ലെബനനിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞു, പാർക്കുകളിലും തെരുവുകളിലും കഴിയുന്ന ആൾക്കൂട്ടം; ആക്രമണം തുടർന്ന് ഇസ്രായേൽ

ലെബനനിലെ 900-ത്തോളം വരുന്ന അഭയാർഥി ക്യാമ്പുകളെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആശുപത്രികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണമുണ്ടായത്. 11 പേർ മരിക്കുകയും 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരിച്ചടിക്കാൻ മടിക്കില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി ഇറാൻ. പശ്ചിമേഷ്യയിലെ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്…

News Desk

ഇസ്രായേലിൻെറ (Israel) ആക്രമണം രൂക്ഷമായി തുടരുന്നതോടെ തെക്കൻ ലെബനനിലെ (Lebanon) അഭയാർഥി ക്യാമ്പുകളെല്ലാം (Refugee Camps) നിറഞ്ഞുകവിയുകയാണ്. ഏകദേശം 900-ത്തോളം ക്യാമ്പുകളും നിറഞ്ഞുവെന്ന് ഐക്യരാഷ്ട്ര സഭാ (United Nations) അധികൃതർ വ്യക്തമാക്കുന്നത്. ലെബനൻെറ തലസ്ഥാനമായ ബെയ്റൂത്തിലും മൗണ്ട് ലെബനനിലുമാണ് കൂടുതൽ അഭായാർഥി ക്യാമ്പുകൾ ഉള്ളത്. ഈ പ്രദേശങ്ങളിലെ സ്കൂളുകളിലാണ് ആളുകൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിരുന്നത്. ഇവ നിറഞ്ഞുകവിഞ്ഞതോടെ ആൾക്കുട്ടം പാർക്കുകളിലും തെരുവുകളിലുമെല്ലാം കഴിയുകയാണ്. ഹോട്ടലുകളിലും നൈറ്റ് ക്ലബ്ബുകളിലുമെല്ലാം ജനങ്ങളെ താമസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലെബനൻ ഭരണകൂടം. യുദ്ധം രൂക്ഷമായതോടെ അഭയാർഥികളുടെ പലായനം കടുത്ത മനുഷ്യാവകാശ പ്രശ്നമായി മാറിയിരിക്കുകയാണ്. “ലെബനനിലെ 900-ത്തോളം അഭയാർഥി ക്യാമ്പുകളും ഇനി ആളുകളെ ഉൾക്കൊള്ളിക്കാൻ സാധിക്കാത്ത വിധം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്” - യു.എൻ അഭയാർഥി ഏജൻസി പ്രതിനിധിയായ റുല ആമിൻ ജനീവയിൽ വാർത്താമാധ്യമങ്ങളോട് വിശദീകരിച്ചു.

സംഘർഷം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 2000-ത്തിലധികം പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 1.2 ദശലക്ഷം ആളുകൾ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് ലെബനനിലെത്തിയവരും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. പ്രത്യേകിച്ച്, വീട്ടുജോലി ചെയ്യാനായി ശ്രീലങ്കയിൽ നിന്നും ഈജിപ്തിൽ നിനനും സുഡാനിൽ നിന്നുമൊക്കെ എത്തിയ സ്ത്രീകൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നത്. ഇവർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യവും ഇപ്പോഴില്ല. സിറിയയുമായുള്ള ലെബനൻെറ അതിർത്തി കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം അടച്ചിരിക്കുകയാണ്. ഈ മേഖലയിൽ വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. കാൽനടയായി സിറിയയിലേക്ക് കടക്കാനും ആളുകൾക്ക് സാധിക്കുന്നില്ല. ലെബനനിലെ ആശുപത്രികളും ആക്രമണങ്ങളിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

യുദ്ധം തുടരുന്തോറും അഭയാർഥികളുടെ എണ്ണവും വർധിക്കുകയാണ്. ലെബനൻ ഭരണകൂടവും ഐക്യരാഷ്ട്ര സംഘടനയും പരമാവധി ശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും പോരാതെ വരികയാണ്. അതിനൊപ്പം തന്നെ ലെബനനിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വന്ന് താമസിക്കുന്നവരുടെ സുരക്ഷിതത്വവും ഭീഷണിയിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരരോട് നേരത്തെ തന്നെ മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇവിടെ നിന്നുള്ള വ്യോമഗതാഗതമൊന്നും സുരക്ഷിതമല്ല. പശ്ചിമേഷ്യയിലെ പ്രതിസന്ധി മേഖലയിലെ രാജ്യങ്ങളെ മാത്രമല്ല ബാധിക്കുന്നത്.

സംഘർഷം തുടരുന്നു

വെള്ളിയാഴ്ച ലെബനനിലെ ആശുപത്രി പരിസരത്ത് ഇസ്രായേൽ ആക്രമണം നടന്നിരുന്നു. ഇതോടെ ഈ ആശുപത്രി തന്നെ ഒഴിപ്പിക്കേണ്ടതായും വന്നു. ആക്രമണത്തിൽ ഡോക്ടർമാരും നഴ്സുമാരും അടക്കം 9 പേർക്ക് പരിക്കേറ്റിരുന്നു. മർജയോൻ സർക്കാർ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായും ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായാണ് 11 പേർ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശേഷമാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ടെൽ അവീവിന് നേരെ മിസൈൽ ആക്രമണം നടത്തിയ ഇറാൻ കടുത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ലെബനനിലെ തെക്കൻ പട്ടണമായ ഒഡെയ്സെയിൽ ഹിസ്ബുല്ല സായുധസംഘവും ഇസ്രായേൽ സൈന്യവും തമ്മിൽ നേരിട്ട് പോരാട്ടം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോവണമെന്ന് ഇസ്രയേൽ സൈന്യം പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

ഇറാൻെറ പ്രതികരണം

ഇസ്രായേലിൻെറ ആക്രമണം തുടരുന്നതിനിടെ ഇറാൻെറ ഭാഗത്ത് നിന്നും മുന്നറിയിപ്പുകൾ വരുന്നുണ്ട്. ഗാസയിൽ ഹമാസും ഹിസ്ബുല്ലയും കൂടുതൽ ശക്തരായി മാറുമെന്ന് ഇറാൻെറ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് പറഞ്ഞു. ആവശ്യമെങ്കിൽ ഇനിയും ഇറാൻെറ ഭാഗത്ത് നിന്ന് ഇസ്രായേലിന് നേർക്ക് ആക്രമണം ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആയത്തുള്ള അലി ഖമനെയ്
ആയത്തുള്ള അലി ഖമനെയ്

തങ്ങൾക്കെതിരെ ഏത് തരത്തിലുള്ള തിരിച്ചടി ഉണ്ടായാലും കടുത്ത മറുപടി ഉണ്ടാവുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയും വ്യക്തമാക്കി. നേരത്തെ ഉള്ളതിനേക്കാൾ രൂക്ഷമായ പ്രതികരണമായിരിക്കും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്നാണ് പ്രതികരണം. ഇസ്രയേലിനെതിരായ ഹമാസിൻെറ ഒക്ടോബർ ഏഴ് ആക്രമണത്തിന് ഒരു വർഷം തികയാൻ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ ആക്രമണത്തിന് ശേഷമാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഗാസയ്ക്ക് പുറത്ത് മറ്റൊരിടത്ത് ഇസ്രായേൽ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോൾ ലെബനനിൽ നടന്നുകൊണ്ടിരിക്കുന്നത്. ഹിസ്ബുല്ലയുടെ ഉന്നതേ നേതാവായ ഹസൻ നസ്റുല്ലയെ വധിച്ച ഇസ്രായേൽ സൈന്യം ഇനിയും പ്രധാന നേതാക്കളെയാണ് ലക്ഷ്യമിടുന്നത്. നസ്റുല്ലയുടെ പിൻഗാമിയാവുമെന്ന് കരുതുന്ന ഹാഷിം സഫിയദ്ദീനാണ് പുതിയ ലക്ഷ്യം. അദ്ദേഹത്തെ ലക്ഷ്യമിട്ട് ഇപ്പോൾ തന്നെ ആക്രമണങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Comments