ദാരിദ്ര്യത്തിൻറെ കഥകൾ മാത്രം സുലഭമായ നഗരത്തിൻറെ പിന്നാമ്പുറത്ത് ഒരു ബസ് ഡ്രൈവറുടെ മകളായി ജനിക്കുക, വർണവിവേചനവും വംശീയ അക്രമവും നടമാടുന്ന കാലത്ത് ഇരുണ്ട നിറമുള്ള കുടിയേറ്റ കുടുംബത്തിൽ വളരുക, ന്യൂനപക്ഷത്തിൽപ്പെട്ട സ്ത്രീയെന്നത് ഇരട്ട പരിമിതിയായ കാലത്തും സ്ഥലത്തും നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിക്കുക, നിറങ്ങൾ അസ്ഥിരമാക്കിയ നീണ്ട ചരിത്രമുള്ള രാജ്യത്ത്, വെള്ളക്കാരിയല്ലാത്ത ആദ്യ വനിതാ അഭിഭാഷകയും ഹൈക്കോടതി ജഡ്ജിയും ആകുക, കാലങ്ങൾ പോകെ, ഇന്റർനാഷണൽ ക്രിമിനൽ കോർട്ട് പോലുള്ള അന്താരാഷ്ട്രീയ നീതിന്യായ ഇടനാഴികളിൽ ഇടംപിടിച്ച് നീതിനിഷേധിക്കപ്പെട്ട മനുഷ്യർക്കുവേണ്ടി സംസാരിക്കുക, ഒടുവിൽ, ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായ നോബൽ സമ്മാനം നേടുക.
കാൽപനിക കഥകൾക്കും അപ്പുറമാണ് നവനീതം പിള്ള എന്ന നവി പിള്ളയുടെ കഥ. 2026-ലെ സമാധാനത്തിനുള്ള നൊബേൽ അവർക്കു കിട്ടിയത് ‘സമാധാനവും അന്താരാഷ്ട്ര നിയമവും പ്രോത്സാഹിപ്പിച്ചതിന്’ ആണ്. “യുദ്ധക്കുറ്റങ്ങളും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യകളും വിചാരണ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണവർ” എന്നാണ് ഓസ്ലോയിലെ നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർമാൻ യോർഗൻ വാറ്റ്നെ ഫ്രൈഡ്നസ് പറഞ്ഞത്.
1941-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച തമിഴ് വംശജയായ ആ സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് വായിക്കുമ്പോൾ മനസ്സിൽ വരുന്നത് അവരുടെ ഔദ്യോഗിക പദവികളോ അന്താരാഷ്ട്ര അംഗീകാരങ്ങളോ അല്ല. മറിച്ച്, ഒരു വ്യക്തി തന്റെ ജന്മസാഹചര്യങ്ങൾക്കപ്പുറം എത്രത്തോളം വളരാൻ കഴിയും എന്ന ചിന്തയാണ്. അതിലുപരി, സ്വന്തം വളർച്ചയെ ലോകത്തിൻറെ ഏതൊക്കെയോ കോണിൽ നരകിച്ചു കഴിയുന്നവരുടെ മോചനത്തിനുള്ള ഉപാധിയാക്കി മാറ്റാൻ ഒരാൾക്ക് എങ്ങനെ കഴിയുന്നു എന്നതിന് ഉദാഹരണവും. ഇല്ലായ്മയുടെയും വിവേചനത്തിന്റെയും ഇരുളിൽ നിന്ന് ലോകത്തിൻറെ നിറുകയിൽ എത്തുന്നത് പക്ഷെ വ്യക്തിപരമായ വിജയത്തിന്റെ പ്രചോദനകഥയായി മാത്രം വായിച്ചുതീർക്കാനും കഴിയില്ല. കാരണം, നവി പിള്ളയുടെ ജീവിതത്തിന്റെ പ്രസക്തി അവർ എത്ര ഉയരത്തിലെത്തി എന്നതിലല്ല; ആ ഉയരത്തിൽ എത്തിയശേഷം അവർ ആരുടെ, എന്തിൻറെ പക്ഷത്തു നിന്നു എന്നതിലാണ്. അവർക്ക് കിട്ടിയ അംഗീകാരം പ്രതിഫലിപ്പിക്കുന്ന ചില ജീവിതപാഠങ്ങൾ ലോകത്ത് എവിടെയും, ഏതു കാലത്തും പ്രസക്തമാണ്.
1967-ൽ നതാൽ പ്രവിശ്യയിൽ അഭിഭാഷകയായി പ്രവർത്തനം ആരംഭിച്ച പിള്ള, അവിടത്തെ ആദ്യ വനിതാ അഭിഭാഷകയായി ചരിത്രം തിരുത്തി. വർണ്ണവിവേചനത്തിനെതിരെ പോരാടിയവർക്കുവേണ്ടി കോടതിയിൽ ഹാജരായി.
ജന്മം നിശ്ചയിക്കുന്ന അതിരുകൾ
ഇന്ത്യൻ വംശജയായി, അങ്ങേയറ്റം താഴെക്കിടയിലുള്ള കുടുംബത്തിൽ ജനിച്ച അവർക്ക് വർണ്ണവിവേചനത്തിന്റെ സാമൂഹിക യാഥാർഥ്യങ്ങൾ നേരിട്ടറിയാമായിരുന്നു. വിദ്യാഭ്യാസവും തൊഴിലും, പൊതുജീവിതത്തിലെ പങ്കാളിത്തവും, പോലും വംശവും ലിംഗവും നിർണയിച്ചിരുന്ന കാലത്ത്, നിയമം പഠിക്കുകയും അഭിഭാഷകയായി പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഒരു വ്യക്തിയുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമം മാത്രമായിരുന്നില്ല. അതൊരു വ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയായിരുന്നു.
1967-ൽ നതാൽ പ്രവിശ്യയിൽ അഭിഭാഷകയായി പ്രവർത്തനം ആരംഭിച്ച പിള്ള, അവിടത്തെ ആദ്യ വനിതാ അഭിഭാഷകയായി ചരിത്രം തിരുത്തി. വർണ്ണവിവേചനത്തിനെതിരെ പോരാടിയവർക്കുവേണ്ടി കോടതിയിൽ ഹാജരായി. രാഷ്ട്രീയ തടവുകാർക്ക് നിയമസഹായം ലഭ്യമാക്കുന്നതിലും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പങ്കുവഹിച്ചു. റുവാണ്ട അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ, ഇന്റർനാഷണൽ ക്രിമിനൽ കോർട്ട് എന്നിവിടങ്ങളിൽ അവർ ന്യായാധിപയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരുന്ന അവർ, 2021 മുതൽ 2025 വരെ യു.എൻ കമ്മീഷൻ ഓഫ് എൻക്വയറിയുടെ അധ്യക്ഷ പദവിയും വഹിച്ചു.
തൻറെ പോരാട്ടങ്ങൾക്കായി നവി പിളള തിരഞ്ഞെടുത്ത മാർഗവും ശ്രദ്ധിക്കേണ്ടതാണ്. തൻറെ പക്ഷത്തിനു വേണ്ടി സംസാരിക്കാൻ തിരഞ്ഞെടുത്തത് അധികാരത്തിന്റെ തന്നെ ഭാഷയായ നിയമത്തെയാണ്. എന്നാൽ നിയമത്തെ അവർ അധികാരത്തിന്റെ സംരക്ഷണഭിത്തിയാക്കി മാറ്റിയില്ല; പകരം നീതി നിഷേധിക്കപ്പെട്ട മനുഷ്യർക്ക് നീതി നേടാനുള്ള ആയുധമാക്കി മാറ്റി. അധികാരമില്ലാത്തവർക്കും തുല്യമായ അവകാശവും അന്തസ്സും ഉറപ്പാക്കാൻ പൊരുതി. അങ്ങനെ നിയമത്തിന്റെ യഥാർഥ ധാർമികതയും ഉദ്ദേശവും അർത്ഥവത്താക്കി.

സ്ത്രീ എന്ന അതിരോ ആനുകൂല്യമോ?
നവി പിള്ളയുടെ ജീവിതത്തെ സ്ത്രീപക്ഷ കാഴ്ചപ്പാടിൽ വായിക്കുമ്പോൾ, അവർ മറികടന്നത് വംശീയ അതിരുകൾ മാത്രമല്ല. സ്ത്രീകളെയും വെള്ളക്കാർ അല്ലാത്തവരെയും അധികാരത്തിൻറെയും അവകാശത്തിന്റെയും പുറത്ത് നിർത്തിയിരുന്ന സാമൂഹിക ഘടനയെ അവർ ഇഛ്ചാശക്തി കൊണ്ട് നേരിട്ടു. വംശത്തിന്റെ പേരിൽ മനുഷ്യരെ താഴ്ന്നവരായി കണക്കാക്കിയിരുന്ന ഒരു വ്യവസ്ഥയിൽ പിന്നാക്ക വിഭാഗത്തിൽ പിറന്ന ഒരു സ്ത്രീക്ക് വിജയിക്കാനായി സ്വന്തം കഴിവ് തെളിയിച്ചാൽ മാത്രം മതിയോ? അതോ സാധാരണ പുരുഷന്മാർക്ക് ലഭിക്കുന്ന അംഗീകാരം നേടാൻ സ്ത്രീകൾക്ക് ഇരട്ടി അധ്വാനവും കൂടുതൽ തെളിവുകളും ആവശ്യമായി വരുന്നുണ്ടോ? ഈ ചോദ്യങ്ങളൊക്കെ നിലപാടുകളും അധ്വാനവും കൊണ്ട് അവർ മറുപടി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിലെത്തിയ വെള്ളക്കാരിയല്ലാത്ത ആദ്യ വനിതാ ജഡ്ജിയെന്ന അവരുടെ നേട്ടം, വ്യക്തിപരമായ മികവിന്റെ തെളിവ് മാത്രമല്ല. അതുവരെ ആരേയൊക്കെയാണ് നീതിന്യായ സംവിധാനത്തിന്റെ ഭാഗമാകാൻ യോഗ്യരെന്ന് ആരൊക്കെ തീരുമാനിച്ചിരുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ്. എന്നാൽ, ഒരു സ്ത്രീ വ്യവസ്ഥയുടെ ഉന്നതസ്ഥാനത്ത് എത്തുന്നതുകൊണ്ടുമാത്രം ആ വ്യവസ്ഥ മാറുന്നില്ല. ആ സ്ഥാനം ഉപയോഗിച്ച് അവർ എന്തു ചെയ്യുന്നു എന്നതാണ് പ്രധാനം. നിലവിലുള്ള അധികാര ഘടനകളെ വെല്ലുവിളിക്കാനും അതുവരെ അമർത്തി വെച്ചിരുന്ന ശബ്ദങ്ങൾ അധികാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും എത്തിക്കാനും കഴിയുമ്പോഴാണ് വ്യക്തിപരമായ നേട്ടത്തിന് സാമൂഹികമായ അർഥം ലഭിക്കുന്നത്.
നവി പിള്ളയുടെ ജീവിതം മുഴുവൻ മനുഷ്യാവകാശവും അന്താരാഷ്ട്ര നിയമവും കേന്ദ്രീകരിച്ചായിരുന്നു. റുവാണ്ടയിലെ വംശഹത്യയ്ക്കുശേഷം രൂപീകരിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ അവർ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നീതിന്യായ അവബോധം സൃഷ്ടിക്കുന്നതിൽ അവർക്ക് പ്രധാനപ്പെട്ട പങ്കുണ്ടായി. പ്രത്യേകിച്ച്, ലൈംഗികാതിക്രമങ്ങളെ യുദ്ധത്തിന്റെ അനുബന്ധഫലമെന്നോ സ്വകാര്യമായ ദുരന്തമെന്നോ കണ്ട് അവഗണിക്കാനാവില്ലെന്ന് അന്താരാഷ്ട്ര നിയമസംവിധാനത്തെ ബോധ്യപ്പെടുത്തുന്നതിൽ അവരുടെ ഇടപെടലുകൾ പ്രസക്തമാണ്.
യുദ്ധങ്ങളിലും വംശീയ സംഘർഷങ്ങളിലും സ്ത്രീകളുടെ ശരീരം മിക്കപ്പോഴും യുദ്ധഭൂമിയായി മാറുന്നു. ബലാത്സംഗവും ലൈംഗികപീഡനവും വ്യക്തികൾക്കെതിരായ അതിക്രമങ്ങൾ മാത്രമല്ല; ഒരു സമൂഹത്തെ മൊത്തം ഭീതിയിലാഴ്ത്താനും തകർക്കാനും ജനവിഭാഗങ്ങളെ അപമാനിക്കാനും ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളുമാണ്. എന്നിട്ടും യുദ്ധത്തിൻറെയും രാഷ്ട്രീയത്തിന്റെയും ആരവങ്ങൾക്കിടയിൽ ഈ കൊടും ക്രൂരതയും വേദനയും പുറത്ത് കേൾക്കാതെ പോകുന്നു. അതിജീവിച്ചവരെ കേൾക്കുക, കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ വിചാരണ ചെയ്യുക, ഇരകളുടെ അന്തസ്സ് പുനഃസ്ഥാപിക്കുക - ഇവയെല്ലാം നീതിയുടെ ഭാഗങ്ങളാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടിന്റെ പ്രസക്തിയും ഇവിടെയാണ്. യുദ്ധ-രാഷ്ട്രീയ-അധികാര തർക്കത്തിന് പുറത്തുള്ള ദുർബലവിഭാഗമായി മാത്രം സ്ത്രീകളെ കാണുന്നതിനു പകരം, അവകാശങ്ങളുള്ള മനുഷ്യരായും സ്വന്തം അനുഭവങ്ങളെക്കുറിച്ച് സംസാരിക്കാൻ അധികാരമുള്ള വ്യക്തികളായും അംഗീകരിക്കണം. അതിനു നവി പിള്ളയെ പോലുള്ള സ്ത്രീകളുടെ ശബ്ദം ലോകത്ത് മുഴങ്ങുക തന്നെ വേണം.

മനുഷ്യാവകാശങ്ങൾക്ക് അതിർത്തികളും പക്ഷങ്ങളുമില്ല
‘എൻറെ പക്ഷത്തു നിൽക്കുന്നവർ മാത്രം ശരിയായ പക്ഷത്ത്’ എന്ന് ഓരോ നിമിഷവും അധികാര കേന്ദ്രങ്ങളും സമൂഹങ്ങളും മേലാളരും ഉരുവിടുന്ന കാലത്ത് നീതിയുടെ പക്ഷത്തിന് പലപ്പോഴും അനുയായികൾ ഇല്ലാതാവുന്നു. മനുഷ്യജീവനും അന്തസ്സും വിലപ്പെട്ടതാകുന്നത് അയാളുടെ രാജ്യം, സമുദായം, വംശം, മതം ഇതൊക്കെ ആസ്പദമാക്കിയാണോ? അതോ മനുഷ്യനായിരിക്കുന്നതു കൊണ്ടു തന്നെയാണോ?
മനുഷ്യാവകാശങ്ങളുടെ ധാർമികതയിൽ ഈ ചോദ്യത്തിന് രണ്ടാമത്തെ ഉത്തരമേയുള്ളൂ. എന്നാൽ പ്രായോഗിക രാഷ്ട്രീയത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. സ്വന്തം താൽപര്യങ്ങൾക്കു വിരുദ്ധമായ മറ്റൊരു പക്ഷത്തെ മനുഷ്യരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാണ് എല്ലാവരും നോക്കുന്നത്. സ്വന്തം പക്ഷത്തിന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും എതിർപക്ഷത്തിന്റെ കുറ്റകൃത്യങ്ങളെ മാത്രം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പും സാധാരണമാണ്. അതിനുവേണ്ടി ചരിത്രവും പ്രത്യയശാസ്ത്രവും ഉദാഹരിക്കുകയും ചെയ്യും.
ചരിത്രവും അധികാരബന്ധങ്ങളും കുറ്റകൃത്യങ്ങളും തെളിവുകളും പരിശോധിക്കുമ്പോൾ മനുഷ്യരുടെ അന്തസ്സിനുള്ള മാനദണ്ഡവും നീതിയുടെ നിർവചനവും മാറാൻ പാടില്ല. അത് ഉറപ്പാക്കലിലൂടെ നവി പിള്ള ലോകത്തിനു നീതി-ന്യായത്തിന്റെ മാതൃക കാണിച്ചു.
അങ്ങനെയുള്ള ഇടത്തിലാണ് നവി പിള്ള മാതൃകയാകുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ച അവരുടെ ഔദ്യോഗിക ജീവിതം, ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതായിരുന്നില്ല. അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച പ്രവർത്തനങ്ങൾ അവരെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സംഘർഷങ്ങളുടെയും ദുരന്തങ്ങളുടെയും കേന്ദ്രങ്ങളിലെത്തിച്ചു. അവിടങ്ങളിൽ നടക്കുന്ന ക്രൂരതയും അക്രമവും നേരിട്ട് കണ്ട് നിയമ സഹായങ്ങൾ ഉറപ്പാക്കി. നീതിന്യായത്തിന്റെയും മനുഷ്യാവകാശത്തിന്റെയും യഥാർഥ പരീക്ഷണം, നമ്മോടു ചേർന്നു നിൽക്കുന്ന മനുഷ്യരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലല്ല. നമ്മുടെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കാത്തവരുടെയും, നമ്മുടെ കൂട്ടത്തിന്റെ താൽപര്യങ്ങളുമായി പൊരുത്തപ്പെടാത്തവരുടെയും, സമൂഹം ശത്രുക്കളായി മുദ്രകുത്തിയവരുടെയും അവകാശങ്ങൾ അംഗീകരിക്കുന്നതിലാണ്.
ചരിത്രവും അധികാരബന്ധങ്ങളും കുറ്റകൃത്യങ്ങളും തെളിവുകളും പരിശോധിക്കുമ്പോൾ മനുഷ്യരുടെ അന്തസ്സിനുള്ള മാനദണ്ഡവും നീതിയുടെ നിർവചനവും മാറാൻ പാടില്ല. അത് ഉറപ്പാക്കലിലൂടെ നവി പിള്ള ലോകത്തിനു നീതി-ന്യായത്തിന്റെ മാതൃക കാണിച്ചു. അവർക്കുള്ള അംഗീകാരം മനുഷ്യാവകാശത്തിന്റെ അംഗീകാരം ആകുന്നതും അതുകൊണ്ടാണ്. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ അതിജീവിതർക്കായി തനിക്കു ലഭിച്ച നോബൽ പുരസ്കാരം സമർപ്പിക്കുന്നുവെന്ന് അവർ പറഞ്ഞതും അതുകൊണ്ടു തന്നെ. തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം, ഭരണകൂടങ്ങളെയും ദേശീയ നേതാക്കളെയും ഉത്തരവാദികളാക്കി മാറ്റുന്നതിനൊപ്പം തന്നെ അക്രമങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകൾക്ക് പ്രതീക്ഷ നൽകാനും നവി പിള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിയമവാഴ്ച ഉറപ്പാക്കേണ്ടത് വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും ബാധ്യതയാണെന്ന നിലപാട് താൻ വഹിച്ച ഓരോ പദവിയിലും അവർ ആവർത്തിച്ചിട്ടുണ്ട്.

അധികാര രാഷ്ട്രീയത്തിന് മേലുള്ള വിജയം
‘എത്ര ശക്തരായ രാജ്യങ്ങളായാലും എത്ര പ്രഗത്ഭരായ ലോകനേതാക്കളായാലും അവരൊന്നും അന്താരാഷ്ട്ര നിയമത്തിന് മുകളിലല്ല’ എന്ന സന്ദേശമാണ് നവി പിള്ളയ്ക്ക് ലഭിച്ച നോബൽ സമ്മാനത്തിലൂടെ ലോകത്തിന് ലഭിക്കുന്നത്. ലോക നേതാവായി സ്വയം വാഴിച്ച ട്രംപിനുള്ള പരോക്ഷ സന്ദേശവും ഇതിൽ ഉണ്ട്. നൊബേൽ സമാധാന സമ്മാനം തനിക്ക് ലഭിക്കണമെന്ന് ഡൊണാൾഡ് ട്രംപ് പലതവണ ആവശ്യപ്പെട്ടിരുന്നു. അതേസമയം ട്രംപ് ഭരണകൂടം അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ നടപടികളും ഉപരോധങ്ങളും സ്വീകരിച്ചിട്ടുണ്ട്. നവി പിള്ളയുടെ പുരസ്കാരം അതിന് നേർവിപരീതമായ ആശയത്തെ ഉയർത്തുന്നു. അതോടെ ‘നേതാവിന്റെ ശക്തിയല്ല, നിയമത്തിന്റെ ശക്തിയാണ് പ്രധാനപ്പെട്ടത്’ എന്ന മുന്നറിയിപ്പ് കൊടുക്കുന്നു. രാഷ്രീയത്തിൽ നിന്ന് മുക്തമായി, ഒരാളുടെ നേട്ടം എന്നതിനേക്കാൾ ഇത് ട്രംപ്, ഇസ്രയേൽ, ഇന്റർനാഷണൽ നിയമങ്ങൾ എന്ന വലിയ ആഗോള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ വായിക്കേണ്ട നൊബേൽ സമ്മാനമാണ്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കും അതിലെ ഉദ്യോഗസ്ഥർക്കും യുറോപ്യൻ യുണിയൻ 2026-ലെ ‘സാഖറോവ് പ്രൈസ്’ നൽകിയതും ഈ അന്താരാഷ്ട്ര നിയമ-മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ്. മനുഷ്യാവകാശങ്ങളും ചിന്താസ്വാതന്ത്ര്യവും സംരക്ഷിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി 1988-ൽ യൂറോപ്യൻ പാർലമെന്റ് രൂപീകരിച്ച പ്രതിവർഷ പുരസ്കാരമാണ് 50,000 യൂറോ സമ്മാനത്തുകയുള്ള 'ഫ്രീഡം ഓഫ് തോട്ട് സാഖറോവ് പുരസ്കാരം'. ട്രംപ് എതിർക്കുന്ന സ്ഥാപനത്തിനും ആശയങ്ങൾക്കും ലഭിക്കുന്ന പുരസ്കാരങ്ങൾ സ്വേച്ഛാധിപത്യ പ്രവണതയുള്ള പവർ പൊളിറ്റിക്സ്ന് ലോകം കൊടുക്കുന്ന ഒരു സന്ദേശം തന്നെയായി കാണേണ്ടിവരും.
പലസ്തീനിൻറെ നീതി രാഷ്ട്രീയം
ഇന്ത്യയിൽ ഉൾപ്പെടെ പലർക്കും നവി പിള്ള അനഭിമതയായത് പലസ്തീൻ വിഷയത്തിൽ അവരെടുത്ത നിലപാടാണോ എന്നത് ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്. പലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്വേഷണ പ്രവർത്തനങ്ങളിൽ പിള്ള വഹിച്ച പങ്കും ഈ പശ്ചാത്തലത്തിൽ ചർച്ച ചെയ്യേണ്ടതാണ്. 2021–25 കാലത്ത് ഗാസ/ഇസ്രായേൽ വിഷയത്തെക്കുറിച്ചുള്ള UN അന്വേഷണ കമ്മീഷനിൽ പിള്ള അധ്യക്ഷയായിരുന്നു. ആ കമ്മീഷൻ ഇസ്രായേലിനെതിരെ വംശഹത്യാ ആരോപണം ഉന്നയിച്ച റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. അതിനാൽ ഇസ്രായേൽ അനുകൂല വൃത്തങ്ങളിൽ നിന്ന് അവർക്കെതിരെ കടുത്ത വിമർശനവും ഉണ്ടായി.
ഗാസയിലെ മനുഷ്യദുരിതങ്ങളും അന്താരാഷ്ട്ര നിയമലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇവിടെ അന്വേഷണത്തിന്റെ അടിസ്ഥാനം ഏതെങ്കിലും രാജ്യത്തോടോ സമുദായത്തോടോ ഉള്ള സ്നേഹമോ വിരോധമോ ആകരുത്. സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം, കുട്ടികളുടെ സുരക്ഷ, സ്ത്രീകളുടെ അന്തസ്സ്, വീടും ആരോഗ്യവും ഭക്ഷണവും നഷ്ടപ്പെട്ടവരുടെ ദുരിതം, അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഉത്തരവാദിത്തം എന്നിവയാണ് ഉറപ്പാക്കേണ്ടത്.
ഒരു കുട്ടിയുടെ മരണം ഏതു രാജ്യത്തിന്റെ അതിർത്തിക്കുള്ളിലാണ് സംഭവിച്ചത് എന്നതുകൊണ്ട് അതിന്റെ മാനുഷിക വശം മാറുന്നില്ല. ഒരു അമ്മയ്ക്ക് നഷ്ടപ്പെട്ട മകന്റെ വേദനയുടെ മൂല്യം അവളുടെ ദേശീയതയോ മതമോ തീരുമാനിക്കുന്നില്ല. സ്വന്തം വീടും ജീവിതവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ ദുരിതം, ആ കുടുംബം ഏതു രാഷ്ട്രീയപക്ഷത്തോട് ചേർന്നുനിൽക്കുന്നു എന്നതിനെ ആശ്രയിച്ചല്ല അളക്കേണ്ടത്. ഇതൊന്നും കുറ്റകൃത്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെയോ ഉത്തരവാദിത്തങ്ങളെയോ ഇല്ലാതാക്കുന്നില്ല. മറിച്ച്, അവയെ നിഷ്പക്ഷമായി അന്വേഷിക്കാനുള്ള ധാർമിക അടിത്തറ ഉറപ്പിക്കുന്നു.
നവി പിള്ളയെ പോലുള്ള മനുഷ്യാവകാശ പ്രവർത്തകയുടെയും നിയമജ്ഞയുടെയും നിലപാടുകളോട് വിയോജിക്കാം. അവരുടെ കണ്ടെത്തലുകൾ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം. നിയമപരമായ നിഗമനങ്ങളെ ചോദ്യം ചെയ്യാം. എന്നാൽ അതേസമയത്ത് ഇരകളുടെ അനുഭവങ്ങളെ അപ്രസക്തമാക്കുകയും, അവരുടെ വേദനയെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഉപാധിയാക്കുകയും ചെയ്യുന്നത് മാനവികതയുടെ പരാജയം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ നൊബേൽ സമ്മാനം പലസ്തീൻ - ഇസ്രായേൽ വിഷയത്തിൽ അന്താരാഷ്ട്ര നിയമവും മനുഷ്യാവകാശവും മുൻനിർത്തുന്ന നിലപാടിനുള്ള വലിയ രാഷ്ട്രീയ പിന്തുണയായും വായിക്കപ്പെടുന്നു.

ഇന്ത്യയുടെ അംഗീകാരം: അഭിമാനത്തിന്റെ രാഷ്ട്രീയം
നവി പിള്ളയുടെ ഇന്ത്യൻ വംശപരമ്പരയെക്കുറിച്ചുള്ള ചർച്ചയും അവരുടെ അന്താരാഷ്ട്ര അംഗീകാരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതികരണങ്ങളും മറ്റൊരു ചോദ്യം ഉയർത്തുന്നു: ലോകത്ത് പ്രശസ്തരാകുന്ന ഇന്ത്യൻ വംശജരെക്കുറിച്ച് നമുക്ക് അഭിമാനം തോന്നുന്നത് എന്തുകൊണ്ടാണ്?
ഒരു വ്യക്തിയുടെ നേട്ടത്തെ സ്വന്തം ദേശീയ പെരുമയുടെ ഭാഗമാക്കാൻ നമുക്ക് താൽപര്യമുണ്ട്. അവരുടെ വേരുകൾ ഇന്ത്യയിലാണെന്ന് പറയുന്നത് അഭിമാനകരമായി തോന്നുന്നു. എന്നാൽ ആ വ്യക്തി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോട് നാം എത്രത്തോളം പ്രതിബദ്ധരാണ് എന്ന ചോദ്യം പലപ്പോഴും പിന്നിലാകുന്നു. ഇന്ത്യൻ വംശജയായ ഒരാൾക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചാൽ അവരെ അഭിനന്ദിക്കണം എന്നത് ന്യായമായ ആവശ്യമാണ്. പൊതുജീവിതത്തിൽ മനുഷ്യാവകാശങ്ങൾക്കും നീതിക്കും വേണ്ടി പ്രവർത്തിച്ച ഒരാളുടെ നേട്ടം അംഗീകരിക്കുന്നത് നല്ല സാമൂഹിക മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ, അഭിനന്ദനം ഒരു രാഷ്ട്രീയ ആയുധമാകുമ്പോൾ അതിന്റെ അർഥം മാറുന്നു. ആരാണ് ആദ്യം അഭിനന്ദിച്ചത്, ഏതു പാർട്ടിയാണ് പ്രതികരിച്ചത്, ഏതു നേതാവാണ് മൗനം പാലിച്ചത് എന്ന തർക്കത്തിൽ ആ വ്യക്തിയുടെ ജീവിതവും പ്രവർത്തനങ്ങളും മറക്കപ്പെടാം.
നവി പിള്ളയെ ആദരിക്കേണ്ടതുണ്ടെങ്കിൽ, അവരുടെ വംശപരമ്പരയെ മാത്രം ചൂണ്ടിക്കാട്ടിയല്ല അത് ചെയ്യേണ്ടത്. അവർ പ്രതിനിധാനം ചെയ്യുന്ന നീതിബോധത്തെയും അവർക്ക് മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയെയും മനസ്സിലാക്കിക്കൊണ്ടായിരിക്കണം. ദേശീയ അഭിമാനം മനുഷ്യസ്നേഹത്തെ വികസിപ്പിക്കുന്നതായിരിക്കണം; അതിന്റെ പരിധി ചുരുക്കുന്നതാകരുത്.
എന്നാൽ, നവി പിള്ളയുടെ കാര്യത്തിൽ ‘ഇനിയുമൊരു ഇന്ത്യൻ വംശജ’ എന്നു ലളിതമായി പറഞ്ഞു പോകാൻ കഴിയില്ല താനും. അവരുടെ വിജയത്തിൽ ഇന്ത്യ വെട്ടിലായി എന്ന് വേണം കരുതാൻ. മനുഷ്യാവകാശം, അന്താരാഷ്ട്ര നിയമം, ഗാസ, ഇസ്രയേൽ എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ വിദേശനയം വളരെ സൂക്ഷ്മമായ ബാലൻസിലാണ്.
ഋഷി സുനാക്, സുനിത വില്ല്യംസ് തുടങ്ങിയവരെ രാജ്യത്തിൻറെ വിജയമാക്കി ആഘോഷിച്ച നമ്മൾ നവി പിള്ളയെ ഒരു വാർത്തയാക്കി മാറ്റുന്നത് എന്ത് കൊണ്ടാണെന്നതും ഈ ബാലൻസ് ഉയർത്തുന്ന ചോദ്യമാണ്.
