പലസ്തീനുവേണ്ടി വിമാനം റാഞ്ചി
ലോകത്തെ ഞെട്ടിച്ച ലൈലാ ഖാലിദ്

1969- ൽ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം റാഞ്ചി, ഇസ്രായേലി അധികൃതരെ ലൈലാ ഖാലിദ് അമ്പരപ്പിച്ചു. അന്ന് അമേരിക്കയിലെ ഇസ്രായേലി അംബാസഡറായിരുന്ന യിഷാക് റബീൻ (പിന്നീട് രണ്ടു തവണ ഇസ്രായേൽ പ്രധാനമന്ത്രി) ആ വിമാനത്തിൽ യാത്ര ചെയ്യുന്ന വിവരം ലൈലക്ക് കിട്ടിയിരുന്നു. പക്ഷേ, വിമാനം തട്ടിയെടുത്ത് ഡമാസ്‌കസിലിറക്കിയപ്പോഴാണ് റബീൻ വിമാനത്തിലില്ലെന്നറിഞ്ഞത്.

മേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ട വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പത്തൊമ്പതുകാരി. ഇസ്രായേലി അധിനിവേശത്തിന്റെ മുറിവുണങ്ങാത്ത പലസ്തീനിലെ ഹൈഫ ഗ്രാമത്തിൽ നിന്ന് ലെബനോണിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഈ യുവതി ബെയ്‌റൂട്ട് അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം കുവൈറ്റിൽ ചരിത്രാധ്യാപികയായി ജോലി ചെയ്യുന്നതിനിടെ, പലസ്തീൻ വിമോചനപ്രസ്ഥാനമായ പോപ്പുലർ ഫ്രന്റ് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയുമായും അതിന്റെ നേതാവ് ജോർജ് ഹബാഷുമായി സൗഹൃദത്തിലായി. ഇതോടെ, പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന യുവതീയുവാക്കൾക്കൊപ്പം ചേർന്ന ലൈലാ ഖാലിദ് പിന്നീട് പ്രസിദ്ധയായത് ലോകത്തിലാദ്യമായി സ്വന്തം രാജ്യത്തിന്റെ മോചനത്തിനായി വിമാനം റാഞ്ചിയ ആദ്യ വനിത എന്ന പേരിലാണ്.

ലൈലാ ഖാലിദ് എന്ന പേര് ഞാനാദ്യം കേൾക്കുന്നത് എ.ഐ.എസ്.എഫ് പ്രവർത്തനവുമായി നടക്കുന്ന എഴുപതുകളുടെ അവസാനമാണ്. കൊച്ചിയിൽ നടന്ന സി.പി.ഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഐ.യു.എസ് (ഇന്റർനാഷനൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്‌സ്) സമ്മേളന പ്രചാരാണാർഥം ഞങ്ങൾ നാലഞ്ചു പ്രവർത്തകർ അർധരാത്രി മഞ്ചേരിയിൽ ചുമരെഴുത്തിലായിരുന്നു. മഞ്ഞച്ചായം തേച്ച മഞ്ചേരി ഗവ. ആശുപത്രിയുടെ മതിലിൽ ചകിരികൊണ്ടുണ്ടാക്കിയ ബ്രഷ് കുമ്മായ ബക്കറ്റിൽ മുക്കി ഞാനെഴുതി: ''വിപ്ലവ യുവത്വത്തിന്റെ ദേശീയ സംഗമം; യാസർ അറഫാത്ത്, ലൈലാ ഖാലിദ്, ആൻജലാ ഡേവിസ് എന്നിവർ കൊച്ചിയിൽ.’’
ഒറ്റനോട്ടത്തിൽ വലിയ അഭംഗി തോന്നാത്ത കൈയക്ഷരമായതുകൊണ്ട് ചുമരെഴുത്ത് ജോലി എന്റെ ചുമലിൽ.

ജോർജ് ഹബാഷ്

കുമ്മായം കലക്കിയത് കെ.എൻ.എ. ഖാദറും (പിന്നീട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറി, എം.എൽ.എയായി), പാലോളി അബ്ദുറഹ്മാനും. ചകിരി കൊണ്ട് ബഷുണ്ടാക്കിയത് ആനക്കയത്തുകാരൻ റസാഖും കോണിപിടിച്ചു തരുന്നത് ആനന്ദനും. ചുവരിലെഴുതിയ മങ്ങാത്ത അക്ഷരങ്ങളിൽ അറഫാത്തും ലൈലാ ഖാലിദും ആഞ്ജലാ ഡേവിസും ഏറെക്കാലം മഞ്ചേരിക്കാരെ നോക്കി ചിരിച്ചു. ഫ്ലക്സുകളും ഹോർഡിംഗുകളും പ്രചാരത്തിലാകാത്ത കാലം. ഞാൻ ആ രാത്രിയിൽ ആശുപത്രി മതിലിലെഴുതിയ മൂന്നു പേരുകളിലേക്കും നോക്കി. ആനന്ദൻ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു: സഖാവേ, ആരാണിവരൊക്കെ? ഞാൻ പറഞ്ഞു: ''അതൊക്കെ നീ കണ്ടോ. ഇവരെയെല്ലാവരേയും നാം നേരിൽ കാണാൻ പോവുകയല്ലേ?''

മഞ്ചേരി എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐക്കാരനായിരുന്ന ആനന്ദനെ ഞങ്ങൾ ചാക്കിട്ടു പിടിച്ചാണ് എ.ഐ.എസ്.എഫിലേക്ക് കൂറു മാറ്റിയത്. അയാളുടെ സഹോദരി സൂര്യപ്രഭ അന്ന് എസ്.എഫ്.ഐ നേതാവും കോളേജിലെ തീപ്പൊരിയുമായിരുന്നു.

യാസർ അറഫാത്ത് അന്നേ അറിയപ്പെടുന്ന ലോകനേതാവും അറബ് ദേശീയതയുടെ ഉജ്ജ്വല പ്രതീകവുമാണ്. ജനയുഗം പത്രത്തിൽ 'വാർത്തകൾക്കു പിന്നിൽ' എന്ന തലക്കെട്ടിൽ മുടക്കം കൂടാതെ വന്നിരുന്ന സി. ഉണ്ണിരാജയുടെ പ്രതിദിന കോളത്തിൽ നിന്നാണ് അറഫാത്ത് ഒരഗ്‌നി സ്ഫുലിംഗമായി എന്റെ മനസ്സിലേക്കാദ്യം തെറിച്ചുവീണത്. പലസ്തീൻ വിമോചനപ്പോരാട്ടത്തിന്റെ ചരിത്രം ചികയാൻ ആ പേര് സഹായിച്ചു. പലസ്തീന് അറഫാത്തില്ലാത്തൊരു ചരിത്രമില്ലല്ലോ. നാഗഫണം പോലെ തിളങ്ങുന്ന അറഫാത്തിന്റെ ഇഗാലുവും (ശിരോവസ്ത്രം) അതീവപ്രസന്നമായ മന്ദഹാസവും എന്റെ യൗവനസ്വപ്‌നങ്ങളെ തീക്ഷ്ണമാക്കി. പെരിന്തൽമണ്ണക്കടുത്ത പുഴക്കാട്ടിരിയിലെ സുഹൃത്ത് സെയ്തലവിക്ക് കുഞ്ഞ് ജനിച്ചപ്പോൾ യാസർ അറഫാത്ത് എന്ന് ഞാൻ നിർദേശിച്ച പേരാണിട്ടത്.

പലസ്തീന് അറഫാത്തില്ലാത്തൊരു ചരിത്രമില്ലല്ലോ. നാഗഫണം പോലെ തിളങ്ങുന്ന അറഫാത്തിന്റെ ഇഗാലുവും (ശിരോവസ്ത്രം) അതീവപ്രസന്നമായ മന്ദഹാസവും എന്റെ യൗവനസ്വപ്‌നങ്ങളെ തീക്ഷ്ണമാക്കി.

മനസ്സിൽ പടർന്നുകത്തിയ അറഫാത്ത് എന്ന ആ തീ, സദാ മനസ്സിലുണ്ട്. എന്നാൽ ലൈലാ ഖാലിദും ആൻജലാ ഡേവിസും അക്കാലത്ത് അത്രയൊന്നും പരിചിതരായിരുന്നില്ല. വിമാനറാഞ്ചി എന്ന പേരിൽ ലോകം ഞെട്ടലോടെയാണ് പലസ്തീനിലെ പൊരുതുന്നവരുടെ നായിക ലൈലാ ഖാലിദിനെ കണ്ടിരുന്നതെന്ന് ഏറെ നാൾ കഴിഞ്ഞാണറിയുന്നത്.

സോവിയറ്റ് യൂണിയൻ, ആൻജലാ ഡേവിസിനും സി.പി.ഐ ചെയർമാൻ എസ്.എ. ഡാങ്കെയ്ക്കും ഒരുമിച്ച് 'ഓർഡർ ഓഫ് ലെനിൻ' ബഹുമതി നൽകിയ വാർത്തയിൽ നിന്നാണ് പ്രൊഫസർ കൂടിയായ ആൻജലയെ കുറിച്ച് ആദ്യം കേട്ടത്. അമേരിക്കൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര നേതാവായിരുന്നു അലബാമയിൽ ജനിച്ച ആഞ്ജല. ജനയുഗം വാരികയിൽ എൻ.ഇ. ബാലറാം അവരെക്കുറിച്ച് വിശദമായ ലേഖനമെഴുതിയിരുന്നു. പ്രാഗിൽ വെച്ച് ആഞ്ജലയുമായി നേരിട്ട് കണ്ട അനുഭവവും അദ്ദേഹം വിവരിച്ചിരുന്നു. അക്കാലത്ത് തപാലിൽ വന്നിരുന്ന ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ 'ഗ്രാൻമ 'യിൽ അച്ചടിച്ച ചുരുൾമുടിക്കാരി ആൻജലയുടെ പടം വെട്ടിയെടുത്ത് ഏറെക്കാലം ഞാൻ സൂക്ഷിച്ചു.

ആൻജലാ ഡേവിസ്

ഇതൊക്കെ പകർന്നു തന്നെ ആവേശത്തിലാണ് മഞ്ചേരി ആശുപത്രി വാർഡുകളിൽ നിന്ന് ആതുരമായ വിലാപങ്ങളുയർന്ന രാവിൽ, ദ്രവിച്ച് തുടങ്ങിയ ചുമരിൽ അറഫാത്ത്, ലൈലാ ഖാലിദ്, ആൻജലാ ഡേവിസ് എന്നൊക്കെ തെരുവ് വെളിച്ചത്തിൽ എഴുതിപ്പിടിപ്പിക്കാൻ എനിക്കു പ്രേരണയായത്.

ഇസ്രയേലി നൃശംസതയ്‌ക്കെതിരെ ആകാശമധ്യത്തിൽ പോലും ചെറുത്തുനിൽപ്പിന്റെ ഇതിഹാസം രചിച്ച ലൈലാ ഖാലിദിനിപ്പോൾ പ്രായം 79. ലണ്ടനിലെ എഡ്വെയർ റോഡിലെ ഫ്ലാറ്റിൽ ഒറ്റയ്ക്ക് ജീവിക്കുന്ന അവരുടെ മനസ്സിൽ പലസ്തീൻവിമോചനത്തിന്റേയും വിപ്ലവവിശ്വാസത്തിന്റേയും നനയാത്ത ജ്വാലയുണ്ട്. 'എന്റെ ജനത ജീവിക്കും' എന്ന പേരിൽ അവരെഴുതിയ ആത്മകഥയെക്കുറിച്ച് 'ദ ഗാർഡിയൻ ' പ്രസിദ്ധീകരിച്ച സുദീർഘമായ ആസ്വാദനം, പലസ്തീൻ വിമോചനപോരാട്ട ചരിത്രത്തിന്റെ ഏറ്റവും ആധികാരികമായൊരു രേഖ കൂടിയാണ്. പോപ്പുലർ ഫ്രന്റ് ഫോർ ലിബറേഷൻ ഓഫ് പലസ്തീൻ (പി.എഫ്.എൽ.പി) നേതാവായിരുന്ന ലൈല പലപ്പോഴും അറഫാത്തിന്റെ മിതവാദത്തോട് രാജിയായില്ല. ഇസ്രായേൽ ബന്ദികളാക്കിയ പലസ്തീനികളുടെ മോചനത്തിനായി തീവ്രനിലപാട് സ്വീകരിച്ചാണ് ജോർജ് ഹബാഷുമായി ലൈല കൈകോർത്തത്. 1969- ൽ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം റാഞ്ചി, ഇസ്രായേലി അധികൃതരെ അവർ അമ്പരപ്പിച്ചു.

അന്ന് അമേരിക്കയിലെ ഇസ്രായേലി അംബാസഡറായിരുന്ന യിഷാക് റബീൻ (പിന്നീട് രണ്ടു തവണ ഇസ്രായേൽ പ്രധാനമന്ത്രി) ആ വിമാനത്തിൽ യാത്ര ചെയ്യുന്ന വിവരം ലൈലക്ക് കിട്ടിയിരുന്നു. പക്ഷേ, വിമാനം തട്ടിയെടുത്ത് ഡമാസ്‌കസിലിറക്കിയപ്പോഴാണ് റബീൻ വിമാനത്തിലില്ലെന്നറിഞ്ഞത്. പേടിച്ചരണ്ട യാത്രക്കാരെ മുഴുവൻ ലൈല സമാധാനിപ്പിച്ചു. എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറങ്ങാൻ അനുവദിച്ച സായുധയായ ലൈലയെ ഒടുവിൽ സിറിയൻ സൈന്യം കീഴടക്കി.

അറേബ്യൻ വനിതാ വിമോചനത്തിന്റെ ഉദാത്ത പ്രതീകമായ ലൈല, ലെബനോനിലാണ് ഏറെക്കാലം ജീവിച്ചത്. സീദർ വൃക്ഷത്തിന്റെ ശീതളഛായ കുളിർപ്പിച്ച ഖലീൽ ജിബ്രാന്റെ കാൽപനിക രൂപകങ്ങളിലേക്ക് ലെബനീസ് കൗമാരങ്ങൾ സ്വപ്നത്തിന്റെ യാനപാത്രം തുഴഞ്ഞപ്പോൾ ഇസ്രായേലി പട്ടാളം കൊന്നൊടുക്കിയ ഉടപ്പിറന്നവളുടെ ചോരയും കണ്ണീരുമായിരുന്നു സഹൃദയായ ലൈലയെ കവിതയിൽ നിന്നും സംഗീതത്തിൽ നിന്നും മാറിസഞ്ചരിപ്പിച്ചത്.

1969- ൽ ട്രാൻസ് വേൾഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം റാഞ്ചി, ഇസ്രായേലി അധികൃതരെ അവർ അമ്പരപ്പിച്ചു.

സംഗീതത്തിൽ തൽപരയായിരുന്ന അവർ, ഇസ്രായേലിന്റെ മിസൈലുകൾ മൂളിപ്പറക്കുന്നത് കണ്ട് തന്റെ വയലിൻ വലിച്ചെറിഞ്ഞു. കത്തി നിന്ന കൗമാരത്തിൽ ഗ്രനേഡും കലാഷ്‌നികോവും കൈകളിലേന്തി. ഹോൾസ്റ്ററിൽ പിസ്റ്റൾ തിരുകിവെച്ചു. അറഫാത്തിന്റേയും പി.എൽ.ഒയുടേയും അനുരഞ്ജന നയങ്ങളെ ലൈല എതിർത്തു. ശത്രുനിഗ്രഹമായിരുന്നു ലൈലയുടെ ലക്ഷ്യം. കണ്ണകിയെപ്പോലെ അവൾ ഇസ്രായേലികൾക്കു നേരെ ശാപവചസ്സുകളെയ്തു.

ഇസ്രായേലി സൈനിക ഇന്റലിജൻസ് മേധാവി അഹ്‌റോ യാരേവ് സഞ്ചരിച്ച എൽ ആൽ വിമാനം തട്ടിയെടുത്ത് ലൈല പശ്ചിമേഷ്യയെ വീണ്ടും പിടിച്ചുകുലുക്കി. ഹീബ്രു ഭാഷയിൽ എൽ ആൽ എന്നാൽ ആകാശത്തിലേക്ക് എന്നർഥം. ടെൽ അവീവിൽ നിന്ന് ആംസ്റ്റർഡാമിലേക്കു പറക്കുകയായിരുന്ന ആ വിമാനം റാഞ്ചി ജോർദാന്റെ തലസ്ഥാനമായ അമ്മാനിലിറക്കാനായിരുന്നു ലൈല, സുഹൃത്തായ നിക്കരാഗ്വക്കാരൻ പാടിക് ഓർഗ്വിലോയോടൊപ്പം പദ്ധതി തയ്യാറാക്കിയത്. ആയിടെ ഉദ്ഘാടനം കഴിഞ്ഞ അമ്മാൻ എയർപോർട്ടിൽ ഇതിനകം പലസ്തീൻ പോരാളികൾ തട്ടിയെടുത്ത മറ്റ് രണ്ട് ചെറുവിമാനങ്ങളും നിർത്തിയിട്ടിരുന്നു. റാഞ്ചൽ ലക്ഷ്യം കണ്ടില്ലെങ്കിലും ലോകത്തെയാകെ ഏറെ നേരം മുൾമുനയിൽ നിർത്താൻ ഇവർക്കായി.

അഹ്‌റോ യാരേവ്, ഇസ്രായേലി മുന്‍ സൈനിക ഇന്റലിജൻസ് മേധാവി

തട്ടിയെടുത്ത എൽ ആൽ വിമാനം ജോർദാനിലേക്കാണ് വിടുന്നതെന്ന് പൈലറ്റ് പറഞ്ഞത് വിശ്വസിച്ചു ലൈല. പക്ഷേ, വിമാനം ലണ്ടൻ ഹീത്രൂ എയർപോർട്ടിലാണ് ഇറക്കിയത്. ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യത്തെ (അവസാനത്തേയും) വനിതാ വിമാനറാഞ്ചിയായ ലൈലാ ഖാലിദ് ഇരുപത്തഞ്ചാം വയസ്സിലാണ് ട്രാൻവേൾഡ് എയർലൈൻസിന്റെ (ടി.ഡബ്ല്യു.എ) വിമാനം തട്ടിയെടുത്ത് സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലിറക്കിയത്. സൈന്യം വിമാനത്താവളം വളഞ്ഞു. പാട്രിക്, പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ചു. ലൈലയെ അവർ കൊലപ്പെടുത്തിയില്ല. ഒരു പക്ഷേ തെളിവും രഹസ്യവും ആ കൊലയോടെ അവസാനിച്ചു പോകാതിരിക്കാനാവാം. വിമാനത്തിന്റെ ബോഡിയിൽ എൺപത് ബുള്ളറ്റുകളുടെ തുള വീണതായി പിന്നീട് കണ്ടെത്തി.

ബ്രിട്ടീഷ് തടവറയിലെത്തിയ ലൈല, പ്രധാനമന്ത്രി എഡ്വേർഡ് ഹീത്ത്, ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ എന്നിവരുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിന്റെ ഉറപ്പിൽ ഒരു മാസത്തെ തടവിനുശേഷം മോചിതയായി.

നന്നെ ചെറുപ്പത്തിൽ തന്നെ മനുഷ്യന്റെ ചോരച്ചാലുകളൊഴുകുന്ന ഹൈഫയിൽ നിന്ന് പ്രാണനും കൊണ്ടാടി രക്ഷപ്പെടേണ്ടി വന്ന ലൈല തന്റെ ഒരഭിമുഖത്തിൽ പറയുന്നു, ഇസ്രായേലി ചാരസംഘടനയായ മൊസാദിന്റെ കിങ്കരന്മാരാണ് തന്റെ സഹോദരിയെ കൊലപ്പെടുത്തിയതെന്ന്. അങ്ങനെ നിരവധി പേരെ. പലസ്തീനി യുവതികളെ ആക്രമിച്ച അവർ ആയിരക്കണക്കിനാളുകളെ അവരുടെ പിതൃഭൂമിയിൽനിന്ന് ആട്ടിയോടിച്ചു. ഞങ്ങളുടെ രാജ്യം വീണ്ടെടുക്കാൻ, ഞങ്ങളുടെ മാനം കാക്കാൻ, ഞങ്ങളുടെ അന്തസ്സ് തിരികെ പിടിക്കാൻ മരണം വരെ പോരാടുന്ന പലസ്തീനി സഹോദരീസഹോദരന്മാരോട് എന്റെ ഐക്യദാർഢ്യം. ഇത് പറയുമ്പോഴും അറുപതുകളുടെ അറുതിയിൽ ആകാശമധ്യേ നടന്ന ചോരക്കളി അവരുടെ അന്തർഹൃദയത്തെ തപിപ്പിക്കുന്നുണ്ടാവണം.

സയണിത്തിന്റെ ഭീകരതയ്‌ക്കെതിരെ പൊരുതിയ ഇസുദ്ദീൻ കസ്സാം എന്ന ധീരനായകനാൽ പ്രചോദിതയായാണ് ഞാൻ പലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായി പോരാടാൻ നിശ്ചയിച്ചിറങ്ങിയത്.

അതിന്റെ പ്രായശ്ചിത്തമെന്ന നിലയിലായിരിക്കാം 'മൈ പീപ്പിൾഷാൽ ലിവ് ' എന്ന ആത്മകഥയിൽ ലൈലാ ഖാലിദ് ഇങ്ങനെ കുറിച്ചത്: ‘‘അറബ് ദേശീയതയെ വിപ്ലവസ്വപ്‌നങ്ങളാൽ ചുവപ്പിച്ച, സയണിത്തിന്റെ ഭീകരതയ്‌ക്കെതിരെ പൊരുതിയ ഇസുദ്ദീൻ കസ്സാം എന്ന ധീരനായകനാൽ പ്രചോദിതയായാണ് ഞാൻ പലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായി പോരാടാൻ നിശ്ചയിച്ചിറങ്ങിയത്. എന്റെ സഹോദരിയെ അവർ കൊലപ്പെടുത്തി. നിരവധി പേരുടെ സഹോദരിമാരേയും സഹോദരന്മാരേയും കുഞ്ഞുങ്ങളേയും അവർ നിഷ്ഠൂരമായി കൊന്നൊടുക്കി. ഇതൊക്കെ മൗനമായി നോക്കി നിൽക്കാൻ എനിക്കായില്ല. എന്റെ മാർഗം - വിമാനറാഞ്ചൽ ഉൾപ്പെടെ- ശരി തന്നെയെന്ന് ഞാൻവിശ്വസിക്കുന്നു. അക്രമം ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ആക്രമിക്കപ്പെട്ടാൽ പക്ഷേ തിരിച്ചടിക്കുമെന്നത് ന്യായം മാത്രമാണ്. അത്രയേ ഞാൻ ചെയ്തുള്ളൂ. ഞങ്ങൾ ജീവിച്ച ഹൈഫാ നഗരത്തിൽ ഇസ്രായേൽ നടത്തിയ അതിക്രൂരമായ കൂട്ടക്കൊലയിൽ എന്റെ സഹോദരിയുൾപ്പെടെ 254 പലസ്തീനികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എനിക്ക് നാലു വയസ്സുള്ളപ്പോഴാണിത്. ഇതേത്തുടർന്ന് 1948 മേയ് മാസത്തിൽ അമ്മയും സഹോദരന്മാരുമടങ്ങുന്ന ഞങ്ങളുടെ എട്ടംഗ കുടുംബം മറ്റു നൂറുക്കണക്കിന് പലസ്തീനികളോടൊപ്പം ഹൈഫാ നഗരം വിട്ട് മരുഭൂമി താണ്ടി ലെബനോണിലെ സൂർ പ്രദേശത്തേക്ക് പലായനം ചെയ്തു. സൂറിൽ നിന്ന് അധികം ദൂരെയല്ലാതെ ബശാരി എന്ന കൊച്ചുനഗരത്തിൽ ജീവിച്ച ഖലീൽ ജിബ്രാന്റെ ലെബനോനാണ് എന്റെ സമരവീര്യം ത്വരിപ്പിച്ചത്.’’

Comments