല്ലാതാക്കാൻ ഏതറ്റംവരെയും പോകുമെന്നാണ് പ്രസ്താവനകളിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും ദയാരഹിതമായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഗിലാദ് ഷരോണിനെ പോലുള്ള സയണിസ്റ്റ് നേതാക്കൾ ഗാസയുടെ പരിഹാരം ഹിരോഷിമയിലേതുപോലെ ആറ്റംബോംബ് പ്രയോഗിക്കലാണെന്നാണ് നെതന്യാഹു ഭരണത്തോട് ഉപദേശിച്ചത്.
വംശീയ വിദ്വേഷവിഷം ചീറ്റുന്ന സയണിസ്റ്റ് ആശയങ്ങളും നിലപാടുകളും അതേപടി ഏറ്റെടുക്കുകയാണ് മലയാളികളായ ‘സംഘി’കളും ‘ക്രിസംഘി’കളും. ഇത്തരം മനുഷ്യത്വരാഹിത്യത്തിന്റെ വിദ്വേഷജല്പനങ്ങൾക്ക് ന്യായീകരണയുക്തി ചമയ്ക്കുകയാണ് രവിചന്ദ്രന്മാർ.

ഇസ്രായേൽ സേനയുടെ കരുണയില്ലാത്ത ആക്രമണങ്ങൾ മൂലം പലസ്തീനിൽ എന്നപോലെ ഇറാനിലും കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണക്കാർ മരിച്ചുവീഴുകയാണ്. പശ്ചിമേഷ്യയിലാകെ കുഞ്ഞുങ്ങളെ ലക്ഷ്യംവെച്ചാണ് ഇസ്രായേൽസേന ആക്രമണപരമ്പരകൾ ആസൂത്രണം ചെയ്യുന്നത്. പലസ്തീന്റെയും പശ്ചിമേഷ്യയുടെയും വർത്തമാനത്തെ മാത്രമല്ല ഭാവിയെയും ലക്ഷ്യമിടുന്ന വംശീയയുദ്ധം കൂടിയാണിത്.
2018–ൽ പലസ്തീനിലെ 13 പൈതങ്ങളെ ഒറ്റദിവസംകൊണ്ട് കൊന്നതായി അഭിമാനിക്കുന്ന ഇസ്രായേൽ പട്ടാളക്കാരന്റെ പടവും റിപ്പോർട്ടും ഇൻസ്റ്റാഗ്രാമിൽ വന്നത് ഓർമ്മിക്കുന്നവരുണ്ടാകും. പൊതുവെ അമേരിക്കൻ കോർപറേറ്റ് മാധ്യമങ്ങളും സയണിസ്റ്റ് ജിഹ്വകളും അറബ് വംശജർക്കെതിരായ വംശീയവിദ്വേഷത്തിന്റെ ഉന്മാദം സൃഷ്ടിക്കുകയാണ്. ഗാസയിൽ കരയുദ്ധത്തിനിടയിൽ പിഞ്ചുകുഞ്ഞുങ്ങളെ നിഷ്ഠൂരമായി വെടിവെച്ചുകൊന്നതിനെ അഭിമാനപൂർവ്വം എടുത്തുപറയുന്ന സൈനികരുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്നൈപ്പർ റൈഫിൾ കയ്യിലുയർത്തി നിൽക്കുന്ന സ്വന്തം പടത്തോടൊപ്പം പിഞ്ചുകുഞ്ഞുങ്ങളെ കൊന്നത് അഭിമാനപൂർവ്വം സ്മരിക്കുകയും മുസ്ലീങ്ങൾ നരകത്തിൽപോവുകയാണെന്ന് കുറിപ്പെഴുതി പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള സയണിസത്തിന്റെ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ചുള്ള പ്രചാരണങ്ങളുടെ ഭീതിദമായ ഒരവസ്ഥയാണ് ഇതെല്ലാം കാണിക്കുന്നത്.
ശത്രുരാജ്യങ്ങളെയും ജനസമൂഹങ്ങളെയും കീഴടക്കാനുള്ള അധിനിവേശതന്ത്രമെന്ന നിലയിൽ ബലാത്സംഗത്തെ യുദ്ധതന്ത്രമായി സൈദ്ധാന്തീകരിച്ചത് പെൻ്റഗൺ വാർ കോളേജായിരുന്നു.
മുമ്പ് എ.എഫ്.പിയുടെ പശ്ചിമേഷ്യൻ ലേഖിക സാറാ ഹുസൈൻ ഗാസയിലെ കുഞ്ഞുങ്ങളെ വേട്ടയാടുന്ന സയണിസ്റ്റ് ക്രൂരത റിപ്പോർട്ട് ചെയ്യുമ്പോൾ പൊട്ടിക്കരയുകയുണ്ടായി. ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ശവങ്ങൾ ചീഞ്ഞുനാറുന്നു. മനുഷ്യോചിതമായ സംസ്കാരങ്ങൾപോലും ഒരുക്കാനാവാത്ത നിസ്സഹായതയാണ് ഗാസയിൽ ഇസ്രായേൽ പട്ടാളം സൃഷ്ടിച്ചത്. പലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പുകളെയും അതിന് പിന്തുണ നൽകുന്ന ഇറാൻ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളെയും അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് എല്ലാ കാലത്തും സയണിസ്റ്റുകൾ നേരിട്ടിട്ടുള്ളത്.
സയണിസത്തിന്റെ വംശീയവും പുരുഷാധിപത്യപരവുമായ വിദ്വേഷരാഷ്ട്രീയം ഗാസയുടെ മണ്ണിൽ നിരപാരാധികളായ പലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതു പോലെ ഇറാനിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ലക്ഷ്യമിടുകയാണ്. പലസ്തീന്റെ പ്രിയ കവി മുഹമ്മദ് ദർവീഷ് എഴുതിയതുപോലെ,
വെണ്ണയിൽ കത്തി കയറ്റുന്നതുപോലെ
ഒരു ജനസമൂഹത്തെയാകെ കൊന്നുകൂട്ടുകയാണ്. ചാരപേടകങ്ങൾ ഉപയോഗിച്ചുള്ള സൂക്ഷ്മനിരീക്ഷണങ്ങളിലൂടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും തെരഞ്ഞുപിടിച്ച് ബോംബുവർഷിച്ചും മിസൈൽ പതിച്ചും ഉന്മൂലനം ചെയ്ത് അഭിരമിക്കുകയാണ് സയണിസ്റ്റ് ഭീകരർ.

ഗാസയിലെ ജനസംഖ്യയിൽ 43.3 ശതമാനം കുട്ടികളാണ്. ഇന്നത്തെ തലമുറയെ മാത്രമല്ല പലസ്തീൻ മണ്ണിൽ ജനിച്ചുവളരാനിടയുള്ള ഭാവി തലമുറയെക്കൂടി ഉന്മൂലനം ചെയ്യുന്ന വംശനശീകരണം ലക്ഷ്യംവെച്ചുള്ള യുദ്ധതന്ത്രമാണ് പരീക്ഷിക്കപ്പെടുന്നത്. ഹമാസിന്റെ ഭീകരത ചൂണ്ടിക്കാട്ടി പലസ്തീൻ ജനതയെയാകെ വേട്ടയാടുന്ന ഇസ്രായേൽ ഭരണകൂടം അറബ് വംശജരുടെ വംശീയ ഉന്മൂലനമാണ് ലക്ഷ്യം വെക്കുന്നത്. മാനവികതയുടേതായ എല്ലാ മൂല്യങ്ങളെയും നിരസിക്കുന്ന ക്രൂരവും ഹിംസാത്മകവുമായ ആക്രമണപരമ്പരയാണ് 2023 ഒക്ടോബർ 7–നു ശേഷം ഗാസക്കുനേരെ അഴിച്ചുവിട്ടത്. ജന്മനാടും സ്വന്തം ജനതയെയും സംരക്ഷിക്കാനായി മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധവുമായി പലസ്തീൻ പോരാളികൾ നടത്തുന്ന പ്രതിരോധങ്ങൾക്കുമുമ്പിൽ ഒരു ലക്ഷത്തോളം വരുന്ന ഇസ്രായേൽ സേന പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗസയിലും ആക്രമണം തുടരുന്നു. കടുത്ത ഉപരോധം തുടരുകയാണ്. ആകാശത്തിലൂടെയും കടലിലൂടെയും കരയിലൂടെയും ഗാസയെ ഇസ്രായേൽ സേന വളഞ്ഞുവെച്ചിരിക്കുകയാണ്. പശ്ചിമേഷ്യയാകെ ചോരക്കളമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാനെതിരായ ആക്രമണം തുടരുന്നത്.
വിയറ്റ്നാം ജനതയുടെ ധീരോദാത്തമായ ചെറുത്തുനിൽപിനെ തോക്കുകൾ കൊണ്ടുമാത്രമല്ല പുരുഷലിംഗങ്ങൾകൊണ്ട് നേരിടണമെന്നാണ് സൈനിക ഉദ്യോഗസ്ഥർ നിർദ്ദേശം കൊടുത്തത്.
പലസ്തീൻ ജനതയുടെയും അറബ് വംശജരുടെയും ചെറുത്തുനിൽപ്പുകളെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് സയണിസ്റ്റ് ബൗദ്ധികലോകം എക്കാലത്തും കണ്ടിട്ടുള്ളത്. സയണിസ്റ്റുകളുടെ നിഷ്ഠൂരമായ കൂട്ടക്കൊലകളെ ഇസ്രായേലിലെ പാർലമെൻ്റ് അംഗങ്ങളും സർവ്വകലാശാലാ ബുദ്ധിജീവികളും ന്യായീകരിക്കുകയാണ്. ഇസ്രായേൽ പാർലമെൻ്റിലെ വനിതാഅംഗം അയർലെന്ത ഷാക്കിദയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഞെട്ടിപ്പിക്കുന്നതായിരുന്നു. ഗാസയിലെ സ്ത്രീകളെയാണ് ആദ്യം കൊന്നുകളയേണ്ടതെന്നാണ് അവർ ആവശ്യപ്പെട്ടത്. അവരാണ് പലസ്തീൻ മണ്ണിൽ കുഴപ്പക്കാരായ പാമ്പുകളെ പെറ്റുകൂട്ടുന്നതെന്നാണ് ഈ സയണിസ്റ്റ് വിദ്വേഷപ്രചാരണം നടത്തിയത്. മാതൃത്വത്തിന്റെ സത്തയെതന്നെ നിഷേധിക്കുന്ന സയണിസ്റ്റുകൾ തങ്ങൾക്കനഭിമതരായ ഒരു ജനസമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ഏതറ്റംവരെയും പോകുമെന്നാണ് ഇത്തരം പ്രസ്താവനകൾ കാണിക്കുന്നത്. വംശീയ വിദ്വേഷവിഷം ചീറ്റുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ ജനാധിപത്യവാദികളുടെ ഭാഗത്തുനിന്ന് ആ സമയത്ത് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്നത്. എന്നിട്ടും നെതന്യാഹുവിന്റെ കക്ഷിയുടെ പ്രതിനിധിയായ ഈ പാർലമെൻ്റ് അംഗത്തിന്റെ ക്രൂരവും സ്ത്രീവിരുദ്ധവുമായ ഈ പ്രസ്താവനയെ തള്ളിപ്പറയാൻ ഇസ്രായേൽ ഭരണകൂടം തയ്യാറായില്ല. ഇസ്രായേൽ ഭരണകൂടത്തിന്റെ ഉള്ളിലിരിപ്പാണ് അയർലെന്തയുടെ പോസ്റ്റിലൂടെ പ്രകാശിപ്പിക്കപ്പെട്ടത്.

ഇത്തരം വിവാദപരമായ ചർച്ചകൾക്കും ഗാസയിൽ ഇസ്രായേൽസേന തുടരുന്ന കൂട്ടക്കൊലകൾക്കുമിടയിലാണ് സയണിസത്തിന്റെ പുരുഷാധിപത്യപരമായ വംശീയ പ്രത്യയശാസ്ത്രം പുറത്തെടുത്ത് ഇസ്രായേലിലെ ബർലാൻ സർവ്വകലാശാലയിലെ ഒരു പ്രൊഫസറുടെ പ്രസ്താവന പുറത്തുവന്നത്. സയണിസ്റ്റ് ബുദ്ധിജീവിയായ ഡോ. മൊർദശായി കെദർ എന്ന ഈ സർവ്വകലാശാലാ അധ്യാപകൻ റേഡിയോ അഭിമുഖത്തിലൂടെയാണ് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാട് വ്യക്തമാക്കിയത്. അത് ഇസ്രായേൽ സേനക്കുള്ള ഒരു ഉപദേശമായിരുന്നു. ഇസ്രായേൽ സേനയെ പ്രതിരോധിക്കുന്ന ഹമാസിനെയും പലസ്തീൻപോരാളികളെയും തകർക്കുവാൻ അവരുടെ ഉമ്മപെങ്ങന്മാരെ ബലാത്സംഗത്തിനിരയാക്കണമെന്നാണ് ഇയാൾ പറഞ്ഞത്. മാതാവിനെയും സഹോദരിയെയും ബലാത്സംഗം ചെയ്യുമെന്ന അവസ്ഥ സൃഷ്ടിച്ചാൽ ഓരോ പലസ്തീൻ പോരാളിയും ഭയചകിതനാകും. അവന്റെ ആത്മവിശ്വാസം തകരും. സയണിസ്റ്റ്സേന ഓരോ പോരാളിയുടെയും സഹോദരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് നശിപ്പിക്കുമെന്ന ബോധം അവരിലേക്കെത്തിക്കണം. ഈ ഭീഷണി ഇസ്രായേലിൽ പോലും പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് ബർലാൻ സർവ്വകലാശാല അധികൃതർ പ്രൊഫസറുടെ വാദങ്ങളെ ന്യായീകരിച്ച് രംഗത്തുവരുന്നത്. ഒരു യുദ്ധതന്ത്രമെന്ന നിലയിൽ ബലാത്സംഗത്തെ ഉപാധിയാക്കണമെന്നാണ് പ്രൊഫസർ ഉദ്ദേശിച്ചതെന്നതായിരുന്നു സർവ്വകലാശാല വിശദീകരണം. ബർലാൻ സർവ്വകലാശാല അധികൃതർ സങ്കുചിതവും ശത്രുതാപരവുമായ വംശീയ പുരുഷാധിപത്യമൂല്യങ്ങളെ ന്യായീകരിക്കുകയാണ് ഈ പ്രസ്താവനയിലൂടെ ചെയ്തത്. ഇസ്രായേലിലെ സ്ത്രീസംഘടനകൾ പ്രൊഫസറുടെയും സർവ്വകലാശാലയുടെയും പ്രസ്താവനക്കെതിരെ രംഗത്തുവന്നു. പക്ഷെ സയണിസ്റ്റുകൾ ഹീബ്രു നിയമംവരെ ഉദ്ധരിച്ച് ബലാത്സംഗത്തെ ഒരു യുദ്ധതന്ത്രമായി ഉപയോഗിക്കുന്നതിൽ അധാർമികമായി ഒന്നുമില്ലെന്ന് വാദിക്കുകയാണ് ചെയ്തത്.
പുരുഷാധിപത്യപരമായ സയണിസ്റ്റ് പ്രത്യയശാസ്ത്രവും ഇസ്രായേൽ ഭരണകൂടവും എല്ലാ അക്രമവാസനകളെയും ഇന്ന് സ്ത്രീകളുടെ നേർക്ക് തിരിച്ചുവിടാനുള്ള ഗൂഢാലോചനയിലാണ്.
ശത്രുരാജ്യങ്ങളെയും ജനസമൂഹങ്ങളെയും കീഴടക്കാനുള്ള അധിനിവേശതന്ത്രമെന്ന നിലയിൽ ബലാത്സംഗത്തെ യുദ്ധതന്ത്രമായി സൈദ്ധാന്തീകരിച്ചത് പെൻ്റഗൺ വാർ കോളേജായിരുന്നു. വിയറ്റ്നാമിൽ അമേരിക്കൻ സൈനിക കമാൻ്റ് ഇത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തു. പെൻ്റഗൺ അലിഖിത നിയമമായി പ്രതിയോഗികളെ കീഴ്പെടുത്താൻ ബലാത്സംഗമെന്ന യുദ്ധതന്ത്രം ഉപയോഗിച്ചിരുന്നു. വിയറ്റ്നാം ജനതയുടെ ധീരോദാത്തമായ ചെറുത്തുനിൽപിനെ തോക്കുകൾ കൊണ്ടുമാത്രമല്ല പുരുഷലിംഗങ്ങൾകൊണ്ട് നേരിടണമെന്നാണ് സൈനിക ഉദ്യോഗസ്ഥർ നിർദ്ദേശം കൊടുത്തത്. സ്ത്രീകളെ അപമാനിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്താൽ പോരാളികളുടെ സമൂഹം ഒന്നാകെ ഭയചകിതരാകും. ക്ഷീണിതരാകും. അതുകൊണ്ട് അമേരിക്കൻ കമാൻ്റർമാർ നിർദ്ദേശം നൽകിയത്, ‘സ്ത്രീകളെ തെരഞ്ഞുപിടിക്കേണ്ടത് പട്ടാളക്കാരുടെ ലിംഗങ്ങൾകൊണ്ടായിരിക്കണം’ എന്നാണ്. ലാറ്റിനമേരിക്കൻ നാടുകളിലും ആഫ്രോ- ഏഷ്യൻ രാജ്യങ്ങളിലും അറബ് നാടുകളിലും ഈ തന്ത്രം അമേരിക്കയും അവരുടെ കൂട്ടാളികളായ വലതുപക്ഷ സൈനികശകതികളും അതിനിഷ്ഠൂരമായി പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട്.

എല്ലാ മതവംശീയാടിസ്ഥാനമുള്ള അധികാരക്രമവും പുരുഷന്റെ ശക്തിയെയും അധികാരത്തെയും വാഴ്ത്തുകയും നീതീകരിക്കുകയും ചെയ്യുന്നതാണ്. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ മൂലധന താൽപര്യങ്ങളുടെ സൃഷ്ടിയാണ് ജൂതമതാധിഷ്ഠിതമായ ഇസ്രായേൽ രാഷ്ട്രം. ബ്രിട്ടനും അമേരിക്കയും ചേർന്നാണ് സയണിസ്റ്റ് രാഷ്ട്രം രൂപപ്പെടുത്തിയത്. പലസ്തീൻ ജനതയുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെ ദശകങ്ങളായി നാരകീയമായ അക്രമണപരമ്പരകളിലൂടെ അടിച്ചമർത്തുകയാണ് ഇസ്രായേൽ.
പുരുഷാധിപത്യപരമായ സയണിസ്റ്റ് പ്രത്യയശാസ്ത്രവും ഇസ്രായേൽ ഭരണകൂടവും എല്ലാ അക്രമവാസനകളെയും ഇന്ന് സ്ത്രീകളുടെ നേർക്ക് തിരിച്ചുവിടാനുള്ള ഗൂഢാലോചനയിലാണ്. സയണിസ്റ്റ് ബൗദ്ധികകേന്ദ്രങ്ങൾ പലസ്തീൻ ജനതക്കും അവരുടെ സ്ത്രീകൾക്കും നേരെ അക്രമവും ബലാത്സംഗവും നടത്തുന്നതിനായി ജൂതായിസത്തിലെ നിയമങ്ങൾ വിശദീകരിച്ച് അബദ്ധപൂർണ്ണമായ ന്യായീകരണങ്ങൾ ചമക്കുകയാണ്.
തങ്ങൾ ദൈവഹിതം നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നാണ് ജൂതമതമൗലികവാദികൾ വിശ്വസിക്കുന്നത്. പലസ്തീൻ അധിനിവേശം ദൈവകല്പന അനുസരിച്ചുള്ള വാഗ്ദത്തഭൂമി തിരിച്ചുപിടിക്കലാണെന്നാണ് സയണിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി കോൺസെൻട്രേഷൻ ക്യാമ്പുകളിൽ അചിന്തനീയമായ ക്രൂരതകൾക്കരയായവരാണ് ജൂതമതവിശ്വാസികൾ. പക്ഷെ ഇന്ന് നാസിസത്തിന്റെ അപരവംശവിരോധത്തെ സ്വയം ആന്തരവൽക്കരിച്ച ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ഉന്മാദപൂർണ്ണമായ രീതിയിൽ ജൂതമതവിശ്വാസികളെ വലിച്ചടുപ്പിക്കുകയാണ് സയണിസ്റ്റ് ബുദ്ധിജീവികൾ. ഫാഷിസമെന്നത് ചരിത്രബോധം നഷ്ടപ്പെടുന്ന ഒരാൾക്കൂട്ടത്തിന്റെ ഹൂളിഗാനിസമാണെന്ന് വിൽഹം റീഹ് നിരീക്ഷിക്കുന്നുണ്ട്.
ഏത് നിഷ്ഠൂരതയുടെയും ഉത്തരവാദി അതിനിരയാക്കപ്പെടുന്ന ആളുകളാണെന്ന നാസി വീക്ഷണങ്ങളാണ് സയണിസ്റ്റുകളെയും ഭരിക്കുന്നത്. ഡോ. കെദർ പട്ടാളക്കാരുടെ ലൈംഗികാഭീഷ്ടങ്ങളെ പലസ്തീൻ സ്ത്രീകൾക്കെതിരെ തിരിച്ചുവിടാനാണ് ആഹ്വാനം ചെയ്യുന്നത്. ബലാത്സംഗത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും മനഃശ്ശാസ്ത്രപരവുമായ വശങ്ങളെ വിശകലനവിധേയമാക്കുന്ന സൂസൻബ്രൗൺ മില്ലറുടെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. ഓരോ യുദ്ധത്തിലും ജേതാക്കൾ പരാജിതരുടെ സമ്പത്തും രാജ്യവും കീഴടക്കുന്നതിന്റെ ഭാഗമായി അവരുടെ സ്ത്രീകളെയും കൈവശപ്പെടുത്തുന്നു. അടിമവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഉടമക്ക് അടിമയിലുള്ള സാമ്പത്തികമായ ഉടമസ്ഥതയും അധികാരവും ഉറപ്പിച്ച് അടിമയെ വരുതിയിൽ നിർത്താനുള്ള ഉപാധികളിലൊന്നായിരുന്നു ബലാത്സംഗം എന്ന് പ്രശസ്ത ഫെമിനിസ്റ്റ് ബുദ്ധിജീവി ഏഞ്ജലാ ഡേവിഡ്, സ്ത്രീശരീരത്തിനുമേൽ പുരുഷാധിപത്യം നടത്തുന്ന അധിനിവേശത്തെ ചരിത്രപരമായി വിശകലനം ചെയ്ത് എഴുതുന്നുണ്ട്.

അധിനിവേശത്തിന്റെ ധർമ്മശാസ്ത്രം കീഴടക്കപ്പെടുന്ന പ്രദേശങ്ങളിലെ സ്ത്രീകളെ വിജയികൾക്ക് ബലാത്സംഗം ചെയ്യാൻ അനുവാദം നൽകുന്നു. സൂസൻ ബ്രൗൺമില്ലർ, ബാബിലോണിയൻ നിയമവും ഹീബ്രു നിയമവും ഇംഗ്ലീഷ് സിവിൽകോഡും അപഗ്രഥിച്ച്, സ്ത്രീ പുരുഷന്റെ കൈമാറ്റം ചെയ്യപ്പെടാനുള്ള സ്വത്ത് മാത്രമായിട്ടാണ് പുരുഷാധിപത്യവ്യവസ്ഥകളെല്ലാം കണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുന്നു. ബലാത്സംഗത്തിനുള്ള ശിക്ഷ, ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ സ്വത്ത് നശിപ്പിക്കുന്നതിനുള്ള ശിക്ഷയാണ് ഈ നിയമങ്ങളിലെല്ലാം. സ്വത്ത് നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരമാണ് ബലാത്സംഗത്തിന് വിധേയമാകുന്ന സ്ത്രീയുടെ പുരുഷന് നൽകേണ്ടത്.
ബ്രൗൺമില്ലർ യുദ്ധങ്ങളിലും വർഗീയകലാപങ്ങളിലും കൂട്ടബലാത്സംഗങ്ങൾ ലോകത്തെല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും തകർക്കാൻ അവരുടെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുക എന്നത് സാമ്രാജ്യത്വ യുദ്ധതന്ത്രമാണിന്ന്.
ബംഗാളിൽ സി.പി.എമ്മിനെ തകർത്തില്ലാതാക്കാൻ സി.പി.എം പ്രവർത്തകരുടെ ഭാര്യമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യണമെന്നാണല്ലോ തൃണമൂൽ കോൺഗ്രസ് എം.പി തപൻപാൻസ് അണികളെ ആഹ്വാനം ചെയ്തത്. കർണാടകയിൽ അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രപ്രചാരണം നടത്തിയ എഴുത്തുകാരനെതിരെ പ്രതികരിച്ചുകൊണ്ട് സംഘപരിവാർ നേതാക്കൾ ആക്രോശിച്ചത്, ഇത്തരക്കാരുടെ സ്ത്രീകളെ മുടിപിടിച്ച് ബലാത്സംഗം ചെയ്യണമെന്നാണ്. ഗുജറാത്തിലും, ഏറ്റവുമൊടുവിൽ മുസഫർനഗറിലും വർഗീയകലാപങ്ങളിൽ ഇരകളാക്കപ്പെട്ട സ്ത്രീകൾ ക്രൂരമായ ബലാത്സംഗത്തിന് വിധേയരായി. സൂസൺബ്രൗൺ മില്ലർ അവരുടെ പുസ്തകത്തിൽ, കലാപങ്ങളിൽ അക്രമത്തിനിരയാകുന്ന ജനസമൂഹങ്ങളിലെ സ്ത്രീകൾ നീചമായി വേട്ടയാടപ്പെട്ട എത്രയോ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്തോ–പാക് വിഭജനകാലത്തും ബംഗ്ലാദേശ് വിഭജനകാലത്തും എത്രയോ സ്ത്രീകളാണ് ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ടത്. ശത്രുവിന്റെ മേൽ അധികാരം സ്ഥാപിക്കാനും അവരെ ഭയപ്പെടുത്തി നിശ്ശബ്ദരും നിസ്തേജരുമാക്കാനും ബലാത്സംഗത്തെ ഉപാധിയാക്കുന്നു.
അടിമവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഉടമക്ക് അടിമയിലുള്ള സാമ്പത്തികമായ ഉടമസ്ഥതയും അധികാരവും ഉറപ്പിച്ച് അടിമയെ വരുതിയിൽ നിർത്താനുള്ള ഉപാധികളിലൊന്നായിരുന്നു ബലാത്സംഗം എന്ന് ഫെമിനിസ്റ്റ് ബുദ്ധിജീവി ഏഞ്ജലാ ഡേവിഡ് എഴുതുന്നുണ്ട്.
എല്ലാ വർഗീയ–സാമ്രാജ്യത്വ ശക്തികളും പ്രതിയോഗികളെ തകർക്കാൻ ബലാത്സംഗത്തെ അലിഖിത നിയമമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. പലസ്തീൻ പെണ്ണുങ്ങളുടെ മാനം കവരുന്നതിലൂടെ ആ ജനസമൂഹത്തിന്റെയാകെ മാനം കെടുത്താനുമുള്ള ഒരു ഉപാധിയാണ് ബലാത്സംഗമെന്ന് സയണിസ്റ്റ് ബുദ്ധിജീവികൾ ഇസ്രായേൽ സേനയെ പഠിപ്പിക്കുകയാണ്.
ബൈബിൾ പഴയനിയമമനുസരിച്ച് യഹോവ ലോകമെമ്പാടുമുള്ള യഹൂദർക്കായി വാഗ്ദത്തം ചെയ്ത ജെറുസലേമിന്റെ മണ്ണ് പിടിച്ചെടുക്കുന്നതിന് ഏതു മാർഗവും സ്വീകരിക്കുന്നതിൽ അധാർമികമായി ഒന്നുമില്ലെന്നാണ് സയണിസ്റ്റ് പണ്ഡിതർ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. തങ്ങൾ ദൈവഹിതം നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നാണ് ജൂതമതമൗലികവാദികൾ വിശ്വസിക്കുന്നത്. പലസ്തീൻ അധിനിവേശം ദൈവകല്പന അനുസരിച്ചുള്ള വാഗ്ദത്തഭൂമി തിരിച്ചുപിടിക്കലാണെന്നാണ് സയണിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. മനുഷ്യത്വത്തിനും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും നേരെ തങ്ങൾ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണങ്ങളെ ദൈവനീതിയുടെ പേരിൽ സാധൂകരിക്കുകയാണ് സയണിസ്റ്റ് പണ്ഡിതലോകം.

‘വർഷം 501, കീഴടക്കലുകൾ തുടരുന്നു’ (Year 501: The Conquest Continues) എന്ന പുസ്തകത്തിൽ നോംചോംസ്കി ചൂണ്ടിക്കാട്ടുന്നത്, സയണിസ്റ്റുകളുടെ എന്നപോലെ അമേരിക്കൻ ജനതയുടെയും ചരിത്രഭാവനകളും സാമൂഹ്യ ആശയങ്ങളും രൂപംകൊള്ളുന്നത് പഴയ നിയമത്തിൽ നിന്നാണെന്നാണ്. ഇസ്രായേൽ- അമേരിക്കൻ അവിശുദ്ധബാന്ധവത്തിന്റെ പ്രത്യയശാസ്ത്ര അടിവേരുകളെയാണ് ചോംസ്കി പരിശോധിക്കുന്നത്.
ആംഗ്ലോ– സാംഗ്സൺ നാഗരികതയുടെ ക്രൂരവും വാണിജ്യാടിസ്ഥാനത്തിലുള്ളതുമായ ‘സ്വാതന്ത്ര്യങ്ങൾ’ മാതൃകയാക്കിയിരിക്കുന്നത് അത്രതന്നെ ക്രൂരമായ കൊള്ള ചെയ്യാനും അടിമകളാക്കാനും തെരഞ്ഞെടുക്കപ്പെട്ട ജനതകൾക്ക് ദൈവം നൽകിയിരിക്കുന്ന ബൈബിളികമായ വരദാനത്തെയാണ്. ഹിംസയും അതിക്രമവും ബലാത്സംഗം പോലും ന്യായീകരിക്കപ്പെടുന്ന ഒരുതരം മൂല്യപ്രമാണമാണ് സയണിസ്റ്റുകളെ നയിക്കുന്നത്. മതവും രാഷ്ട്രീയവും വംശീയതയും കൂടിക്കുഴഞ്ഞുകിടക്കുന്ന പ്രതിലോമപരമായ പ്രത്യയശാസ്ത്രമാണത്.
