താലിബാൻ ജീവിതം തകർത്ത ഈ അഫ്​ഗാനികൾ പറയുന്നു; താലിബാനിസം ഇല്ലാതാകില്ല

ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികളെ സൃഷ്ടിച്ച രാജ്യമാണ് അഫ്​ഗാനിസ്ഥാൻ. ഇപ്പോഴും അതു തുടരുന്നു. അതുകൊണ്ട്, താലിബാൻ അഫ്​ഗാനിസ്ഥാനിൽ നവലോകം സൃഷ്ടിക്കുമെന്ന പ്രതീക്ഷകളൊന്നും അവിടുത്തെ ജനതയ്ക്കുമുന്നിലില്ല. ചൈനയും റഷ്യയും പിന്തുണച്ചതുകൊണ്ട് താലിബാനിസം ഇല്ലാതാകുകയുമില്ല- താലിബാന്റെ തുടക്കകാലത്ത്​ ആക്രമണത്തിൽനിന്ന് രക്ഷതേടി ഡൽഹിയിലെത്തി അഭയാർഥികളായി കഴിയുന്ന അഫ്​ഗാൻകാരുടെ ജീവിതത്തിലൂടെ മാധ്യമപ്രവർത്തകയായ സോഫിയ ബിന്ദ് നടത്തുന്ന യാത്ര

കോവിഡ് ബാധിതരായവർ ആ നാളുകളിൽ ഒരുപാട് സിനിമ കാണാനും പുസ്തകം വായിക്കാനുമൊക്കെ സാധിച്ചു എന്ന് മുഖപുസ്തകത്തിൽ കുറിച്ചിട്ട് കാണാറുണ്ട്. കഴിഞ്ഞ പത്തിരുപത് ദിവസം ഞാനും കോവിഡിലൂടെ കടന്നുപോയിരുന്നു. പക്ഷേ എന്നെ ബാധിച്ച വൈറസ് അത്ര ഉദാരമതിയായിരുന്നില്ല. ശക്തമായ പനിയും, ദേഹമാസകലം വേദനയുമായി ആക്രമണം നടത്തിക്കൊണ്ടിരുന്നു. സിനിമ കാണാനോ പുസ്തകം വായിക്കാനോ സാധ്യമാകാതെ ആദ്യത്തെ പത്തോളം ദിവസം കടന്നുപോയി. ഏകദേശം ഒന്നു ശരിയായി തുടങ്ങിയപ്പോളാണ് സിനിമയിലേയ്ക്കും വായനയിലേക്കുമൊക്കെ കടന്നത്.

ഐ.എസിന്റെ പിടിയിലായ നാദിയ മുറാദ് എന്ന യസീദി പെൺകുട്ടിയുടെ തീവ്രമായ അനുഭവ ജീവിതം പറയുന്ന THE LAST GIRL ആയിരുന്നു വായിച്ച പുസ്തകങ്ങളിലൊന്ന്. മൂന്ന് വർഷത്തോളം ഐ.എസിന്റെ പിടിയിലായിരുന്നു നാദിയ. അവിവാഹിതരായ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി വിൽക്കുന്ന ദായിഷുകളുടെ ക്രൂരത പറയുന്ന പുസ്തകം. ഗ്രാമങ്ങളിൽനിന്ന് പിടിച്ചെടുത്ത പെൺകുട്ടികളെ മൊസൂളിലെത്തിച്ച് ലൈംഗികാവശ്യത്തിന് കൊണ്ടുപോകുന്ന, ഓരോ പെൺകുട്ടിയും കടന്നുപോകുന്ന അവസ്ഥ നാദിയ മുറാദ് പറയുന്നു. ഇപ്പോൾ ഒരു യസീദി മനുഷ്യാവകാശ പ്രവർത്തകയാണ് നാദിയ മുറാദ്. യുദ്ധസമയത്ത് ലൈംഗികാതിക്രമങ്ങളെ ആയുധമായി ഉപയോഗിക്കുന്നതിനെതിരായി നടത്തിയ പ്രവർത്തനങ്ങൾക്ക് 2018 ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നാദിയയ്ക്ക് ലഭിച്ചു. ഇറാഖിലെ ഐ.എസ് ചെയ്തികളിൽനിന്ന് അഫ്ഗാനിലെ താലിബാൻ ചെയ്തികളിലേക്ക് വലിയ അന്തരമില്ല.

എല്ലാ യുദ്ധങ്ങളും കലാപങ്ങളും ബാക്കിവയ്ക്കുന്നതെന്ത് എന്നതിന് എന്നും ഒരേ ഉത്തരമേയുളളൂ. അതിനിരയാക്കപ്പെടുന്ന, അഭയാർഥികളാക്കപ്പെടുന്ന, മനുഷ്യരുടെ ദുരിതജീവിതം. തീവ്ര ആശയങ്ങളിലൂടെ, രാഷ്ട്രീയാധികാരങ്ങൾ പിടിച്ചെടുക്കാൻ നടത്തുന്ന യുദ്ധങ്ങളുടെയും കലാപങ്ങളുടെയുമെല്ലാം ബാക്കിപത്രം ഇത്തരം ചിത്രങ്ങളാണ്. ഇത്രയും പറഞ്ഞു വന്നത് അഫ്ഗാൻകീഴടക്കിയ താലിബാന്റെ പുതിയ രാജ്യസങ്കൽപം എന്താവും എന്നുള്ള ആശങ്കയിൽനിന്നാണ്. ഈ കാലമത്രയും അവർതുടർന്നുവന്ന ക്രൂരതകളും ജനാധിപത്യ ധ്വംസനങ്ങളുമെല്ലാം മാറ്റിവച്ച് പുതിയ ലോകക്രമത്തിലേയ്ക്ക് താലിബാൻ വരുന്നു, പ്രതികാരത്തിനില്ല, മാപ്പ് കൊടുക്കുന്നു, സ്ത്രീകൾക്ക് ശരിഅത്ത് പ്രകാരമുള്ള സ്വാതന്ത്യം, ഇങ്ങനെ പുതിയ കുറേ കാര്യങ്ങൾ താലിബാൻ ലോകത്തിനോട് പറഞ്ഞുകൊണ്ടിരിക്കുന്നു.

നാദിയ മുറാദ്

അധികാരം പിടിച്ചെടുത്ത ഇസ്‌ലാമിക് എമിറേറ്റ്‌സ് സേനയുടെ മുന്നോട്ടുള്ള ചിത്രം തോക്കുകളേന്തി തന്നെയായിരിക്കും എന്നതിൽ മാറ്റമൊന്നുമില്ല. അത് അഫ്ഗാനിൽ വ്യക്തമായി തുടങ്ങുകയും ചെയ്തു. താലിബാനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഫ്ഗാൻ പതാകയേന്തി പ്രതിഷേധം നടത്തിയവർക്കുനേരെ തോക്കിലൂടെ തന്നെയായിരുന്നു മറുപടി. പ്രതിഷേധങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത് സ്ത്രീകളാണേറെയും. പിതൃക്രമത്തിലൂന്നിയുള്ള താലിബാനിസത്തിനിരയാകുന്നത് സ്ത്രീകളാണ് എന്നതുകൊണ്ടും മുൻകാല അനുഭവങ്ങളുമാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. ജനങ്ങൾക്ക് നൽകാൻ പോകുന്ന ‘സ്വാതന്ത്യങ്ങൾക്കും' അവർ പരിധി നിശ്ചയിക്കും. പ്രത്യേകിച്ച് ചില വിഭാഗക്കാർക്ക്, അതിൽ സ്ത്രീകളും, കലാകാരൻമാരും, മനുഷ്യാവകാശപ്രവർത്തകരും, മാധ്യമപ്രവർത്തകർക്കുമെല്ലാം ഉൾപ്പെടും. വ്യക്തിസ്വാതന്ത്യവും, ആശയസ്വാതന്ത്യവുമെല്ലാം എത്രത്തോളം എന്നതിന് കൃത്യമായ അളവുകോലുണ്ടാവും. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്യത്തിന്റെ അളവുകോൽ പുറത്തുവന്നിട്ടുണ്ട്. പുറത്തു സഞ്ചരിക്കുമ്പോൾ പുരുഷന്മാർകൂടെയുണ്ടാകണം എന്നതാണത്. തീവ്ര ഇസ്‌ലാമിക് ആശയങ്ങളുടെ വക്താക്കളായ ദായിഷുകളുടെ കൂട്ടാളികൾക്ക് അങ്ങനെയേ സാധ്യമാകൂ. 1996- 2001 കാലഘട്ടത്തിൽ അഫ്ഗാൻ ജനത അനുഭവിച്ച ക്രൂരതകൾ ലോകത്തിനുമുന്നിലുണ്ട്. എല്ലാ ആധുനിക ജീവിതക്രമങ്ങളെയും പാശ്ചാത്യമെന്ന് മുദ്രകുത്തി അക്രമവും ജനവിരുദ്ധതയും സമാനതകളില്ലാത്ത വിധം അടിച്ചേൽപ്പിച്ച ഭരണം.

2018 ൽ ഞാൻ ഡൽഹിയിലുണ്ടായിരുന്നപ്പോൾ പ്രോഗ്രാമിനുവേണ്ടി എപ്പോഴും വിഷയം തേടികൊണ്ടിരിക്കുമായിരുന്നു. അധികാര രാഷ്ട്രീയ ചിത്രങ്ങൾക്കുമപ്പുറം മനുഷ്യജീവിത ചിത്രങ്ങളായിരുന്നു പരിപാടിയിലേറെയും. അതിൽ, ഗുജറാത്തിലെ പട്ടേൽ പ്രതിമയ്ക്കു ചുറ്റുമുളള ആദിവാസി ജീവിതവും, കാൺപൂരിലെ തുകൽ ഫാക്ടറിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പണിയെടുക്കുന്ന തൊഴിലാളികളും, മീററ്റിൽ ഫുട്‌ബോൾ തുന്നിയെടുക്കുന്ന കുട്ടികളുടെ ജീവിതവുമെല്ലാം തെളിഞ്ഞിരുന്നു. പലതരം മനുഷ്യർ വസിക്കുന്ന ഡൽഹിയുടെ തെരുവുകളിലും ഗല്ലികളിലും പല കാഴ്ചകൾ കണ്ടു. അതിൽ, മറ്റു രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി വന്ന ഒട്ടേറെ മനുഷ്യരുമുണ്ടായിരുന്നു. അഫ്ഗാൻ അഭയാർഥികളുമുണ്ടായിരുന്നു.

ഡൽഹിയിലെ ലജ്പത്‌നഗറിലാണ് അഫ്ഗാനികളേറെയും താമസിക്കുന്നത്. അവരുടെ അഭയാർഥി ജീവിതത്തെക്കുറിച്ച് പരിപാടി ചെയ്യാനായി ഞാൻ ഈ തെരുവിലെത്തി. കൂടെ കാമറാമാൻ ഫൈസൽ നീർക്കുന്നവുമുണ്ടായിരുന്നു. ഒന്നും മുൻകൂട്ടി പ്ലാനിട്ടല്ല പോകുന്നത് എന്ന് ഞാൻ ഫൈസലിനോട് പറഞ്ഞിരുന്നു. നമുക്കന്വേഷിച്ചുനോക്കാമെന്ന് ഫൈസലും.

അഫ്ഗാനികളേറെയുള്ള ലജ്പത് നഗർ. നല്ല ഉയരവും അയഞ്ഞ പൈജാമയും ധരിച്ച കുറേ മനുഷ്യർ. റോഡിന്റെ ഇരുവശവും വലുപ്പമുള്ള റൊട്ടികൾ ചുട്ടെടുക്കുന്നു. തെരുവിലൂടെ നിറമേറെയുള്ള വസ്ത്രങ്ങളണിഞ്ഞ സുന്ദരികളായ അഫ്ഗാനി സ്ത്രീകൾ നടന്നു പോകുന്നു. അങ്ങനെയങ്ങനെ പോകുന്നു കാഴ്ചകൾ. തെരുവിലൂടെ നടക്കുമ്പോൾ, ഞങ്ങൾ വിഷ്വൽസ് എടുത്തുകൊണ്ടിരുന്നു. ചെറുപ്പക്കാർ ഇതെന്തിനുവേണ്ടിയാണെന്നന്വേഷിച്ചു. വിഷയം പറഞ്ഞു, നിങ്ങൾ കാമറയിൽ സംസാരിക്കുമോ എന്ന് ചോദിച്ചപ്പോൾ തലതാഴ്ത്തി മാറി നിന്നു. റൊട്ടിയുണ്ടാക്കി കൊണ്ടിരുന്ന അല്പം പ്രായമുള്ള മനുഷ്യൻ വിഷ്വലെടുത്തുകൊണ്ടിരുന്ന ഫൈസലിനെയും കൂടെയുണ്ടായിരുന്ന എന്നെയും വിഷ്വലെടുക്കരുതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് തല്ലാനായി മുന്നോട്ടുവന്നു. കാമറയെ ഭീതിയോടെയാണ് ആ മനുഷ്യർ നോക്കിയിരുന്നത്.
റോഡിന്റെ ഒരു വശത്തുള്ള ഹോട്ടലിന്റെ പേര് കാബൂൾ ഹോട്ടൽ എന്നായിരുന്നു. അഭയാർഥി ജീവിതത്തെക്കുറിച്ച് കാമറയ്ക്കുമുന്നിൽ പറയാൻ, ഏതാനും പേരെ കാണാൻ പറ്റുമോ എന്നറിയാൻ അവിടേയ്ക്ക് കയറിചെന്നു. അവരാരും പറയാൻ തയാറായില്ല. പക്ഷേ ഒരു ഉപകാരം ചെയ്തു തന്നു. അഫ്ഗാനികളുടെ താമസസ്ഥലം പറഞ്ഞുതന്നു.

സൂസൻ ഫൈറോസ്, ഖുർബാൻ അലി മിർസായി എന്നീ രണ്ടുപേരാണ് എന്നോട് അഫ്ഗാനിസ്ഥാനിലെ അവരുടെ ജീവിതത്തെക്കുറിച്ച് അന്ന് വിശദമായി സംസാരിച്ചത്. രണ്ടുപേരും കലാകാരന്മാർ. കലാകാരന്മാരോട്, വിശേഷിച്ചും വിമർശനസ്വരമുയർത്തുന്നവരെ കൊലപ്പെടുത്തുക എന്നതാണല്ലോ താലിബാൻ രീതി. ഹാസ്യകലാകാരനായ ഖാസ സ്വാനെ കൊല്ലപ്പെടുത്തിയിട്ട് ദിവസങ്ങളേറെയായില്ല.

സൂസൻ ഫൈറോസ്

സൂസൻ ഫൈറോസ് അഫ്ഗാനിലെ അറിയപ്പെടുന്ന റാപ്പ് ഗായികയായിരുന്നു. ഇന്ത്യയിലേക്ക് അഭയാർഥിയായിയെത്തിയത് രണ്ടാമത്തെ തവണയാണ്. പിറന്ന മണ്ണിൽനിന്ന് ഉമ്മയും സഹോദരനും മകൾക്കുമൊപ്പം പലായനം ചെയ്യുകയായിരുന്നു സൂസൻ. സൂസൻ തന്റെ ജീവിതത്തെക്കുറിച്ച്, സംഗീതത്തെക്കുറിച്ച് എല്ലാം മനസുതുറന്നു.
രണ്ടു വയസുള്ളപ്പോൾ തുടങ്ങിയ അഭയാർഥി ജീവിതം, ഇറാനിലായിരുന്നു അന്ന്. പതിനഞ്ചു വയസുവരെ പാക്കിസ്ഥാനിൽ, അഫ്ഗാൻ അഭയാർഥിയായതിനാൽ ഇറാനിൽ സ്‌കൂൾ പ്രവേശനം സാധ്യമായില്ല. ഉമ്മ ലൈലുമ്മ സാദത്ത് പറഞ്ഞുകൊടുത്ത ചെറിയ അറിവുകളേ സൂസനുണ്ടായിരുന്നുള്ളൂ. സംഗീതത്തോടുള്ള അവളുടെ പ്രണയം അക്കാലത്ത് മനസിൽ സൂക്ഷിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

സൂസൻ ഫൈറോസ്

പതിനാറാം വയസിലാണ് ജനിച്ച മണ്ണിലേക്ക് സൂസൻ തിരിച്ചെത്തുന്നത്. അഫ്ഗാനിലെ പെർവാൻ പ്രവ്യശ്യയിലായിരുന്നു സൂസനും കുടുംബവും കഴിഞ്ഞിരുന്നത്. റാപ് സംഗീതത്തിന്റെ പ്രാഥമിക അറിവുകൾ ഒരുവർഷം നിന്ന അധ്യാപനത്തിലൂടെ സൂസൻ നേടിയെടുത്തു. പിന്നെയെല്ലാം സ്വയം പഠിച്ചെടുക്കുകയായിരുന്നു. അമേരിക്കയിൽ റാപ് സംഗീതത്തെക്കുറിച്ചുള്ള പഠനശാലയിലേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു സൂസൻ ഫെറോസ്. എന്നാൽ, സംഗീതവുമായി സ്വന്തം മണ്ണിൽ സമാധാന ജീവിതം അധികനാൾ നീണ്ടുനിന്നില്ല. പല രീതിയിലുള്ള എതിർപ്പുകൾ നേരിടേണ്ടിവന്നു, സ്വന്തം സംഗീതം രാഷ്ട്രീയ വിമർശനത്തിനുള്ള മാധ്യമമാക്കിയതാണ് ഭീഷണിയ്ക്ക് കാരണമായത്. കൊല്ലുമെന്നുവരെ ഭീഷണിയായി. പെർവാൻ പ്രവിശ്യ താലിബാൻ- ഐ.എസ് ഗ്രൂപ്പുകളുടെ സ്വാധീനമുള്ള പ്രദേശമാണ്.

സൂസനെപ്പോലെയുള്ള പെൺകുട്ടിയ്ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക എന്നത് വിദൂരസ്വപ്നം മാത്രമായി. പിതാവുമൊത്ത് കാബൂളിലേക്ക് തുണിക്കച്ചവടത്തിനുപോയ സഹോദരൻ കാബൂളിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് നടുക്കുന്ന ഓർമകളായി സൂസന്റെ കുടുംബത്തിനുണ്ട്. ഭീഷണിയേറിയതോടെ സൂസൻ ഇന്ത്യയിലേക്ക് അഭയാർഥിയായി എത്തുകയായിരുന്നു.

ഖുർബാൻ അലി മിർസായി

ലോകമെമ്പാടും ചിതറിപ്പോയ അഫ്ഗാൻ അഭയാർഥികളിൽപ്പെട്ട മറ്റൊരാൾ. ഖുർബാൻ അലി മിർസായി. ബാബാ സബൂർ എന്ന പേരിൽ അഫ്ഗാനിൽ പ്രശസ്തനായിരുന്ന നാടകനടൻ, ഹ്രസ്വ സിനിമസംവിധായകൻ, കവി... വിശേഷണങ്ങൾഏറെയുണ്ട് ഈ 56 വയസുകാരന്. ഹസോറ വംശജനായ ഇദ്ദേഹത്തിന് സ്വന്തം രചനകളുടെ പേരിലാണ് ഭീഷണി
നേരിടേണ്ടിവന്നത്. നോയൽ എന്ന പേരിൽ സ്വന്തമായുണ്ടായിരുന്ന നാടക ഗ്രൂപ്പിൽ പെൺകുട്ടികൾ അഭിനയിച്ചതും ഭീഷണിയ്ക്കു കാരണമായി. ഫെർകുന്ത മലിക് സാദ എന്ന വിദ്യാർഥിയെ കാബൂളിൽ അക്രമാസക്തരായ ജനക്കൂട്ടം കൊല്ലപ്പെടുത്തിയ സംഭവം ആസ്പദമാക്കി എഴുതിയ നാടകമാണ് താലിബാനെ പ്രകോപിതരാക്കിയത്. അതോടെ വധഭീഷണിയുമുണ്ടായി. ഒടുവിൽ ഭരണകൂടം ഇദ്ദേഹത്തെ ജയിലിലാക്കി. താലിബാൻ ബാമിയാൻ ബുദ്ധപ്രതിമ തകർത്തതിനെ തുടർന്ന് അതിനെ ആധാരമാക്കിയും നാടകം രചിച്ചിരുന്നു. അഫ്ഗാനിലെ സ്ത്രീകളുടെ അവസ്ഥയും നാടകത്തിന് വിഷയമായിരുന്നു. ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലേക്ക് നാലു തവണ ക്ഷണിക്കപ്പെട്ട കലാകാരനാണ് ഖുർബാൻ അലി മിർസായി. ഇപ്പോൾ ഡൽഹിയിൽഅഭയാർഥിയായി കഴിയുന്ന ഇദ്ദേഹം അഫ്ഗാൻ താലിബാൻ കീഴടക്കിയത് ഞെട്ടലോടെയാണ് കേട്ടത്. അവിടെയുള്ള രണ്ടു സുഹൃത്തുക്കൾ കൊല്ലപ്പെട്ടു, പലരും പലായനം ചെയ്തു. കുറേപേർ രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കുന്നു.

ഖുർബാൻ അലി മിർസായി

ഹംദദ്

മാധ്യമപ്രവർത്തകരുടെ ജോലി എല്ലായിടത്തും പ്രയാസമേറിയതാണ്. യുദ്ധഭൂമിയിലാണെങ്കിൽ പ്രത്യേകിച്ചും. ലജ്പത് നഗറിലെ തെരുവിൽനിന്നാണ് ഹംദദിനെ കണ്ടത്. താലിബാന്റെ ആക്രമണം നിരന്തരം റിപ്പോർട്ടു ചെയ്തിരുന്ന കാബൂളിലെ മാധ്യമപ്രവർത്തകനാണ് ഹംദദ്. അതിന് വലിയ വിലകൊടുക്കേണ്ടിയും വന്നു. ഇദ്ദേഹത്തിന്റെ പിതാവിനെ താലിബാൻ കൊലപ്പെടുത്തി. മകനെ തട്ടികൊണ്ടുപോകുകയും ചെയ്തു. കാബൂളിലെ വീടും എല്ലാം ഉപേക്ഷിച്ച് ഡൽഹിയിൽ അഭയാർഥിയായി കഴിയുകയാണ് ഈ യുവാവും കുടുംബവും.

ഹംദദ്

ഫാത്തിമ

28 വയസ് പ്രായമുളള ഫാത്തിമ പ്രായമായ ഉമ്മയെയും കൊണ്ടാണ് ഇന്ത്യയിൽ അഭയം തേടിയത്. അഫ്ഗാനിൽ അധ്യാപികയായിരുന്നു. അഫ്ഗാനിലെ ഹെൽമന്ദ് പ്രവിശ്യയിലായിരുന്നു ഫാത്തിമയും കുടുംബവും. താലിബാനാധിപത്യ പ്രദേശം. ഫാത്തിമയുടെ പിതാവിനെ താലിബാൻ കൊലപ്പെടുത്തി. എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഇപ്പോഴും അറിയില്ല ഫാത്തിമയ്ക്ക്. ദരി ഭാഷ മാത്രമറിയുന്ന ഫാത്തിമയെ പോലുള്ളവർക്ക് നല്ല ജോലിപോലും ഇവിടെ കണ്ടെത്താനാകുന്നില്ല. അഫ്ഗാനിലെ സ്ത്രീകളിലധികവും തയ്യൽ ജോലി അറിയുന്നവരാണ്. ഫാത്തിമയും ചെറിയ തയ്യൽക്കടയിൽ ജോലിചെയ്യുന്നു, പ്രായമായ ഉമ്മയെ സംരക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗമില്ല.

ഫാത്തിമ

ഇങ്ങനെ ഒട്ടേറെ അഫ്ഗാൻ അഭയാർഥികൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കുന്നു. ‘കാബൂളിവാലാ നാടോടി' എന്ന നമ്മുടെ സിനിമാ പാട്ടുപോലെ ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികളെ സൃഷ്ടിച്ച രാജ്യമാണ് ഹിന്ദുകുഷ് പർവതനിരകളുള്ള അഫ്ഗാനിസ്ഥാൻ. ഇപ്പോഴും അതു തുടരുന്നു. അതുകൊണ്ട് ഇപ്പോൾ അധികാരം പിടിച്ചെടുത്ത താലിബാൻ അഫ്ഗാനിസ്ഥാനിൽ നവലോകം സൃഷ്ടിക്കുമെന്ന പ്രതീക്ഷകളൊന്നും അവിടുത്തെ ജനതയ്ക്കുമുന്നിലില്ല. ചൈനയും റഷ്യയും പിന്തുണച്ചതുകൊണ്ട് താലിബാനിസം ഇല്ലാതാകുകയുമില്ല.


Comments