വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.
സ്റ്റാൻലി ജോണിയുമായുള്ള വെബ്സീൻ അഭിമുഖം (പാക്കറ്റ് 66) അത്യന്തം ഉൾക്കാഴ്ചയുള്ള വിശകലനങ്ങളാൽ സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് നിരീക്ഷണങ്ങളാണ് ശ്രദ്ധേയങ്ങളായി തോന്നിയത്. ഒന്ന്; രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും സംഘർഷങ്ങളെയും മനസ്സിലാക്കുന്നതിൽ നാം സ്വീകരിക്കുന്ന മാനദണ്ഡം എന്താണ് എന്നത്, രണ്ട്; ലോക നയതന്ത്രത്തെയും ശാക്തിക ചേരികളെയും സാമ്പത്തിക ഘടനയെയും ഈ അധിനിവേശം എങ്ങനെ ബാധിക്കും എന്നത്.
യുക്രെയ്ൻ ഒരു റഷ്യൻ സ്വാധീന പ്രദേശമാണെന്ന അവകാശവാദമാണ് പുടിന്റേത്. യുക്രെയിനിൽനിന്നുമാത്രമല്ല, നാറ്റോയുടെ വികസന സാമ്രാജ്യത്തിൽനിന്ന് തങ്ങളുടെ മറ്റു "സ്വാധീനപ്രദേശങ്ങളെ'യും "മോചിപ്പിക്കാനുള്ള' യുദ്ധം പുടിന്റെ ബുദ്ധിയിലുണ്ടാകാം. നാറ്റോ അധിനിവേശത്തിന് അതേ നാണയത്തിലുള്ള മറുപടി എന്ന യുക്തി, യുക്രെയിന്റെ കാര്യത്തിൽ പാളിപ്പോകുന്നത്, ആ രാജ്യം ഒരു സ്വതന്ത്ര പരമാധികാര രാജ്യമാണ് എന്നതാണ്, അതൊരു സാമന്ത രാജ്യമല്ല. മാത്രമല്ല, 2022ലും യുദ്ധം എന്ന, മനുഷ്യരോടും പ്രകൃതിയോടും ചെയ്യാവുന്ന ഏറ്റവും കൊടിയ ദ്രോഹം ഒരു തർക്കപരിഹാരമായി സ്വീകരിക്കുന്നത് ഏതുവിധത്തിലും ന്യായീകരിക്കാനാകാത്ത ഒന്നാണ്. പ്രാകൃതമായ ആ പരിഹാരം ഈ കാലത്തും പ്രയോഗിക്കപ്പെട്ടത് ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള സംവിധാനങ്ങളുടെ നിസ്സഹായത വെളിവാക്കുന്നു. സ്റ്റാൻലി ജോണി പറയുന്ന ലിബറലിസത്തിന്റെയും റിയലിസത്തിന്റെയും ചട്ടക്കൂടുകളിൽ പ്രാഥമികമായി നാം പരിഗണിക്കേണ്ടത് ഒരു യുദ്ധം അനിവാര്യമായിരുന്നുവോ എന്ന ചോദ്യമാണ്.
നാറ്റോയുടെ വിപുലീകരണത്തോട് പുടിന് പ്രതികരിക്കാൻ ഇതിലും യുക്തിസഹമായ മാർഗങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ച്, ആ രാജ്യം വലിയ എണ്ണ- വാതക ഉൽപാദകരെന്ന നിലയ്ക്ക്. എന്നാൽ, ഭ്രാന്തനായ ഒരു ഭരണാധികാരിയായി പുടിൻ പ്രത്യക്ഷപ്പെടുന്നു. ധീരനായി ചെറുത്തുനിൽക്കുന്ന പ്രസിഡന്റ് സെലൻസ്‌കിയെ അട്ടിമറിച്ച് റഷ്യൻ അനുകൂലിയായ വിക്ടർ യാനുക്കോവിച്ചിനെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുന്നു. സോവിയറ്റുയൂണിയൻ അഫ്ഗാനിസ്ഥാനിൽനിന്നും അമേരിക്ക ഇറാഖിൽനിന്നും പഠിച്ചതൊന്നും പുടിൻ എന്ന ഭരണാധികാരിക്ക് ഓർമയിലേയില്ല.
യുവാൽ നോവ ഹരാരി എഴുതിയതുപോലെ, പുടിൻ ചരിത്രപരമായ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു, തങ്ങൾ ഒരു യഥാർഥ രാഷ്ട്രമാണെന്ന് യുക്രെയ്ൻ തെളിയിച്ചുകൊണ്ടിരിക്കുന്നു. സിവിലിയന്മാരിൽ നിന്നുപോലുമുള്ള ഇത്തരമൊരു ചെറുത്തുനിൽപ്പ് റഷ്യ പ്രതീക്ഷിച്ചിരുന്നിരിക്കില്ല. സമൂഹമാധ്യമങ്ങളിൽ നിറയുന്ന യുക്രെയ്ൻ ജനതയുടെ ചെറുത്തുനിൽപിന്റെ ദൃശ്യങ്ങൾ, ജയിച്ചാലും തോൽക്കുന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് പുടിന് മുന്നറിയിപ്പുനൽകുന്നത്. സെൽവ പ്രകാശ്
മറീന, ചെന്നൈ.
റഷ്യയുടെ യുക്രെയ്ൻ ആക്രമണവുമായി ബന്ധപ്പെട്ട് സ്റ്റാൻലി ജോണിയുമായി നടത്തിയ അഭിമുഖത്തിൽ (പാക്കറ്റ് 66) ഇന്ത്യ സ്വീകരിച്ച നിലപാടിനെ, അദ്ദേഹം അനുകൂലിച്ചത് ശ്രദ്ധേയമായി തോന്നി. കാരണം, ഇവിടെ ശശി തരൂർ അടക്കമുള്ളവർ ഇന്ത്യ പരമ്പരാഗത നയതന്ത്ര ബന്ധവും സൗഹൃദവും വച്ചുകൊണ്ട് റഷ്യയോട് ഉദാര സമീപനം സ്വീകരിക്കുന്നതിനെതിരെ വിമർശനമുന്നയിച്ചിരുന്നു. മാത്രമല്ല, റഷ്യയായതുകൊണ്ടാകാം, കേരളത്തിലടക്കം യുദ്ധവിരുദ്ധപ്രകടനങ്ങൾ നടക്കാത്തത് എന്ന മട്ടിലുള്ള സോഷ്യൽ മീഡിയ കാമ്പയിനുകളും അരങ്ങുതകർക്കുകയാണ്. പ്രത്യക്ഷത്തിൽ തരൂരിന്റെ അഭിപ്രായത്തിൽ ഒരു ന്യായമുണ്ടെന്ന് തോന്നിയിരുന്നുവെങ്കിലും ഈ അഭിമുഖം വായിച്ചപ്പോൾ കുറെക്കൂടി ക്ലാരിറ്റിയുള്ളത് സ്റ്റാൻലി ജോണിയുടെ അഭിപ്രായത്തിനാണെന്ന് തോന്നി. അദ്ദേഹം പറയുന്നതുപോലെ ചൈനയുമായുള്ള ബന്ധത്തിൽ അതീവ സൂക്ഷ്മത ആവശ്യമായ ഈ ഘട്ടത്തിൽ അധിനിവേശത്തെ അപലപിച്ചുകൊണ്ടുതന്നെ, റഷ്യയെ കൂടി ഉൾക്കൊള്ളുന്ന നിലപാട് എടുക്കാനേ ഇന്ത്യക്കുകഴിയൂ. വ്യാപാരത്തിന്റെയും പ്രതിരോധ സഹകരണത്തിന്റെയും താൽപര്യങ്ങൾ മാത്രമല്ല, ഇന്ത്യയെ ജാഗ്രതയുള്ളവരാക്കാൻ പ്രേരിപ്പിക്കുന്നത്, സൗത്ത് ഏഷ്യൻ മേഖലയിൽ വർധിച്ചുവരുന്ന ചൈനയുടെ ജിയോ പൊളിറ്റിക്കൽ താൽപര്യങ്ങളാണ്.
നേരത്തേ രൂപപ്പെട്ടിട്ടുള്ള ചൈന - റഷ്യ - പാക്കിസ്ഥാൻ അച്ചുതണ്ടിനെ അവഗണിച്ചുകൊണ്ട് ഇന്ത്യക്ക് റഷ്യ നേതൃത്വം നൽകുന്ന ഒരു ആഗോള പ്രശ്നത്തിൽ നിലപാടെടുക്കാനും കഴിയില്ല. ഇന്ത്യയുടെ ബ്ലൂ ഇക്കോണമി നയം തന്നെ, ഇന്ത്യൻ സമുദ്ര മേഖലയെ ലക്ഷ്യം വക്കുന്ന ചൈനയുടെ കുതിപ്പ് തടയാനുദ്ദേശിച്ചുള്ളതാണ്. ചൈന കര വിട്ട് കടലിലേക്ക് തിരിയുന്ന സാഹചര്യം ഇന്ത്യക്കാണ് ഏറെയും ഭീഷണിയാകുക. അറബിക്കടലും ബംഗാൾ ഉൾക്കടലുമാണ് ഇപ്പോൾ പുത്തൻ മൂലധന സാമ്രാജ്യങ്ങളുടെ ലക്ഷ്യം. ഈ പാശ്ചാത്തലത്തിൽ, ചൈന അടങ്ങുന്ന റഷ്യയുടെ ആഗോള സഖ്യത്തിൽ ഒരു വിള്ളലുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ശത്രുതയുടേതായ നയതന്ത്രത്തിൽനിന്ന് ഒഴിഞ്ഞുമാറുക എന്ന തന്ത്രം കൂടി ഇന്ത്യൻ നിലപാടിനുപിന്നിലുണ്ടെന്ന് കരുതണം. അനുദിനം മാറിവരുന്ന ആഗോള രാഷ്ട്രീയത്തെ മുൻനിർത്തി മാത്രമേ ഇന്ന് ഏതൊരു രാജ്യത്തിനും നിലപാടെടുക്കാൻ കഴിയു. പരമ്പരാഗതമായ സഖ്യങ്ങളുടെയോ ചേരിചേരാനയം എന്നൊക്കെയുള്ള "നിഷ്പക്ഷത'കളുടെയോ ഹാങ്ങ്ഓവറിൽ കിടന്നുതിരിഞ്ഞാൽ നഷ്ടം ആ രാജ്യത്തിനുതന്നെയാകും.മുസ്തഫ വി.എൻ, പൊന്നാനി, മലപ്പുറം.
പുലിക്കും നരിക്കും ഒപ്പമുള്ള ഗോത്രജീവിതം, ചൂരും ചൂടുമുള്ള ഒരെഴുത്ത്
ഗോത്ര ജീവിതത്തെക്കുറിച്ച് ഡോ. കെ.പി. നിതീഷ്‌കുമാർ എഴുതിയ ലേഖനം (പാക്കറ്റ് 66) ഏറെ വ്യത്യസ്തമയാരു അനുഭവമാണ് നൽകിയത്. താൻ ജീവിച്ച ചുറ്റുപാടുകളുടെ ചൂരും ചൂടും ഉൾക്കൊണ്ടതിനാലാകാം, ലേഖകന് ഇത്ര ഹൃദ്യമായി എഴുതാൻ കഴിഞ്ഞത്. ആദിവാസി ജീവിതം ഇന്നും പൊതുസമൂഹത്തെ സംബന്ധിച്ച് ഒരു ഒളിഞ്ഞുനോട്ടക്കാഴ്ചയാണ്. മുമ്പ്, ട്രൂ കോപ്പിയിൽ വന്ന ഡോ. ടി.വി. സജീവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ കൂടി ഈ ലേഖനത്തോടൊപ്പം ചേർത്തുവക്കാം എന്നു തോന്നുന്നു. വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നു എന്ന വാർത്തകൾ വന്നുകൊണ്ടിരുന്ന സമയത്തായിരുന്നു ഈ സംഭാഷണം. അദ്ദേഹം പറഞ്ഞത്, വയനാട്ടിലെ ആദിവാസികളെ സംബന്ധിച്ച് ഇതൊരു ഇഷ്യൂ അല്ല എന്നാണ്. കാരണം, വനമാണ് അവർക്ക എല്ലാം നൽകുന്നത്, ജൈവവൈവിധ്യത്തോടൊപ്പം ജീവിക്കാൻ അവർക്കറിയാം. തങ്ങളുടെ ഒരു ഉരുവിനെ പുലി പിടിച്ചാൽ ആദിവാസികൾ അതിനെ ഒരു ആക്രമണം ആയി കാണാറില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
വന്യജീവികൾക്കൊപ്പമുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ചാണ് നിതീഷ്‌കുമാർ പറയുന്നതും ഇതേ കാര്യമാണ്. കൊടുംകാട്ടിലേക്ക് കത്തിയും കയറും മാത്രം കൈവശം വച്ചാണ് അമ്മമാർ വിറക് ശേഖരിക്കാൻ പോകുന്നത്. അവർക്ക് കാടിന്റെ ഗതിവിഗതികൾ, കാട്ടുമൃഗങ്ങളുടെ സഞ്ചാരപഥങ്ങൾ എല്ലാം തിരിച്ചറിയാൻ കഴിയും. അതുകൊണ്ടുതന്നെ ഒരു സംഘർഷം ഉണ്ടാകുന്നില്ല. ഈയിലെ ഒരു യുവാവ് മലയുടെ വിള്ളലിൽ കുടുങ്ങിപ്പോയതും അയാളെ സൈന്യം രക്ഷിച്ചതും ദിവസങ്ങൾ നീണ്ടുനിന്ന വലിയ വാർത്തകളായി. എന്നാൽ, ഗോത്രജനതയുടെ ജീവിതത്തിൽ സ്വഭാവികമാണ് ഇത്തരം സാഹസിക സന്ദർഭങ്ങൾ. മെരുക്കപ്പെടാത്ത പ്രകൃതിയാണ് അവർക്ക് കൂട്ട്. അതിലെ ജൈവികതക്കൊപ്പമാണ് അവരുടെ സഹവാസം. അതുകൊണ്ട് ഒരു പുലിയുടെ ശൗര്യം ഒരു ആദിവാസിക്കും അനിവാര്യമായിത്തീരുന്നു. ആദിവാസിയുടെ ശരീരവും മസ്തിഷ്‌കവും അതിനൊത്തവണ്ണം സൂക്ഷ്മമാകുന്നു. കാട്ടിലൂടെ ഓടിമറയുന്ന കാട്ടുപന്നി ഏതു ദിശയിലേക്ക് പോകുമെന്ന് തിരിച്ചറിയാൻ ആ മസ്തിഷ്‌കം കൊണ്ട് കഴിയുന്നു. ആ പന്നിയുടെ നടയിലേക്ക് കത്തിയമ്പ് എറിയാൻ ആ കൈകൾ സ്വഭാവികമായ പരിശീലിക്കപ്പെട്ടിരിക്കുന്നു. ഗോത്രജീവിതത്തിന്റെ അതിജീവനകഥ എത്ര സാഹസികമാണ് എന്നോർത്ത് വിസ്മയിക്കാതെ വയ്യ!അർജുൻ എസ്. വെള്ളമുണ്ട, വയനാട്.
മരുഭൂമിക്കും കാടിനും കടലിനും ഒപ്പമുള്ള സഹസഞ്ചാരകഥകൾ
സാഹസികതയെക്കുറിച്ചുള്ള രണ്ട് നിരീക്ഷണങ്ങൾ വായിച്ചു, കെ.പി. നിതീഷ് കുമാർ ആദിവാസി ജീവിതത്തെയും വി. മുസഫർ അഹമ്മദ് യാത്രകളെയും കുറിച്ച് എഴുതിയത്. (പാക്കറ്റ് 66).
കീഴടക്കലല്ല, ഒപ്പമുള്ള സഞ്ചാരമാണ് വേണ്ടത് എന്നാണ് ഇരുവരും പറയുന്നത്. ആദിവാസി സമൂഹങ്ങൾക്ക് അത് സഹജാവസ്ഥയാണ്, എന്നാൽ, കാട് കാണാൻ പോകുന്നവരെ സംബന്ധിച്ച് അത് വച്ചുകെട്ടപ്പെട്ട സാഹസികതയോ കീഴടക്കലോ ആയി മാറുന്നു. ദിവസവും മീൻ പിടിക്കാൻ ചെറുവഞ്ചികളിൽ പ്രക്ഷുബ്ദമായ കടലിലൂടെ സഞ്ചരിക്കുന്നവർക്ക് അത് അതിജീവനമാണ്, കാഴ്ചക്കാർക്ക് അത് കേവലമായ സാഹസികതയും. പ്രകൃതി കീഴടക്കപ്പെടാനുള്ളതല്ല എന്ന ബോധം വർധിച്ചുവരുന്ന ഇക്കാലത്ത്, മുസഫർ അഹമ്മദ് എഴുതിയപോലെ, യാത്രകൾ അനിവാര്യമായും സഹസഞ്ചാരങ്ങളാകേണ്ടതുണ്ട്. സമുദ്രങ്ങളിലൂടെയും വനങ്ങളിലൂടെയും മരുഭൂമികളിലൂടെയും അവിടങ്ങളിലെ ജൈവപ്രകൃതിക്കൊപ്പം സഞ്ചരിക്കാൻ മനുഷ്യന് കഴിയണം. (തന്റെ മരുഭൂ യാത്രകളെക്കുറിച്ചുള്ള പുസ്തകത്തിൽ മണ്ണിനെക്കുറിച്ചും വിത്തുകളെക്കുറിച്ചും മരങ്ങളെക്കുറിച്ചും തണ്ണീർത്തടങ്ങളെക്കുറിച്ചും ജലാശയങ്ങളെക്കുറിച്ചും ജീവികളെക്കുറിച്ചുമെല്ലാം മുസഫർ അഹമ്മദ് വിവരിക്കുന്നത് ഇതേ സഹസഞ്ചാരീഭാവത്തോടെയാണ് എന്നത് ഓർക്കുന്നു).
"കാട്ടിനുള്ളിൽ ദൈവങ്ങളാണ്, അതിനാൽ ഞങ്ങൾ ചെരുപ്പ് ധരിക്കാറില്ല' എന്നു പറയുന്ന ആദിവാസികളുടെ തിരിച്ചറിവുകളുടെ സത്തയാണ് നിതീഷ്‌കുമാർ പകർത്തുന്നത്. ആനച്ചൂര് പിടിച്ച് ഒഴിഞ്ഞുമാറുകയും ഒളിച്ചുനടക്കുകയും ചെയ്യുന്ന ആദിവാസികൾ തന്നെയാണ് 70 ബ്രിട്ടീഷ് പട്ടാളക്കാരുടെ തല കൊയ്ത ആക്രമണം നടത്തിയ സൈന്യമായും മാറിയത് എന്നോർക്കുമ്പോൾ വലിയ വിസ്മയം തോന്നുന്നില്ല.ശ്രുതി പ്രകാശ്, പാലക്കാട്.
നമ്മുടെ കുട്ടികളെക്കുറിച്ചോർത്ത്, സങ്കടത്തോടെ...
നമ്മുടെ വിദ്യാഭ്യാസ ചിന്തകളിൽ കടന്നുവരാത്ത ഒരു വിഷയമാണ് ഡോ. പി.വി. പുരുഷോത്തമൻ എഴുതിയ "ഒന്നാം ക്ലാസിനുമുമ്പുള്ള കുട്ടികളെ പരിഗണിക്കാത്ത കേരളം' എന്ന ലേഖനം (പാക്കറ്റ് 66) ചർച്ച ചെയ്യുന്നത്. ഒന്നാം ക്ലാസിൽ ചേർക്കുന്നതുവരെയുള്ള കുട്ടികളുടെ സാമൂഹികവും വൈജ്ഞാനികവുമായ വികാസത്തെക്കുറിച്ച് നാം ഒട്ടും ചിന്തിക്കുന്നില്ല എന്നതിന് തെളിവാണ്, കേരളത്തിലെ പ്രീ പ്രൈമറി വിദ്യാഭ്യാസ മേഖല. ഒരു തരത്തിലുള്ള ശാസ്ത്രീയ കാഴ്ചപ്പാടുമില്ലാതെ, സാമൂഹികവും ബൗദ്ധികവുമായ അനുഭവപാഠങ്ങളുടെ പിൻബലമില്ലാതെ നടത്തുന്ന കൂടാരങ്ങളാണ് നമ്മുടെ പ്രീ പ്രൈമറി മേഖലയെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ നടത്തുന്ന അങ്കണവാടികളിലോ വ്യക്തികളും സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളിലോ ഏകീകൃതമായ ഒരു പരിശീലന സംവിധാനം ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അമ്മമാരെയും കുഞ്ഞുങ്ങളെയും ഉൾക്കൊള്ളുന്ന മികച്ച ഒരു സംവിധാനമാണ് അങ്കണവാടികൾ. തദ്ദേശ സ്ഥാപന നിയന്ത്രണത്തിലായതിനാൽ ഇവയ്ക്ക് ഒരുതരം സാമൂഹികമായ ഉത്തരവാദിത്തവും ഓഡിറ്റിംഗും സാധ്യമാണെന്നുപറയാം.
എന്നാൽ, പ്രായോഗിക തലത്തിൽ ഈ സാധ്യത സ്വപ്നമായി അവശേഷിക്കുകയാണ്. എത്ര അങ്കണവാടികൾക്ക് കുട്ടികളുടെ മാനസിക വികാസത്തിനും മറ്റും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നുണ്ട്. സ്വന്തമായി കെട്ടിടമുള്ള എത്ര അങ്കണവാടികൾ കേരളത്തിലുണ്ട്? അങ്കണവാടി വർക്കർമാരുടെ യോഗ്യത സംബന്ധിച്ചും നിയതമായ ഒരു ചട്ടക്കൂട് രൂപീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അമിത ഫീസ് ഈടാക്കി, കുട്ടികളെ "ശിക്ഷിച്ചു' പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ് മറുവശത്ത്. ഏകീകൃത നിയമമില്ലാത്തതുകൊണ്ട് ഇവക്കെതിരെ നടപടിയെടുക്കാനും കഴിയുന്നില്ല. ലേഖകൻ ചൂണ്ടിക്കാട്ടിയതുപോലെ, ആഗോള തലത്തിൽ, ഉന്നത വിദ്യാഭ്യാസത്തിനൊപ്പമാണ് ശൈശവ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകുന്നത്.
കുട്ടികളുടെ ബൗദ്ധിക- മാനസിക നിലവാരത്തിനനുസരിച്ച് രൂപപ്പെടുത്തിയ പാഠ്യപദ്ധതികളും പരിശീലന സാമഗ്രികളുമൊക്കെയാണ് അവിടെ കുട്ടികൾക്ക് ലഭിക്കുന്നത്. കേരളത്തിൽ, പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കാൻ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഒരു കൈപ്പുസ്തകം തയാറാക്കിയിരുന്നു. കുട്ടികളിലെ ബുദ്ധിവികാസം, ഭാഷാ വികസനം, സാമൂഹിക വികാസം, സർഗാത്മക കഴിവുകൾ വളർത്തൽ തുടങ്ങിയവയായിരുന്നു കളിപ്പാട്ടം എന്ന ഈ കൈപ്പുസ്തകത്തിന്റെ ഉള്ളടക്കം. ഈ പുസ്തകം ഇപ്പോൾ ആരുടെയെങ്കിലും കൈവശമുണ്ടോ എന്നറിയാൻ കൗതുകമുണ്ട്.ശരണ്യ എ.എസ്., തൃക്കാക്കര, കൊച്ചി.
ഈ ഭരണാധികാരികളാകും ഭാവിയിലെ പാൻഡമിക്കുകൾ
കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള ഡോ. ജയകൃഷ്ണൻ ടിയുടെ ലേഖനം (പാക്കറ്റ് 66) ഏറെ ആശങ്ക നിറഞ്ഞ ഒരു ഭാവിയെയാണ് മുന്നിൽവക്കുന്നത്. രോഗാതുരമായ ഒരു ഭാവി ജീവിതമാണ് മനുഷ്യരെ കാത്തിരിക്കുന്നത് എന്ന് വ്യക്തം. അതിനോട്, മനുഷ്യരാശി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. കാരണം, കോവിഡിന്റെ കാര്യത്തിൽ തന്നെ മോഡേൺ മെഡിസിനും ആധുനിക ശാസ്ത്രത്തിനും തൃപ്തികരമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. "ക്ഷണനേരം' കൊണ്ട് പുറത്തുവന്ന വാക്സിനുകൾക്ക് ഈ രോഗത്തിൽനിന്ന് ശാശ്വതമായ രക്ഷ നേടിത്തരാൻ കഴിവില്ലെന്ന് തെളിഞ്ഞിരിക്കുന്നു. മാത്രമല്ല, വാക്സിനുകൾ അന്തിമമായി ഗുണം ചെയ്തത്, ഏതാനും കോർപറേറ്റുകൾക്കാണ്.
കോവിഡിനെതിരെ ആദ്യമായി വാക്സിൻ പുറത്തിറക്കിയ ഫൈസർ കമ്പനി ഓരോ മണിക്കൂറിലും കൊയ്യുന്ന കോടിക്കണക്കിന് ഡോളറിന്റെ ലാഭത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ചില രാജ്യങ്ങളടെ ജി.ഡി.പിയേക്കാൾ കൂടുതലാണത്രേ ഈ കമ്പനിയുടെ ഇപ്പോഴത്തെ വാർഷിക റവന്യൂ. അതായത്, ലോകത്തിൽ ഏറ്റവും ഉയർന്ന ജി.ഡി.പി എടുത്താൻ ഫൈസർ കമ്പനി 66ാം സ്ഥാനത്താണത്രേ. എത്യോപ്യ, കെനിയ, ഘാന, ഗ്വാട്ടിമാല, ഒമാൻ തുടങ്ങിയ രാജ്യങ്ങളേക്കാളും മുന്നിലാണ് ഈ കോർപറേറ്റ് കമ്പനിയെന്ന് വേൾഡ് ബാങ്ക് ഡാറ്റകൾ പറയുന്നു. കൊള്ളലാഭത്തിന്റെ ഇതേ അനീതി, വാക്സിൻ വിതരണത്തിലും സംഭവിച്ചിട്ടുണ്ട്. വാക്സിൻ വന്ന് ഒരു വർഷം കഴിഞ്ഞിട്ടും താഴ്ന്ന വരുമാനക്കാരായ രാജ്യങ്ങളിലെ 11 ശതമാനത്തോളം പേർക്കുമാത്രമാണ് ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്. എന്നാൽ, സമ്പന്ന രാജ്യങ്ങളിലെ 80 ശതമാനത്തിനും ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞു. വാക്സിൻ വിതരണത്തിലെ കടുത്ത അസമത്വം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ്, ഭാവിയിൽ മനുഷ്യരെയാകെ ആക്രമിക്കാനൊരുങ്ങുന്ന രോഗാതുരത എത്ര മാരക പ്രത്യാഘാതാണുണ്ടാക്കുക എന്ന് ആലോചിക്കേണ്ടത്. അതിനുള്ള പോംവഴി നമ്മുടെ ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നാണ് ആദ്യമായി ഉണ്ടാകേണ്ടത്. സമ്പത്തുകൊണ്ട് ആധുനിക സയൻസിനെപ്പോലും വിലയ്ക്കുവാങ്ങാൻ കോർപറേറ്റുകളെ നിർബാധം കെട്ടഴിച്ചുവിടുന്ന ഭരണാധികാരികളാണ്, ഭാവിയിലെ യഥാർഥ പാൻഡമിക്കുകളാകാൻ പോകുന്നത്.സി. അരവിന്ദ്, ബംഗളൂരു.
ദേവദാസ് വി.എമ്മിന്റെ കെ.പി.എ.സി ലളിത
കെ.പി.എ.സി. ലളിതയെക്കുറിച്ചുള്ള ദേവദാസ് വി.എമ്മിന്റെ ഓർമക്കുറിപ്പ് ഹൃദ്യമായിരുന്നു. സിനിമയിലെ ഒരു കഥാപാത്രം പോലെ തന്നെ, വേദനകൾക്കിടയിലും പൂർണമായും ഒരു സാമൂഹിക ജീവിയായി കഴിഞ്ഞ ഒരു സ്ത്രീയെയാണ് ഈ കുറിപ്പിൽ വായിച്ചെടുക്കാൻ കഴിയുന്നത്. ഭരതന്റെ മരണശേഷം അദ്ദേഹത്തിന്റെ നാടിനെ കൂടി സ്വന്തമാക്കി, നാട്ടുകാരോട് ഇടപഴകി കഴിഞ്ഞു അവർ. സ്വന്തം നാട്ടുകാരി എന്ന അടുപ്പത്തോടെ ദേവദാസ് അവരെക്കുറിച്ച് പറയുന്നത് വായിക്കാൻ അതുകൊണ്ടുതന്നെ കൗതുകം തോന്നി.
എന്നാൽ, ലളിതയിലെ സ്ത്രീയെയും കലാകാരിയെയും മലയാളി അർഹിക്കുംവിധം ഉൾക്കൊണ്ടിരുന്നുവോ? സംശയമാണ്. കേരളത്തിന്റെ കലയുടെയും അത് രൂപപ്പെടുത്തിയ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും ലോകത്ത് ആറു പതിറ്റാണ്ട് സജീവമായിരുന്ന ഒരു സ്ത്രീയെയാണ് അനാവശ്യമായ വിവാദങ്ങളിൽ കുരുക്കി അവസാന കാലത്തുപോലും വേട്ടയാടിയത്. സീരിയലുകളിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് അവർക്കുള്ളതെന്നും അല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലെന്നും സർക്കാർ തന്നെ വ്യക്തമാക്കിയിരുന്നു. അവർ സിനിമയിൽ ചെലവിട്ട കാലമേറെയും, ഇന്നത്തെപ്പോലെയുള്ള പ്രതിഫലം ഉണ്ടായിരുന്നില്ല എന്ന് ആർക്കും അറിയാവുന്ന കാര്യമാണ്. നമ്മുടെ പ്രതിഭാശാലികളായ പഴയ അഭിനേതാക്കളെല്ലാം ഇതേ ദാരിദ്ര്യമനുഭവിച്ചിരുന്നവരാണ്.
മുമ്പ്, നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് ഉയർന്നുവന്ന, അവരുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതേ മട്ടിലുള്ളതായിരുന്നു. എന്നും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച ഒരു കലാകാരിയുടെ രാഷ്ട്രീയാസ്തിത്വം പോലും അന്ന് ചോദ്യം ചെയ്യപ്പെട്ടു. പാർട്ടിക്കും അന്ന് അതിന് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല. അവർ അഭിനയിച്ചുതീർന്ന കഥാപാത്രങ്ങളെപ്പോലെ തന്നെ അത്യന്തം സംഘർഷഭരിതമായിരുന്ന ഒരു ജീവിതത്തിന്റെ കൂടി ഓർമക്കുറിപ്പാണ് ദേവദാസിൻേറത്.സി.ആർ. പോൾസൺ ചേലക്കര, തൃശൂർ.
ജീവസ്സുറ്റ ഒരു കവിത
ടി.പി. രാജീവൻ എഴുതിയ കടന്തറപ്പുഴ എന്ന കവിത (പാക്കറ്റ് 66) ഗംഭീരമായി. രോഗാതുരനായി കിടക്കുന്ന മനുഷ്യനിലേക്ക് തിരിച്ചൊഴുകുന്ന പുഴ. പനിയിൽ വിറയ്ക്കുന്ന ശരീരത്തിൽ പതിക്കുന്ന അതിന്റെ ഓളങ്ങൾ. ആ ഓളങ്ങളിലൂടെ പുളച്ചുനടന്ന കുഞ്ഞുകാലത്തെക്കുറിച്ച് ആ മനുഷ്യനെ ഓർമിപ്പിക്കുന്നു, ആ പുഴ. മരണത്തിന് വിട്ടു കൊടുക്കാതെ, ഇഷ്ടത്തോടെ ചേർത്തുപിടിച്ച ഒരു പുഴക്കാലം. ഇന്ന്, ആഴം വറ്റിപ്പോയ ഒരു പുഴ പോലെ കിടക്കുന്ന ആ കൂട്ടുകാരനിലേക്ക് അത് തിരിച്ചൊഴുകുന്നു, ജലമിറക്കാൻ കഴിയാത്ത ആ ശരീരത്തിന് ഒരു തുള്ളിയേകുന്നു, ഓളങ്ങൾ കൊണ്ട് തലോടുന്നു. ജീവസ്സുറ്റ ഒരുറവയായി, മനുഷ്യനെയും പ്രകൃതിയെയും വീണ്ടെടുക്കുന്ന ഒരു കവിത.കാർത്തിക മോഹൻദാസ്, പറവൂർ, എറണാകുളം.
പാട്ടുകൾ പാടിത്തീർന്നാലും കവിത അവശേഷിക്കും
ഏഴാച്ചേരിയുടെ കാവ്യലോകത്തെക്കുറിച്ച് എസ്. രാഹുൽ എഴുതിയ "റീഡിംഗ് എ പൊയറ്റ്' വായിച്ചു. കവിതയോടുള്ള ഏഴാച്ചേരി എന്ന കവിയുടെ സമർപ്പണത്തെക്കുറിച്ച് ഒരു സംശയവുമില്ലാത്ത ഒരു വായനക്കാരനാണ് ഞാൻ. എന്നാൽ, ആ സമർപ്പണത്തോടൊപ്പം, അദ്ദേഹത്തിന്റെ കവിതകൾ വളർന്നിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. "ഏഴാച്ചേരിയുടെ കവിതകൾ സമകാലിക സാഹിത്യത്തിന്റെ മാറ്റങ്ങളോടൊപ്പമോ അതിസൂക്ഷ്മമായ കാവ്യജാഗ്രതയോടൊപ്പമോ ചേരുന്നുണ്ടാകില്ല' എന്നൊരു മുൻകൂർ ജാമ്യം, രാഹുൽ എടുക്കുന്നുണ്ട്. അത്, കവിതാ വായനയിൽ പ്രധാനപ്പെട്ട സംഗതിയാണ്, പുതിയ കാലത്ത് പ്രത്യേകിച്ചു.
കാരണം, അതിസൂക്ഷ്മമായ കാവ്യ ജാഗ്രത കവിയിൽനിന്ന് ആവശ്യപ്പെടുന്ന കാലമാണിത്. കവിതയെ വഴിതെറ്റിക്കുന്ന കപട ഭാവുകത്വങ്ങളെ ഓരോ കാലത്തും വായിച്ച് റദ്ദാക്കിക്കളഞ്ഞ സമൂഹമാണ് മലയാളിയുടേത്. വൃത്തത്തിന്റെ കാലത്ത് വൃത്തരാഹിത്യം കൊണ്ടും സംഗീതത്തിന്റെ കാലത്ത് ഗദ്യം കൊണ്ടും പാട്ടിന്റെ കാലത്ത് പറച്ചിലുകൊണ്ടുമെല്ലാം മലയാളം കവിതയെ തിരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ്, കാസറ്റുകൾക്കും കേൾവികൾക്കും ഒപ്പം ജീവിച്ചുവന്ന കവികളെല്ലാം ഇപ്പോൾ നിശ്ശബ്ദരായിക്കഴിയുന്നത്. പാട്ടുകളല്ല കവിത എന്ന് അന്നും ഇന്നും എഴുതിക്കൊണ്ടിരിക്കുന്ന, വൈലോപ്പിള്ളി മുതൽ ബാലചന്ദ്രൻ ചുള്ളിക്കാട് വരെയുള്ള കവികൾ വീണ്ടും വീണ്ടും വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവരാണ്, യഥാർഥത്തിൽ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാകുക എന്നുകൂടി പറയട്ടെ.ജോയി ജോസ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം
TEAM TRUECOPY
കമൽറാം സജീവ് സി.ഇ.ഒ . & മാനേജിംഗ് എഡിറ്റർമനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ് ടി.എം. ഹർഷൻ സി.ഒ.ഒ. & അസോസിയേറ്റ് എഡിറ്റർകെ.കണ്ണൻ എക്‌സിക്യൂട്ടിവ് എഡിറ്റർമുഹമ്മദ് ജദീർ സീനിയർ ഡിജിറ്റൽ എഡിറ്റർഅലി ഹൈദർ സീനിയർ ഔട്ട്പുട്ട് എഡിറ്റർകെ.വി. ദിവ്യശ്രീ സീനിയർ ഔട്ട്പുട്ട് എഡിറ്റർമുഹമ്മദ് ഫാസിൽ സീനിയർ ഔട്ട്പുട്ട് എഡിറ്റർ
വി.കെ. ബാബു സീനിയർ മാനേജർ (ബുക്സ് & ഓപ്പറേഷൻസ് )മുഹമ്മദ് സിദാൻ ടെക്‌നിക്കൽ ഡയറക്ടർമുഹമ്മദ് ഹനാൻ ഫോട്ടോഗ്രാഫർഅഗസ്ത്യ സൂര്യ ഫോട്ടോഗ്രാഫർഷിനു ടി.എം. വിഷ്വൽ എഡിറ്റർമഷ്ബൂബ് പി.പി. ജൂനിയർ വിഷ്വൽ എഡിറ്റർഷിബു ബി. സബ്‌സ്‌ക്രിപ്ഷൻസ് മാനേജർവിഷ്ണുപ്രസാദ് വി.പി. ഫൈനാൻസ് മാനേജർ
സൈനുൽ ആബിദ് കവർ ഡിസൈനർ
വെബ്‌സീൻ എഡിറ്റോറിയൽ ബോർഡുമായി ബന്ധപ്പെടാൻ [email protected] എന്ന ഐ.ഡി.ഉപയോഗിക്കുക. സബ്‌സ്‌ക്രിപ്ഷൻ സംബന്ധമായ കാര്യങ്ങൾക്ക് subscription@truecopy. media പരസ്യം: [email protected]